ചതുര്‍യുഗങ്ങളില്‍ ആദ്യത്തേത് കൃതയുഗം അഥവാ സത്യയുഗമാണല്ലോ. സത്യനിഷ്ഠയില്‍ നിന്ന് അസത്യത്തിന്റെ അധോമാര്‍ഗത്തിലേക്ക് നീങ്ങിയത് ഭൗതിക ലോകത്തോടുള്ള മനുഷ്യന്റെ അത്യാകര്‍ഷണം സൃഷ്ടിച്ച അത്യാഗ്രഹവും അധികാരഭ്രമവുമാണ്. ഇവ നിയന്ത്രിക്കുക എന്നതാണ് മാനവ സമുദായത്തെ ഇപ്പോള്‍ ഗ്രസിച്ചുകൊണ്ടിരിക്കുന്ന സത്യാനന്തരത എന്ന ദുരവസ്ഥയെ വെല്ലാനുള്ള മാര്‍ഗം.
പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍ ലഭ്യമായ അമൃത് ഭുജിച്ച് ദേവന്മാര്‍ അമരന്മാരായതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കഥയുടെ തുടക്കം. അത്യാഗ്രഹികളായ അസുരന്മാര്‍ അത് തട്ടിയെടുക്കാന്‍ തുനിഞ്ഞു. എന്നാല്‍ മോഹിനിയായി അവതരിച്ച വിഷ്ണുഭഗവാന്റെ തന്ത്രം മൂലം അവര്‍ക്കത് നഷ്ടപ്പെട്ടു. മനുഷ്യന്റെ മനസ്സ് സൃഷ്ടിക്കുന്ന വിഷയസാഗരത്തെ കടയുമ്പോള്‍ മനോവൃത്തികള്‍ അടങ്ങുന്ന സമയത്ത് അവയുടെ അടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന ദൈവിക ശക്തി പ്രകടമാകുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഇത് മനുഷ്യന്റെ ഉള്ളിലെ അസുരഭാവങ്ങളിലേക്ക് പ്രവഹിക്കുന്നത് ദോഷകരമാണ്. ഇത് അയാളുടെ സാത്വിക ഗുണങ്ങളിലേക്ക് അഥവാ ദേവഭാവത്തിലേക്ക് നയിക്കപ്പെട്ടാല്‍ അമരത്വമാണ് ഫലം. അസുരന്മാരുടെ അത്യാഗ്രഹവും മോഹവുമാണ് മോഹിനിയാല്‍ വഞ്ചിക്കപ്പെടാന്‍ കാരണമായത്. മോഹാന്ധരാകുന്നവര്‍ക്ക് അമരത്വം അപ്രാപ്യമാണെന്ന ധ്വനിയാണിവിടെ.
ഈ സംഭവത്തെത്തുടര്‍ന്ന് ബലിയുടെ നേതൃത്വത്തിലുണ്ടായ യുദ്ധത്തില്‍, അമൃതപാനത്താ ല്‍ കൂടുതല്‍ ശക്തരായ ദേവന്മാര്‍ അസുരന്മാരെ പരാജയപ്പെടുത്തി, അസുരന്മാര്‍ കപടമായാപ്രയോഗത്തെ ആശ്രയിച്ചിട്ടുപോലും. യുദ്ധത്തില്‍ കൊല്ലപ്പെട്ട ബലിയെയും അസുരപ്പടയെയും സഞ്ജീവനി മന്ത്രസിദ്ധിയാല്‍ശുക്രാചാര്യന്‍ പുനര്‍ജീവിപ്പിച്ചു. ജീവന്‍ തിരികെ ലഭിച്ച ബലി ത്രിലോകം മുഴുവന്‍ പിടിച്ചടക്കണമെന്ന വാശിയോടെ വിശ്വജിത്ത് എന്ന യാഗം നടത്തി. യജ്ഞത്തിന്റെ ഫലമായി വര്‍ദ്ധിച്ച ആത്മവര്‍ച്ചസ്സ് കാരണം ബലിക്ക് ദേവന്മാരെ കീഴ്‌പ്പെടുത്താന്‍ സാധിച്ചു. പിന്നീട് നൂറ് അശ്വമേധ യാഗങ്ങള്‍ ചെയ്ത ബലി സ്വര്‍ഗത്തിന് അധികാരിയാവുകയും ചെയ്തു. ഇപ്രകാരം ത്രിലോകത്തെയും അസുരഭരണത്തിന്‍ കീഴിലാക്കിയ ബലിചക്രവര്‍ത്തിയെ നേരിടാനായിരുന്നു മഹാവിഷ്ണു വാമനനായി അവതരിച്ചത്.

ചന്ദ്രന്‍ ശ്രാവണ നക്ഷത്രത്തില്‍ സ്ഥിതിചെയ്ത ദ്വാദശിയില്‍ അഭിജിത്ത് എന്ന ശുഭമുഹൂര്‍ത്തത്തിലാണ് ഭഗവാന്‍ വാമനരൂപത്തില്‍ ആവിര്‍ഭവിച്ചത്. ഈ ശ്രാവണ ദ്വാദശിയാണ് തിരുവോണ മഹോത്സവ ദിനമായി കേരളീയര്‍ ആഘോഷിക്കുന്നത്. ഹൈന്ദവര്‍ ദീപാവലി, നവരാത്രി മുതലായ മറ്റ് ആഘോഷങ്ങളെന്നപോലെ തിരുവോണം കൊണ്ടാടുന്നതും അസുരശക്തിക്കുമേലുള്ള സത്വഗുണത്തിന്റെ ആധിപത്യമുദ്‌ഘോഷിക്കുന്നതിനാണ്. വാമനമൂര്‍ത്തിയുടെ ലക്ഷ്യം അസുരചക്രവര്‍ത്തിയായ ബലിയില്‍ നിന്ന് വിശ്വത്തെ സ്വതന്ത്രമാക്കുക, ദേവന്മാരെ സ്വസ്ഥാനത്ത് പ്രതിഷ്ഠിക്കുക, ഇപ്രകാരം ലോകക്രമം പുനഃസ്ഥാപിക്കുകയെന്നതായിരുന്നു.
അജയ്യനായിത്തന്നെ നിലകൊള്ളാന്‍ അശ്വമേധയാഗങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്ന ബലിയെ കീഴ്പ്പെടുത്താനായി നമ്മര്‍ദാ തീരത്തെ യാഗശാലയില്‍ എത്തിച്ചേര്‍ന്ന വാമനമൂര്‍ത്തിക്ക് ഏത് അഭീഷ്ടവും സാധിച്ചുകൊടുക്കാമെന്ന് ബലി പ്രഖ്യാപിച്ചു. വാമനനാകട്ടെ മൂന്നടിമണ്ണ് മാത്രം യാചിക്കുന്നു. ബലിയുടെ പ്രതികരണം ഇങ്ങനെ: ‘അങ്ങ് അല്പബുദ്ധിയാണ്. സര്‍വ്വലോകാധിപനായ എന്നോട് വെറും മൂന്നടിമണ്ണ് യാചിക്കുകയോ?’ ഭഗവാന്‍ ഇപ്രകാരമാണ് പ്രതികരിച്ചത് (ശ്രീമദ് ഭാഗവതം 8.19): ‘ഇന്ദ്രിയ നിയന്ത്രണമില്ലാത്തവന്‍ ഈ ജംബു ദ്വീപ് മുഴുവന്‍ ലഭിച്ചാലും തൃപ്തിപ്പെടുന്നതല്ല, പിന്നീട് സപ്തദ്വീപുകളെയും ആഗ്രഹിക്കും. എന്നാല്‍ ആവശ്യം സാധിക്കുന്നതുകൊണ്ടു തൃപ്തിയടയുന്നവന്‍ സുഖമായി ജീവിക്കുന്നതാണ്.’
ഇതേതുടര്‍ന്ന് വാമനന്‍ വിശ്വരൂപം പൂണ്ട് ബലിയില്‍ നിന്ന് ത്രിലോകം മുഴുവന്‍ രണ്ടടികൊണ്ട് മുക്തമാക്കുകയും, അവശേഷിച്ച അടികൊണ്ട് ബലിയെ അസുരന്മാരുടെ വാസസ്ഥാനമാകുന്ന അധോലോകത്തേക്ക് മടക്കി അയയ്ക്കുകയും ചെയ്യുന്നു. അസുരലോകമെന്നത് ആത്മജ്ഞാനമില്ലാത്തതും തമോഗുണപ്രധാനവുമാണെന്നാണ് ഉപനിഷദ്ഭാഷ്യം. ബലിക്ക് അധോലോകങ്ങളിലൊന്നായ സുതലത്തില്‍ സത്വഗുണമൂര്‍ത്തിയായ ഭഗവാന്റെ സാമീപ്യമനുഭവിച്ച് വസിക്കാനുള്ള സൗഭാഗ്യവും, വരാനിരിക്കുന്ന സാവര്‍ണിമന്വന്തരത്തിലെ ഇന്ദ്രപദവിയും ഭഗവാന്‍ വരമായി നല്‍കുന്നു.
ഇപ്രകാരം ഭഗവദ് സാമീപ്യത്താല്‍ അസുരനെ സുരനാക്കി മാറ്റുന്ന വിദ്യയാണ് ഈ ഐതിഹ്യത്തിലെ അന്തരാര്‍ത്ഥം. ദമശമാദികള്‍ കൊണ്ടും ആത്മബലമാര്‍ജിച്ചും അത്യാഗ്രഹത്തെ നിര്‍മാര്‍ജനം ചെയ്യാതെ അസത്യത്തെ നേരിടാന്‍ സാധിക്കുന്നതല്ല. അധികാരക്കൊതിയും അമിത ലൗകിക താല്‍പ്പര്യങ്ങളുമാണ് കാപട്യത്തെ ആശ്രയിക്കാന്‍ മനുഷ്യരെ നിര്‍ബ്ബന്ധിതരാക്കുന്നത്. ഇന്ദ്രിയവിഷയ നിര്‍മിതമാകുന്ന സംസാരത്തില്‍ മുങ്ങുന്നവര്‍ അസത്യബദ്ധരും അസുരപ്രകൃതരുമായിത്തീരുന്നത് സ്വാഭാവികമാണ്. അതിനാലാണ് ഭഗവാന്‍ ബലിയില്‍ നിന്ന് വിഷയലോകങ്ങളെ മുഴുവന്‍ പിടിച്ചെടുത്ത് പകരം പരമാത്മാവിന്റെ സാമീപ്യം വരമായി നല്‍കിയത്. ഇപ്രകാരം അസുരഭാവത്തെ ഭഗവദ് സംസര്‍ഗത്താല്‍ ദൈവിക ഗുണമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന മഹാബലിയുടെ ആത്മീയ സാധനയുടെ സ്മരണയാണ് കേരളീയര്‍ തിരുവോണ നാളില്‍ ആദരപൂര്‍വ്വം ആഘോഷിക്കുന്നത്.
സത്യാനന്തരകാലത്തെ തിരുവോണ സന്ദേശം
കാപട്യം മുഖമുദ്രയാക്കപ്പെട്ട വര്‍ത്തമാന കാലഘട്ടത്തെ ചിലര്‍ ‘സത്യാനന്തരത’ യെന്ന പേരില്‍ നിര്‍വചിക്കുന്നു. അസത്യപ്രചാരണത്തെയും കപടവൃത്തികളെയും ഉപകരണങ്ങളാക്കി നേട്ടം കൊയ്യുന്ന വ്യക്തികളും പ്രസ്ഥാനങ്ങളുമാണ് സത്യാനന്തരത പ്രകടമാക്കുന്നത്. പ്രാചീന ഗ്രീസിലെ സോഫിസ്റ്റുകളാണ് പാശ്ചാത്യ ദേശത്ത് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായി അസത്യത്തെ ആയുധമാക്കിയ പൂര്‍വ്വികര്‍. ബി.സി അഞ്ചാം നൂറ്റാണ്ടില്‍ ആദ്യമായി ഏഥന്‍സില്‍ ജനാധിപത്യ സംവിധാനം നിലവില്‍ വന്ന സമയത്ത് രാഷ്ട്രീയ പദവികള്‍ സ്വന്തമാക്കാന്‍ യുവാക്കളെ പരിശീലിപ്പിക്കാനാണ് സോഫിസ്റ്റുകള്‍ മുന്നോട്ടുവന്നത്. പല വിഷയങ്ങളിലും, പ്രത്യേകിച്ച് തര്‍ക്കശാസ്ത്രം, ഭാഷ, തത്ത്വശാസ്ത്രം എന്നിവയില്‍ സമര്‍ത്ഥരായിരുന്ന ഇവര്‍ രാഷ്ട്രീയാധികാരം മോഹിച്ച ചെറുപ്പക്കാരെ ഫലപ്രദമായി പ്രസംഗിക്കാനും തര്‍ക്കിക്കാനും പരിശീലിപ്പിച്ചു.
ഉദ്ദിഷ്ടഫല പ്രാപ്തിക്കായി ഏത് മാര്‍ഗ്ഗവും സ്വീകരിക്കാമെന്നായിരുന്നു സോഫിസ്റ്റുകളുടെ ന്യായം. സദാചാരമൂല്യങ്ങളുടെ സാധുതയെയും ആധികാരികതയെയും ഇവര്‍ വെല്ലുവിളിക്കുകയും, വ്യക്തിതാല്‍പ്പര്യമാണ് മൂല്യങ്ങളുടെയെല്ലാം അളവുകോലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഏഥന്‍സിലെ ചെറുപ്പക്കാരെ ഇവര്‍ കുതര്‍ക്കവും അസത്യപ്രചാരണവും കൊണ്ട് നേട്ടമുണ്ടാക്കാന്‍ പഠിപ്പിച്ചു. അറിവിന്റെ നിറകുടമായിരുന്ന സോക്രട്ടീസ് ഇതില്‍ മനംനൊന്ത് സോഫിസ്റ്റുകളുടെ കപടവാദത്തെ നേരിടാനും യുവാക്കളെ നേര്‍വഴിക്ക് നയിക്കാനും പ്രയത്നിക്കുകയുണ്ടായി. കാരണം അസത്യ പ്രചാരണത്തിലൂടെ മുന്നേറുന്ന ജനാധിപത്യം താമസിയാതെ വെറും ആള്‍ക്കൂട്ട ഭരണമായി അധഃപതിക്കുമെന്ന് സോക്രട്ടീസ് ആശങ്കപ്പെട്ടു. എന്നാല്‍ കാപട്യം കൈമുതലാക്കി പദവികള്‍ പിടിച്ചെടുത്ത ചില അധികാരികള്‍ ആ മഹാത്മാവിനെ കല്‍ത്തുറുങ്കിലടച്ചു. ഏഥന്‍സിലെ ദേവതകളെ സോക്രട്ടീസ് അവഹേളിച്ചുവെന്ന കള്ളപ്രചാരണം നടത്തി ജനത്തെ തെറ്റിദ്ധരിപ്പിച്ചാണ് അവര്‍ സോക്രട്ടീസിനെ വധശിക്ഷക്ക് വിധേയനാക്കിയത്. അസത്യം വ്യത്യസ്ത തോതിലായാലും എക്കാലത്തും നിലനിന്നിരുന്നുവെന്ന് ഇത് തെളിയിക്കുന്നു.
ഇപ്പോള്‍ പഴയ സോഫിസ്റ്റുകള്‍ പുതിയ വേഷത്തില്‍ കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകളായും ഉത്തരാധുനികരായും സാഹിത്യമോഷ്ടാക്കളായും മറ്റും മറ്റും പുനര്‍ജനിച്ചിരിക്കുകയാണ്. ഇവരാണ് സത്യാനന്തരതയെ പരിപോഷിപ്പിക്കുന്നവര്‍. അധികാരഭ്രമവും അത്യാഗ്രഹവുമാണ് ഇവരുടെയെല്ലാം സമാന സവിശേഷതകള്‍. സോഫിസ്റ്റുകള്‍ പണത്തിനും പ്രശസ്തിക്കും വേണ്ടിയായിരുന്നു കുതര്‍ക്കം പഠിപ്പിച്ചത്. നാസ്തികരും ഭൗതികവാദികളുമായ ഉത്തരാധുനികരും കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകളും ലക്ഷ്യം വയ്ക്കുന്നത് മാര്‍ക്‌സിന്റെ സാമൂഹിക സ്ഥിതി സമത്വം തന്നെയാണ്. മാര്‍ഗ്ഗം വ്യത്യസ്തമെന്നുമാത്രം. സാമ്പത്തിക മേഖലയെ തലകീഴാക്കി അട്ടിമറിക്കുന്ന പരമ്പരാഗത മാര്‍ക്‌സിസ്റ്റ് രീതിക്ക് പകരം നിലവിലുള്ള സാമൂഹിക സാംസ്‌കാരിക ക്രമങ്ങളെയും മൂല്യങ്ങളെയും അട്ടിമറിച്ച് ലക്ഷ്യം നേടുകയെന്നതാണ് ഇവരുടെ ചിന്ത. ഇതിനു കാരണം കാലങ്ങളായി നിലനിന്നുവരുന്ന യാഥാസ്ഥിതിക മൂല്യങ്ങളാണ് ബൂര്‍ഷ്വാവ്യവസ്ഥിതിയെ പോഷിപ്പിച്ചു കൊണ്ടിരിക്കുന്നതെന്ന ഇവരുടെ വിശ്വാസമാണ്.
ഉത്തരാധുനികരുടെ നേതാവായ ജാക്ക് ദറിദയുടെ വ്യാഖ്യാനമനുസരിച്ച് സത്യം – അസത്യം, നീതി – അനീതി, ആത്മീയത – ലൗകികത, യുക്തി – വികാരം മുതലായ ദ്വയങ്ങളില്‍ ആദ്യത്തെ ആശയം കൊണ്ട് രണ്ടാമത്തെ ആശയത്തെ ഇത്രയും കാലം അടിച്ചമര്‍ത്തിയിരുന്നു. അതിനാല്‍ ഇനിമുതല്‍ രണ്ടാമത്തേതിന് പ്രാധാന്യം കൊടുക്കണമത്രേ! വ്യക്തികളുടെ വൈകാരിക താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന കല്‍പ്പിക്കണമെന്നും, യുക്തിയുടെ മാനദണ്ഡങ്ങളാകുന്ന സത്യം, നീതി മുതലായവയൊന്നും ഇതിന് വിഘാതം സൃഷ്ടിക്കരുതെന്നുമുള്ള ദറിദയുടെ നിലപാടാണ് സത്യാനന്തരതയുടെ കുതന്ത്രത്തില്‍ തെളിഞ്ഞുകാണുന്നത്.
ഭാരതീയ ദര്‍ശനമനുസരിച്ച് സത്യാനന്തരത പുലര്‍ത്തുന്ന കാപട്യത്തിന് കാരണം ആത്മീയതയില്‍ നിന്ന് ഭൗതികതയിലേക്കുള്ള മനുഷ്യന്റെ സാംസ്‌കാരികമായ അധഃപതനമാണ്. തനിക്ക് അര്‍ഹമല്ലാത്ത ലോകങ്ങള്‍ ഭഗവാന് സമര്‍പ്പിക്കാന്‍ നിര്‍ബന്ധിതനായതോടെ ബലി ചക്രവര്‍ത്തിയുടെ ഭൗതിക താല്‍പ്പര്യങ്ങള്‍ക്ക് നിയന്ത്രണമുണ്ടായി. ഭഗവദ് സാമീപ്യം അനുഭവിക്കാന്‍ യോഗമുണ്ടാവുകയും ചെയ്തു. ആത്മജ്ഞാനമാകുന്ന പ്രകാശം ഉപേക്ഷിച്ച് അജ്ഞാനമാകുന്ന ഇരുട്ടില്‍ തപ്പിത്തടഞ്ഞ് ജീവിക്കുന്നവരാണ് അസുരപ്രകൃതക്കാര്‍ എന്നാണ് ഈശാവാസ്യ ഉപനിഷത്ത് സമര്‍ത്ഥിക്കുന്നത്. അജ്ഞാനത്തിന്റെ സന്തതികളാണ് അധികാരഭ്രമവും കാപട്യവും. ഇവ ദൂരീകരിക്കാന്‍ ലൗകിക തൃഷ്ണയെ ജയിക്കേണ്ടതുണ്ട്. ഇതിന് ആത്മാവിനെ ശരണം പ്രാപിക്കുകയാണ് ഉത്തമ മാര്‍ഗം എന്നാണ് ഭാരതീയ ദര്‍ശനം ഉദ്‌ഘോഷിക്കുന്നത്. ഇതുതന്നെയാണ് ഭഗവദ് സംരക്ഷണത്തോടെ സുതലത്തില്‍ വസിക്കുന്ന ബലി ചക്രവര്‍ത്തി നമുക്ക് തരുന്ന സന്ദേശം.




















