“കൂ കൂ കൂ കൂ തീവണ്ടി കൂകിപ്പായും തീവണ്ടി”
ഒരിക്കലെങ്കിലും ഈ വരികള്‍ മൂളാത്ത ഒരു മലയാളിയുമുണ്ടാവില്ല. മറ്റു ഭാഷകളില്‍, അവരവരുടേതായ രീതികളില്‍, ബാല്യങ്ങള്‍ ഇത് എറ്റുമൂളിയിട്ടുമുണ്ടാകും….. ലീവിന് വരുന്ന പട്ടാളക്കാരുടെയും ഉത്തരേന്ത്യയില്‍ ജോലി ചെയ്യുന്ന മലയാളികളുടെയും ബടായികളില്‍ എറ്റവും വലിയ സ്ഥാനം ട്രെയിനിനും ട്രെയിന്‍ യാത്രക്കുമുണ്ട്…
‘ട്രെയിന്‍ ഇറ്റാര്‍സി സ്റ്റേഷന്‍ വിട്ടതും, ഞാനുറങ്ങിപ്പോയി… പിന്നെ വാറങ്കല്‍ വന്നാ ഉണര്‍ന്നത്…’
‘ഒന്നും പറയണ്ടന്നെ… ഫാനാണെങ്കില്‍ വര്‍ക്ക് ചെയ്യുന്നില്ല.. ചംബലിലൂടെ പോകുന്നത് കൊണ്ട് ജനല്‍ തുറക്കാന്‍ പോലീസുകാര്‍ സമ്മതിച്ചുമില്ല… എന്താ ചൂട്.’
‘ജമ്മുവീന്ന് കേറുമ്പം നാല് ഡിഗ്രിയാ… ഇവിടെത്തിയപ്പോ ചൂട് സഹിക്കാന്‍ വയ്യ…’
എങ്ങിനെ എത്രയെത്ര സംഭാഷങ്ങള്‍ നമ്മള്‍ കേട്ടിരിക്കുന്നു. ജനന മരണങ്ങള്‍, വിവാഹങ്ങള്‍, വിടപറയലുകള്‍, കൂടിച്ചേരലുകള്‍, വിരഹ ദുഃഖങ്ങള്‍. അങ്ങിനെ, നമ്മുടെ തീവണ്ടികള്‍ കൂകിപ്പായാത്ത ഒന്നും സാധാരണക്കാരന്റെ ജീവിത മേഖലകളിലില്ല.
ഇംഗ്ലണ്ടില്‍, വ്യവസായ വിപ്ലവത്തിന് തുടക്കം കുറിച്ചതില്‍ ഒരു നിര്‍ണായക പങ്ക് തന്നെയാണ് ജയിംസ് വാട്ടിന്റെ ആവിയന്ത്രത്തിനുള്ളത്. ഭീമമായ, യാന്ത്രിക ശക്തി പ്രദാനം ചെയ്യാന്‍ കഴിയുന്ന ആവിയന്ത്രത്തിന്റെ ചിറകിലേറി, യൂറോപ്പില്‍ വന്‍ വ്യവസായങ്ങള്‍ മുളച്ച് പൊന്തി, പടര്‍ന്നു പന്തലിച്ചു. ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള നീരാവിയെ, ഒരു ചലിക്കുന്ന യന്ത്രത്തിന്റെ ജീവരക്തമാക്കി മാറ്റാന്‍ കഴിഞ്ഞതോടെ മാനവ ചരിത്രം വഴിമാറിയൊഴുകി. ആവിയന്ത്രം പിടിപ്പിച്ച കപ്പലുകള്‍, മഹാസമുദ്രങ്ങള്‍ താണ്ടി പുതിയ തീരങ്ങള്‍ തേടിയലഞ്ഞു. കല്‍ക്കരി, ജലവും വായുവും പോലെ മനുഷ്യന് അവിഭാജ്യമായി. ഉരുക്ക് പാളങ്ങളിലൂടെ, തീയും പുകയും തുപ്പിക്കൊണ്ട് തീവണ്ടികള്‍ കുതിച്ച് പായാന്‍ തുടങ്ങിയതും ഇക്കാലത്ത് തന്നെ. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യകാലത്തോടെ.
ഇന്ത്യയില്‍ ഒരു കിലോമീറ്റര്‍ പോലും റെയില്‍വെ ലൈന്‍ ഇല്ലാതിരുന്ന കാലത്ത് തന്നെ Great Indian Peninsular Railway (GIPR) സ്ഥാപിക്കപ്പെട്ടു. അതിവിശാലമായ ഭൂവിഭാഗം, വിവിധ ഭാഷകള്‍, പാരമ്പര്യങ്ങള്‍ എന്ന് തുടങ്ങി, വൈവിധ്യങ്ങളാല്‍ സമൃദ്ധവും സങ്കീര്‍ണവുമായ ഈ ഭൂമിയെ വരുതിക്ക് നിര്‍ത്തണമെങ്കില്‍ വേഗത്തിലുള്ള ഗതാഗതം അത്യാവശ്യമാണെന്ന് അറിയാവുന്ന ബ്രിട്ടീഷ് ഭരണാധികാരികള്‍, ഇവിടുത്തെ റെയില്‍വെ വികസനത്തിന് വന്‍ പ്രാധാന്യം തന്നെയാണ് നല്‍കിയത്. ബ്രിട്ടീഷ് ഭരണത്തിലുണ്ടായിരുന്ന എറ്റവും വലുതും സമ്പന്നവും ജനനിബിഡവുമായിരുന്ന ഭൂമിയായിരുന്നു ഭാരതം. ആയിരക്കണക്കിന് കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന ഇവിടുത്തെ വന്‍ പ്രകൃതിവിഭവങ്ങള്‍ കപ്പല്‍ കയറണമെങ്കില്‍, അവ വന്‍തോതിലും വേഗത്തിലും തുറമുഖങ്ങളിലെത്തിയേ മതിയാകൂ.
ലോകപ്രസിദ്ധമായ നിലമ്പൂര്‍ തേക്കുകള്‍ കൊണ്ടുപോകാന്‍ വേണ്ടി മാത്രമാണ് ഷോര്‍ണൂര്‍ നിലമ്പൂര്‍ ലൈന്‍ പണിഞ്ഞത് തന്നെ. അതുപോലെ, ഏത് നിമിഷവും കലാപസാധ്യതയുള്ള നാട്ടുരാജ്യങ്ങളിലെക്ക് പെട്ടന്നുള്ള സൈനിക നീക്കം നടത്തണമെങ്കിലും റെയില്‍വെ കൂടിയേ കഴിയൂ. ഇതൊക്കെക്കൊണ്ട് തന്നെ ബ്രിട്ടനില്‍ തീവണ്ടിയോടി അധികം വൈകാതെ തന്നെ ഭാരതത്തിലും ആദ്യ വണ്ടി പുക തുപ്പി. മുംബൈ വി.ടി മുതല്‍ താനെ വരെയാണ് ആദ്യ ട്രെയിന്‍ ഓടിയത്. തുടര്‍ന്ന് 1859 ല്‍, ദക്ഷിണേന്ത്യയിലെ റെയില്‍ വികസനത്തിനായി The Great Southern India Railway Co സ്ഥാപിക്കപ്പെട്ടു.
81 കിലോമീറ്റര്‍ ഉള്ള ദക്ഷിണേന്ത്യയിലെ ആദ്യ ലൈന്‍, ട്രിച്ചി -നാഗപട്ടണം 1861ല്‍ കമ്മീഷന്‍ ചെയ്തു. ഇതേ മോഡലില്‍ Eastern railway Company കിഴക്കന്‍ ഭാഗങ്ങളിലെ വികസനത്തിനായി സ്ഥാപിക്കപ്പെടുകയും അലഹബാദ് -ജബല്‍പൂര്‍ ലൈന്‍ 1867 ല്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പ്രഗത്ഭനായ എഞ്ചിനീയറും അഡ്മിനിസ്‌ട്രേറ്ററുമായ റോബര്‍ട്ട് ബ്രൈറ്റണ്‍ ആണ് GIPR ന്റെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ബോംബെ താനെ റൂട്ടില്‍ ട്രെയിനോടി പന്ത്രണ്ടു കൊല്ലം കഴിഞ്ഞപ്പോഴേക്കും 1870 ല്‍ ബോംബെക്കും കല്‍ക്കത്തക്കുമിടയില്‍ കല്‍ക്കരിവണ്ടികള്‍ കൂകിപ്പായാന്‍ തുടങ്ങി.
1880 ആയപ്പോഴേക്കും ബോംബെ, മദ്രാസ്, കല്‍ക്കത്ത എന്നീ തുറമുഖ നഗരങ്ങള്‍ റെയില്‍ വഴി ബന്ധിപ്പിക്കപ്പെട്ടു. കേരളത്തിന്റെ കുരുമുളകും ഏലവും ഛത്തീസ്ഗഡിന്റെ ഇരുമ്പയിരും ബീഹാറിന്റെ കല്ക്കരിയും കോലാറിന്റെ സ്വര്‍ണവും ഗുജറാത്തിന്റെ വജ്രവും ബനാറസിന്റെ സില്‍ക്കും ആസ്സാമിന്റെ തേയിലയും കശ്മീരിന്റെ കുങ്കുമവും… അങ്ങിനെയങ്ങനെ, ഭാരതമെന്ന പൊന്മുട്ടയിടുന്ന താറാവിന്റെ രക്തധമനികളെല്ലാം ഇത് വഴി കപ്പല്‍ കയറി. അതുവരെ കല്ക്കരി എന്‍ജിനുകള്‍ ഇറക്കുമതി ചെയ്തു കൊണ്ടിരുന്ന ഇന്ത്യയില്‍ 1895ല്‍ സ്വന്തമായി ലോക്കൊമോട്ടീവുകള്‍ ഉണ്ടാക്കാന്‍ ആരംഭിച്ചു. ബ്രിട്ടീഷ് ഭരണത്തിലായിരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് എന്‍ജിനുകള്‍ കയറ്റി അയച്ചിരുന്നത് ഇവിടെനിന്നായിരുന്നു.
പിന്നീടങ്ങോട്ടുള്ള ദശകങ്ങളില്‍ ഇന്ത്യയുടെ എല്ലാ കോണുകളിലേക്കും ഉരുക്കുപാളങ്ങള്‍ പടര്‍ന്ന് കയറി. പെഷവാറും കല്‍ക്കത്തയും മുംബൈയും മദ്രാസും ദില്ലിയുമെല്ലാം കയ്യെത്തും ദൂരത്തായത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ്. സത്യത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ജനവികാരത്തെ എകോപിപ്പിക്കുന്നതില്‍ ബ്രിട്ടീഷുകാര്‍ തന്നെ നിര്‍മ്മിച്ച റെയില്‍വേക്കുള്ള പങ്ക് വളരെ വലുതാണ്. ഈ ചൂളംവിളിക്കൊപ്പമാണ് സ്വാമി വിവേകാനന്ദനും മഹാത്മാഗാന്ധിയുമെല്ലാം മഹത്തായ ദേശീയ ബോധത്തിന്റെ സന്ദേശങ്ങള്‍ ആസേതുഹിമാചലം പടര്‍ത്തിയത്. ഭാരതത്തെ കൊള്ളയടിക്കാന്‍ പണിത അതേ മാര്‍ഗ്ഗം ഭസ്മാസുര തുല്യമായി അവരെത്തന്നെ തിരിഞ്ഞ് കൊത്തി എന്ന് വേണമെങ്കില്‍ പറയാം. 1907 ആയപ്പോഴേക്കും എല്ലാ റെയില്‍വെ കമ്പനികളും സര്‍ക്കാര്‍ എറ്റെടുത്ത് ലയിപ്പിച്ചു. 1914 ല്‍ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, ബ്രിട്ടീഷുകാര്‍ എറ്റവും ആശ്രയിച്ച ഗതാഗത സംവിധാനമായിരുന്നു ഇന്ത്യന്‍ റെയില്‍വെ. യുദ്ധത്തിനു ശേഷം, 1920 കളിലെ സാമ്പത്തിക രംഗത്തെ ഉണര്‍വില്‍, ഇന്ത്യയിലെ റെയില്‍ ശൃംഖല 21000 കിലോമീറ്ററായി ഉയര്‍ന്നു. തുടര്‍ന്ന് വന്ന വന്‍ ക്ഷാമവും, രണ്ടാം ലോകമഹായുദ്ധവും റെയില്‍വേയെ ഏതാണ്ട് തകര്‍ത്തു എന്ന് തന്നെ പറയാം. പകുതിയോളം വാഗണുകളും ലോക്കമോട്ടീവുകളും മധ്യപൂര്‍വേഷ്യയിലേക്കു മാറ്റപ്പെട്ടു. ആയിരക്കണക്കിന് കിലോമീറ്റര്‍ റെയില്‍ ലൈനുകള്‍ പൊളിച്ചെടുത്ത്, യുദ്ധാവശ്യങ്ങള്‍ക്കായി കൊണ്ടുപോയി. ചുരുക്കത്തില്‍, സ്വാതന്ത്ര്യ സമയത്ത് നമുക്ക് കിട്ടിയത്, പഴകിപ്പൊളിഞ്ഞ വാഗനുകളും തുരുമ്പിച്ച് തീര്‍ന്ന പാളങ്ങളും വന്‍ സാമ്പത്തിക ബാധ്യതയുമുള്ള റെയില്‍വേയുടെ ഒരു അസ്ഥിപഞ്ചരം മാത്രം. അറുപത് വര്‍ഷങ്ങള്‍ക്കിപ്പുറം, പ്രതിസന്ധികളെയും അപകടങ്ങളെയുമെല്ലാം അതിജീവിച്ച്, ദേശീയജീവിതത്തിന്റെ നാഡീഞരമ്പുകളായി, ഒരുലക്ഷത്തില്‍ പരം കിലോമീറ്റര്‍ നീളത്തില്‍ പടര്‍ന്നുകിടക്കുന്ന ഉരുക്ക് പാളങ്ങളിലൂടെ, ഭാരതത്തിന്റെ ഹൃദയതാളമായി പതിനായിരക്കണക്കിനു തീവണ്ടികള്‍ കൂകിപ്പായുന്നു.
അങ്ങിനെ യാത്ര തുടങ്ങിയ ഇന്ത്യന്‍ റെയില്‍വെ, കല്‍ക്കരിയില്‍ നിന്നും ഡീസലിലേക്കും, വൈദ്യുതിയിലേക്കും പരകായ പ്രവേശം നടത്തി. ഇന്ന് മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന ബുള്ളറ്റ് ട്രെയിനുകള്‍ക്ക് കാതോര്‍ക്കുമ്പോഴും, ഇന്ത്യന്‍ റെയില്‍വെ ശ്രദ്ധിക്കപ്പെടുന്നത് അതിന്റെ ജനകീയ മുഖം കാരണമാണ്.
ചില കണക്കുകള്‍ കൗതുകകരവും അഭിമാനദായകവുമാണ്. ഇന്ത്യന്‍ റെയില്‍വേയുടെ പാലങ്ങളുടെ ആകെ നീളം 1,10,000 കിലോമീറ്ററാണ്. ഒരു വര്‍ഷം വഹിക്കുന്നത് 1058 മില്യന്‍ ടണ്‍ ചരക്കുകളാണ്. ഒരു വര്‍ഷം ഇന്ത്യന്‍ റെയില്‍വേയില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം 817 കോടിയാണ്. അതായത്, ലോകജനസംഖ്യയേക്കാള്‍ അധികം. മുംബൈ സബര്‍ബന്‍ റെയില്‍ വേയിലെ ഒരു ദിവസത്തെ യാത്രക്കാരുടെ എണ്ണം, ന്യൂസിലാന്റിലെ ജനസംഖ്യയേക്കാള്‍ അധികമാണ്. ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളില്‍ ഒന്നാണ് ഇന്ത്യന്‍ റെയില്‍വെ. ലോകത്തിലെ ഏറ്റവും കുറഞ്ഞ റെയില്‍ നിരക്കാണ് ഇന്ത്യന്‍ റെയില്‍വേയുടേത്. ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍ നീളമുള്ള പാളങ്ങളിലൂടെ, 61000 കിലോമീറ്റര്‍ റൂട്ടുകള്‍ ബന്ധിപ്പിച്ചിരിക്കുന്ന ഇന്ത്യന്‍ റെയില്‍വേയുടെ 50000 കിലോമീറ്ററും ഇപ്പോള്‍ വൈദ്യുതീകരിച്ചു കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയാണിത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കാതെ സ്വന്തമായി വൈദ്യുതി ഉണ്ടാക്കാനുള്ള പദ്ധതിയുമായി ഇപ്പോള്‍ റെയില്‍വേ മുമ്പോട്ട് പോവുകയാണ്.
വെറും പതിനെട്ടു മാസം കൊണ്ടാണ് ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലെ സമര്‍ത്ഥരായ എഞ്ചിനീയര്‍മാര്‍ വന്ദേ ഭാരത് ട്രെയിന്‍ നിര്‍മ്മിച്ചത്. ഭാരതത്തിന്റെ സ്വന്തം സെമി ബുള്ളറ്റ് ട്രെയിന്‍ ആയ വന്ദേ ഭാരത് ഇന്ന് പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് വിജയകരമായി ഓടുന്നു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ നാനൂറു വന്ദേ ഭാരത ട്രെയിനുകളാണ് കൂകിപ്പായാന്‍ പോകുന്നത്. മണിക്കൂറില്‍ മുന്നൂറിലധികം കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന സ്വന്തമായി നിര്‍മ്മിക്കുന്ന ബുള്ളറ്റ് ട്രെയിനുകളിലേക്കുള്ള പ്രധാനചുവടാണ് വന്ദേ ഭാരത്.
ഇത്രത്തോളം, സാമാന്യ ജനത്തിന്റെ നിത്യജീവിതവുമായി ഇഴുകിച്ചേര്‍ന്ന ഒരു സംവിധാനം ‘ദി ഗ്രേയ്റ്റ് ഇന്ത്യന്‍ റെയില്‍വെ’ പോലെ മറ്റൊന്നില്ല തന്നെ.