നേരേ മുന്നിലായി തകര്‍ന്ന കോട്ടകള്‍.
ഇഴയടുപ്പങ്ങള്‍ അകന്ന കല്ലുകള്‍
ചിതറിയ വഴികള്‍.
ആരുമില്ലാത്ത ഇടങ്ങളിലേക്ക് വീണ
നിഴല്‍രൂപങ്ങളിലൂടെ ചരിത്രം
പതിയെ നടന്നു കയറുന്നു.
കൈകള്‍ കോര്‍ത്തു പിടിയ്ക്കുമ്പോഴും
ഊര്‍ന്നു പോവുന്നുണ്ട് നാം കണ്ട കിനാവുകള്‍.
പകുതിയില്‍ പാടി നിര്‍ത്തിയ പാട്ട് പോലെ.
തെളിമയാര്‍ന്ന ഭൂതകാലങ്ങളിലേക്ക്
അധിനിവേശത്തിന്റെ കുളമ്പടിയൊച്ചകള്‍.
മരിച്ചിട്ടും മരിക്കാത്ത ഓര്‍മ്മകളുമായി
തകര്‍ന്നു പോയ കോട്ടകള്‍.
വക്കടര്‍ന്ന ശിലകളുടെ കഥ പറച്ചിലുകള്‍
മുറിവുകള്‍ തുന്നിക്കെട്ടിയ ചിത്രത്തൂണുകളുടെ
പതം പറച്ചിലുകള്‍.
കുങ്കുമം പടര്‍ന്നൊരു വെള്ളിത്താലത്തില്‍ നിന്ന്
പഴയ കാലങ്ങളുടെ നിര്‍ത്താതെയുള്ള
നിലവിളികള്‍.
തകര്‍ന്നു പോയ കോട്ടകള്‍ എപ്പോഴും
ചരിത്രങ്ങളെ രണ്ടായി വേര്‍തിരിക്കുന്നു.
എന്നില്‍ നിന്ന് എന്നിലേക്കുള്ള ദൂരമളന്ന്
ഞാന്‍ മറുകരയെത്തുന്നു.
കാലത്തെ നെടുകെ മുറിച്ച കോട്ടകള്‍
ഇപ്പോഴും മങ്ങാതെ നില്പ്പുണ്ട്
ചരിത്രത്തിന്റെ വെളിമ്പറമ്പുകളില്‍.






















