ഹിന്ദു ജനസംഖ്യ കുറഞ്ഞുവരുന്നതായി നിരന്തരം കേള്‍ക്കുന്നുണ്ട്. ഹിന്ദുക്കള്‍ കുറഞ്ഞാല്‍ എന്താണ് പ്രശ്‌നം? ആര്‍.എസ്.എസ്. ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?
ഭാരതം മതേതര രാജ്യമായി നിലകൊള്ളുന്നത് ഹിന്ദു ഭൂരിപക്ഷമുള്ളതുകൊണ്ടാണ്. ഭാരതത്തിന്റെ ഭാഗമായിരുന്നപ്പോള്‍ ഇന്നത്തെ പാകിസ്ഥാനും, ബംഗ്ലാദേശും ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ മതവിവേചനമുണ്ടായിരുന്നില്ല. എന്നാല്‍ ഭാരതത്തില്‍നിന്നു വേര്‍പെട്ടതോടെ അവ ഇസ്ലാമിക രാജ്യമായി. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ന്യൂനപക്ഷമായ ഹിന്ദുക്കളുടെ അവസ്ഥയും, ഇന്ത്യയിലെ മുസ്ലീങ്ങളുടെ അവസ്ഥയും താരതമ്യം ചെയ്യേണ്ടതാണ്. നമ്മുടെ രാജ്യത്തെ പരമോന്നത സ്ഥാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വേദികളും എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമാണ്. പ്രസിഡന്റ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഉന്നതസ്ഥാനങ്ങള്‍ അലങ്കരിച്ച ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവര്‍ നിരവധിയാണ്. ജനസംഖ്യാപരമായും ഭാരതത്തില്‍ മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ കഴിഞ്ഞ അഞ്ചുപതിറ്റാണ്ടിനിടയില്‍ വര്‍ദ്ധിക്കുകയാണുണ്ടായത്. എന്നാല്‍ പാകിസ്ഥാനിലെയും, ബംഗ്ലാദേശിലെയും ന്യൂനപക്ഷ ഹിന്ദുക്കള്‍ വ്യാപകമായി കുറഞ്ഞു. അവിടെ മുസ്ലീം മതവിശ്വാസികള്‍ക്കുള്ള അവകാശങ്ങള്‍ ഒന്നും ഹിന്ദു ന്യൂനപക്ഷത്തിനില്ല. രാജ്യത്തെ സുപ്രധാന സ്ഥാനങ്ങളില്‍ കടന്നുവരാന്‍ ഹിന്ദു ന്യൂനപക്ഷത്തിന് അവകാശവുമില്ല.
അതുപോലെ ജനാധിപത്യവും ഭാരതത്തില്‍ ശക്തമാണ്. നിരക്ഷരരായവര്‍ ബഹുഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ജനാധിപത്യം ശക്തമായി. ഹിന്ദുസമാജത്തിന്റെ ജനാധിപത്യബോധവും, ധര്‍മ്മബോധവുമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറ. അടിയന്തരാവസ്ഥയെ തുടര്‍ന്ന് 1977ല്‍ സ്വേച്ഛാധിപത്യത്തിനെതിരായി വിധി എഴുതിയതും ഹിന്ദു ഭൂരിപക്ഷമുള്ള, വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളായിരുന്നു.
ഹിന്ദുക്കള്‍ ന്യൂനപക്ഷമുള്ള ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കിയിട്ടും കാശ്മീരില്‍ സമാധാനവും, വികസനവും കടന്നുവന്നില്ല. ഹിന്ദു ന്യൂനപക്ഷമായ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ഒരു കാലഘട്ടത്തില്‍ വിഘടനവാദികളുടെ കൈകളിലായിരുന്നു. എന്തുകൊണ്ട് കാശ്മീരിലെ ലക്ഷക്കണക്കിന് ഹിന്ദു പണ്ഡിറ്റുകള്‍ ഇന്നും അഭയാര്‍ത്ഥികളായി ജമ്മുവിലും മറ്റ് സംസ്ഥാനങ്ങളിലും കഴിയുന്നു? 1980നുശേഷമാണ് അവര്‍ അഭയാര്‍ത്ഥികളായത് എന്നത് എടുത്തുപറയേണ്ടതാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ അഭയാര്‍ത്ഥികളായി മറ്റിടങ്ങളില്‍ കഴിയുന്നില്ല. ഹിന്ദുക്കള്‍ കുറഞ്ഞാല്‍ എന്ത് സംഭവിക്കുമെന്ന ചോദ്യത്തിന്റെ മറുപടി വ്യക്തമാണല്ലോ?
1951-ലെ സെന്‍സസ്പ്രകാരം ഭാരതത്തില്‍ 84.1% ഹിന്ദുക്കളും, 9.8% മുസ്ലീങ്ങളും, 2.3% ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. 2011-ല്‍ ഹിന്ദുക്കള്‍ 79.8% ആയിരുന്നു. മുസ്ലീങ്ങള്‍ 14.2% ആയി വളര്‍ന്നു. ക്രിസ്ത്യാനികള്‍ 2.78% ആയി ഉയര്‍ന്നു. ഹിന്ദു ജനസംഖ്യ താഴോട്ട് പോകുന്നത് ഉത്കണ്ഠ ജനിപ്പിക്കുന്ന കാര്യം തന്നെയാണ്.




















