മലയാള സിനിമയില്‍ വലിയ ഒരു പരിണാമം തന്നെയാണ് ഈയിടായി സംഭവിച്ചിരിക്കുന്നത്. സ്വാഭാവികമായി മറ്റെല്ലാ മേഖലകളിലും സംഭവിക്കുന്നതുപോലുള്ള സാങ്കേതിക പരിണാമത്തിനുപരി സമഗ്രമായ മാറ്റമാണ് കഴിഞ്ഞ എട്ട് വര്‍ഷംകൊണ്ട് മലയാള സിനിമയില്‍ സംഭവിച്ചിരിക്കുന്നത്. അതിനെ ന്യൂ ജനറേഷന്‍ എന്നൊക്കെ ഓമനപേരിട്ടും വിളിക്കുന്നുണ്ട്. ഈ മാറ്റം എങ്ങനെ സംഭവിച്ചു, ഇതിന്റെ അടിസ്ഥാന വിശേഷലക്ഷണങ്ങള്‍ എന്തൊക്കെ, ഇത് സമൂഹത്തില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്നൊക്കെ പരിശോധിക്കാം. അപ്പോഴാണ് ഏറ്റവും അപകടകരമായ വസ്തുത നമുക്ക് മനസ്സിലാകുന്നത്. ആധുനിക മലയാള ചലച്ചിത്രങ്ങളില്‍ ഒളിച്ചുകടത്തിവിടുന്ന അജണ്ടകളും മറ്റും നമ്മള്‍ മനസ്സിലാക്കാതെ പോകരുത്.
പണ്ടത്തെ ചലച്ചിത്രങ്ങളുടെയും ഗാനങ്ങളുടെയും മേന്മകളൊന്നും ഇക്കാലത്തെ മലയാള ചലച്ചിത്രങ്ങള്‍ക്കില്ല എന്ന് വാദിക്കുന്നവരുണ്ടാകാം. ഒരു പരിധിവരെ ഇത് ശരിയാണ്. ചലച്ചിത്ര ഗാനങ്ങള്‍ പണ്ട് വരികള്‍ക്ക് ഊന്നല്‍ നല്‍കിയാണ് അവതരിപ്പിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ സംഗീതത്തിനാണ് വരികളെക്കാള്‍ പ്രാധാന്യം. എന്നാല്‍, സാങ്കേതിക തലത്തില്‍ നോക്കിയാല്‍, മലയാള സിനിമയുടെ പുരോഗതി നമുക്ക് തള്ളിപ്പറയാന്‍ ആകില്ല. ഇരുപതാം നൂറ്റാണ്ടില്‍ എങ്ങനെയായിരുന്നോ അത് പോലെയും അതിനെക്കാള്‍ അപ്പുറവും ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ഇപ്പോള്‍ മലയാള സിനിമകള്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കുന്നുണ്ട്. തീയറ്ററുകളില്‍ ആളുകള്‍ കേറുന്നില്ല, പഴയതുപോലെ നൂറും ഇരുനൂറും ദിവസങ്ങള്‍ ഓടുന്നില്ല എന്നുള്ള വാദങ്ങള്‍ ശരിയാണെങ്കിലും അതിനു പകരം ടി.വിയിലും വെബിലുമായി ഇതേ ചിത്രങ്ങള്‍ നല്ല രീതിയില്‍ പ്രചരിക്കുന്നുണ്ട്.
പത്തുവര്‍ഷം മുമ്പ് വരെയുള്ള ഒട്ടുമിക്ക മുഖ്യധാര മലയാള സിനിമകളും ഒരു ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണ് അവതരിപ്പിച്ചിരുന്നത് എന്ന് നിസ്സംശയം പറയാം. എല്ലാ ചിത്രങ്ങളിലും നിര്‍ബന്ധമായും അഞ്ചോളം ഗാനങ്ങള്‍ കാണും. അതില്‍ മൂന്നെണ്ണത്തിലെങ്കിലും പിന്നില്‍ നൃത്തം കളിക്കാന്‍ ട്രൂപ്പുമുണ്ടാകും. ശേഷിക്കുന്ന രണ്ട് ഗാനങ്ങള്‍ ചില കഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങുന്നതായിരിക്കും. ഹാസ്യത്തിനായി മാത്രം രണ്ട് കഥാപാത്രങ്ങള്‍ വേറെ കാണും. ഇതിനെല്ലാം ഉപരിയായി, ഒരു സംഘട്ടന രംഗം എന്തായാലുമുണ്ടാകും. ചിത്രം ഹൊറര്‍ ആയാലും പ്രണയം ആയാലും കോമഡി ആയാലും ശരി, ഈ പറഞ്ഞ ഫോര്‍മുല മലയാള മുഖ്യധാരാ ചിത്രങ്ങളില്‍ അള്ളിപ്പിടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.
സാങ്കേതികതയുടെ കാര്യത്തിലും ഒരുകാലത്ത് മലയാള സിനിമ വളരെ പുറകിലായിരുന്നു. അന്താരാഷ്ട്ര തലത്തിലും, എന്തിന് ദേശീയ തലത്തിലുമുള്ള ആധുനിക ഉപകരണങ്ങള്‍ പോലും ഉപയോഗിക്കാന്‍ മലയാള സിനിമയിലെ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഏറ്റവും പുതിയ ക്യാമറകളും മറ്റും കേരളത്തില്‍ എത്തിക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു.
അങ്ങനെയിരിക്കെയാണ് ഡിജിറ്റല്‍ യുഗം ആഗതമായത്. ആര്‍ക്കും ചലച്ചിത്രം നിര്‍മ്മിക്കാമെന്നുള്ള അവസ്ഥയായി. ആധുനിക സാങ്കേതിക ഉപകരണങ്ങള്‍ ലഭ്യമായി തുടങ്ങി. അമേരിക്കയില്‍ ഒരു പുതിയ ക്യാമറ നിര്‍മ്മിച്ചാല്‍ അത് ഏതാനും മാസങ്ങള്‍ക്കുശേഷം കേരളത്തില്‍ എത്തിയിരിക്കും. അങ്ങനെ, 2010 ഓടുകൂടി പുതിയ ഒരു യുഗം മലയാള സിനിമയില്‍ ആരംഭമായി. ഒട്ടനവധി അന്താരാഷ്ട്ര ചലച്ചിത്രങ്ങള്‍ കണ്ടു പഠിച്ചവര്‍ സിനിമയെടുക്കാന്‍ തുടങ്ങി. പുതിയ പരീക്ഷണങ്ങള്‍ നടത്താനും ആരംഭിച്ചു. മുകളില്‍ പറഞ്ഞ ഫോര്‍മുലകള്‍ വലിച്ചെറിഞ്ഞു. ഫോര്‍മുലകള്‍ ഇല്ലാത്ത ഇത്തരം ചിത്രങ്ങളെ ന്യൂ ജന്‍ എന്ന് വിളിക്കാന്‍ തുടങ്ങി.
ഇപ്പോള്‍, സാങ്കേതികതയുടെ കാര്യത്തില്‍ മലയാള സിനിമ ഒട്ടും പുറകിലല്ല. CGI -(computer generated imagery) ഒഴികെ മറ്റെല്ലാ തലത്തിലും മലയാള സിനിമ ദേശീയ തലത്തില്‍ കിടപിടിക്കുന്നു. ആവിഷ്‌കരണ രീതിയിലും – തിരക്കഥയിലും മറ്റും പല പരീക്ഷണങ്ങളും പുതിയ കാലത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്.
പക്ഷെ, അപകടകരമായ ഒരു വസ്തുത നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. എല്ലാവര്‍ക്കും സിനിമ എടുക്കാം എന്നുള്ള അവസ്ഥയായപ്പോള്‍ ചില കള്ള നാണയങ്ങളും ഈ ഒഴുക്കിനിടയില്‍ കയറിപ്പറ്റി. അവര്‍ ദേശവിരുദ്ധ, സംസ്‌കാര വിരുദ്ധ വിഷയങ്ങള്‍ മുഖ്യധാരാ ചിത്രങ്ങളിലൂടെ ഒളിച്ചു കടത്തുന്നു. ഇതിന്റെ വഴി നമുക്ക് പരിശോധിക്കാം.
ഒരു കാലത്ത് മലയാള സിനിമ കേന്ദ്രികരിച്ചിരുന്നത് മദ്രാസിലും തിരുവനന്തപുരത്തുമാണ്. എന്നാല്‍ ഇപ്പോള്‍ കൊച്ചി ഭാഗത്ത് ചില വൃത്തങ്ങളിലായി മലയാള സിനിമ കേന്ദ്രീകരിക്കുന്നു. ഈ ചലച്ചിത്ര പ്രവര്‍ത്തകരെയൊക്കെ ലഹരിവേട്ടക്കിടയില്‍ പിടികൂടിയ വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുമുണ്ട്. ഇടതുപക്ഷ സഹയാത്രികരായ ഈ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇപ്പോഴും നരേന്ദ്രമോദിക്കും ഹിന്ദു സംസ്‌കാരത്തിനുമെതിരെ പരസ്യ പ്രതിഷേധങ്ങളുമായി ഇറങ്ങുന്നത് നമുക്കറിയാമല്ലോ. ഇവര്‍ മുഖ്യധാരാ ചലച്ചിത്രങ്ങളിലൂടെ അവരുടെ അജണ്ട ഒളിച്ചുകടത്തുന്നത് നിഷ്‌കളങ്കരായ സാധാരണ പ്രേക്ഷകര്‍ അറിയുന്നില്ല. ഒരുകാലത്ത് മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ ഹിന്ദുത്വം ഒളിച്ചുകടത്തുന്നു എന്ന് കരഞ്ഞിരുന്ന നിരൂപകര്‍ ഇപ്പോള്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.
ഹിന്ദു മതത്തെ അപഹസിച്ചാല്‍ പുരോഗമനപരവും നവോത്ഥാനവും ആണെന്ന് കരുതുന്ന ഇവര്‍ മുഖ്യധാരയില്‍ മാത്രമല്ല സമാന്തര സിനിമകളിലും ഇവരുടെ അജണ്ട നടപ്പിലാക്കുന്നു. സംസ്ഥാനമായാലും ദേശീയമായാലും സര്‍ക്കാരായാലും സ്വകാര്യമായാലും പുരസ്‌കാര ജൂറിയില്‍ ഇപ്പോഴും ഇടതു സഹയാത്രികരാണ് നിറഞ്ഞുനില്‍ക്കുന്നത്. അവര്‍ ഈ ചിത്രങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ വാരിക്കോരി കൊടുക്കുന്ന പ്രവണതയും നമ്മുടെ നാട്ടിലുണ്ട്. പ്രോത്സാഹനം പ്രതീക്ഷിച്ചു വരുന്ന എല്ലാ നവ ചലച്ചിത്ര പ്രവര്‍ത്തകരും ഈ പാത പിന്തുടരുന്നു. അങ്ങനെ, ശരിക്കും വിമര്‍ശിക്കേണ്ട വിഷയങ്ങളെയാകെ മറന്ന് ഇവര്‍ കേവലം ഒരു സമൂഹത്തെ മാത്രം ലക്ഷ്യം വയ്ക്കുന്നു.
പത്രങ്ങളിലും ടിവിയിലും ഒക്കെ പരസ്യങ്ങള്‍ കൊടുക്കാനുള്ള ചിലവ് വളരെ വലുതാണ്. എന്നാല്‍, വിവാദം ആയാല്‍ ഒരു കാശും കൊടുക്കാതെ അത്യാവശ്യത്തിന് വാര്‍ത്ത നമ്മുടെ പത്രങ്ങളും ചാനലുകളും നല്‍കുമെന്ന സത്യാവസ്ഥ ഇവിടുത്തെ സിനിമാക്കാര്‍ക്ക് അറിയാം. വിവാദത്തിന് പറ്റിയ ഏറ്റവും നല്ല ഇര ഹിന്ദു സമൂഹവും അവരെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുമാണ്. വേറെ ആരെയെങ്കിലും വിമര്‍ശിച്ചാല്‍ കയ്യോ കാലോ പോകുമെന്ന സത്യാവസ്ഥ ഈ ചലച്ചിത്രക്കാര്‍ക്ക് അറിയാം. അതുകൊണ്ട്, കഥയുമായി ഒരു ബന്ധവുമില്ലെങ്കിലും അവിടെയും ഇവിടെയും ബീഫ്, ട്രൗസര്‍ ഇട്ട മണ്ടനായ ദേശീയവാദിയായ കഥാപാത്രം, കയ്യില്‍ ചരട് ധരിച്ച ആഭാസന്‍മാര്‍ തുടങ്ങിയ ഇനങ്ങള്‍ സിനിമയില്‍ കുത്തിത്തിരുകും. സെന്‍സര്‍ ബോര്‍ഡ് ഇതിനെതിരെ വിയോജിപ്പ് അറിയിച്ചാല്‍ ഉടനെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നും പറഞ്ഞു ടി.വിയിലിരുന്നു ഇവര്‍ കരയും. ഇനി അഥവാ സെന്‍സര്‍ ബോര്‍ഡ് ഇത് അംഗീകരിച്ചു വിടുകയാണെങ്കിലോ, പബ്ലിസിറ്റി ഇല്ലാതെ സിനിമ രണ്ടു മൂന്നു ദിവസം കഷ്ടിച്ച് ഓടും. അപ്പോള്‍, അതിന്റെ അണിയറ പ്രവര്‍ത്തകര്‍, ചിത്രത്തിലെ വിവാദ രംഗങ്ങള്‍ മാത്രം മുറിച്ചു സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കും. അങ്ങനെയെങ്കിലും കുറച്ചു പേരുടെ മനസ്സിന് മുറിവേല്‍പ്പിച്ച് വിവാദം ഉണ്ടാക്കാനുള്ള ശ്രമം അവര്‍ നടത്തും. പലപ്പോഴും ഈ കുഴിയില്‍ ദേശീയവാദികളും ഹിന്ദുമത വിശ്വാസികളും വീണുപോകുന്നു. ഇതിന്റെ പരിണിത ഫലമായി ആ ചിത്രങ്ങള്‍ പിന്നെയും ഒരുപാട് ദിവസങ്ങള്‍ ഓടുകയും, പുരസ്‌കാരങ്ങളും മറ്റ് അംഗീകാരങ്ങളും ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍, ഇത് വിവാദമായില്ലെങ്കിലോ? ചിത്രം ദാ കിടക്കുന്നു. ആരും അറിയുന്നില്ല ഇങ്ങനെ ഒരു സിനിമ ഇറങ്ങിയ കാര്യം. ഇതിനു ഉദാഹരണമായി ഒരുപാട് ചിത്രങ്ങള്‍ മലയാളത്തിലുണ്ട്. ക്ഷേത്രത്തിലെ പൂജ കഴിഞ്ഞു വീട്ടില്‍ വന്നു ബീഫ് കഴിക്കുന്ന ഒരു പൂജാരിയുടെ രംഗം അനാവശ്യമായി ഉള്‍പ്പെടുത്തിയ ഒരു ചിത്രം മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ വിവാദം ആകാത്തതുകൊണ്ട് ആരും അതിപ്പോള്‍ ഓര്‍ക്കുന്നില്ല. അലമാര എന്ന ചിത്രവും ഈ പ്രതിഭാസത്തിന് ഒരു ഉദാഹരണമാണ്.
എല്ലാവര്‍ക്കും സിനിമ നിര്‍മ്മിക്കാമെന്ന കാലമായിട്ടുപോലും എന്തുകൊണ്ട് അധികം ദേശീയവാദ സ്വഭാവമുള്ളതോ ഹൈന്ദവ സംസ്‌കാരത്തിനു ഊന്നല്‍ നല്കുന്നതോ ആയ ചിത്രങ്ങള്‍ നമുക്ക് കാണാന്‍ കഴിയുന്നില്ല? സിനിമ നിര്‍മ്മിക്കാന്‍ ആവശ്യമായ സാങ്കേതികവും വൈജ്ഞാനികവുമായ എല്ലാം ലഭ്യമാണെങ്കിലും നിര്‍മ്മാണ ചിലവിനു ആവശ്യമായിട്ടുള്ള കാശ് അങ്ങനെ എളുപ്പം ലഭിക്കുന്നതല്ല. ഇവിടെയാണ് കള്ളപ്പണക്കാരും ഗള്‍ഫില്‍ നിന്നും വരുന്ന പണവും മറ്റും മലയാള സിനിമയെ സ്വാധീനിക്കുന്നത്. സ്വാഭാവികമായും ഇത്തരം നിര്‍മ്മാണ രീതിയില്‍ വരുന്ന ചിത്രങ്ങള്‍ അവരുടെ അജണ്ടയല്ലാതെ മറ്റാരുടെ അജണ്ടയാണ് ആവിഷ്‌കരിക്കുക?
ദേശസ്‌നേഹം പുലര്‍ത്തുന്ന സിനിമാ പ്രവര്‍ത്തകര്‍ – സംവിധായകര്‍, എഴുത്തുകാര്‍ ഇവര്‍ക്കൊന്നും ആവശ്യത്തിനുള്ള ഫണ്ടിങ്ങും പ്രോത്സാഹനവും ലഭിക്കാത്തതുകൊണ്ടാണ് അത്തരം പ്രസാദാത്മകമായ ചലച്ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങാത്തത്. ഇനി അഥവാ ഇറങ്ങിയാല്‍ അതിനെ അധിക്ഷേപിച്ചും, പുരസ്‌കാരങ്ങള്‍ക്കൊന്നും പരിഗണിക്കാതെയും അടിച്ചമര്‍ത്തുന്നു. ഇതിനു വിധേയനായ ചലച്ചിത്രകാരന്‍ സിനിമാരംഗം വിടുന്നു. ഇതാണ് ഇപ്പോള്‍ കേരളത്തില്‍ കാണുന്ന സ്ഥിതിവിശേഷം.