ചട്ടമ്പിസ്വാമികളുടെ വിജ്ഞാനദര്‍ശനവും ഐക്യരാഷ്ട്രസഭ, യുനെസ്‌കോ, മാസച്യൂസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവയുടെ നയങ്ങളുമായുള്ള ഒരു താരതമ്യ പഠനം. ‘Chattampi Swamikal and open Knowledge’ എന്ന പ്രബന്ധത്തിന്റെ പരിഭാഷ. (വിവര്‍ത്തനം: ഡോ.ആര്‍.രാമന്‍ നായര്‍, ഡോ. അമൃത്)
അന്റോണെല്ല ഡെ റോബിയോ
ഓപ്പണ്‍ സയന്‍സ്, ശാസ്ത്രീയ ആശയവിനിമയം, വിവരനിര്‍വഹണം, ബൗദ്ധിക സ്വത്തവകാശം എന്നീ മേഖലകളില്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട പണ്ഡിതയാണ്. 2003-ല്‍ സ്ഥാപിതമായ അന്താരാഷ്ട്ര ഓപ്പണ്‍-ആക്‌സസ് ശേഖരമായ ഇ-ലിസിന്റെ സ്ഥാപകയാണ് അന്റോണെല്ല ഡെ റോബിയോ. ഇറ്റലിയിലെ പാദുവ സര്‍വകലാശാലയിലെ ദീര്‍ഘവും ശ്രദ്ധേയവുമായ ഔദ്യോഗിക ജീവിതത്തിനിടെ ഓപ്പണ്‍-ആക്‌സസ് വിവരസൗകര്യങ്ങളുടെ വികസനത്തില്‍ അവര്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. പ്രൊഫ. അച്യുത് ശങ്കര്‍ എസ്. നായരോടൊപ്പം മൂന്ന് വാല്യങ്ങള്‍ ചട്ടമ്പിസ്വാമികളുടെ തുറന്ന വിജ്ഞാന (Open Knowledge) ദര്‍ശനത്തെ ആസ്പദമാക്കി എഡിറ്റ് ചെയ്തിട്ടുണ്ട്. ഓപ്പണ്‍ സയന്‍സ് വിവരനിര്‍വഹണം എന്നീ മേഖലകളില്‍ നിരവധി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിജ്ഞാന അഭിഗമ്യത അല്ലെങ്കില്‍ വിജ്ഞാന പ്രാപ്യത (Access to Knowledge) സമകാലീന ലോകത്തിലെ ഏറ്റവും നിര്‍ണായകമായ ബൗദ്ധികവും നയപരവുമായ വെല്ലുവിളികളിലൊന്നായി ഉയര്‍ന്നുവന്നിരിക്കുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യകളിലെ പുരോഗതി, ഗവേഷണ പ്രബന്ധങ്ങളുടെ വ്യാപക പ്രചരണം സാങ്കേതികമായി സാധ്യമാക്കിയിട്ടുണ്ടെങ്കിലും, ശാസ്ത്രീയവും അക്കാദമികവുമായ അറിവിലേക്കുള്ള പ്രവേശനം ഇന്നും ആഴത്തിലുള്ള അസമത്വങ്ങള്‍ക്കു വിധേയമാണ്. പണമടച്ചാല്‍ മാത്രം ലഭ്യമാകുന്ന പ്രസിദ്ധീകരണ സംവിധാനങ്ങള്‍ (paywalls), ഭാഷാപരമായ തടസ്സങ്ങള്‍, സ്ഥാപനപരമായ ശ്രേണീ വ്യവസ്ഥകള്‍, ആഗോള അസമത്വങ്ങള്‍ എന്നിവയാണ് ഈ പ്രവേശനത്തെ നിര്‍ണയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഓപ്പണ്‍ ആക്‌സസ് (Open Access), ഓപ്പണ്‍ സയന്‍സ് (Open Science), ഓപ്പണ്‍ നോളഡ്ജ് (Open Knowledge) എന്നീ പ്രസ്ഥാനങ്ങള്‍ ആഗോളതലത്തില്‍ വിവിധ വിജ്ഞാനശാഖകളില്‍ ശക്തിപ്രാപിച്ചത്. പൊതുമുതല്‍ ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന ഗവേഷണഫലങ്ങള്‍ പൊതുസമൂഹത്തിന് തന്നെ പ്രയോജനപ്പെടുന്ന തരത്തില്‍ ഗവേഷണ പ്രസിദ്ധീകരണരംഗത്തെ സംവിധാനങ്ങളെ പുനഃസംഘടിപ്പിക്കുകയാണ് ഈ പ്രസ്ഥാനങ്ങളുടെ ലക്ഷ്യം. എന്നിരുന്നാലും, ഈ ചര്‍ച്ചകള്‍ പലപ്പോഴും അടിസ്ഥാനസൗകര്യങ്ങള്‍, സാമ്പത്തിക സുസ്ഥിരത, കാര്യക്ഷമത തുടങ്ങിയ വിഷയങ്ങളില്‍ മാത്രം പരിമിതപ്പെടുകയും ഏവര്‍ക്കും പ്രാപ്യമായ തരത്തിലുള്ള തുറന്ന അറിവിന്റെ ആവശ്യകതയും അതിന്റെ ആഴത്തിലുള്ള ധാര്‍മ്മികവും ചരിത്രപരവുമായ മാനങ്ങളും വേണ്ടത്ര പരിഗണിക്കപ്പെടാതിരിക്കുകയും ചെയ്യുന്നു.
2023-ല്‍ പ്രസിദ്ധീകരിച്ച ‘ശാസ്ത്ര-അക്കാദമിക വിജ്ഞാനത്തിന്റെ പ്രാപ്യത: ഗവേഷണ പ്രസിദ്ധീകരണമേഖലയുടെ ഭാവിയെക്കുറിച്ചുള്ള നിര്‍ണായക ചോദ്യങ്ങള്‍’ (Access to Science and Scholarship: Key Questions about the Future of Research Publishing എന്ന മസ്സാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (MIT) ധവള പത്രം ഈ വെല്ലുവിളികളെക്കുറിച്ചുള്ള സമീപകാലത്തെ ഏറ്റവും പ്രാധാന്യമുള്ള സ്ഥാപനതല ഇടപെടലുകളിലൊന്നാണ്. അധ്യാപകരും പ്രസാധനരംഗത്തെ വിദഗ്ദ്ധരും ചേര്‍ന്ന് തയ്യാറാക്കിയ ഈ രേഖ, സമകാലീന ഗവേഷണ പ്രസിദ്ധീകരണരംഗത്തെ ഘടനാപരമായ പ്രശ്‌നങ്ങളെ വിശകലനം ചെയ്യുന്നു. പൊതുമുതല്‍ ഉപയോഗിച്ച് നടത്തുന്ന ഗവേഷണങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകാതിരിക്കുന്ന വൈരുദ്ധ്യം, വാണിജ്യ പ്രസാധന സംവിധാനങ്ങളില്‍ നിയന്ത്രണം കേന്ദ്രീകരിക്കപ്പെടുന്നത്, പൊതുനന്മയെക്കാള്‍ പ്രസിദ്ധിക്കും സ്ഥാപനത്തിന്റെ കീര്‍ത്തിക്കും മുന്‍ഗണന നല്‍കുന്ന പ്രോത്സാഹനരീതികള്‍ എന്നിവയാണ് അതില്‍ പ്രധാനമായും പ്രശ്‌നകരമാണെന്ന് ചൂണ്ടിക്കാണിക്കുന്നത്. ഒരൊറ്റ പരിഹാരം നിര്‍ദേശിക്കുന്നതിനുപകരം, ഭരണസംവിധാനം, സാമ്പത്തിക സുസ്ഥിരത, സമൂഹത്തോടുള്ള ഗവേഷണസ്ഥാപനങ്ങളുടെ ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള നിര്‍ണായക ചോദ്യങ്ങളാണ് ഈ റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നത് (Brand and Sharp, 2023). ഇതിലൂടെ പ്രത്യേകിച്ച് പൊതുമുതല്‍ ഉപയോഗിച്ച് നടത്തുന്ന ഗവേഷണങ്ങളില്‍ നിന്ന് രൂപപ്പെടുന്ന അക്കാദമിക അറിവിനെ പൊതുനന്മയ്ക്കായി സ്വതന്ത്രമായി പ്രചരിക്കേണ്ട ഒരു പൊതുസമ്പത്ത് (Public Good) എന്ന നിലയിലാണ് റിപ്പോര്‍ട്ട് കാണുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പീറ്റര്‍ സുബര്‍ (Peter Suber) അറിവിനെ വാണിജ്യവല്‍ക്കരിക്കുന്ന പ്രവണതയെ ശക്തമായി വിമര്‍ശിക്കുകയും, പ്രത്യേകിച്ച് പൊതുമുതല്‍ ഉപയോഗിച്ച് നിര്‍മ്മിക്കപ്പെടുന്നതോ രചയിതാക്കള്‍ സ്വമേധയാ പങ്കുവയ്ക്കുന്നതോ ആയ വിജ്ഞാനത്തെ ഒരു പൊതുസമ്പത്തായി അംഗീകരിക്കണമെന്ന് വാദിക്കുകയും ചെയ്തിരുന്നു (Suber, 2009).
ആഗോളതലത്തില്‍ ഈ ആശയങ്ങള്‍; 2021-ല്‍ സ്വീകരിച്ച യുനെസ്‌കോയുടെ ‘സുതാര്യശാസ്ത്രത്തെ സംബന്ധിച്ച ശുപാര്‍ശ’ (Recommendation on Open Science) എന്ന ശുപാര്‍ശയിലൂടെ നയപരമായ രൂപം പ്രാപിക്കുന്നു. ശാസ്ത്രീയ അറിവ് ഏവര്‍ക്കും പ്രാപ്യമായതും, പുനരുപയോഗിക്കാവുന്നതുമായ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും (inclusive) നീതിയുക്തവുമായ സംവിധാനമായാണ് അതില്‍ ഓപ്പണ്‍ സയന്‍സിനെ നിര്‍വചിക്കുന്നത് (UNESCO, 2021). ഭാഷാവൈവിധ്യം, സമൂഹത്തിന്റെ പങ്കാളിത്തം, തദ്ദേശീയവും പരമ്പരാഗതവുമായ സമൂഹ്യ വിഭാഗങ്ങളുടെ വിജ്ഞാന പാരമ്പര്യങ്ങളുമായുള്ള സംവാദം എന്നിവയ്ക്ക് ഈ ശുപാര്‍ശ പ്രത്യേക പ്രാധാന്യം നല്‍കുന്നു. അതുവഴി, സമത്വത്തിനും ജനപങ്കാളിത്തത്തിനുമായുള്ള വിശാലമായ ധാര്‍മ്മിക പ്രതിബദ്ധതയുടെ ഭാഗമായി ഓപ്പണ്‍ സയന്‍സിനെ അത് അവതരിപ്പിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളും (Sustainable Development Goal (SDGs), അവയില്‍ പ്രത്യേകിച്ച് ഗുണമേന്മയുള്ള വിദ്യാഭ്യാസം, അസമത്വങ്ങള്‍ ഇല്ലാതിരിക്കല്‍, നവീകരണം, ശക്തമായ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളും, ‘അറിവിന്റെ അനിയന്ത്രിതമായ ലഭ്യത’യെ (open access) സുസ്ഥിരവും ജനാധിപത്യപരവുമായ വികസനത്തിന്റെ അനിവാര്യ മുന്നുപാധിയായി കണക്കാക്കുന്നു (United Nations,2015).അങ്ങനെ,എം ഐടി ധവള പത്രവും, യുനെസ്‌കോയുടെ ഓപ്പണ്‍ സയന്‍സ് ശുപാര്‍ശയും, എസ്ഡിജികളും ചേര്‍ന്ന് ഓപ്പണ്‍ ആക്‌സസിനെ ഒരു സാങ്കേതികമോ സാമ്പത്തികമോ ആയ പ്രശ്‌നം മാത്രമല്ല; അത് സാമൂഹികനീതിയുടെയും കൂട്ടുത്തരവാദിത്തത്തിന്റെയും വിഷയമാണെന്ന ആഗോള ധാരണയെ ശക്തിപ്പെടുത്തുന്നു.
അറിവിന്റെ അനിയന്ത്രിതമായ ലഭ്യതയുടെ പ്രാധാന്യത്തെകുറിച്ചുള്ള അഭിപ്രായ ഐക്യം ആഗോള തലത്തില്‍ വളര്‍ന്നു വരുന്നുണ്ടെങ്കിലും, ഓപ്പണ്‍ ആക്‌സസിനെയും ഓപ്പണ്‍ സയന്‍സിനെയും സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോഴും സാങ്കേതികതയില്‍ ഊന്നിയതും, ആംഗലേയ സ്വഭാവമുള്ളതും, സ്ഥാപനകേന്ദ്രിതവുമായാണ് നടക്കുന്നത്. ധാര്‍മ്മിക ചോദ്യങ്ങള്‍ അടിസ്ഥാന വിജ്ഞാന സൗകര്യങ്ങളുടെ അവിഭാജ്യഘടകങ്ങളെന്ന നിലയില്‍ കാണപ്പെടുന്നതിനു പകരം, പലപ്പോഴും അധികമായി കൂട്ടിച്ചേര്‍ക്കുന്ന മാനദണ്ഡങ്ങളായി മാത്രം പരിഗണിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍, അറിവിനെ ഒരു ധാര്‍മ്മികവും സാമൂഹികവുമായ പൊതുസമ്പത്തായി കണ്ടിരുന്ന ചരിത്രപരവും പ്രാദേശികവുമായ വിജ്ഞാനപാരമ്പര്യങ്ങളെ പരിഗണിക്കാതെ തുറന്ന അറിവിന്റെ ആശയം പൂര്‍ണ്ണമായി മനസ്സിലാക്കാനാവില്ലെന്നാണ് ഇവിടെ വാദിക്കുന്നത്.
സമകാലീന ഓപ്പണ്‍ സയന്‍സ് ചട്ടക്കൂടുകളെ, അറിവിനെ സ്വകാര്യസ്വത്തായല്ല മറിച്ച് ധാര്‍മ്മികവും സാമൂഹികവുമായ പൊതുസമ്പത്തായി കണ്ടിരുന്ന മുന്‍കാല ബൗദ്ധിക പാരമ്പര്യങ്ങളുമായി താരതമ്യപ്പെടുത്തി വായിക്കുമ്പോഴാണ് അവയുടെ യഥാര്‍ത്ഥ അര്‍ത്ഥവും ശക്തിയും കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുക എന്നതാണ് ഈ പഠനത്തിലെ വാദം. ഈ പശ്ചാത്തലത്തില്‍, കേരള നവോത്ഥാനത്തിലെ പ്രമുഖ ചിന്തകനായ ചട്ടമ്പി സ്വാമികളുടെ (1853-1924) ചിന്തയും പ്രവര്‍ത്തനവും അതീവ ശ്രദ്ധേയവും ഇതുവരെ വേണ്ടത്ര ഗവേഷണ വിധേയമാക്കാത്തതുമായ ഒരു താരതമ്യസാധ്യത മുന്നോട്ടുവയ്ക്കുന്നുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തിച്ച സ്വാമികള്‍, ജാതിയുടെ അടിസ്ഥാനത്തില്‍ അറിവിന്മേല്‍ സ്ഥാപിച്ചിരുന്ന കുത്തകകളെ ചോദ്യം ചെയ്തു. വേദ-ശാസ്ത്ര-ദാര്‍ശനിക വിജ്ഞാനത്തെ ചില പ്രത്യേക സമൂഹങ്ങളുടെ മാത്രം അവകാശമായി പരിമിതപ്പെടുത്തുന്നതിനെ അദ്ദേഹം നിരാകരിക്കുകയും, മാതൃഭാഷയിലൂടെ എല്ലാവര്‍ക്കും ‘അറിവ്’ ലഭ്യമാക്കേണ്ടത് ഒരു ധാര്‍മ്മിക അനിവാര്യതയാണെന്ന് വാദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ‘വേദാധികാര നിരൂപണം’ എന്ന കൃതി, ജാതിയുടെ പേരില്‍ വിദ്യാഭ്യാസാവകാശം നിഷേധിച്ചിരുന്ന സാമൂഹിക വ്യവസ്ഥയെ നേരിട്ട് വെല്ലുവിളിക്കുന്നു (Chattampi Swamikal, 1890). മലയാളത്തില്‍ അദ്ദേഹം രചിച്ച ചരിത്ര-ദാര്‍ശനിക ഗ്രന്ഥങ്ങള്‍ പൊതുവിദ്യാഭ്യാസത്തെ ലക്ഷ്യമിട്ടുള്ള ബോധപൂര്‍വമായ ഒരു വിജ്ഞാനപ്രചാരണ തന്ത്രത്തിന്റെ ഉദാഹരണങ്ങളുമാണ്.
ഓപ്പണ്‍ സയന്‍സിനെക്കുറിച്ചുള്ള ഇന്നത്തെ ചര്‍ച്ചകളില്‍ നിന്ന് ഒരു നൂറ്റാണ്ടിലേറെ മുന്‍പായിരുന്നെങ്കിലും, സ്വാമികളുടെ ഇടപെടലുകള്‍ അടിസ്ഥാനപരമായി സമാനമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്: അറിവിന്മേല്‍ ആര്‍ക്കാണ് അവകാശം? (Vivekanandhan, 2007). അറിവ് ഏത് ഭാഷയിലൂടെയാണ് സമൂഹത്തിലേക്ക് പ്രചരിക്കേണ്ടത്? കൂടാതെ, പാണ്ഡിത്യത്തിനും ഗവേഷണത്തിനും സമൂഹത്തോടുള്ള ഉത്തരവാദിത്തം എന്താണ്? (Sreenathan, 2025). സമീപകാല ഗവേഷണങ്ങള്‍ സ്വാമികളെ, അറിവിന്റെ ജനാധിപത്യവല്‍ക്കരണത്തെയും വിജ്ഞാനനീതിയെയും (epistemic justice) കുറിച്ചുള്ള ആധുനിക ആശയങ്ങള്‍ക്ക് മുന്‍ഗാമിയായ ഒരു ചിന്തകനായി അംഗീകരിക്കുകയും, ബൗദ്ധികമായ പുറന്തള്ളലിനെതിരായ ആഗോള ചരിത്രത്തിന്റെ വിശാല പശ്ചാത്തലത്തില്‍ അദ്ദേഹത്തിനു സ്ഥാനം നല്‍കുകയും ചെയ്യുന്നു (Raman, 2025). മനസ്സിലാക്കാവുന്ന ഭാഷ, ധാര്‍മ്മിക ഉത്തരവാദിത്തം, സാമൂഹിക പ്രസക്തി എന്നിവയ്ക്കു സ്വാമികള്‍ നല്‍കിയ പ്രാധാന്യം, തുറന്ന അറിവിനെ ഡിജിറ്റല്‍ പകര്‍പ്പുകളിലെ ലഭ്യതയുമായി മാത്രം സമീകരിക്കുന്ന സമകാലീന ഓപ്പണ്‍ ആക്‌സസ് മാതൃകകള്‍ക്ക് ഗൗരവമുള്ള ഒരു വിമര്‍ശനപരമായ പകരംവഴി മുന്നോട്ടുവയ്ക്കുന്നുമുണ്ട്.
എംഐടിയുടെ ഓപ്പണ്‍ സ്‌കോളര്‍ഷിപ്പ് ചട്ടക്കൂടിനെയും, യുനെസ്‌കോയുടെ ഓപ്പണ്‍ സയന്‍സ് ശുപാര്‍ശയെയും, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെയും (എസിജി), ചട്ടമ്പി സ്വാമികളുടെ വിജ്ഞാനദര്‍ശനവുമായി സംവാദത്തിലാക്കിക്കൊണ്ട്, ഓപ്പണ്‍ ആക്‌സസിനുള്ള ഒരു താരതമ്യപരവും വംശാവലീപരവുമായ (genealogical) സമീപനമാണ് ഈ പ്രബന്ധം അവതരിപ്പിക്കുന്നത്. ആധുനിക ഓപ്പണ്‍ സയന്‍സ് സംരംഭങ്ങള്‍ ഭൂതകാലത്തില്‍ നിന്ന് പൂര്‍ണ്ണമായൊരു വിച്ഛേദമല്ല; മറിച്ച് എല്ലാവരെയും ഉള്‍ക്കൊള്ളല്‍, മനസ്സിലാക്കാവുന്ന അവതരണം, പങ്കിട്ട ബൗദ്ധിക അധികാരം എന്നീ പഴയ ധാര്‍മ്മിക പ്രതിബദ്ധതകളുടെ പുതിയ സ്ഥാപനപരമായ ആവിഷ്‌കാരമാണെന്നും കാണേണ്ടിയിരിക്കുന്നു. അതേസമയം, ഈ താരതമ്യത്തിനു ചില പ്രധാനപ്പെട്ട സംഘര്‍ഷങ്ങളെയും വെളിപ്പെടുത്താനാവും. സമകാലീന ചട്ടക്കൂടുകള്‍ അടിസ്ഥാനസൗകര്യങ്ങളെയും നയരൂപീകരണത്തെയും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നുവെങ്കിലും, ഭാഷ, പഠനരീതി (pedagogy), സമൂഹപങ്കാളിത്തം എന്നീ മേഖലകളെക്കുറിച്ചുള്ള സൈദ്ധാന്തിക ചര്‍ച്ചകള്‍ പര്യാപ്തമല്ല. ഈ മേഖലകളില്‍ ചട്ടമ്പിസ്വാമികളുടെ പ്രവര്‍ത്തനരീതി ഇന്നും ഏറെ പ്രസക്തവും മാര്‍ഗദര്‍ശകവുമാണ്.
ഈ പ്രബന്ധത്തിന്റെ പ്രധാന വാദം ഇതാണ്: യഥാര്‍ത്ഥത്തില്‍ എല്ലാവര്‍ക്കും പ്രാപ്യമായ ഒരു വിജ്ഞാന പൊതുസമ്പത്ത് (knowledge commons) സൃഷ്ടിക്കാന്‍ ഓപ്പണ്‍ ലൈസന്‍സുകളും ഡിജിറ്റല്‍ ശേഖരങ്ങളും മാത്രം മതിയാകില്ല. അറിവിനെ മനുഷ്യരാശിയുടെ വിജ്ഞാന പൊതുപൈതൃക സമ്പത്തായി (shared civilizational trust) കാണുന്ന ഒരു ധാര്‍മ്മിക പുനര്‍നിര്‍വചനം അതിന് അനിവാര്യമാണ്. ഭാഷാവൈവിധ്യം, സാമൂഹിക ഉത്തരവാദിത്തം, ജനപങ്കാളിത്തമുള്ള സ്ഥാപനങ്ങള്‍ എന്നിവയിലൂടെയാണ് അത്തരമൊരു വിജ്ഞാനസമ്പത്ത് നിലനില്‍ക്കുന്നത്. ആഗോള നയരേഖകളെയും തദ്ദേശീയ ബൗദ്ധികചരിത്രത്തെയും താരതമ്യപരമായി വായിച്ചുകൊണ്ട്, ഓപ്പണ്‍ സയന്‍സിനെക്കുറിച്ചുള്ള സമകാലീന ചര്‍ച്ചകള്‍ക്ക് കൂടുതല്‍ വിശാലമായ ധാര്‍മ്മികവും ചരിത്രപരവുമായ അടിത്തറ നല്‍കുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം. സാങ്കേതിക നവീകരണം എത്രത്തോളം ആവശ്യമാണ് അത്രത്തോളം തന്നെ ധാര്‍മ്മിക ഭാവനയും (ethical imagination) ഓപ്പണ്‍ സ്‌കോളര്‍ഷിപ്പിന്റെ ഭാവിക്ക് അനിവാര്യമാണെന്ന് ഈ പ്രബന്ധം സമര്‍ത്ഥിക്കുന്നു.

ഓപ്പണ്‍ സയന്‍സ് നയങ്ങളുടെ പ്രായോഗികതയും വിജ്ഞാന ഇടനില സ്ഥാപനങ്ങളും
ഓപ്പണ്‍ സയന്‍സ് നയങ്ങളുടെ ഫലപ്രാപ്തി, അവയിലെ അമൂര്‍ത്തമായ തത്ത്വങ്ങളെയും നയസങ്കല്‍പ്പങ്ങളെയും ദീര്‍ഘകാലം നിലനില്‍ക്കുന്ന ഗവേഷണ-പാണ്ഡിത്യ പ്രവര്‍ത്തനങ്ങളാക്കി മാറ്റാന്‍ കഴിയുന്ന സ്ഥാപനങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍, ലൈബ്രറികളും വിജ്ഞാന ഇടനില സ്ഥാപനങ്ങളും (knowledge intermediaries) ആഗോള നയചട്ടക്കൂടുകളെയും പ്രാദേശികവും സാഹചര്യനിഷ്ഠവുമായ വിജ്ഞാനസമൂഹങ്ങളെയും (epistemic communities) പരസ്പരം ബന്ധിപ്പിച്ചുകൊണ്ട്, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സമത്വാധിഷ്ഠിതവുമായ ഓപ്പണ്‍ സയന്‍സിനെ പ്രായോഗിക തലത്തില്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ തന്ത്രപ്രധാനമായ പങ്ക് വഹിക്കുന്നു. അധി-വിവരങ്ങളുടെ പരിപാലനം (metadata curation), ബഹുഭാഷാ വിജ്ഞാനലഭ്യത, ദീര്‍ഘകാല സംരക്ഷണം, സാമൂഹിക പങ്കാളിത്തം എന്നിവയിലെ അവരുടെ വൈദഗ്ദ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍, ഇത്തരം സ്ഥാപനങ്ങള്‍ വിജ്ഞാന പൊതുസമ്പത്തിനെ (knowledge commons) ദീര്‍ഘകാലം നിലനിര്‍ത്തുകയും വികസിപ്പിക്കുകയും ചെയ്യുന്ന അടിസ്ഥാന വിജ്ഞാനസൗകര്യങ്ങളായി (knowledge infrastructures) പ്രവര്‍ത്തിക്കുന്നു.
എംഐടി ഓപ്പണ്‍ സ്‌കോളര്‍ഷിപ്പ് ചട്ടക്കൂട് (Open Scholarship Framework)
എംഐടിയുടെ ഓപ്പണ്‍ സ്‌കോളര്‍ഷിപ്പ് ചട്ടക്കൂട് എന്നത് ഗവേഷണഫലങ്ങളിലേക്കുള്ള ഓപ്പണ്‍ ആക്‌സസ് (Open Access to Research) സംബന്ധിച്ച സമഗ്രമായ ഒരു സ്ഥാപനപരമായ ദര്‍ശനവും മാര്‍ഗനിര്‍ദേശക തത്ത്വങ്ങളുടെ സമാഹാരവുമാണ്. ഗവേഷകര്‍ക്ക് അവരുടെ ബൗദ്ധിക സൃഷ്ടികളിന്മേലുള്ള നിയന്ത്രണം ഉറപ്പാക്കുക, വിജ്ഞാനത്തിലേക്കുള്ള നീതിയുക്തമായ പ്രവേശനം പ്രോത്സാഹിപ്പിക്കുക, അക്കാദമിക ആശയവിനിമയത്തിനായി ചൂഷണരഹിതവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ സംവിധാനങ്ങള്‍ വികസിപ്പിക്കുക എന്നിവയാണ് ഈ ചട്ടക്കൂടിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍.
ഈ ദര്‍ശനം വിവിധ നയപരവും അടിസ്ഥാനസൗകര്യപരവുമായ സംരംഭങ്ങളിലൂടെ പ്രായോഗികരൂപം പ്രാപിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയാണ് എംഐടിയുടെ Framework for Publisher Contracts (2019). രചയിതാക്കളുടെ പകര്‍പ്പവകാശം നിലനിര്‍ത്തുന്നതിനും, ഗ്രന്ഥങ്ങളിലെ വിവരങ്ങള്‍ യന്ത്രവായനയിലൂടെയും (text and data mining) ഗവേഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനുമുള്ള അവകാശം ഉറപ്പാക്കുന്ന നയമാണിത്. ഇതോടൊപ്പം, ഓപ്പണ്‍ മോണോഗ്രാഫുകളുടെ പ്രസിദ്ധീകരണത്തിനായി രൂപപ്പെടുത്തിയ എംഐടിയുടെ Direct to Open (D2O) പോലുള്ള പരീക്ഷണാത്മക മാതൃകകളും, സമത്വാധിഷ്ഠിതവും തുറന്നതുമായ അക്കാദമിക പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി സ്ഥാപിച്ച Centre for Research on Equitable and Open Scholarship (CREOS) എന്ന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളും ഈ ചട്ടക്കൂടിന്റെ പ്രധാന ഘടകങ്ങളാണ്.
2023-ല്‍ പ്രസിദ്ധീകരിച്ച Access to Science and Scholarship എന്ന എംഐടി ധവള പത്രം, അക്കാദമിക ആശയവിനിമയത്തെ നിയന്ത്രിക്കുന്ന നിലവിലെ ഘടനകളെക്കുറിച്ച് സര്‍വകലാശാലകള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് രൂപംകൊണ്ടത്. ഓപ്പണ്‍ ആക്‌സസിനെ ഇതിനകം പരിഹരിക്കപ്പെട്ട ഒരു വിഷയമായി കാണുന്നതിനുപകരം, ഗവേഷണ പ്രസിദ്ധീകരണത്തിന്റെ ഭാവി തുടര്‍ച്ചയായ പഠനവും പരീക്ഷണങ്ങളും സ്ഥാപനങ്ങളുടെ ഉത്തരവാദിത്തബോധവും ആവശ്യപ്പെടുന്ന ഒരു തുറന്ന ചോദ്യമാണെന്നാണ് ഈ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്. വിവിധ വിജ്ഞാനശാഖകളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഈ രേഖ, തുറന്ന വിജ്ഞാനത്തോടുള്ള എംഐടിയുടെ ദീര്‍ഘകാല പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം, ആ പ്രതിബദ്ധതയെ സ്ഥിരതയാര്‍ന്ന പ്രസിദ്ധീകരണ രീതികളാക്കി മാറ്റുന്നതിന്റെ സങ്കീര്‍ണ്ണതയും അംഗീകരിക്കുന്നു (Brand and Sharp, 2023).

സമകാലീന ഗവേഷണ പ്രസിദ്ധീകരണ പരിസ്ഥിതിയിലെ (publishing ecosystem) ഘടനാപരമായ അസന്തുലിതാവസ്ഥ (systemic misalignment) തിരിച്ചറിയുന്നതാണ് എം.ഐ.ടി. ചട്ടക്കൂടിന്റെ കേന്ദ്രസവിശേഷത. സര്‍വകലാശാലകളും പൊതുമേഖലാ ഏജന്‍സികളും ജീവകാരുണ്യസ്ഥാപനങ്ങളും ഗവേഷണത്തിന് ആവശ്യമായ ധനസഹായത്തിന്റെ ഭൂരിഭാഗവും നല്‍കുന്നുണ്ടെങ്കിലും, ഗവേഷണഫലങ്ങളുടെ പ്രചരണത്തിന്മേലുള്ള നിയന്ത്രണം പലപ്പോഴും വാണിജ്യ പ്രസാധന സ്ഥാപനങ്ങളുടെ കൈകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവയുടെ സാമ്പത്തിക മാതൃകകള്‍ അസുലഭതയും നിയന്ത്രിത ലഭ്യതയും അടിസ്ഥാനമാക്കിയുള്ളവയാണ് (Brand and Sharp, 2023). ഇതിന്റെ ഫലമായി, പൊതുമുതല്‍ ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന വിജ്ഞാനം അതിന്റെ സൃഷ്ടിയെ പിന്തുണയ്ക്കുന്ന സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് ലഭ്യമാകാതെ പോകുന്ന വിരോധാഭാസം സൃഷ്ടിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ വൈരുദ്ധ്യത്തെ മുന്‍നിര്‍ത്തി, അറിവിലേക്കുള്ള പ്രവേശനം ഒരു സാങ്കേതിക പ്രശ്‌നമെന്നതിലുപരി സ്ഥാപനങ്ങളുടെ ധാര്‍മ്മികതയുടെയും ഭരണപരമായ ഉത്തരവാദിത്തത്തിന്റെയും അടിസ്ഥാനപ്രശ്‌നമായി ഈ റിപ്പോര്‍ട്ട് പുനര്‍നിര്‍വചിക്കുന്നു.
എംഐടി ധവളപത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്, ഓപ്പണ്‍ ആക്‌സസിന്റെ ഒരൊറ്റ മാതൃകയെ അന്തിമപരിഹാരമായി അംഗീകരിക്കാന്‍ അത് തയ്യാറാകുന്നില്ല എന്നതാണ്. പകരം, വിവിധ വിജ്ഞാനശാഖകളുടെയും പ്രസിദ്ധീകരണരീതികളുടെയും അക്കാദമിക സമൂഹങ്ങളുടെയും വൈവിധ്യത്തെ അംഗീകരിക്കുന്ന ഒരു ബഹുസ്വര സമീപനമാണ് അത് സ്വീകരിക്കുന്നത്. രചയിതാക്കള്‍ തന്നെ പ്രസിദ്ധീകരണച്ചെലവ് വഹിക്കുന്ന മാതൃകകളുടെ ദീര്‍ഘകാല സുസ്ഥിരത, തുറന്ന അടിസ്ഥാനസൗകര്യങ്ങളുടെ (open infrastructures) ഭരണസംവിധാനം, ഗവേഷണരേഖകളുടെ ദീര്‍ഘകാല സംരക്ഷണം എന്നിവയെക്കുറിച്ചുള്ള നിര്‍ണായക ചോദ്യങ്ങളാണ് റിപ്പോര്‍ട്ട് ഉയര്‍ത്തുന്നത് (Brand and Sharp, 2023). തുറന്ന വിജ്ഞാനം വിപണിയെ മാത്രം ആശ്രയിച്ചോ ഏകീകൃത നിര്‍ബന്ധിത നയങ്ങളിലൂടെയോ കൈവരിക്കാമെന്ന ധാരണയെ ഇത് പരോക്ഷമായി ചോദ്യം ചെയ്യുകയും, അതിന് പകരം കൂട്ടായ പരീക്ഷണങ്ങളും സാഹചര്യാനുസൃതമായി മാറുന്ന സ്ഥാപനചട്ടക്കൂടുകളും ആവശ്യമാണ് എന്ന് ഊന്നിപ്പറയുകയും ചെയ്യുന്നു.
(തുടരും)



















