വേദം ഗ്രഹിച്ചാല്‍ ബ്രാഹ്മണനാവുമെന്നു മനസ്സിലാക്കിയ രാമസിംഹന്‍ അനുജന്‍ ദയാസിംഹനെ ഒരു പുരോഹിതന്റെ സഹായത്തോടെ വേദം പഠിപ്പിക്കുകയും പൂണൂല്‍ ധരിച്ച് ബ്രാഹ്മണനായ ദയാ സിംഹന്‍, നരസിംഹന്‍ നമ്പൂതിരി എന്ന പേരു സ്വീകരിക്കുകയും ചെയ്തു. അതിനു ശേഷം പുഴക്കാട്ടിരിയിലെ നാരായണന്‍ നമ്പൂതിരിയുടെ മകള്‍ കമല അന്തര്‍ജ്ജനത്തെ വേളി കഴിച്ചു. 1947 ജൂലായിലാണ് നരസിംഹന്‍ നമ്പൂതിരി വേളി കഴിച്ചത്. ഈ ഘട്ടത്തിലാണ് രാമസിംഹന്‍ തന്റെ ജോലിക്കാരനായ കുഞ്ഞലവിയോട് ഹിന്ദു ധര്‍മ്മത്തിലേക്ക് മടങ്ങാന്‍ പറഞ്ഞതും അതിനെത്തുടര്‍ന്ന് ലേഖനത്തിന്റെ തുടക്കത്തില്‍ വിവരിച്ച ഗൂഢാലോചന നടന്നതും. രാമസിംഹനെ വധിക്കാന്‍ നേരത്തെ രണ്ടു തവണ തീയതി തീരുമാനിച്ചെങ്കിലും രാമസിംഹന്‍ ബംഗ്ലാവില്‍ ഇല്ലാതിരുന്നതിനാല്‍ നടന്നില്ല.
രാമസിംഹന്‍ പുനരുദ്ധാരണം ചെയ്ത മാട്ടുമ്മല്‍ നരസിംഹക്ഷേത്രത്തില്‍ 1947 ആഗസ്റ്റ് മൂന്ന് ഞായറാഴ്ച കലശം നടത്താന്‍ തീരുമാനിച്ചു. രണ്ടാം തീയതി പകല്‍ ചെണ്ടക്കാരും നമ്പൂതിരിമാരുമൊക്കെ ബംഗ്ലാവിലെത്തി. കമല അന്തര്‍ജ്ജനത്തിന്റെ അമ്മ അടക്കമുള്ളവരും എത്തിയിരുന്നു. കലശത്തിനു വേണ്ട കാര്യങ്ങള്‍ക്ക് രാമസിംഹനും നരസിംഹന്‍ നമ്പൂതിരിയും പകല്‍ മുഴുവന്‍ സജീവമായി. രണ്ടാം തീയതി രാത്രി എല്ലാവരും ഉറങ്ങാന്‍ കിടന്നു. വെടിയൊച്ച കേട്ടാണ് ബംഗ്ലാവിലുള്ളവര്‍ ഉണര്‍ന്നത്. വാതില്‍ തുറന്നതോടെ വെടിവെച്ചും ജിഹാദ് വിളിച്ചും ഹാലിളക്ക സംഘം അകത്തേക്ക് ഇരച്ചുകയറി. കൂട്ട നിലവിളി ഉയര്‍ന്നു. പലരും പുറത്തേക്കിറങ്ങി ഓടി. ഏറെ നേരത്തെ ചെറുത്തുനില്‍പ്പിനൊടുവില്‍ രാമസിംഹന്‍ വെട്ടേറ്റു നിലംപതിച്ചു. ഇതിനിടയില്‍ കമല അന്തര്‍ജ്ജനത്തേയും മുസ്ലീംഅക്രമികള്‍ വെട്ടിക്കൊന്നു. അടുക്കള വരാന്തയിലിട്ടാണ് നരസിംഹന്‍ നമ്പൂതിരിയെ വെട്ടിക്കൊന്നത്. വെട്ടേറ്റ് രക്തത്തില്‍ക്കുളിച്ച രാജു അയ്യര്‍ ജിഹാദികളുടെ കണ്ണുവെട്ടിച്ച് പുറത്തേക്കിറങ്ങി ഓടി കൃഷ്ണപ്പിഷാരടിയുടെ വീട്ടില്‍ ചെന്നു വീണു. വിവരം അറിഞ്ഞ കൃഷ്ണ പിഷാരടി കൊളത്തൂര്‍ പോലീസ് ഔട്ട് പോസ്റ്റില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഹെഡ്‌കോണ്‍സ്റ്റബിള്‍ വന്ന് രാജു അയ്യരെ പെരിന്തല്‍മണ്ണ ആശുപത്രിയിലെത്തിച്ചു. പിറ്റേ ദിവസമാണ് രാജു അയ്യര്‍ മരിച്ചത്. മരിക്കുന്നതിനു മുമ്പ് പോലീസ് അദ്ദേഹത്തിന്റെ മരണ മൊഴിയെടുത്തിരുന്നു.
മാട്ടുമ്മല്‍ നരസിംഹ ക്ഷേത്രം വീണ്ടും തകര്‍ക്കുന്നു
രാമസിംഹന്‍ വധം നടന്നതോടെ ഹിന്ദു സമൂഹം ഭയചകിതരായി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇന്ന് അലിഗഡ് യൂണിവേഴ്‌സിറ്റി നില്‍ക്കുന്ന ഭാഗത്തെ കുന്നിന്‍ചെരുവിലാണ് സംസ്‌ക്കരിച്ചത്. കൊലപാതകം നടന്ന് രണ്ടാമത്തെ ദിവസം പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍ കേശവന്‍ നായരുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. കര്‍ഫ്യൂ പ്രഖ്യാപനവും വന്നു. കൂട്ടക്കുരുതിയില്‍ പാലക്കാടാണ് പ്രതിഷേധമുണ്ടായത്. 1947 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യലബ്ധിയില്‍ രാജ്യവ്യാപകമായി ദേശീയപതാക ഉയരുമ്പോള്‍ മലപ്പുറത്ത് ജിഹാദ് വിളിയാണ് ഉയര്‍ന്നത്. ജിഹാദ് വിളിച്ച് ആവേശത്തോടെ മുസ്ലീംങ്ങള്‍ മാലാപ്പറമ്പ് മാട്ടുമ്മല്‍ നരസിംഹക്ഷേത്രം തകര്‍ക്കുകയും വിഗ്രഹങ്ങള്‍ അടിച്ചുടയ്ക്കുകയുമായിരുന്നു.

നാലു പ്രതികള്‍ക്ക് തൂക്കുകയര്‍
രാമസിംഹന്‍ വധക്കേസില്‍ പറമ്പന്‍മമ്മദ്, കുഞ്ഞമ്മു, നാണത്ത് കുഞ്ഞലവി, മൊട്ടേങ്ങല്‍ മൊയ്തുട്ടി, ഗൂഢാലോചനക്കാരന്‍ അയക്കുട്ടി, രാമസിംഹന്റെ സഹോദരന്‍ കുഞ്ഞഹമ്മത്, ഭാര്യാപിതാവ് കല്ലടി ഉണ്ണിക്കമ്മു തുടങ്ങി 13 പേര്‍ക്കെതിരെയാണ് കേസ്സെടുത്തതെങ്കിലും ഏഴു പേര്‍ക്കെതിരെയാണ് നടപടി ഉണ്ടായത്. പാലക്കാട് സെഷന്‍സ് കോടതി പറമ്പന്‍ മമ്മദ് ഉള്‍പ്പെടെ നാലു പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. വധശിക്ഷ അനുഭവിക്കേണ്ടവര്‍ മദിരാശി ഹൈക്കോടതിയില്‍ അപ്പീലു പോയി. കേസു നടത്താന്‍ മസ്ജിദുകള്‍ കേന്ദ്രീകരിച്ച് വലിയ രീതിയില്‍ പണം സ്വരൂപിച്ചു. കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും ഈ കൂട്ടക്കുരുതിയെ ന്യായീകരിക്കുകയും പ്രതികളുടെ പക്ഷത്തോട് കൂറു കാണിക്കുകയും ചെയ്തു. ഭാരതത്തിലെ ഒടുവിലത്തെ ബ്രിട്ടീഷ് ജഡ്ജിയായ ലയണ്‍ ഹോര്‍വല്‍ ആണ് അപ്പീലില്‍ വാദം കേട്ടത്. അദ്ദേഹം അപ്പീല്‍ വാദം അംഗീകരിക്കുകയും പ്രതികളെ തൂക്കു കയറില്‍ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തു. മഹല്ലുകള്‍ തോറും പിരിവെടുത്ത തുക കൈക്കൂലി കൊടുത്താണ് അനുകൂല വിധി സമ്പാദിച്ചതെന്ന് വിശ്വസിക്കുന്നവര്‍ ഇന്നുമുണ്ട്. അവശേഷിച്ച പണം കൊണ്ടാണത്രെ കോഴിക്കോട് ജില്ലയില്‍ ഒരു കോളേജിന്റെ നിര്‍മ്മാണം നടത്തിയത്.

രാമസിംഹന്റെ സ്മരണയില്‍
രാമസിംഹന്റെ സ്മൃതിയില്‍ അവശേഷിക്കുന്നത് മാലാപ്പറമ്പ് മാട്ടുമ്മല്‍ നരസിംഹ ക്ഷേത്രം മാത്രമാണ്. പ്രസ്തുത ക്ഷേത്രത്തിന്റെ ചരിത്രം രാമസിംഹന്റെ ചരിത്രം കൂടിയാണ്. രാമസിംഹനെ കൊലപ്പെടുത്തിയിട്ടും കലിപ്പു തീരാത്ത ജിഹാദികള്‍ പാകിസ്ഥാന്‍ പകുത്തു കിട്ടിയ ആവേശത്തിലാണ് ക്ഷേത്രം തകര്‍ത്തു തരിപ്പണമാക്കിയത്. അന്ന് അവര്‍ തകര്‍ത്ത വിഗ്രഹങ്ങളും ക്ഷേത്രാവശിഷ്ടങ്ങളും ക്ഷേത്രത്തിലേക്ക് വരുന്ന ഭാഗത്തു തന്നെ വലതു വശത്തായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പുനരുദ്ധാരണ സമയത്ത് ഇതെല്ലാം ജലാശയത്തില്‍ താഴ്ത്തിയിരുന്നെങ്കില്‍ നമുക്ക് ജിഹാദികളുടെ ക്രൂരതയുടെ വസ്തുതാപരമായ തെളിവുകള്‍ നഷ്ടപ്പെടുമായിരുന്നു. തന്ത്രിമാരുടെ ഉപദേശം കേട്ട് തകര്‍ന്ന വിഗ്രഹങ്ങള്‍ ജലാശയത്തിലൊഴുക്കിയതിനാല്‍ ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ക്കുനേരെ നടന്ന അക്രമങ്ങളുടെ തെളിവുകള്‍ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. സി.പി.ജനാര്‍ദ്ദനന്‍, രാ.വേണുഗോപാല്‍, വാസു മാസ്റ്റര്‍, രാധാകൃഷ്ണന്‍ തുടങ്ങി രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നിരവധി പേര്‍ ഈ ക്ഷേത്രം പുനരുദ്ധാരണം ചെയ്യുന്നതിന് ഭഗീരഥയത്‌നം നടത്തിയിട്ടുണ്ട്. രാമസിംഹന്റെ ബംഗ്ലാവ് നിന്നിരുന്ന സ്ഥലം മുസ്ലീം സംഘടനയായ എം.ഇ.എസ്സിന്റെ പക്കലാണ്. അവിടെയാണ് എം.ഇ. എസ്. മെഡിക്കല്‍കോളേജ് പ്രവര്‍ത്തിക്കുന്നത്. അതേ കോമ്പൗണ്ടില്‍ രാമസിംഹന്‍ ഉണ്ണീന്‍ സാഹിബായിരുന്ന കാലത്ത് നിര്‍മ്മിച്ച പള്ളി എം.ഇ.എസ്. പുന: സ്ഥാപിച്ചു. ബംഗ്ലാവിലേക്കുള്ള ഗേറ്റിന്റെ ഒരു കാല്‍ 2005 വരെ ഉണ്ടായിരുന്നു. അതും പുഴക്കി മാറ്റി. ഒരു മെഡിക്കല്‍ കോളേജ് പണിതതുകൊണ്ടോ ഗേറ്റിന്റെ കാല്‍ മാറ്റിയതു കൊണ്ടോഹിന്ദു ധര്‍മ്മത്തിനു വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന രാമസിംഹന്റെ സ്മൃതികള്‍ മായ്ക്കാനാവില്ല. ഓരോ ആഗസ്റ്റ് രണ്ടാം തീയതിയും ഹിന്ദുസമൂഹം രാമസിംഹനെ അനുസ്മരിച്ചു കൊണ്ടേയിരിക്കും. അക്കാലത്തെ ഹാലിളക്കക്കാരുടെ പുതിയ സംഘം സമൂഹത്തിനിടയില്‍ ഒളിഞ്ഞും തെളിഞ്ഞു മുണ്ട്. അവര്‍ അനുകൂല സാഹചര്യം വന്നെത്താന്‍ കാത്തിരിക്കുകയാണ്. ജോസഫ് മാഷിന്റെ കൈ വെട്ടിയതും ചേകന്നൂര്‍ മൗലവിയുടെ തിരോധാനവുമൊക്കെ അതിന്റെ സൂചനയാണ്. ഹിന്ദു സമൂഹം കരുതിയിരിക്കണമെന്ന സന്ദേശമാണ് ഓരോ രാമസിംഹന്‍ ദിനവും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.
(അവസാനിച്ചു)



















