ജാതിസംവരണത്തെ ആര്‍എസ്എസ് എങ്ങിനെയാണ് നോക്കിക്കാണുന്നത്?
ഹിന്ദുസമാജത്തിന്റെ ഏകത്വത്തിനുവേണ്ടിയാണ് ആര്‍എസ്എസ് നിലകൊള്ളുന്നത്. ഹിന്ദുസമൂഹ ത്തിന്റെ ഏതൊരു കൂട്ടായ്മയെയും തകര്‍ക്കാന്‍ ജാതിയെയും സംവരണ വിഷയത്തെയും സമര്‍ത്ഥമായി ഉപയോഗിച്ചാല്‍ കഴിയും. എന്നാല്‍ ബ്രിട്ടീഷ് കോളനി ഭരണം തുടങ്ങിവച്ച വിഭജിച്ചു ഭരിക്കുക എന്ന തന്ത്രമാണ് സ്വാതന്ത്ര്യാനന്തരം മതേതര രാഷ്ട്രീയത്തിന്റെ വക്താക്കളും സ്വീകരിച്ചത്. അതുകൊണ്ട് തന്നെ ജാതിയെ മുന്നില്‍നിര്‍ത്തി രാഷ്ട്രീയലാഭം കൊയ്യുകയാണ് അവര്‍ ചെയ്യുന്നത്. ഹിന്ദു ഏകീകരണ ശ്രമങ്ങള്‍ ജാതി എന്ന മഹാവിപത്തിനു മുന്നില്‍ പരാജയപ്പെടുകയാണ് പതിവ്. സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഹിന്ദു ഏകീകരണം ലക്ഷ്യമാക്കിയിരുന്നെങ്കിലും ജാതിയുടെ കരുത്തിനെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥ ജാതിവോട്ട് ബാങ്കുകള്‍ക്ക് സഹായകവുമായി. ഹിന്ദു സമാജത്തിന്റെ ക്യാന്‍സര്‍ ബാധയായി ജാതിവ്യവസ്ഥ ഇന്നും തുടരുകയാണ്.
ജാതിപരമായ വിവേചനങ്ങള്‍ക്ക് ഹിന്ദു ദര്‍ശനങ്ങളുടെ പിന്തുണ ഇല്ലാതിരുന്നെങ്കിലും നൂറ്റാണ്ടുകളോളം സമൂഹം ജാതി വിവേചനത്തിന്റെ വിളനിലമായിരുന്നു. അയിത്തവും അസ്പൃശ്യതയും ബഹുഭൂരിപക്ഷത്തെ സാമൂഹിക-സാമ്പത്തിക പിന്നാക്ക കയത്തിലാക്കി. സ്വാതന്ത്ര്യാനന്തരം എല്ലാ വരെയും തുല്യരായി കാണുന്ന ഭരണഘടന നാം സ്വീകരിച്ചെങ്കിലും സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ വച്ചുനോക്കുമ്പോള്‍ ഏകത്വം പ്രദാനം ചെയ്തിരുന്നില്ല. നൂറ്റാണ്ടുകളോളം വിദ്യാഭ്യാസരംഗത്തുനിന്നും ഭരണരംഗത്തുനിന്നും അകറ്റി നിര്‍ത്തപ്പെട്ട ജനസമൂഹങ്ങള്‍ ഒരുദിവസംകൊണ്ട് ശാക്തീകരിച്ച് ഉപരിവര്‍ഗ്ഗത്തോടൊപ്പം എത്താന്‍ കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ ഹിന്ദു സമാജത്തിന്റെ പൊതുവായ ശ്രദ്ധയും കരുതലും പിന്തുണയും അടിസ്ഥാന ജനസമൂഹത്തോട് ഉണ്ടാവണം. സര്‍ക്കാര്‍ സര്‍വ്വീസിലും പൊതുവിദ്യാഭ്യാസരംഗത്തും പ്രവേശനത്തിന് മത്സരപരീക്ഷകള്‍ ഉള്‍പ്പെടെ ചില മാനദണ്ഡങ്ങള്‍ ഉണ്ടാവും. സ്വാഭാവികമായും ഈ മേഖലകളില്‍ തുല്യപങ്കാളിത്തം ലഭിക്കുന്നതിന് ജാതിപരമായ വിവേചനം നേരിട്ട ജനസമൂഹങ്ങള്‍ക്ക് ചില പരിരക്ഷകള്‍ വേണ്ടിവരും. നിലവിലെ സംവരണം ഈ പരിരക്ഷയാണ്. മറ്റു വിഭാഗങ്ങളോടൊപ്പം സാമൂഹികമായും, വിദ്യാഭ്യാസപരമായും പിന്നാക്കമായ വിഭാഗങ്ങള്‍ മത്സരക്ഷമത നേടുമ്പോള്‍ സ്വാഭാവികമായും സംവരണം ഇല്ലാതാവും. നിലവിലെ സാമൂഹിക അന്തരീക്ഷം സംവരണം ഒഴിവാക്കുന്നതിന് പ്രാപ്തമായിട്ടില്ല. ശ്രദ്ധേയമായ വസ്തുത കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മഹാഭൂരിപക്ഷം ഹിന്ദുക്കളും സംവരണത്തിന്റെ പരിരക്ഷയില്‍പ്പെടുന്നവരാണ്. ഉദാഹരണത്തിന് കേരളത്തിലെ ഹിന്ദുക്കളില്‍ 77 ശതമാനം സംവരണയോഗ്യരാണ് (സംവരണം ലഭിക്കുന്ന സമൂഹം). എന്നാല്‍, 2019 ല്‍ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സിറ്റുകള്‍ സംവരണം ചെയ്യുന്ന 103-ാം ഭരണഘടനാഭേദഗതി നരേന്ദ്രമോദിസര്‍ക്കാര്‍ നടപ്പാക്കിയതോടെ ജാതിസംവരണത്തിന് പുതിയ നിയമം കൈവന്നു. ഹിന്ദു സമൂഹത്തിലെ എല്ലാവിഭാഗങ്ങള്‍ക്കും ഇന്ന് ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ സംവരണത്തിന്റെ പരിഗണന ലഭിക്കുന്നു.
അയല്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല ദേശീയതലത്തിലും ഇതുതന്നെയാണ് അവസ്ഥ. സംവരണവിഷയത്തില്‍ ആര്‍എസ്എസ്സിന്റെ നിലപാടുകള്‍ വ്യക്തവും പ്രായോഗികവുമാണ്. അത് ഹിന്ദുസമാജത്തിന്റെ പൊതുവികാരത്തെ പ്രതിനിധീകരിക്കുന്നു. ജാതിപരമായ വിവേചനങ്ങള്‍ തുടരുന്ന കാലത്തോളം സംവരണം തുടരണം എന്നതാണ് ആര്‍എസ്എസ് കാഴ്ച പ്പാട്. സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഈ അഭിപ്രായം പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.


















