സംപൂജ്യനായ ശ്രീമദ് പ്രകാശാനന്ദ സ്വാമികള്‍ കേരള സമൂഹ മനസില്‍ എന്നും ഒരു ഉജ്ജ്വല വികാരമായി ജ്വലിച്ചു നില്‍ക്കും. അദ്ദേഹംപ്രതികൂല സാഹചര്യങ്ങളോട് ഏറ്റുമുട്ടുകയും തനിക്ക് ശരിയെന്ന് തോന്നിയതെല്ലാം ചങ്കൂറ്റത്തോടെ വെട്ടിത്തുറന്ന് പറയുകയും ഉറച്ച നിലപാട് സ്വീകരിക്കുകയും ചെയ്തു. അതേസമയം ഈ സന്യാസി ശ്രേഷ്ഠന്‍ സൗമ്യനും ശാന്തനുമായിരുന്നു.
പാറയുടെ കാഠിന്യവും തുമ്പപ്പൂവിന്റെ ശുഭ്രമൃദുലതയും ഒരേ ആളില്‍ സംഗമിച്ചപ്പോള്‍ അത് നാടിനാകെ പ്രകാശമായി. പ്രകാശത്തിന് രണ്ട് ഗുണങ്ങളുണ്ട് – ചൂടും വെളിച്ചവും. നിശ്ചയദാര്‍ഢ്യത്തിന്റെ ചൂടും അറിവിന്റെ വെളിച്ചവും പ്രകാശാനന്ദ സ്വാമി ചൊരിഞ്ഞു.
ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടത് 1990 ലാണ്. ശ്രീനാരായണ ഗുരുദേവ കൃതികള്‍ വിശ്വഹിന്ദു ബുക്‌സിന്റെ വിവിധ സ്റ്റാളുകളിലേക്ക് വാങ്ങാന്‍ ഞാന്‍ ശിവഗിരിയില്‍ എത്തി. ശാരദാ ക്ഷേത്രത്തിന്റെ സമീപത്ത് പുഷ്പങ്ങള്‍ പറിച്ചെടുക്കുന്ന തിരക്കിലായിരുന്നു സ്വാമിജി. ഞാന്‍ ആഗമനോദ്ദേശ്യം പറഞ്ഞപ്പോള്‍ എല്ലാ ജോലിയും നിര്‍ത്തിവെച്ച് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഗുരുദേവ ശിഷ്യനായ ശങ്കരാനന്ദ സ്വാമിയാണ് തന്റെ ഗുരുവെന്നും ശ്രീനാരായണ ധര്‍മ്മ സംഘം കൂര്‍ക്കഞ്ചേരിയില്‍ വെച്ച് സ്ഥാപിച്ചപ്പോള്‍ മുഖ്യ ചുമതല ശങ്കരാനന്ദ സ്വാമികള്‍ക്കായിരുന്നുവെന്നുമുള്ള ചരിത്ര സംഭവങ്ങള്‍ സ്വാമിജി വിശദമായി എന്നെ ധരിപ്പിച്ചു. ശിവഗിരി മഠം കയ്യടക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിനെതിരെ ശക്തമായ താക്കീത് നല്‍കി. ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നത് എന്തെന്ന് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞ ക്രാന്ത ദര്‍ശിയായിരുന്നു പ്രകാശാനന്ദ സ്വാമികള്‍ എന്ന് പിന്നീട് എനിക്ക് ബോധ്യപ്പെട്ടു.
സ്വാമിജിക്ക് ഗുരു നിത്യ ചൈതന്യയതി, ചിന്മയാനന്ദ സ്വാമി, മാതാ അമൃതാനന്ദമയി ദേവി, സ്വാമി സത്യാനന്ദ സരസ്വതി, കരുണാകര ഗുരു തുടങ്ങിയ ധര്‍മ്മ ഗുരുക്കന്മാരും ആധ്യാത്മിക ആചാര്യന്മാരുമായി നല്ല ഹൃദയ ബന്ധം ഉണ്ടായിരുന്നു. വിവിധ സമ്പ്രദായങ്ങളിലും പരമ്പരകളിലും പെട്ട ആചാര്യ ശ്രേഷ്ഠന്മാരുമായി അടുത്തിടപഴകി. അതിലൂടെ ലഭിച്ച സുദൃഢ ബന്ധത്തിന്റെ ഈടുറ്റ കണ്ണികള്‍ പിന്നീട് നടന്ന സംഭവങ്ങളിലെല്ലാം സ്വാമിജിക്ക് തുണയും ശക്തിയുമായിത്തീര്‍ന്നു. ഹിന്ദു സംഘടനകളുമായുള്ള അടുപ്പം ശിവഗിരി മഠവുമായി ബന്ധപ്പെട്ട പലരിലും അമര്‍ഷമുണ്ടാക്കി. മതേതര സ്വഭാവവും മതാതീത ആധ്യാത്മികതയും വെച്ച് പുലര്‍ത്തുന്ന ശിവഗിരി മഠത്തിന് പ്രകാശാനന്ദ സ്വാമിയുടെ സന്യാസബന്ധങ്ങള്‍ ഒട്ടും യോജിച്ചതല്ലെന്ന് ചിലര്‍ പ്രചരിപ്പിച്ചു. സംഘ കാര്യാലയങ്ങളില്‍ പോകുന്നതും ഹിന്ദു പരിപാടികളില്‍ പങ്കെടുക്കുന്നതും വിലക്കാന്‍ ചിലര്‍ ശ്രമിച്ചു. കൂടെ സഹായിയായി ഉണ്ടായിരുന്ന പലരേയും അവര്‍ ഭീഷണിപ്പെടുത്തി. ചിരിച്ചുകൊണ്ടായിരുന്നു സ്വാമിജിയുടെ മറുപടി ‘എന്റെ സന്യാസ പാരമ്പര്യം ഗുരുദേവന്റെ ഇച്ഛാശക്തിയില്‍ നിന്നും വീണ്ടെടുത്തതാണ്. ഹിന്ദു ധര്‍മ്മവും സംസ്‌കാരവുമാണ് എന്നെ ഞാനാക്കി മാറ്റിയത്.’ സമദര്‍ശനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഉന്നതാദര്‍ശങ്ങള്‍ സ്വജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് അദ്ദേഹം പകര്‍ന്നുകൊടുത്തു.
1998ല്‍ ശിവഗിരിയുടെ ഭരണം ഏറ്റെടുത്ത നായനാര്‍ സര്‍ക്കാര്‍ പ്രകാശാനന്ദ സ്വാമിയെ ഒറ്റ തിരിഞ്ഞു ആക്രമിച്ചു നിലംപരിശാക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. കള്ളക്കഥകള്‍ പ്രചരിപ്പിച്ചു. അഴിമതിയും ക്രമക്കേടും ആരോപിച്ചു. മദനിയും കൂട്ടരും ശിവഗിരിയില്‍ തമ്പടിച്ചു. ദിവസവും അസഭ്യ വര്‍ഷം, ആക്രോശം. പ്രകാശാനന്ദ സ്വാമിയെ വളഞ്ഞിട്ട് ആക്രമിച്ചു. സ്വാമിജിയെ പുറത്താക്കാന്‍ നടന്ന സമര കോലാഹലം ആളിക്കത്തി. സര്‍ക്കാര്‍ ശിവഗിരി ഏറ്റെടുത്തുകൊണ്ടുള്ള ഓര്‍ഡറുമായി റവന്യു അധികാരികള്‍ മഠത്തിലെത്തി. പോലീസ് വളഞ്ഞു. സ്വാമിമാര്‍ക്ക് മഠം വിട്ടുപോവുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതെ വന്നു. പ്രകാശാനന്ദ സ്വാമികള്‍ സഹ സന്യാസിമാരായ കൈവല്യാനന്ദ, ഋതംഭരാനന്ദ, വിശുദ്ധാനന്ദ, ശാരദാനന്ദ തുടങ്ങിയവരുമായി മഠത്തിന്റെ പടവുകള്‍ ഇറങ്ങി. എവിടേക്ക് എങ്ങനെ എപ്പോള്‍ പോവണമെന്ന് അറിയാതെ സ്വാമിജിമാര്‍ മഠത്തിന്റെ തിരുമുറ്റത്തെ മാവിന്‍ ചുവട്ടില്‍ നില്‍ക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു.
എല്ലാവര്‍ക്കും ആത്മവിശ്വാസം പകര്‍ന്നുകൊണ്ട് പ്രകാശാനന്ദ സ്വാമികള്‍ സഹ സന്യാസിമാരെ ആശ്വസിപ്പിച്ചു. ഗുരുദേവ സമാധിയില്‍ പ്രാര്‍ത്ഥിച്ചു. പ്രതിസന്ധിയെ മറികടക്കാന്‍ കഴിയുമെന്ന ആത്മധൈര്യം മുഖത്തു നിഴലിച്ചിരുന്നു. പതറിയില്ല, കാലിടറിയില്ല. പദയാത്രയായി മഠത്തില്‍നിന്നും തിരിച്ചു. പിന്നെ ഉണ്ടായതെല്ലാം ചരിത്രം.
ശിവഗിരി സമന്വയ സമിതി രൂപീകരിച്ചുകൊണ്ട് പ്രത്യക്ഷ ജനകീയ പ്രക്ഷോഭത്തിന് തുടക്കമിട്ടു. വിവിധ രാഷ്ട്രീയ – സാമൂഹിക – സാംസ്‌കാരിക സംഘടന നേതാക്കളെ സ്വാമിജി നേരില്‍കണ്ട് സഹായം അഭ്യര്‍ത്ഥിച്ചു.
എളമക്കര പ്രാന്തകാര്യാലയമായ മാധവ നിവാസില്‍ പ്രകാശാനന്ദ സ്വാമിയുടെ സന്ദേശവുമായി ഋതംഭരാനന്ദ സ്വാമിയും സമന്വയ സമിതി നേതാക്കളും എത്തി. സംഘാധികാരികളുമായി ഭാവി പരിപാടികളെക്കുറിച്ചു ചര്‍ച്ച ചെയ്തു, സംഘത്തിന്റെ എല്ലാ പിന്തുണയും സഹായവും ഉറപ്പ് നല്‍കി. മറ്റെല്ലാ സംഘടനകളും ഉപേക്ഷിച്ച സ്ഥിതിക്ക് സംഘത്തിന്റെ സഹായം മാത്രമേ തങ്ങള്‍ക്ക് ആലംബമായിട്ടുള്ളു എന്ന് സ്വാമിജി വ്യക്തമാക്കി.
കൂര്‍ക്കഞ്ചേരിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വിമോചന യാത്രയും സെക്രട്ടറിയേറ്റില്‍ പ്രകാശാനന്ദ സ്വാമികളുടെ അനിശ്ചിതകാല ഉപവാസവും ആരംഭിച്ചതോടെ പ്രക്ഷോഭം ജനകീയ മുന്നേറ്റമായി മാറി.
പ്രക്ഷോഭത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വിവിധ ഹിന്ദു സംഘടനകള്‍ ചേര്‍ന്ന് ശിവഗിരി സമര സഹായ സമിതി രൂപീകരിച്ചു. സ്വാമിജിയുടെ ഉപവാസ പന്തലില്‍ സഹായ സമിതി വോളന്റിയര്‍മാര്‍ പൂര്‍ണ്ണ സമയവും സുരക്ഷ ഉറപ്പാക്കി നിലകൊണ്ടു. സെക്രട്ടറിയേറ്റിനുള്ളില്‍ ഏതാനും മീറ്റര്‍ അകലെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന ഇ.കെ. നായനാര്‍ തിരിഞ്ഞു നോക്കിയില്ല. സ്വാമിജി തെല്ലും കുലുങ്ങിയില്ല. ദിവസവും രാവിലെ 3 മണിക്ക് ചൂടുവെള്ളത്തില്‍ കുളി. ഭസ്മം ധരിച്ചു കട്ടിലില്‍ ഇരുന്ന് മണിക്കൂറുകളോളം ധ്യാനം, പ്രസരിക്കുന്ന മുഖകാന്തിയില്‍ ആകൃഷ്ടരായി ആത്മനിര്‍വൃതിയോടെ സമീപമിരിക്കുന്ന ആരാധകര്‍ – അങ്ങനെ ഉപവാസപന്തല്‍ ഒരു ആശ്രമ സങ്കേതമായി മാറി.
മുഖ്യമന്ത്രിയുടെ ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനും മുന്നില്‍ സ്ഥിതപ്രജ്ഞനായി നിലകൊണ്ട സ്വാമിജിയുടെ ആരോഗ്യനിലയില്‍ ഒരു തകരാറും സംഭവിച്ചില്ല. ചികിത്സയ്ക്കായി എത്തിയ ഡോക്ടര്‍മാര്‍ അത്ഭുതപരിതന്ത്രരായി. 25 ദിവസങ്ങള്‍ പിന്നിട്ടിട്ടും രക്ത സമ്മര്‍ദ്ദം, നാഡിമിടിപ്പ്, താപനില തുടങ്ങിയവയെല്ലാം തൃപ്തികരം. ‘വൈദ്യശാസ്ത്രത്തില്‍ ഇതിന് ഉത്തരമില്ല. ഇത് ഒരു അത്ഭുത പ്രതിഭാസം.’ – മെഡിക്കല്‍ കോളേജില്‍ നിന്നും എത്തിയ ഡോക്ടര്‍മാരുടെ സംഘം റിപ്പോര്‍ട്ട് ചെയ്തു.
പലപ്രാവശ്യം പോലീസ് ബലമുപയോഗിച്ചു ആശുപത്രിയില്‍ ആക്കാന്‍ ശ്രമിച്ചു. സ്വാമിജി വഴങ്ങിയില്ല. ആശുപത്രിയും സെക്രട്ടറിയേറ്റ് പടിയും എല്ലാം തനിക്ക് ആശ്രമം ആണെന്നും എവിടെ ആയാലും തപസ്സ് അനുഷ്ഠിക്കുക മാത്രമാണ് തന്റെ ധര്‍മ്മമെന്നും സ്വാമിജി മറുപടി നല്‍കി.
ഉപവാസ പന്തലില്‍ ഗുരു നിത്യചൈതന്യ യതി സ്വാമിജിയെ ആലിംഗനം ചെയ്ത കാഴ്ച കൂടിനിന്നവരില്‍ ആവേശമുണര്‍ത്തി. മൗനത്തിന്റെ ഭാഷയില്‍ പൂര്‍ണ്ണ നിശബ്ദതയില്‍ അവര്‍ ആശയം കൈമാറിയത് അവാച്യമായ അനുഭൂതി പകര്‍ന്നു. നിരവധി സന്യാസിമാരോടൊപ്പം സത്യാനന്ദ സരസ്വതി സ്വാമികളും എത്തി. 31 -ാം ദിവസം വലിയൊരു പോലീസ് സംഘം സെക്രട്ടറിയേറ്റും പരിസരവും വളഞ്ഞു. സ്വാമിജിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ ആക്കി. അവിടെയും ഉപവാസം തുടര്‍ന്നു.
ഏത്തപ്പഴവും പഴച്ചാറും കഴിച്ചാണ് ഉപവാസമിരിക്കുന്നതെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു രംഗത്തുവന്നു. ശിവഗിരി മഠത്തില്‍ നിന്നും പുറത്താക്കപ്പെട്ട് 31 ദിവസം സെക്രട്ടറിയേറ്റ് പടിക്കല്‍ പട്ടിണി കിടന്ന് ആവലാതിപ്പെട്ടിട്ടും ഒരക്ഷരം പോലും ഉരിയാടാതെ നിസ്സംഗനായി മാറി നിന്ന മുഖ്യമന്ത്രിയോട് ഒന്ന് മാത്രമേ സ്വാമിജി പറഞ്ഞുള്ളു ‘ഒരു നാള്‍ ഞാന്‍ ശിവഗിരി മഠത്തില്‍ തിരിച്ചുവരും. നിങ്ങളുടെ മുന്നില്‍ എന്റെ ജീവനെ ബലികൊടുത്താലും നിങ്ങളുടെ മന:സാക്ഷി ഉണരില്ല. മനുഷ്യത്വമില്ലാത്തവര്‍ക്ക് മനുഷ്യന്റെ ജീവന് എന്ത് മാന്യത നല്‍കാനാണ്? അതുകൊണ്ട് ഞാന്‍ ഉപവാസം അവസാനിപ്പിച്ച് ജനങ്ങളുടെ ഇടയിലേക്ക് പോവുകയാണ്’.
ആശുപത്രി വിട്ട് ഇറങ്ങിയ സ്വാമിജി ശിവഗിരി മഠത്തില്‍ എത്തി ഗുരുദേവ സമാധി മണ്ഡപത്തില്‍ പ്രാര്‍ത്ഥിച്ചു. ഈ വിവരമറിഞ്ഞ സിപിഎമ്മുകാര്‍ മഠത്തില്‍ ഓടിക്കൂടി. സ്വാമിജി നടന്ന വഴികളിലൂടെയെല്ലാം ചാണകവെള്ളം തളിച്ചു. ചൂലുകൊണ്ട് അടിച്ചു.
ശിവഗിരി മഠത്തിലെ സന്ന്യാസിമാരോടൊപ്പം സ്വാമിജി കാസര്‍കോട്ടുനിന്നും ആരംഭിച്ച പര്യടനം ജനതയെ ഇളക്കി മറിച്ചു. ജനങ്ങളില്‍ നിന്നും ഒപ്പു ശേഖരിച്ചു തിരുവനന്തപുരത്തെത്തി ഭീമഹര്‍ജി മുഖ്യമന്ത്രിക്ക് നല്‍കാനായിരുന്നു പരിപാടി. പക്ഷേ മുഖ്യമന്ത്രി സ്വീകരിക്കാന്‍ തയ്യാറായില്ല. സ്വാമിജി പോേസ്റ്റാഫീസില്‍ എത്തി ഭീമഹര്‍ജി തപാലില്‍ രജിസ്റ്റര്‍ ചെയ്ത് അയച്ചുകൊടുത്തു.
പിന്നീട് നീണ്ട നിയമയുദ്ധം ആയിരുന്നു. ഹൈക്കോടതി, സുപ്രീം കോടതി തുടങ്ങിയ നിയമ വേദികളിലെല്ലാം ശക്തമായ പോരാട്ടം നടത്തി. ശിവഗിരി മഠം സര്‍ക്കാര്‍ ഏറ്റെടുത്ത ഉത്തരവ് കോടതി റദ്ദ് ചെയ്തു. പ്രകാശാനന്ദ സ്വാമി പ്രസിഡന്റായിട്ടുള്ള ഡയറക്ടര്‍ ബോര്‍ഡിന് അംഗീകാരം നല്‍കി.
ഒരു ചരിത്ര വിജയത്തിന്റെ അഭിമാനകരമായ ചിന്തകള്‍ പങ്കുവെച്ചുകൊണ്ടാണ് സ്വാമിജി ശിവഗിരി മഠം പ്രസിഡന്റ് ആയി വീണ്ടും ചാര്‍ജ്ജെടുത്തത്.
ഒരിക്കല്‍ ശാന്തിഗിരിയില്‍ സ്വാമിജിയുമൊത്ത് കരുണാകര ഗുരുവിനെ കണ്ട നിമിഷങ്ങള്‍ ഒരിക്കലും മറക്കാനാവില്ല. ആള്‍ത്തിരക്കിനിടയിലൂടെ പ്രകാശാനന്ദസ്വാമി നടന്നു വരുന്നതുകണ്ട് ഗുരു എഴുന്നേറ്റ് അഭിവാദ്യം ചെയ്തു. പരസ്പരം ആശ്ലേഷിച്ചു കൂടെ ഇരുത്തി സംസാരിച്ച വിഷയങ്ങള്‍ അര്‍ത്ഥഗര്‍ഭവും ചിന്തോദ്ദീപകവും ആയിരുന്നു. രണ്ടുപേരും ഏതാണ്ട് ഒരേ കാലയളവിലാണ് ശിവഗിരി മഠത്തില്‍ എത്തിയത്. പഴയകാല സംഭവങ്ങള്‍ ഓര്‍മ്മിച്ചും മഠത്തിലെ ദയനീയ അവസ്ഥയില്‍ പരിതപിച്ചും ആ മഹാത്മാക്കള്‍ ആശയവിനിമയം നടത്തി. ഒരു നാരങ്ങാ കയ്യില്‍ കൊടുത്ത ശേഷം ഗുരു പറഞ്ഞു ‘തപസ്സല്ലേ നമ്മുടെ പ്രധാന കവചം. അതിനെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല.’
സദ്ഗുരു അമൃതാനന്ദമയി ദേവിയുടെ പിറന്നാള്‍ ആഘോഷത്തിന് അമൃതപുരിയില്‍ എത്തിയപ്പോഴെല്ലാം സുസ്‌മേരവദനനായി ഭക്ത ജനങ്ങളെ അഭിസംബോധന ചെയ്തത് ആര്‍ക്കും മറക്കാന്‍ കഴിയില്ല.
പ്രതിസന്ധികളില്‍ തളരാത്ത ഉജ്ജ്വല വ്യക്തിത്വമായിരുന്നു. അല്പം സമയം മാത്രം ഉറക്കം. മറ്റ് സമയങ്ങളിലെല്ലാം പ്രവര്‍ത്തനനിരതന്‍. പാണ്ഡിത്യത്തിന്റെ ഗര്‍വ്വില്ല. ആരോടും ഇണങ്ങിച്ചേരുന്ന പ്രകൃതം. യാതൊരു സങ്കോചവും ഇല്ലാതെ എല്ലാവരേയും സ്‌നേഹിക്കുന്ന ലാളിത്യത്തിന്റെ നിറകുടം. നിശബ്ദനായിരുന്ന് തപസ്സിലൂടെ ഭരണാധികാരികളെ വിറപ്പിച്ച ഋഷിവര്യന്‍ – ആസുരിക ശക്തികള്‍ക്കെതിരെ സത്യവും ധര്‍മ്മവും നീതിയും ഉയര്‍ത്തിപ്പിടിച്ചു നിരന്തരം പോരാട്ടങ്ങള്‍ നടത്തിയ നവോത്ഥാന നായകന്‍ – പ്രകാശാനന്ദ സ്വാമികളെക്കുറിച്ചു വിശേഷണങ്ങള്‍ നിരവധിയാണ്.
20-ാം നൂറ്റാണ്ടിന്റെ അന്ത്യ പാദവും 21 -ാം നൂറ്റാണ്ടിന്റെ ആദ്യ പാദവും സാക്ഷ്യം വഹിച്ച സാമൂഹ്യപരിവര്‍ത്തനവും നവോത്ഥാനവും വസ്തുനിഷ്ഠമായി പരിശോധിക്കുന്ന ഏതൊരാള്‍ക്കും പ്രകാശാനന്ദ സ്വാമികള്‍ അവയ്‌ക്കെല്ലാം ഒരു പ്രേരക ശക്തിയായിരുന്നു എന്ന് ബോധ്യപ്പെടും.
ശിവഗിരി മഠത്തിന്റെ പവിത്രതയും വിശുദ്ധിയും കാത്തുസൂക്ഷിക്കാന്‍ സ്വന്തം ജീവന്‍ കൊടുക്കാന്‍ തയ്യാറായ ഗുരുദേവോപാസകനാണ് പ്രകാശാനന്ദസ്വാമികളെന്ന് ഭാവി ചരിത്രം രേഖപ്പെടുത്തും.
സ്വാമിജി ധീരമായ നിലപാട് സ്വീകരിച്ചില്ലായിരുന്നു എങ്കില്‍ മദനിമാരുടെയും വിപ്ലവ വായാടികളുടെയും കയ്യില്‍ മഠം അമരുമായിരുന്നു. ഗുരുദേവന്റെ ഇച്ഛ പ്രകാശാനന്ദ സ്വാമികളിലൂടെ നടപ്പിലായി. തന്മൂലം മഠം അന്യാധീനപ്പെട്ടില്ല. ഇന്ന് അത് നാടിന്റെ പ്രകാശഗോപുരമായി നിലകൊള്ളുന്നു. പ്രകാശാനന്ദ സ്വാമിയുടെ ഭൗതിക ശരീരം വിലയം പ്രാപിച്ച ശിവഗിരി മണ്ണ് ഇനിയും ഭാവി തലമുറയുടെ പ്രേരണാസ്രോതസ്സായി പ്രകാശിക്കും.
ആ വന്ദ്യ ഗുരുശ്രേഷ്ഠന് പ്രണാമം!