‘കേസരി’ ജനുവരി 12 ലക്കത്തില്‍ പ്രൊഫ. എസ്. രാധാകൃഷ്ണന്‍ എഴുതിയ ‘റൊമെയ്ന്‍ റൊളാണ്ടും ഭാരതവും’ എന്ന ലേഖനത്തില്‍ കണ്ട ചില പരാമര്‍ശങ്ങളോട് പ്രതികരിക്കേണ്ടതുണ്ടെന്ന് തോന്നി. റൊളണ്ടുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ള ഭാരതീയരില്‍ പ്രധാനിയാണ് നടരാജഗുരു (1895-1973). അതെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞ ഏതാനും വിവരങ്ങള്‍ ഇവിടെ രേഖപ്പെടുത്തുന്നു.
എം.എ. എല്‍.റ്റി. ബിരുദങ്ങള്‍ പാസ്സായശേഷം തന്റെ ശിഷ്യത്വം സ്വീകരിച്ച് തന്നോടൊപ്പം കഴിഞ്ഞിരുന്ന പി. നടരാജനെ ഉന്നതവിദ്യാഭ്യാസം നേടുന്നതിനായി സാമ്പത്തിക സഹായം നല്‍കി അനുഗ്രഹിച്ച് 1928 മെയ് മാസത്തില്‍ നാരായണഗുരു വിദേശത്തേക്ക് അയച്ചു. ജനീവയിലെത്തിയ അദ്ദേഹം പാരീസിലെ സോര്‍ബോണ്‍ സര്‍വ്വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. ‘വിദ്യാഭ്യാസപ്രക്രിയയിലെ വ്യക്തിഗതമായ ഘടകം’ (Personal Factor in Educative Process) എന്നതായിരുന്നു ഗവേഷണവിഷയം. അവിടെ താമസത്തിനും ഉപജീവനത്തിനുമുള്ള സൗകര്യങ്ങള്‍ കണ്ടെത്തിയതോടൊപ്പം സമാനമനസ്‌കരുമായി സൗഹൃദബന്ധങ്ങളുണ്ടാക്കിയെടുക്കുകയും ചെയ്തു. 1928 സപ്തംബര്‍ 14-ന് ജനീവയിലുള്ള സാല്ലി ക്വോവാദീസ് എന്ന സ്ഥലത്തുവെച്ച് നാരായണഗുരുവിന്റെ ജന്മദിനം ആഘോഷിക്കാന്‍ അദ്ദേഹവും സുഹൃത്തുക്കളും തീരുമാനിച്ച് പലര്‍ക്കും ക്ഷണക്കത്തുകളയച്ചു. ഗുരുവിന് അര്‍പ്പിക്കാനുള്ള പൂക്കളും പഴങ്ങളുമായിട്ട് എത്തിച്ചേരണമെന്നായിരുന്നു അഭ്യര്‍ത്ഥന. അവിടെ ഗുരുവിന്റെ ചിത്രം ഒരു പീഠത്തിന്മേല്‍ പ്രതിഷ്ഠിച്ച് പൂമാലകള്‍ കൊണ്ടലങ്കരിക്കുകയും ഭാരതീയ രീതിയില്‍ ഗുരുപൂജ നടത്തുകയും ചെയ്തു. ചോറും കറികളുമായി ഒരു സദ്യയും ഒരുക്കിയിരുന്നു. അമ്പതോളം യൂറോപ്യന്മാര്‍ ഇതില്‍ പങ്കെടുത്തു. റൊമെയ്ന്‍ റോളണ്ടിനെ കാണുന്നതിനായി അന്ന് ജനീവയിലൂടെ കടന്നുപോയ സി.എഫ്. ആന്‍ഡ്രൂസ് അര്‍ച്ചനയ്ക്കുള്ള കുറെ റോസാപ്പൂക്കള്‍ ഉള്ളടക്കം ചെയ്ത ഒരു കുറിപ്പ് അയക്കുകയുണ്ടായി.
അറുപത് വയസ്സിനുമേല്‍ പ്രായമുണ്ടായിരുന്ന റൊമെയ്ന്‍ റോളണ്ട് അക്കാലത്ത് എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും വിരമിച്ച് ജനീവാ തടാകത്തിന്റെ മറുകരയിലെ വീട്ടില്‍ സഹോദരിയോടും പിതാവിനോടുമൊപ്പം വിശ്രമജീവിതം നയിക്കുകയായിരുന്നു. അദ്ദേഹം നാരായണഗുരുവിനെക്കുറിച്ച് സി.എഫ്. ആന്‍ഡ്രൂസില്‍നിന്ന് നേരത്തെ കേട്ടറിഞ്ഞിട്ടുണ്ടായിരുന്നു. ഇതുകൂടാതെ അക്കാലത്ത് ജനീവയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സൂഫി ക്വാര്‍ട്ടര്‍ലിയുടെ 1928 ഡിസംബര്‍ ലക്കത്തില്‍ നാരായണഗുരുവിനെക്കുറിച്ച് നടരാജന്‍ എഴുതിയ The Way of the Guru എന്ന ലേഖനവും അദ്ദേഹം വായിച്ചിരുന്നു. നാരായണഗുരുവിന്റെ ജന്മദിനാഘോഷം നടത്തിയതിനുശേഷം ഗുരുവിന്റെ ശിഷ്യനെന്ന നിലയില്‍ നടരാജനെ കാണാന്‍ താല്പര്യപ്പെട്ടുകൊണ്ട് റോളണ്ടില്‍ നിന്ന് അദ്ദേഹത്തിന് ഒരു കത്തുകിട്ടി. അതുപ്രകാരം നടരാജന്‍ ഒരു ദിവസം റോളണ്ടിന്റെ വീട്ടിലെത്തി. ഒരിക്കല്‍പ്പോലും ഭാരതം സന്ദര്‍ശിച്ചിട്ടില്ലാത്ത ആ തത്ത്വജ്ഞാനിക്ക് ഗുരുവിനെക്കുറിച്ച് ഒരുപാട് വിവരങ്ങള്‍ നേരിട്ടു പറഞ്ഞുകൊടുക്കാന്‍ നടരാജന് ഈ സന്ദര്‍ശനാവസരത്തില്‍ കഴിഞ്ഞു. അവരുടെ സമാഗമത്തെക്കുറിച്ച് നടരാജഗുരു ആത്മകഥയായ Autobiography of an Absolutist ല്‍ വിവരിച്ചിരിക്കുന്നതിങ്ങനെയാണ്:
‘താമസിയാതെ സംഭാഷണം ഗുരുവിനെപ്പറ്റിയായി. മതത്തിന്റെ പേരില്‍ ദൈവത്തെ പ്രീതിപ്പെടുത്താനായി ജന്തുഹിംസ നടത്തുക തുടങ്ങിയ അതിര്‍ കടന്ന ആചാരങ്ങളില്‍ ഗുരു വിശ്വസിച്ചിരുന്നില്ലെന്നു ഞാന്‍ പറയാനിടയായി. ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ലാത്ത ആ മെലിഞ്ഞുവിളറിയ ഫ്രഞ്ചുകാരന്റെ മേല്‍മീശ വച്ച മുഖത്തെ ചാരനിറം പൂണ്ട കണ്ണുകള്‍ എന്റെ കണ്ണുകളിലേക്ക് സംശയദൃഷ്ടിയോടുകൂടി ഉറ്റുനോക്കുന്നതുപോലെ തോന്നി. ബംഗാളിനും കേരളത്തിനും തമ്മില്‍ വര്‍ഗ്ഗപരമായ അഭിരുചിഭേദമുണ്ടെന്നു ഞാന്‍ സൂചിപ്പിച്ചതായി വ്യാഖ്യാനിക്കപ്പെട്ടു. വാസ്തവത്തില്‍ ബംഗാളിയെന്നും മലയാളിയെന്നും ഭിന്നവര്‍ഗ്ഗങ്ങളായി തിരിച്ചു നിറുത്തത്തക്ക വ്യത്യസ്തവര്‍ഗ്ഗങ്ങള്‍ ഇന്ത്യയിലില്ല. പിന്നെ അദ്ദേഹമെന്നെ പൂച്ചയുടെ ഒരു നോട്ടം നോക്കി. സ്വാഭാവികമായി ഉള്ളിലേക്ക് തറഞ്ഞു കയറുന്ന ആ കണ്ണുകള്‍ പിന്നെ എന്നെ കണ്ടത് കേരളത്തിന്റെ ഒരു വക്താവ് എന്ന നിലയിലാണ്. ഞാനാണെങ്കില്‍, പല പ്രകാരത്തില്‍ നോക്കിയാലും, അങ്ങനെയല്ലെന്നാണ് സ്വയം കരുതുന്നത്.’
റോളണ്ട് അക്കാലത്ത് The Life of Ramakrishna എന്ന പേരില്‍ ശ്രീരാമകൃഷ്ണപരമഹംസന്റെ ജീവചരിത്രം എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. ആ ഗ്രന്ഥത്തിനുവേണ്ടി കഴിയുന്നത്ര വിവരങ്ങള്‍ നടരാജനില്‍ നിന്നു ശേഖരിക്കാന്‍ അദ്ദേഹം ആ അഭിമുഖ സംഭാഷണത്തെ പ്രയോജനപ്പെടുത്തി. ഇതിന്റെ ഫലമായി ഈ കൃതിയിലെ രാമകൃഷ്ണനും ഭാരതത്തിലെ മഹായിടയന്മാരും എന്ന ഏഴാം അദ്ധ്യായത്തില്‍ ഭാരതത്തിലെ ആത്മീയാചാര്യന്മാരെപ്പറ്റി പറയുന്ന കൂട്ടത്തില്‍ നാരായണ ഗുരുവിനെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തുവാന്‍ ഇടയായി:
‘തെക്കേ ഇന്ത്യക്കാരുടെ ജീവിതത്തില്‍ ആദ്ധ്യാത്മികമായി ഉണ്ടായിട്ടുള്ള പുതിയ പ്രവണതകളെപ്പറ്റിയൊന്നും ഗ്ലാസ്‌നാപ്പ് ധഭാരതീയ തത്ത്വചിന്ത, മതം എന്നിവയെക്കുറിച്ചും ജര്‍മ്മന്‍ തത്ത്വചിന്തയിലും സാഹിത്യത്തിലും അവ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും തുടരെ എഴുതിയിരുന്ന ഒരു ജര്‍മ്മന്‍ തത്ത്വചിന്തകനും സര്‍വ്വകലാശാലാ പ്രൊഫസ്സറുമായിരുന്നു Helmuth von Glasenapp (1891-1963) ] (18911963) പറഞ്ഞു കാണുന്നില്ല. അവ തികച്ചും ശ്രദ്ധേയമാവുകയാല്‍ നിസ്സാരമായി തള്ളിക്കളയുവാന്‍ പാടില്ല. അതിന് ഉത്തമോദാഹരണമാണ് കഴിഞ്ഞ നാല്‍പ്പതു വര്‍ഷക്കാലമായി തിരുവിതാംകൂര്‍ രാജ്യത്ത് ഏകദേശം ഇരുപത് ലക്ഷം ജനങ്ങളില്‍ ആദ്ധ്യാത്മികമായ സ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞ ശ്രീനാരായണഗുരുവിന്റെ ശ്രേയസ്‌കരമായ തപശ്ചര്യകളും നിഷ്‌കാമമായ കര്‍മ്മപരിപാടികളും (1928-ല്‍ അദ്ദേഹം സമാധിസ്ഥനായി). ശങ്കരാചാര്യരുടെ തത്ത്വചിന്തയോട് ഉത്ക്കടമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ദാര്‍ശനിക വീക്ഷണങ്ങള്‍ ബംഗാളിലെ മിസ്റ്റിക്കുകളുടെ വൈകാരികപ്രധാനമായ ഗൂഢാവബോധസമ്പ്രദായങ്ങളില്‍നിന്നും തികച്ചും ഭിന്നമാണ്. അവരുടെ വികാരനിര്‍ഭരമായ ഭക്തിപ്രചുരിമയില്‍ അദ്ദേഹത്തിനു പറയത്തക്ക വിശ്വാസം തോന്നിയിരുന്നില്ല. ഗുരുവിനെ കര്‍മ്മകുശലനായ ജ്ഞാനി (Jnanin of Action) ) എന്നു വിളിക്കുന്നതില്‍ തെറ്റുണ്ടാവില്ല. ആദ്ധ്യാത്മികമായ പരിപക്വതയാര്‍ന്ന ആ ധിഷണാശാലിക്ക് ജനതതിയുടെ സാമൂഹികമായ ആവശ്യങ്ങളെ സൂക്ഷ്മമായറിഞ്ഞ് അതിനനുഗുണമായി ജീവിക്കുവാനുള്ള യാഥാര്‍ത്ഥ്യബോധം അന്യാദൃശ്യമായിരുന്നു. തെക്കെ ഇന്ത്യയിലെ അധ:കൃതരായ മനുഷ്യകോടികളുടെ സര്‍വ്വതോമുഖമായ ഉന്നമനത്തിന് തികച്ചും കാരണക്കാരനായ അദ്ദേഹത്തിന്റെ പല കര്‍മ്മപരിപാടികളും മഹാത്മാഗാന്ധിയുടേതുമായി സാധര്‍മ്മ്യമുള്ളതോ സംബന്ധമുള്ളതോ ആയിരുന്നു. [ 2 ഈ ഖണ്ഡികയുടെ വിവര്‍ത്തനം: നിത്യചൈതന്യയതി]
റൊമെയ്ന്‍ റൊളണ്ടിന്റെ ഡയറി
മരണാനന്തരം പ്രസിദ്ധീകരിച്ച റൊമെയ്ന്‍ റൊളണ്ടിന്റെ ഡയറിയില്‍ സി.എഫ്. ആന്‍ഡ്രൂസിനെയും നാരായണഗുരുവിന്റെ ശിഷ്യന്‍ നടരാജനെയും കണ്ട് സംസാരിച്ചതിനെക്കുറിച്ച് കാര്യമായ പരാമര്‍ശങ്ങളുണ്ട്. സി.എഫ്. ആന്‍ഡ്രൂസിന്റെ സന്ദര്‍ശത്തിനുശേഷം അദ്ദേഹം ഡയറിയില്‍ ഇങ്ങനെ എഴുതി: ‘അദ്ദേഹം ഞങ്ങളോട് ഭാരതത്തിന്റെ തെക്കേ അറ്റത്തു കന്യാകുമാരിയോട് ചേര്‍ന്നുകിടക്കുന്ന തിരുവിതാംകൂര്‍ സംസ്ഥാനത്തെ ‘തീയര്‍’ എന്ന് വിളിക്കപ്പെടുന്ന ഇരുപതു ലക്ഷത്തോളം വരുന്ന അസ്പൃശ്യരായ ഒരു സമുദായം നാരായണസ്വാമി എന്ന പ്രസിദ്ധനായ ഗുരുവിന്റെ നേതൃത്വത്തില്‍ ഒത്തുചേര്‍ന്നിരിക്കുന്നതായി വിവരിച്ചു. ടാഗൂറിനെക്കാള്‍ പ്രായമുള്ളതും, സമീപകാലത്ത് ടാഗൂര്‍ സന്ദര്‍ശിച്ചതുമായ ഈ നാരായണന്‍ ഏകദേശം ഇരുപതു വര്‍ഷത്തോളം കാലമായി ഉദാത്തവും ശുദ്ധവുമായ വിഷയങ്ങളെക്കുറിച്ച് ഉദ്‌ബോധനം നടത്തിയിട്ടുണ്ട്. (യൂറോപ്പില്‍ പഠനത്തിനായി വന്നിട്ടുള്ള, അസ്പൃശ്യനായ നടരാജന്‍ എന്ന ഒരു ശിഷ്യന്‍ ഇന്ന് ജനീവയില്‍ വച്ച് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുകയുണ്ടായി). അസ്പൃശ്യര്‍ക്കും അവരുടേതായ ഗുരുക്കന്മാര്‍ ഉണ്ടെന്നും സന്ന്യാസിമാരും ദിവ്യന്മാരുമായ ഈ ഗുരുക്കന്മാരെ, അവര്‍ ജാതിക്കതീതമായി നില്‍ക്കുന്നതുകൊണ്ട്, എല്ലാ ഭാരതീയരും ജാതിപരമായ മുന്‍വിധികള്‍ കൂടാതെ ആദരിക്കുന്നുണ്ടെന്നതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.’
14 ജനുവരി 1929-ന് ഇങ്ങനെ ഒരു കുറിപ്പുകൂടി ഡയറിയില്‍ കാണുന്നുണ്ട്:
‘ഏതാനും മാസങ്ങള്‍ക്കു മുന്‍പ് മരിച്ച മഹാത്മാവായ ശ്രീ നാരായണഗുരുവിന്റെ (അദ്ദേഹത്തെക്കുറിച്ച് ആന്‍ഡ്രൂസ് ഞങ്ങളോട് നേരത്തെ പറഞ്ഞിട്ടുണ്ട്), സമൂഹ നന്മയ്ക്കുവേണ്ടി തന്റെ മഹത്തായ മേധാശക്തിയെ നിയോഗിച്ച കര്‍മ്മകുശലനായ ഒരു ജ്ഞാനി ആയിരുന്നു ഈ ആചാര്യന്‍, ശിഷ്യനും അധഃകൃതനെന്നു ഞാന്‍ കരുതുന്ന ആളും, തെക്കേ ഇന്ത്യയിലെ തിരുവിതാംകൂര്‍ സംസ്ഥാനത്തിലെ ഒരു സ്‌കൂളിന്റെ മേധാവിയുമായ ഒരു പി. നടരാജന്‍ ……..
സംസ്‌കൃത പണ്ഡിതനായ ഗുരു ഇന്ത്യയില്‍ പലയിടത്തും സഞ്ചരിച്ചതിനും അനേക കാലത്തെ തപസ്സിനും ശേഷം തന്റെ നിയോഗത്തെ ഏറ്റെടുക്കുകയും ഏതാണ്ട് ഇരുപതു ലക്ഷം അനുയായികളെ സ്വാധീനിക്കുകയും ചെയ്തു. ബംഗാളികളെ അപേക്ഷിച്ച്, എന്റെ ധാരണയ്ക്ക് വിപരീതമായി, ഈ തെക്കേ ഇന്ത്യക്കാര്‍ തങ്ങളുടെ ഗുരുവിനെപ്പോലെ യുക്തിവിചാരത്തോട് ആഭിമുഖ്യമുള്ളവരും കുറഞ്ഞപക്ഷം ബൗദ്ധികമായ ദൈവഭക്തി ഉള്ളവരുമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ബംഗാളിന്റെ വികാരതരളിതമായ ഭക്തിയെ നാരായണഗുരു വിശ്വാസത്തിലെടുത്തിരുന്നില്ല. മനുഷ്യന്റെ വിവേകത്തെയും യുക്തിബോധത്തെയുമാണ് അദ്ദേഹം പ്രഘോഷിച്ചിരുന്നത്. വ്യക്തികളില്‍ നന്മ വര്‍ത്തിക്കുന്നത് ഓരോരുത്തരെയും അവരുടേതായ സ്‌നേഹസൗഹൃദത്തില്‍ മനസ്സിലാക്കുമ്പോഴാണ്. നിരന്തര സഞ്ചാരിയായിരുന്ന അദ്ദേഹം വൈകുന്നേരങ്ങളില്‍ അവരെത്തേടി അവരുടെ അത്താഴത്തിനു ശേഷം ചെല്ലുകയും നിരന്തരമായ ഇടപെടലുകളില്‍ കൂടി സൗഹൃദം, ഉന്നത മൂല്യങ്ങള്‍, ശുദ്ധമായ നര്‍മം, വാത്സല്യം എന്നിവയാല്‍ അവര്‍ പുലര്‍ത്തിയിരുന്ന അന്ധവിശ്വാസങ്ങളില്‍ നിന്ന് അവരെ മോചിപ്പിക്കുകയും ചെയ്തു. എന്നാല്‍, അദ്ദേഹം വിശ്വസിച്ചിരുന്ന പരമവും നിരതിശയവുമായ ശങ്കരാദ്വൈതം ഈ സാധാരണ മര്‍ത്യര്‍ക്കു അപ്രാപ്യമായിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയമായ ഒരു സംഗതി. ഇങ്ങനെയാണെങ്കിലും, പരോക്ഷമായി അദ്വൈതതത്ത്വത്തെ ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ചില അമ്പലങ്ങളെ സാമൂഹ്യസേവന മന്ദിരങ്ങളാക്കാനും, സാധാരണക്കാരെ വിഗ്രഹങ്ങളുടെ നിരര്‍ത്ഥകത ബോദ്ധ്യപ്പെടുത്താനും, തല്‍ സ്ഥാനത്ത് കേവലം ഒരു കണ്ണാടി പ്രതിഷ്ഠിച്ചുകൊണ്ട് – ഉപയോഗശൂന്യമായ വിശദീകരണങ്ങള്‍ ഒന്നും കൂടാതെ മനുഷ്യാത്മാവും ദൈവവുമായുള്ള താദാത്മ്യം ആഴത്തിലും എളുപ്പത്തിലും മനസ്സിലാക്കാനുള്ള ഈയൊരു പ്രതീകത്തിലൂടെ – അതിന്റെ മുന്‍പില്‍ തൊഴുകൈയ്യോടെ ഭക്തരെ നിര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹം മഹാനായ ഒരു മനുഷ്യപരിഷ്‌കര്‍ത്താവും അനേകം ശിഷ്യരുടെ ആചാര്യനും അവരെ പൊതുവേദികളില്‍ തനിക്കു പകരം സംസാരിക്കുന്നതിന് പ്രാപ്തരാക്കി അവരിലൂടെ തന്റെ വാദങ്ങളും പ്രമാണങ്ങളും ജനങ്ങളിലേക്ക് ചൊരിയുന്നവനും ആയിരുന്നു.
നടരാജന്‍….. തവിട്ടു നിറവും സ്ഥൂലിച്ച കുറിയ ശരീരവും വലിയ മുഖവും, ചെറുതും ഉറച്ചതും പ്രത്യേകതകളൊന്നുമില്ലാത്തതും, ഏറെക്കുറെ വിരൂപനുമായിരുന്നു. ബുദ്ധിമാനാണെങ്കിലും ശാരീരികമായി ചില പഞ്ചാബികളില്‍ നിന്നും വളരെ വ്യത്യാസം ഇല്ലാത്ത ആളുമാണ് (ധാര്‍മികമായി അത് വേറൊരു കാര്യമാണ്. പഞ്ചാബികളെക്കുറിച്ച് പറയുമ്പോള്‍ നടരാജന്‍ അവരുടെ യുദ്ധോത്സുകതയെ നിര്‍വചിക്കുന്നത് ‘അതിര്‍ത്തി വംശം’ എന്നാണ് ……). നാടരാജന്‍ യൂറോപ്പില്‍ വന്നിരിക്കുന്നത് തന്റെ പഠനം പൂര്‍ത്തീകരിക്കാനാണ്. അദ്ദേഹം ജനീവയിലെ ജെ.ജെ. റൂസ്സോ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ജോലി ചെയ്യുന്നത്. വിദ്യാഭ്യാസത്തെ സംബന്ധിച്ച ഒരു ഗവേഷണ പ്രബന്ധം അവതരിപ്പിക്കാന്‍ അദ്ദേഹം പാരിസ് യൂണിവേഴ്‌സിറ്റിയിലെ ഭാഷാവിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗുരുവിന്റെ ഭാരതീയമായ വിദ്യാഭ്യാസ മാതൃകയെയും വിദ്യാര്‍ത്ഥിക്ക് മുന്‍ഗണന നല്‍കുന്ന യൂറോപ്പിന്റെ പുതിയ അദ്ധ്യയന രീതികളെയും സംയോജിപ്പിച്ച് ഐകരൂപ്യം നല്‍കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.’
നടരാജഗുരുവിന്റെ പ്രതികരണം
റോളണ്ടിന്റെ ഡയറിയിലെ ഈ പരാമര്‍ശത്തെക്കുറിച്ച് നടരാജഗുരു ആത്മകഥയില്‍ പ്രതികരിച്ചിരിക്കുന്നതിങ്ങനെയാണ്:
‘ഡയറിയില്‍ അദ്ദേഹം എന്നെ വിരൂപന്‍ എന്നു വിളിച്ചു ബഹുമാനിച്ചിട്ടുണ്ട്. പാശ്ചാത്യ നിലവാരം വച്ചു നോക്കുമ്പോള്‍ ഞാന്‍ തീരെ കാണാന്‍ കൊള്ളാവുന്നവനല്ലെങ്കിലും എന്റെ സൗകുമാര്യത്തെപ്പറ്റി എന്റെ അന്തരംഗത്തില്‍ ആശങ്കയും ഉണ്ടായിട്ടില്ല. മറ്റുള്ളവര്‍ എന്നെ തടിയനെന്നും ഉരുണ്ടവനെന്നും കഷണ്ടിക്കാരനെന്നും ഒക്കെ കരുതുന്നുണ്ടെങ്കിലും ഞാന്‍ നോക്കുന്ന കണ്ണാടി എപ്പോഴും എന്നെ സ്തുതിക്കുന്നുണ്ട്. മറ്റുള്ളവര്‍ കരുതുന്നതൊക്കെ നേരുമാണ്. ‘ഹെലന്റെ സൗന്ദര്യം കാണണമെങ്കില്‍ ഈജിപ്റ്റിന്റെ കണ്ണുകൊണ്ടു നോക്കണം’ എന്നല്ലേ കാമുകരുടെ ഭാവനയെപ്പറ്റി ഷേക്‌സ്പിയര്‍ പറയുന്നത്. റൊമെയ്ന്‍ റോളണ്ടിന്റെ ആ ചരിഞ്ഞ മേല്‍മീശയും പൂച്ചക്കണ്ണുകളും വിളറിയ മുഖവും എനിക്കും ആകര്‍ഷമായല്ല തോന്നിയത്. അതുകൊണ്ട് ഇക്കാര്യത്തില്‍ നമുക്കു രണ്ടുപേര്‍ക്കും ഇനി കൊടുക്കാനും വാങ്ങാനുമില്ലെന്ന് ഈ വൈകിയ വേളയിലെങ്കിലും കരുതാം.’ ധഈ ഖണ്ഡികയുടെ വിവര്‍ത്തനം: മംഗലാനന്ദസ്വാമിപ
ഇതെല്ലാം ധിഷണാശാലികളായ രണ്ടു മഹദ്‌വ്യക്തികളുടെ നേരമ്പോക്കുകളായി മാത്രം കണക്കാക്കിയാല്‍ മതി. പിന്നീട്, ടാഗൂര്‍ ജനീവ സന്ദര്‍ശിച്ച അവസരത്തില്‍ അദ്ദേഹത്തെ കാണുവാന്‍ അദ്ദേഹത്തെപ്പോലെതന്നെ നൊബേല്‍ സമ്മാനം നേടിയ റോളണ്ട് സ്വസഹോദരിയോടൊത്ത് യാതൊരു ആഡംബരവും കൂടാതെ ഒരു ട്രാം വണ്ടിയില്‍ വന്നിറങ്ങി കാല്‍നടയായി കയറിവന്ന കാര്യം നടരാജഗുരു ആത്മകഥയില്‍ രേഖപ്പെടുത്തുന്നുണ്ട്. ഗാന്ധിജി ജനീവ സന്ദര്‍ശിച്ച അവസരത്തില്‍, നാരായണഗുരുവിന്റെ ഒരു ശിഷ്യനെന്ന നിലയില്‍ അദ്ദേഹവുമായി ഒരു സന്ദര്‍ശനത്തിനുള്ള ഏര്‍പ്പാടുകള്‍ റോളണ്ട് തന്നെ നടരാജഗുരുവിന് ചെയ്തുകൊടുക്കുകയുണ്ടായി.
(ലേഖകന്‍ എഴുതിക്കൊണ്ടിരിക്കുന്ന നടരാജഗുരുവിന്റെ ജീവചരിത്രത്തിലെ ഒരു ഭാഗം)