അഫ്ഗാനിസ്ഥാന് പുകയുകയാണ്. ഒരു യുദ്ധ മുഖത്തെന്നത് പോലെയാണ് ഇപ്പോള്‍ ആ രാജ്യം. ഏത് സമയത്തും ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടേക്കാം എന്ന് കരുതുന്നവരുമുണ്ട്. ഇസ്ലാമിക ഭീകര പ്രസ്ഥാനം ഭരണമേറ്റെടുക്കാന്‍ തയ്യാറായി നില്‍ക്കുന്നതും കാണാം. കഴിഞ്ഞ രണ്ടു ദശാബ്ദത്തോളമായി നിലയുറപ്പിച്ച അമേരിക്ക അവിടം വിടുന്നതോടെ അധികാരമേല്‍ക്കാന്‍ താലിബാന്‍ രംഗപ്രവേശം ചെയ്യുകയായിരുന്നു. ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആ രാജ്യത്തിന്റെ 70-75 ശതമാനം ഭൂപ്രദേശം ഇതിനകം താലിബാന്റെ അധീനതയിലാണ്. കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളം മാത്രമാണ് അമേരിക്കന്‍- നാറ്റോ സേനകളുടെ കൈവശമുള്ളത്. പിന്നെ പഞ്ചശീര്‍ വാലി പ്രവിശ്യയും. കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഇസ്ലാമിക ജിഹാദികള്‍ അരങ്ങു തകര്‍ക്കുകയാണ്. റഷ്യ, ചൈന, തുര്‍ക്കി എന്നിവയുടെ എംബസികള്‍ മാത്രമാണ് ഏതാണ്ട് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനം നടത്തുന്നത്; ബാക്കിയൊക്കെ ഒഴിഞ്ഞ മട്ടിലാണ്. അമേരിക്ക അവരുടെ ആളുകളെ ഏതാണ്ടൊക്കെ നാട്ടിലേക്ക് എത്തിച്ചു കഴിഞ്ഞു. രാഷ്ട്രീയ- സുരക്ഷാ സാഹചര്യങ്ങള്‍ പ്രതികൂലമാവുന്നു എന്ന് തിരിച്ചറിഞ്ഞ ഇന്ത്യ കാബൂളിലെ നയതന്ത്ര കാര്യാലയത്തിലെ ഒട്ടെല്ലാ ഉദ്യോഗസ്ഥരെയും മടക്കിയെത്തിച്ചു. ഇനി അഫ്ഗാനിസ്ഥാനില്‍ എന്താണ് സംഭവിക്കുക; ഇന്ത്യക്ക് എന്താണ് ഒരു നിലപാട് സ്വീകരിക്കാനാവുക? ഇതാണ് ഏവരുടെയും മനസ്സിലുള്ളത്.
ഒരു കാര്യം ആദ്യമേ സൂചിപ്പിക്കട്ടെ, അമേരിക്കന്‍ സൈന്യം ഒഴിഞ്ഞുപോകുമ്പോള്‍ ആ രാജ്യത്ത് ഒരു ഭേദപ്പെട്ട ഭരണകൂടം ഉണ്ടാവാന്‍ കഴിയുന്നതൊക്കെ ചെയ്യാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. അത് ന്യൂദല്‍ഹി നടത്തുന്നുമുണ്ട്. എന്നാല്‍ താലിബാന്‍ ഭരണകൂടം അവിടെ അധികാരമേറ്റാല്‍ ഇന്ത്യ വലിയ പ്രതിസന്ധിയിലാകും അല്ലെങ്കില്‍ അത് ഏറ്റവുമധികം ബാധിക്കുക ഇന്ത്യയെയാണ് എന്നും മറ്റുമുള്ള ചിലരുടെ പ്രസ്താവനകള്‍ക്ക് വലിയ പ്രാധാന്യമില്ല. താലിബാനല്ല ആര് അവിടെ അധികാരത്തിലേറിയലും ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യക്കറിയാം. അതിനുള്ള സംവിധാനങ്ങള്‍ ഇന്ത്യക്കിന്നുണ്ടുതാനും. എന്നാല്‍ അവിടെയുള്ള ഇന്ത്യക്കാരെ മുഴുവന്‍ സുരക്ഷിതമായി തിരികെയെത്തിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നു. അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യക്കാര്‍ മാത്രമല്ല എല്ലാ മതസ്ഥരായ അഫ്ഗാന്‍ കാരേയും ഇന്ത്യ സംരക്ഷിക്കുമെന്ന് ഉറപ്പ് കൊടുത്തിട്ടുണ്ട്.
ചരിത്രം, പാതകങ്ങള്‍
ഭാവിയെക്കുറിച്ച് വിശദമായി വിലയിരുത്തുന്നതിന് മുന്‍പായി ആ രാജ്യത്തിന്റെ പഴയകാലം ഒന്ന് പരാമര്‍ശിക്കേണ്ടതുണ്ട്; അപ്പോഴേ അവര്‍ ഇന്നിപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ദുരവസ്ഥയുടെ ചിത്രം പൂര്‍ണ്ണമായി ബോധ്യമാവൂ. ഇതുപോലെ ദുരിതം അനുഭവിച്ച രാഷ്ട്രങ്ങള്‍ ലോകചരിത്രത്തില്‍ കുറവാവും എന്ന് അഫ്ഗാനിസ്ഥാന്റെ ചരിത്രം പരിശോധിച്ച പലര്‍ക്കും തോന്നിപ്പോയിട്ടുണ്ടാവും. ക്രിസ്തുവിന് മുന്‍പ് മൗര്യ രാജവംശത്തിന്റെ ഭാഗമായിരുന്നു ആ രാജ്യത്തിന്റെ വലിയൊരു ഭാഗം. ബുദ്ധമതം വേരോട്ടമുണ്ടാക്കിയ രാജ്യം. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിപ്പോന്ന രാജ്യം. നമ്മുടെ ഇതിഹാസങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള രാജ്യം. സ്വാതന്ത്ര്യാനന്തരം ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാനെ പോലുള്ള ഗാന്ധിയന്‍ ജനനേതാക്കളുണ്ടായിരുന്ന രാജ്യം. ഇന്ത്യ ‘ഭാരത രത്‌നം’ നല്‍കിയാദരിച്ച വ്യക്തിത്വമാണല്ലോ അദ്ദേഹം.
1973 -ലാണ് പട്ടാള വിപ്ലവത്തിലൂടെ രാജഭരണം അവസാനിപ്പിച്ചുകൊണ്ട് സോവിയറ്റ് യൂണിയന്‍ രംഗപ്രവേശം ചെയ്യുന്നത്. മുഹമ്മദ് ദാവൂദ് ഖാന്‍ ആയിരുന്നു അന്ന് പട്ടാള മേധാവി; അയാള്‍ സോവിയറ്റ് യൂണിയനുമായി ചേര്‍ന്നാണ് മുഹമ്മദ് ഷാഹിര്‍ ഷായുടെ രാജഭരണത്തിന്റെ അവസാനം കുറിച്ചത്. പിന്നീടങ്ങോട്ട് സോവിയറ്റ് നിയന്ത്രിത ഭരണമായിരുന്നു അവിടെ. വലിയ പരിഷ്‌ക്കാരങ്ങള്‍ക്ക് അഫ്ഗാന്‍ അക്കാലത്ത് സാക്ഷ്യം വഹിച്ചു; സ്ത്രീകള്‍ക്ക് വലിയ സ്വാതന്ത്ര്യം നല്‍കുന്നതടക്കമുള്ള ഭരണഘടനാ ഭേദഗതിയും കൊണ്ടുവന്നു. എന്നാല്‍ 1978 -ല്‍ ആ പട്ടാളമേധാവിയെ കൊന്നൊടുക്കിക്കൊണ്ട് കമ്മ്യുണിസ്റ്റ് പാര്‍ട്ടി നേതാവ് നൂര്‍ മുഹമ്മദ് തരാക്കിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റു. (1965 -ഓടെ അവിടെ കമ്മ്യുണിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടിരുന്നു എന്നതോര്‍ക്കുക). 1973 -ല്‍ പട്ടാളവിപ്ലവത്തിന് അരങ്ങൊരുക്കുമ്പോഴേ സോവിയറ്റ് യൂണിയന്‍ ലക്ഷ്യമിട്ടത് കമ്മ്യുണിസ്റ്റ് ഭരണമായിരുന്നു, അതിലേക്ക് എത്താന്‍ കുറച്ചു താമസിച്ചു എന്ന് മാത്രം.
അതിനിടയില്‍ അമേരിക്ക ഇടഞ്ഞു; അവരുടെ അംബാസഡര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു യുഎസ് ശക്തമായ നിലപാടെടുത്തത്. തരാക്കിയും ഉപപ്രധാനമന്ത്രി ഹഫീസുള്ള അമീനും തമ്മിലെ തര്‍ക്കമാണ് പിന്നീട് കണ്ടത്. ആ പോരാട്ടത്തിനൊടുവില്‍ തരാക്കി കൊല്ലപ്പെടുന്നു. പിന്നീട്, 1979 ഡിസംബറില്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കുകയും ഹഫീസുള്ള അമീനെയും കൂട്ടരെയും വധിക്കുകയും ചെയ്തു. പിന്നീട് അന്നത്തെ ഉപപ്രധാനമന്ത്രി ബാബറാക് കമാല്‍ ഭരണാധികാരിയായി. സോവിയറ്റ് നിയന്ത്രണത്തിലുള്ള ഭരണത്തിനെതിരെ, അവരുടെ പട്ടാളത്തിനെതിരെ മുജാഹിദീനുകള്‍ രംഗത്തുവരുന്നതാണ് പിന്നീട് കാണുന്നത്; അത് 1980 -കളുടെ തുടക്കത്തില്‍. 1982 ആയതോടെ ഗറില്ലാ പോരാട്ടത്തിന്റെ വേദിയായി അഫ്ഗാനിസ്ഥാന്‍ മാറി; കലാപ കലുഷിതമായതോടെ ഏതാണ്ട് 2.8 ദശലക്ഷം പേര്‍ പാകിസ്താനിലേക്ക് അഭയാര്‍ഥികളായെത്തി; ഇറാനിലേക്ക് എത്തിയവര്‍ ഏതാണ്ട് ഒന്നര ദശലക്ഷവും. ഗ്രാമങ്ങളില്‍ മുജാഹിദീനുകളും നഗര മേഖലയില്‍ സോവിയറ്റ് സേനയും ആധിപത്യം സ്ഥാപിച്ച മട്ടിലുമായി കാര്യങ്ങള്‍. 1984 -ലാണ് ഒസാമ ബിന്‍ ലാദന്‍ ആദ്യമായി അഫ്ഗാനിസ്ഥാനിലെത്തുന്നത്; സോവിയറ്റ് പക്ഷത്തിന്റെ എതിര്‍ ചേരിയിലുള്ളവരെ സഹായിക്കാന്‍. 1986 ആയപ്പോഴേക്ക് അമേരിക്ക, ബ്രിട്ടന്‍, ചൈന എന്നിവരൊക്കെ മുജാഹിദീനുകള്‍ക്കൊപ്പം അണിനിരന്നു എന്ന് പറയുന്നതാവും ശരി; പാകിസ്ഥാന്‍ മുഖേന അവര്‍ക്ക് ആയുധവും പണവുമെത്തിച്ചു കൊണ്ടേയിരുന്നു. ആ പിന്തുണയിലാണ് 1988 -ല്‍ ഒസാമ ബിന്‍ ലാദന്‍ അല്‍ ക്വഇദക്ക് 1988 -ല്‍ രൂപം നല്‍കുന്നത്. 15 -ഓളം ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകള്‍ അന്ന് ബിന്‍ ലാദനൊപ്പമുണ്ടായിരുന്നു. ഒരു ശുദ്ധ ഇസ്ലാമിക രാജ്യത്തിനായി നിലകൊള്ളുന്നു, അതിനായി പോരാടുന്നു എന്നതായിരുന്നു അവരുടെ അജണ്ട. അതും പറഞ്ഞാണ് അവര്‍ സോവിയറ്റ് നേതൃത്വത്തിലെ ഭരണകൂടത്തിനെതിരെ തിരിയുന്നത്. യഥാര്‍ഥത്തില്‍ ഒസാമ ബിന്‍ ലാദന്‍ അമേരിക്കന്‍ സൃഷ്ടിയായിരുന്നു എന്നര്‍ത്ഥം. അത്തരം അനവധി അവിഹിത ബാന്ധവങ്ങള്‍ക്കും അക്കാലത്ത് അഫ്ഗാന്‍ മണ്ണ് സാക്ഷ്യം വഹിച്ചു.

1989 -ല്‍, കലാപം കലുഷിതമായ സാഹചര്യത്തില്‍, അമേരിക്ക, സോവിയറ്റ് യൂണിയന്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവ ജനീവയില്‍ സമ്മേളിച്ച് ഒരു സമാധാന കരാറുണ്ടാക്കി; അഫ്ഗാനിസ്ഥാന് സ്വാതന്ത്ര്യം നല്കുമെന്നതായിരുന്നു തീരുമാനം. അതിനെത്തുടര്‍ന്ന് സോവിയറ്റ് യൂണിയന്‍ ഒരു ലക്ഷത്തോളം സൈനികരെ പിന്‍വലിച്ചു. പക്ഷെ സോവിയറ്റ് യൂണിയന്റെ കാലത്ത് പ്രസിഡന്റായ ഡോ. മുഹമ്മദ് നജീബുള്ള ആ സ്ഥാനത്ത് തുടര്‍ന്നു. അതിനെത്തുടര്‍ന്ന് മുജാഹിദീനുകള്‍ അദ്ദേഹത്തിനെതിരെ സമരം തുടരുകയും ഒരു നിഴല്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. സീബത്തുല്ല മൊജാദിദിയെ തങ്ങളുടെ നിഴല്‍ സര്‍ക്കാരിന്റെ പ്രസിഡന്റായി അവര്‍ പ്രഖ്യാപിച്ചു. 1992-ല്‍ മുജാഹിദീനുകള്‍ കാബൂള്‍ ആക്രമിച്ചു; ഭരണം പിടിച്ചടക്കി. ബാര്‍ഹാനുദ്ദീന്‍ റബ്ബാനി ആണ് പ്രസിഡന്റായത്. ഒരു ഇസ്ലാമിക ഭരണകൂടം നിലവില്‍വന്നു എന്നര്‍ത്ഥം. അന്ന് യുഎന്‍ ഇടപെട്ട് നജീബുള്ളക്ക് സംരക്ഷണം ഏര്‍പ്പാടാക്കി. എന്നാല്‍ തീവ്രവാദികള്‍ പിന്നീട് 1997-ല്‍ നജീബുള്ളയെ തൂക്കിലേറ്റി.
പിന്നീട് 1998 ആയപ്പോഴേക്ക് അമേരിക്കയും ഒസാമയുമൊക്കെ വീണ്ടും അകലുന്നതാണ് കണ്ടത്. അല്‍ഖ്വയിദ ആഫ്രിക്കയിലെ രണ്ടു അമേരിക്കന്‍ എംബസികളില്‍ ആക്രമണം നടത്തിയതോടെ പ്രസിഡന്റ് ക്ലിന്റണ്‍ ശക്തമായ നിലപാടെടുത്തു. അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിച്ചിരുന്ന അല്‍ഖ്വയിദ ക്യാമ്പുകള്‍ ബോംബിട്ട് തകര്‍ത്തു; ഒസാമയെ നാട് കടത്തണം എന്നതായിരുന്നു യുഎസ് ആവശ്യം; അത് അഫ്ഗാന്‍ ഭരണകൂടം തള്ളി. പിന്നീട് കണ്ടത് യുഎസ് കരുനീക്കങ്ങളാണ്. ഐക്യരാഷ്ട്ര സഭ ഉപരോധം ഏര്‍പ്പെടുത്തുന്നു, വ്യാപാര ഇടപാടുകള്‍ പോലും തടയുന്നു. എന്നാല്‍ അതിനിടെ താലിബാന്‍ ശക്തമായി പോരാടാന്‍ തീരുമാനിക്കുന്നു. പ്രസിദ്ധമായ ബാമിയാന്‍ ബുദ്ധ പ്രതിമകള്‍ തകര്‍ത്തതൊക്കെ ആ പശ്ചാത്തലത്തിലാണ്.
2001 ഒക്ടോബറില്‍ യുഎസ്- ബ്രിട്ടീഷ് വ്യോമസേനകള്‍ അഫ്ഗാനിസ്ഥാനില്‍ ശക്തമായ വ്യോമാക്രമണം നടത്തി; താലിബാന്‍, അല്‍ഖ്വയിദ കേന്ദ്രങ്ങള്‍ തകര്‍ക്കുകയായിരുന്നു ലക്ഷ്യം. നവംബറില്‍ വടക്കന്‍ സഖ്യം കാബൂളിലെത്തി; അവര്‍ താലിബാനെ പിന്നാക്കം ഓടിച്ചു. ഡിസംബറില്‍ താലിബാന്‍ കീഴടങ്ങി. അമേരിക്കന്‍ പാവ സര്‍ക്കാര്‍ അധികാരത്തിലുമേറി. പിന്നീടിങ്ങോട്ട് ഇതുവരെ കണ്ടത് അമേരിക്കന്‍ അനുകൂല സര്‍ക്കാരാണ്. എന്നാല്‍ ആരെ തോല്‍പ്പിക്കാനാണോ ഇതൊക്കെ തങ്ങള്‍ ചെയ്തത്, അവരെത്തന്നെ വീണ്ടും ഭരണം ഏല്പിച്ചുകൊണ്ട് മടങ്ങാന്‍ ഇപ്പോള്‍ വാഷിംഗ്ടണ്‍ തയ്യാറായിരിക്കുന്നു. അതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
അമേരിക്കയുടെ വഞ്ചന
അഫ്ഗാനില്‍ നിന്ന് പിന്മാറണമെന്ന ചിന്ത അമേരിക്കയില്‍ നേരത്തെയുണ്ടായിരുന്നു എന്നത് ശരിയാണ്. ഡൊണാള്‍ഡ് ട്രംപ് ആദ്യം പ്രസിഡണ്ട് സ്ഥാനാര്‍ഥിയായ വേളയില്‍ ഉയര്‍ത്തിയ ഒരു പ്രശ്‌നം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സൈന്യത്തെ അയക്കുകയും പിടിച്ചടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന നിലപാട് യുഎസ് ഉപേക്ഷിക്കണം എന്നതാണ്. അനവധി സൈനികര്‍ കൊല്ലപ്പെടുന്നു, അവരുടെ കുടുംബം അനാഥമാവുന്നു; അമേരിക്കയുടെ പണം ഏറെ അനാവശ്യമായി ചിലവഴിക്കപ്പെടുന്നു എന്നും മറ്റും ട്രംപ് ഉയര്‍ത്തിക്കാട്ടി. ആ നിലപാട് തുടര്‍ന്ന ട്രംപ്, ജയിച്ചശേഷം പലയിടത്തുനിന്നും സൈനികരെ പിന്‍വലിക്കാന്‍ തയ്യാറാവുകയും ചെയ്തു. എന്നാല്‍ രണ്ടാം പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആയപ്പോഴും ട്രംപിന് അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങാന്‍ സാധിച്ചില്ല. അതിനായി ഒരിക്കല്‍ താലിബാനുമായി വരെ അവര്‍ ചര്‍ച്ച നടത്തി എന്നതുമോര്‍ക്കുക. കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പില്‍ അഫ്ഗാന്‍ ചര്‍ച്ചാവിഷയമാക്കാന്‍ ജോ ബൈഡന്‍ പക്ഷത്തിന് സാധിച്ചു. എന്തുകൊണ്ടാണ് ട്രംപ് അവിടെനിന്ന് സൈനികരെ പിന്‍വലിക്കാത്തത് എന്നതായിരുന്നു വിഷയം. അതുകൊണ്ടുതന്നെ അധികാരത്തിലേറിയ ബൈഡന് എന്തെങ്കിലും ചെയ്‌തേ മതിയാവൂ എന്ന അവസ്ഥയായി. ഇപ്പോള്‍, ഇനി എന്ത് സംഭവിച്ചാലും കാബൂളില്‍ തുടരാനില്ല എന്ന് തീരുമാനിക്കാന്‍ വാഷിംഗ്ടണ്‍ തയ്യാറായത് അതുകൊണ്ടാവണം.ു
പക്ഷെ, അങ്ങിനെ ചിന്തിക്കുമ്പോള്‍തന്നെ ആ രാജ്യത്തെ ജനതയോട്, അവിടെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അടക്കം അനവധി കാര്യങ്ങള്‍ ചെയ്യുന്ന വിദേശ രാജ്യങ്ങളോടൊക്കെ ഒരു പ്രതിബദ്ധത അവര്‍ക്കുണ്ടല്ലോ. അത് അവര്‍ പാലിച്ചില്ല എന്നതാണ് ദു:ഖകരം. താലിബാന്‍ സേന കടന്നുവരുമ്പോള്‍ ആണ് അമേരിക്കന്‍ പട്ടാളം എല്ലാം വിട്ട് ഓടിയത്. അതോടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് സര്‍വരും ചെന്നുപെട്ടു. മറ്റൊന്ന്, ഇത്ര പെട്ടെന്ന് താലിബാന്‍ അവിടെ പിടിച്ചടക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു. അമേരിക്കന്‍ സൈനിക മേധാവിമാരുടെ വക്താക്കളില്‍ പോലും ആ ഒരു തോന്നല്‍ പ്രകടമായിരുന്നു. ഇന്ത്യക്കാര്‍ മാത്രമല്ല അനവധി രാജ്യങ്ങളിലെ പൗരന്മാര്‍ അവിടെ ഉണ്ടായിരുന്നല്ലോ. അവര്‍ക്കൊക്കെ മടങ്ങിപ്പോരാന്‍ കഴിയാത്ത സ്ഥിതിയായി. അവിടെ അമേരിക്കക്ക് കുറച്ചുകൂടി നയപരമായി പെരുമാറാമായിരുന്നു. താലിബാന് അധികാരം കൈമാറണം എന്നാണ് അവരാഗ്രഹിച്ചതെങ്കില്‍ തന്നെ അത് അമേരിക്കന്‍ സൈന്യമുള്ള വേളയിലാണെങ്കില്‍ ഇത്രക്ക് കലുഷിതമാവുകയില്ലായിരുന്നു. അതിലേറെ താലിബാനും കുറച്ചുകൂടി മര്യാദ താല്‍ക്കാലത്തെങ്കിലും കാണിക്കുമായിരുന്നു.
ഇന്ത്യ നേരിട്ട പ്രശ്‌നം
താലിബാന്‍ മാത്രമല്ല അഫ്ഗാനിസ്ഥാനിലേക്ക് ഓടിക്കയറിയത്; അവര്‍ക്കൊപ്പം പാകിസ്ഥാനില്‍ നിന്നുള്ള ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്ഷ് ഇ മുഹമ്മദ് അടക്കമുള്ള ഭീകര പ്രസ്ഥാനങ്ങളുടെ നേതാക്കളും അണികളുമുണ്ടായിരുന്നു എന്നത് ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അവര്‍ എന്താണ് ലക്ഷ്യമിട്ടിരുന്നത് എന്നത് സംബന്ധിച്ച ചില സൂചനകളും ദല്‍ഹിക്ക് ലഭിച്ചിരുന്നു എന്നാണ് കരുതേണ്ടത്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അവര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചനയുണ്ട്. ഒരു പക്ഷെ നമ്മുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ ജീവന്‍ പോലും അപകടപ്പെടും എന്നതായിരുന്നു അവസ്ഥ. അക്കാര്യം മറ്റു ചില രാജ്യങ്ങളും സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ടാണ് എത്രയും വേഗം നമ്മുടെ ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചത്. അപ്പോഴും ഓര്‍ക്കുക, ഒരു കാരണവശാലും നാം കാബൂളിലെ നമ്മുടെ ഹൈക്കമ്മീഷന്‍ അടച്ചുപൂട്ടിയതേയില്ല. അവശ്യം കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ വേണ്ടുന്ന സംവിധാനം ബാക്കിനിര്‍ത്തിയിരുന്നു എന്നര്‍ത്ഥം. ആ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടന്നിരുന്ന ഇന്ത്യക്കാരെ രക്ഷിക്കാനും അവരെ തിരികെ കൊണ്ടുവരാനുമൊക്കെ പരിശ്രമിക്കുന്നത് ആ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരാണ്. അക്കാര്യത്തില്‍ അവര്‍ മാന്യമായി കരുനീക്കങ്ങള്‍ നടത്തുകയും ചെയ്തുവല്ലോ.
കഴിയുന്നത്ര വേഗം മടങ്ങാന്‍ ശ്രമിക്കണമെന്ന സൂചനകള്‍ കാബൂളിലെ നമ്മുടെ ഹൈക്കമ്മീഷന്‍ വളരെ നേരത്തെ ഇന്ത്യക്കാര്‍ക്ക് നല്‍കിയിരുന്നു. ജൂണ്‍ 26 മുതല്‍ അവര്‍ അത് നല്‍കി. ആര്, എവിടെ, എന്ത് ചെയ്യുന്നു, താമസ സ്ഥലം, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ തുടങ്ങിയവ ഹൈക്കമ്മീഷനില്‍ അറിയിക്കാനും നിര്‍ദ്ദേശിച്ചു. എന്നാല്‍ തണുപ്പന്‍ പ്രതികരണമാണുണ്ടായത്. കഴിയുന്നത്ര നാള്‍ അവിടെ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്കാര്‍ പതിവുപോലെ ശ്രമിച്ചു എന്നര്‍ത്ഥം. ഇതുപോലെ ഒരു താലിബാന്‍ ആധിപത്യം പെട്ടെന്ന് ഉണ്ടാവുമെന്ന് അവരും കരുതിയിരിക്കില്ല. എന്നാലും കുഴപ്പം കൂടാതെ തന്നെ കഴിയുന്നത്ര പേരെ രക്ഷിക്കാനും സ്വരാജ്യത്തേക്ക് കൊണ്ടുവരാനും ഇന്ത്യ ഗവണ്‍മെന്റിനായി. അതിനായി അനവധി വിദേശ രാജ്യങ്ങളുടെ അടക്കം പിന്തുണ തേടിയിരുന്നു എന്നത് വ്യക്തം. താലിബാനെ ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ ഉള്ളപ്പോഴാണ് ഈ പദ്ധതി ഇന്ത്യ നടപ്പിലാക്കിയത് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
താലിബാന്‍ ഒന്നും രണ്ടും
ഇതിനിടയില്‍ രാഷ്ട്രീയക്കളികള്‍ പലതും നാം കാണുകയുണ്ടായി. അതിലൊന്ന് താലിബാനുവേണ്ടി വാദിക്കുന്ന കൂട്ടരെയാണ്. ഇന്ത്യയില്‍ അത്തരക്കാരുടെ എണ്ണം കൂടുതലാണ് എന്ന് തോന്നുന്നു. നരേന്ദ്ര മോദിയെ എതിര്‍ക്കുന്നവരൊക്കെ താലിബാന്‍ അധികാരത്തിലെത്തുന്നത് ഇന്ത്യയുടെ പരാജയമാണ് എന്ന് പറഞ്ഞുനടക്കുന്നത് കാണുന്നുണ്ടല്ലോ. അര്‍ബന്‍ നക്‌സലുകള്‍, ജിഹാദി ഗ്രൂപ്പുകള്‍ ഒക്കെ അങ്ങിനെ ചെയ്യുന്നത് മനസ്സിലാക്കാം. എന്നാല്‍ ചില മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരും ആ നിലക്ക് ചിന്തിക്കുന്നത് പ്രകടമായി. കോണ്‍ഗ്രസ് ഭരണത്തിന്റെ സുഖമനുഭവിച്ച കൂട്ടര്‍ ഇന്നിപ്പോള്‍ എന്തിനും ഏതിനും മോദിയെ കുറ്റപ്പെടുത്തുന്നതില്‍ സുഖം കണ്ടെത്തുന്നു. എന്തിനേറെ അവിടത്തെ ഹൈക്കമ്മീഷന്‍ അടച്ചുപൂട്ടി ഓടിപ്പോയി എന്നുവരെ അവരില്‍ ചിലര്‍ പറയുന്നത് കേട്ടു. അത്തരക്കാര്‍ താലിബാനെ ന്യായീകരിക്കാന്‍ വേണ്ടിയെടുത്ത നിലപാടാണ് ഏറെ രസകരമായി തോന്നിയത്. മുന്‍പുണ്ടായിരുന്ന താലിബാനല്ല ഇന്നുള്ളത് എന്നതാണത്.
താലിബാന്‍ എന്താണ് എന്നത് നന്നായി അറിയുന്നവരാണ് ഇന്ത്യക്കാര്‍; അതിന്റെ ചരിത്രമൊന്നും അവരെ പഠിപ്പിക്കേണ്ടതുമില്ല. പക്ഷെ അതിനിടെയാണ് ഈ വാദഗതികളുമായി ചിലരിറങ്ങുന്നത്. ഇപ്പോഴത്തെ താലിബാന്‍ അഥവാ താലിബാന്‍ – രണ്ട് മതേതരമാണ് എന്നുവരെ പറഞ്ഞുവെക്കുന്നവരെ കണ്ടു. അതിനുള്ള കാരണം വ്യക്തമാണ്; ചൈനയും പാകിസ്ഥാനും ഇന്നിപ്പോള്‍ പുതിയ താലിബാനുവേണ്ടി നിലകൊള്ളുന്നു. ചൈനക്കൊപ്പം നില്ക്കാന്‍ ചിലര്‍ പ്രതിജ്ഞാബദ്ധരാവുന്നു. ചൈന പിന്തുണക്കുന്നവരെ എതിര്‍ക്കാനാവാത്ത കൂട്ടര്‍ എന്നര്‍ത്ഥം. അതിനവര്‍ താലിബാന് മതേതരത്വ പ്രതിച്ഛായ സമ്മാനിക്കാന്‍ അത്യദ്ധ്വാനം തന്നെ നടത്തുന്നു.
ഇക്കാര്യത്തിലെ ഇന്ത്യന്‍ നിലപാട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ വ്യക്തമാക്കിയതാണ്. താലിബാന്‍ എന്നും താലിബാനാണ്; ഭീകര സംഘടനകള്‍ക്കിടയില്‍ ചെറുതെന്നോ വലുതെന്നോ മിതവാദി എന്നോ ഉഗ്രവാദി എന്നോ ഉള്ള വേര്‍തിരിവിന്റെ കാര്യമില്ല. അങ്ങിനെ ഒരു നിലപാട് എടുക്കാനും പാടില്ല. ഭീകരതയെ, ഏത് വിധത്തിലുള്ളതായാലും എതിര്‍ക്കേണ്ടതുണ്ട്. താലിബാനെ ഇന്ത്യ ഒരു ഭീകരപ്രസ്ഥാനമായിട്ടാണ് കാണുന്നത് എന്നതാണല്ലോ അതിനര്‍ത്ഥം. യുഎന്‍ അടക്കം താലിബാനെതിരെ സ്വീകരിച്ചിട്ടുള്ള നടപടികളും മറന്നുകൂടെന്ന കാര്യവും ജയശങ്കര്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ടായിരുന്നു. ചൈനക്ക് വേണ്ടി ഭീകരന്മാരെ വെള്ളപൂശാനിറങ്ങിയവര്‍ക്കുള്ള വ്യക്തമായ സന്ദേശമാണ് അദ്ദേഹം നല്‍കിയത്.
കാബൂളില്‍ ഇനി എന്ത്?
നേരത്തെ സൂചിപ്പിച്ചത് പോലെ അഫ്ഗാനിസ്ഥാന്റെ ഏതാണ്ട് 75 ശതമാനവും താലിബാന്റെ അധീനതയിലായി. ബാക്കിയുള്ളത് പഞ്ചശീര്‍ വാലി മാത്രം. അവിടെ പണ്ടുമുതലേ താലിബാന്‍ വിരുദ്ധ മനസ്സുണ്ടായിരുന്നു. ഇപ്പോള്‍ അഫ്ഗാന്‍ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ ശക്തി കേന്ദ്രമാണത്. എന്നാല്‍ എത്രനാള്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നത് സംശയകരമാണ്. പിന്നെ നാല് സാദ്ധ്യതകള്‍ കാണുന്നു:
1. താലിബാന്‍ സാര്‍വത്രികമായി ആ രാജ്യം ഏറ്റെടുക്കുന്നു; അവരുടേതായ രീതിയിലുള്ള ഒരു ഇസ്ലാമിക ഭരണം നടപ്പിലാക്കുന്നു.
2. അഫ്ഗാന്‍ ജനത ഏറെക്കുറെ മുഴുവന്‍ താലിബാന്‍ ഭരണത്തിനെതിരാണ്. അത് ജനങ്ങള്‍ക്കിടയില്‍നിന്ന് വ്യക്തമാണ്. അതുകൊണ്ട് നേരത്തെ സൂചിപ്പിച്ച പഞ്ചശീര്‍ വാലി പോലുള്ള സ്ഥലങ്ങളിലേതു പോലെ ചെറുത്തുനില്‍പ്പ് ഉണ്ടായേക്കാം; അവര്‍ക്കൊപ്പം ജനങ്ങള്‍ അണിനിരന്നാല്‍ മറ്റൊരു വംശീയ കലാപത്തിന് അത് വഴിയൊരുക്കാം. സാധ്യത കുറവെങ്കിലും പ്രതീക്ഷിക്കാവുന്ന ഒന്നാണിത്.
3. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍ ഒക്കെ ഇതില്‍ ഇടപെടുകയും താലിബാന്‍ ഉള്‍പ്പെടുന്ന ഒരു ദേശീയ സര്‍ക്കാര്‍ രൂപമെടുക്കുകയും ചെയ്യുക. അതില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കുക.
4. അവസാനമായി, മൂന്നാമത് പറഞ്ഞ കാര്യത്തിനൊപ്പം ഐക്യരാഷ്ട്ര സഭയുടെ കൂടെ ഇടപെടലില്‍ ഒരു പീസ് കീപ്പിംഗ് ഫോഴ്‌സ് (സമാധാന സേന) ഉണ്ടാവുക. അവര്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സുരക്ഷ പ്രദാനം ചെയ്യണം.
ഇതിലൊക്കെ പ്രശ്‌നങ്ങള്‍ അനവധിയുണ്ട് എന്നതും മറന്നുകൂടാ. അതില്‍ ഏറ്റവും പ്രധാനം ചൈനയുടെ നീക്കങ്ങളാണ്. പാകിസ്ഥാനൊപ്പം ചൈന അവിടെ ഇപ്പോഴേ സജീവമായിക്കഴിഞ്ഞു. താലിബാനുമായി ചില നീക്കുപോക്കുകള്‍ അവരുണ്ടാക്കിയിട്ടുണ്ട്. മറ്റേത് രാജ്യം നിലപാടെടുക്കുന്നതിന് മുന്‍പേ തന്നെ ബീജിംഗ് താലിബാന്‍ സര്‍ക്കാരിന് പിന്തുണയും അംഗീകാരവും നല്‍കുമെന്ന് വ്യക്തമാക്കി. പാക്- ചൈന അച്ചുതണ്ടില്‍ സ്വാഭാവികമായും താലിബാനും വന്നുകൂടുന്നു എന്നതാണ് വസ്തുത. അത് തടയാന്‍ ബ്രിട്ടനും അമേരിക്കയും മറ്റും വന്നുചേരുമോ എന്നതൊക്കെ കാണേണ്ട കാര്യമാണ്. അതല്ലെങ്കില്‍ ഇതൊരു വലിയ ജിഹാദി- കമ്മ്യൂണിസ്റ്റ് സഖ്യമായി മാറിക്കൂടായ്കയില്ല.
മറ്റൊന്ന് റഷ്യന്‍ നിലപാടാണ്. താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കില്ല മറിച്ച് ഒരു ദേശീയ സര്‍ക്കാരുണ്ടാവട്ടെ എന്ന് മോസ്‌കോ ഇതിനകം പറഞ്ഞുകഴിഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അവര്‍ നിലപാടെടുത്തതും അങ്ങിനെയാണ്. ഇത് ഇന്ത്യന്‍ നിലപാടിന് പ്രതീക്ഷ പകരുന്നതാണ്. റഷ്യ- ഇന്ത്യ- ഇറാന്‍ എന്നിവര്‍ ഒന്നിച്ചു നിന്നാല്‍ താലിബാന് വലിയ കളികള്‍ നടത്താനാവുകയില്ല. ചൈനയും ഇറാനും തമ്മില്‍ സൗഹൃദമൊക്കെ ഉണ്ടെങ്കിലും ഇന്ത്യയേക്കാള്‍ ഏറെ അവര്‍ ബീജിങ്ങുമായി അടുക്കുമെന്ന് കരുതികൂടാ. തീര്‍ച്ചയായും ഇന്ത്യ ആ സാദ്ധ്യതകള്‍ പരിശോധിക്കുന്നുണ്ടാവണം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കര്‍ അടുത്തിടെ ഇറാന്‍ സന്ദര്‍ശിച്ചതും അവരുടെ വിദേശകാര്യ മന്ത്രി ദല്‍ഹിയിലെത്തിയതുമൊക്കെ കൂട്ടിച്ചേര്‍ത്ത് കാണേണ്ടതുണ്ട്.
ഇന്ത്യക്ക് എന്താണ് പ്രശ്‌നം
അഫ്ഗാനിസ്ഥാനുമായി ഇന്ത്യക്കുള്ള അടുപ്പം നേരത്തെ സൂചിപ്പിച്ചുവല്ലോ. അതൊക്കെ കഴിഞ്ഞ്, ഈ രണ്ടു ദശാബ്ദക്കാലത്ത് ഇന്ത്യ കുറെ വികസന പദ്ധതികള്‍ ഏറ്റെടുത്തു നടപ്പിലാക്കിയിരുന്നു. അവിടെ ജനാധിപത്യം വാഴണം എന്നാഗ്രഹിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിച്ച് നല്‍കി. അണക്കെട്ടുകള്‍, വൈദ്യുതി പദ്ധതികള്‍, സ്‌കൂളുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റോഡുകള്‍ എന്നിവയൊക്കെ. ഏതാണ്ട് 20,000 കോടി ചിലവിട്ടു എന്നതാണ് കാണുന്ന കണക്ക്. എന്നാല്‍ അതൊക്കെയും ഒരു സാമൂഹ്യ-സേവന പ്രവര്‍ത്തനമെന്ന നിലക്കായിരുന്നു; ഒന്നും ലാഭം പ്രതീക്ഷിച്ചായിരുന്നില്ല. ഇതൊക്കെ ഇനി മുന്നോട്ട് കൊണ്ടുപോകാനാവുകയില്ല. എന്നാല്‍ അതൊരു നഷ്ടമാണ് എന്ന് ഇന്ത്യ കരുതുകയുമില്ല; കാരണം അറിഞ്ഞുകൊണ്ട് ഒരു ദാനം ചെയ്തതുപോലെയാണ് അതൊക്കെ അവിടെ നമ്മള്‍ നടപ്പിലാക്കിയത്.
മറ്റൊന്ന് സുരക്ഷാ പ്രശ്‌നമാണ്. താലിബാന്‍ അവിടെ അധികാരമേല്‍ക്കുന്നതോടെ ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനങ്ങള്‍ ശക്തിപ്രാപിക്കുമെന്ന ആശങ്ക. അവര്‍ ഇന്ത്യക്കെതിരെ തിരിയുമെന്ന ചിന്ത. ചൈനയും പാകിസ്ഥാനുമൊക്കെ ഇപ്പോഴേ കൈകോര്‍ത്തുനീങ്ങുന്നുണ്ടല്ലോ. അവര്‍ അതിര്‍ത്തികളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്; ഭീകരതയെ താലോലിക്കുന്നുമുണ്ട്. അത്തരം വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യക്ക് കഴിയുമെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ടല്ലോ. ഭീകര പ്രസ്ഥാനങ്ങളെ മാത്രമല്ല അവര്‍ക്ക് സംരക്ഷണമാവുന്നവര്‍ക്കെതിരെയും നാം ശക്തമായി പ്രതികരിച്ചിട്ടുണ്ട്. അതാണ് മോദി സര്‍ക്കാരിന്റെ പ്രൊ- ആക്റ്റീവ് പോളിസി. പാകിസ്ഥാന് ഇതൊക്കെ നന്നായി അറിയാം; ചൈനയ്ക്കും. അതുകൊണ്ട് ഇത്തരം ഭീഷണികള്‍ അവര്‍ ഇനി വെളിയിലെടുക്കുമെന്ന് കരുതിക്കൂടാ. അതുകൊണ്ട് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പോലും ഇന്ത്യക്ക് അത്ര ആശങ്കപ്പെടാനൊന്നുമില്ല. അത് അതിന്റെ വഴിക്കും ഇന്ത്യ ഇന്ത്യയുടെ വഴിക്കും…………
എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ആര് ആവശ്യപ്പെട്ടാലും താല്‍ക്കാലിക വിസ നല്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. യുഎന്‍ നിര്‍ദ്ദേശ പ്രകാരം കൂടിയാണിത്. സിഎഎ നിയമ ഭേദഗതിയനുസരിച്ച് ഇന്ത്യന്‍ വംശജരായ ഹിന്ദുക്കളെയും സിഖുകാരെയും ഇവിടേക്ക് ഇന്ത്യ നേരത്തെ ക്ഷണിച്ചതാണ്. അവര്‍ക്ക് സ്വാഗതമരുളും. അതിനുപുറമെ മുസ്ലിങ്ങള്‍ അടക്കമുള്ള അഫ്ഗാന്‍കാര്‍ക്കും വിസ നല്‍കാനാണ് തീരുമാനിച്ചത്. അത്രത്തോളം അനുകമ്പ നാം ആ രാജ്യത്തെ ജനതയോട് കാണിക്കുന്നു എന്നതാണ് പ്രധാനം. മുഴുവന്‍ ഇന്ത്യക്കാരെയും മടക്കി കൊണ്ടുവന്നതിന് പിന്നാലെയാണ് ഇത്തരം നീക്കങ്ങള്‍.