ശകവര്‍ഷത്തിലെ ശ്രാവണത്തിനും തമിഴ്മാസങ്ങളില്‍ ആവണിക്കും സമാനമായി കൊല്ലവര്‍ഷക്കണക്കില്‍ വരുന്ന പുതുവര്‍ഷാരംഭ മാസമാണ് ചിങ്ങം. ജ്യോതിശ്ശാസ്ത്രത്തില്‍ സിംഹത്തിന്റെ ആകൃതിയില്‍ നക്ഷത്രങ്ങള്‍ അണിചേര്‍ന്ന രാശിയാണ് ഇത്. കേരളത്തില്‍ ചിങ്ങം ഒന്ന് കര്‍ഷകദിനമാണ്. ചിങ്ങമാസത്തിലാണ് മലയാളികളുടെ ദേശീയോത്സവമായ തിരുവോണം വന്നെത്തുന്നത്. ചിങ്ങമാസം കൈരളിയുടെ വസന്തം കൂടിയാണ്. മലയാളനാട്ടില്‍ ഏറ്റവുമധികം സസ്യങ്ങള്‍ പൂവിടുന്നതുകൊണ്ടു തന്നെ ഓണാഘോഷങ്ങളോടനുബന്ധിച്ച് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പൂക്കളങ്ങള്‍. ചിങ്ങം വിരുന്നെത്തുന്ന, പൂ വിടര്‍ത്തുന്ന ചലച്ചിത്രഗാനങ്ങള്‍ ധാരാളമുണ്ട്. ആ ഗാനങ്ങളുടെ ആസ്വാദനം വാസന്തത്തിലൂടെയുള്ള ഒരു യാത്രയാണ്.
”പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി കേട്ടുണരും പുന്നെല്ലിന്‍ പാടത്തിലൂടെ, മാവേലിമന്നന്റെ മാണിക്യത്തേരുവരും മാനസപ്പൂക്കളങ്ങളാടും..” എന്നു പാടുന്നത് പ്രിയ കവി ശ്രീകുമാരന്‍ തമ്പിയാണ്. (ഗാനം- കേരളം, കേരളം, കേളികൊട്ടുയരുന്ന കേരളം, ചിത്രം-മിനിമോള്‍, സംഗീതം- ദേവരാജന്‍, ആലാപനം-യേശുദാസ്). ഓണത്തെ സൂചിപ്പിക്കുമാറ് തോണിപ്പാട്ടും പൂക്കളങ്ങളും പുന്നെല്ലും കൈകൊട്ടിപ്പാട്ടുകളുമൊക്കെ പാട്ടില്‍ കടന്നുവരുന്നു.
”പൂ കൊണ്ടു മൂടും പൊന്നും ചിങ്ങത്തില്‍…” എന്നു ഗീതകചിത്രമെഴുതുന്നതും അദ്ദേഹം തന്നെ(ഗാനം-പൂവിളി പൂവിളി പൊന്നോണമായി സംഗീതം- സലില്‍ ചൌധരി, ആലാപനം-യേശുദാസ്). ചിങ്ങം വസന്തകാലമാകയാല്‍ ‘പൂവിളി’, ‘പൂവയല്‍’, ‘മാരിവില്‍ മാല മാനപ്പൂന്തോപ്പില്‍’, ‘മണ്ണിന്‍ സ്വപ്‌നപൂമാലയീ മാനപ്പൂന്തോപ്പില്‍’, ‘തുമ്പപ്പൂക്കള്‍, നന്ദ്യാര്‍വട്ടം, തെച്ചി, ചെമ്പരത്തി’, തുടങ്ങിയ വാക്കുകള്‍ കൊണ്ടും ‘പൂക്കളം പാടിടും പൂമുറ്റം തോറും’ എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ കൊണ്ടും പാട്ടിനെ പൂക്കളമാക്കുകയാണ് അദ്ദേഹം.
പൂവണിപ്പൊന്നും ചിങ്ങം വിരുന്നു വന്നപ്പോള്‍ കളിവഞ്ചിപ്പാട്ടുകള്‍ ചുണ്ടില്‍ വിരിഞ്ഞതിനെക്കുറിച്ചും ഓമലാളുടെ പൂമുഖത്തിന്‍ തിരുമുറ്റത്ത് പുണ്യമലര്‍പ്പുഞ്ചിരിയാം പൂക്കളം കണ്ടതിനെക്കുറിച്ചും തുടര്‍ന്ന് തന്നിലെ പൊന്നോണത്തുമ്പി പറന്നുയര്‍ന്നതിനെക്കുറിച്ചും അദ്ദേഹം വീണ്ടും മനസ്സുതുറക്കുന്നു. (ഗാനം- ”പൂവണിപ്പൊന്നും ചിങ്ങം വിരുന്നു വന്നൂ പൂമകളേ” ചിത്രം-പഞ്ചവടി, സംഗീതം-എം.കെ.അര്‍ജുനന്‍ ആലാപനം-യേശുദാസ്), ”നിന്നോര്‍മ്മകള്‍ പൂത്തുലഞ്ഞു” എന്നും ”എന്നുമെന്നും നിന്നിലോണപ്പൂക്കളങ്ങള്‍ കാണും”എന്നും കവി കാമുകിയോടു പറയുന്നു.
”ചിങ്ങപ്പൂ ചിത്തിരപ്പൂ തൃത്താപ്പൂ പൂത്തിറങ്ങി….” എന്ന പൂപ്പാട്ട് ബാലു കിരിയത്തി ന്റേതാണ്. (ചിത്രം- എന്റെ ശ്രീക്കുട്ടിക്ക് സംഗീതം-ജോണ്‍സണ്‍, ആലാപനം-ചിത്ര) തിരുവോണത്തെ സൂചിപ്പിക്കുന്ന പൊന്നോലക്കുടക്കീഴില്‍ വരുന്ന മാവേലിത്തമ്പുരാനും പൂക്കളം തീര്‍ത്ത് പൂപ്പട കൂട്ടുന്നതും പൂക്കുലത്തുമ്പിയും ആവണിപ്പൂപ്പൊലിയും പൂവാങ്കുരുന്നും തുമ്പക്കുടവുമൊക്കെ പാട്ടിനെ അലംകൃതമാക്കുന്നു.
”ചിങ്ങപ്പൂങ്കൊമ്പില്‍ ഓണത്തുമ്പീം പൂങ്കാറ്റും ചായുറങ്ങി…”എന്നെഴുതുന്നത് ഒ.എന്‍.വി.(ഗാനം-അത്തപ്പൂവും നുള്ളി, തൃത്താപ്പൂവും നുള്ളി ചിത്രം-‘പുന്നാരം ചൊല്ലിച്ചൊല്ലി’, സംഗീതം-ജെറി അമല്‍ദേവ്, ആലാപനം-യേശുദാസ്,ചിത്ര) ഓണത്തെ ദ്യോതിപ്പിക്കുമാറ് തുമ്പിതുള്ളലും പൊന്നൂഞ്ഞാലിലുള്ള ആട്ടവുമൊക്കെ ഗാനത്തില്‍ കടന്നുവരുന്നു.

”ആടിക്കാറിന്‍ മഞ്ചല്‍ മാഞ്ഞു മെല്ലെ മേലേ, പാടിത്തീരും മുന്‍പേ മായും രാഗം പോലെ, ചിങ്ങം തന്നൂ കിളിക്കൊഞ്ചലിന്‍ പൊന്നും തേനും” എന്ന മൃദുമന്ത്രണവും അദ്ദേഹത്തിന്റേതു തന്നെ. (ചിത്രം-തപസ്യ സംഗീതം-സണ്ണി സ്റ്റീഫന്‍, ആലാപനം-യേശുദാസ്). കര്‍ക്കടകത്തിലെ കാര്‍മേഘങ്ങളുടെ മഞ്ചല്‍ പാടിത്തീരും മുന്‍പേ മായുന്ന രാഗം പോലെ മാഞ്ഞെന്നും കിളിക്കൊഞ്ചലിന്റെ പൊന്നും തേനുമായി ചിങ്ങം വന്നതായും കവിമൊഴി. കര്‍ക്കടകത്തിലെ മഴ മാറി, ചിങ്ങത്തിലെ തെളിമാനം വന്നതായി ഭംഗ്യന്തരേണ കവി സൂചിപ്പിക്കുന്നു.
”ചിങ്ങം വന്നേ ചെങ്കതിരും കൊണ്ടേ, ചങ്കിനുള്ളില്‍ കാത്തു വച്ച താലി തരില്ലേ” എന്ന ചോദ്യവുമായി രാജീവ് ആലുങ്കല്‍ വരുന്നു (ഗാനം-കന്നിപ്പെണ്ണേ, കണ്‍കദളിത്തേനേ..ചിത്രം-‘സൗണ്ട് തോമ’, ആലാപനം-ശങ്കര്‍ മഹാദേവന്‍, റിമി ടോമി). ‘കാപി’ രാഗത്തില്‍ ഗാനത്തിനു തൊങ്ങലു ചാര്‍ത്തുന്നത് ഗോപി സുന്ദര്‍. വസന്തത്തെ സൂചിപ്പിക്കുമാറ് പൂവരങ്ങ്, പൂക്കൈത, പൂമ്പാറ്റപ്പെണ്ണ്, പൂമരം, പാതി പൂത്ത മണിമലര് എന്നിവയൊക്കെ പാട്ടിലേക്ക് കുടിയിരുത്തുന്നു കവി. ചിങ്ങം ഒരു വിളവെടുപ്പുമാസം കൂടിയാണല്ലോ. കന്നിയിലെ കൊയ്ത്തിന് ചിങ്ങത്തില്‍ നെല്ല് കതിരിടണം. ഇടവപ്പാതി മുതല്‍ കാര്‍മേഘങ്ങള്‍ നിറയുന്ന മാനം അല്‍പമെങ്കിലും തെളിയുന്നത് ചിങ്ങത്തിലാണ്. കാര്‍മേഘങ്ങള്‍ മാറി സൂര്യനെക്കാണുന്നു. ചങ്കിനുള്ളില്‍ കാത്തു വച്ച താലി ഇവിടെ സൂര്യന്‍ തന്നെ.
”ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ നിന്നെ ഞാനെന്‍ സ്വന്തമാക്കും..” എന്ന മന്ത്രണം ഗിരീഷ് പുത്തഞ്ചേരിയുടേതാണ് (ചിത്രം-മീശമാധവന്‍, സംഗീതം-വിദ്യാസാഗര്‍, ആലാപനം-റിമി ടോമി, ശങ്കര്‍ മഹാദേവന്‍).
”പൊന്നിന്‍ ചിങ്ങത്തേര് വന്നു പൊന്നമ്പല മേട്ടില്‍, പൊന്നോണപ്പാട്ടുകള്‍ പാടാം, പൂനുള്ളാം പൂവണി വയ്ക്കാം” എന്ന ഭാവന ഓണത്തെക്കുറിച്ച് ഏറ്റവുമധികം പാട്ടുകളെഴുതി റെക്കോര്‍ഡ് സ്വന്തമാക്കിയ ശ്രീകുമാരന്‍ തമ്പിയുടേതാണ് (ചിത്രം-‘ശാസ്ത്രം ജയിച്ചു, മനുഷ്യന്‍ തോറ്റു’, സംഗീതം-ദക്ഷിണാമൂര്‍ത്തി, ആലാപനം-പി.ലീല). പൊന്നൂഞ്ഞാലും ഉത്രാട ചന്ദ്രിക വിരിച്ച പട്ടും അത്തപ്പൂക്കുന്നും ഓണപ്പൂവിളികളും മാവേലിത്തമ്പുരാന്റെ വരവുമൊക്കെ ഓണത്തെ ദ്യോതിപ്പിക്കുന്നതിനായി അദ്ദേഹം വരികളാക്കിയിരിക്കുന്നു. നിത്യസുന്ദരസ്ഥിതിസമത്വം സത്യമാക്കിയ പെരുമാളാണ് കേളികേട്ടൊരു കേരളനാട്ടില്‍ വാണിടുന്ന മാമലനാട്ടിലെ മാവേലിത്തമ്പുരാന്‍ എന്ന് ഗാനത്തിന്റെ ചരണത്തില്‍ ചിത്രീകരിക്കുന്നു അദ്ദേഹം.
”ചിങ്ങപ്പെണ്ണിന്‍ ചിറ്റാടയില്‍ തൊങ്ങല്‍ ചാര്‍ത്തി പൂഞ്ചില്ലകള്‍…”(ചിങ്ങത്തിലെത്തുന്ന പൂക്കാലത്തെ ഭംഗിയായി വരച്ചിടുന്ന പ്രയോഗം) എന്നും ”ചിങ്ങച്ചെപ്പില്‍ മഞ്ചാടിയും പൊന്നും മാലേം നീ കൊണ്ടു വാ, പൂഞ്ചോല പൂവോടെ നീ ചൂടി വാ, പാലാട പൊന്നാട നീ ചാര്‍ത്തി വാ”യെന്നും തുമ്പിയോടാവശ്യപ്പെടുന്നു ”ഒന്നാം തുമ്പീ നീയോടി വാ” (സംഗീതം- സലില്‍ ചൌധരി, ചിത്രം-‘സമയമായില്ലാ പോലും’, ആലാപനം-പി.സുശീല) എന്ന ഗാനത്തില്‍ ഒ.എന്‍.വിയിലെ കവി.
”മഞ്ഞും കുളിരും കുഞ്ഞിക്കിളിയും” എന്ന ഗാനത്തില്‍ ”ചിങ്ങനിലാവും ചിത്തിരപ്പൂവും ആടി നൃത്തമാടി” എന്നാണ് അദ്ദേഹത്തിന്റെ കാവ്യമര്‍മ്മരം (സംഗീതം-ഇളയരാജ ചിത്രം-സന്ധ്യക്കു വിരിഞ്ഞ പൂവ് ആലാപനം-കൃഷ്ണചന്ദ്രന്‍, എസ്.ജാനകി). ചിങ്ങത്തിലെ പൂക്കളിറുക്കുന്നതിനെക്കുറിച്ച് കവി’ വാര്‍മഴവില്ലു തീര്‍ക്കുവാന്‍ വര്‍ണ്ണങ്ങള്‍ തേടി വരുന്നവരേ, ഈ കുന്നലനാടിന്റെ കുമ്പിളില്‍ പൂവിടും വര്‍ണ്ണങ്ങള്‍ കൊണ്ടുപോകൂ…” എന്ന് വര്‍ണ്ണിക്കുന്നു.
”പൂവിളിയെ വരവേല്‍ക്കും ചിങ്ങനിലാവിന്‍ വൃന്ദാവനിയില്‍ തിരുവോണമേ വരികില്ലേ നീ….” എന്നു ചോദ്യമെറിയുന്നത് ബ്രജേഷ് രാമചന്ദ്രന്‍. (ഗാനം- ”ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പപ്പൂവേ, നിന്നെ തഴുകാനായ് കുളിര്‍കാറ്റിന്‍…”സംഗീതം-സബീഷ് ജോര്‍ജ്, ആലാപനം- സബീഷ് ജോര്‍ജ് & കോറസ്, ചിത്രം-ക്വട്ടേഷന്‍). ”ഓണവില്ലില്‍ ഊഞ്ഞാലാടും വണ്ണാത്തിക്കിളിയെ കൊതിയോടെ പുല്‍കാനെത്തുന്ന മാരിക്കാര്‍” എന്ന പ്രയോഗത്തിലൂടെ മഴവില്ലും കാര്‍മേഘവുമൊക്കെ കാവ്യാത്മക ഉപമയിലേക്കു കൊണ്ടുപോകുന്ന കവി ”തിരുമുറ്റത്തൊരുകോണില്‍ നില്‍ക്കുന്ന മുല്ലയോട് തേന്‍ ചിരിയാലേ പൂ ചൊരിയൂ” എന്നു പ്രയോഗിക്കുന്നതിലൂടെ കാമുകിയേയും അവളുടെ പൂച്ചിരിയേയും പാട്ടിലേക്ക് ആനയിക്കുന്നു. തിരുവോണ സദ്യയൊരുക്കാന്‍ മാറ്റേറും കോടിയുടുത്ത് തുമ്പിപ്പെണ്ണ് അണയുവാന്‍ കവി ആവശ്യപ്പെടുന്നു.



















