മാവേലിയാം വരും വഴിക്കെ
ട്ടെന്തു നല്ല വര്‍ത്തമാനം
മഞ്ഞ നല്ല മുണ്ടു വേണം
മന്തിരക്കോടി വേണം
കാക്കപണം കതിര്‍വിളക്ക്
അടുക്കളക്കകത്തെരിക
തൂക്കുമന്നം തുടര്‍വിളക്ക്
അടുക്കളക്കു പുറത്തെരിക
(പ്രേംനാഥ് വെട്ടിയാര്‍ ശേഖരിച്ച പാക്കനാര്‍പാട്ടില്‍ നിന്ന്)
ഓണം മഹാബലി നാടുകാണാന്‍ വരുന്ന ദിവസമാണെന്ന് നമ്മള്‍ പറയുമ്പോള്‍ കൊച്ചിയുടെ ഭൂതകാലത്തെക്കുറിച്ച് പുസ്തകമെഴുതിയ ഫ്രാന്‍സിസ് ഡേ പറയുന്നത് മറ്റൊന്നാണ്. ഓണക്കാലത്ത് നാടുകാണാന്‍ വരുന്നത് വിഷ്ണുവാണത്രേ. തൃപ്പൂണിത്തുറയില്‍ പട്ടത്താനം നല്‍കുന്നത് സൂചിപ്പിച്ചുകൊണ്ടാണദ്ദേഹം ഈ നിഗമനത്തിലെത്തുന്നത്. എന്നാല്‍ മഹാബലിയെക്കുറിച്ച് പരാമര്‍ശിക്കുന്നേയില്ല. ജര്‍മ്മന്‍കാരനായ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഏറെക്കാലം കേരളത്തില്‍ താമസിക്കുകയും 1872 ല്‍ മലയാളം നിഘണ്ടു പുറത്തിറക്കുകയും ചെയ്തു. ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവില്‍ ഓണം എന്ന പദത്തിന് ശ്രാവണം, ഒരു നക്ഷത്രസമൂഹം, ഉത്തരനക്ഷത്രവ്യൂഹം എന്നൊക്കെ അര്‍ത്ഥം നല്‍കിയശേഷം പരശുരാമന്‍ കേരളം സന്ദര്‍ശിക്കുന്നതാണെന്ന് പറയുന്നു.
ഇത്രയും ആമുഖമായി സൂചിപ്പിച്ചത് ഓണത്തിന് ക്ഷേത്രങ്ങളുമായുള്ള ബന്ധം വിദേശചരിത്രകാരന്മാര്‍ തന്നെ നിരീക്ഷിച്ചിട്ടുണ്ട് എന്ന് പറയാനാണ്. തീര്‍ച്ചയായും വീടുകളില്‍ നിന്നാണ് ഓണത്തിന്റെ ചടങ്ങുകള്‍ ആരംഭിക്കുന്നത് എന്ന് പറയാം. കുട്ടികള്‍ പൂവേ പൊലി പാടി പൂക്കൊട്ടയുമായി അതിരാവിലെ പൂക്കള്‍ പറിക്കാന്‍ പോകുന്നതോടെയാണ് വീടുകളില്‍ ഓണം ആരംഭിക്കുന്നത്. പൂക്കളമിടുക, മാവേലിയെ മുറ്റത്ത് പ്രതിഷ്ഠിക്കുക, അരിച്ചാന്തണിയുക തുടങ്ങിയവയൊക്കെ പിന്നീട് ചെയ്യുമ്പോള്‍ അവയ്‌ക്കൊക്കെ ക്ഷേത്രവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളതായി കാണുന്നു. ഗൃഹാചാരങ്ങളെ ക്ഷേത്രങ്ങളുമായി കൊരുക്കുന്ന (അതോ ക്ഷേത്രാചാരങ്ങളെ ഗൃഹാചാരങ്ങളുമായി ബന്ധിപ്പിക്കുകയാണോ?) ചില പ്രത്യേകതയും വിശ്വാസങ്ങളും ഓണത്തിനുണ്ട്.
ഓണപ്പൂക്കളത്തിലിടുവാനുപയോഗിക്കുന്ന പൂക്കളെല്ലാം ഓണപ്പൂക്കള്‍ എന്നറിയപ്പെടുന്നു. തുമ്പപ്പൂ, മുക്കുറ്റിപ്പൂ, കുമ്പളപ്പൂ, മത്തപ്പൂ, ഒടിച്ചു കുത്തിപ്പൂ, ചെമ്പരത്തിപ്പൂ, അലരിപ്പൂ, പൂവാങ്കുറുന്നില, കൈയ്യുണ്ണി, കറുക, ഉഴിഞ്ഞ, നിലപ്പന, കൃഷ്ണക്രാന്തി, നലനീളി, കണ്ണാന്തളി, കിളിപ്പൂവ്, കാക്കപ്പൂവ്, കലമ്പൊട്ടി, കദളി, കായാമ്പൂ, കോളാമ്പിപ്പൂ, നെല്ലിപ്പൂ, അരിപ്പൂ എന്നിവയാണ് ഓണ വിജ്ഞാനകോശത്തില്‍ പി.സി. കര്‍ത്താ നല്‍കിയിരിക്കുന്നത്. (കര്‍ത്ത, പി.സി. 1991:53) ഇവയ്ക്കു പുറമെ ഓണപ്പൂവ് എന്ന പേരിലറിയപ്പെടുന്ന പ്രത്യേക ജാതി പൂവുമുണ്ട്. കെ.പി. പത്മനാഭമേനോന്‍ തകര വര്‍ഗ്ഗത്തില്‍പ്പെട്ട മറ്റൊരു പൂ എന്നാണ് ഓണപ്പൂവിനെക്കുറിച്ചു നല്‍കുന്ന പരാമര്‍ശം. (1995:291) പൂവിടുന്നത് ശ്രീഭഗവതിയെ ഉദ്ദേശിച്ചാണെന്ന് എസ്.കെ. വസന്തന്‍ കേരള ചരിത്ര നിഘണ്ടുവില്‍ പറഞ്ഞിരിക്കുന്നു (1982:80).
ചാണകം മെഴുകി അരിച്ചാന്തുകൊണ്ട് അണിഞ്ഞ് മതിലിട്ട സ്ഥലത്തുവേണം പൂക്കളമൊരുക്കാന്‍. ഭദ്രദീപം, നിറപറ, നിലവിളക്ക്, അഷ്ടമംഗല്യം, ദശപുഷ്പങ്ങള്‍ എന്നിവ ഒരുക്കിയിരിക്കണം. പൂക്കളത്തിനു സമീപം കിഴക്കോട്ട് ദര്‍ശനമായിട്ട് ഇവയെ വെക്കണം. വായ്ക്കുരവയും ആര്‍പ്പുവിളികളുമായി തുടങ്ങുന്ന പൂവിടല്‍ പത്തു തട്ടുകളിലോ വൃത്താകൃതിയിലോ ആയിരിക്കണം. ഓരോ ദിവസവും ഓരോ തട്ട് അല്ലെങ്കില്‍ വൃത്തം. ഇതാണ് രീതി.
പൂക്കളം ദൈവസാന്നിദ്ധ്യത്തിന്റെ പ്രതിരൂപമാവുന്നത് താഴെപറയുന്ന ലേഖികയില്‍ നിന്ന് മനസ്സിലാക്കാം.
”ഓരോ തട്ടിലും ഇടേണ്ട പൂവുകള്‍ പ്രത്യേകം പ്രത്യേകം നിശ്ചയിച്ചിട്ടുണ്ട്. കഴിവതും അവ മാത്രമേ ഇടാവൂ. പ്ലാസ്റ്റിക്, കടലാസ് എന്നിവ കൊണ്ടുണ്ടാക്കിയ കൃത്രിമപ്പൂക്കള്‍ ഉപയോഗിക്കരുത്. കാരണം ഈ പത്തു തട്ടുകളിലും ദേവീദേവന്മാരുടെ ആവാസം ഉണ്ടെന്നാണ് സങ്കല്പം. പൂക്കളമൊരുക്കുമ്പോള്‍ കന്യകമാരും മംഗല്യസ്ത്രീകളും ദേവതമാരെ സങ്കീര്‍ത്തിച്ചുകൊണ്ടുള്ള കീര്‍ത്തനങ്ങളും സ്‌തോത്രങ്ങളും ഈണത്തില്‍ ചൊല്ലണം. ഈ രീതിയില്‍ പൂക്കളം നിര്‍മ്മിച്ച് പൂജ നടത്തിയാല്‍ അവിടെ തീര്‍ച്ചയായും ദൈവ സാന്നിദ്ധ്യം ഉണ്ടാവും” (വീണ. എ. 2005:10).
പൂവിടുന്നതിന് ചില വിധികളെല്ലാമുണ്ട്. പത്തു നിരയിലാണ് പൂക്കളം ഒരുക്കേണ്ടതെന്നും ഒന്നാം നിരയില്‍ ഗണപതി, രണ്ടാമത്തേതില്‍ ശിവശക്തി, മൂന്നാമത്തേതില്‍ ശിവന്‍, നാലാമത്തേതില്‍ ബ്രഹ്മാവ്, അഞ്ചാമത്തേതില്‍ പഞ്ചപ്രാണങ്ങള്‍, ആറില്‍ ഷണ്‍മുഖന്‍, ഏഴില്‍ ഗുരുനാഥന്‍, എട്ടില്‍ ദിക്പാലകര്‍, ഒന്‍പതില്‍ ഇന്ദ്രന്‍, പത്തില്‍ വിഷ്ണു എന്നീ ക്രമത്തില്‍ സങ്കല്‍പ്പിച്ചുവേണമെന്ന് വ്രതചൂഡാമണിയില്‍ പ്രസ്താവിച്ചിരിക്കുന്നു. പുഷ്പവിന്യാസത്തിലും വ്യക്തമായ കീഴ്‌വഴക്കങ്ങളുണ്ടായിരുന്നു. അത്തപ്പൂക്കളത്തിലെ ഗണപതിയുടെ ശിരസ്സില്‍ മത്തപ്പൂ കുത്തി കളംനിരത്തി തൃക്കാക്കരത്തേവരേയും മാതേവരെയും പ്രതിഷ്ഠിച്ചാല്‍ പൂവിടല്‍ തുടങ്ങുകയായി. ഒന്നാം ദിവസം തുമ്പപ്പൂ മാത്രമാണ് പൂക്കളത്തില്‍. നടുക്ക് തുളസിക്കതിരും. രണ്ടാം ദിവസം അരിപ്പൂവ് പ്രധാനമാണ്. മൂന്നാം ദിവസം മുതല്‍ നിറമുള്ള പൂക്കളാവാമെങ്കിലും തുമ്പപ്പൂ നിര്‍ബന്ധമാണ് (അരുണ്‍ കുമാര്‍, എന്‍. എസ്. 2007:42). മിക്കവാറും ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ തിരുവോണത്തിന് പൂക്കളം തീര്‍ക്കുന്ന പതിവുണ്ട്. എന്നാല്‍ തൃക്കാക്കരക്ഷേത്രത്തിലാണ് ഓണം ഉത്സവരൂപത്തില്‍ സവിശേഷമായി നടക്കുന്നത്.
വിഷ്ണുവും വാമനനും
ഹിന്ദു മിത്തോളജിയിലെ പ്രബലനായ ദേവനാണ് വിഷ്ണു. ‘വിഷ്’ എന്ന ധാതുവില്‍ നിന്നാണ് വിഷ്ണു എന്ന പദത്തിന്റെ ഉല്‍പത്തി. ദേവന്മാരുടെ നായകനായ ഇന്ദ്രന്റെ മുഖ്യസഹായിയാണ് വിഷ്ണു. ത്രിമൂര്‍ത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നിവരില്‍ സത്വഗുണമൂര്‍ത്തിയായിട്ടാണ് വിഷ്ണു അറിയപ്പെടുന്നത്. സൃഷ്ടി, സ്ഥിതി, സംഹാരങ്ങളില്‍ സ്ഥിതിയുടെ കര്‍ത്താവായി കണക്കാക്കി വരുന്നു. എല്ലായിടത്തും നിറഞ്ഞവന്‍ എന്ന അര്‍ത്ഥവും വിഷ്ണുവിനുണ്ട്. വിഷ്ണുവിന്റെ പത്‌നി മഹാലക്ഷ്മിയാണ്. വിഷ്ണുവിന്റെ നാള്‍ തിരുവോണമാണ്. ഋഗ്വേദത്തില്‍ വിഷ്ണുവിനെക്കുറിച്ച് അനേകം സ്തുതികളുണ്ട്. ജനക്ഷേമമാണ് വിഷ്ണുവിന്റെ കര്‍ത്തവ്യമെന്ന് സ്തുതികള്‍ പറയുന്നു. ഋഗ്വേദവിഷ്ണു സ്തുതികളില്‍ വിഷ്ണുവിന്റെ കാല്‍വെപ്പുകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. ലോകങ്ങളത്രയും വിഷ്ണു നിറഞ്ഞു നില്‍ക്കുന്നതായാണ് സങ്കല്‍പ്പം. വിഷ്ണുവിന്റെ വിശാലവും വിസ്തൃതവുമായ കാല്‍വെപ്പുകള്‍ അതിനു സഹായിക്കുന്നുവെന്നാണ് സൂചന. ലോകസൃഷ്ടിതന്നെ വിഷ്ണുവില്‍ ആരോപിക്കുന്നു.

വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണ് വാമനന്‍. വാമനന്റെ ജനനത്തെക്കുറിച്ച് പുരാണകഥാനിഘണ്ടു ഇങ്ങനെ പറയുന്നു: ”ത്രേതായുഗത്തില്‍ ദൈത്യരാജാവായ ബലി തന്റെ തപോബലത്താല്‍ മൂന്നുലോകത്തിന്റെയും ആധിപത്യം സ്ഥാപിച്ച് ദേവന്മാരെ ഹിംസിപ്പാനും മറ്റും തുടങ്ങി. അതുകൊണ്ടു വിഷ്ണു വാമനരൂപത്തില്‍ കശ്യപന്റെയും അദിതിയുടെയും പുത്രനായി ജനിച്ചു. ബലിയുടെ മുമ്പില്‍ ചെന്നു മൂന്നടി സ്ഥലം ചോദിച്ചു. ഈ ലഘുവായ കാര്യം രാജാവു സമ്മതിച്ചപ്പോള്‍ ഒരടി ഭൂമിയിലും ഒരടി സ്വര്‍ഗ്ഗത്തിലും വെച്ചു. ബലിയുടെ ചില ഗുണങ്ങള്‍ വിചാരിച്ചു പാതാളം അവന് വിട്ടുകൊടുത്തു” (പൈലോപോള്‍ 2000:109). മൂന്നുലോകങ്ങള്‍ അടക്കി വാണിരുന്ന ബലിയില്‍ നിന്നും അവയെ മോചിപ്പിക്കുകയായിരുന്നു വാമനാവതാരത്തിന്റെ ലക്ഷ്യം. എഡി 400നും 1400നും ഇടക്ക് രചിക്കപ്പെട്ടതെന്നു കരുതുന്ന വാമനപുരാണം വാമനനെക്കുറിച്ചുള്ളതാണ്. ശിവനെയും വിഷ്ണുവിനെയും ഇത് ഒരുപോലെ സ്തുതിക്കുന്നു.
തൃക്കാക്കര ക്ഷേത്രത്തിലെ ഓണം
തൃക്കാക്കര ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുര്‍ബാഹുവായമഹാവിഷ്ണുവാണ്. എന്നിരുന്നാലും ഭഗവാന്റെ അഞ്ചാമത്തെ അവതാരമായ വാമനന്റെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. കൂടാതെപരമശിവനുംതുല്യ പ്രാധാന്യമുണ്ട്.
മഹാബലിക്ക് ഐശ്വര്യവും സമ്പത്തും പ്രദാനം ചെയ്തനുഗ്രഹിച്ചു എന്നു കരുതപ്പെടുന്ന അദ്ദേഹത്തിന്റെ പരദേവതയായ ശ്രീപരമേശ്വരന്റേതുള്‍പ്പെടെ 12 ഉപപ്രതിഷ്ഠകളുള്ള തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നാണ് ഐതിഹ്യം. എ.ഡി 9-ാം നൂറ്റാണ്ടു മുതല്‍ 12-ാം നൂറ്റാണ്ടുവരെയുള്ള രണ്ടാം ചേര സാമ്രാജ്യത്തിന്റെ കാലഘട്ടത്തിലാണ് തൃക്കാക്കര ക്ഷേത്രം പ്രശസ്തിയുടെ പാരമ്യത്തിലെത്തിയത്. തമിഴ് വൈഷ്ണവഭക്തകവികളായആഴ്‌വാര്‍മാര്‍പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്നുകൂടിയാണ് തൃക്കാക്കര ക്ഷേത്രം.
ഇവിടത്തെ ഏറ്റവും പ്രധാന ഉത്സവം ചിങ്ങമാസത്തിലെ തിരുവോണം തന്നെ. തിരുവോണം മഹാവിഷ്ണുവിന്റെ തിരുനാളായും വാമനന്റെ അവതാര ദിവസമായും മഹാബലി അനുഗ്രഹിക്കപ്പെട്ട ദിവസമായും ആഘോഷിക്കപ്പെടുന്നു. അത്തം നാളില്‍ ആരംഭിച്ചു തിരുവോണത്തിന് അവസാനിക്കുന്ന ഉത്സവം പത്ത് ദിവസം നീണ്ടുനില്‍ക്കുന്നു. ജാതിമത ഭേദമെന്യേ ധാരാളം ആളുകള്‍ ഇവിടത്തെ ഓണസദ്യയില്‍ പങ്കെടുക്കുന്നു
പതിനൊന്നേക്കര്‍ വിസ്തൃതിയുള്ള മതില്‍ക്കെട്ടിനുള്ളിലായിരുന്നു പണ്ട് ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. അക്കാലത്ത് 27 ഉപദേവന്മാരുടെ പ്രതിഷ്ഠകള്‍ മതില്‍ക്കെട്ടിനകത്ത് ഉണ്ടായിരുന്നു. ക്ഷേത്രത്തിന് വടക്കുവശത്തായി ‘ദാനോദകപ്പൊയ്ക’ എന്ന പേരില്‍ എട്ട് ഏക്കര്‍ 40 സെന്റ് വിസ്തൃതിയുള്ള ഒരു ചിറയും അതിന്റെ മധ്യഭാഗത്തായി എട്ട് സെന്റ് വിസ്തൃതിയുള്ള ഒരു തൊപ്പിമണ്ഡപവും ഉണ്ടായിരുന്നു. തൃക്കാക്കരയപ്പന്‍ എന്ന പേരിലാണ് ഇവിടത്തെ പ്രധാന ദേവന്‍ അറിയപ്പെടുന്നത്. വാമനമൂര്‍ത്തിയുടെ മുന്‍വശത്തുള്ള മണ്ഡപത്തില്‍ ഒരു യക്ഷിപ്രതിമയും പ്രതിഷ്ഠിച്ചിട്ടുണ്ട്. പത്തര ഏക്കര്‍ ക്ഷേത്രവളപ്പില്‍ രണ്ട് ക്ഷേത്രങ്ങളാണുള്ളത്. ഒന്ന് വാമനക്ഷേത്രവും മറ്റേത് മഹാദേവക്ഷേത്രവുമാണ്. വലിയ വട്ടശ്രീകോവിലാണ് വാമനക്ഷേത്രത്തിനുള്ളത്. ഭഗവതി, ശാസ്താവ്, കടമ്പാട്ട് തേവര്‍, നാഗം, രക്ഷസ്സ് എന്നീ ഉപദേവതകളാണുള്ളത്. വാമനക്ഷേത്രത്തിനു തെക്കുഭാഗത്തായി മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നു. സ്വയംഭൂവാണ് ഇവിടുത്തെ ദേവന്‍ എന്നാണ് വിശ്വാസം. ‘തെക്കും തേവര്‍’ എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത് (കരുണാകരന്‍നായര്‍, വെള്ളംകുളത്ത് 1987:87-94).
തൃക്കാക്കര മഹോത്സവം
ഓണത്തിന് തൃക്കാക്കരക്ഷേത്രത്തില്‍ ഇരുപത്തെട്ടു ദിവസം നീണ്ടുനിന്ന ഓണോത്സവം നടന്നിരുന്നതായി സൂചനയുണ്ട്. കര്‍ക്കടകമാസത്തില്‍ തിരുവോണത്തിന് കൊടികയറി ചിങ്ങമാസത്തില്‍ തിരുവോണത്തിന് കൊടിയിറക്കിക്കൊണ്ടുള്ള ഇരുപത്തെട്ടു ദിവസത്തെ മഹോത്സവമായിരുന്നു പെരുമാക്കന്മാരുടെ കാലത്ത് തൃക്കാക്കരയില്‍ നടന്നിരുന്നത്. അന്നത്തെ കേരളത്തില്‍ അറുപത്തിനാലു ഗ്രാമത്തലവന്മാരേയും നാടുവാഴികളേയും മാടമ്പികളേയും ഇടപ്രഭുക്കന്മാരേയും സാമാന്യജനങ്ങളേയും പങ്കെടുപ്പിക്കണമെന്നതായിരുന്നു പെരുമാളിന്റെ തീരുമാനം. ഉത്സവാഘോഷങ്ങളില്‍ സംബന്ധിക്കാന്‍ തൃക്കാക്കരയില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ അവരവരുടെ ഗൃഹങ്ങളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആഘോഷപൂര്‍വ്വം ആ ഉത്സവങ്ങള്‍ കൊണ്ടാടണമെന്നും പെരുമാള്‍ ഉത്തരവിട്ടു. ഓരോ ദിവസത്തെ ഉത്സവവും രണ്ടോ മൂന്നോ നാടുവാഴികള്‍ ചേര്‍ന്നു നടത്തണമെന്നായിരുന്നു വ്യവസ്ഥ. അവസാനത്തെ പത്തു ദിവസങ്ങളായ ആവണിമാസത്തിലെ അത്തം മുതല്‍ ഓണംവരെയുള്ള ദിവസങ്ങളിലായിരുന്നു ഉത്സവം ഏറ്റവും കേമമായി ആഘോഷിച്ചിരുന്നത്. അന്ന് പ്രധാനമായി പൂക്കളുടേയും ദീപങ്ങളുടേയും ഉത്സവമായിരുന്നു. തിരുവോണത്തിനായിരുന്നു ആറാട്ട്. ഉത്രാടത്തിന് ‘പള്ളിനായാട്ടും’ ആറാട്ടിന് അറുപത്തിനാലുഗ്രാമക്കാരുടെ വക അറുപത്തിനാലും പെരുമാളിന്റെ വക ഒന്നും ഉള്‍പ്പെടെ 65 ഗജവീരന്മാരെ എഴുന്നള്ളിച്ചിരുന്നു. ഉത്സവദിവസങ്ങളില്‍ നിത്യവും ക്ഷേത്രത്തില്‍ സദ്യയുമുണ്ടായിരുന്നു. അവസാനത്തെ മൂന്നു ദിവസങ്ങളില്‍ ചതുര്‍വിധ വിഭവങ്ങളോടുകൂടിയ സദ്യയാണ് നടന്നിരുന്നത്.
ക്ഷേത്രോല്‍സവത്തിലെ പ്രധാന ഇനം
ചിങ്ങമാസത്തിലെ തിരുവോണനാളില്‍ കേരള ചക്രവര്‍ത്തി തന്റെ കൊട്ടാരത്തില്‍ നിന്ന് തൃക്കാക്കര ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നതായിരുന്നു ആഘോഷത്തിലെ പ്രധാന ഇനം. ഒരു സാധാരണ പൗരന്റെ വേഷത്തില്‍ രാജാവ് പല്ലക്കില്‍ ക്ഷേത്രത്തില്‍ എഴുന്നള്ളുമ്പോള്‍ തന്റെ കിരീടം അദ്ദേഹം മടിയില്‍ വച്ചിരുന്നു. രാജാക്കന്മാര്‍, സാമന്തരാജാക്കന്മാര്‍, ഇടപ്രഭുക്കന്മാര്‍, പടത്തലവന്മാര്‍ തുടങ്ങിയവര്‍ രാജാവിനെ പിന്‍തുടര്‍ന്നിരുന്നു. ക്ഷേത്രത്തിലെത്തുന്ന ചക്രവര്‍ത്തിയെ തൃക്കാക്കര ക്ഷേത്രത്തിലെ പൂജാരിയായ ഇടപ്പള്ളി നമ്പൂതിരി സ്വീകരിച്ചിരുത്തി അദ്ദേഹം കയ്യില്‍ കൊണ്ടുവന്നിട്ടുള്ള കിരീടം വാങ്ങി ശ്രീകോവിലിനകത്തു കൊണ്ടുപോയി പൂജിച്ച ശേഷം തിരികെ കൊണ്ടു വന്ന് ക്ഷേത്രത്തിനു നേരെ നിന്നുകൊണ്ട് ‘സങ്കടക്കാരുണ്ടോ’ എന്നു മൂന്നു പ്രാവശ്യം വിളിച്ച് ചോദിക്കുന്നു. ചക്രവര്‍ത്തിയുടെ ഭരണത്തില്‍ എന്തെങ്കിലും തരത്തിലുള്ള സങ്കടം അനുഭവിച്ചവര്‍ അവിടെ ഹാജരായിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ അവരുടെ സങ്കടം ഇവിടെ വച്ച് പരിഹരിച്ചശേഷമേ പൂജിച്ച കിരീടം രാജാവിന്റെ ശിരസ്സില്‍ വെക്കുകയുള്ളു എന്നുമാണീ ചടങ്ങിന്റെ സാരം. സങ്കടക്കാരാരുമില്ലെന്ന് വിളിച്ചു പറയുന്നതോടെ ഇടപ്പള്ളി നമ്പൂതിരി രാജാവിന്റെ ശിരസ്സില്‍ കിരീടം ചാര്‍ത്തിയ ശേഷം ശ്രീകോവിലിനുള്ളില്‍ പൂജിച്ച ചെങ്കോല്‍ രാജാവിന്റെ കയ്യിലര്‍പ്പിക്കുന്നു. ഇതോടെയാണ് ചക്രവര്‍ത്തി വീണ്ടും ചക്രവര്‍ത്തിയാവുന്നത്.
ഓണോത്സവത്തിലെ മാറ്റം
ഇപ്പോള്‍ തൃക്കാക്കര ക്ഷേത്രത്തില്‍ ചിങ്ങമാസത്തിലെ അത്തം തൊട്ട് തിരുവോണം വരെ പത്തു ദിവസത്തെ ഉത്സവമാണ് നടക്കുന്നത്. അത്തം നാള്‍ കൊടികയറുന്നു. ഓണക്കാഴച സമര്‍പ്പിക്കല്‍, പൂപ്പറ തുടങ്ങിയ ഓണവുമായി ബന്ധപ്പെട്ട ചടങ്ങുകളുള്ള ഇവിടത്തെ ഉത്സവദിവസത്തെ തിരുവോണസദ്യ പ്രധാനമാണ്. അത്തം മുതല്‍ നാലമ്പലത്തിനുള്ളില്‍ മണ്ഡപത്തില്‍ പൂവിടുന്നു. തുളസിക്കും ചെത്തിക്കും മറ്റുമാണ് പ്രാധാന്യം. തിരുവോണത്തിന്‍ നാള്‍ ഓണത്തപ്പനായ മഹാബലിയും അനുചരന്മാരുമെന്നു സങ്കല്‍പ്പിച്ച് മണ്ണുകൊണ്ട് ഏതാനും രൂപങ്ങള്‍ കൂടി മണ്ഡപത്തില്‍ വെച്ചു പൂജിക്കാറുണ്ട്. ആറാട്ടു കഴിഞ്ഞാല്‍ അന്നു തന്നെ പൂവു മാറ്റുന്നു. ഉത്സവത്തിന് കഥകളി, കൂത്ത്, പാഠകം എന്നിവയോടൊപ്പം നവീന പരിപാടികളും അവതരിപ്പിച്ചു വരുന്നു. തൃപ്പൂണിത്തുറയില്‍നടന്നുവരുന്നഅത്തച്ചമയത്തിന്കൊടി കൊണ്ടുപോകുന്നത് തൃക്കാക്കര ക്ഷേത്രത്തില്‍ നിന്നാണ്.

വള്ളംകളിയും ക്ഷേത്രങ്ങളും
ഓണം സംഭാവന ചെയ്ത കായികവിനോദമാണ് വള്ളംകളി എന്ന് പറയാം. പല വള്ളംകളി മത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായിട്ടുണ്ട്. മാന്നാര്‍, വാഴക്കൂട്ടം, മൂവാറ്റുപുഴ, ത്രിവേണി സംഗമം, കട്ടോമ്പുറം, നെട്ടായം, കന്നേറ്റിക്കായല്‍, പറൂര്‍, ചാലിയാര്‍, കല്ലടയാര്‍, പല്ലനയാര്‍, ചമ്പക്കുളം പൂക്കൈതയാര്‍, തകഴിപ്പൂക്കൈതയാര്‍, പുളിങ്കുന്ന്, കോട്ടയം താഴത്തങ്ങാടി, പിറവം മൂവാറ്റുപുഴയാര്‍, കിടങ്ങറ പുത്തനാര്‍, കൊച്ചിക്കായല്‍ എന്നിവിടങ്ങളില്‍ ഓണക്കാലത്താണ് വള്ളംകളി നടക്കുന്നത്. ചുണ്ടന്‍വള്ളം, ഇരുട്ടുകുത്തി, വെപ്പ്, ചുരുളന്‍ എന്നീ വിഭാഗത്തില്‍പെട്ട വള്ളങ്ങള്‍ വള്ളംകളിയില്‍ പങ്കെടുക്കാറുണ്ട്. കുട്ടനാട്ടിലെ ജലരാജാക്കന്മാര്‍ എന്നാണ് ചുണ്ടന്‍ വള്ളങ്ങള്‍ അറിയപ്പെടുന്നത്.
പാരമ്പര്യഗണിതപ്രകാരം ചുണ്ടന്‍വള്ളത്തിലെ തുഴക്കാരുടെ എണ്ണം 64 ആണ്. അവര്‍ 64 കലകള്‍ക്കു പ്രതിനിധീഭവിക്കുന്നു. നാല് അമരക്കാര്‍ നാല് വേദങ്ങളെ പ്രതിനിധാനം ചെയ്യുന്നു. പന്ത്രണ്ടു നിലക്കാര്‍ 12 രാശികളുടെ പ്രതീകങ്ങളാണ്. ആഞ്ഞിലിത്തടിയാണ് വള്ളം പണിക്ക് പ്രധാനമായും ഉപയോഗിക്കുന്നത് (മുരളീധരന്‍ നെല്ലിക്കല്‍ 2007:8-12).
കാട്ടൂര്‍ഗ്രാമത്തിലെ മങ്ങാട്ടില്ലവുമായി ബന്ധപ്പെട്ടാണ് ഉത്രട്ടാതി വള്ളംകളിയുടെ ചരിത്രം ഉരുത്തിരിയുന്നത്. ഒരോണക്കാലത്ത് കാട്ടൂര്‍ ഭട്ടതിരിയുടെ ഇല്ലത്ത് കാല്‍ കഴുകിച്ച് ഊട്ടിനെത്തിയത് ആറന്മുളദേവനായിരുന്നത്രേ. ആറന്മുള പാര്‍ത്ഥസാരഥിയാണ് തന്റെ അതിഥിയായി എത്തിയതെന്ന് മനസ്സിലാക്കിയ ഭട്ടതിരി ആറന്മുളക്ഷേത്രത്തിലേക്ക് എല്ലാ ഓണക്കാലത്തും തിരുവോണ ചിലവ് തോണി അയക്കുമായിരുന്നു. ഓണസദ്യക്കുള്ള വിഭവങ്ങളാണ് വള്ളത്തില്‍ കൊടുത്തയക്കുന്നത്. ഒരു പ്രാവശ്യം തിരുവോണ ചിലവ് തോണി അയിരൂര്‍ കടവില്‍ വെച്ച് കൊള്ളക്കാര്‍ തടഞ്ഞു. വിവരമറിഞ്ഞ് തൊട്ടാവള്ളിയിലാശാന്മാരും സംഘവുമെത്തി കൊള്ളക്കാരെ തുരത്തുകയും തിരുവോണ ചിലവ് തോണിക്ക് അകമ്പടി സേവിക്കുകയും ചെയ്തു. ഈ സംഭവമാണ് ആറന്മുള വള്ളംകളിക്ക് പശ്ചാത്തലമൊരുക്കിയത് (ഗോപാലകൃഷ്ണന്‍ നടുവട്ടം 2004:16-20). ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ വിഗ്രഹലബ്ധിയുമായി ബന്ധപ്പെട്ടുണ്ടായതാണ് പായിപ്പാട്ടു വള്ളംകളി. പമ്പയാറില്‍ ചിങ്ങമാസത്തിലെ തിരുവോണം, അവിട്ടം, ചതയം നാളുകളിലാണ് ഇത് നടത്തുന്നത്.
ചരിത്രപരമായി നോക്കിയാല്‍, തൃക്കാക്കര ക്ഷേത്രത്തെ കേന്ദ്രീകരിച്ചുള്ള ഉത്സവങ്ങളും പെരുമാക്കന്മാരുടെ കാലത്തെ ഭരണപരമായ കീഴ്‌വഴക്കങ്ങളും ഓണത്തിന് ഒരു സാമൂഹിക ഐക്യത്തിന്റെ മാനം നല്‍കുന്നു. ആറന്മുള, പായിപ്പാട് തുടങ്ങിയ വള്ളംകളികള്‍ പോലും ക്ഷേത്രപുരാണങ്ങളുമായും ഐതിഹ്യങ്ങളുമായും ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്. ഓരോ തട്ടിലും ദേവീദേവന്മാരുടെ സാന്നിധ്യം സങ്കല്‍പ്പിച്ചൊരുക്കുന്ന പൂക്കളങ്ങള്‍ ഓണത്തിന്റെ ആത്മീയതലം വ്യക്തമാക്കുന്നു. ചുരുക്കത്തില്‍, കേവലം ഒരു വിളവെടുപ്പുത്സവം എന്നതിലുപരി, കേരളത്തിന്റെ പൗരാണിക ഭരണക്രമവും ആത്മീയതയും ഒത്തുചേരുന്ന ഉന്നതമായ ഒരു സാംസ്‌കാരിക പൈതൃകത്തിന്റെ വിളംബരമാണ് ഓണം.
ഗ്രന്ഥസൂചി
അരുണ്‍കുമാര്‍, എന്‍.എസ്., 2007, ‘പൂക്കളിലെ ശാസ്ത്രാവബോധം’ വിജ്ഞാനകൈരളി സപ്തംബര്‍.
കര്‍ത്താ പി.സി. 1991 ഓണവിജ്ഞാനകോശം, നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം.
ഗോവന്ദന്‍കുട്ടി, താമറ്റാട്ട് (സമ്പാ), 1960, നാടോടിപാട്ടുകള്‍ ഒന്നാംഭാഗം, പി.കെ. ബ്രദേഴ്‌സ് കോഴിക്കോട്.
ഗോപാലപിള്ള, കെ.എന്‍. കുറുപ്പംവീട്ടില്‍, 1948, കേരള മഹാചരിത്രം, വാല്യം 2, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
കരുണാകരന്‍നായര്‍, വെള്ളംകുളത്ത്, 1987, കേരളത്തിലെ ക്ഷേത്രങ്ങള്‍, നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം.
കൃഷ്ണപിള്ള, നാലാങ്കല്‍, 1982, മഹാക്ഷേത്രങ്ങളുടെ മുമ്പില്‍, നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം.
ഗുണ്ടര്‍ട്ട്, ഹെര്‍മന്‍, 1989 (1872), മലയാളം ഇംഗ്ലീഷ് നിഘണ്ടു, ഡി.സി. ബുക്‌സ്, കോട്ടയം.
പ്രംനാഥ്, വെട്ടിയാര്‍ (സമ്പാ), 1990 (1979), നാടന്‍പാട്ടുകള്‍ കേരളസാഹിത്യഅക്കാദമി, തൃശ്ശൂര്‍.
പ്രംനാഥ്, വെട്ടിയാര്‍ (സമ്പാ) 1990 (1979), നാടന്‍പാട്ടുകള്‍ കേരളസാഹിത്യഅക്കാദമി, തൃശ്ശൂര്‍
പരമേശ്വരയ്യര്‍, ഉള്ളൂര്‍, എസ്. 1990 (1955). കേരളസാഹിത്യചരിത്രം വാല്യം 5, കേരളസര്‍വ്വകലാശാല, തിരുവനന്തപുരം.
പൈലോപോള്‍, 2000 (1899), പുരാണകഥാനിഘണ്ടു കേരള സാഹിത്യഅക്കാദമി, തൃശ്ശൂര്‍.
ബാലകൃഷ്ണന്‍, പി.കെ., 1994 (1974) കേരളത്തിന്റെ സാംസ്‌കാരികചരിത്രം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
വസന്തന്‍, എസ്.കെ, 1982 കേരളചരിത്രനിഘണ്ടു, നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം.
വസന്തന്‍, എസ്.കെ. 2005 കേരളസംസ്‌കാരചരിത്രനിഘണ്ടു, കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
വീണ, എ. 2005, ‘അത്തപ്പൂക്കളം ഒരുക്കേണ്ടത്’ സീ.വ്യു മാസിക, കൊല്ലം.
പൂക്കളം സ്മരണിക 2004, ‘ഓണപ്പൂക്കളം’ അനിയാവ തിരുവനന്തപുരം.
(അസോസിയേറ്റ് പ്രൊഫസര്‍, തുഞ്ചത്തെഴുത്തച്ഛന്‍
മലയാളസര്‍വകലാശാല, തിരൂര്‍, മലപ്പുറം)




















