ഇന്ത്യയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആര്‍.എല്‍.വിയുടെ പരീക്ഷണ ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കി.
പൊതുവെ വിക്ഷേപണ വാഹനങ്ങള്‍ ഒരിക്കല്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളു. ഏതാനും മിനിട്ടുകള്‍ മാത്രം ഉപയോഗിക്കാനാണ് പടുകൂറ്റന്‍ റോക്കറ്റുകള്‍ മാസങ്ങള്‍ എടുത്ത് അസമ്പിള്‍ ചെയ്യുന്നത്. അതും അതിസൂക്ഷ്മമായി, ഓരോ മില്ലീമീറ്ററും അപഗ്രഥനം ചെയ്ത്. വീണ്ടും വിക്ഷേപിക്കേണ്ടിവരുമ്പോള്‍ പൂജ്യത്തില്‍ നിന്ന് ഉണ്ടാക്കിയെടുക്കണം. നൂറുകണക്കിന് ടണ്‍ ഭാരമുള്ള റോക്കറ്റ് ഭാഗങ്ങള്‍ ഒന്നൊന്നായി എരിഞ്ഞു കടലില്‍ വീഴും. അവസാനം ഒരു ചെറിയ പേലോഡ് മാത്രം സ്‌പെസില്‍ സ്ഥാപിക്കും.
ഇങ്ങിനെ ഉപയോഗം കഴിഞ്ഞ റോക്കറ്റ് ഭാഗങ്ങള്‍ വീണ്ടും ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ അതൊരു വലിയ നേട്ടമായിരിക്കില്ലേ? ബഹിരകാശഗവേഷണത്തിന്റെ ആദ്യകാലം മുതല്‍ ഈ സാധ്യതയും ചിന്തിച്ചിരുന്നു. അത് പ്രാവര്‍ത്തികമാകാന്‍ 1980കള്‍ വരെ കാത്തിരിക്കേണ്ടി വന്നു.
അന്നാണ് നാസയുടെ സ്പേസ് ഷട്ടിലുകള്‍ ആകാശത്തെ കീഴടക്കാന്‍ തുടങ്ങിയത്. പരമ്പരാഗത റോക്കറ്റുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു വിമാനത്തിന്റെ രൂപമാണ് ഷട്ടിലിന്. ഒരു വലിയ ഇന്ധന ടാങ്ക്, ഇരുവശത്തുമായി രണ്ട് വലിയ ബൂസ്റ്റര്‍ റോക്കറ്റുകള്‍ അതില്‍ അള്ളിപ്പിടിച്ചിച്ചിരിക്കുന്ന ഷട്ടില്‍. വിക്ഷേപണ ശേഷം ഉപേക്ഷിക്കുന്ന ബൂസ്റ്ററുകളെ കപ്പലുകള്‍ വീണ്ടെടുക്കും. അത് വീണ്ടും ഉപയോഗിക്കാം. ഇന്ധന ടാങ്ക് ഉപയോഗം കഴിഞ്ഞാല്‍ കത്തിപ്പോകും. ദൗത്യത്തിന് ശേഷം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുന്ന ഷട്ടില്‍ ഒരു വിമാനം പോലെ പറന്നു റണ്‍വേയില്‍ ലാന്‍ഡ് ചെയ്യും. അറ്റകുറ്റപണികള്‍ക്ക് ശേഷം വീണ്ടും ഉപയോഗിക്കും.
കൊളമ്പിയ, ചലഞ്ചര്‍, അറ്റ്‌ലാന്റിസ്, ഡിസ്‌കവറി എന്നീ ഷട്ടിലുകള്‍ രണ്ടര പതിറ്റാണ്ടിലധികം ബഹിരാകാശത്തെ ഉഴുതുമറിക്കുക തന്നെ ചെയ്തു. ഇതിനിടയില്‍ ചലഞ്ചര്‍, കൊളമ്പിയ എന്നിവ തകര്‍ന്ന് പതിനാലു ഗഗനചാരികള്‍ മരിക്കുകയും ചെയ്തു.
ഇലോണ്‍ മാസ്‌കിന്റെ സ്പേസ് എക്‌സ് ആണ് പിന്നീട് റീ യൂസബില്‍ വാഹനങ്ങള്‍ പരീക്ഷിച്ചത്. വിക്ഷേപണശേഷം ഉപയോഗം കഴിയുന്ന റോക്കറ്റിന്റെ ഒന്നാം ഘട്ടത്തെ അതീവ കൃത്യതയോടെ അവര്‍ തിരിച്ചിറക്കി വീണ്ടും ഉപയോഗിക്കുന്നു.
ഇങ്ങനെ, വിക്ഷേപണവാഹനത്തെ പുനരുപയോഗിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയൊരു നേട്ടമാണ്. വിക്ഷേപണ ചെലവ്, വിക്ഷേപണങ്ങള്‍ക്കിടയിലുള്ള സമയം, ഭീമമായ മനുഷ്യാധ്വാനം അങ്ങനെയങ്ങനെ ധാരാളം.
ചെലവ് കുറഞ്ഞ വിക്ഷേപണങ്ങള്‍ക്ക് വിഖ്യാതമായ ഭാരതം ആ വഴിക്ക് ചിന്തിക്കാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളെ ആയിട്ടുള്ളു. അതാണിപ്പോള്‍ ഒരു പ്രധാന നാഴികക്കല്ല് പിന്നിടുന്നത്.
ആര്‍.എല്‍.വിക്ക് സ്പേസ് ഷട്ടിലിനെപ്പോലെ ഒരു വിമാനത്തിന്റെ ആകൃതി ആണ്. വായുവിലൂടെ ഗ്‌ളൈഡ് ചെയ്യാന്‍ വേണ്ടിയാണിത്. ഹെലിക്കോപ്റ്ററില്‍ ഒരു നിശ്ചിത ഉയരത്തില്‍ എത്തിച്ചതിനു ശേഷം ഈ പേടകത്തെ താഴേക്ക് വീഴാന്‍ അനുവദിക്കുന്നു. അങ്ങനെ വീഴുന്ന പേടകം സ്വയം ഗ്ളൈഡ് ചെയ്ത് നിയന്ത്രിച്ച് നിര്‍ദ്ദിഷ്ട റണ്‍വേയില്‍ കൃത്യമായി ലാന്‍ഡ് ചെയ്യുക എന്നതായിരുന്നു പരീക്ഷണം. ആ പരീക്ഷണമാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്.
ഇനിയും കൂടുതല്‍ ഉയരങ്ങളില്‍ നിന്നും അവസാനം സ്‌പെസില്‍ നിന്നും ഇതുപോലെയുള്ള ലാന്‍ഡിംഗ് പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ആര്‍.എല്‍.വി ഉപയോഗിച്ചു തുടങ്ങാന്‍ കഴിയൂ. ആ പരീക്ഷണങ്ങളുടെ പരമ്പരയിലെ ഏറ്റവും നിര്‍ണ്ണായകമായ ആദ്യപരീക്ഷണം കഴിഞ്ഞതോടെ പദ്ധതി മുക്കാലും വിജയിച്ചു കഴിഞ്ഞു. അങ്ങനെ അമേരിക്കക്ക് ശേഷം ആദ്യമായി സ്പേസ് ഷട്ടില്‍ സ്വന്തമാക്കുന്ന രാജ്യമാവുകയാണ് ഭാരതം.