2020 ഏപ്രില്‍ 17ന് പ്രസിദ്ധീകരിച്ച കേസരിയിലെ എ.ആര്‍.പ്രവീണ്‍ കുമാറിന്റെ ‘ഹൃദയമുരുക്കിയ പാട്ടുകള്‍’ എന്ന അനുസ്മരണ ലേഖനം ജീവിത നൊമ്പരങ്ങളുടെ അര്‍ജുനസംഗീതത്തിന്റെ തീക്ഷ്ണത വരച്ചു കാട്ടുന്നതായിരുന്നു. സിനിമ എന്ന മായികലോകത്തെ ആഡംബരങ്ങളില്‍ മനസ്സ് കുളിര്‍ക്കാതെ, കോക്കസുകളില്‍ നിന്ന് അകന്ന് നിന്ന അര്‍ജ്ജുനന്‍ മാഷ് എന്ന ഒറ്റപ്പെട്ട സംഗീതസംവിധായകന്‍ എന്ന ബുദ്ധന്റെ മൗനം ഒരു സാന്ധ്യദീപം പോലെ പ്രവീണ്‍ കുമാര്‍ നേര്‍മയോടെ തെളിച്ചു വെക്കുന്നു. മാസ്മര രാഗങ്ങളുടെ ചിട്ടക്കാരനെ മധ്യമാവതി വല്ലാതെ പുണര്‍ന്നെടുത്ത് വിരിയിച്ച പാട്ടുകള്‍ ഗാനസാഹിത്യത്തിന് അര്‍ജ്ജുനന്‍ മാസ്റ്ററിന്റെ സമര്‍പ്പണങ്ങളായി നിലയുറപ്പിക്കുന്നു. ദേവരാജന്‍ മാസ്റ്റര്‍ എന്ന മാനസഗുരുവിനൊപ്പം നില്‍ക്കുമ്പോഴും, തുടരുമ്പോഴും അനുകരണലേശമില്ലാതെ ഓരം ചേര്‍ന്ന്, രാഗങ്ങളുടെ ഭാണ്ഡവും വിഷാദത്തിന്റെ ചൂരലുമൂന്നി അര്‍ജ്ജുനന്‍ മാഷ് കവിതയുടെ പച്ചമഴക്കാട് താണ്ടുകയായിരുന്നു. കല്ലുമലിയുന്ന പാട്ടു ചുരത്തുന്ന ആ പൂള്ളോര്‍കുടത്തിലെ ഉര്‍വരഗാനങ്ങള്‍ ഉള്ളുരുകുന്ന ഗ്രീഷ്മത്തിലും ആസ്വാദകഹൃദയങ്ങളില്‍ നനവിന്റെ വര്‍ഷഋതു ആകുന്നു. സപ്തസ്വരങ്ങളില്‍ പട്ടിണിയുടെ ‘പ’ ആണ് താന്‍ ആദ്യം പഠിച്ചത് എന്ന അര്‍ജ്ജുനന്‍ മാസ്റ്ററിന്റെ ആത്മസാക്ഷ്യം പോലെ ജീവിതത്തിലെ വിഷമനൈരന്തര്യങ്ങളെയും കവി മനസ്സിന്റെ വേദനയെയും പ്രവീണ്‍ ആര്‍ദ്രമായി അക്ഷരമുനയില്‍ കൊരുത്തിരിക്കുന്നു. മനസ്സ് നനച്ച സ്മൃതി എഴുത്തിന് നന്ദി.