സപ്തംബര്‍ 14 വിനായകചതുര്‍ത്ഥി
ഗണപതിയുടെ ബഹുമുഖമായ വ്യക്തിത്വം നാനാതരം കഥകളിലൂടെയും ഐതിഹ്യങ്ങളിലൂടെയും നമുക്ക് സുപരിചിതമാണ്. ബ്രഹ്മവൈര്‍ത്ത പുരാണത്തില്‍ നാല്പത്തി ആറ് അധ്യായങ്ങളാണ് ഗണപതി ഖണ്ഡത്തിലുള്ളത്. സിദ്ധിക്കും ബുദ്ധിക്കും അധിപനായ ഗണപതി സര്‍വ്വവിഘ്‌ന ഹരനാണ്; ദേവതകള്‍ക്ക് പോലും അഭീഷ്ട വരദായകനായ വിനായകന്‍ പ്രണവ മന്ത്ര സ്വരൂപനുമാണ്.
വക്രതുണ്ഡനായ വിനായകന്‍ പലര്‍ക്കും പലതാണ്. ചിലര്‍ക്ക് കുസൃതിക്കാരനായ കുട്ടി. ചിലര്‍ക്ക് ജ്ഞാന സ്വരൂപന്‍, വേറെ ചിലര്‍ക്ക് വിഘ്‌ന നിവാരണന്‍. സിദ്ധി ബുദ്ധി പ്രദായകനായ ഗണേശന്‍ എല്ലാ തടസ്സങ്ങളെയും നീക്കി ജീവിതപാത സുഗമമാക്കുന്നു. അങ്ങിനെ സമ്പൂര്‍ണ്ണമായും മനുഷ്യാഭിലാഷങ്ങള്‍ സാക്ഷാത്കരിച്ച വിശ്വദേവനായി മാറുകയും ചെയ്യുന്നു. ഭൗതിക ജീവിതത്തിന്റെ സമ്പൂര്‍ണ്ണതക്ക് വേണ്ടി മറ്റേത് ദേവതയെക്കാളും ആദ്യ സ്മരണീയനായി നിലകൊള്ളുന്നവനും ഗണപതി ഭഗവാന്‍ തന്നെ.
മനുഷ്യന്‍ ജീവിക്കുന്ന ഇടങ്ങളിലെല്ലാം ഗണപതി ആരാധനയുണ്ട്. ഭൂതപ്രേതാദികളുടെ സ്വാധീനത്തില്‍ നിന്നും പ്രതിരോധിക്കുന്നതിനാല്‍ ദക്ഷിണ ഭാഗത്താണ് ഗണപതിയുടെ സ്ഥാനം. സന്തോഷദായകനും സന്താപനാശകനുമായ ഗണപതിയെ ഭാരതത്തില്‍ മാത്രമല്ല ആരാധിച്ചത്.അഫ്ഗാനിസ്ഥാന്‍ തൊട്ട് മദ്ധ്യ ഏഷ്യയുടെ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് അങ്ങ് പസഫിക് സമുദ്രത്തിലെ ബോര്‍ണിയോ വരെ ഗജമുഖമുള്ള മൂര്‍ത്തിയെ ആരാധിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
കരയിലെ ഏറ്റവും വലിയ മൃഗമാണ് ആന. ആനത്തല എന്ന പ്രയോഗം തന്നെ വലുപ്പത്തിന്റെ അടയാളവുമാണല്ലോ. ഈശ്വരന്റെ രൂപകല്‍പ്പനയിലെ ചമല്‍ക്കാരങ്ങള്‍ പരിശോധിച്ചാല്‍ അവയിലെല്ലാം മഹാതത്ത്വങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കാണാം. ഈ ഭൂമിയില്‍ ആനക്ക് മാത്രമേ തുമ്പിക്കരമുള്ളു. ഏറ്റവും ചെറുതും അതോടൊപ്പം ഏറ്റവും വലുതുമായ വസ്തുക്കളെ എടുത്തുമാറ്റാന്‍ കഴിയുന്ന തുമ്പിക്കൈ എപ്പോഴും കര്‍മ്മനിരതമാണ്. ഒരു ആദ്ധ്യാത്മിക സാധകന് പ്രകൃതിയിലെ ചെറുതും വലുതുമായ വസ്തുക്കളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഇതില്‍ നിന്നുതന്നെ മനസ്സിലാക്കാമല്ലോ.
ഗജശീര്‍ഷത്തിലെ എപ്പോഴും ആട്ടിക്കൊണ്ടിരിക്കുന്ന ചെവികള്‍ക്ക് ഏത് ചെറിയ ശബ്ദവും പിടിച്ചെടുക്കാന്‍ കഴിയും. ‘ഭദ്രം കര്‍ണ്ണേഭിഃ ശ്രുണുയാമ ദേവാഃ’ എന്റെ ചെവികള്‍ക്ക് നല്ലത് കേള്‍ക്കാന്‍ കഴിയണമേ എന്ന ഉപനിഷത്ത് മന്ത്രത്തിന്റെ വിളംബരമാണ് ഈ ആന ചെവിയാട്ടം. വലിയ തലയിലെ ചെറിയ കണ്ണുകള്‍ സൂക്ഷ്മദര്‍ശിയാകാന്‍ പറയുകയാണ്.
വിനായക ശിരസ്സിനെ നിരീക്ഷിച്ചാല്‍ പ്രണവ രൂപം കാണാം. അതിന് ശംഖിനോടും സാമ്യമുണ്ട്. ശാഖനാദം പോലെയാണല്ലോ ചിഹ്നം വിളി. യോഗീശ്വരനായ പരശുരാമന്‍ ഛേദിച്ച ഒറ്റക്കൊമ്പ് അദ്വൈതഭാവത്തെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. ഏകദന്തം ഏകാഗ്രതയുടെയും ത്യാഗത്തിന്റെയും പ്രതീകമാണ്. മനോബുദ്ധ്യഹങ്കാര ചിത്തങ്ങളാകുന്ന കൈകള്‍ നാലാണ്.
ഒരു കൈയില്‍ കാണുന്ന പാശം ഭക്തന്റെ മനോ കാമനകളെ ബന്ധിച്ചു അവനെ ആത്മീയ തലത്തിലേക്ക് കൊണ്ടുപോകുന്നതിന്റെ സൂചനയാണ്. മറ്റൊരു കൈയിലെ തോട്ടി ശരിയായ വഴിയിലൂടെ നയിക്കാനും, മഴു തടസ്സങ്ങളെ വെട്ടി മാറ്റാനും, മോദകം ആത്മീയ ആനന്ദത്തെ പ്രദാനം ചെയ്യുന്നതുമാണ്.
ബാലഗണപതിയും തരുണ ഗണപതിയും വീര ഗണപതിയും നൃത്ത ഗണപതിയും മഹാഗണപതിയും മനുഷ്യന്റെ നിഷ്‌കളങ്കതയുടെയും ഊര്‍ജ്ജസ്വലതയുടെയും, ധീരതയുടെയും, കര്‍മ്മനിരതയുടെയും, ആദ്ധ്യാത്മികതയുടെയും ഭിന്ന ഭാവങ്ങളാണ്. വിഘ്‌നേശ്വരന് ഒരു തേങ്ങയുടച്ചേ ഏതൊരു കര്‍മ്മവും തുടങ്ങാവൂ എന്ന് പറയുന്നതിന്റെ പൊരുള്‍ എന്താണ്.
നമ്മുടെ ഉള്ളിലെ അഹങ്കാരങ്ങള്‍ ഈശ്വരന്റെ മുന്നില്‍ എറിഞ്ഞുടക്കുമ്പോള്‍ ഉള്ളിലെ സത്വഗുണമാകുന്ന വെണ്മ പുറത്തേക്ക് വരുന്നു. അഹംബോധമാകുന്ന തേങ്ങയുടെ കഠിനമായ പുറംതോട് സര്‍വ്വ വിഘ്‌ന ഹരനായ ഗണേശന്റെ മുന്നിലാണ് ഉടക്കുന്നത്. അത് ഈശ്വരനിലേക്കുള്ള ശുദ്ധമായ ഭക്തിയും, സര്‍വ്വ വിഘ്‌നങ്ങളും നീങ്ങുവാനുള്ള പ്രാര്‍ത്ഥനയുമാണ്.
ബുദ്ധിയുടെയും ജ്ഞാനത്തിന്റെയും പതിയായ ഗണേശനെ വിദ്യാരംഭം മുതല്‍ പ്രാര്‍ത്ഥിച്ചു തുടങ്ങും. വിദ്യയുടെ ദേവത സരസ്വതിയും വിഘ്‌നങ്ങള്‍ ഹരിക്കുന്ന ദേവത ഗണപതിയുമാണ്. ഹരി ശ്രീ ഗണപതയേ നമഃ എന്ന ആദ്യ മന്ത്രം കുറിച്ചാണല്ലോ വിദ്യാഭ്യാസം തുടങ്ങുന്നത് തന്നെ.
ശരീരത്തിലെ മൂലാധാര ശക്തിയുടെ ദേവനായ ഗണപതി നമ്മുടെ അറിവില്ലായ്മയെ നീക്കി പ്രകാശത്തിലേക്ക് നയിക്കുന്നു. വലിയ ചെവികള്‍ പ്രപഞ്ച നാദം കേള്‍ക്കുന്നതിനും, ചെറിയ കണ്ണുകള്‍ സൂക്ഷ്മത്തെ കാണുന്നതിനും, വലിയ തുമ്പിക്കരം കര്‍മ്മ കുശലത ആര്‍ജിക്കേണ്ടതിനെയും, മറഞ്ഞിരിക്കുന്ന വായ വാക്കുകളുടെ നിയന്ത്രണത്തെയും ധ്വനിപ്പിക്കുന്നു. സര്‍വ്വചരാചരങ്ങളിലും ദര്‍ശിക്കുന്ന അദ്വൈതാനുഭൂതി തന്നെയാണ് ശ്രീ ഗണപതി.
സിദ്ധിയും ബുദ്ധിയും ആണ് രണ്ട് ഭാര്യമാര്‍. സിദ്ധി കൊണ്ടും ബുദ്ധികൊണ്ടും ഗണപതി ബ്രഹ്മത്തെ ഭരിക്കുന്നു. സൂക്ഷ്മമായ ചിന്താശക്തിയായി ബുദ്ധിയേയും, അതിലൂടെ ആര്‍ജിക്കുന്ന സിദ്ധിയേയും പത്‌നിമാരായി സങ്കല്‍പ്പിച്ചിരിക്കുന്നതിന്റെ സാംഗത്യം ഇതാണ്. ചുവന്ന ആട അണിഞ്ഞ് മഞ്ഞ താമരപ്പൂവില്‍ ഇരിക്കുന്ന ഗണപതി ഭഗവാന്‍ പ്രപഞ്ചത്തിന്റെ അനന്തതയെയാണ് സൂചിപ്പിക്കുന്നത്.
ഗണപതിയുടെ തുമ്പിക്കരത്തിന്റെ ദിശക്ക് വളരെ പ്രാധാന്യമുണ്ട്. തുമ്പിക്കൈ വലത്തോട്ട് തിരിഞ്ഞാണെങ്കില്‍ അത് ദക്ഷിണാമൂര്‍ത്തി ഭാവമാണ്. താന്ത്രിക കര്‍മ്മങ്ങളില്‍ ഈ രൂപത്തിലുള്ള ഗണപതിയെയാണ് പൂജിക്കുന്നത്. സിദ്ധി വിനായക ക്ഷേത്രത്തില്‍ വലംപിരി ഗണപതിയാണ് പ്രതിഷ്ഠ. തുമ്പിക്കരം ഇടത്തോട്ട് തിരിഞ്ഞ ഗണപതി ഇഡ നാഡിയായ ചന്ദ്രനാഡിയെ സൂചിപ്പിക്കുന്നു. ഈ ഭാവം ഐശ്വര്യവും ശാന്തിയും മനഃസമാധാനവും നല്‍കുന്നു. തുമ്പിക്കൈ മുകളിലേക്ക് ഉയര്‍ത്തിയ ഗണപതി വിഗ്രഹങ്ങള്‍ പരമോന്നത ജ്ഞാന ദായകവും, നേരെ താഴേക്ക് തൂങ്ങിക്കിടക്കുന്ന തുമ്പിക്കരം ആത്മീയതയുടെ ഉന്നതിയും സുഷുമ്‌നാ നാഡിയുടെ പ്രതീകവുമാണ്.
കൃഷ്ണപക്ഷത്തിലെ നാലാം ദിവസമായ ചതുര്‍ത്ഥി സര്‍വ്വ കര്‍മ്മങ്ങള്‍ക്കും അശുഭകരമാണ്. വിനായകന്‍ ചന്ദ്രനെ ശപിച്ച ദിനത്തില്‍ എല്ലാ വിനാശവും ഒഴിവാക്കാന്‍ ഗണപതിയെ പൂജിക്കുന്നത് ശ്രേഷ്ഠമാണ്. ഗണേശ ചതുര്‍ത്ഥി നാളില്‍ ചന്ദ്രനെ കണ്ടാല്‍ ദുഷ്‌പ്പേര് കേള്‍ക്കേണ്ടിവരും എന്നാണ് വിശ്വാസം. സ്യമന്തക മണിയുടെ പേരില്‍ ശ്രീകൃഷ്ണനും ദുഷ്‌പേര് കേള്‍ക്കേണ്ടി വന്നിട്ടുണ്ടല്ലോ.
സാര്‍വ്വജനീകമായി ഇന്ന് കൊണ്ടാടുന്ന ഗണേശോത്സവങ്ങള്‍ക്ക് ചരിത്രപരമായ ഒരു പ്രത്യേകത കൂടിയുണ്ട്. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മഹാരാഷ്ട്രയിലാണ് ഇതിന് തുടക്കം കുറിച്ചത്. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ ജനത ആവേശപൂര്‍വം പങ്കെടുക്കാന്‍ അവരുടെ വലിയ സംയോജനം വേണമെന്ന് കണ്ട ലോകമാന്യ ബാലഗംഗാധര തിലകനാണ് സാര്‍വജനീക ഗണേശോത്സവത്തിന് തുടക്കം കുറിച്ചത്.
ഹൈന്ദവ വിശ്വാസികളെ ഉച്ചനീചത്വങ്ങള്‍ ഇല്ലാതെ, അവര്‍ണ്ണ സവര്‍ണ്ണ ഭേദമില്ലാതെ ഒരേ ധാരയില്‍ കൊണ്ടുവരാന്‍ ഗണേശോത്സവങ്ങള്‍ക്ക് കഴിഞ്ഞു. വഴിനീളെ വലിയ പന്തലുകളില്‍ കൂറ്റന്‍ ഗണപതി പ്രതിമകള്‍ സ്ഥാപിച്ചു ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ നടത്തി. ഭക്തി ഗാനങ്ങളും ഭജനയും ആരതിയും നൃത്ത നൃത്യങ്ങളും കഥാകഥനങ്ങളും ദേശഭക്തിഗാനങ്ങളും ആഘോഷങ്ങള്‍ക്കു മിഴിവേകി.
അങ്ങനെ മഹാരാഷ്ട്രയില്‍ വളര്‍ന്ന ഈ പ്രസ്ഥാനം ഗണേശഭക്തിയുടെ ആവേശത്തില്‍ സ്വാതന്ത്ര്യസമര ധാരയിലേക്ക് ആവാഹിച്ചു. ഛത്രപതി ശിവാജിയുടെ സേനകളെ അനുസ്മരിപ്പിച്ചുകൊണ്ട് സൈനിക വേഷം ധരിച്ച യുവാക്കള്‍ ഗണേശോത്സവങ്ങള്‍ക്ക് ആവേശം പകര്‍ന്നു. ഗണപതി വിഗ്രഹങ്ങളെ വഹിച്ചുകൊണ്ടുള്ള മഹാഘോഷയാത്രകള്‍ മഹാരാഷ്ട്രയുടെ ക്ഷാത്രവീര്യത്തെ സടകുടഞ്ഞെഴുന്നേല്‍പ്പിച്ചു.
തെരുവുകളില്‍ പൂജിച്ച ഗണപതി വിഗ്രഹങ്ങള്‍ കടലില്‍ ജനതയെ ഭക്തിസാഗരത്തിലാറാടിച്ച് നിമഞ്ജനം ചെയ്യാന്‍ കൊണ്ടുപോകുമ്പോള്‍ രാജപാതകള്‍ ആവേശ കടലാകും. പാട്ടും നൃത്തവും വാദ്യമേളങ്ങളും അകമ്പടി സേവിക്കും. അതിമനോഹരമായി അലങ്കരിച്ച ഗണേശ വിഗ്രഹങ്ങള്‍ ഒടുവില്‍ സമുദ്രത്തില്‍ നിമഞ്ജനം ചെയ്യും. പ്രപഞ്ചത്തിലെ ചെറുതും വലുതുമായ സകല സൃഷ്ടിയും ഒടുവില്‍ ജന്മദൗത്യം പൂര്‍ത്തിയായാല്‍ പ്രകൃതിയിലേക്ക് തന്നെ വിലയനം ചെയ്യുകയും ചെയ്യുന്നു. ഇതാണ് വിനായക ചതുര്‍ത്ഥിയുടെ മഹത്തായ സന്ദേശം.



















