ഇക്കഴിഞ്ഞ 2026-ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍, പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോള്‍ ദിമാഗി നക്‌സല്‍ എന്ന സാരഗര്‍ഭമായ ഒരു വാക്കുപയോഗിച്ചത് നാട്ടിലുടനീളമുള്ള രാഷ്ട്രീയമണ്ഡലത്തില്‍ വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കിയത്. ഇതിനോട് തീവ്രമായി പ്രതികരിച്ചുകൊണ്ട് ധാരാളം വിമര്‍ശനങ്ങള്‍ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും തകരപോലെ മുളച്ചു പൊന്തി. കാനനഗഹനതയില്‍ കഴിയുന്ന നക്‌സല്‍ ഭീകരരെ ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞെങ്കിലും മസ്തിഷ്‌ക്കത്തിനകത്ത് നക്‌സലിസം കൃഷി ചെയ്യുന്നവര്‍ ഇപ്പോഴും നാട്ടില്‍ ശേഷിക്കുന്നുണ്ടെന്നാണ് തന്റെ ചെങ്കോട്ട പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. രാജ്യത്തെ അക്രമത്തിന്റെ വഴികളിലേക്ക് വലിച്ചിഴച്ച് അശാന്തി വിതയ്ക്കാന്‍ പ്രതിജ്ഞാബദ്ധരായ ഇത്തരം മാവോയിസ്റ്റ് ചിന്താഗതിക്കാര്‍ പൊതുരംഗത്തും വിവിധ സര്‍ക്കാര്‍ കമ്മിറ്റികളിലും വര്‍ഷങ്ങളായി സ്വാധീനം ചെലുത്തി വരുന്നുണ്ടെന്നും ഈ ദിമാഗി നക്‌സലുകള്‍ അക്രമത്തിലൂടെ നാടിനെ അസ്ഥിരപ്പെടുത്താനുള്ള വഴികള്‍ ജനമനസ്സുകളില്‍ ഇപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും ഇവരെ ഒറ്റപ്പെടുത്തണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ചവരില്‍, ‘ദിമാഗി നക്‌സലായതില്‍ അഭിമാനിക്കുന്നു’ എന്നു പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ്സ് കാബിനറ്റിലെ പഴയ മന്ത്രി ചിദംബരവും ഉണ്ടായിരുന്നു.

നക്‌സല്‍ബാരികളെപ്പോലെ ആയുധം കയ്യിലെടുക്കാതെ, വീട്ടിനകത്തെ എ.സി മുറികള്‍ക്കകത്തിരുന്നുകൊണ്ട് തങ്ങളുടെ (കു)ബുദ്ധിയില്‍ വിളയുന്ന വിനാശകരമായ ആശയങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ സമൂഹത്തില്‍ പ്രചരിപ്പിച്ച് രാജ്യത്തിന്റെ ഭരണഘടനാസ്ഥാപനങ്ങളുടെയും അതിന്റെ നയങ്ങളുടെയും അടിവേരു തകര്‍ക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ദേശദ്രോഹികളെയാണ് മോദി തന്റെ സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ദിമാഗി നക്‌സലുകള്‍ എന്നു വിശേഷിപ്പിച്ചത്. കാട്ടിനകത്ത് ആയുധമെടുത്തലയുന്ന സായുധരായ നക്‌സലുകളെക്കാള്‍ ഭയപ്പെടേണ്ടത് ഇവരെയാണെന്ന ഉറച്ച സത്യത്തിലേക്കാണ് അദ്ദേഹം നാട്ടിലെ ജനങ്ങളുടെ ശ്രദ്ധ തിരിച്ചത്. മോദിയുടെ ദിമാഗി നക്‌സലുകള്‍ എന്ന ഈ പ്രയോഗം ബുദ്ധിജീവികളുടെ പരിവേഷമണിഞ്ഞുകൊണ്ട് സമൂഹമദ്ധ്യത്തില്‍ ആശയവ്യാപാരം നടത്തുന്ന രാജ്ദീപ് സര്‍ദേശായിയെപ്പോലുള്ള പത്രപ്രവര്‍ത്തകരടക്കമുള്ള പരിഷകള്‍ക്കിടയില്‍ കുറച്ചൊന്നുമല്ല നിദ്രാഭംഗം ഉണ്ടാക്കിയിരിക്കുന്നത്.
ദേശവിരുദ്ധചിന്താഗതി മനസ്സില്‍ പോറ്റുന്ന, ഡോക്ടര്‍മാരും ശാസ്ത്രജ്ഞന്മാരും പത്രപ്രവര്‍ത്തകരുമടങ്ങുന്ന, എന്നാല്‍ സമൂഹത്തില്‍ വളരെ സ്വീകാര്യമായ പദവി സൂക്ഷിക്കുന്ന വൈറ്റ്‌കോളര്‍ ദേശവിരുദ്ധരും ദിമാഗി നക്‌സല്‍ എന്ന് മോദി പുതിയ പേരിട്ടു വിളിച്ച വിഭാഗത്തില്‍ ഇടം പിടിക്കുന്നുണ്ട്. സുഗമമായി മുന്നോട്ടു കുതിക്കുന്ന നമ്മുടെ നാട്ടില്‍ അസ്വസ്ഥതയുണ്ടാക്കാനായി പ്രത്യക്ഷപ്പെട്ട കോക്രോച്ച് ജനതാപാര്‍ട്ടിയെപ്പോലെ, മോദിയുടെ ഈ പ്രസ്താവനയെ തുടര്‍ന്ന് ദിമാഗി നക്‌സല്‍ ജനതാ പാര്‍ട്ടി എന്ന പേരിലുള്ള പുതിയ ഒരു ക്ഷുദ്രകൂട്ടായ്മയുടെ പേജുകള്‍ സോഷ്യല്‍ മീഡിയയില്‍ മുളച്ചു പൊന്തുന്നതും നമ്മള്‍ കണ്ടതാണ്.
ജന്തര്‍മന്തറിലെ അര്‍ത്ഥമറ്റ പ്രകടനങ്ങളുടെ പരിസമാപ്തിക്കു ശേഷം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ ഉള്ള സ്‌ക്കൂളുകളില്‍ ചെന്ന് അവിടത്തെ വിദ്യാഭ്യാസത്തെ അലങ്കോലപ്പെടുത്താനുള്ള പരിശ്രമങ്ങളിലാണ് പാറ്റാപാര്‍ട്ടി ഇപ്പോള്‍ വ്യാപൃതമായിരിക്കുന്നത്. ഒരു സ്‌ക്കൂളില്‍ പരിശോധന നടത്താനുള്ള അവകാശം വിദ്യാഭ്യാസവകുപ്പിലെ മേലധികാരികള്‍ക്കാണെന്നിരിക്കെ, പാറ്റാപാര്‍ട്ടിയെ ഈ അധികാരമേല്പിച്ചത് ആരാണെന്ന ചോദ്യം സമൂഹത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്‌ക്കൂളുകളില്‍ വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങളില്ല എന്നപോലുള്ള വിപരീതാശയങ്ങളിലൂന്നിക്കൊണ്ടുള്ള ദിമാഗി നക്‌സലിസം പ്രചരിപ്പിച്ചുകൊണ്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായാണ് പാറ്റാപാര്‍ട്ടി നേതാവ് അഭിജിത്ത് ദീപ്‌കേ പ്രസ്തുത പാഠശാലകളിലെത്തിയത്.
ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന അഭിജിത്ത് ദീപ്‌കേ എന്ന വിദ്യാര്‍ത്ഥി എങ്ങനെയാണ് പെട്ടെന്ന് പ്രക്ഷോഭങ്ങളുമായി ഭാരതത്തില്‍ രംഗത്തു വന്നത് എന്ന ചോദ്യം പലരെയും അമ്പരപ്പിച്ചിരുന്നു. അഭിജിത് ദീപ്‌കേയും കോക്രോച്ച് പാര്‍ട്ടിയുടെ വക്താവായ സൗരവ് ദാസുമെല്ലാം, മോദിയെ താഴെയിറക്കാന്‍ പ്രതിജ്ഞാബദ്ധമായി നടക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ കയ്യിലെ ചട്ടുകങ്ങളാണ് എന്നു കരുതാന്‍ മതിയായ കാരണങ്ങളുണ്ട്. എഎപി നേതാവ് മനീഷ് സിസോദിയയുടെ മനസ്സാക്ഷിസൂക്ഷിപ്പുകാരനായിരുന്നു സൗരവ് എങ്കില്‍ ദീപ്‌കേയായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്തിരുന്നത്.
2026 സപ്തംബര്‍ 12-ന് ബ്രിക്‌സ് ഉച്ചകോടി ദില്ലിയില്‍ നടക്കാനിരിക്കെ അതിനും രണ്ടു ദിവസം മുമ്പേ, അതായത് സപ്തംബര്‍ 10-നുതന്നെ ജന്ദര്‍മന്ദറില്‍ മറ്റൊരു സമരവുമായി വീണ്ടും അരങ്ങേറാന്‍ പാറ്റാപ്പാര്‍ട്ടി പദ്ധതിയിട്ടിട്ടുണ്ടായിരുന്നു. എതു വിഷയവുമായി ബന്ധപ്പെട്ടാണ് ഇവര്‍ സമരത്തിനൊരുങ്ങുന്നതെന്ന് പാര്‍ട്ടിയോ മീഡിയയോ വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. ബ്രിക്‌സ് ഉച്ചകോടി ദില്ലിയില്‍ നടക്കുമ്പോള്‍ എന്തെങ്കിലും ഒരു കാരണമുണ്ടാക്കി ലോകരാജ്യങ്ങളുടെ മുമ്പില്‍, അവര്‍ കരതുന്നതുപോലെ സന്തുഷ്ടമൊന്നുമല്ല നരേന്ദ്രമോദി ഭരിക്കുന്ന ഭാരതം എന്നു വരുത്തിത്തീര്‍ക്കുകയായിരുന്നു ഇവിടെ സിജെപിയുടെ ലക്ഷ്യം എന്നുള്ളത് പകല്‍പോലെ വ്യക്തമാണ്..

അമേരിക്കന്‍ ഡോളറിന് ബദലായി, ബ്രിക്‌സിലെ അംഗരാജ്യങ്ങളില്‍ വിനിയോഗം ചെയ്യാവുന്ന ഒരു പൊതുകറന്‍സിക്ക് രൂപം കൊടുക്കാനുള്ള ബ്രിക്‌സിന്റെ പരിശ്രമങ്ങളെ അമേരിക്ക ഭയപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ബ്രിക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടേണ്ടത് അമേരിക്കയുടെ സ്വകാര്യാവശ്യംകൂടിയാണ്. അതിനുവേണ്ടി ആ രാജ്യം പാറ്റാപാര്‍ട്ടിയെ കരുവാക്കുന്നതാണോ ഈ നീക്കങ്ങള്‍ക്കു പിന്നിലുള്ളതെന്നതും ന്യായമായ സംശയംതന്നെയാണ്.
സിജെപിക്കാരിലധികവും തങ്ങളോട് അടുപ്പമുള്ളവരാണെന്ന്, 2026-ലെ സ്വാതന്ത്ര്യദിനാഘോഷങ്ങളെ ഐഎസ്‌ഐ പിന്‍തുണയോടെ രക്തക്കളമാക്കാന്‍ പദ്ധതിയിട്ട പാക് ഭീകരന്‍ ഷെഹസാദ് ഭട്ടി സുരക്ഷാസേനയോട് പറഞ്ഞിട്ടുണ്ടെന്ന് വാര്‍ത്തയുണ്ടായിരുന്നു. അറസ്റ്റിലായ സിജെപി പ്രവര്‍ത്തകര്‍ക്കു വേണ്ട നിയമസഹായവും സാമ്പത്തികസഹായവും നല്കാന്‍ താന്‍ തയ്യാറാണെന്നും ഈ ഭീകരന്‍ തന്റെ വീഡിയോ സന്ദേശത്തിലൂടെ വാഗ്ദാനം ചെയ്തിരുന്നതാണ്. സിജെപി പോലുള്ള അവിശുദ്ധസംഘടനകള്‍ക്ക് നമ്മുടെ ശത്രുരാജ്യമായ പാകിസ്ഥാന്‍ വരെപ്പോലും വേരോട്ടമുണ്ടെന്നാണല്ലൊ ഈ പ്രസ്താവന അടിവരയിട്ട് അടയാളപ്പെടുത്തുന്നത്. ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരുമുള്‍പ്പെടുന്ന ഒരു സമൂഹത്തെ പണം കാണിച്ചു മയക്കിയെടുത്താണ് ഈ ഭീകരസംഘടന നമ്മുടെ നാടിനെ തകര്‍ക്കാന്‍ വേണ്ട കുബുദ്ധികളെ പടച്ചെടുത്തിരിക്കുന്നത്.
തെഹ്രിക്ക് താലിബാന്‍-ഹിന്ദുസ്ഥാന്‍, ഖലിസ്ഥാന്‍ ആംഡ് ഫോഴ്‌സ് എന്നീ സംഘടനകളുമായി ഈ തീവ്രവാദസംഘടനയ്ക്ക് നേരിട്ടു ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. രാജസ്ഥാ നില്‍ നിന്ന് അറസ്റ്റിലായ അനില്‍കുമാര്‍ എന്നൊരു ചെറുപ്പക്കാരനായിരുന്നു ഈ തീവ്രവാദികള്‍ക്ക് ഭാരതത്തില്‍ വാട്ട്സാപ്പ് സന്ദേശത്തിനു സൗകര്യമൊരുക്കാന്‍ വേണ്ട ഒടിപി ഒരുക്കിക്കൊടുത്തത്.
പാകിസ്ഥാനിലെ ഭീകരരും പാറ്റകളെ പിന്താങ്ങുന്ന ദിമാഗി നക്‌സലുകളും ഇന്ന് മോദി ഭരണകൂടത്തെ ഒരുപോലെത്തന്നെ ഭയപ്പെടുന്നുണ്ട് എന്നുള്ളതാണ് വാസ്തവം. അതുകാരണമാണ് എങ്ങനെയെങ്കിലും മോദി സര്‍ക്കാരിന ദുര്‍ബ്ബലപ്പെടുത്തി താഴെയിറക്കാന്‍ അവര്‍ ഐഎസ്‌ഐ കൊടുക്കുന്ന സാമ്പത്തികസഹായത്തിന്റെ പിന്‍ബലത്തോടെ ഉറക്കമിളച്ച് അദ്ധ്വാനിക്കുന്നത്.
ഇന്ത്യയില്‍ ചാരിറ്റിയുടെ പേരില്‍ എത്തുന്ന വിദേശഫണ്ടുകള്‍ക്ക് ഭാരതം എഫ്‌സിആര്‍എ 2026 ഭേദഗതി ബില്ലിലൂടെ തട പണിഞ്ഞപ്പോഴും ഇവിടെ സമാന അളവില്‍ത്തന്നെ എതിര്‍പ്പുകളുയര്‍ന്നിരുന്നു. ഭാരതത്തിലെ രാഷ്ട്രീയപ്രതിയോഗികളെ മാത്രമല്ല, അമേരിക്കയിലെ ഡെമോക്രാറ്റിക്ക്, റിപ്പബ്ലിക്കന്‍ അടക്കമുള്ള രണ്ടു പാര്‍ട്ടികളെയും ഇത് അസ്വസ്ഥമാക്കിയിരുന്നു. അമേരിക്കന്‍ സെനറ്റിലെ ചെയര്‍മാനും റിപ്പബ്ലിക്കന്‍ നേതാവുമായ ജയിംസ് രിഷ്, എഫ്‌സിആര്‍എക്ക് എതിരെ രംഗത്തു വന്നത് പത്രങ്ങളില്‍ വാര്‍ത്തയായതാണല്ലൊ. എഫ്‌സിആര്‍എ മതസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണെന്നും ഇന്ത്യ അത് നടപ്പില്‍ വരുത്തിയാല്‍ അമേരിക്ക വെറുതെ നോക്കി നില്ക്കില്ല എന്നുമാണ് അന്ന് രിഷ് പറഞ്ഞത്. മതസ്വാതന്ത്ര്യത്തിന്റെ പ്രവാചകവേഷം കെട്ടി ഡെമേക്രാറ്റുകളും ഈ ഭീഷണിയില്‍ രിഷിനെ പിന്‍താങ്ങിയിരുന്നു. നമ്മുടെ നാട്ടിലെ എഫ്‌സിആര്‍എ യ്ക്കു സമാനമായ, എഫ്എആര്‍എ എന്നൊരു നിയമം 1938-മുതല്‍ തന്നെ അമേരിക്കയില്‍ നിലനില്ക്കുന്നുണ്ട് എന്നുള്ള വാസ്തവം മറച്ചുവെച്ചുകൊണ്ടാണ് അമേരിക്ക ഈ ഇരട്ടത്താപ്പിനൊരുങ്ങുന്നത്.
നക്‌സലേറ്റുപോലുള്ള തീവ്രവാദകേന്ദ്രങ്ങളിലേക്ക് ചാരിറ്റിയുടെ പേരില്‍ നാട്ടിലെത്തുന്ന പണം ഒഴുകുന്നുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഈവക ഫണ്ടുകളെ നമ്മുടെ നാട് ശ്രദ്ധിക്കാന്‍ തുടങ്ങിയതും ചില ഉപാധികളോടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുനിഞ്ഞതും. അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്, മാര്‍ക്കോ റൂബിയോ കുറച്ചു നാള്‍ മുമ്പ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍ കോല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റിയിലേക്കാണ് ആദ്യം പോയത് എന്ന വസ്തുത എഫ്‌സിആര്‍എ, അമേരിക്കയെ എത്രത്തോളം അസ്വസ്ഥമാക്കുന്നുണ്ട് എന്നാണല്ലൊ പറയാതെ പറയുന്നത്.
എന്‍ജിഒ കളുടെ ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ അവരുടെ സ്വത്തുക്കളെല്ലാം ഉടന്‍തന്നെ സര്‍ക്കാര്‍ കണ്ടു കെട്ടുക എന്ന ഉപാധിയാണ് എഫ്‌സിആര്‍ ഐ 2026 ബില്ലിനെ അവര്‍ക്ക് അസ്പൃശ്യമാക്കുന്നത്. പാവപ്പെട്ടവരെ സഹായിക്കാനെന്ന പേരില്‍ ഈ എന്‍ജിഒകള്‍ ഉണ്ടാക്കിയെടുത്ത കണക്കറ്റ ആസ്തി സര്‍ക്കാര്‍ കൊണ്ടുപോകുമെന്ന ഭയവും അവര്‍ക്കുണ്ട്.
കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിമോത്തി ഇനീഷ്യേറ്റീവ് എന്ന സംഘടനയ്‌ക്കെതിരായി ഇന്ത്യ ഈയടുത്ത കാലത്ത് കേസെടുത്തിരുന്നു എന്ന കാര്യവും ഇതിനോടു ചേര്‍ത്തു വേണം നമ്മള്‍ വായിക്കാന്‍. 2025 നവമ്പര്‍ മുതല്‍ 2026 ഏപ്രില്‍ വരെയുള്ള കാലഘട്ടത്തില്‍ ഡെബിറ്റ് കാര്‍ഡുകളുപയോഗിച്ച് ഇന്ത്യയിലെ എടിഎമ്മുകളില്‍ നിന്ന് നൂറു കോടിയോളം രൂപ പിന്‍വലിച്ചതെന്തിനായിരുന്നു എന്നു ചോദിച്ചുകൊണ്ടാണ് നമ്മുടെ നാട് ഈ സംഘടനയുടെ പേരില്‍ കേസെടുത്തത്. ബസ്തര്‍, ദമദരി മുതലായ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നക്‌സല്‍ കേന്ദ്രങ്ങളിലേക്കാണ് ഈ പണമൊഴുകിേപ്പായത് എന്ന ഞെട്ടിക്കുന്ന സത്യമാണ് നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു മുമ്പില്‍ അന്ന് അനാവൃതമായത്.
ഈദൃശങ്ങളായ സംഘടനകളൊഴികെ, ബുദ്ധിജീവികളെന്നു മുദ്രയുള്ള പൊതുസമ്മതരായ വ്യക്തികളും നമ്മുടെ നാടിനെതിരെ വിഷം തുപ്പിക്കൊണ്ട് ജനങ്ങളുടെ മസ്തിഷ്‌ക്കപ്രക്ഷാളനത്തിനൊരുങ്ങി വിവിധമേഖലകളില്‍ രംഗത്തുണ്ട്. കശ്മീര്‍ പ്രദേശത്തെ ഇന്ത്യ നിയമവിരുദ്ധമായി പിടിച്ചു വെച്ചിരിക്കുകയാണ് എന്നു പറഞ്ഞ ജെഎന്‍യുവിലെ നിവേദിത മേനോനും വന്ദേമാതരത്തെ തടുത്ത സോണിയയും യുപിഐയെ പരിഹസിച്ച ചിദംബരവും ഇന്ത്യ ഒരു രാജ്യമല്ല അത് പല സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ് എന്നു പറഞ്ഞ രാഹുല്‍ ഗാന്ധിയും അതേറ്റുപിടിച്ച് ആവര്‍ത്തിച്ച ഡിഎംകെയുടെ സ്റ്റാലിനും ജനാധിപത്യം തെരുവുകളില്‍നിന്നാണുത്ഭവിക്കേണ്ടത് എന്നും അത് തെരഞ്ഞെടുപ്പിലൂടെയല്ല പ്രതിരോധത്തിലൂടെയാണ് ഉണ്ടാവേണ്ടത് എന്നും ഇന്ത്യയില്‍ ജീവിക്കാന്‍ ആരാണ് ഇഷ്ടപ്പെടുന്നതെന്നും ബംഗ്ലാദേശ് ഇന്ത്യയെക്കാള്‍ എത്രയോ ഭേദമാണെന്നും പറഞ്ഞ മഹുവ മോയിത്രയും പ്രചരിപ്പിച്ചത് ദിമാഗി നക്‌സലിസമല്ലാതെ മറ്റെന്താണ്? ‘പൂര്‍ണ്ണസ്വരാജ്’ എന്ന ലക്ഷ്യത്തോടെ വേണം ഭാരതത്തിന്റെ സമരനയങ്ങളെന്ന് 1929-ല്‍ത്തന്നെ പ്രമേയം പാസ്സാക്കിയത് ഇന്ന്, ‘ഇന്ത്യ ഒരു രാജ്യമല്ല അത് പല സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്’ എന്നു പറയുന്ന രാഹുലിന്റെ പൂര്‍വ്വസൂരികളായിരുന്നു എന്നോര്‍ക്കണം.

ഭാരതത്തെപ്പോലെ വൃത്തികെട്ട സാംസ്‌കാരികപാരമ്പര്യമുള്ള ഒരു രാജ്യം ലോകത്തില്‍ മറ്റൊരിടത്തുമില്ലെന്നു പറഞ്ഞുകൊണ്ട് തമിഴ് സിനിമാനടന്‍ പ്രകാശ്‌രാജും ദിമാഗി നക്‌സലിന്റെ ഗോദയില്‍ പയറ്റാനിറങ്ങിയിട്ടുണ്ട്. ‘അരസമൈപ്പുചട്ടപ്പാതുകാപ്പ് ഇയക്കം’ എന്ന സംഘടനയുടെ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് ഇത്തരത്തിലൊരു അടിസ്ഥാനവിരുദ്ധമായ ഭോഷ്‌ക്കിന് പ്രകാശ്‌രാജ് പ്രചാരകനാവുന്നത്. സ്ത്രീകള്‍ക്ക് പരിരക്ഷയൊരുക്കാത്ത, തൊട്ടുകൂടായ്മ നിലനില്ക്കുന്ന ഒരു അപരിഷ്‌കൃതസമൂഹമായിരുന്നു പ്രാചീനകാലംതെട്ടേ ഭാരതത്തിലുണ്ടായിരുന്നത് എന്നാണ് തലയില്‍ ചരിത്രബോധത്തിന്റെ കനമില്ലാത്ത ആ ദേശവിരുദ്ധന്‍ തന്റെ പ്രസംഗത്തിലൂടെ തട്ടിവിട്ടത്. ദേശത്തിന്റെ ഭരണക്രമത്തിലും പാരമ്പര്യത്തിലുമുള്ള വിശ്വാസത്തിന്റെ അടിവേരു തകര്‍ത്ത് സമൂഹത്തില്‍ അരാജകത്വത്തിന്റെ ബീജാവാപം ചെയ്യാനുള്ള പരിശ്രമങ്ങളില്‍ പ്രകാശ്‌രാജ് വ്യാപൃതനാവാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയതാണല്ലൊ.
ഛത്തീസ്ഘട്ടിലെ മാവോയിസ്റ്റുകളുടെ ഒളിത്താവളങ്ങളില്‍ തങ്ങി അവരെ ഇന്റര്‍വ്യൂ ചെയ്യാനും തീവ്രവാദസരണികളില്‍ സഞ്ചരിക്കുന്ന ഇറക്കമറ്റ മാവോവാദികളെ പുണ്യവാളന്മാരായി പരസ്യപ്പെടുത്താനുമൊക്കെ മുന്‍കയ്യെടുത്തുകൊണ്ട് അരുന്ധതി റോയ് എന്ന ബുക്കര്‍ പ്രൈസ് ജേതാവും സമാന ഊര്‍ജ്ജത്തോടെ രംഗത്തുണ്ട്. 2010 ഏപ്രില്‍ 6-ന്, 76 സിആര്‍പിഎഫ് ഭടന്മാരെ കാലപുരിക്കയച്ച മാവോവാദി ആക്രമണത്തിന് ഒരു മാസം മുമ്പ് അവര്‍ പ്രസ്തുത മാവോ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിനു തെളിവുകളുണ്ട്. ദിമാഗി നക്‌സലുകളുടെ ആരാധനാപാത്രമായ ഇത്തരക്കാരാണ് ഇന്ന് നമ്മുടെ നാടിന്റെ പ്രശസ്തിക്കു മങ്ങലേല്പിക്കാനും ദേശവിരുദ്ധപ്രസ്താവനകളിറക്കാനും നോമ്പും നോറ്റു കാത്തിരിക്കുന്നത്. കശ്മീര്‍ ഭാരതത്തിന്റെ ഒരു ഭാഗമേ ആയിരുന്നില്ലെന്ന് അവര്‍ ഒരിക്കല്‍ പരസ്യമായി അഭിപ്രായപ്പെട്ടത് ഇവിടെ സ്മര്‍ത്തവ്യമാണ്.
ഇന്റലക്ച്വല്‍ ടെററിസത്തിലൂടെ ജനങ്ങളുടെ മനസ്സിനെ മാറ്റി ദിമാഗി നക്‌സലിസം പയറ്റാനാരംഭിച്ചതിന് സ്വാതന്ത്ര്യലബ്ധിയോളം തന്നെ പഴക്കമുണ്ട്. വിദേശാക്രമണകാരികളെ മഹത്വവല്ക്കരിക്കാനും നമ്മുടെ നാട്ടിലെ ധീരന്മാരെയും പ്രതിഭകളെയും തമസ്‌ക്കരിക്കാനും വിദ്യാഭ്യാസവിചക്ഷണര്‍ തമ്മില്‍ മത്സരിക്കുന്ന ശോച്യാവസ്ഥയ്ക്കാണ് സ്വതന്ത്രഭാരതം സാക്ഷിയായത്. അവര്‍ക്ക് ബാബറും അലക്‌സാണ്ടറും അക്ബറും മഹാന്മാരായി. കനിഷ്‌ക്കനെയും ചന്ദ്രഗുപ്തനെയും രാജരാജചോളനെയും കോത്തറാണിയെയും കിരണ്‍ദേവി റാത്തോറിനെയും പൃഥ്വിരാജ് ചൗഹാനെയും മഹാറാണാ പ്രതാപ് സിംഹനെയും ഛത്രപതി ശിവാജിയെയും അവര്‍ ഇരുട്ടിലാഴ്ത്തി. കുട്ടികളുടെ പാഠപുസ്തകങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പഠിപ്പിച്ച് അവര്‍ക്ക് ദേശാഭിമാനവും രാജ്യസ്‌നേഹവുമില്ലാതാക്കാനും നമ്മുടെ രാജ്യത്തെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത വിദേശികളെ മഹത്വവല്ക്കരിച്ചുകൊണ്ട് പിഞ്ചുമനസ്സുകളില്‍ അപകര്‍ഷതയുടെ വിത്തു പാകാനുമാണ് വളച്ചൊടിപ്പുചരിത്രകാരന്മാര്‍ എന്ന ദിമാഗി നക്‌സലിസത്തിന്റെ പൂര്‍വ്വസൂരികള്‍ ഉറക്കമിളച്ചദ്ധ്വാനിച്ചത്.
ഇതുപോലെയുള്ള ദിമാഗി നക്‌സലുകളുടെ നിരന്തരമായ ആക്രമണങ്ങള്‍കൊണ്ട് കീര്‍ത്തിഭംഗം വന്ന സ്വാതന്ത്ര്യസമരസേനാനിയാണ് വീര്‍ സവര്‍ക്കര്‍ എന്ന ധീരദേശാഭിമാനി. ഏറ്റവും കൂടുതല്‍ കാലം ജയില്‍വാസമനുഭവിച്ച സ്വാതന്ത്ര്യസമരപോരാളിയാരെന്ന് സവര്‍ക്കറെക്കുറിച്ച് ചോദ്യം ചോദിച്ച അദ്ധ്യാപകനു നേരിടേണ്ടി വന്ന യാതനകള്‍ നമ്മള്‍ പത്രത്തില്‍ വായിച്ചതാണല്ലൊ. അദ്ദേഹത്തിനു നേരെ കേരളസര്‍ക്കാര്‍ തൊടുത്ത സസ്‌പെന്‍ഷന്‍ എന്ന വജ്രായുധം തടുക്കാന്‍ പിന്നീട് കോടതി ഇടപെടേണ്ടി വന്നു.
1966 ഫെബ്രുവരി 28-ന് സവര്‍ക്കര്‍ മരിച്ചു നാലു വര്‍ഷത്തിനുശേഷം, കൃത്യമായി പറഞ്ഞാല്‍, 1970 മേയ് 28-ന് സവര്‍ക്കറുടെ പോസ്റ്റല്‍ സ്റ്റാമ്പിറക്കിയത് കോണ്‍ഗ്രസ്സുകാരിയായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം പാര്‍ലമെന്റില്‍ ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ടാണ് അന്ന് ദേശം ആ ദേശാഭിമാനിയെ ആദരിച്ചത്. പക്ഷേ, കാലം കടന്നു പോയപ്പോള്‍ രാഷ്ട്രീയത്തിന്റെ വികലമായ തിരനാടകങ്ങള്‍ക്കു വശപ്പെട്ട് രാജ്യത്തിനുവേണ്ടി നിസ്തന്ദ്രം പോരാടിയ ആ ഭാരതപുത്രനെ കാത്തിരുന്നത് ഷൂ നക്കിയെന്നും മഹാഭീരു എന്നുമൊക്കെയുള്ള ദുഷ്‌പ്പേരുകളായിരുന്നു.
1910 മുതല്‍ 1937 വരെയുള്ള ദീര്‍ഘമായ ഇരുപത്തേഴു വര്‍ഷക്കാലം ബ്രിട്ടീഷുകാരന്റെ തടവറയില്‍ ക്രൂരമര്‍ദ്ദനങ്ങള്‍ സഹിച്ച് നാളു നീക്കാന്‍ വിധിക്കപ്പെട്ട ധീരദേശാഭിമാനിയായിരുന്നു സവര്‍ക്കര്‍. ഗാന്ധിജി ആറു വര്‍ഷവും നെഹ്രു ഒന്‍പതു വര്‍ഷവും ജയില്‍ശിക്ഷയനുഭവിച്ചുവെന്ന് സ്‌ക്കൂളുകളില്‍ പഠിപ്പിച്ചപ്പോള്‍ സവര്‍ക്കറുടെ ജയില്‍ ജീവിതത്തിന്റെയും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെയും കഥ ആരും കാണാതെ ഇരുള്‍മൂടി കിടക്കാനാണ് വിധിക്കപ്പെട്ടത്. ഗാന്ധിജിക്കും നെഹ്രുവിനും ജയിലില്‍ കട്ടിലും മെത്തയും റേഡിയോവും ദിനപ്പത്രവുംപോലുള്ള സൗകര്യങ്ങള്‍ ബ്രിട്ടീഷുകാര്‍ കല്പിച്ചു നല്കിയപ്പോള്‍ മതിയായ ഭക്ഷണംപോലും ലഭിക്കാതെ ഒന്നിരിക്കാനോ കിടക്കാനോ പോലും അനുവാദമില്ലാതെ കൈകള്‍ രണ്ടും ചുമലിനു മുകളിലെ തടിയോടു ബന്ധിക്കപ്പെട്ട നിലയില്‍ നരകയാതനയനുഭവിക്കുകയായിരുന്നു സാവര്‍ക്കര്‍.
ജയിലിലെ ചക്കിനോട് ബന്ധിക്കപ്പെട്ട് ചക്കാട്ടാനും നടന്നു തളര്‍ന്ന് ഒന്നു നേരെ ചൊവ്വേ ശ്വാസമെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ചാട്ടവാറുകൊണ്ടുള്ള ക്രൂരതാഡനങ്ങള്‍ ഏല്ക്കാനും അദ്ദേഹത്തിന് വിധിപ്പെടേണ്ടി വന്നു. ഗാന്ധിജി രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനും എത്രയോ മുമ്പുതന്നെ സ്വാതന്ത്ര്യസമരത്തിന്റെ പോര്‍ക്കളത്തില്‍ അരയും തലയും മുറുക്കി അടവു തുടങ്ങിക്കഴിഞ്ഞിരുന്നു സവര്‍ക്കര്‍ എന്ന ധീരസേനാനി.
വീരസാവര്‍ക്കറിനെ ബ്രിട്ടീഷുകാരുടെ ഏജന്റെന്നു വിളിച്ചതിന് സുപ്രീംകോടതി ഒരിക്കല്‍ രാഹുല്‍ ഗാന്ധിയെ ശാസിച്ചതാണ്. Yours most obediently എന്ന് ബ്രിട്ടീഷ് അധികാരികള്‍ക്കുള്ള കത്തൊന്നില്‍ എഴുതിയതു കാരണമാണ് അങ്ങനെ വിളിക്കുന്നതെങ്കില്‍ മഹാത്മാഗാന്ധിയും രാഹുലിന്റെ മുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്രുവുമൊക്കെ അങ്ങനെ ചെയ്തിട്ടുണ്ടെന്നാണ് കോടതി അന്ന് രാഹുലിനോടു പറഞ്ഞത്.

രാജ്യത്തെ ദളിതന്മാര്‍ക്ക് വേദം നിഷേധിക്കപ്പെട്ട കാലത്ത് വേദോക്തബന്തിയിലൂടെ അതിനെതിരെ പോര്‍ തൊടുത്ത സമത്വവാദിയായിരുന്നു സാവര്‍ക്കര്‍. വ്യവസായബന്തി എന്ന ഉദ്യമത്തിലൂടെ ജാതീയമായ പാരമ്പര്യത്തൊഴിലുകള്‍ക്കതീതമായ പുരോഗമനപരമായ തൊഴിലുകളിലേക്ക് അദ്ദേഹം ഈ പതിതരെ കരുണയോടെ ആനയിച്ചു. സ്പര്‍ശബന്ദിയിലൂടെ സമപന്തിഭോജനം നടപ്പില്‍ വരുത്തിക്കൊണ്ട് അദ്ദേഹം ദളിത്‌വംശജരുടെ കൂടെ നിന്നു. മതം മാറിയവനെ പടിയടച്ചു പിണ്ഡം വെക്കുന്ന സമ്പ്രദായത്തിന് വിരാമമിട്ടുകൊണ്ട് അവനെ സനാതനമതത്തിലേക്ക് തിരികെ സ്വീകരിക്കുന്ന പദ്ധതിക്ക് അദ്ദേഹം തുടക്കമിട്ടു. റോട്ടിബന്ദിയിലൂടെ പന്തിഭോജനവും ബേട്ടിബന്ദിയിലൂടെ ജാത്യാന്തരവിവാഹവും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഇത്തരത്തില്‍ പതിതര്‍ക്കു തണലായി നിന്ന സമത്വവാദിയെയാണ് സഥിതിസമത്വത്തിന്റെ സ്വര്‍ഗ്ഗീയദൂതന്മാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന കമ്യൂണിസ്റ്റുകാരും അവസരവാദികളായ കോണ്‍ഗ്രസ്സുകാരും ഷൂനക്കിയെന്നു വിളിച്ചു വേട്ടയാടുന്നത്.
ബ്രിട്ടന്റെ മണ്ണില്‍ത്തന്നെ, ‘നവഭാരത് സൊസൈറ്റി’ എന്നൊരു സംഘടനയുണ്ടാക്കി അവരോടു പൊരുതിയ സവര്‍ക്കര്‍ കോണ്‍ഗ്രസ്സുകാര്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും അനഭിമതനായത് മുസ്ലീംലീഗിനെപ്പോലെയും ജമാ അത്തേ ഇസ്ലാമിയെപ്പോലെയുമുള്ള വര്‍ഗ്ഗീയസംഘടനകളെ പ്രീണിപ്പിക്കാനാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. അല്ലെങ്കിലും, തങ്ങള്‍ പിന്തുടരുന്ന പോരാട്ടപാതയിലൂടെത്തന്നെ ബ്രിട്ടീഷുകാരെ നേരിട്ട സുഭാഷ്ജിപോലും കമ്യൂണിസ്റ്റുകാര്‍ക്ക് ജപ്പാന്റെ കാല്‍നക്കിയായിരുന്നുവല്ലൊ.
വന്ദേമാതരത്തെ ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഉരിയാടിക്കൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റാന്‍ കവി സച്ചിദാനന്ദനും കാലത്തിനൊത്ത് കഠിനവ്യായാമം ചെയ്യുന്നുണ്ട്. 1905-ല്‍ ബംഗാളില്‍, മതദേദമെന്യേ ജനങ്ങള്‍ ബ്രിട്ടനെതിരെ പോരാടുമ്പോള്‍ ഉയര്‍ത്തിയ ദേശഭക്തിഗീതമായിരുന്നു വന്ദേമാതരം. അന്ന് കോണ്‍ഗ്രസ്സുകാരാണ് വന്ദേമാതരത്തിന്റെ പ്രയോക്താക്കളും പ്രചാരകരുമായി വിളങ്ങിയത്. ഇന്ന് അതേ കോണ്‍ഗ്രസ്സ് ഭരിക്കുന്ന കേരളത്തിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ വന്ദേമാതരം ആലപിക്കാതിരുന്നിട്ടുണ്ടെങ്കില്‍ അത് മുസ്ലീംലീഗെന്ന വര്‍ഗ്ഗീയസംഘടനയെ ഭയപ്പെടുന്നതുകൊണ്ടു മാത്രമാണ്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന കര്‍ണ്ണാടകത്തിലും തെലുങ്കാനയിലും ഹിമാചലിലും എല്ലാം പരിപൂര്‍ണ്ണമായിത്തന്നെ വന്ദേമാതരം ആലപിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ കേരളത്തില്‍ മാത്രം എന്താണ് വി.ഡി. സതീശനെ അതില്‍ നിന്നു തടുത്തുനിര്‍ത്തിയത് എന്നറിയാന്‍ പാഴൂര്‍ പടിപ്പുരവരെ പോകേണ്ട കാര്യമൊന്നുമില്ല. ദില്ലിയിലെ കോണ്‍ഗ്രസ്സ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വന്ദേമാതരം അതിന്റെ പൂര്‍ണ്ണരൂപത്തില്‍ ആലപിക്കപ്പെട്ടപ്പോള്‍ സോണിയയും അസ്വസ്ഥയായിരുന്നു എന്നുള്ളതും ഇതിനോടു ചേര്‍ത്തു വായിക്കപ്പെടേണ്ടതാണ്.
1998-ല്‍, ഇന്ത്യ ആണവപരീക്ഷണം നടത്തി വിജയിച്ചപ്പോള്‍ ചിദംബരം ആണവനിരായുധീകരണത്തിന്റെ പേരും ചൊല്ലി അന്നത്തെ സര്‍ക്കാരിനെ എതിര്‍ക്കുകയാണ് ചെയ്തത്. പാകിസ്ഥാനും ചൈനയും അമേരിക്കയുംപോലുള്ള രാജ്യങ്ങള്‍ ഭാരതത്തോട് ശത്രുത പുലര്‍ത്താന്‍ ഇതു കാരണമാവുമെന്നാണ് അന്ന് ചിദംബരം പറഞ്ഞത്. ഇങ്ങനെയുള്ള ഒരാണവായുധമുണ്ടാക്കി സൂക്ഷിച്ചിട്ട് എന്താണു പ്രയോജനമെന്നും അത് ഇവിടെ സൂക്ഷിക്കുകയല്ലാതെ ശത്രുരാജ്യത്തേക്കു വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യ നമ്മുടെ നാടിന്റെ കൈവശമുണ്ടോ എന്നുമാണ് അദ്ദേഹം ചോദിച്ചത്. ഭാവിയില്‍ ലോകത്തെവിടെയുമുള്ള അതിസൂക്ഷ്മമായ കോണുകളിലേക്കുപോലും തൊടുത്തുവിടാന്‍ കഴിയുന്ന മിസൈലുകള്‍ ഭാരതത്തിന്റെ ആവനാഴിയില്‍ ഊഴവും കാത്തു കിടക്കുമെന്ന സത്യം അന്ന് പാവം ചിദംബരത്തിനറില്ലായിരുന്നുവല്ലൊ. അതിര്‍ത്തിപ്രദേശങ്ങളെ അഭിവൃദ്ധിപ്പെടുത്താനുള്ള ശ്രമങ്ങളുപേക്ഷിക്കുന്നതാണ് ചൈനയെ പ്രകോപിപ്പിക്കാതിരിക്കുന്നതിലൂടെയുള്ള നല്ല പ്രതിരോധമെന്ന് പ്രചരിപ്പിച്ച എ.കെ. ആന്റണിയും അന്ന് ചക്കിക്കൊത്ത ചങ്കരനെപ്പോലെ ആശയപരമായി ചിദംബരത്തിന്റെ രാഷ്ട്രീയസഹയാത്രികനായിരുന്നു. സ്വന്തം കയ്യിലുണ്ടായിരുന്ന ആണവായുധം നശിപ്പിച്ചുകൊണ്ട് അമേരിക്കയുടെ നല്ല പുസ്തകത്തില്‍ ഇടം പിടിച്ച ഉക്രൈയിന്റെ ഇന്നത്തെ അവസ്ഥ, അന്ന് ചിദംബരത്തിന്റെ വാക്കിനു വശപ്പെട്ട് ഭാരതം നടന്നിരുന്നാലത്തെ സ്ഥിതി ത്രിമാനവ്യക്തയോടെ അടിവരയിട്ടടയാളപ്പെടുത്തുന്നുണ്ടല്ലൊ. ഇന്ന് പാകിസ്ഥാനും അറനൂറിലധികം ആണവായുധങ്ങള്‍ കൈവശമുള്ള ചൈനയുംപോലുള്ള രാജ്യങ്ങള്‍ ആണവശക്തി എന്ന പേരിലാണ് ഭാരതത്തോടേറ്റുമുട്ടാന്‍ ഭയപ്പെടുന്നത്. ഹിരോഷിമയ്ക്കും നാഗസാക്കിക്കും ശേഷം ആണവായുധങ്ങള്‍ എവിടെയും ഉപയോഗിക്കപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഭാരതത്തിന്റെ ആണവികപരിശ്രമങ്ങള്‍ വൃഥാവിലാണെന്നുമുള്ള ചിദംബരത്തിന്റെ 1998-ലെ പ്രസ്താവനയ്ക്കുള്ള മറുപടികൂടിയാണ് ഈ വസ്തുത.
യുപിഐയിലൂടെ നടത്താന്‍ പദ്ധതിയിട്ട ഡിജിറ്റല്‍ പേയ്‌മെന്റിനെക്കുറിച്ച് ചിദംബരം അന്ന് പ്രചരിപ്പിച്ചതെല്ലാം പരമാബദ്ധങ്ങളായിരുന്നു എന്ന് ജനങ്ങള്‍ സ്വാനുഭവങ്ങളിലൂടെ ഇന്ന് മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. ബുദ്ധിജീവി ചമഞ്ഞ് അന്നവതരിപ്പിച്ച പ്രസ്താവനകളെല്ലാം പരമഭോഷ്‌ക്കുകളൊയിരുന്നുവെന്ന് ബോധ്യമായിട്ടും ‘ദിമാഗി നക്‌സലായതില്‍ അഭിമാനിക്കുന്നു’ എന്നു വീരവാദമിളക്കുന്ന ചിദംബരം പയറ്റുന്നത് ‘എന്റെ മീശയില്‍ മണ്ണൊട്ടിയിട്ടില്ല’ എന്ന തന്ത്രംതന്നെയാണ്.
അതുപോലെത്തന്നെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതി ഇന്ത്യയില്‍ നടപ്പാക്കാന്‍ പറ്റില്ലെന്ന രാഹുലിന്റെ ദിമാഗി നക്‌സല്‍ വാദവും പരമാബദ്ധമായിരുന്നുവെന്ന് മോദി സര്‍ക്കാര്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ഭാരതത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ ബഹിരാകാശത്തെപ്പോലും ഭരിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.
ഇന്ദിരാഗാന്ധിയെപ്പോലെയും നരസിംഹറാവുവിനെയുംപോലുള്ള മഹാധീരശാലികള്‍ വാണ കോണ്‍ഗ്രസ്സിന്റെ പിന്‍ഗാമികളായിരുന്നു ചിദംബരവും എ.കെ. ആന്റണിയും രാഹുലും എന്നോര്‍ക്കണം. 1974-ല്‍ ഭാരതത്തിന്റെ ആണവോദ്യമങ്ങള്‍ക്ക് ധൈര്യപൂര്‍വ്വം തുടക്കമിട്ടത് ഇന്ദിരയായിരുന്നുവല്ലൊ. ഇന്ന് ചൈനയും പാകിസ്ഥാനും തുര്‍ക്കിയുമെല്ലാം കണ്ണുരുട്ടിക്കാണിച്ചിട്ടും ഭയപ്പെടാതെ നമ്മള്‍ നില്ക്കുന്നുണ്ടെങ്കില്‍ അതിനൊരു കാരണം നമ്മള്‍ സ്വായത്തമാക്കിയ ആണവസ്വയംപര്യാപ്തത തന്നെയാണ്.
ഇന്ന് ഉക്രയിനിലും ഇറാനിലുമെല്ലാം ശത്രുരാജ്യങ്ങള്‍ നിര്‍ഭയം കടന്നു മേയുന്നത് അവര്‍ക്ക് ആണവായുധങ്ങള്‍ ഇല്ലാത്തതുകൊണ്ടുതന്നെയാണ്. ഇറാന്‍ അതുണ്ടാക്കിക്കളയുമോ എന്ന ഭയമാണ് ഇന്ന് അമേരിക്കയുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നത്.
തമിഴ്‌നാട്ടിലെ കൂടങ്കുളത്ത് ആണവനിലയം ആരംഭിക്കുമ്പോഴും തിരുനല്‍വേലി ജില്ലയിലുള്ള ഇടന്തക്കരൈ എന്ന പ്രദേശത്തുള്ള ലൂര്‍ദ്ദ് മാതാ ചര്‍ച്ചിന്റെ അമരക്കാര്‍, ആ പ്രദേശത്ത് അണുപ്രസരമുണ്ടാവാന്‍ അതു കാരണമാകുമെന്ന് ദിമാഗി നക്‌സലിസമഴിച്ചുവിട്ട് അന്ന് തടസ്സം സൃഷ്ടിച്ചിരുന്നു. പല്ലവ് ഭാഗ്രയ്ക്കു നല്കിയ ഒരഭിമുഖത്തില്‍ നാടിന്റെ ഈദൃശങ്ങളായ പുരോഗമനോദ്യമങ്ങള്‍ക്കു തടപണിയാന്‍ ചില സംഘടനകളുടെ തണലില്‍ വിദേശ ഫണ്ടിന്റെ സഹായത്തോടെ നമ്മുടെ നാട്ടില്‍ പരിശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്ന് മന്‍മോഹന്‍ സിങ്ങും പ്രസ്താവിച്ചതാണല്ലൊ.
ചെമ്പുല്പാദനത്തിനുവേണ്ടി തുടങ്ങാനിരുന്ന സ്‌റ്റെറിലൈറ്റ് ലിമിറ്റഡിനു നേരെയും സമരമഴിച്ചുവിട്ട് ആ ഉദ്യമത്തെ തടസ്സപ്പെടുത്താന്‍ മുന്‍കയ്യെടുത്തതും ഇതുപോലുള്ള ദിമാഗി നക്‌സല്‍ സംഘടനകളുടെ പിന്‍തുണയോടെത്തന്നെയായിരുന്നു. സ്‌റ്റെറിലൈറ്റ് ലിമിറ്റഡ് പ്രവര്‍ത്തനമാരംഭിച്ചിരുന്നുവെങ്കില്‍ ഇന്ന് ചെമ്പിറക്കുമതി ചെയ്യുന്ന നമ്മുടെ രാജ്യത്തിന് അത് വലിയ തോതില്‍ത്തന്നെ ആശ്വാസമാകുമായിരുന്നു. ആ പ്രദേശത്തെ അന്തരീക്ഷവും കടലും മലിനമാവുമെന്ന ദിമാഗി നക്‌സലിസം വിപണനം ചെയ്താണ് സമരക്കാര്‍ ഈ ഉദ്യമത്തിന്റെ കടയ്ക്കല്‍ കത്തിവെക്കാന്‍ ശ്രമിച്ചത്.
കശ്മീരിന്റെ 370 അനുഛേദമനുസരിച്ചുള്ള പരിഗണനയെടുത്തു കളഞ്ഞപ്പോഴും ഇന്ന് ഗ്രേറ്റ് നിക്കോബാര്‍ ദ്വീപുകളില്‍ നമ്മുടെ നാട് തുറമുഖം പണിയാനൊരുങ്ങുമ്പോഴും കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റും പോലുള്ള പ്രതിപക്ഷപ്പാര്‍ട്ടികളെല്ലാം ദിമാഗി നക്‌സലിസം പയറ്റുകതന്നെയാണ് ചെയ്തത്.
വിദേശബാങ്കുകളില്‍ ഒളിച്ചു വെക്കപ്പെട്ടിരിക്കുന്ന, രാഷ്ട്രീയക്കാരുടെ അഴിമതിപ്പണം തിരികെ കൊണ്ടുവന്ന് ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്ന് മോദി വാക്കു തന്നിട്ടുള്ളതായി പ്രചരിപ്പിക്കപ്പെട്ട ഒരു കോണ്‍ഗ്രസ്സ്-കമ്യൂണിസ്റ്റ് ദിമാഗി നക്‌സലിസം പണ്ടും ഇതുപോലെ, കുറേ കാലം അരങ്ങു ഭരിച്ചതാണ്. വിദേശബാങ്കുകളില്‍ ഒളിച്ചു വെക്കപ്പെട്ടിരിക്കുന്ന, അഴിമതിപ്പണം തിരികെ കൊണ്ടുവന്ന് ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ അത് 15 ലക്ഷത്തോളമുണ്ടാവുമെന്നാണ് അന്ന് മോദി പറഞ്ഞത്. മോദിയുടെ ആ പ്രസ്താവനയെയാണ് ദുര്‍മ്മതികളായ രാഷ്ട്രീയപ്രതിയോഗികള്‍ ഇത്തരത്തില്‍ വളച്ചൊടിച്ച് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്.
രാജ്യസ്‌നേഹമോ തെറ്റായ ദിശയിലുള്ള അതിന്റെ സഞ്ചാരമോ ഒന്നുമല്ല ഈ പരിഷകളെ നട്ടാല്‍ കിളിര്‍ക്കാത്ത നുണകള്‍ പറഞ്ഞ് ബഹളമുണ്ടാക്കാനും പ്രതിഷേധജാഥകള്‍ സംഘടിപ്പിച്ച് പൊതുസ്ഥലങ്ങള്‍ ലഹളമയമാക്കുവാനും നിര്‍ബന്ധിക്കുന്നത്. അവര്‍ക്ക് നരേന്ദ്രമോദിയെ അധികാരനിഷ്‌ക്കാസനം ചെയ്യണം. അത്രയേ വേണ്ടൂ. ലോകത്തിലെ ഏറ്റവും ശക്തനും നേതൃപാടവവുമുള്ള രാഷ്ട്രീയനേതാവെന്ന ബഹുമതി തുടര്‍ച്ചയായി മുന്നു തവണ കരസ്ഥമാക്കിയ രാജ്യതന്ത്രജ്ഞന്‍, നയതന്ത്രസാമര്‍ത്ഥ്യംകൊണ്ട് ലോകരാജ്യങ്ങളെ ഭാരതത്തോടു ചേര്‍ത്തുനിര്‍ത്തിയ ഭരണാധികാരി, 120 വികസ്വര രാജ്യങ്ങളെക്കൊണ്ട് ഇന്ത്യയാണ് തങ്ങളുടെ മാതൃകാരാജ്യമെന്നു പറയിപ്പിച്ച പരിശ്രമശാലി, ലോകാടിസ്ഥാനത്തില്‍ നമ്മുടെ മിലിറ്ററിയെ മൂന്നാമത്തെ സ്ഥാനത്തേക്ക് എത്തിച്ച പ്രധാനമന്ത്രി, ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ആഗോളാടിസ്ഥാനത്തില്‍ മൂന്നാമത്തെയിടത്തേക്കെത്തിച്ച സാമ്പത്തികവിദഗ്ദ്ധന്‍, ഒരൊറ്റദിവസം 34 കിലോമീറ്റര്‍ വീതം റോഡും 12 കിലോമീറ്റര്‍ റെയില്‍വേ ലൈനും നിര്‍മ്മിച്ച് ഭാരതത്തിലെ സഞ്ചാരവ്യവസ്ഥയ്ക്ക് അദ്ഭുതകരമായ പുരോഗതി കൊണ്ടുവന്ന രാജ്യസ്‌നേഹി, ഒരേ ഒരു വര്‍ഷത്തിനുള്ളില്‍ 8 വിമാനത്താവളങ്ങളും രണ്ടു മെട്രോ സിസ്റ്റങ്ങളും വിജയകരമായി നിര്‍മ്മിച്ചുകാണിച്ച കര്‍മ്മപടു, 34 കോടി വിദ്യാര്‍ത്ഥികള്‍ക്ക് അതില്‍ത്തന്നെ, പാതിയിലധികം വരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് കറയറ്റ വിദ്യാഭ്യാസം നല്കി ലോകരാജ്യങ്ങളുടെ നിലവാരത്തിലെത്തിക്കാന്‍ വഴിയൊരുക്കിയ ആസൂത്രകന്‍ എന്നീ നിലകളിലെല്ലാം മാറോടുചേര്‍ക്കപ്പെടേണ്ട ഒരു നേതാവിനെയാണ് ഈ പരിഷകള്‍ താഴെയിറക്കാന്‍ ഉറക്കമൊഴിച്ചദ്ധ്വാനിക്കുന്നത്.
(തുടരും)






















