‘ഭരണഘടനയെ ഭയക്കുന്നതാര്?’ എന്ന അഡ്വ. ആര്‍.വി.ശ്രീജിത്തിന്റെ ലേഖനം കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും എങ്ങനെയാണ് ഭരണഘടനയെ കണ്ടതും കൈകാര്യം ചെയ്തതും എന്ന് വിശദീകരിക്കുന്നതായി. കമ്മ്യൂണിസ്റ്റുകാര്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗമായിരുന്നില്ലെന്നും ഡോ.അംബേദ്ക്കര്‍ കമ്മ്യൂണിസ്റ്റുകാരെ അതിന്റെ ഏഴയലത്തു പോലും അടുപ്പിച്ചിരുന്നില്ലെന്നതും പുതിയ അറിവായിരുന്നു. ജനാധിപത്യത്തെ അംഗീകരിക്കാത്ത കമ്മ്യൂണിസ്റ്റുകാരെ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നിന്നും അകറ്റി നിര്‍ത്തിയത് എന്തുകൊണ്ടും യുക്തം തന്നെ. ഇന്ന് അവര്‍ ഭരണഘടനയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നത് കാണുമ്പോള്‍ പരിഹാസമാണ് ഉണ്ടാകുന്നത്. ഈ ജനാധിപത്യ സംവിധാനത്തില്‍ അവര്‍ പ്രവര്‍ത്തിക്കുന്നതു തന്നെ കേവലം അടവുനയത്തിന്റെ ഭാഗമായി മാത്രമാണല്ലോ. കിട്ടുന്ന ഏതൊരവസരവും അവര്‍ സായുധ വിപ്ലവം നടത്താനും അധികാരം പിടിച്ചെടുക്കാനും ശ്രമിക്കും എന്നു തന്നെയാണല്ലോ ഇപ്പോഴത്തേയും നിലപാട്. അവസരം കിട്ടില്ലെന്ന് ഉറപ്പായതു കൊണ്ട് ജനാധിപത്യത്തെ പുകഴ്ത്തി സംസാരിക്കുന്നു എന്നു മാത്രം.
ഇനി കോണ്‍ഗ്രസ്സിന്റെ കാര്യമാണെങ്കില്‍ പറയാതിരിക്കുന്നതാണ് ഭേദം. ഭരണഘടനയെ മരവിപ്പിച്ചു നിര്‍ത്തി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഏകാധിപത്യം നടപ്പിലാക്കിയവരാണവര്‍. അവരുടെ താല്പര്യത്തിനും സൗകര്യത്തിനുമനുസരിച്ച് ഭരണഘടനയെ ദുരുപയോഗം ചെയ്തവരാണ് കോണ്‍ഗ്രസ്സുകാര്‍. തങ്ങള്‍ക്കിഷ്ടമില്ലാത്ത എത്രയോ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുകയും ഭരണഘടന ഭേദഗതി ചെയ്യുകയും ചെയ്തവരാണവര്‍. നൂറിലധികം തവണ കോണ്‍ഗ്രസ്സുകാര്‍ ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്. ഇവരൊക്കെ ഇന്ന് ഭരണഘടനയെ മഹത്വവല്‍ക്കരിച്ച് സംസാരിക്കുന്നത് കാണുമ്പോള്‍ കൗതുകം തോന്നാറുണ്ട്. ഭരണഘടനാ നിര്‍മ്മാണ കാലഘട്ടത്തില്‍ അതിന്റെ കരട് ചര്‍ച്ചാ സമയത്ത് പലരും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. പലതിനേയും വിമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്. അത് സ്വാഭാവികം മാത്രം. ആ വാദങ്ങള്‍ എടുത്തു കാട്ടിക്കൊണ്ട് ആര്‍.എസ്.എസ് പോലുള്ള പ്രസ്ഥാനങ്ങളെ ഭരണഘടനാ വിരുദ്ധരാണ് എന്ന് ആരോപിക്കുന്നത് ചില നിക്ഷിപ്ത താല്പര്യം മുന്നില്‍ വെച്ചു കൊണ്ടു മാത്രമാണ്. ആര്‍.എസ്. എസ് ദേശീയ പ്രതീകങ്ങളെ എന്നും മാനിക്കുകയും ആദരവോടെ കാണുകയും ചെയ്യുകയാണുണ്ടായിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ ഇന്ന് ഭരണഘടനാ സംരക്ഷകരായി ആര്‍.എസ്സ്.എസ്സ് മാറി എന്നതാണ് വസ്തുത. കെ.ടി തോമസിനെപ്പോലുള്ള മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ പോലും ഇത് തുറന്നു പറയുന്നുണ്ട്.