ശാസ്ത്രം എന്നാല്‍ പൊതുവെ ധരിക്കപ്പെട്ടിരിക്കുന്ന ചില നിര്‍വ്വചനങ്ങള്‍ ഉണ്ട്. അത് അതീവ കൃത്യമാണ്. എന്തിനും ഉത്തരമുണ്ട്. പരീക്ഷണങ്ങളില്‍ കൂടി തെളിയിക്കപ്പെട്ടതാണ്. പല ഘട്ടങ്ങളില്‍ ആവര്‍ത്തിച്ചുറപ്പിച്ചതാണ്. അങ്ങനെയിങ്ങനെയിങ്ങനെ. ഇതില്‍ മാത്രം വിശ്വസിച്ചാണ് നമ്മുടെയിടയില്‍ യുക്തിവാദം എന്ന ഓമനപ്പേരില്‍ ചില ശാസ്ത്രമൗലികവാദികള്‍ ജീവിക്കുന്നത്.
എന്നാല്‍ ശാസ്ത്രനേട്ടങ്ങള്‍ എല്ലാം ചില അടിസ്ഥാനസങ്കല്പങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാെണന്നു തോന്നുന്നുണ്ടോ?
ശാസ്ത്രത്തില്‍ സങ്കല്പമോ? രണ്ടും കൂടി ചേരുന്നില്ലല്ലോ. എല്ലാറ്റിനും കൃത്യമായ അന്വേഷണവും ഉത്തരവും തേടുന്ന ശാസ്ത്രമെവിടെ, അടിസ്ഥാനമൊന്നുമില്ലാത്ത വെറും ഭാവന മാത്രമായ സങ്കല്പങ്ങള്‍ എവിടെ. ആധുനിക യുക്തിവാദ വിഭാഗം ചോദിക്കുന്ന ചോദ്യങ്ങള്‍ ആണിത്. നമുക്ക് ചില യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിക്കാം.
ഒരു ദിവസം എന്നാല്‍ ഇരുപത്തിനാല് മണിക്കൂര്‍, ഒരു മണിക്കൂര്‍ എന്നാല്‍ അറുപത് മിനിറ്റ്, ഒരു മിനിറ്റെന്നാല്‍ അറുപത് സെക്കന്‍ഡ്. ഇങ്ങനെയാണല്ലോ സമയത്തിന്റെ ക്രമം. എന്നാല്‍ ആരാണിത് നിര്‍വ്വചിച്ചത്? എന്ത് അടിസ്ഥാനത്തില്‍? എന്താണിതിന്റെ ശാസ്ത്രീയത?
ഒന്നുമില്ല. വെറും സങ്കല്‍പം അഥവാ concept ആദ്യം ഇത് നിരീക്ഷിച്ച മനുഷ്യര്‍ അപ്പോള്‍ അവരുടെ സൗകര്യത്തിനനുസരിച്ച് 24, 60 എന്നൊക്കെ അങ്ങുറപ്പിച്ചു. നിര്‍വ്വചിച്ചു. അതങ്ങു തുടര്‍ന്നു. അത്രതന്നെ. അവര്‍ക്ക് ഒരു ദിവസത്തെ ഇരുപത് മണിക്കൂര്‍ ആക്കാനാണ് തോന്നിയിരുന്നതെങ്കില്‍, നാമെല്ലാം പിന്തുടരുന്നത് അങ്ങനെ ആവുമായിരുന്നു.
വാഹനങ്ങളുടെ ഗിയര്‍ സംവിധാനത്തിന്റെ ക്രമം, എഞ്ചിന്റെ RPM അങ്ങനെയങ്ങനെ നാം നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന എല്ലാ സാങ്കേതിക സൗകര്യങ്ങളുടെയും അടിസ്ഥാന പ്രത്യേകതകള്‍ പ്രത്യേകിച്ചൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാതെ അപ്പോഴത്തെ സൗകര്യത്തിന് അനുസരിച്ച് ആരോ സെറ്റ് ചെയ്തതാണ്. അമേരിക്കയിലെ വൈദ്യുതിവിതരണത്തിന്റെ ആവൃത്തിയല്ല ഭാരതത്തിലേത്. അതുകൊണ്ടു തന്നെ അവിടുത്തെ സാധാരണ വൈദ്യുതി ഉപകരണങ്ങള്‍ ഇവിടെ ഉപയോഗിക്കാന്‍ ആവില്ല.
ഗണിത ശാസ്ത്രത്തിലെ എല്ലാ തിയറങ്ങളും ആരംഭിക്കുന്നത് Let us consider അല്ലങ്കില്‍ Suppose എന്ന് പറഞ്ഞുകൊണ്ടാണ്. അതായത് സങ്കല്‍പ്പിക്കുക എന്ന് തന്നെ. ഫിസിക്സ് പഠനത്തിലെ ഏറ്റവും പ്രധാന ഭാഗമാണ് പ്രോബ്ലം ചെയ്യുക എന്നത്. ചില പ്രത്യേക സാഹചര്യങ്ങള്‍ സങ്കല്‍പ്പിച്ച്, ഇത് അങ്ങനെയാണെങ്കില്‍ ഫലം എങ്ങനെയായിരിക്കും എന്ന് കണക്കാക്കുക അല്ലങ്കില്‍ കണ്ടെത്തുക എന്നതാണ് എല്ലാ പ്രോബ്ലങ്ങളുടെയും പൊതുസ്വഭാവം.
അതായത്, ആത്യന്തികമായി, ശാസ്ത്രപഠനം എന്നത് സങ്കല്പങ്ങളിലും ഭാവനകളിലും അടിസ്ഥാനമാക്കിയാണ്. നാമീ കാണുന്ന സര്‍വ്വതും ഉയര്‍ന്നു വന്നിരിക്കുന്നത് ശാസ്ത്രകാരന്മാരുടെ ഭാവനയില്‍ നിന്നും സങ്കല്പങ്ങളില്‍ നിന്നുമാണ്. സങ്കല്‍പ്പങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന നിഗമനങ്ങളെ പ്രായോഗികമായി ഉപയോഗിക്കുമ്പോള്‍ ആണ് ശാസ്ത്രം ജനോപകാരപ്രദമാകുന്നതും ജനകീയമാകുന്നതും. യുക്തിവാദികള്‍ എന്ന ശാസ്ത്രമൗലികവാദികള്‍ വാദിക്കുന്നത് പോലെ എന്തിനുമേതിനും കണ്‍മുമ്പില്‍ കാണുന്ന തെളിവിനു വേണ്ടി അലമുറയിടുമ്പോള്‍ യാതൊരു തെളിവോ അടിസ്ഥാനമോ ഇല്ലാതെ വെറും ഭാവനയില്‍ നിന്നും ഉയര്‍ന്നുവന്ന സൗകര്യങ്ങള്‍ ആണ് ഇവയെല്ലാം എന്ന സത്യം മറന്നുപോകുന്നു.
വന്‍കണ്ടുപിടുത്തങ്ങള്‍ ആദ്യം നടക്കുന്നത് മനുഷ്യമനസ്സിലും ഭാവനയിലുമാണ്. പുറത്തേക്കല്ല, അകത്തേക്ക് നോക്കിയാണ് മാനവരാശിയെ വിസ്മയിപ്പിച്ച മഹാനേട്ടങ്ങള്‍ മനുഷ്യന്‍ എത്തിപ്പിടിച്ചത്.
ഇവിടെയാണ് ആത്മനിഷ്ഠമായ അന്വേഷണം എന്ന ഭാരതീയ ചിന്തയുടെ പ്രസക്തി. അവനവനിലേക്ക് നോക്കി, പ്രപഞ്ചസത്യങ്ങള്‍ക്ക് പിന്നിലെ മഹാരഹസ്യങ്ങള്‍ അന്വേഷിക്കുന്ന രീതിയാണ് ഏറ്റവും ശാസ്ത്രീയം. അറിഞ്ഞും അറിയാതെയും ലോകം പിന്തുടരുന്നതും ഇത് തന്നെയാണ്.