മലയാളത്തില്‍ ‘ആമാടയ്ക്ക് പുഴുത്തുള നോക്കുക’ എന്നൊരു ചൊല്ലുണ്ട്. അതായത് ആമാടയ്ക്ക് (പഴയകാലത്തെ ഒരു സ്വര്‍ണനാണയം) പുഴുക്കുത്ത് ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക! ഇതേകാര്യമാണ് ശ്രീഗുരുജിയുടെ ‘വിചാരധാര’യുടെ കാര്യത്തില്‍ ദോഷൈകദൃക്കുകളായ നമ്മുടെ രാജനൈതികരംഗത്തെ വ്യത്യസ്ത പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നിരന്തരം ചെയ്യുന്നത്. സത്യാന്വേഷണത്തിന്റെ ഭാഗമായി ഏതെങ്കിലും തത്വശാസ്ത്രത്തെ, ചിന്തയെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നത് ഉത്സാഹജനകമായ കാര്യമാണെന്നതുകൊണ്ട് തികച്ചും സ്വാഗതാര്‍ഹമാണ്. അതേസമയം, മറ്റുള്ളവരുടെ കാഴ്ചപ്പാട് തെറ്റാണെന്ന് വരുത്തിത്തീര്‍ക്കുക എന്ന ദുരുദ്ദേശ്യത്തോടെ സൃഷ്ടിക്കുന്ന വിവാദം നികൃഷ്ടമാണ്. ഇതാണ് ഇപ്പോള്‍ നടക്കുന്നത് എന്നത് ഖേദകരമാണ്.
‘വിചാരധാര’യിലെ ‘ആന്തരികവിപത്ത്’ എന്ന അദ്ധ്യായത്തെ ചൊല്ലിയാണ് പലര്‍ക്കും പരാതി. എന്നാല്‍ ‘വിചാരധാര’യുടെ വിപുലീകരിച്ച 3-ാം പതിപ്പിന്റെ മുഖവുരയില്‍ ഈ വിഷയത്തെക്കുറിച്ച് പ്രസാധകന്മാര്‍ പറഞ്ഞ കാര്യങ്ങള്‍ വായിക്കാതെയോ അവഗണിച്ചുകൊണ്ടോ ആണ് ഈ അഭിപ്രായ പ്രകടനമോ പരാതിയോ എന്നതാണ് വാസ്തവം! അതില്‍ പറയുന്നു: ”ഇതില്‍ പ്രതിപാദിച്ചതടക്കമുള്ളതായ ചില ഉദാഹരണങ്ങളും സംഭവങ്ങളും മാത്രമല്ല, സ്ഥിതിഗതികളെയും സംഭവങ്ങളെയും സംബന്ധിച്ചുള്ള വിശ്ലേഷണങ്ങള്‍ പോലും രണ്ടു മൂന്നു ദശാബ്ദങ്ങളോളം കഴിഞ്ഞതിനാല്‍ ചരിത്രമായിത്തീര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇന്ന്, സാമാന്യം ദീര്‍ഘമായൊരു കാലയളവിനു ശേഷം ഞങ്ങള്‍ ഈ പുസ്തകം പുറത്തുകൊണ്ടുവരുന്ന അവസരത്തില്‍ ആദ്യത്തെ പ്രസിദ്ധീകരണ സമയത്തില്‍ നിന്നും ഗണ്യമായ പരിവര്‍ത്തനം സംഭവിച്ചതായ ചില പരിതഃസ്ഥിതികളുടെ വശങ്ങളെ തറപ്പിച്ചു പറഞ്ഞില്ലെങ്കില്‍, ഞങ്ങളുടെ കര്‍ത്തവ്യനിര്‍വ്വഹണത്തില്‍ പരാജയപ്പെടുകയായിരിക്കുമത്…ആന്തരികവിപത്ത് എന്ന അദ്ധ്യായത്തിലും മറ്റു ചിലയിടങ്ങളിലും പരാമര്‍ശിച്ചിട്ടുള്ള മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍ എന്നീ വിഷയങ്ങളെപ്പറ്റി വായിക്കുമ്പോള്‍ ഈ കാര്യം മനസ്സിലാക്കണമെന്ന് ഞങ്ങള്‍ വായനക്കാരെ പ്രത്യേകം നിഷ്‌കര്‍ഷിക്കുകയാണ്” (പുറം xii).
‘വിചാരധാര’ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് പരംപൂജനീയ ശ്രീഗുരുജിയുടെ അഭിപ്രായം എന്തായിരുന്നു എന്നത് വ്യക്തമാക്കുന്ന അത്യന്തം കൗതുകരമായ സംഭവം മാന്യ.ഹരിയേട്ടന്‍ ‘ഗുരുജി ഗോള്‍വല്‍ക്കര്‍: ജീവചരിത്രം’ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നത് ഇപ്രകാരമാണ്. ”1965 ജൂലായ് ഒന്നാമാഴ്ചയില്‍ ഗുരുജിയും ആബാജി ഥത്തേയും എടത്തറയിലെ പാതായ്ക്കര മനയിലെത്തിച്ചേര്‍ന്നു. കേരളത്തിലെ പരമ്പരാഗത വൈദ്യന്മാരിലൊരാളായ കുട്ടഞ്ചേരി ആര്യന്‍ മൂസ്സിന്റെതായിരുന്നു ചികിത്സ. ആയുര്‍വേദബിരുദധാരിയായ മുംബൈ പ്രചാരകന്‍ ഡോ.മാധവറാവു പരാര്‍ക്കറും വന്നെത്തിയിരുന്നു… ചികിത്സ തുടങ്ങി രണ്ടു മൂന്നു ദിവസം കഴിഞ്ഞ് ബംഗളൂരില്‍നിന്ന് യാദവറാവു ജോഷിയും ഡോ. നരസിംഹാചാരിയും വേറെ ഒന്നുരണ്ടു സ്വയംസേവകരും വന്നു. ഗുരുജിയുടെ ചിന്തകള്‍ സമാഹരണം ചെയ്ത് ടൈപ്പു ചെയ്ത സാമാന്യം കട്ടിയുള്ള കരടുപ്രതി യാദവറാവു കൂടെ കൊണ്ടുവന്നിരുന്നു. ഗുരുജിയെക്കൊണ്ട് വെടിപ്പാക്കിക്കാന്‍ അദ്ദേഹം അതു ആബാജിയെ ഏല്‍പിച്ചു. രണ്ടു മൂന്നു ദിവസം കൊണ്ടു ഗുരുജി അതു ചെയ്തു തീര്‍ത്തു. ഏതാനും ദിവസം കഴിഞ്ഞ് യാദവറാവു ജോഷി വീണ്ടും വന്ന് തിരുത്തിയ ആ പ്രതി കൊണ്ടുപോയി. അന്നു വൈകുന്നേരം എല്ലാവരും കൂടി ചായ കുടിക്കുന്നതിനിടയില്‍ ഈ പുസ്തകത്തെക്കുറിച്ച് യാദവറാവുവില്‍ നിന്നറിഞ്ഞിരുന്ന ഡോ. പരാര്‍ക്കര്‍ പറഞ്ഞു: ”ഇക്കാലത്ത് വളരെ ആവശ്യമാണ് ഇതുപോലൊരു പുസ്തകം.” ഉടനെ ഗുരുജി അതിനെ ഖണ്ഡിച്ചു. അദ്ദേഹം പറഞ്ഞു: ”താങ്കള്‍ വിചാരിക്കുന്നത്ര ആവശ്യം വാസ്തവത്തിലില്ല. എത്ര പ്രധാനമായ പുസ്തകമായാലും അതിനെ ആശ്രയിച്ചുകൊണ്ടു നടത്തുന്ന പ്രവര്‍ത്തനം ശരിയല്ല. ബൗദ്ധിക്കിനിടയില്‍ ആരെങ്കിലും ‘ബഞ്ച് ഓഫ് ഥോട്‌സ്’ പുസ്തകത്തിലെ ഇന്ന പേജിലെ ഇന്ന വാചകം നോക്കുക എന്നു പറഞ്ഞു മുന്നോട്ടുപോയാല്‍ ശരിയായ രീതിയില്‍ സംഘപ്രവര്‍ത്തനം നടക്കുമോ? അതുകൊണ്ടു നാമുദ്ദേശിക്കുന്ന സംസ്‌കാരം സ്വയംസേവകര്‍ക്ക് കിട്ടുമോ? നോക്കൂ,പുസ്തകത്തിന് അതിന്റേതായ പരിമിതികളുണ്ട്. പുസ്തകം, പുതിയവരോടും പഴയവരോടും കുട്ടികളോടും മുതിര്‍ന്നവരോടും, മതിപ്പുള്ളവരോടും എതിര്‍പ്പുള്ളവരോടും അധികാരിഭേദം കണക്കിലെടുക്കാതെ പരക്കെ ഒരുപോലെ സംസാരിക്കുന്നു. നമ്മുടെ ദേശത്തില്‍ അഭ്യസ്തവിദ്യന്‍ വിദ്യ അഭ്യസിക്കുന്നവരുടെ നിലയും നിലവാരവും നോക്കി വാക്ക് വ്യര്‍ത്ഥമാക്കാത്തവിധം വിദ്യ അഭ്യസിപ്പിക്കുന്നു. പുസ്തകത്തിന് ആ കഴിവില്ല. അതുകൊണ്ടാണ് സംഘകാര്യത്തില്‍ പുസ്തകത്തിനു പകരം സംസ്‌കാരത്തിനു പ്രാധാന്യം കൊടുത്തിരിക്കുന്നത്” (പുറം 394-395).
ഈ സംഭവത്തെക്കുറിച്ചുള്ള പരിണതപ്രജ്ഞനായ മാന്യ.ഹരിയേട്ടന്റെ വാക്കുകള്‍ കൂടി ഉദ്ധരിച്ചുകൊണ്ട് ഈ കഥനം അവസാനിപ്പിക്കാം: ”ആയിരിക്കണക്കിനു പുസ്തകങ്ങള്‍ വായിച്ചു തള്ളിയവനും ഏതു പുസ്തകവും മനസ്സിരുത്തി വായിക്കുന്നവനും വായിച്ചു കഴിഞ്ഞാല്‍ അഭിമതം ഗ്രന്ഥകര്‍ത്താവിന് എഴുതി അയക്കുന്നതില്‍ നിഷ്‌കര്‍ഷയുള്ളവനുമായ ഒരു വ്യക്തിയാണ് പുസ്തകത്തിന്റെ ഈ പരിമിതിയെക്കുറിച്ചു പറയുന്നത് എന്നോര്‍ക്കുക. ഗ്രന്ഥങ്ങള്‍ ഡോ.എസ്. രാധാകൃഷ്ണന്മാരെ നിര്‍മ്മിക്കുമായിരിക്കാം. എന്നാല്‍ രമണമഹര്‍ഷിമാരെ സൃഷ്ടിക്കുകയില്ല. ഈ സത്യത്തിലായിരുന്നു ഗുരുജിയുടെ ഊന്നല്‍” (അതേ പുസ്തകം പുറം 396).