മുസ്ലീംലീഗിന് അപ്രഖ്യാപിത വീറ്റോ ഉണ്ടെന്ന് കരുതപ്പെടുന്ന കേരളത്തിലെ യുഡിഎഫ് ഭരണത്തില്‍ ഇസ്ലാമിക മതമൗലികവാദ ശക്തികള്‍ക്കുള്ള സ്വാധീനം അനുദിനം വര്‍ദ്ധിച്ചുവരികയാണ്. ഭാരതത്തിന്റെ ഭരണഘടനക്കും പാര്‍ലമെന്റ് നിര്‍മ്മിക്കുന്ന നിയമങ്ങള്‍ക്കും ഉപരിയായി ശരീയത്ത് നിയമത്തെ കേരളത്തില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് ഇക്കൂട്ടര്‍ നടത്തിവരുന്നത്. ഭരണതലത്തിലെ അനുകൂല സാഹചര്യമുപയോഗിച്ച് കേരളത്തെ മതനിയമങ്ങളുടെ ഒരു പരീക്ഷണശാലയാക്കി മാറ്റാന്‍ ഈ മതമൗലികശക്തികള്‍ ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമായി വേണം കേരളത്തിലെ സ്ത്രീകളുടെ പൊതുരംഗത്തെ പ്രവേശനത്തിനെതിരെ സുന്നി വിഭാഗം തലവന്‍ പുറപ്പെടുവിച്ച പ്രസ്താവനയെ കാണേണ്ടത്. സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങിയാല്‍ അത് വലിയ നാശത്തിനു കാരണമാകുമെന്നും ഈ അപകടം ഒഴിവാക്കാനാണ് ഇസ്ലാംമതം പര്‍ദ്ദ സമ്പ്രദായം നിശ്ചയിച്ചതെന്നുമാണ് ഒരു നബിദിന റാലിയില്‍ സുന്നി നേതാവ് പ്രസംഗിച്ചത്. സ്ത്രീകള്‍ വീടുകളില്‍ അടങ്ങിയൊതുങ്ങി ഇരിക്കേണ്ടവരാണെന്നും നേതാവ് പറയുകയുണ്ടായി. മതപണ്ഡിതന്റെ വിവാദമായ പ്രസംഗത്തിനെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെ പലരും പ്രസ്താവനകളുമായി രംഗത്തു വന്നെങ്കിലും എല്ലാ എതിര്‍പ്പുകളും രണ്ടു ദിവസം കൊണ്ട് അവസാനിക്കുന്നതാണ് കണ്ടത്. സുന്നി നേതാക്കള്‍ മുഖ്യമന്ത്രിയെ കാണുകയും സുന്നി യുവജന വിഭാഗം ഭീഷണി മുഴക്കുകയും ലീഗ് നേതാക്കള്‍ ഇടപെടുകയും ചെയ്തതോടെ മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് മതമൗലികവാദികളുടെ മുന്നില്‍ കീഴടങ്ങുകയായിരുന്നു. ലീഗിന്റെ വനിതാ മുഖമായ പേരാമ്പ്രയിലെ യുവ എം.എല്‍.എ. പോലും മതപണ്ഡിതന് അനുകൂലമായാണ് സംസാരിച്ചത്. ശബരിമലയില്‍ സ്ത്രീസമത്വം ആവശ്യപ്പെട്ട് മുസ്ലീം വനിതകളെയടക്കം ഇറക്കി മതില്‍ കെട്ടിയ ഇടതുപക്ഷവും ഇക്കാര്യത്തില്‍ ഒട്ടകപ്പക്ഷി നയമാണ് സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ എം.എല്‍.എമാരെ കൂട്ടത്തോടെ ഈ മത പണ്ഡിതന്റെ മുന്നില്‍ ഹാജരാക്കുന്ന അവര്‍ക്കും മതമൗലികവാദികളോടുള്ള മാനസികദാസ്യം പെട്ടെന്ന് മറക്കാന്‍ കഴിയുന്നതല്ലല്ലോ. എന്തായാലും ഇനിയും ഇത്തരം ശരീയത്ത് നിയമങ്ങളുമായി മുന്നോട്ടു വരുമെന്ന് ഇസ്ലാമിക മതപണ്ഡിതന്മാര്‍ വ്യക്തമാക്കിയ സ്ഥിതിക്ക് കേരളം ഏതു വഴിയിലൂടെ പോകുമെന്ന് കാത്തിരുന്നു കാണാം.
വന്ദേമാതരം ആലപിക്കുന്ന വിഷയത്തിലും മുസ്ലീം മതശക്തികള്‍ക്ക് കീഴടങ്ങുന്ന സമീപനമാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മുസ്ലീം മതമൗലികവാദികളെ പ്രീണിപ്പിക്കുന്നതിനാണ് സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ഖണ്ഡികകള്‍ മാത്രം പാടിയാല്‍ മതിയെന്നു തീരുമാനിച്ചത്. എന്നാല്‍ സ്വതന്ത്രഭാരതത്തില്‍ നിലവില്‍ വന്ന ഭരണഘടന ദേശീയഗാനമായ ജനഗണമനയോടൊപ്പം ദേശീയ ഗീതമായി വന്ദേമാതരത്തെയും അംഗീകരിച്ചിരുന്നു. ഭരണഘടനയുടെ 51(എ) വകുപ്പനുസരിച്ച് ദേശീയ ഗാനത്തെയും ദേശീയപതാകയെയും ആദരിക്കേണ്ടത് പൗരന്മാരുടെ കര്‍ത്തവ്യമാണ്. ഈ നിയമത്തിന്റെ ചുവടുപിടിച്ചാണ് ജനഗണമനയോടൊപ്പം വന്ദേമാതരത്തിനും തത്തുല്യ പദവി അംഗീകരിച്ചുകൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പുതിയ നിയമം നിര്‍മ്മിച്ചത്. ഇതുപ്രകാരം എല്ലാ പൊതുപരിപാടികളിലും വന്ദേമാതരം പൂര്‍ണ്ണമായി ആലപിക്കേണ്ടത് ഭരണഘടനാപരമായ കര്‍ത്തവ്യമാണ്. പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ അവസരത്തിലും എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ച സമയത്തും വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചത് നാം കേട്ടതാണ്. ഇന്ത്യന്‍ യൂണിയന്റെ ഭാഗമായ സംസ്ഥാനങ്ങള്‍ക്കും ഭരണഘടന അനുസരിച്ച് പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ ബാധകമായിരിക്കെ ലീഗിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി കേരളത്തില്‍ വന്ദേമാതരം മുഴുവന്‍ പാടുകയില്ലെന്ന പിടിവാശി ഭരണഘടനയ്ക്കുപരി ശരീയത്ത് നിയമങ്ങള്‍ക്ക് വഴങ്ങാനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഇസ്ലാം മതവിശ്വാസങ്ങള്‍ക്ക് അമിതപ്രധാന്യം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ ഹിന്ദുക്കളുടെ പ്രധാന ഉത്സവങ്ങളിലൊന്നായ ശ്രീകൃഷ്ണ ജയന്തിയെ അവഗണിച്ചതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പെടെ മുഴുവന്‍ മന്ത്രിമാര്‍ക്കും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് നല്‍കിയ രണ്ടു ദിവസത്തെ പരിശീലനത്തിന് പൊതു അവധി ദിവസമായ ശ്രീകൃഷ്ണജയന്തി ദിനമായ ആഗസ്റ്റ് 4 ഉള്‍പ്പെടെയുള്ള ദിവസങ്ങളാണ് നിശ്ചയിച്ചത്. കോഴിക്കോട് കുന്ദമംഗലത്തെ ഐ.ഐ.എം. ക്യാമ്പസിലായിരുന്നു പരിശീലനം. ശ്രീകൃഷ്ണജയന്തി ദിവസമായ ആഗസ്റ്റ് 4 വെള്ളിയാഴ്ചയായതിനാല്‍ മുസ്ലീം മന്ത്രിമാരുടെ നിസ്‌കാര സമയം ഒഴിവാക്കിയാണത്രേ പരിശീലന ഷെഡ്യൂള്‍ തയ്യാറാക്കിയത്. മന്ത്രിമാര്‍ എത്തിയതു മുതല്‍ വെള്ളിയാഴ്ച ഉച്ചയിലെ മുസ്ലീം മന്ത്രിമാരുടെ നിസ്‌കാരത്തിനുള്ള ഒരുക്കത്തിലായിരുന്നു സ്ഥലത്തെ പോലീസുകാര്‍. ഇതിന്റെ ഭാഗമായി സമീപത്തെ മുസ്ലീം പള്ളികള്‍ അവര്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. ഒടുവില്‍ ആഗസ്റ്റ് 4ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് കാരന്തൂരിലെ ജുമാ മസ്ജിദിലേക്ക് ആറ് സ്റ്റേറ്റ് കാറുകള്‍ ഒന്നിച്ച് ഒഴുകിയെത്തുന്ന ചേതോഹരമായ കാഴ്ചക്കാണത്രെ നാട്ടുകാര്‍ സാക്ഷ്യം വഹിച്ചത്. മതപരമായ കാര്യങ്ങള്‍ സര്‍ക്കാര്‍ പരിപാടികളില്‍ പോലും അടിച്ചേല്പിക്കുന്ന മുസ്ലീം ലീഗിന്റെ സമീപനത്തിന് സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു. അതേസമയം ശ്രീകൃഷ്ണജയന്തിയായിട്ടും മന്ത്രിസഭയിലെ ദേവസ്വം മന്ത്രിയടക്കമുള്ള ഹിന്ദു മന്ത്രിമാര്‍ ആരും സമീപത്തുള്ള ഏതെങ്കിലും ശ്രീകൃഷ്ണക്ഷേത്രം സന്ദര്‍ശിക്കാന്‍ തയ്യാറായതുമില്ല. മന്ത്രിമാരുടെ പരിശീലനം നടക്കുന്ന ഐ.ഐ.എമ്മിന്റെ തൊട്ടടുത്തു നിന്ന് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മഹാശോഭായാത്രയെയും ഇവര്‍ കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്തത്. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ആലപ്പുഴ ജില്ലയിലെ റവന്യൂ ജീവനക്കാര്‍ക്ക് അവധി നിഷേധിച്ചതിനെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്. മൂന്നു മാസത്തെ യുഡിഎഫ് ഭരണം കൊണ്ട് തന്നെ ഈ സര്‍ക്കാര്‍ ഏത് ദിശയിലേക്കാണ് കേരളത്തെ നയിക്കുന്നതെന്നു വ്യക്തമായിരിക്കുകയാണ്.




















