കേസരി വാരിക 2022 ജൂലായ് 22 ലക്കത്തില്‍ കെ.പി. ശങ്കരന്‍ എഴുതിയ ‘പുരുഷന്‍ എന്ന യജമാനന്‍’ എന്ന ലേഖനമാണ് ഈ പ്രതികരണത്തിലെ പ്രതിപാദ്യ വിഷയം. ഭാരതീയ സംസ്‌കാരം പോലെ സ്ത്രീകള്‍ക്ക് ഇത്രയധികം പവിത്രതയും സ്ഥാനവും കൊടുത്ത മറ്റൊരു സംസ്‌കാരവും ലോകത്തില്ല. അങ്ങനെയുള്ള ഭാരതത്തിന്റെ പരമപ്രധാനമായ രാമായണ മഹേതിഹാസത്തിലെ ഒരു പ്രകരണഭാഗം അടര്‍ത്തിയെടുത്ത് അത് സ്ത്രീവിരുദ്ധതയുടെയും പുരുഷമേധാവിത്തത്തിന്റെയും പ്രതീകമാക്കി വായിക്കുന്നത് ഗ്രന്ഥതാല്പര്യത്തിനു ചേരുന്നതല്ല. പുരുഷോത്തമനും ധര്‍മ്മമൂര്‍ത്തിയുമായ ശ്രീരാമചന്ദ്രന്‍ ധര്‍മ്മവിരുദ്ധമായി യാതൊന്നും ചെയ്യുകയില്ല എന്ന് രാക്ഷസനായ മാരീചന്റെ ‘രാമോ വിഗ്രഹവാന്‍ ധര്‍മ്മ:’ എന്ന വചനം പോലും സാക്ഷ്യപ്പെടുത്തുമ്പോഴാണ് ലേഖകന്‍ അശാസ്ത്രീയമായ നിരീക്ഷണങ്ങളിലൂടെ രാമനുനേരേ ഒളിയമ്പെയ്യുന്നത്.
വാല്മീകിരാമായണത്തില്‍ ശ്രീരാമന്‍ സീതാദേവിയെ ശകാരിക്കുന്ന രംഗം യുദ്ധകാണ്ഡത്തിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. സീതാദേവിയോടുള്ള ശ്രീരാമന്റെ ശകാരത്തെ മേലാളിത്തബോധമായി ചിത്രീകരിക്കുന്ന ലേഖകന്‍ രാമന്റെ ആദര്‍ശകാരിതയില്‍ ആശങ്കപ്പെടുകയും ചെയ്യുന്നു. ശ്രീരാമനെ ക്രൂരനും, കര്‍ക്കശക്കാരനും, നിര്‍ദ്ദയനുമായ പുരുഷ മേധാവിയായി കാണുന്ന ലേഖകന്‍ അദ്ദേഹത്തെ ഈ ലേഖനത്തിലൂടെ സ്ത്രീയെ മാനിക്കാനോ മനസ്സിലാക്കാനോ കഴിയാത്ത പുരുഷന്റെ പ്രതീകമാക്കി വികലമാക്കിയിരിക്കുന്നു.
പൂര്‍വ്വാപരബന്ധമില്ലാതെ ഈ ഭാഗം വായിച്ചാല്‍ ആരും ഒന്ന് അമ്പരന്നു പോകും എന്നതില്‍ തര്‍ക്കമില്ല. അധികാരി, വിഷയ, സംബന്ധ, പ്രയോജനങ്ങള്‍ അനുസരിച്ചും ഗ്രന്ഥത്തിന്റെ താത്പര്യം, പൂര്‍വ്വാപരബന്ധം എന്നിവ ഉള്‍ക്കൊണ്ടും വേണം വേദേതിഹാസപുരാണങ്ങള്‍ പഠിക്കേണ്ടത്. അതിന്റെ കുറവ് ലേഖനത്തില്‍ കാണുന്നുണ്ട്.
പ്രസ്തുത സര്‍ഗ്ഗത്തിന് മുന്‍പുള്ള സര്‍ഗ്ഗത്തില്‍ വിഭീഷണനോട് സീതാദേവിയെ കൂട്ടിക്കൊണ്ടുവരാന്‍ ശ്രീരാമചന്ദ്രന്‍ ആവശ്യപ്പെടുന്നുണ്ട്. ആ അവസരത്തില്‍ രാമന്‍ ഇപ്രകാരം പറയുന്നുണ്ട്: ‘ന ഗൃഹാണി ന വസ്ത്രാണി ന പ്രാകാരാസ്തിരസ്‌ക്രിയാ നേദൃശാ രാജസത്കാരാ വൃത്തമാവരണം സ്ത്രിയ:’ (ഗൃഹമോ വസ്ത്രമോ മതിലുകളോ മറവുകളോ രാജകീയ ബഹുമതികളോ അല്ല സ്വഭാവമാണ് ഒരു സ്ത്രീയുടെ കവചം). സ്ത്രീയുടെ പവിത്രമായ സ്വഭാവത്തിന് അത്ര ആദരവാണ് ഇതിഹാസകാലത്ത് കല്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇവിടെ നിന്നും അടുത്ത സര്‍ഗ്ഗത്തില്‍ രംഗം കലുഷിതമാകുന്നുണ്ട്. ശ്രീരാമന്‍ സീതാദേവിയെ കഠിനമായി ശകാരിക്കുന്നു. രാമവചസ്സുകള്‍ കേള്‍ക്കുന്ന സീതാദേവി ദുഖിതായി മറുവാക്കുകള്‍ പറയുകയും സ്വന്തം പവിത്രതയെ അഗ്‌നിപ്രവേശത്തിലൂടെ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ധര്‍മ്മാത്മാവായ ശ്രീരാമന്‍ അപ്പോള്‍ ബാഷ്പാകുലലോചനനാകുന്നുണ്ട്. സമസ്ത ദേവതകളും അപ്പോള്‍ അവിടെയെത്തുകയും ബ്രഹ്‌മാവ് രാമന്റെ യഥാര്‍ത്ഥമായ വിഷ്ണുസ്വരൂപത്തെ സ്തുതിക്കുകയും ചെയ്യുന്നു. അതിമനോഹരമായ ആ സ്തവത്തില്‍ ശ്രീരാമനെ വിഷ്ണുവായും സീതാദേവിയെ ലക്ഷ്മിയായും ആണ് വര്‍ണ്ണിക്കുന്നത്. അതിനു ശേഷം അഗ്‌നിദേവന്‍ യാതൊരു പോറലും ഏല്‍പ്പിക്കാതെ അതീവ പരിശുദ്ധയായ സീതാദേവിയെ തിരികെ നല്‍കുന്ന രംഗമാണ്. അപ്പോള്‍ അഗ്‌നിദേവനോട് രാമന്‍ പറയുന്ന വചനം ചേര്‍ത്തുവായിച്ചുകൊണ്ടുവേണം മുന്‍ഭാഗത്തെ രാമഭര്‍ത്സനം വിശകലനം ചെയ്യേണ്ടത്. സീത പരിശുദ്ധയും അനുഗൃഹീതയും ആണെന്ന് തനിക്കറിയാമെന്നും ലോകത്തിന്റെ കണ്ണില്‍ അത് തെളിയിക്കപ്പെടേണ്ടതിനാലാണ് അഗ്‌നിപരീക്ഷ ഉണ്ടായതെന്നും അദ്ദേഹം പറയുന്നു. താനല്ലാതെ ഒരു അന്യപുരുഷനെപ്പോലും ഹൃദയത്തില്‍ സ്മരിക്കാത്തവളും, രാവണനാല്‍ സ്വാധീനിക്കപ്പെടാത്തവളും, അതീവ തേജസ്വിനിയും, അഗ്‌നിശിഖപോലെ ദീപ്തമായവളും ആണ് സീത എന്നാണ് രാമന്‍ അവിടെ പറയുന്നത്. ‘അനന്യാ ഹി മയാ സീതാ ഭാസ്‌കരേണ പ്രഭാ തഥാ’ (സൂര്യപ്രകാശം സൂര്യനില്‍ എന്നപോലെ സീത എന്നില്‍ നിന്നും അനന്യ ആയിരിക്കുന്നു) എന്നു ശ്രീരാമന്‍ പറയുന്നു. അങ്ങനെയുള്ള രാമനെയാണോ സ്ത്രീയോട് അസമത്വമുള്ള ആദര്‍ശമില്ലാത്ത പുരുഷന്‍ എന്ന യജനമാനനാക്കാന്‍ കെ.പി. ശങ്കരന്‍ ഉദ്യമിച്ചത്? ലേഖനത്തിന്റെ തുടക്കത്തില്‍ വാല്മീകിയുടെ കാലത്തും സ്ത്രീ ഭരിക്കപ്പെടുന്നവള്‍ മാത്രമായിരുന്നു എന്നു ലേഖകന്‍ പ്രസ്താവിക്കുന്നു. സ്ത്രീയെ ആദരിക്കുന്ന അനേകം സന്ദര്‍ഭങ്ങള്‍ രാമായണത്തില്‍ തന്നെ ഉണ്ടെന്നിരിക്കെ അതിനെ തെളിയിക്കാന്‍ ഒരു പ്രകരണം മാത്രമെടുത്ത് ദുസ്സാഹസം ചെയ്യുന്നതിന്റെ ഉദ്ദേശ്യവും വ്യക്തമല്ല. കമ്മ്യൂണിസ്റ്റുകള്‍ ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ നടത്താറുണ്ട്. കേസരി ഇത്തരം എഴുത്തുകള്‍ക്ക് ഇടം കൊടുക്കുന്നത് ശ്ലാഘനീയമല്ല.
സംശയദൃഷ്ടികളുള്ള മൂന്നു ലോകത്തിലും സീതാദേവിയുടെ പരിശുദ്ധിയെ വെളിപ്പെടുത്തുന്നതിനു പ്രാരബ്ധവശാല്‍ ശ്രീരാമന് ഭര്‍ത്സനം ചെയ്യേണ്ടി വന്നു. എന്നാല്‍ അതിന്റെ ശരിയായ താത്പര്യം അടുത്ത ഭാഗങ്ങളില്‍ വ്യക്തമാക്കപ്പെടുന്നുണ്ട്. ധര്‍മ്മവിഗ്രഹമായ രാമന്റെ ചെയ്തികളെ സംശയിക്കുന്നത് തന്നെ അല്പബുദ്ധിത്തമാണ്. അപ്പോള്‍ രാമനെ പുരുഷമേധാവിത്തപ്രതീകമാക്കുന്നതിനെ എന്തു വിളിക്കണം?