- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- ചുവപ്പിന് ഇടം നഷ്ടപ്പെട്ടു, ക്യാമ്പസുകള്‍ കാവിയണിഞ്ഞു ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 43)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
ഡോ. ഹെഡ്‌ഗേവാര്‍ ജന്മശതാബ്ദി ആഘോഷത്തിന്റെ തുടക്കത്തില്‍ രാജ്യത്തെ മുഴുവന്‍ ആര്‍എസ്എസ് പ്രചാരകന്മാരും നാഗ്പൂരില്‍ ഒത്തുചേര്‍ന്നിരുന്നു. ഈ യോഗത്തെ അഭിസംബോധന ചെയ്ത പ്രമുഖ ആര്‍എസ്എസ് പ്രചാരകനും ചിന്തകനുമായ ഡി. ബി. ഠേംഗ്ഡി ഒരു പ്രവചനം നടത്തുകയുണ്ടായി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭാരതത്തില്‍ ചുവപ്പ് കാവിക്ക് വഴിമാറുമെന്ന ഈ പ്രവചനം ചിലരെയെങ്കിലും ആശ്ചര്യപ്പെടുത്താതിരുന്നില്ല. പക്ഷേ മാര്‍ക്‌സിസത്തെക്കുറിച്ചും കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെക്കുറിച്ചും, ലോകചരിത്രത്തില്‍ ദേശീയതയുടെ പ്രസക്തിയെക്കുറിച്ചും മുന്നേറ്റത്തെക്കുറിച്ചും ആഴത്തില്‍ പഠിക്കുകയും അപഗ്രഥിക്കുകയും ചെയ്തിട്ടുള്ള ഠേംഗ്ഡിയുടെ പ്രതിഭ ഒരു സൂക്ഷ്മമാപിനിയെപ്പോലെ മാറ്റത്തിന്റെ തരംഗങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെയും തൊഴിലാളികളുടെയും രാഷ്ട്രീയത്തിന്റെയും മേഖലകളിലാണ് ഹിന്ദുത്വ-ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ഇടതുപക്ഷം വലിയ വെല്ലുവിളി ഉയര്‍ത്തിയത്. കമ്മ്യൂണിസ്റ്റു പ്രസ്ഥാനം പരമ്പരാഗത ശക്തികളായിരുന്ന ഈ മൂന്നു മേഖലകളിലും അവരെ ബഹുദൂരം പിന്നിലാക്കാന്‍ ആര്‍എസ്എസ്സിന് കഴിഞ്ഞു.
ഭാരതത്തിലെ യുവമനസ്സുകളെ പുനരുജ്ജീവിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് എബിവിപി രൂപംകൊണ്ടത്. ഭാരത സ്വാതന്ത്ര്യസമരത്തിന്റെ പ്രതിധ്വനികള്‍ അപ്പോഴും അന്തരീക്ഷത്തില്‍ മുഴങ്ങിക്കൊണ്ടിരുന്നു. വിഭജനത്തിന്റെ ഭീകരതകള്‍ രാജ്യത്തെ വേട്ടയാടിക്കൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. നിരവധി പ്രതീക്ഷകളുടെ ഭാരവുമായി ഭാരതം ഒരു പുതിയ യുഗത്തിലേക്ക് നീങ്ങുകയായിരുന്നു.
എബിവിപിയും മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും തമ്മിലുള്ള വ്യത്യാസം എബിവിപിയുടെ ചരിത്രത്തെക്കുറിച്ച് എഴുതിയ രവി രാമചന്ദ്ര ദുര്‍ഗ്ഗാദേവി ശുക്ല ഇങ്ങനെയാണ് ചൂണ്ടിക്കാട്ടുന്നത്:
‘ഭാരതത്തിലെ ഏക വിദ്യാര്‍ത്ഥി സംഘടന എബിവിപി മാത്രമല്ല. ദേശീയതലത്തില്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും നിലവിലുണ്ട്. 1970 ല്‍ രൂപീകരിക്കപ്പെട്ട എന്‍എസ് യുഐ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനോടുള്ള കൂറ് പ്രകടിപ്പിക്കുന്നു.
1936 ഓഗസ്റ്റില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാനറിന് കീഴില്‍ സ്ഥാപിതമായ എഐഎസ്എഫി ല്‍ നിന്ന് പിരിഞ്ഞുവന്ന ശേഷം രൂപീകരിക്കപ്പെട്ട മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയാണ് എസ്എഫ്‌ഐ. വളരെ പെട്ടെന്നു തന്നെ കമ്മ്യൂണിസ്റ്റ് ആശയധാരയിലും സോവിയറ്റ് യൂണിയന്‍ അനുകൂല നിലപാടിലും വിശ്വസിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ എഐഎസ്എഫില്‍ ആധിപത്യം സ്ഥാപിച്ചു. എസ്എഫ്‌ഐയും ഒരു കേഡര്‍ അധിഷ്ഠിത സംഘടനയാണ്. അത് കമ്മ്യൂണിസ്റ്റ് ആശയധാരയോട് പ്രതിബദ്ധത പുലര്‍ത്തുന്നു. സിപിഎമ്മിന്റെ നിര്‍ദേശപ്രകാരം എസ്എഫ്‌ഐ അംഗങ്ങള്‍ ഇടയ്ക്കിടെ രാഷ്ട്രീയത്തില്‍ പങ്കെടുക്കുന്നു. അതിന്റെ പ്രവര്‍ത്തനരീതി തീവ്രവും ഭരണകൂടവിരുദ്ധവുമാണ്.
എന്നാല്‍, ധാര്‍മ്മികമോ സദാചാരപരമോ ദേശസ്‌നേഹപരമോ ആയ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ അത് പരാജയപ്പെടുന്നു. ഇതുമൂലം, വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം എസ്എഫ്‌ഐ അംഗങ്ങള്‍ നിരാശരാകുന്നു. ഇതിന് വിപരീതമായി എബിവിപി വിദ്യാര്‍ത്ഥികള്‍ക്ക് യാഥാര്‍ത്ഥ്യബോധമുള്ള ഒരു കാഴ്ചപ്പാട് നല്‍കുന്നു. അത് രാജ്യത്തിനും സമൂഹത്തിനും ആജീവനാന്ത സേവനം ചെയ്യാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നു. (1)
യുവമനസ്സുകളെ പരിപോഷിപ്പിക്കുകയും, ദേശീയവാദികളായ യുവാക്കളുടെ ഒരു കേഡര്‍ സൃഷ്ടിക്കുകയും ചെയ്യണമെന്ന സ്വാമി വിവേകാനന്ദന്റെ ചിന്തയാണ് എബിവിപിയുടെ പ്രത്യയശാസ്ത്രത്തിന്റെ കാതല്‍. ആദ്യകാല നേതാക്കളില്‍ ഒരാളായിരുന്ന യശ്വന്ത് റാവു കേല്‍ക്കര്‍ പില്‍ക്കാലത്ത് എബിവിപിയുടെ ശില്‍പ്പിയായി അറിയപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയായി മാറിയപ്പോഴും എബിവിപി പ്രവര്‍ത്തകര്‍ യശ്വന്ത് റാവുവിന്റെ ജീവിത മാതൃകയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു.

ദേശീയ പുനര്‍നിര്‍മ്മാണം എന്ന ലക്ഷ്യത്തോടെ എബിവിപി സമൂഹത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിച്ചുകൊണ്ട് ബഹുമുഖവും വൈവിധ്യമാര്‍ന്നതുമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. വിദ്യാര്‍ത്ഥി സമൂഹത്തില്‍ അന്തര്‍ലീനമായ ശക്തിയില്‍ വിശ്വാസമുള്ള സംഘടനയെന്ന നിലയ്ക്ക് അവരുടെ സമകാലിക ഉത്തരവാദിത്തങ്ങളെ ക്രിയാത്മക പ്രവര്‍ത്തനങ്ങളിലേക്ക് ഏകോപിപ്പിക്കുകയും ചെയ്തു.
1971 ല്‍ നടന്ന ദേശീയ സമ്മേളനത്തില്‍ എബിവിപി അതിന്റെ പങ്കിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: ”വിദ്യാര്‍ത്ഥികള്‍ നാളത്തെ പൗരന്മാരല്ല, ഇന്നത്തെ പൗരന്മാരാണ്.” വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ മേഖലയിലെ പങ്കാളികള്‍ മാത്രമല്ല, രാജ്യത്തിന്റെ ഉത്തരവാദിത്തമുള്ള പൗരന്മാരുമാണ്. വിദ്യാര്‍ത്ഥികളുടെ ശബ്ദത്തെ അടിച്ചമര്‍ത്തുന്നതിനു പകരം, അവരെ ആദരവോടെ പരിഗണിക്കണമെന്ന സമീപനമാണ് എബിവിപി തുടക്കം മുതല്‍ സ്വീകരിച്ചത്.
വിദ്യാഭ്യാസം നേടിയവരും സ്വതന്ത്രരുമായിരിക്കുകയും, എല്ലാ നിക്ഷിപ്ത താല്‍പ്പര്യങ്ങളില്‍ നിന്നും മുക്തരായി നിലകൊള്ളുകയും ചെയ്യുന്നത് വിദ്യാര്‍ത്ഥികളെ ചലനാത്മകമായ ഒരു ജനസമൂഹമായി വളരാന്‍ സഹായിക്കുന്നു. അതുവഴി വിദ്യാര്‍ത്ഥിശക്തിയെ ഒരു പ്രസ്ഥാനമായി പരിവര്‍ത്തനം ചെയ്യാനും സാധിക്കുന്നു.
സമഗ്രമായ വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ക്കായി എബിവിപി നിരന്തരം പോരാടിക്കൊണ്ടിരുന്നു. രാജ്യത്തെ പുതിയ തലമുറയ്ക്കും ഭാവിതലമുറകള്‍ക്കും നമ്മുടെ മഹത്തായ പൈതൃകത്തെയും ഭൂതകാലത്തെയും കുറിച്ച് വ്യക്തമായ അറിവുണ്ടായിരിക്കണമെന്ന് എബിവിപി കരുതുന്നു. അതുവഴി അവര്‍ ഓരോ ഭാരതീയനോടും സഹാനുഭൂതി വളര്‍ത്തുകയും, ഹതഭാഗ്യരായ സഹോദരങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ മനസ്സിലാക്കുകയും ചെയ്യും. ലോകത്തിന്റെ അറിവിനെ അതിന്റെ വേരുകളില്‍ നിന്നുതന്നെ ഉള്‍ക്കൊള്ളുകയും, എന്നാല്‍ തനതായ വ്യക്തിത്വമുള്ള ഒരു ആധുനിക രാഷ്ട്രമായി ഭാരതത്തെ രൂപപ്പെടുത്തുകയും ചെയ്യുകയെന്ന ദൗത്യമാണ് എബിവിപി ഭാവിതലമുറകളെ ഏല്‍പ്പിക്കുന്നത്.
വര്‍ഷങ്ങളായുള്ള വിശ്രമമില്ലാത്ത പരിശ്രമങ്ങളിലൂടെയും സമര്‍പ്പണത്തിലൂടെയും കെട്ടിപ്പടുത്ത ഒരു വിദ്യാര്‍ത്ഥി സംഘടനയെ രാജ്യത്തിന് സമ്മാനിച്ചു എന്നതാണ് എബിവിപിയുടെ ഏറ്റവും വലിയ നേട്ടം. വിദ്യാഭ്യാസത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വാണിജ്യവല്‍ക്കരണത്തിനെതിരെ എബിവിപി നിരന്തരം പോരാടിയിട്ടുണ്ട്. അനധികൃത ബംഗ്ലാദേശി നുഴഞ്ഞുകയറ്റം, ഭീകരവാദം, മാവോയിസ്റ്റ് അക്രമം, കശ്മീരിലും മറ്റ് പ്രദേശങ്ങളിലുമുള്ള വിഘടനവാദ പ്രവണതകള്‍ തുടങ്ങി നമ്മുടെ രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ജനങ്ങളെ പ്രത്യേകിച്ച് വിദ്യാര്‍ത്ഥി സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതില്‍ വലിയ പങ്കാണ് എബിവിപി വഹിച്ചിട്ടുള്ളത്.
ദേശീയ പുനര്‍നിര്‍മാണം വിദ്യാര്‍ത്ഥികളിലൂടെ
കക്ഷിരാഷ്ട്രീയത്തിനതീതമായി നിലകൊള്ളുമ്പോഴും പൊതുസമൂഹം അരാഷ്ട്രീയമായിരിക്കണമെന്ന് എബിവിപി കരുതുന്നില്ല. രാജ്യത്തെ പൗരന്മാര്‍ എന്ന നിലയില്‍ വിദ്യാര്‍ത്ഥികള്‍ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളോട് പ്രതികരിക്കാന്‍ ബാധ്യസ്ഥരാണെന്നും, അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായ ചില രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്നും എബിവിപി വിശ്വസിക്കുന്നു.
ഒരു വിദ്യാര്‍ത്ഥി സംഘടന എന്ന നിലയില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ വിഭാഗമോ ഭാഗമോ അല്ലെന്ന ഉറച്ച നിലപാടാണ് എബിവിപിക്കുള്ളത്. രാഷ്ട്രീയവും കക്ഷിരാഷ്ട്രീയവും അധികാര രാഷ്ട്രീയവും രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരുകളുമൊക്കെ സമൂഹത്തിന്റെ അനിവാര്യ ഘടകങ്ങളാണെന്ന് എബിവിപി വിശ്വസിക്കുന്നു. എന്നാല്‍ ഇവയൊന്നും സമൂഹത്തെ അടക്കി ഭരിക്കുന്നത് ആയിരിക്കരുത്.
അടിസ്ഥാനപരമായി സാമൂഹിക പരിവര്‍ത്തനം സമൂഹത്തിന്റെ തന്നെ ദൗത്യമാണ്. അത് ഏതെങ്കിലും ഏജന്‍സിക്കോ സര്‍ക്കാരിനോ മൊത്തമായി കരാര്‍ നല്‍കാനാവില്ല. മാറ്റം സമൂഹത്തിനുള്ളില്‍ നിന്നുതന്നെ വരണം. അതിനാലാണ് വിദ്യാഭ്യാസ മേഖലയില്‍ ദേശീയ പുനര്‍നിര്‍മ്മാണത്തിന് എബിവിപി മുന്‍ഗണന നല്‍കുന്നത്.
വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങളിലൂടെ എബിവിപി ഭാരതീയ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. കേഡര്‍ സ്വഭാവവും പ്രത്യയശാസ്ത്രപരമായ സമീപനവും രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എബിവിപിയുടെ സാന്നിധ്യം ശക്തമാക്കി. സമൂഹത്തിലെ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളുടെയും വിപുലമായ പ്രാതിനിധ്യം എബിവിപിക്കുണ്ട്. വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തിനും സജീവപ്രവര്‍ത്തനത്തിനുമുള്ള വേദിയും എബിവിപി പ്രദാനം ചെയ്യുന്നു. എബിവിപിയുടെ അംഗബലം അതിന്റെ പ്രതിബദ്ധതയ്ക്ക് തെളിവാണ്. വിദ്യാര്‍ത്ഥികളായ സന്നദ്ധ പ്രവര്‍ത്തകരുടെ വിപുലവും ചലനാത്മകവുമായ ശൃംഖലയോടെ ഈ സംഘടന വൈവിധ്യത്തില്‍ ഏകത്വത്തിന്റെ ചൈതന്യത്തെ പ്രതിഫലിപ്പിക്കുന്നു.
വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുമായി എബിവിപി ബന്ധപ്പെടുകയും, അവരില്‍ സാഹോദര്യ മനോഭാവവും ലക്ഷ്യബോധവും വളര്‍ത്തുകയും ചെയ്യുന്നു. നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഒരുപോലെയുള്ള സംഘടനാ സാന്നിധ്യം ഭാരതീയ സമൂഹവുമായുള്ള ഈ വിദ്യാര്‍ത്ഥി സംഘടനയുടെ ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു.
വിദ്യാര്‍ത്ഥികളുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ എബിവിപി നിലകൊണ്ടിട്ടുണ്ട്. വിദ്യാഭ്യാസ സമ്പ്രദായത്തെ ആധുനികവല്‍ക്കരിക്കുന്നതിനായി, കാലാകാലങ്ങളില്‍ സമഗ്രമായ വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ക്കായി എബിവിപി അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എബിവിപിയുടെ യാത്ര വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച ശ്രദ്ധേയമായ നിരവധി സംഭവങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്. ചരിത്രത്തിലെ വെറും അടിക്കുറിപ്പുകളായി അവശേഷിക്കാതെ സംഘടനയെ രൂപപ്പെടുത്തുകയും, അതുവഴി ഭാരതത്തിന്റെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെ സ്വാധീനിക്കുകയും ചെയ്ത സുപ്രധാന നാഴികക്കല്ലുകളാണിവ. എബിവിപി അതിന്റെ അടിസ്ഥാന മൂല്യങ്ങളോട് പുലര്‍ത്തുന്ന പ്രതിബദ്ധതയാണ് ദേശീയതയില്‍ വിശ്വസിക്കുന്നവരെ അതിലേക്ക് ആകര്‍ഷിച്ചത്.
ജെപി പ്രസ്ഥാനവും അടിയന്തരാവസ്ഥയും
ദേശീയ പുനര്‍നിര്‍മ്മാണത്തെക്കുറിച്ചുള്ള എബിവിപിയുടെ കാഴ്ചപ്പാടിനെ ഡോ. രവി രാമചന്ദ്ര ദുര്‍ഗ്ഗാദേവി ശുക്ല ഇങ്ങനെ വിശദീകരിക്കുന്നു: ‘ഫ്രാന്‍സോ ടുഡ്ജ്മാന്റെ അഭിപ്രായത്തില്‍ മനുഷ്യസമൂഹത്തിലെ പകരംവയ്ക്കാനാവാത്ത കോശങ്ങളാണ് രാഷ്ട്രങ്ങള്‍. ദേശീയതയെക്കുറിച്ചുള്ള ഭാരതീയ സമീപനം പാശ്ചാത്യ ദേശീയതാ സങ്കല്‍പ്പത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ഭാരത ദേശീയതയും അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രസ്ഥാനങ്ങളും ലോകതലത്തില്‍ പ്രാധാന്യമുള്ളവയും, കൊളോണിയല്‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായി തനതു മാതൃകയില്‍ സമാനമായ പോരാട്ടങ്ങള്‍ നടക്കുന്ന ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുള്ളവയുമാണ്. പാശ്ചാത്യവാദത്തിനെതിരായ ആദ്യകാല പ്രതികരണം, പുരാതന സംസ്‌കാരത്തിന്റെ മഹത്വബോധവും ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഭാരത ജനത കൈവരിച്ച അതിമഹത്തായ നേട്ടങ്ങളും പുനരുജ്ജീവിപ്പിക്കുന്നതിലൂടെ ഒരു പുതിയ വേദി കണ്ടെത്തി. ഭൂതകാല പൈതൃകത്തോടുള്ള ഈ ആദരവും ചരിത്രബോധവും ആത്മവിശ്വാസത്തിന് പ്രചോദനമേകുകയും, സ്വാശ്രയത്വത്തിന്റെ ഒരു വികാരം സൃഷ്ടിക്കുകയും ചെയ്തു.
ബെനഡിക്ട് ആന്‍ഡേഴ്‌സണ്‍ പറയുന്നത് എല്ലാ തരത്തിലുള്ള ദേശീയതകളെയും അവ രൂപംകൊണ്ട അതിനുമുമ്പുണ്ടായിരുന്ന രാഷ്ട്രീയ രൂപങ്ങളെക്കുറിച്ച് ചിന്തിക്കാതെ മനസ്സിലാക്കാനാവില്ലെന്നാണ്. ഭാരത ദേശീയത പ്രധാനമായും സാംസ്‌കാരികവും ആത്മീയവും വൈകാരികവുമായ ഘടകങ്ങള്‍ ചേര്‍ന്നതാണ്. സാമൂഹിക പരിസ്ഥിതി, സ്ഥാപനങ്ങള്‍, ആചാരങ്ങള്‍, സമ്പ്രദായങ്ങള്‍, മതം, തത്ത്വചിന്ത, മതഗ്രന്ഥങ്ങള്‍, ഭാഷകള്‍, കലകള്‍, വാസ്തുവിദ്യ എന്നിവയില്‍ നിന്നാണ് അത് അതിന്റെ വേരുകള്‍ സ്വീകരിക്കുന്നത്. പാശ്ചാത്യ ദേശീയതാ സങ്കല്‍പ്പത്തില്‍ അവഗണിക്കപ്പെടുന്ന സൂക്ഷ്മമായ ഘടകങ്ങളിലേക്കും അത് വ്യാപിക്കുന്നു.
അതിനാല്‍, ഭാരത ദേശീയത എല്ലായ്‌പ്പോഴും അതിന്റെ ഉത്ഭവത്തെ ഒരു പുരാതന വേരുമായി ബന്ധിപ്പിക്കുന്നു. ഒരു രാഷ്ട്രം അതിന്റെ സാംസ്‌കാരികവും ആത്മീയവും മാനസികവുമായ വികസനത്തിന്റെ അടിസ്ഥാനത്തിലും ഉയര്‍ന്നുവരുന്നുവെന്ന് എബിവിപി വിശ്വസിക്കുന്നു. മഹത്തായ ഭൂതകാലം, സംസ്‌കാരം, നാഗരികത എന്നിവയെക്കുറിച്ച് അറിയാനും, അവയെ മനസ്സിലാക്കി രാജ്യത്തെ സൗഹാര്‍ദ്ദപൂര്‍വം സേവിക്കാനും യുവാക്കളെയും വിദ്യാര്‍ത്ഥികളെയും അത് പരിശീലിപ്പിക്കുന്നു. (2)
1974ല്‍ ജയപ്രകാശ് നാരായണന്‍ നേതൃത്വം നല്‍കിയ നവനിര്‍മ്മാണ്‍ പ്രസ്ഥാനത്തിലെ പങ്കാളിത്തം മുതല്‍ അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രതിരോധത്തിലും, കശ്മീര്‍ വിഷയം ഏറ്റെടുക്കുന്നതിലുംവരെ, ദേശീയതയില്‍ അധിഷ്ഠിതമായ എല്ലാ അടിസ്ഥാന വിഷയങ്ങളിലും എബിവിപിയുടെ പങ്കാളിത്തമുണ്ടായി. അവസരവാദപരമായ രാഷ്ട്രീയ പരിഗണനകളല്ല ഈ സഘടനയെ നയിച്ചിട്ടുള്ളത്.1973 ല്‍ ഗുജറാത്തില്‍ നടന്ന പ്രസിദ്ധമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ എബിവിപി ഉണ്ടായിരുന്നു.
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയും, അഹങ്കാരിയായ ഒരു ഏകാധിപതിയുടെ ആക്രമണത്തെ ജനാധിപത്യം നേരിടുകയും ചെയ്തു. ഇതിനെതിരെ പ്രവര്‍ത്തിച്ചതിന്റെ ഫലമായി രാജ്യത്തുടനീളം എബിവിപി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ലോക സംഘര്‍ഷ സമിതിയുടെ ആഭിമുഖ്യത്തില്‍ 10,000 ലേറെ പ്രവര്‍ത്തകര്‍ സത്യഗ്രഹം നടത്തി. നിരവധി പ്രവര്‍ത്തകര്‍ ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ നടന്ന ഒളിപ്രവര്‍ത്തനത്തെ പലതരത്തിലും സജീവമായി സഹായിച്ചു. എബിവിപിയുടെ 650 പ്രവര്‍ത്തകരെ ‘മിസ’ പ്രകാരം തടവിലാക്കുകയും, 4,500 ലധികം പേരെ വിവിധ നിയമവകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു. ക്യാമ്പസുകളിലുടനീളമുള്ള എബിവിപിയുടെ വളര്‍ച്ചയുടെ പാത ആര്‍എസ്എസ്സിന്റെ ആദര്‍ശം രൂപപ്പെടുത്തിയതാണ്. ഇത് നിരവധി നാഴികക്കല്ലുകളാല്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.
അടിയന്തരാവസ്ഥക്കാലത്തെ എബിവിപിയുടെ പോരാട്ടത്തില്‍ തുടങ്ങി, അയോധ്യ പ്രക്ഷോഭത്തിന്റെ പ്രസ്ഥാനത്തിലെ പങ്കാളിത്തത്തിലൂടെ, ക്യാമ്പസുകളിലുണ്ടായ ദേശീയതയുടെ പുനരുജ്ജീവനം വരെ ഇത് കാണാം. ദല്‍ഹി സര്‍വകലാശാലയില്‍ നടപ്പാക്കിയ നാലുവര്‍ഷ ബിരുദ പ്രോഗ്രാം പുനഃപരിശോധിക്കണമെന്ന ആവശ്യം പോലെ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട പ്രസക്തമായ വിഷയങ്ങള്‍ ഉന്നയിക്കുമ്പോഴും, സമകാലിക രാഷ്ട്രീയത്തിന്റെ ചലനങ്ങളെ എബിവിപി മനസ്സിലാക്കുകയും ചെയ്തു.
സ്ഥാപിതമായ കാലം മുതല്‍ എബിവിപി ക്യാമ്പസുകളില്‍ ദേശീയത, സ്വഭാവനിര്‍മ്മാണം, സന്നദ്ധസേവനം എന്നിവയില്‍ ഊന്നല്‍ നല്‍കിയിരുന്നു. കക്ഷിരാഷ്ട്രീയവുമായി ബന്ധമില്ലാതിരിക്കുമ്പോഴും ദേശീയവീക്ഷണവും കാര്യക്ഷമതയുള്ള നിരവധി പേരെ രാഷ്ട്രീയ-ഭരണ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ എബിവിപിക്ക് കഴിഞ്ഞിട്ടുണ്ട്. അരുണ്‍ ജെയ്റ്റ്‌ലി, വിജയ് ഗോയല്‍, നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ ഇവരില്‍പ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരും നിരവധി മുഖ്യമന്ത്രിമാരും ഒരുകാലത്ത് എബിവിപിയുടെ സജീവപ്രവര്‍ത്തകരായിരുന്നു. ഇത് ആസൂത്രിതമല്ല, സ്വാഭാവികമായ ഒരു പ്രക്രിയയായിരുന്നു.
ക്യാമ്പസ് ഇടതുപക്ഷം കാലഹരണപ്പെടുന്നു
ക്യാമ്പസുകളില്‍ മുന്നോട്ടുവയ്ക്കപ്പെടുന്ന മുദ്രാവാക്യങ്ങളിലുംഅജണ്ടകളിലും ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകം മുതല്‍ കാവിയുടെ മുന്നേറ്റം ദൃശ്യമായി. സാംസ്‌കാരിക ദേശീയത മുതല്‍ തൊഴില്‍ക്ഷമതയും വികസനവും വരെയുള്ള വിഷയങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടു. കാലഹരണപ്പെട്ട ഇടതുപക്ഷ വാചാടോപത്തില്‍ ബന്ധിതരാവാന്‍ തയ്യാറല്ലാത്ത, ശക്തമായ ദേശീയ സ്വത്വം തേടുന്ന ഒരു തലമുറയുടെ വികാരങ്ങളെയാണ് ഇത് പ്രതിഫലിപ്പിച്ചത്.
സംഘടനാപരമായ വികാസം മാത്രമല്ല എബിവിപി ഇക്കാലയളവില്‍ നേടിയെടുത്തത്. സാംസ്‌കാരിക, സാമൂഹിക, സാമ്പത്തിക മേഖലകളിലേക്കും എബിവിപി പ്രവര്‍ത്തനം വ്യാപിപ്പിച്ചു. കായികം, സംസ്‌കാരം, സേവനം, സംരംഭകത്വം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലേക്കും വിദ്യാര്‍ത്ഥി സമൂഹത്തെ ആകര്‍ഷിക്കാനുള്ള പദ്ധതികളും ആവിഷ്‌ക്കരിച്ചു.
2025ല്‍ എബിവിപി രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായ വിജയപരമ്പര തന്നെ സൃഷ്ടിക്കുകയുണ്ടായി. ഇടതുപക്ഷ ചായ്‌വുള്ള വിദ്യാര്‍ത്ഥി സംഘടനകളെ അരികുകളിലേക്ക് മാറ്റി കാമ്പസുകളില്‍ കാവിതരംഗം സൃഷ്ടിക്കുകയായിരുന്നു.
2025 ലെ ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കടുത്ത മത്സരം നടന്നെങ്കിലും എബിവിപിയുടെ സ്ഥാനാര്‍ഥിയാണ് പ്രസിഡന്റായി വിജയിച്ചത്. നാല് പ്രധാന സ്ഥാനങ്ങളില്‍ മൂന്നെണ്ണം സ്വന്തമാക്കുകയും ചെയ്തു. കലയുടെയും സാമൂഹിക വിഷയങ്ങളുടെയും പേരില്‍ ക്യാമ്പസുകളില്‍ ഇടതുപക്ഷ ശക്തികള്‍ പരത്തുന്ന പ്രത്യയശാസ്ത്രപരമായ അണുബാധയ്ക്കുള്ള ആന്റിബയോട്ടിക് ആണ് എബിവിപിയുടെ വിജയമെന്ന് വിശേഷിപ്പിക്കപ്പെടുകയുണ്ടായി. സാംസ്‌കാരിക ദേശീയതയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ പൗരബോധവും രാജ്യസ്‌നേഹമുള്ളവരുമാക്കി ക്യാമ്പസ് രാഷ്ട്രീയത്തെ പുനഃസൃഷ്ടിക്കുകയാണ് എബിവിപി ചെയ്തത്.
ഒരുകാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ബ്രീഡിങ് സെന്ററുകളായി അറിയപ്പെട്ടുപോന്ന ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല മുതല്‍ ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാല വരെ എസ്എഫ്‌ഐയുടെയും മറ്റ് ഇടതുപക്ഷ സംഘടനകളുടെയും ആധിപത്യം നിലനിന്നിരുന്ന കാമ്പസുകളില്‍ എബിവിപി മുന്നേറ്റം നടത്തുകയുണ്ടായി.
ഈ മാറ്റം രാഷ്ട്രീയപരമോ തിരഞ്ഞെടുപ്പ് കണക്കുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടതോ അല്ല. ആശയപരമായ ഒരു പുനഃക്രമീകരണത്തിന്റെ ഭാഗമായിരുന്നു. പതിറ്റാണ്ടുകളായി ഇടതുപക്ഷ ബന്ധമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പര്യായങ്ങളായിരുന്ന ഇടങ്ങളിലാണ് ഇക്കൂട്ടരുടെ ആധിപത്യം എബിവിപി തകര്‍ത്തത്.
ജാതി, വര്‍ഗം, ലിംഗം, രാഷ്ട്രീയം എന്നിവയുടെ വിഭാഗീയത സൃഷ്ടിച്ച് വിദ്യാര്‍ത്ഥികളെ ഒപ്പം നിര്‍ത്തുകയായിരുന്നു ഇടതുപക്ഷ സംഘടനകള്‍ ചെയ്തത്. വിപ്ലവ വ്യാമോഹങ്ങളുടെ മുദ്രാവാക്യങ്ങള്‍ മെനഞ്ഞെടുത്ത് വിദ്യാര്‍ത്ഥികളെ ആവേശം കൊള്ളിക്കുകയും ചെയ്തു. ദേശീയതയുടെ ആഖ്യാനം അവതരിപ്പിച്ചാണ് എബിവിപി ഇതിനെ മറികടന്നത്. രാജ്യത്ത് സംഭവിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ മാറ്റത്തിന്റെ ഒരു പശ്ചാത്തലവും ഇതിനുണ്ടായിരുന്നു.
ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ആത്മഹത്യ ചെയ്ത പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ രോഹിത് വെമുല ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഇരയായിരുന്നു. ഇക്കാര്യം സമര്‍ത്ഥമായി മറച്ചുപിടിച്ച് ഈ മരണത്തെ മുതലെടുക്കുകയാണ് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ചെയ്തത്. ഇതിനുവേണ്ടി രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. വെമുലയുടെ ആത്മഹത്യയുമായി ഒരുതരത്തിലുള്ള ബന്ധവും ഇല്ലാതിരുന്നിട്ടും എബിവിപിയെ പഴിചാരി. പക്ഷേ ഇതേ സര്‍വകലാശാലയില്‍ ഒന്‍പത് വര്‍ഷത്തിനുശേഷമുള്ള എബിവിപിയുടെ വിജയം മഹത്തായ തിരിച്ചുവരവായിരുന്നു. പഞ്ചാബ് സര്‍വകലാശാലയില്‍ എബിവിപി ആദ്യമായി യൂണിയന്‍ പ്രസിഡന്റിന്റെ സ്ഥാനം നേടി.
സംഘടനാ ശക്തിയില്‍ ലോകത്ത് ഒന്നാമത്
വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങളിലൂടെ എബിവിപി ഭാരതീയ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി മാറുകയായിന്നു. കേഡര്‍ സ്വഭാവവും പ്രത്യയശാസ്ത്രപരമായ സമീപനവും രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എബിവിപിയുടെ സാന്നിധ്യം ശക്തമാക്കി. സമൂഹത്തിലെ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളുടെയും വിപുലമായ പ്രാതിനിധ്യം എബിവിപിക്കുണ്ട്. വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തിനും സജീവ പ്രവര്‍ത്തനത്തിനുമുള്ള വേദിയും പ്രദാനം ചെയ്യുന്നു. എബിവിപിയുടെ അംഗബലം അതിന്റെ പ്രതിബദ്ധതയുടെ തെളിവാണ്. വിദ്യാര്‍ത്ഥി സന്നദ്ധപ്രവര്‍ത്തകരുടെ വിപുലവും ചലനാത്മകവുമായ ശൃംഖലയോടെ ഈ സംഘടന വൈവിധ്യത്തില്‍ ഏകത്വത്തിന്റെ ചൈതന്യത്തെ പ്രതിഫലിപ്പിക്കുന്നു.
വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുമായി എബിവിപി ബന്ധപ്പെടുകയും, അവരില്‍ സാഹോദര്യബോധവും ലക്ഷ്യബോധവും വളര്‍ത്തുകയും ചെയ്യുന്നു. നഗരപ്രദേശങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും ഒരുപോലെയുള്ള അതിന്റെ സാന്നിധ്യം, ഭാരതീയ സമൂഹവുമായുള്ള ഈ വിദ്യാര്‍ത്ഥി സംഘടനയുടെ ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു.
രാജ്യത്ത് ദേശീയ ശക്തികള്‍ക്ക് വ്യക്തമായ മുന്‍തൂക്കം ലഭിച്ചതിന് അനുസൃതമായി എബിവിപിയുടെ അംഗസംഖ്യയിലും വലിയ വര്‍ദ്ധനവുണ്ടായി. 78 വര്‍ഷം നീണ്ടുനില്‍ക്കുന്ന അതിന്റെ അഭിമാനകരമായ യാത്രയില്‍, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ മാത്രമല്ല, സേവനം, സംഘടനാ വികസനം, വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍, സാമൂഹിക ഉത്തരവാദിത്തം, ദേശീയ ഏകീകരണം, വനിതാ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം, ഗവേഷണം, കായികം, കല, വ്യക്തിത്വ വികസനം എന്നീ മേഖലകളിലും എബിവിപി ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 77 ലക്ഷത്തിലധികം സജീവ അംഗങ്ങളുള്ള എബിവിപി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയാണ്. വിദ്യാര്‍ത്ഥി ശക്തിയെ ദേശീയ ശക്തിയായി പരിവര്‍ത്തനം ചെയ്യുന്നതിനായി സംഘടന തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വികസനം, ഗുണമേന്മയുള്ള വിദ്യാഭ്യാസം, ദേശീയ സ്വഭാവ രൂപീകരണം, കൂടാതെ ‘വികസിത് ഭാരത് 2047’ എന്ന ദര്‍ശനത്തിലേക്ക് സൃഷ്ടിപരമായ സംഭാവന നല്‍കുക എന്നിവയോടുള്ള പ്രതിബദ്ധത സംഘടന തുടര്‍ന്നും നിലനിര്‍ത്തുന്നു.
അടുത്തത്: തൊഴിലാളി മേഖലയില്‍ പ്രഥമ സ്ഥാനത്ത്
അടിക്കുറിപ്പുകള്‍:-
1.ABVP and national Reconstru-ction, Dr Ravi Ramachandra Dur-gadevi Shukla.
2.Ibid.


















