കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഇതിലുള്ള തന്റെ പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ പേരു പറയാതെ മുനവെച്ചാണ് ഖാര്‍ഗെ സംസാരിച്ചത്. മാധ്യമങ്ങളില്‍ ഇടം നേടുന്ന’സുന്ദരരായ ചിലര്‍’ഇതിനെ കുറിച്ച് സംസാരിക്കാന്‍ തയ്യാറായില്ല എന്ന ഖാര്‍ഗെയുടെ പരാമര്‍ശം ആരെക്കുറിച്ചാണ് എന്ന് വ്യക്തം. പാറ്റാപാര്‍ട്ടിക്കാര്‍ക്ക് പാര്‍ട്ടി രാഷ്ട്രീയ ഇടം നല്‍കരുത് എന്ന കനയ്യ കുമാറിന്റെ അഭിപ്രായത്തെക്കുറിച്ചുണ്ടായ ചൂടേറിയ ചര്‍ച്ച തന്റെ കാര്യത്തില്‍ ഉണ്ടായില്ല എന്നതും ഖാര്‍ഗെയെ വേദനിപ്പിച്ചു. ഭാരതത്തിനുമേല്‍ അമേരിക്ക നടത്തുന്ന സമ്മര്‍ദ്ദത്തെ കുറിച്ചുള്ള പ്രമേയത്തില്‍ അണ്‍പാര്‍ലമെന്ററിയായതിനാല്‍ ബുള്ളിയിംഗ് എന്ന വാക്ക് മാറ്റണമെന്ന ശശി തരൂരിന്റെ അഭിപ്രായം ഖാര്‍ഗെ എതിര്‍ത്തിട്ടും പ്രമേയത്തില്‍ നിന്ന് ഒഴിവാക്കി. രാഹുല്‍ ഗാന്ധിയുടെ ‘ഛാത്രോം കി ഗുഞ്ച്’ എന്ന വിദ്യാര്‍ത്ഥി സംവാദത്തെ വലിയ സംഭവമെന്ന് പ്രവര്‍ത്തക സമിതി വാഴ്ത്തുന്നതു കൂടി പ്രസിഡന്റ് കസേരയിലിരുന്ന് കണ്ടപ്പോള്‍ എഐസിസി ചരിത്രം ആവര്‍ത്തിക്കാന്‍ പോകുകയാണോ എന്ന സംശയം കൊണ്ടാവാം ഖാര്‍ഗെ ഇത്ര ഉള്ളില്‍ തട്ടി വിലപിച്ചത്. ഖാര്‍ഗെയുടെ പരാതിയില്‍ പാര്‍ട്ടി എന്തു തീരുമാനിച്ചു എന്ന പത്രക്കാരുടെ ചോദ്യത്തിന് അപലപിക്കുകയുണ്ടായി എന്ന് പറഞ്ഞ് കെ.സി. വേണുഗോപാല്‍ ഒഴിഞ്ഞുമാറിയതില്‍ നിന്ന് ചിത്രം വ്യക്തം. ഖാര്‍ഗെ തന്നെ അപമാനിച്ചുവെന്ന് പരാതിപ്പെട്ട ഉടനെ കോണ്‍ഗ്രസ് ‘ദേശവ്യാപക’ പ്രതിഷേധം പ്രഖ്യാപിച്ചെങ്കിലും നേതാക്കള്‍ തണുപ്പന്‍ നയം സ്വീകരിച്ചു. ഇതിന്റെ ഭാഗമായി മലപ്പുറത്തെത്തിയ വേണുഗോപാല്‍ കോണ്‍ഗ്രസ് എം എല്‍എമാരുടെ വാഴ്ത്തുപാട്ടിന്റെ ലഹരിയില്‍ ഖാര്‍ഗെയെ മറന്നു; ശുദ്ധീകരണ ഹവനവും മറന്നു.
കോണ്‍ഗ്രസ്സിന്റെ ദളിത് പ്രേമത്തിന്റെ കഥയറിയാത്ത ആളല്ലല്ലോ ഖാര്‍ഗെ. ഇപ്പോള്‍ അദ്ദേഹമിരിക്കുന്ന കസരേയില്‍ ഇരുന്ന എണ്‍പത്തിരണ്ടുകാരനായ സീതാറാം കേസരി എന്ന ദളിതനെ അക്ബര്‍ റോഡിലെ എഐസിസി ആപ്പീസില്‍ പൂട്ടിയിട്ടാണ് 1998 ല്‍ സോണിയ എഐസിസി പ്രസിഡന്റ് കസേര കയ്യടക്കിയത്. സോണിയ ഓഫീസില്‍ കയറി വരുമ്പോള്‍ അപശകുനമായ ദളിതനെ കണികാണാതിരിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ തന്നെയാണ് അത് ചെയ്തത്. അന്ന് എഐസിസി ആപ്പീസില്‍ ശുദ്ധീകരണത്തിനായി കോണ്‍ഗ്രസ്സുകാര്‍ തളിച്ച ചാണകവെള്ളം പല നേതാക്കളുടെയും കയ്യില്‍ ബാക്കിയുണ്ടോ എന്ന് അന്വേഷിച്ച ശേഷം മതി ഖാര്‍ഗെ വിലാപം തുടരുന്നത്.
തലവര:
സ്‌കൂള്‍ കുട്ടികളോട് നിങ്ങള്‍ പാറ്റകളാണോ എന്ന് കേരള സര്‍വ്വകലാശാല വി.സി. ചോദിച്ചതില്‍ മുത്തശ്ശിപത്രത്തിന് പരിഭവം
പാറ്റകളാവൂ എന്നേ കുട്ടികളെ ഉപദേശിക്കാവൂ; സിംഹങ്ങളാകണം എന്ന് ഉപദേശിച്ചാല്‍ ജനാധിപത്യം തകര്‍ന്നു പോകില്ലേ?





















