ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥ അതീവ ഗുരുതരാവസ്ഥയിലാണെന്ന് കഴിഞ്ഞാഴ്ച മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രഖ്യാപിച്ചത് കുറച്ചു ദിവസമായി കോണ്‍ഗ്രസ്സടക്കമുള്ള ചില പ്രതിപക്ഷ കക്ഷികളും ചില ചാനലുകളും നടത്തുന്ന വ്യാജപ്രചരണത്തിന് മാന്യത നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അതേസമയം മന്‍മോഹന്‍സിംഗ് സാമ്പത്തികമാന്ദ്യമെന്ന പ്രയോഗം ഒഴിവാക്കിയതും ശ്രദ്ധേയമാണ്. 370-ാം വകുപ്പ് റദ്ദാക്കി കാശ്മീരിനെ ഭാരതത്തിന്റെ അവിഭാജ്യഘടകമാക്കിയപ്പോള്‍ കോണ്‍ഗ്രസ്സില്‍ ഉടലെടുത്ത അഭിപ്രായഭിന്നതയെ മറികടക്കാനുള്ള തന്ത്രമായാണ് മാന്ദ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാക്കിയത്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഇപ്പോഴത്തെ അവസ്ഥയോടൊപ്പം മാന്ദ്യമെന്ന പ്രതിഭാസം എന്താണെന്നും പരിശോധിക്കേണ്ടതായിട്ടുണ്ട്.
എന്താണ് സാമ്പത്തിക മാന്ദ്യം?
തുടര്‍ച്ചയായ നാല് ത്രൈമാസികങ്ങളില്‍ ((Quarters) ) ദേശീയ വരുമാനത്തില്‍ (ജി.ഡി.പി.) ഇടിവുണ്ടായാല്‍ മാത്രമെ സാമ്പത്തിക മാന്ദ്യമെന്ന് വിലയിരുത്താനാകൂ. ചില ഏജന്‍സികള്‍ നാലിനുപകരം രണ്ടു ത്രൈമാസ കാലത്ത് ജി.ഡി.പിയില്‍ ഇടിവുണ്ടായാല്‍ മാന്ദ്യത്തിന്റെ തുടക്കമായി കണക്കാക്കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. അതായത് ജി.ഡി.പി.യിലുള്ള ഇടിവിനെ (contraction) യാണ് മാന്ദ്യമായി കാണക്കാക്കുക. അല്ലാതെ ജി.ഡി.പി.യുടെ വളര്‍ച്ചാനിരക്കിലുള്ള ഇടിവിനെയല്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ രണ്ടോ, രണ്ടില്‍ കൂടുതലോ ത്രൈമാസങ്ങളില്‍ സാമ്പത്തികവളര്‍ച്ച പൂജ്യം ശതമാനത്തിനു താഴെയായാല്‍ (Negative growth) മാത്രമെ മാന്ദ്യമെന്ന പ്രതിഭാസം ഉടലെക്കുകയുള്ളു.
ഭാരതത്തെ സംബന്ധിച്ചിടത്തോളം അത്തരം ഒരു സാഹചര്യം നിലവിലില്ല. കഴിഞ്ഞ 4 ത്രൈമാസങ്ങളിലും ഭേദപ്പെട്ട തോതിലുള്ള വളര്‍ച്ചാ നിരക്കുതന്നെയാണ് കൈവരിച്ചിട്ടുള്ളതെന്ന് ഇതോടൊപ്പം കൊടുത്ത പട്ടികയില്‍ നിന്ന് വ്യക്തമാകും. കഴിഞ്ഞ 4 ത്രൈമാസകാലത്ത് ജി.ഡി.പി. വളര്‍ച്ചാനിരക്ക് 7 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറഞ്ഞതാണ് വലിയ മാന്ദ്യമെന്ന പ്രചരണത്തിന് കാരണമായത്.
അതേസമയം ആഗോളതലത്തില്‍ 2018ല്‍ 3.3 ശതമാനം മാത്രം സാമ്പത്തിക വളര്‍ച്ചയുണ്ടായത് നടപ്പുവര്‍ഷം 3.6 ശതമാനമായി ഉയരുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ ലോകബാങ്കിന്റെ പ്രവചനം നടപ്പുവര്‍ഷത്തെ 2.6 ശതമാനം വളര്‍ച്ച, 2021ല്‍ 2.8 ശതമാനമായി ഉയരുമെന്നാണ്. എന്നിട്ടും ആഗോളതലത്തില്‍ ഗുരുതരമാന്ദ്യമുള്ളതായി ആരും സംസാരിക്കുന്നില്ല. അടുത്തകാലത്ത് (അന്താരാഷ്ട്ര നാണയനിധിയുടെ) പഠനത്തില്‍ 2019ല്‍ ഭാരതം ബ്രിട്ടനേയും ഫ്രാന്‍സിനേയും മറികടന്ന് 5-ാംമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2019ല്‍ ഭാരതം 7.25 ശതമാനം വളര്‍ച്ചനേടുമെന്നും 2024വരെ 7.37ന് 7.74 ശതമാനത്തിനും ഇടയ്ക്ക് സ്ഥിരതയാര്‍ന്ന സാമ്പത്തികവളര്‍ച്ച കൈവരിയ്ക്കുമെന്നും പ്രവചിച്ചിട്ടുണ്ട്.
ഭാരതത്തിന്റെ ദേശീയവരുമാനം (ജി.ഡി.പി.) 2018-19 വര്‍ഷാവസാനം 2.97 ട്രില്യണ്‍ ഡോളറിന്റെതാണ്. അതേസമയം പര്‍ച്ചേസിങ്ങ് പവര്‍പാരിറ്റി (Purchasing Power Parity or PPP)യുടെ അടിസ്ഥാനത്തില്‍ 11.468 ട്രില്യണ്‍ ഡോളറായിരുന്നു. ഇതനുസരിച്ച് ഭാരതം മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാണ്. എന്നിട്ടാണിപ്പോള്‍ 5 ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പറയുമ്പോള്‍ പലരും കാര്യമറിയാതെ പരിഹസിക്കുന്നത്.
മാന്ദ്യത്തിന്റെ സൂചനകള്‍
സാമ്പത്തിക മാന്ദ്യം ആരംഭിച്ചാല്‍, ചില സാമ്പത്തിക സൂചികകളുടെ അടിസ്ഥാനത്തില്‍ അതിനെ നിരീക്ഷിക്കാനും പ്രതിവിധികള്‍ നേടാനും കഴിയും. ഈ സൂചികകളിലുള്ള വ്യതിയാനങ്ങള്‍ മറ്റു കാരണങ്ങള്‍ കൊണ്ടുകൂടി ഉണ്ടാകാമെന്ന് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഓഹരി വിപണിയിലെ തുടര്‍ച്ചയായ തകര്‍ച്ച, ഉപഭോക്തൃ ചിലവിലെ ഗണ്യമായ ഇടിവ്, ഉല്പാദനമേഖലകളില്‍ ഇടിവ്, ഉയരുന്ന പലിശ നിരക്ക്, തൊഴിലില്ലായ്മയില്‍ ഗണ്യമായ വര്‍ദ്ധന തുടങ്ങി പല സൂചികകളും മാന്ദ്യത്തിന്റെ ലക്ഷണമായി പരിഗണിക്കാറുണ്ട്. ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഇവയോരോന്നും എവിടെ നില്‍ക്കുന്നുവെന്ന് പരിശോധിക്കാം.
ഓഹരി വിപണിയിലെ ചാഞ്ചാട്ടം
അടുത്തകാലത്ത് ഓഹരിവിപണികളിലെ ചാഞ്ചാട്ടമാണ് പലരേയും മാന്ദ്യത്തെക്കുറിച്ചുള്ള ചര്‍ച്ചയിലേയ്ക്കു നയിച്ചത്. ലോകത്തെ മറ്റെല്ലാ ഓഹരി വിപണികളും ശക്തമായി നിലകൊള്ളുമ്പോള്‍, നമ്മുടെ വിപണികള്‍ മാത്രം തകരുന്നുണ്ടെങ്കില്‍ പ്രശ്‌നം ആഭ്യന്തരമാണ്. എന്നാല്‍ ഇപ്പോള്‍ യു.എസ്.-ചൈന വ്യാപാരതര്‍ക്കവും ഇടക്കിടെ ഇറക്കുമതി ചുങ്കങ്ങള്‍ പരസ്പരം കൂട്ടുകയും ചെയ്യുന്നത് അന്താരാഷ്ട്ര ഓഹരികമ്പോളങ്ങളില്‍ വലിയചാഞ്ചാട്ടവും അനിശ്ചിതത്വവും ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പ്രതിഫലനം ആഭ്യന്തര ഓഹരി വിപണിയിലും ഉണ്ടായിട്ടുണ്ട്. മാത്രവുമല്ല ജര്‍മ്മനിയിലെ ഡ്യൂപ്പ് ബാങ്കിന്റെ പ്രതിസന്ധിയും ഒരുപരിധിവരെ അന്താരാഷ്ട്ര ഓഹരിക്കമ്പോളങ്ങളെ ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഡ്യൂപ്പ് ബാങ്കിന്റെ 49 ട്രില്യണ്‍ ഡോളറിന്റെ ഡെറിവേറ്റീവ്‌സ് നിക്ഷേപം പ്രതിസന്ധിയിലായപ്പോള്‍, അവരുമായി വ്യാപാരബന്ധമുള്ള യൂറോപ്പിലേയും അമേരിക്കയിലേയും പ്രമുഖബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഭീതിയിലാണിപ്പോള്‍. ഇത് മറ്റൊരു ആഗോള മാന്ദ്യത്തിലേയ്ക്ക് നയിക്കുമോ എന്ന ഭീതിയിലാണ് ധനകാര്യകമ്പോളങ്ങള്‍.
മറ്റൊന്ന് 2019ലെ ബജറ്റില്‍ വിദേശ പോര്‍ട്ട് ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റിനുമേല്‍ ചുമത്തിയ സര്‍ചാര്‍ജ്ജ് 4000 കോടി രൂപയോളം വിദേശനിക്ഷേപം ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിയ്ക്കാന്‍ കാരണമായി. ഇത് താല്‍ക്കാലിക പ്രതിസന്ധിമാത്രമായിരുന്നു. രണ്ടാഴ്ച മുന്‍പ് ഈ സര്‍ചാര്‍ജ്ജ് പിന്‍വലിക്കുകയും വിദേശനിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ നയപരിപാടികള്‍ പ്രഖ്യാപിക്കുകയും ചെയ്തതുവഴി ഇതുമൂലമുണ്ടായ അനിശ്ചിതത്വം ഒഴിവായിട്ടുണ്ട്. എന്നാല്‍ യു.എസ്-ചൈനാ വ്യാപാരയുദ്ധം കുറച്ചുകാലം കൂടി ഓഹരി വിപണിയില്‍ ചാഞ്ചാട്ടമുണ്ടാക്കാനിടയുണ്ട്. ഏതായാലും ഇപ്പോള്‍ ഓഹരി വിപണിയിലുള്ള തകര്‍ച്ച, ആഭ്യന്തരമായ മാന്ദ്യത്തിന്റെ ലക്ഷണമല്ല.
ചരക്കു-സേവന നികുതി വര്‍ദ്ധിച്ചു
ഉല്പാദന മേഖലയിലും ഉപഭോഗ മേഖലയിലും മാന്ദ്യമുണ്ടായാല്‍ അതാദ്യം പ്രതിഫലിക്കുക ജി.എസ്.ടി. (ചരക്കു സേവന നികുതി) വരുമാനത്തിലാണ്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഒരു മാസത്തെ ശരാശരി ജി.എസ്.ടി. വരുമാനം 97,040 കോടിയായിരുന്നത് 2019 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള അഞ്ച്മാസക്കാലത്ത് 1.04 ലക്ഷം കോടിയായി ഉയര്‍ന്നിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ 1,13,865 കോടിരൂപയും ജൂണില്‍ 99,936 കോടിയും ജൂലായില്‍ 1,02,083 കോടിയും ആഗസ്റ്റില്‍ 98,202 കോടിയുമാണ് ലഭിച്ചത്. നടപ്പുവര്‍ഷം ജി.എസ്.ടി. കൗണ്‍സിലില്‍ കുറെ ഉല്പന്നങ്ങളുടെ നികുതി നിരക്ക് വെട്ടിക്കുറവുണ്ടായത്. എന്നിട്ടും ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മൊത്തം ജി.എസ്.ടി. വരുമാനം 6.38ശതമാനം വളര്‍ച്ചരേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ തന്നെ, ആഭ്യന്തര മേഖലയില്‍ നിന്നുള്ള ജി.എസ്.ടി. വരുമാനം 9.2 ശതമാനം വളര്‍ച്ചനേടിയിട്ടും മാന്ദ്യമെന്ന് വിളിച്ചു കൂവുന്നത് മറ്റെന്തോ ലക്ഷ്യത്തോടെയാണ്. ഈ അഞ്ച് മാസക്കാലത്ത് സ്വര്‍ണ്ണം, രത്‌നങ്ങള്‍, പെട്രോളിയം എന്നിവയുടെ ഇറക്കുമതി കുറഞ്ഞതിനാല്‍, ഇറക്കുമതിയില്‍ നിന്നുള്ള ചരക്കുസേവന നികുതി 1.43 ശതമാനം മാത്രമെ വര്‍ദ്ധിച്ചിട്ടുള്ളു.
വിദേശവ്യാപാരത്തില്‍ ഇടിവില്ല
2019 ഏപ്രില്‍ മാസത്തില്‍ കയറ്റുമതിയില്‍ അല്പം കുറവുണ്ടായെങ്കിലും ജൂലായില്‍ 2.5 ശതമാനം വര്‍ദ്ധനവുണ്ടായി. അതുമൂലം ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള 4 മാസത്തെ കയറ്റുമതിയില്‍ കഴിഞ്ഞവര്‍ഷത്തെ ഇതേ കാലത്തെ കയറ്റുമതിയിലും വെറും 0.37 ശതമാനം കുറവ് മാത്രമാണുള്ളത്. അതേസമയം സ്വര്‍ണ്ണം, രത്‌നങ്ങള്‍, പെട്രോളിയം എന്നിവയുടെ ഇറക്കുമതി കുറഞ്ഞതോടെ, ഇറക്കുമതിയില്‍ ഈ നാല് മാസക്കാലം 3.63 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞു. ജൂലായില്‍ കയറ്റുമതി 2.5 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞു. ജൂലായില്‍ കയറ്റുമതി 2.5 ശതമാനം വര്‍ദ്ധിപ്പിച്ചപ്പോള്‍ ഇറക്കുമതി 10.43 ശതമാനം കുറഞ്ഞതിന്റെ ഫലമായി ആദ്യ നാല് മാസത്തെ വ്യാപാരക്കമ്മി 5939 കോടി ഡോളറായി കുറയ്ക്കാനായി. കഴിഞ്ഞവര്‍ഷം ഇതേ കാലത്തെ വ്യാപാരക്കമ്മി 6,527 കോടി ഡോളറായിരുന്നു. ഇതെല്ലാം കാണിക്കുന്നത് വിദേശവ്യാപാരരംഗവും സജീവമാണെന്നാണ്.
വ്യാവസായിക ഉല്പാദനസൂചിക
വ്യാവസായിക ഉല്പാദനത്തിന്റെ വളര്‍ച്ചാ തോത് നിശ്ചയിക്കുന്നത് ഇന്റക്‌സ് ഓഫ് ഇന്‍സ്ട്രിയല്‍ പ്രൊഡക്ഷന്‍ (ഐ.ഐ.പി) ഉപയോഗിച്ചാണ്. ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള നാല് മാസങ്ങളില്‍ വ്യാവസായിക വളര്‍ച്ച മൂന്ന് ശതമാനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കഴിഞ്ഞവര്‍ഷം ഇതേ കാലത്ത് 5.9 ശതമാനമായിരുന്നു. മൊത്തം വ്യാവസായിക വളര്‍ച്ച മൂന്ന് ശതമാനത്തില്‍ നില്‍ക്കുമ്പോഴും വൈദ്യുതി ഉല്പാദനം 4.2 ശതമാനവും സ്റ്റീല്‍ ഉല്പാദനം 6.6 ശതമാനവും, സിമന്റ് ഉല്പാദനം 7.9 ശതമാനവും വര്‍ദ്ധിച്ചത് ശ്രദ്ധേയമാണ്. മാന്ദ്യമുണ്ടായിരുന്നെങ്കില്‍ ഈ മൂന്നു മേഖലകളിലും തിരിച്ചടി ഉണ്ടായേനെ. നാല് പ്രധാനമേഖലകളിലാണ് ഉല്പാദന വര്‍ദ്ധനവില്ലാതിരുന്നത്. കല്‍ക്കരി ഖനനം, നാച്വറല്‍ ഗ്യാസ്, റിഫൈനറി ഉല്പാദനം, ക്രൂഡോയില്‍ ഉല്പാദനം എന്നിവയാണവ. കഴിഞ്ഞ രണ്ടുമാസക്കാലമായി മിക്ക സംസ്ഥാനങ്ങളിലുമുണ്ടായ മഴക്കെടുതിയും പ്രളയസമാനമായ കാലാവസ്ഥയുമാണ് ഈ നാലു മേഖലകളെയും ബാധിച്ചിട്ടുള്ളത്. അല്ലാതെ അതിനു സിമന്റുമായോ വിപണിയുമായോ ബന്ധമില്ല. ഇതോടൊപ്പം കാര്‍ഷികമേഖലയിലും മറ്റ് പല ഗ്രാമീണ ഉല്പാദനമേഖലകളിലും പ്രളയവും മഴയും താത്കാലികമായി ഉല്പാദനത്തിനു പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട് എന്ന് വിസ്മരിക്കരുത്.
വ്യാവസായിക മേഖലയുടെ വളര്‍ച്ചയെ പരോക്ഷമായി സൂചിപ്പിക്കുന്ന മറ്റൊരു സൂചികയാണ് പര്‍ച്ചേസിങ്ങ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (Nikkei Manufacturing Purchasing Managers Index or PMI). ഈ ഇന്‍ഡക്‌സ് 50ല്‍ കുറഞ്ഞാല്‍ ഉല്പാദനത്തില്‍ ഇടിവും (Negative Growth) 50ല്‍ കൂടിയാല്‍ വളര്‍ച്ചയുമായാണ് വിലയിരുത്തുന്നത്. ജൂണില്‍ നിന്ന് ജൂലായിലേക്ക് പി.എം.ഐ ഇന്‍ഡെക്‌സ് 2.1% വര്‍ദ്ധിച്ചിരുന്നു. ജൂലായില്‍ 52.5 ആയിരുന്നത് ആഗസ്റ്റില്‍ 51.4 ആയതിനെയാണിപ്പോള്‍ മാന്ദ്യമെന്ന് വിളിച്ച് തെറ്റിദ്ധരിപ്പിക്കുന്നത്. വ്യാവസായിക ഉല്പാദനത്തിന്റെ വളര്‍ച്ചാ തോത് കുറഞ്ഞുവെന്നല്ലാതെ ഉല്പാദനം കുറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ മാന്ദ്യത്തെകുറിച്ചുള്ള ഭീതി അസ്ഥാനത്താണ്.
തിരഞ്ഞെടുപ്പുമൂലം പദ്ധതി ചിലവില്‍ ഇടിവ്
പൊതുമേഖലയിലെ പദ്ധതി ചിലവുകളും സര്‍ക്കാരുകളുടെ മൂലധനചിലവുകളും സാമ്പത്തിക മേഖലയില്‍ ഉത്തേജനം പകരുന്നവയാണ്. എ ന്നാല്‍ പൊതുതിരഞ്ഞെടുപ്പു കാല ത്തെ പെരുമാറ്റചട്ടത്തിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകളുടെ പദ്ധതി ചിലവുകള്‍ ഒന്നര മാസക്കാലത്തിലധികം നിശ്ചലമായത് മൂലധനചിലവില്‍ ഗണ്യമായ ഇടിവുണ്ടാക്കിയത് സമ്പദ് വ്യവസ്ഥക്ക് താല്‍ക്കാലികമായ ബുദ്ധിമുട്ടുണ്ടാക്കിയതാണ് വളര്‍ച്ചാതോത് കുറയാന്‍ കാരണമായത്. ഏപ്രില്‍ – ജൂണ്‍ ത്രൈമാസത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മൂലധന ചിലവില്‍ 28.5 ശതമാനം ഇടിവുണ്ടായി. 2018ലെ ഇതേ ത്രൈമാസത്തില്‍ 81,000 കോടി രൂപ ചിലവഴിച്ചപ്പോള്‍ 2019ല്‍ 63,000 കോടി മാത്രമെ ചിലവാക്കാനായുള്ളു. കേന്ദ്രസംസ്ഥാന ത്രിതലപഞ്ചായത്തുകള്‍ അടക്കം പരിഗണിച്ചാല്‍ 60,000 കോടി മുതല്‍ 80,000 കോടി രൂപയുടെ കുറവ് ഈ കാലഘട്ടത്തില്‍ അനുഭവപ്പെട്ടത് താല്ക്കാലികമായി ഉപഭോഗരംഗത്തും, ഉല്പാദനരംഗത്തും വളര്‍ച്ചാക്കുറവുണ്ടാക്കുന്നതിന് കാരണമായിട്ടുണ്ട്. എന്നിരുന്നാലും ജി.എസ്.ടി വരുമാനത്തിന്റെ കണക്കുകള്‍ കാണിക്കുന്നത് ഉല്പാദനത്തിലും ഉപഭോഗത്തിലും വളര്‍ച്ച കുറഞ്ഞുവെന്നല്ലാതെ മുരടിപ്പോ, കുറവോ ഉണ്ടായിട്ടില്ല എന്നുതന്നെയാണ്.
കാര്‍ വിപണിയിലെ പ്രശ്‌നങ്ങള്‍
കാര്‍ വിപണി നേരിടുന്ന ഉല്പാദനസ്തംഭനവും വില്പനയിലെ ഇടിവുമാണ് മാന്ദ്യത്തിന്റെ പ്രധാനലക്ഷണമായി പലരും ചൂണ്ടിക്കാണിക്കുന്നത്. കാര്‍ ഉല്പാദനത്തില്‍ നടപ്പുവര്‍ഷം 11 ശതമാനവും കാര്‍വില്പനയില്‍ 14 ശതമാനവും കുറവുണ്ടായതായി ചൂണ്ടികാണിക്കുന്നുണ്ട്. അതേസമയം കാര്‍ രജിസ്‌ട്രേഷനില്‍ വെറും 5 ശതമാനം കുറവ് മാത്രമാണ് കാണുന്നത്.
മാസം തോറുമുള്ള കാര്‍ രജിസ്‌ട്രേഷന്‍ 2018 ഉം 2019ഉം ഏകദേശം ഒരേ സ്വഭാവമാണ് കാണിക്കുന്നത്. നടപ്പുവര്‍ഷം ഏപ്രില്‍ – മെയ് മാസങ്ങളില്‍ തിരഞ്ഞെടുപ്പുകാലത്ത് 5.5, 6.9 ശതമാനം വീതം കുറഞ്ഞിരുന്നത് ജൂലായില്‍ 1.9 ശതമാനമായി കുറഞ്ഞു.
നേരത്തെ ഭാരത് സ്റ്റേജ് 4 വാഹനങ്ങളുടെ വില്പനക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകളും നിബന്ധനകളും വില്പന കുറയാന്‍ ഇടയാക്കിയിരുന്നു. വലിയ സ്റ്റോക്ക് കൈയിലുള്ളപ്പോള്‍ പുതിയ കാറുകളുടെ ഉല്പാദനം കുറയ്ക്കാന്‍ കാര്‍ കമ്പനികള്‍ നിര്‍ബ്ബന്ധിതരായി. എന്നാല്‍ രണ്ടാഴ്ചക്കു മുന്‍പ്, ധനകാര്യമന്ത്രി ഈ നിബന്ധനകള്‍ പിന്‍വലിച്ചതും ഇവ 15 വര്‍ഷം ഉപയോഗിക്കാമെന്ന ഉറപ്പുകൊടുത്തതും കാര്‍ വായ്പകള്‍ ഉദാരമാക്കിക്കൊണ്ടുള്ള പ്രഖ്യാപനവും കാര്‍ വിപണിയെ വീണ്ടും സജീവമാക്കിക്കൊണ്ടിരിക്കുകയാണ്.
അതേസമയം കാര്‍ വ്യവസായം സാങ്കേതിക വിദ്യകളില്‍ കുടുങ്ങി ചില പ്രതിസന്ധികള്‍ അനുഭവിക്കുന്നുണ്ട്. യൂബര്‍, ഓല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സികളുടെ പ്രവാഹത്തോടെ സ്വന്തമായ കാറെന്ന ലക്ഷ്വറി ഐ.ടി. മേഖലയിലും സിറ്റികളിലും മറ്റും ജോലിചെയ്യുന്ന പലരും കൈവെടിയുകയാണ്. വലിയ ഇ.എം.ഐയും മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ ഡ്രൈവിങ്ങും ഒഴിവാക്കുന്നതോടൊപ്പം വളരെ കുറഞ്ഞ ചിലവില്‍ ഇഷ്ടംപോലെ വാഹനങ്ങള്‍ ലഭ്യമാകുന്നതും ഈ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയാണ്. അതോടൊപ്പം ഇലക്ട്രിക് കാറുകളുടെ വരവും കാത്ത് പലരും കാര്‍വിപണിയില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കുന്നുണ്ട്. ഇതൊന്നും മാന്ദ്യത്തിന്റെ ഭാഗമായ പ്രശ്‌നങ്ങളല്ല.
കള്ളപ്പണനിയന്ത്രണം വ്യാജവ്യവസായങ്ങളെ ബാധിച്ചു
കള്ളപ്പണനിയന്ത്രണം വന്നതോടെ മണി ലോണ്ടറിംഗ് നടത്തുകയും ഷെല്‍ കമ്പനികളിലൂടെ വായ്പകള്‍ തിരിമറി ചെയ്യുകയും ചെയ്ത ചില കമ്പനികള്‍ പ്രതിസന്ധിയിലായി. ഇതിനെ സാമ്പത്തിക പ്രതിസന്ധിയായി ചിത്രീകരിക്കാനുള്ള പ്രവണതയും ശക്തമാണ്. ഇവയൊന്നും സാമ്പത്തിക പ്രതിസന്ധിമൂലം തകര്‍ന്ന കമ്പനികളല്ല. കള്ളപ്പണനിയന്ത്രണവും ഷെല്‍ കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതും മണിലോണ്ടറിങ്ങില്‍ ഏര്‍പ്പെട്ടിരുന്ന സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതുപോലെ കള്ളപ്പണം ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയിരുന്ന റിയല്‍ എസ്റ്റേറ്റ് ഭവനനിര്‍മ്മാണ മേഖലയില്‍ ചെറിയതോതില്‍ തിരിച്ചടി ഉണ്ടായത് സ്വാഭാവികം മാത്രം. ഇവയൊന്നും മാന്ദ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളല്ല.
തൊഴിലില്ലായ്മയില്‍ അസാധാരണ വര്‍ദ്ധനവില്ല
മാന്ദ്യത്തിന്റെ ഒരു പ്രധാന സൂചിക തൊഴിലില്ലായ്മയില്‍ പെട്ടെന്നുള്ള ഗണ്യമായ വര്‍ദ്ധനയാണ്. അത്തരത്തിലുള്ള സാഹചര്യം നിലവിലുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്. ഭാരതത്തില്‍ തൊഴിലെടുക്കുന്നവരുടെ സംഖ്യ 2018 മാര്‍ച്ചില്‍ 28.999 കോടിയായിരുന്നത് 2019 മാര്‍ച്ച് അവസാനം 29.574 കോടിയായി വര്‍ദ്ധിച്ചതായി ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നു. അതായത് 2018-19 വര്‍ഷം 58 ലക്ഷം പേര്‍ക്ക് പുതുതായി ജോലി ലഭിച്ചു. അതേസമയം, തൊഴില്‍ രഹിതരുടെ എണ്ണം 2018 മാര്‍ച്ചില്‍ 4.826 കോടിയായിരുന്നത് 2019 മാര്‍ച്ചില്‍ 4.485 കോടിയായി കുറഞ്ഞിട്ടുമുണ്ട്. രണ്ട് വര്‍ഷം മുന്‍പുണ്ടായ നോട്ട് നിരോധനം മൂലം ഇപ്പോഴും തൊഴിലില്ലായ്മ പെരുകുന്നു എന്ന വാദത്തിന് തെളിവൊന്നുമില്ല.
തൊഴിലില്ലായ്മയുടെ തോത് കണക്കാക്കുന്നത് തൊഴില്‍രഹിതര്‍ മൊത്തം തൊഴില്‍ ചെയ്യാന്‍ സന്നദ്ധരായവരും തൊഴില്‍ തേടുന്നവരുമായ തൊഴില്‍ സേനയുടെ ശതമാനമായിട്ടാണ്. ഭാരതത്തില്‍ ഇത്തരത്തിലുള്ള തൊഴിലില്ലായ്മയുടെ തോത് 2013ല്‍ 4.7 ശതമാനവും, 2014ല്‍ 4.9 ശതമാനവും 2016ല്‍ 5 ശതമാനവും 2018ല്‍ 6 ശതമാനവുമായിരുന്നു. മൊത്തം തൊഴിലില്‍ 85 ശതമാനത്തിലധികവും അസംഘടിത മേഖലയിലായതുകൊണ്ട് യഥാര്‍ത്ഥ തൊഴിലില്ലായ്മയേക്കാള്‍ കൂടുതലാണ് തൊഴിലില്ലായ്മയുടെ ഔദ്യോഗിക കണക്കുകള്‍. ലോകരാജ്യങ്ങളില്‍ സൗത്താഫ്രിക്ക (29%) സ്‌പെയിന്‍ (14.2%) ടര്‍ക്കി (12.8%) ബ്രസീല്‍ (11.8%) അര്‍ജന്റീന (10.1%) ഇറ്റലി (9.9%) ഫ്രാന്‍സ് (8.5%) യൂറോപ്രദേശം (7.50%) എന്ന തോതില്‍ ഉയര്‍ന്ന തൊഴിലില്ലായ്മ ഉണ്ടായിട്ടും ആരും ഈ രാജ്യങ്ങളൊക്കെ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണെന്ന് അവകാശപ്പെടാത്തത് എന്തുകൊണ്ടാണ്? അതിനേക്കാള്‍ കുറഞ്ഞ തൊഴിലില്ലായ്മയുള്ള ഭാരതത്തെ സാമ്പത്തിക മാന്ദ്യമായി ചിത്രീകരിക്കുന്നതിലെ സാംഗത്യമെന്താണ്?
ചുരുക്കത്തില്‍ ഇതൊരു വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലുളള ഒരു അജണ്ട മുന്നോട്ടുവെച്ചാല്‍ മാധ്യമങ്ങള്‍ മാസങ്ങളോളം ഇതിന്റെ പുറകില്‍ പോകുമെന്നും കോണ്‍ഗ്രസ്സിനകത്തെയും മറ്റുപ്രതിപക്ഷ കക്ഷികളിലേയും പ്രശ്‌നങ്ങളെ മറച്ചുവെക്കാനും, ശ്രദ്ധതിരിച്ചുവിടാനും കഴിയുമെന്നും ഇതിന്റെ ഉപജ്ഞാതാക്കള്‍ വിശ്വസിക്കുന്നുണ്ടാകാം.