അടിമുടി പരിവര്‍ത്തനമാണ് മലയാള കവിതക്ക് ഇരുപതാം നൂറ്റാണ്ടില്‍ സംഭവിച്ചത്. പലപ്രസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട കഥാഖ്യാനത്തില്‍ നിന്ന്, ഭാവപ്രധാനവും വികാര സമ്പുഷ്ടവും ആയ ഭാവഗാനത്തിലേക്കുള്ള സംക്രമണം വള്ളത്തോളില്‍ തന്നെ സമ്പൂര്‍ണമായിത്തീര്‍ന്നു. പ്രകൃതിയുടെ ശക്തിസൗന്ദര്യങ്ങളില്‍ അഭിരമിക്കുന്നതോടൊപ്പം ജീവജാലങ്ങളുടെ പരസ്പര ആശ്രിതത്വവും അതിലൂടെ ഈശ്വരാവബോധവും ഒക്കെയാണ് കുമാരനാശാനിലും കണ്ടത്. ഇതേത്തുടര്‍ന്ന് ആധുനിക കവിത സുസ്ഥാപിതമായപ്പോള്‍ ജിയുടെ കാലം മുതല്‍ പാരമ്പര്യത്തിനൊപ്പം രസനീയമായ വിധത്തില്‍ ആധുനിക ജീവിത സന്ദര്‍ഭങ്ങള്‍ സ്ഥാനം പിടിച്ചപ്പോള്‍ ഇന്നത്തെ കവിതയായി. നാടക-സിനിമ-ദൃശ്യമാധ്യമത്തിന്റെ സ്വാധീനമാവണം അതിന് പുതിയ പരിവേഷം നല്‍കിയത്. പാരമ്പര്യബോധം, പുരോഗമന (സോഷ്യലിസ്റ്റ് ആശയഗതി) ആശയം, സംസ്‌കൃത പാരമ്പര്യത്തോടും ഇംഗ്ലീഷിന്റെ സ്വാധീനത്തോടും പുലര്‍ത്തുന്ന മമത എന്നീ കാര്യങ്ങളിലാണ് ഓരോ കവിയും വ്യത്യസ്തനാകുന്നത്. നിരൂപണം അത്യാവശ്യമായി വരുന്ന മേഖല തന്നെ. ആധുനിക കവിത ഇന്ത്യന്‍ ദേശീയതയില്‍ പശ്ചാത്തലം ഉറപ്പിച്ച്, സമത്വത്തിലും വിശ്വമാനവികതയിലും വിശ്വാസമര്‍പ്പിക്കുന്നു. നാടകീയ രംഗാവതരണത്തില്‍ പാരമ്പര്യചിട്ട സ്വീകരിക്കുക, പ്രതിരൂപാത്മകതയുടെ കാര്യത്തില്‍ അത്യാധുനികമാവുക എന്ന മട്ടാണ് കൂടുതലായും കാണുക.
ആദ്യ ഉദാഹരണമായ ജി.ശങ്കരക്കുറുപ്പിന്റെ കവിത രാഷ്ട്രീയ സങ്കല്പത്തെയും (ഇന്ത്യന്‍ സ്വത്വബോധവും സോഷ്യലിസ്റ്റു കാഴ്ചപ്പാടും) മാനസിക സംഘര്‍ഷത്തെയും വിശദമാക്കുന്നു. വൈലോപ്പിള്ളിയില്‍, ദാമ്പത്യത്തിലെ മാനസിക സംഘര്‍ഷവും വിപ്ലവപ്രസ്ഥാനത്തിലുള്ള അസംതൃപ്തിയും മുന്നിട്ടുനില്‍ക്കുന്നു. ഇടശ്ശേരിയും കുഞ്ഞിരാമന്‍നായരും കൃഷ്ണവാരിയരും വിഭിന്നശൈലികളിലായിരുന്നു ഭൗതികതയെയും ആത്മജ്ഞാനത്തെയും ഒരേ വികാരതീവ്രതയോടെ ചിത്രീകരിച്ചത്.
അതേ ചിത്രീകരണമാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയും തന്റെ കവിതയിലൂടെ സാധിച്ചത്. എന്നാല്‍ എന്തൊരന്തരം വിഷ്ണുവിന്റെ സമീപനത്തിന്. ഇതാണ് കവി വ്യക്തിത്വത്തിന്റെ മൗലികത. അതിന്റെ പ്രത്യക്ഷകാരണം ശ്രീവല്ലഭക്ഷേത്രമാണ്. ഇങ്ങനെ ക്ഷേത്രവുമായി കാവ്യജീവിതത്തിന് ഐക്യമുണ്ടായിരുന്നത് പണ്ട് പൂന്താനത്തിനായിരുന്നു. ഈ ആത്മബന്ധം കാലികമല്ല, നിത്യമാണ് എന്നതിന് ഉദാഹരണമാണ് ഈ കവി. ‘ശ്രീ വല്ലഭോ രക്ഷതു’ എന്ന ഗ്രന്ഥത്തില്‍ ഗദ്യത്തിലും പദ്യത്തിലുമായി ശ്രീവല്ലഭ സ്തൂതി എന്ന അസാധാരണ കൃതി വായിക്കാം. പ്രത്യക്ഷ ദൈവ സ്തുതിയായി ഈ ആധുനിക കവി രചിച്ചത്, പാരമ്പര്യ ശൈലിയോ പുരാണകഥാ പശ്ചാത്തലമോ ഉപയോഗിച്ചിട്ടല്ല, ആധുനിക ജീവിത സമസ്യകളെ ധ്വനിപ്പിച്ചുകൊണ്ടാണ്. സ്വാനുഭവ കേന്ദ്രീകൃതമായ പ്രമേയം – അതില്‍ ഈശ്വര കടാക്ഷം എങ്ങിനെ എവിടെ എന്നു കണ്ടുപിടിക്കുന്ന രസശ്ചാതുര്യം വായനക്കാര്‍ക്കു വിട്ടു തന്നിരിക്കുന്നു. തീര്‍ത്ഥയാത്രയും ഹോമകുണ്ഡവും അര്‍ത്താല്‍ ദുര്‍ഗയും ഒക്കെ അടങ്ങുന്ന ‘അതിര്‍ത്തിയിലേക്ക് ഒരു യാത്ര’ എന്ന കവിതാ സമാഹാരം വായിച്ചു കഴിയുമ്പോള്‍ നാം ഭൗതികതയുടെ അതിര്‍ത്തി വിട്ട് അങ്ങേപ്പുറം എത്തി എന്നാവും കരുതുക-ഗാന്ധിദര്‍ശനത്തില്‍ മഹാത്മാഗാന്ധിയെയാണ് ഈ കവി ദര്‍ശിക്കുന്നത്. ഇന്ത്യയുടെ മകനായി കാണുന്നത് ഡോ. എസ്.രാധാകൃഷ്ണനെയും. ഈ തപസ്യയുടെ ഏറ്റവും ഉയര്‍ന്ന പതിനെട്ടാം പടിയില്‍ കവി നില്‍ക്കുന്നതായി നാം കാണുന്നു’ ഒരു മറുനാടന്‍ പെണ്‍കിടാവ്’ എന്ന ശങ്കരാചാര്യ സ്മൃതിയുണര്‍ത്തുന്ന കവിതയില്‍.

വിഷ്ണുവിന്റെ മുഖ്യകൃതികളായി ഗണിക്കാവുന്നവ ഇത്രയുമാണ്: സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം, പ്രണയഗീതങ്ങള്‍, ഭൂമിഗീതങ്ങള്‍, ഇന്ത്യ എന്ന വികാരം, മുഖമെവിടെ, അതിര്‍ത്തിയിലേക്ക് ഒരു യാത്ര, ആരണ്യകം, ഉജ്ജയ്‌നിയിലെ രാപ്പകലുകള്‍, പരിക്രമം, കവിതയുടെ ഡി.എന്‍.എ, ഗാന്ധി എന്നിവ. ഗംഗാതടം വഴി ഹിമാലയന്‍ യാത്ര നടത്തുന്ന ശോണമിത്രന്‍, നരനാരായണ പര്‍വ്വതം, വ്യാസഗുഹ ആ യാത്ര ശാന്തവും അദ്വയവും ആയ അനുഭൂതി തലത്തില്‍ ചെന്നെത്തി. ആദ്ധ്യാത്മിക തീര്‍ത്ഥയാത്രയുടെ ആനന്ദം പകരുന്ന കൃതി. ‘സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീത’ ത്തിലും സത്യത്തിന്റെ പ്രത്യക്ഷമായ രൂപമാണ് സ്വാതന്ത്ര്യം എന്ന തത്ത്വം വെളിവാക്കുന്നു. ആ വെളിവാകല്‍ ശിവന്റെ നൃത്തമായി കവി കാണുന്നു. ശിവനോട് കവിയുടെ പ്രാര്‍ത്ഥന മറ്റൊന്നുമല്ല.
തുടരുക തിരുനടനം
ചുവടുകള്‍ പതിയുക ജഡതയില്‍,
വിനതന്‍, കൊടിയ വിഷജ്വാല വമിക്കും
തുംഗഫണങ്ങളിലഖിലം
വിഷ്ണുവിന്റെ കവിത ആത്മകേന്ദ്രീകൃതമാണ്. ഭൗതിക യാഥാര്‍ത്ഥ്യങ്ങളെ ‘മായ’ എന്ന പേരില്‍ മാറ്റി നിര്‍ത്തുന്ന ഭാരതീയശില. ഇതുപോലെ പുലര്‍ത്തുന്ന കവിദര്‍ശനം എഴുത്തച്ഛന്റെ കാലത്തിനുശേഷം വിഷ്ണുനാരായണനിലാണ് കാണുന്നത്. ഭൗതികാവശ്യം ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും തലത്തിലാണ്. അവിടെ കവിക്കു പറയാന്‍ ഒന്നുമില്ല. അന്തരാത്മാവിന്റെ കഥയാവട്ടെ പറഞ്ഞാലും ഒടുങ്ങുന്നുമില്ല. ഒഴുക്കിനൊത്തു നീന്താന്‍ നോക്കാതെ സ്വന്തം കാലില്‍ ഉറച്ചു നില്‍ക്കുന്ന ഈ കവി ഭാരതത്തിലെ മഹാകവികള്‍ക്കൊപ്പമാണ്.