അയ്യാവൈകുണ്ഠ ജയന്തിയോട് അനുബന്ധിച്ച് (മാര്‍ച്ച് 11 ലക്കം) കേസരി വാരികയില്‍ രതീഷ് നാരായണന്‍ എഴുതിയ ‘നവോത്ഥാനത്തിന് തിരി കൊളുത്തിയ ആചാര്യന്‍’ ( https://kesariweekly.com/27217 ) എന്ന ലേഖനം താല്പര്യപൂര്‍വ്വം വായിച്ചു. ശ്രദ്ധേയമായ പഠനം. ലേഖകന് അനുമോദനം.
കേരള നവോത്ഥാനത്തേയും നവോത്ഥാന നായകരേയും കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ വരുന്നത്‌നല്ലതാണ്. പക്ഷെ അവ പലതും തെറ്റായ വിവരങ്ങള്‍ അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിക്കുന്നതായി കാണുന്നു. നമുക്ക് രണ്ടു അയ്യാഗുരുക്കളെ കിട്ടി. വൈഷ്ണവ ഗുരുവായ അയ്യാവൈകുണ്ഠനും ശിവരാജയോഗിയായ തൈക്കാട് അയ്യാ സ്വാമികളും.
അയ്യാ വഴി പ്രചാരകനായ വൈകുണ്ഠസ്വാമികള്‍ (1809-1851) കന്യാകുമാരി ജില്ലയിലെ സ്വാമി ത്തോപ്പില്‍ ജനിച്ചു എങ്കില്‍ ശിവരാജയോഗിയായി മാറിയ സുബയ്യ പണിക്കര്‍ (1814-1909) തിരുവിതാം കൂറില്‍ ജനിച്ച ആള്‍ ആയിരുന്നില്ല. അടുത്തകാലത്തു ചിലര്‍ പ്രത്യേകിച്ച് പി.എസ്.സി കോച്ചിംഗിനുള്ള യൂട്യൂബ് ചാനലുകാര്‍ അദ്ദേഹം കന്യാകുമാരി ജില്ലയില്‍ ജനിച്ചു എന്ന് പ്രചരിപ്പിച്ചുവരുന്നു. അദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ മലബാറില്‍ കവളപ്പാറയില്‍ നിന്നും തമിഴ് നാട്ടിലെ ചെങ്കല്‍പേട്ടയിലേയ്ക്ക് കുടിയേറിയവര്‍ ആയിരുന്നു. അദ്ദേഹം ജനിച്ചത് തിരൂവിതാംകൂറിലോ തൈക്കാട്ടോ ആയിരുന്നില്ല.
മഗ്രീഗര് എന്ന മലബാറിലെ തുക്കിടി സായ്പിന്റെ തമിഴ് അദ്ധ്യാപകന്‍ ആയിരുന്ന സുബ്ബയ്യ പണിക്കര്‍ മഗ്രിഗര് തിരുവിതാംകൂര്‍ റസിഡന്റ് ആയി നിയമിതനായപ്പോള്‍ കൂടെ തിരുവനന്തപുരത്തേയ്ക്ക് പോന്നു. അവിടെ 1873 മുതല്‍ സമാധി ആയ 1909 വരെ റസിഡന്‍സി സൂപ്രണ്ട് ആയി ജോലി നോക്കിയിരുന്നു. ജോലി ചെയ്യാതെ വേതനം (പെന്‍ഷന്‍) വാങ്ങില്ല എന്ന തീരുമാനം എടുത്തതിനാല്‍ സമാധി ആകുന്ന 97 വയസ് വരെ അദ്ദേഹം സര്‍ക്കാര്‍ ജോലി ചെയ്യാന്‍ മഹാരാജാവ് അനുവദിച്ചു. മുത്തുക്കുട്ടി എന്ന അയ്യാ വൈകുണ്ഠനും സുബ്ബയ്യന്‍ എന്ന അയ്യാ സ്വാമികളും കണ്ടുമുട്ടുമ്പോള്‍ അയ്യാ സ്വാമികള്‍ റസിഡന്‍സി ഉദ്യോഗസ്ഥന്‍ ആയിരുന്നു എന്ന ലേഖന ഭാഗം തെറ്റാണ്.
മുന്നേറ്റം എഡിറ്റര്‍ പ്രൊ.ജെ. ഡാര്‍വിന്‍ (നാടുണര്‍ത്തിയ നാടാര്‍ പോരാട്ടങ്ങള്‍-ചിന്ത 2008 കാണുക) തുടങ്ങിയ വൈകുണ്ഠഭക്തര്‍ അങ്ങനെ എഴുതിപ്പിടിപ്പിച്ചതായി കാണാം. അയ്യാ വൈകുണ്ഠന്‍ സമാധി ആയി 22വര്‍ഷങ്ങള്‍ കഴിഞ്ഞ് 1873 ല്‍ മാത്രമാണ് സുബ്ബയ്യ പണിക്കര്‍ തൈക്കാട് റസിഡന്‍സി ഉദ്യോഗസ്ഥന്‍ (സൂപ്രണ്ട് അയ്യാവ്) ആയി തീരുന്നത്.
1839കാലത്താണ് അയ്യാ വൈകുണ്ഠനും അയ്യാ സ്വാമികളും (അന്നദ്ദേഹം തൈക്കാട് അയ്യാ ഗുരു ആയിട്ടില്ല എന്നത് ശ്രദ്ധിക്കുക) തമ്മില്‍ കാണുന്നത്. സ്വാതിതിരുനാള്‍ ഭ്രാന്തന്‍ എന്ന് കരുതി മുത്തുക്കുട്ടിയെ മണക്കാട്ടെ ശിങ്കാര തോപ്പ് ജയിലില്‍ (നാട്ടുകാര്‍ തമ്പുരാട്ടിമാരുടെ ‘ശൃംഗാര തോപ്പ്’ എന്നാണു വിളിച്ചിരുന്നത് എന്നത് രസകരമായി തോന്നാം) അടയ്ക്കുന്നു. ദുര്‍ബലമനസ്‌കനായ, കലാഹൃദയമുള്ള സ്വാതി തിരുനാള്‍ തനിക്കു തെറ്റ് പറ്റിയോ എന്നും മുത്തുക്കുട്ടി ശരിക്കും ആത്മജ്ഞാനം കിട്ടിയ യോഗി തന്നെയോ എന്നുമുള്ള സംശയങ്ങളാല്‍ ആകുലചിത്തനായിക്കഴിയുന്ന സമയം. കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായ മലബാറുകാരന്‍ ഓതുവാര്‍ ചിദംബരം പിള്ള തന്റെ ബന്ധുവായ സുബ്ബയ്യ പണിക്കരെ കുറിച്ച് രാജാവിനെ അറിയിക്കുന്നു. അദ്ദേഹത്തെ ക്ഷണിച്ചു വരുത്തിയാല്‍ ജയിലില്‍ കിടക്കുന്ന മുത്തുക്കുട്ടിയെ നിരീക്ഷിച്ച് അഭിപ്രായം അറിയിക്കും എന്നുണര്‍ത്തിക്കുന്നു. അങ്ങനെയാണ് അക്കാലത്ത് സുബ്ബയ്യ പണിക്കര്‍ മാത്രമായ മലബാറുകാരന്‍ അനന്തപുരിയില്‍ എത്തുന്നത്. അദ്ദേഹം മുത്തുക്കുട്ടിയെ നിരീക്ഷിച്ചു (എത്ര ദിവസം എന്ന് നമുക്കറിയില്ല). മുത്തുക്കുട്ടി മനോരോഗി അല്ല ആത്മജ്ഞാനം കിട്ടിയ സന്ന്യാസി തന്നെ എന്ന് സുബ്ബയ്യന് പ്രഖ്യാപിച്ചു. തുടര്‍ന്നാണ് മുത്തുക്കുട്ടി ജയില്‍ വിമോചിതനാകുന്നത്.
സ്വാതിതിരുനാള്‍ ബാലാസുബ്രഹ്‌മണ്യ മന്ത്രം സ്വീകരിച്ചു സുബ്ബയ്യ പണിക്കരുടെ ശിഷ്യന്‍ ആയി. എന്നാല്‍ മുത്തുക്കുട്ടി ബാലാസുബ്രഹ്‌മണ്യ മന്ത്രം സ്വീകരിച്ചോ ശിഷ്യന്‍ ആയോ എന്ന് കൃത്യമായി പറയാന്‍ തെളിവില്ല. ചിലര്‍ ശിഷ്യന്‍ എന്നും മറ്റു ചിലര്‍ ഗുരു എന്നും തെളിവില്ലാതെ എഴുതിപ്പിടിപ്പിക്കുന്നു.
വൈകുണ്ഠ സ്വാമികള്‍ പേരില്‍ നിന്നും വ്യക്തമാകുന്നത് പോലെ വൈഷ്ണവന്‍ ആയിരുന്നു. സുബ്ബരായ പണിക്കര്‍ ആകട്ടെ, ശിവരാജ യോഗിയായി മാറിയ ശൈവനും. വൈകുണ്ഠസ്വാമികള്‍ സ്ഥാപിച്ച സ്വാമിത്തോപ്പിലെ വിഗ്രഹമില്ലാത്ത ക്ഷേത്രത്തില്‍ ഒരു വേല്‍ (ശൂലം) വച്ചിരിക്കുന്നതിനാല്‍ പില്‍ക്കാലത്ത് അദ്ദേഹം ബാലാസുബ്രഹ്‌മണ്യം മന്ത്രം സ്വീകരിച്ച് മുരുകഭക്തനായ ശൈവന്‍ ആയി എന്ന് വേണമെങ്കില്‍ വാദിക്കാം.
‘അയ്യാ വഴി’ സ്വീകരിച്ചതിനാല്‍ സുബ്ബയ്യ പണിക്കര്‍ അയ്യാ സ്വാമികള്‍ ആയി എന്ന വാദം തെറ്റാണ്. ശരിക്കു പറഞ്ഞാല്‍ തൈക്കാട് അയ്യാ എന്നല്ല ആളുകള്‍ ശിവരാജ യോഗിയെ വിളിച്ചിരുന്നത് ‘അയ്യാവ്’ സ്വാമികള്‍ എന്നും തൈക്കാട് അയ്യാവ് എന്നുമാണ്. അയ്യാവ് എന്ന് പറഞ്ഞാല്‍ പിതാവ് എന്നാണര്‍ത്ഥം.
അയ്യാ വഴിക്കാരന്‍ ആയിരിക്കില്ല ശിവരാജയോഗി ആയി മാറിയ സുബ്ബയ്യ പണിക്കര്‍.
അയ്യാ വൈകുണ്ഠന്‍ തുടങ്ങിയ ‘സമപന്തിഭോജനം’, തൈക്കാട് അയ്യാവ് 1973-1909 കാലഘട്ടത്തില്‍ നടത്തിപ്പോന്ന ‘പന്തിഭോജനം’, 1917 കാലത്ത് സഹോദരന്‍ അയ്യപ്പന്‍ ചെറായിയില്‍ വച്ച് നടത്തിയ ‘മിശ്രഭോജനം’ ഇവ മൂന്നും തികച്ചും വ്യത്യസ്തമായിരുന്നു എന്നറിയാവുന്നവര്‍ വിരളം.
ശുചീന്ദ്രം തേര് വലിക്കാന്‍ കൂടിയ അവര്‍ണ്ണ കൂട്ടായ്മ അവര്‍ കൊണ്ടുവന്ന അരിയും പയറും വേവിച്ച് ഒന്നിച്ചു കഴിച്ചതാണ് സമപന്തിഭോജനം. അത് സാമ്പ്രദായിക രീതിയില്‍ ഇല ഇട്ടു വിളമ്പിയ കേരള സദ്യ ആയിരുന്നില്ല. പങ്കെടുത്തവര്‍ ഒന്നിച്ചിരുന്നോ എന്ന് തന്നെ സംശയം. വലിയ ഒരു പാത്രത്തിലോ ചെറിയ നിരവധി പാത്രങ്ങളിലോ അവര്‍ അരിയും പയറും വേവിച്ചു നിന്നിടത്തുനിന്ന് തന്നെ അല്പം വാരി വായിലിട്ടു കാണും. ഇലയിട്ട് ഒരേ പന്തിയില്‍ ഇരുന്നിരിക്കാന്‍ വഴിയില്ല. ബ്രാഹ്‌മണര്‍, വെള്ളാളര്‍, നായര്‍ തുടങ്ങിയ സവര്‍ണ്ണരില്‍ ഒരാള്‍ പോലും ഉമ്പാച്ചോറ് കഴിച്ചില്ല. അത് സവര്‍ണ്ണ – അവര്‍ണ്ണ പന്തിഭോജനം ആയിരുന്നില്ല.
1917 ല്‍ ചെറായില്‍ സഹോദരന്‍ അയ്യപ്പന്‍ സംഘടിപ്പിച്ച മിശ്രഭോജനവും അവര്‍ണ്ണ-സവര്‍ണ്ണ പന്തി ഭോജനം ആയിരുന്നില്ല. ഒരു ചെറുമനും അദ്ദേഹത്തിന്റെ കിടാത്തനും ഏതാനും ഈഴവരും ഒന്നിച്ചൊരു ഇലയില്‍ നിന്ന് അല്‍പ്പം ചോറും ചക്കക്കുരു തോരനും വാരി ഭക്ഷിച്ചു. അവരും സാമ്പ്രദായിക രീതിയില്‍ ഇലയിട്ട് ഒരേ പന്തിയില്‍ സദ്യ ഉണ്ടില്ല.
ലോകത്തില്‍ ആദ്യമായി സാമ്പ്രദായിക രീതിയില്‍ ഇലയിട്ടു വിഭവങ്ങള്‍ വിളമ്പി ഒരേ പന്തിയില്‍ ബ്രാഹ്‌മണര്‍, വെള്ളാളര്‍, നായര്‍, കണിയാന്‍, ഈഴവന്‍, പുലയന്‍, മുസ്ലിം, ക്രിസ്ത്യന്‍ സ്ത്രീകള്‍ എന്നിവരെ തൈപ്പൂയ സദ്യ നാളുകളില്‍ യഥാര്‍ത്ഥ പന്തി ഭോജനം 1873-1909 കാലഘട്ടത്തില്‍ നടത്തിയത് തൈക്കാട് അയ്യാ സ്വാമികള്‍ എന്ന ‘ആചാര്യ ത്രയത്തിന്റെ’ (പി.പരമേശ്വരന്റെ പ്രയോഗം) ആചാര്യന്‍ മാത്രമാണ്.
എല്ലാ ജാതിക്കാരെയും ഒന്നിച്ചിരുത്തി അയ്യാ വൈകുണ്ഠന്‍ സമപന്തിഭോജനം നടത്തി എന്ന ലേഖന പരാമര്‍ശം ശരിയല്ല. അതില്‍ സവര്‍ണ്ണര്‍ ആരും പങ്കെടുത്തില്ല. പന്തിയും ഉണ്ടായിരുന്നില്ല.
മുത്തുക്കുട്ടി ജയില്‍ കിടന്ന 1839 കാലത്തു അയ്യാ സ്വാമികള്‍ തൈക്കാട് റസിഡന്‍സി ഉദ്യോഗസ്ഥന്‍ ആയിരുന്നു എന്ന വൈകുണ്ഠ ഭക്തന്‍ ആയ ഡാര്‍വിന്‍ എഴുതിയതു കാലബോധം ഇല്ലാത്തതിനാലാണ്. സുബ്ബയ്യന്‍ തൈക്കാട് ജോലിയില്‍ വരുന്നത് 1873 ല്‍ മാത്രം. അപ്പോഴേക്കും വൈകുണ്ഠസ്വാമി സമാധി ആയിട്ട് 23 വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു.