സംസ്ഥാനത്ത് ഹൈന്ദവ ധര്‍മ്മാചാര്യന്മാര്‍, ആധ്യാത്മികകേന്ദ്രങ്ങള്‍, ക്ഷേത്രങ്ങള്‍, ആചാരപദ്ധതികള്‍, പൂജാപദ്ധതികള്‍ തുടങ്ങിയവയെല്ലാം അടിക്കടി അവഹേളനത്തിനും അധിക്ഷേപത്തിനും വിധേയമാവുകയാണ്. നിരീശ്വരവാദ പ്രസ്ഥാനങ്ങള്‍, നേതാക്കള്‍, അതിവിപ്ലവ സംഘടനാ നേതാക്കള്‍, ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എന്നിവരെല്ലാം ഹിന്ദു സമാജത്തെ അധിക്ഷേപിക്കാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇവാഞ്ചലിസ്റ്റും, തികഞ്ഞ ഹിന്ദുവിരുദ്ധനുമായ സണ്ണി എം. കപിക്കാടില്‍ നിന്നും ഉണ്ടായ അധിക്ഷേപ വാക്കുകള്‍. തിരൂര്‍ തുഞ്ചത്തെഴുത്തെഴുത്തച്ഛന്‍ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനി അനഘ ശശി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു പ്രസംഗിക്കവേ സമരവിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത ശബരിമലയും, അയ്യപ്പനും, മാളികപ്പുറത്തമ്മയും, പ്രതിപാദ്യവിഷയമായതും നികൃഷ്ടവും, മ്ലേച്ഛവുമായ അധിക്ഷേപവാക്കുകള്‍ ഉപയോഗിച്ചതുമാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണമായത്.
അയ്യപ്പന്‍ മാളിക പുറത്തമ്മയെ നേരില്‍ കണ്ടാല്‍ ബ്രഹ്മചര്യം ഇല്ലാതാകുമെന്നും അയ്യപ്പന്‍ ബലാത്സംഗവീരനാണ് എന്നുമാണ് സണ്ണി പറഞ്ഞത്. ലോകത്തെ മറ്റേതെങ്കിലും മതങ്ങളുടെ ബിംബങ്ങളെ ഇതുപോലെ അവഹേളിക്കാന്‍ സണ്ണി കപിക്കാട് തയ്യാറാകുമോ? എന്തുപറഞ്ഞാലും ഹിന്ദുക്കള്‍ സഹിക്കും എന്നതുകൊണ്ടാണോ ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഹിന്ദു സമാജത്തെ ആര്‍ക്കും എപ്പോഴും അധിക്ഷേപിക്കാം എന്ന പ്രവണത മാറേണ്ടതും, മാറ്റേണ്ടതുമാണ്. ആര്‍ക്കും കൊട്ടാന്‍ പാകത്തിന് വഴിവക്കിലെ തെങ്ങില്‍ കെട്ടിയിട്ട ചെണ്ടയല്ല ഹിന്ദു സമാജം. ഒരു മതസമൂഹത്തിന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും ഇതരമതവിശ്വാസിക്ക് വിമര്‍ശിക്കാന്‍ അവകാശമില്ല, സ്വന്തം മതവിശ്വാസത്തെ പരിഷ്‌കരിക്കുവാനും, നവീകരിക്കാനുമാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്. ഹിന്ദുമതത്തെയും വിശ്വാസത്തെയും ആചാരത്തെയും നവീകരിക്കാനും പരിഷ്‌കരിക്കാനും ശ്രമിക്കുന്നവര്‍ ക്രൈസ്തവ, ഇസ്ലാമിക വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നുണ്ടോ?
സംസ്ഥാനത്തെ ഭൂരിപക്ഷ സമൂഹത്തിന് ഒരു നീതിയും, ഇതര മതസ്ഥര്‍ക്ക് മറ്റൊരു നീതിയും എന്ന അവസ്ഥ മതവിവേചനമാണ്. ഈ സംഭവത്തില്‍ കേരളത്തിന്റെ ആഭ്യന്തര വകുപ്പ് മൗനം ദീക്ഷിച്ചത് ബോധപൂര്‍വമാണ്. സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവന്നപ്പോള്‍ സണ്ണി കപിക്കാടിനെതിരെ കേസെടുത്തു എന്നാണ് ആഭ്യന്തര മന്ത്രി പറയുന്നത്. സര്‍ക്കാരിന്റെയും, ആഭ്യന്തര വകുപ്പിന്റെയും നിര്‍ദ്ദേശപ്രകാരം ദുര്‍ബലമായ വകുപ്പ് ചുമത്തി കേസെടുത്ത് സണ്ണി കപിക്കാടിനെ രക്ഷിച്ചെടുക്കുകയും കേസിനെ അട്ടിമറിക്കുകയുമാണ് പോലീസ്. സ്റ്റേഷന്‍ ജാമ്യംലഭിക്കുന്ന ദുര്‍ബലവകുപ്പാണ് സണ്ണിക്കെതിരെ ചാര്‍ജ് ചെയ്തത്. ഇതുവഴി കേസിനാസ്പദമായ സംഭവത്തെയും കപിക്കാട് നടത്തിയ പ്രസ്താവനയെയും, കേസിനെ തന്നെയും ദുര്‍ബലപ്പെടുത്തുകയാണ് ആഭ്യന്തരവകുപ്പ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയ കേസില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്തിട്ടില്ല. ഭാരതീയ നിയമസംഹിത പ്രകാരം 197, 198 വകുപ്പുകള്‍ പ്രകാരം കേസ് എടുക്കാമെന്നിരിക്കെ ബിഎന്‍എസ് 192 എന്ന വകുപ്പാണ് ചുമത്തിയത്. സണ്ണി കപിക്കാടിന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിലൂടെ നൂറുകണക്കിന് പരാതികള്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമര്‍പ്പിക്കപ്പെട്ടു. പ്രതിഷേധ പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ സംസ്ഥാനവ്യാപകമായി ഉയര്‍ന്നുവെങ്കിലും പോലീസ് ഇതൊന്നും പരിഗണിക്കാതെയാണ് സണ്ണി കപിക്കാടിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഇടപെടല്‍ ഇതിനു പിന്നിലുണ്ട് എന്നതില്‍ സംശയമില്ല.
ആചാരാനുഷ്ഠാനങ്ങളെ വിമര്‍ശിക്കുന്നതിനും, പരിഷ്‌കരണ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഹിന്ദു സമാജത്തില്‍ സ്വാതന്ത്ര്യമുണ്ട്. അവരുടെ അഭിപ്രായങ്ങള്‍ക്ക് സ്വീകാര്യത നല്‍കാറുണ്ട്. ഇത്തരം അനുകൂല സാഹചര്യങ്ങള്‍ എല്ലാം നിലനില്‍ക്കെ ഹിന്ദു വിരുദ്ധശക്തികളുടെ ചട്ടുകമായി ഹിന്ദു സമാജത്തില്‍ അനൈക്യം സൃഷ്ടിച്ച് ജാതി കലാപവും, മതകലഹവും സൃഷ്ടിച്ച് ഹിന്ദു സമാജത്തെ ശിഥിലീകരിക്കുകയാണ് പലരുടെയും ലക്ഷ്യം. ഹിന്ദുക്കളെ ശത്രുക്കളായി കണ്ടും, വിശേഷിച്ച് മുന്നോക്ക സമൂഹങ്ങളെ ഒറ്റപ്പെടുത്തിയും ധ്രുവീകരണം സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമം.
പട്ടികജാതിക്കാര്‍ ഹിന്ദുക്കളല്ല എന്ന പുതിയ ആഖ്യാനം മലപ്പുറം ജില്ലയില്‍ നിന്ന് മതഭീകരവാദ സംഘടനകളുടെ വിദ്യാര്‍ഥി പ്രസ്ഥാനം ഉയര്‍ത്തിയതിന്റെ മാസ്റ്റര്‍ പ്രചാരകന്മാരായി മാറുകയാണ് നവഅംബേദ്കറിസ്റ്റുകള്‍. ഇവര്‍ ബി.ആര്‍. അംബേദ്കര്‍ എന്ന മഹാത്മാവിനെ നേരായി വായിക്കാനും മനസ്സിലാക്കുവാനും ശ്രമിക്കുന്നില്ല എന്നതാണ് വസ്തുത.
ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും അന്യമതങ്ങളെയും അവരുടെ വിശ്വാസങ്ങളെയും ഹനിക്കുന്നതിനും അധിക്ഷേപിക്കുന്നതിനുള്ള സ്വാതന്ത്ര്യമല്ല. ഹിന്ദുക്കളുടെ സംയമനം അവസരമായി കരുതുന്ന കപിക്കാടന്മാര്‍ ഹിന്ദുവിന്റെ ക്ഷമയെ പരീക്ഷിക്കുകയാണ്.
ഇത്തരം സംഭവങ്ങളില്‍ നീതിയുക്ത നടപടികള്‍ സ്വീകരിക്കാതെ ഭരണാധികാരികള്‍ ഹിന്ദുക്കളെ പ്രകോപിപ്പിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയും കുറ്റവാളികളെ സംരക്ഷിക്കാന്‍ ഇരവാദവും, ന്യൂനപക്ഷ സംരക്ഷണവും ജാതിവാദവും ഉയര്‍ത്തിക്കൊണ്ടുവരുന്നത് പ്രക്ഷുബ്ധ മനസ്സുകള്‍ക്ക് മനസ്സിലാകില്ലെന്ന് അധികാരികള്‍ മറക്കരുത്. പട്ടികജാതി സമൂഹത്തെ ഇവാഞ്ജലിസ്റ്റ് പ്രസ്ഥാനവുമായി കൂട്ടിക്കെട്ടി പട്ടികജാതിക്കാര്‍ ഹിന്ദുക്കളല്ലെന്ന പ്രചാരണത്തിന് നേതൃത്വം കൊടുക്കുകയാണ് കപിക്കാടന്‍ അടക്കമുള്ള അംബേദ്കറിസ്റ്റ് അതിവിപ്ലവ പ്രസ്ഥാനങ്ങളുടെ വക്താക്കള്‍.
സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ്ഗ സമൂഹങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളായ പാര്‍പ്പിടം, കൃഷിഭൂമി, കോളനി നവീകരണം, തൊഴില്‍ അവകാശങ്ങള്‍, വിദ്യാഭ്യാസ അവകാശങ്ങള്‍, ആനുകൂല്യനിഷേധങ്ങള്‍, തുടങ്ങിയ വിഷയത്തില്‍ ഏതെങ്കിലും ഇവര്‍ ഇടപെടാറുണ്ടോ.? ഓരോ വര്‍ഷവും പട്ടിക ജാതി /പട്ടികവര്‍ഗ്ഗ സമൂഹത്തിനായി പ്രഖ്യാപിക്കുന്ന സഹസ്ര കോടികള്‍ പാഴാകുന്നത് തടയാന്‍ ഇവര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ? പട്ടികജാതി/ പട്ടികവര്‍ഗ്ഗ സമൂഹത്തിനെതിരായ അതിക്രമങ്ങള്‍ക്കെതിരെ നടപടിസ്വീകരിച്ചോ?
2025-26 വര്‍ഷത്തില്‍ അതിക്രമത്തിന് ഇരയായ, പോക്‌സോ കേസിനിരയായ പട്ടിക ജാതി /പട്ടിക്കവര്‍ഗ്ഗ സമൂഹത്തില്‍ പെട്ട സ്ത്രീ ജനങ്ങളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാന്‍ നിലപാട് സ്വീകരിച്ചുവോ? കോളനികളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമരുളിയോ?
പരിവര്‍ത്തിതര്‍ക്കും സംവരണം കൊടുക്കാന്‍ കമ്മീഷനെ വെക്കണമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നു. ഇക്കാര്യത്തില്‍ സണ്ണിയുടെ നിലപാട് എന്താണ്? പട്ടികജാതി പ്രേമം പറഞ്ഞ് ഹിന്ദുവിരുദ്ധത മുഖമുദ്രയാക്കിയ സണ്ണി എം. കപിക്കാടിന്റെ സംവരണ തട്ടിപ്പ് പൊതുസമൂഹം തിരിച്ചറിയേണ്ടത് ആവശ്യമാണ്.
(ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)





















