സവർണ ഹിന്ദുപാർട്ടിയെന്നു പറഞ്ഞ് ബിജെപിയെ അധിക്ഷേപിക്കുന്നതിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് മാർക്സിസ്റ്റ് പാർട്ടിയാണ്. ബിജെപിയേയും പരിവാർ പ്രസ്ഥാനങ്ങളേയും ദളിത് വിരുദ്ധരെന്ന് നിരന്തരം ആരോപണമുന്നയിച്ച് ജനങ്ങൾക്കിടയിൽ ജാതിസ്പർദ്ധ സൃഷ്ടിച്ച് അതിൽ നിന്ന് മുതലെടുക്കാനുള്ള ശ്രമം സിപിഎം, അതിൻ്റെ ആരംഭകാലം തൊട്ടുതന്നെ തുടങ്ങിയതാണ്. മുട്ടനാടുകളെ തമ്മിലടിപ്പിക്കുന്ന കുറുക്കൻ്റെ കുബുദ്ധി. എന്നാൽ, ജനാധിപത്യ പാർട്ടിയെന്നും സാധാരണക്കാരായ അടിച്ചമർത്തപ്പെട്ടവൻ്റെ പാർട്ടിയെന്നും സാമൂഹ്യനീതിയുടെ കാവലാളെന്നും നാഴികക്ക് നാൽപത് തവണ പറയുന്ന സിപിഎമ്മിൻ്റെ ഉന്നതാധികാര കേന്ദ്രമായ പോളിറ്റ് ബ്യൂറോയിൽ നാളിതുവരെ ഒരു ദളിതനെപ്പോലും അംഗമാക്കിയിട്ടില്ല എന്നതാണ് സത്യം. അതേ സമയം ബിജെപിയുടെ ദേശീയ പ്രസിഡൻ്റ് സ്ഥാനത്തും രാജ്യത്തിൻ്റെ രാഷ്ട്രപതി സ്ഥാനത്തും സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ള ദളിത് വിഭാഗത്തിലുള്ളവരെ പ്രതിഷ്ഠിച്ച ഭാരതീയ ജനതാ പാർട്ടിയെക്കുറിച്ചാണ് പ്രതിപക്ഷം – പ്രത്യേകിച്ച് മാർക്സിസ്റ്റ്കാർ ഈ ആക്ഷേപമുന്നയിക്കുന്നത് എന്നതാണ് ഏറെ രസകരം.
തങ്ങൾ അനുവർത്തിക്കുന്ന തെറ്റായ നയം മറ്റുള്ളവരുടെ തലയിൽ ചാർത്തി വച്ച് ഞെളിയുന്ന ഒരു ഞാഞ്ഞൂലാണ് മാർക്സിസ്റ്റ് പാർട്ടി എന്നർത്ഥം. ഗവർണർമാർ, മുഖ്യമന്ത്രിമാർ, കേന്ദ്ര സംസ്ഥാന മന്ത്രിമാർ, പാർലമെൻറ് അംഗങ്ങൾ, നിയമസഭാംഗങ്ങൾ തുടങ്ങിയ പദവികളിൽ അടിസ്ഥാന വർഗ വിഭാഗങ്ങളിലുള്ളവർക്ക് ഏറ്റവും കൂടുതൽ പരിഗണന നൽകിയിട്ടുള്ളതും ബിജെപിയാണെന്ന് കണക്കുകൾ പരിശോധിച്ചാലറിയാം. എങ്കിലും ബിജെപിയെ ബ്രാഹ്മണിക്കൽ പാർട്ടി എന്നു പറയാൻ ബ്രാഹ്മണനേതാക്കൾക്കു മുൻതൂക്കമുള്ള പോളിറ്റ് ബ്യൂറോയാൽ നയിക്കപ്പെടുന്ന സിപിഎമ്മിന് യാതൊരു സങ്കോചവുമില്ലെന്നതാണ് യാഥാർത്ഥ്യം. നുണകളിലൂടെമാത്രം വളർന്നു വന്നിട്ടുള്ള ആ പാർട്ടി, നുണ പറയാതിരുന്നാലേ സംശയിക്കേണ്ടതുള്ളു എന്നത് മറ്റൊരു കാര്യം. (ഇങ്ങിനെയൊക്കെയാണെങ്കിലും, നിലവിൽ അവരുടെ ഏക തുരുത്തായ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയെ ഏതാനും വർഷങ്ങൾക്കുള്ളിൽ മുസ്ലിം തീവ്രവാദികൾ ഹൈജാക്ക് ചെയ്യുമെന്ന് ഇപ്പോഴത്തെ സാഹചര്യങ്ങൾ വച്ച് ഉറപ്പിച്ച് പറയാൻ കഴിയും.)
ഇത്രയും കാര്യങ്ങൾ ഇപ്പോൾ വീണ്ടും പറയാൻ കാരണം രണ്ടാണ്.
1. കേന്ദ്ര മന്ത്രിസഭയുടെ പുന:സംഘടന.
2. കേരളത്തിൽ പട്ടികജാതിക്കാരനായ ഒരാൾക്ക് ദേവസ്വം വകുപ്പ് നൽകിയതിനെ, ആദ്യ തവണയെന്ന് നുണപറഞ്ഞ് ആഘോഷിച്ച സിപിഎമ്മിൻ്റെ കാപ്സ്യൂൾ പ്രചരണം.
പുന:സംഘടനയോടെ കേന്ദ്രമന്ത്രിമാരുടെ എണ്ണം പ്രധാനമന്ത്രിയടക്കം 78 പേരായി. (ചില മാധ്യമങ്ങൾ 77 എന്ന് തെറ്റായി റിപ്പോർട്ട് ചെയ്തു കണ്ടു.) ഇതിൽ മൂന്ന് കാബിനറ്റ് മന്ത്രിമാരടക്കം 8 പേർ പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവരും രണ്ട് കാബിനറ്റ് മന്ത്രിമാരടക്കം 12 പേർ പട്ടിക ജാതിയിൽപ്പെട്ടവരുമാണ് എന്ന് കണക്കുകൾ പറയുന്നു. അതായത് മന്ത്രിമാരിൽ നാലിലൊന്നിലധികം (26%) ദളിത് വിഭാഗത്തിൽ നിന്നാണ്. കേരളത്തിൽ നാലാം തവണയും പട്ടികജാതിക്കാരനായ ഒരാൾക്ക് ദേവസ്വം വകുപ്പ് നൽകിയതിനെ ആദ്യ തവണയെന്ന് നുണ പറഞ്ഞ് ആഘോഷിച്ച സിപിഎം, കേരള മന്ത്രിസഭയിൽ ദളിത് വിഭാഗത്തിൽ എത്ര മന്ത്രിമാരുണ്ടെന്ന് ഉറക്കെപ്പറയാൻ ധൈര്യപ്പെടുമോ? മന്ത്രിസഭയിലെ ഏറ്റവും സീനിയറും ദളിതനുമായ ഈ മന്ത്രിക്ക് ഒരു പ്രധാന വകുപ്പ് നൽകാൻപോലും സിപിഎം തയ്യാറായില്ലെന്നതും ഇതിനോട് ചേർത്ത് വായിക്കണം.
കൂടാതെ കേന്ദ്ര മന്ത്രിസഭയിൽ മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ നിന്ന് (ഒ.ബി.സി) 27 പേർ (35%) അംഗങ്ങളാണ്.
ഇത്രയും കാര്യങ്ങളിൽ നിന്ന് ദളിത്, പിന്നോക്ക വിഭാഗങ്ങളോടുള്ള ബിജെപി, സംഘപരിവാർ പ്രസ്ഥാനങ്ങളുടെ നിലപാടെന്തെന്ന് സിപിഎമ്മടക്കമുള്ള പ്രതിപക്ഷ കക്ഷികളും അവരുടെ മൂടുതാങ്ങുന്ന ഇന്ത്യയിലെ (ചില വിദേശങ്ങളിലെയും) മാധ്യമങ്ങൾ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവരും മനസിലാക്കിയിരിക്കുമെന്ന് കരുതുന്നു. ഉറക്കം നടിച്ചു കിടക്കുന്നവനെ ഉണർത്താനാവില്ലെന്നറിയാമെങ്കിലും പറയുകയാണ് – മുട്ടിൻ കയ്യില്ലാത്തവൻ ചെറുവിരലില്ലാത്തവൻ്റെ തലയിൽ കയനി നിരങ്ങാൻ ശ്രമിക്കരുത്.
ഇത്രയും പറഞ്ഞ സ്ഥിതിക്ക് മന്ത്രിസഭയുടെ മറ്റ് വിശേഷങ്ങൾ കൂടി നമുക്കൊന്ന് പരിശോധിക്കാം. ഉന്നത വിദ്യാഭ്യാസമുള്ളവരും പ്രൊഫഷണലുകളുമായ ഒട്ടേറെപ്പേർ കഴിഞ്ഞ തവണത്തെപ്പോലെ പുന:സംഘടനയിലും മന്ത്രിസഭയിൽ ഇടം പിടിച്ചിട്ടുണ്ട്. ആറ് ഡോക്ടർമാരും ഏഴ് പി.എച്ച്.ഡിക്കാരും സിവിൽ സർവീസ് നേടിയ ഏഴ് പേരും മന്ത്രിസഭയിലുണ്ട്. അഞ്ച് എഞ്ചിനീയർമാരും 13 അഭിഭാഷകരും മൂന്ന് എംബിഎ ക്കാരും മന്ത്രിമാരുടെ കൂട്ടത്തിലുണ്ട്. ആദിവാസി മേഖലയിൽ നിന്നുള്ള വനിതയും പതിനാലാമത്തെ വയസു മുതൽ തേയിലത്തൊഴിലെടുത്തു വരുന്നയാളും മന്ത്രിമാരുടെ കൂട്ടത്തിലുണ്ട്. ആകെ 68 ബിരുദധാരികൾ. 11 വനിതകളാണ് കേന്ദ്ര മന്ത്രിസഭയിൽ ഇടം പിടിച്ചിട്ടുള്ളത്. നവോത്ഥാനത്തിൻ്റെ യഥാർത്ഥ വക്താക്കളാരെന്നും, പ്രകടനത്തിലൂടെയല്ല, നടപടികളിലൂടെയാണ് വനിതാ ശാക്തീകരണം നടപ്പിലാക്കേണ്ടതെന്നും നരേന്ദ്ര മോദിയിലൂടെ ബിജെപി തെളിയിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഉത്തർപ്രദേശിൽനിന്ന് ഏഴു മന്ത്രിമാരെ പുതുതായി ഉൾപ്പെടുത്തിയത് മാധ്യമങ്ങളടക്കം ചിലർക്ക് ചൊറിഞ്ഞു വരാൻ കാരണമായതായി കണ്ടു. ആകെ 788പാർലമെൻ്റ് അംഗങ്ങളിൽ (രാജ്യസഭ245, ലോകസഭ543) 111 പേർ (31 + 80) യുപിയിൽ നിന്നാണ്. ആകെ എംപിമാരുടെ 14 ശതമാനം. അങ്ങിനെയെങ്കിൽ 11മന്ത്രിമാരെ ലഭിക്കാൻ ഉത്തർപ്രദേശിനർഹതയുണ്ട് എന്ന സത്യം മാധ്യമങ്ങൾ ഗൗനിക്കുന്നേയില്ല. ചോരയുള്ളോരകിടിൻ ചുവട്ടിലും…. എന്നതാണല്ലൊ മോദി വിരുദ്ധരുടെ സ്ഥിരം നിലപാട്. അവരിൽനിന്ന് ഇതല്ലാതെന്ത് പ്രതീക്ഷിക്കാൻ?
എടുത്തു പറയേണ്ട മറ്റൊരു കാര്യം മന്ത്രിമാരുടെ ശരാശരി പ്രായമാണ് – 58 വയസ്. ഇതുവരെയുണ്ടായിട്ടുള്ള സർക്കാരുകളേക്കാളൊക്കെ ഏറെ താഴെയാണിത്.
കേന്ദ്ര മന്ത്രിസഭാ പുനസംഘടനയിലൂടെ പ്രൊഫഷണൽ തലത്തിലും ഭരണ തലത്തിലും കുറേക്കൂടി മികവു തെളിയിക്കാൻ പ്രാപ്തമായ ഒരു ഊർജസ്വല സംഘമാണ് കേന്ദ്രത്തിൽ സ്ഥാനമേറ്റിരിക്കുന്നത്.
കഴിഞ്ഞ 7 വർഷത്തെ അഴിമതി രഹിതവും ജനോപകാരപ്രദവുമായ പ്രവർത്തനങ്ങളിലൂടെ, സാധാരണക്കാരുടെ പ്രശ്നങ്ങളിൽ കൃത്യമായി ഇടപെട്ട് ലോകത്തിനു തന്നെ മാതൃകയാക്കിയ ഈ സർക്കാരിൽ നിന്നും ജനം തുടർന്ന് പ്രതീക്ഷിക്കുന്നതും അതുതന്നെയാണ്. ഈ പ്രതീക്ഷ പൂർത്തീകരിക്കാൻ പുതിയ അംഗങ്ങളുടെകൂടി പിന്തുണയോടെ മോദിജിക്ക് കഴിയുമെന്നുറപ്പ്. അതിനായി രാജ്യസ്നേഹികളായ നമുക്കോരോരുത്തർക്കും പ്രാർത്ഥനയോടെ പിന്തുണയേകാം.