കാക്കക്കുഞ്ഞ് വായ തുറന്ന് മെല്ലെ കരഞ്ഞു. ‘കാ കാ’. അമ്മക്കാക്കയ്ക്ക് ആധിയായി. നാളെ സ്‌കൂളിലേക്ക് അയക്കേണ്ടതാണ് കുട്ടിയെ. അവളെ നന്നായി പഠിപ്പിക്കണമെന്നാണ് അമ്മക്കാക്കയുടെ മോഹം. പഠിപ്പിച്ചാല്‍ മാത്രംപോര, അവളെ മറ്റുള്ളവര്‍ ബഹുമാനിക്കുന്ന സ്ഥാനത്തെത്തിക്കണം.
സ്‌കൂളിലെത്തിയ കുഞ്ഞിക്കാക്ക ‘കാ, കാ’ എന്ന പല്ലവി പാടിക്കൊണ്ടിരുന്നു. അവള്‍ക്ക് നല്ലൊരു ട്യൂഷന്‍ കൊടുക്കാന്‍ ആളെ അന്വേഷിച്ചുനടന്നു അമ്മക്കാക്ക. മരംകൊത്തിയാണ് നല്ല ട്യൂഷന്‍ടീച്ചര്‍ എന്നു കേട്ട് മരംകൊത്തിയെ തേടി നടന്നു. മരംകൊത്തി ഒരു തെങ്ങിന്‍പൊത്തില്‍ കൊത്തിക്കൊണ്ടിരിക്കയായിരുന്നു.
കാക്ക മരം കൊത്തിയോട് കാര്യം പറഞ്ഞു. ‘എനിയ്ക്ക് ആകെ അറിയുന്നത് മരം കൊത്താനാണ്’ എന്ന് മരം കൊത്തി പറഞ്ഞു. കൂട്ടത്തില്‍ ട്യൂഷന്‍ നല്‍കാം എന്നും ഏറ്റു. കാക്കക്കുഞ്ഞ് മരംകൊത്തിയുടെ വീട്ടില്‍ ട്യൂഷനുപോകാന്‍ തുടങ്ങി. മരംകൊത്തി മരംകൊത്തി ശബ്ദമുണ്ടാക്കുമ്പോള്‍ കാക്കക്കുഞ്ഞ് ‘കാ കാ’ എന്നു കരയും. തന്റെ മുട്ട സ്വന്തം കൂട്ടില്‍ നിര്‍ത്തി വിരിയിച്ചു തരുന്നയാളല്ലേ കാക്ക എന്നു കരുതി ഒരു കുയിലമ്മ സംഗീതത്തിനു ട്യൂഷന്‍ നല്‍കി. എന്നാല്‍ കാക്കക്കുഞ്ഞിന് ‘കാ കാ’ എന്നു പാടാനേ സാധിക്കുന്നുള്ളു.
ഒരു നാള്‍ കാക്ക കണ്ടത് മരംകൊത്തി മരത്തില്‍ ദ്വാരമുണ്ടാക്കുന്നതാണ്. തന്റെ മകളെ ഈ വിദ്യ പഠിപ്പിച്ച് ഒരു നല്ല ശില്പിയാക്കിത്തരണമെന്ന് കാക്ക മരം കൊത്തിയോടു പറഞ്ഞു. മരംകൊത്തി അതിനും സമ്മതിച്ചു.
കാക്കക്കുഞ്ഞിനെ മരംകൊത്തി മരംകൊത്താന്‍ പഠിപ്പിക്കാന്‍ തുടങ്ങി. മരത്തില്‍ കൊത്തി കൊക്കുവേദനിച്ചപ്പോള്‍ കാക്കക്കുഞ്ഞ് കാല്‍കൊണ്ട് മരപ്പോട് മാന്തിപ്പൊളിച്ചു. അതോടെ മരംകൊത്തിയ്ക്ക് മനസ്സിലായി ഈ വിദ്യ കാക്കക്കുഞ്ഞിന് പഠിക്കാന്‍ പറ്റില്ലെന്ന്. എന്നാലും കാക്കയെ മുഷിപ്പിക്കണ്ട എന്നു കരുതി കാക്കക്കുഞ്ഞിനെ കൂടെക്കൂട്ടി മരങ്ങള്‍ തോറും പറന്നു നടന്നു.
അയ്യിടെയാണ് സ്‌കൂളില്‍ കലോത്സവം ഉണ്ട് എന്ന് കാക്ക അറിഞ്ഞത്. തന്റെ കുട്ടി നല്ല പാട്ടുകാരിയാണ് എന്നാണ് കാക്കയുടെ വിശ്വാസം. അവള്‍ ട്യൂഷന് പോകുന്നുണ്ടല്ലോ. അവള്‍ക്ക് ശില്പം നിര്‍മ്മിക്കാനും ട്യൂഷന്‍ കിട്ടുന്നുണ്ട്. ഇനി നൃത്തംചെയ്യാന്‍ കൂടി പഠിച്ചാല്‍ മത്സരത്തില്‍ വിജയിച്ച് കലാതിലകമാകാം എന്ന് അമ്മക്കാക്ക സ്വപ്‌നം കണ്ടു. കലാതിലകമായാല്‍ ഗ്രേസ് മാര്‍ക്കു കിട്ടി എസ്.എസ്.എല്‍.സിയ്ക്ക് ഫുള്‍ എ പ്ലസ് നേടാമെന്ന മോഹം അമ്മക്കാക്കയുടെ മനസ്സില്‍ നാമ്പിട്ടു.
നൃത്തം പഠിപ്പിക്കാന്‍ കൂടി കാക്ക മരംകൊത്തിയെ ശട്ടംകെട്ടി. തനിക്ക് നൃത്തമറിയില്ല എന്നു മരംകൊത്തി പറഞ്ഞതൊന്നും കാക്ക കേട്ടില്ല. അവസാനം ആ ചുമതലയും മരംകൊത്തിയുടെ തലയിലായി.
സ്‌കൂള്‍ കലോത്സവം വന്നു.
കാക്കക്കുഞ്ഞ് ‘കാകാ’ എന്നു പാടിയപ്പോള്‍ മറ്റു കിളികളൊക്കെ കളിയാക്കി. ശില്പനിര്‍മ്മാണത്തില്‍ മരംകൊത്തി കുഞ്ഞുങ്ങള്‍ സമ്മാനം
നേടിയപ്പോള്‍ മരത്തില്‍ കാല്‍കൊണ്ടു മാന്തിപ്പൊളിച്ച കാക്കക്കുഞ്ഞിനെ എല്ലാവരും കൂക്കിവിളിച്ചു.
നൃത്തത്തിനു സ്റ്റേജിലെത്തി പ്രാഞ്ചി പ്രാഞ്ചി നടക്കുകയും കോങ്കണ്ണന്‍ നോട്ടം നോക്കുകയും ചെയ്ത കാക്കക്കുഞ്ഞിനെ എല്ലാവരും പരിഹസിച്ചു. തേറ്റുതുന്നംപാടിയ കാക്കക്കുഞ്ഞ് കരഞ്ഞുകൊണ്ട് അമ്മയെനോക്കി ‘കാ കാ’ എന്നുപാടി. അരിശം വന്ന കാക്ക തന്നെ പറ്റിച്ചത് മരം
കൊത്തിയാണെന്ന് കരുതി അതിനെ കൊത്താനോടി. മരംകൊത്തി
സ്ഥലംവിട്ടതോടെ നിരാശയായി നില്‍ക്കുന്ന കാക്കയുടെ അരികില്‍ കുയില്‍ പറന്നു വന്നു.
‘കാക്കപ്പെണ്ണേ, നിന്റെ കുട്ടിയ്ക്ക് പാട്ടുപഠിക്കാന്‍ താല്പര്യമുണ്ടായിരുന്നോ?
‘എനിക്കറിയില്ല’
‘മരംകൊത്താന്‍ താല്പര്യമുണ്ടായിരുന്നോ?’
‘എനിക്കറിയില്ല.’
‘ഇതൊന്നുമന്വേഷിക്കാതെയാണോ നീ നിന്റെ കുട്ടിയെ സംഗീതം പഠിക്കാനും ശില്പവേല പഠിക്കാനും നൃത്തം പഠിക്കാനും അയച്ചത്!’
കാക്കമ്മ മിണ്ടിയില്ല.
‘കുട്ടികളുടെ കഴിവും താല്പര്യവും പരിഗണിക്കാതെ അവര്‍ രക്ഷിതാക്കളുടെ ഇഷ്ടത്തിനു അനുസരിച്ച് പഠിക്കണമെന്നു നിര്‍ബ്ബന്ധിക്കുന്നത് ശരിയാണോ?’
കാക്കയ്ക്ക് തെറ്റു മനസ്സിലായി.