- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- കേരളം ചുവന്നപ്പോള്‍ ഇന്ത്യയുടെ യെനാന്‍! (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 32)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
ആയിരത്തി തൊള്ളായിരത്തി അന്‍പത്തിയേഴില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ കേരളത്തില്‍ ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനം കൗമാരദശയിലായിരുന്നു എന്നുതന്നെ പറയാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു രാഷ്ട്രീയ സംഘടനയും ആര്‍എസ്എസ് ഒരു സാംസ്‌കാരിക സംഘടനയുമാണെന്ന വ്യത്യാസത്തിനു പുറമെ സംഘടനാ ബലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളരെയധികം മുന്നിലുമായിരുന്നു. ഇതിന്റെ കാരണം ചരിത്രപരമായിരുന്നു. 1925 ല്‍ ഭാരതത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി പൂര്‍ണമായും ഒരു സ്വതന്ത്ര സംഘടനയായല്ല തുടക്കംകുറിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വേദിയില്‍ പങ്കെടുത്തിരുന്നവരെ സ്വാധീനിച്ച് പുതിയൊരു പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. സോവിയറ്റ് യൂണിയന്റെയും കോമിന്റേണ്‍ എന്ന കമ്മ്യൂണിസ്റ്റു ഇന്റര്‍നാഷണലിന്റെയും നിര്‍ദ്ദേശവും നിയന്ത്രണവും ഇതിന് ഉണ്ടായിരുന്നു. ആദ്യം കോണ്‍ഗ്രസുകാര്‍, പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകള്‍, തുടര്‍ന്ന് കമ്മ്യൂണിസ്റ്റുകള്‍ എന്നിങ്ങനെയുള്ള പരിണാമമാണ് പലരുടെയും കാര്യത്തില്‍ സംഭവിച്ചത്. സോവിയറ്റ് യൂണിയന്റെ അനുചരന്മാര്‍ എത്ര ശ്രമിച്ചിട്ടും സോഷ്യലിസ്റ്റുകളായോ കമ്മ്യൂണിസ്റ്റുകളായോ മാറാത്ത കോണ്‍ഗ്രസുകാരും ഉണ്ടായിരുന്നു. ഗാന്ധിജിയും സുഭാഷ് ചന്ദ്രബോസുമൊക്കെ ഇതില്‍പ്പെടുന്നു. സോഷ്യലിസ്റ്റായെങ്കിലും കമ്മ്യൂണിസ്റ്റാവാതിരുന്നവരുമുണ്ട്.
കേരളത്തിന്റെ കാര്യത്തിലും ഇങ്ങനെയാണ് സംഭവിച്ചിട്ടുള്ളതെന്നു കാണാം. കോണ്‍ഗ്രസ്സിന്റെ ഭാഗമായി 1937 ല്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം കേരളത്തില്‍ തുടക്കം കുറിച്ചിരുന്നു. കോണ്‍ഗ്രസ്സിലെ ഇടതുപക്ഷമായി അറിയപ്പെട്ടവര്‍ 1940 ല്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.
രണ്ട് വര്‍ഷം കഴിഞ്ഞ് 1942 ലാണ് ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനം കേരളത്തില്‍ ആരംഭിച്ചത്. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടേതുപോലെ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോ പൊതുവായ അനുകൂലാന്തരീക്ഷമോ ആര്‍എസ്എസ്സിന് ഉണ്ടായിരുന്നില്ല. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും കോണ്‍ഗ്രസ്സും ഒരുപോലെ ആര്‍എസ്എസ്സിനെ എതിര്‍ക്കുകയായിരുന്നു. ഇങ്ങനെ മതപരമായും സാമൂഹ്യമായും രാഷ്ട്രീയമായും പ്രതികൂലമായ അന്തരീക്ഷത്തിലാണ് ആര്‍എസ്എസ് കേരളത്തില്‍ പ്രവ ര്‍ത്തനത്തിന് തുടക്കം കുറിച്ചത്.
ബാലറ്റെങ്കില്‍ ബാലറ്റ് ബുള്ളറ്റെങ്കില്‍ ബുള്ളറ്റ്
കമ്മ്യൂണിസ്റ്റു പാര്‍ട്ടി 1957 ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്നത് ഒരു ചരിത്ര സംഭവമായാണ് വിലയിരുത്തപ്പെട്ടത്. ‘ഇന്ത്യയുടെ യെനാന്‍’ എന്നൊരു വിശേഷണവും കേരളത്തിന് ലഭിച്ചു. മാവോ സേതൂങ്ങിന്റെ നേതൃത്വത്തില്‍ ചൈനയില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച വിപ്ലവപ്രവര്‍ത്തനത്തിന്റെ ഈറ്റില്ലമായി കരുതപ്പെടുന്ന പ്രദേശമാണ് യെനാന്‍. ഇതുപോലെ ഇന്ത്യയിലും കമ്മ്യൂണിസ്റ്റു പാര്‍ട്ടി അധികാരം പിടിക്കുന്നതിന്റെ തുടക്കമാണ് കേരളത്തില്‍ ഭരണത്തിലെത്തിയതെന്ന പ്രചാരണം ശക്തിപ്പെട്ടു. അധികാരം കിട്ടിയതിന്റെ ഹുങ്കില്‍ ഇങ്ങനെ ഊറ്റം കൊള്ളാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ മടിച്ചില്ല. ‘ഇഎംഎസ്സിന് ദല്‍ഹി ഭരിക്കാന്‍ ബാലറ്റെങ്കില്‍ ബാലറ്റ്, ബുള്ളറ്റെങ്കില്‍ ബുള്ളറ്റ്’ എന്നതായിരുന്നു മുദ്രാവാക്യം.
സോവിയറ്റ് യൂണിയനില്‍ സംഭവിച്ചതുപോലെ സായുധ വിപ്ലവത്തിലൂടെ ഭാരതത്തിലും അധികാരം പിടിക്കാനാണ് സ്വാതന്ത്ര്യ സമരകാലം മുതല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മോഹിച്ചത്. ഇതിന് ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണകൂടത്തെ അട്ടിമറിക്കേണ്ടിയിരുന്നു. എന്നാല്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിനെതിരെ ഈ ഭരണകൂടവുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരന്തരം സന്ധി ചെയ്യുകയും ഒത്തുകളിക്കുകയുമായിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പേരിലുണ്ടായ മീററ്റ് ഗൂഢാലോചന കേസില്‍ പോലും ഈ ഒത്തുകളി നടന്നു. അപ്പോഴും വര്‍ഗസമരത്തെക്കുറിച്ചും സായുധ വിപ്ലവത്തെക്കുറിച്ചുമുള്ള അവകാശവാദങ്ങള്‍ കയ്യൊഴിഞ്ഞില്ല. സ്വാതന്ത്ര്യം ലഭിക്കുകയും ബ്രിട്ടീഷ് സൈന്യം പിന്‍വാങ്ങുകയും ചെയ്തതോടെ കാര്യങ്ങള്‍ എളുപ്പമായിത്തീര്‍ന്നിരിക്കുകയാണെന്ന് കമ്മ്യൂണിസ്റ്റു പാര്‍ട്ടി കരുതി. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് രാജ്യം സ്വാതന്ത്ര്യം നേടിയതിനെ അംഗീകരിക്കാതെ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന ‘കല്‍ക്കട്ട തിസീസ്’ രൂപീകരിച്ചതും, തെലങ്കാന-തേഭാഗ-പുന്നപ്ര വയലാര്‍ മുതലായ സമരങ്ങള്‍ നടത്തിയതും.
എന്നാല്‍ 1951 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഔദ്യോഗികമായി ‘കല്‍ക്കട്ട തിസീസ്’ തള്ളിക്കളഞ്ഞു. മോസ്‌കോയിലെ അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. കോമിന്റേണ്‍ തന്നെ കല്‍ക്കട്ട തിസീസിനെ അപലപിക്കുകയും, സായുധ കലാപരേഖ ഉപേക്ഷിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. സായുധ കലാപത്തിന്റെ വക്താവായ ബി.ടി.രണദിവെയെ മാറ്റി സി. രാജേശ്വര്‍ റാവു പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി. രാജേശ്വര റാവു, എസ്.എ.ഡാങ്കെ, അജയഘോഷ്, ബസവ പുന്നയ്യ എന്നീ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ മോസ്‌കോയിലെത്തി സോവിയറ്റ് ഭരണാധികാരി ജോസഫ് സ്റ്റാലിനെയും ഉദ്യോഗസ്ഥരെയും കണ്ട് ചര്‍ച്ച നടത്തി. വിപ്ലവത്തിന്റെ ഇന്ത്യന്‍ പാത എന്തായിരിക്കണമെന്നു ചര്‍ച്ച നടത്തി. സായുധ സമരങ്ങള്‍ അവസാനിപ്പിച്ച് ജനാധിപത്യ മാര്‍ഗം സ്വീകരിക്കണമെന്നായിരുന്നു ഇവര്‍ക്കു ലഭിച്ച ഉപദേശം. ഇതേതുടര്‍ന്ന് അജയ് ഘോഷിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി ചൈനീസ് മാതൃകയിലുള്ള ഗറില്ലാ യുദ്ധരീതികളെയും ഇടതുതീവ്രവാദത്തെയും ഔദ്യോഗികമായി അപലപിച്ചു.

ഇതിനുശേഷം പാര്‍ലമെന്ററി പാത സ്വീകരിച്ച് തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. പിന്നീട് പാര്‍ട്ടി രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായി ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്നത്.
ജാതിമത സമവാക്യങ്ങള്‍ മാറിമറിഞ്ഞപ്പോള്‍
കേരളത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി അധികാരത്തിലെത്തിയത് ഒരര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ വിജയമായിരുന്നു. ‘അമൃത്‌സര്‍ തിസീസ്’ എന്നറിയപ്പെടുന്ന ‘കമ്മ്യൂണിസത്തിലേക്കുള്ള സമാധാന പാത’ എന്നതുമായി അതിന് ബന്ധമൊന്നും ഉണ്ടായിരുന്നില്ല. കേരളത്തില്‍ അന്ന് നിലനിന്ന സവിശേഷമായ ജാതി-മത ബന്ധങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കഴിഞ്ഞതിന്റെ വിജയമായിരുന്നു അത്. എം.എന്‍.ഗോവിന്ദന്‍ നായര്‍ എന്ന നേതാവിന്റെ കൗശലമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ ഭരണം തകര്‍ന്നുവീഴാനുണ്ടായ കാരണവും ജാതി-മത സമവാക്യങ്ങളില്‍ വന്ന മാറ്റമാണ്.
ഭാഷാ സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യം നടന്ന തെരഞ്ഞെടുപ്പിലാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നത്.
‘ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും’ എന്ന കെപിസിസി അധ്യക്ഷന്‍ സി.കേശവന്റെ പ്രഖ്യാപനം ഹിന്ദുക്കളെ കോണ്‍ഗ്രസ്സിനെതിരാക്കിയിരുന്നു. ഇതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഗുണം ചെയ്തു. 1952 ലെ ശബരിമല തീവയ്പ്പ് കേസില്‍ കുറ്റക്കാരായവരെ ശിക്ഷിക്കുമെന്ന് 1957 ലെ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ശക്തമായ പ്രചാരണം നടത്തിയത് ഹിന്ദുക്കളുടെ വ്യാപക പിന്തുണ നേടാന്‍ സഹായിച്ചു. ക്രിസ്ത്യാനികളുടെ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ ആഹ്വാനം ചെയ്ത എന്‍എസ്എസ് സ്ഥാപക നേതാവ് മന്നത്തു പത്മനാഭന്‍ പല മണ്ഡലങ്ങളിലും എന്‍എസ്എസ് സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി. മറ്റിടങ്ങളില്‍ പാര്‍ട്ടി നോക്കാതെ നായര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യാനും മന്നം നിര്‍ദ്ദേശിച്ചു. ഈ സ്ഥിതിവിശേഷത്തെ ‘കേരള- ദ യെനാന്‍ ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തില്‍ വിക്ടര്‍ എം.ഫിക് വിലയിരുത്തിയിട്ടുള്ളത് ഇങ്ങനെ ക്രോഡീകരിക്കാം: ക്രൈസ്തവര്‍ കോണ്‍ഗ്രസ് പാളയത്തിലും, ഹിന്ദുക്കള്‍ പ്രത്യേകിച്ച് ഈഴവരും നായന്മാരും കമ്മ്യൂണിസ്റ്റ് പാളയത്തിലും എത്തിച്ചേര്‍ന്നു. ഈ സാമുദായിക പ്രാതിനിധ്യം തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചു. ജനസംഖ്യയില്‍ 61 ശതമാനമുള്ള ഹിന്ദുക്കള്‍ക്ക് 88 ശതമാനം സീറ്റ് ലഭിച്ചു. മൊത്തം സീറ്റിന്റെ 9.6 ശതമാനം സീറ്റിലും ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും വോട്ടുകള്‍ തികച്ചും സാമുദായികാടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയതാണ് അവര്‍ക്ക് ജനസംഖ്യയ്ക്ക് അനുസരിച്ചുള്ള നിയമസഭാ പ്രാതിനിധ്യം ലഭിക്കാന്‍ കാരണം.(1)
യാഥാര്‍ത്ഥ്യം ഇതായിരുന്നിട്ടും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെപ്പോലും അത്ഭുതപ്പെടുത്തി കേരളത്തില്‍ അവര്‍ക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞതോടെ അതിന് കൊടുത്ത വ്യാഖ്യാനം മറ്റൊന്നായിരുന്നു. സമാധാന മാര്‍ഗങ്ങളിലൂടെയും ഭരണഘടനാപരമായ രീതിയിലും ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അധികാരത്തിലെത്തിച്ച ലോകത്തെ ആദ്യ സംസ്ഥാനമായി കേരളം ചിത്രീകരിക്കപ്പെട്ടു. എന്നാല്‍ ഈ അവകാശ വാദം പ്രത്യക്ഷത്തില്‍തന്നെ വസ്തുതാപരമായി തെറ്റായിരുന്നു. ഇറ്റലിയോട് ചേര്‍ന്നുകിടക്കുന്ന സാന്‍മാരിനോയില്‍ 1945 ല്‍ തന്നെ ജനാധിപത്യ രീതിയില്‍ ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരുന്നു. അവിടുത്തെ സോഷ്യലിസ്റ്റ് സമാരിനിസ്റ്റ് എന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി കമ്മ്യൂണിസ്റ്റു പാര്‍ട്ടി സഖ്യമുണ്ടാക്കിയാണ് ഭരണത്തിലെത്തിയത്. ഇത് നടന്ന് 12 വര്‍ഷം കഴിഞ്ഞാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഭരണത്തില്‍ വരുന്നത്. ഇതിനിടെ 1953 ല്‍ ഗയാനയില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പ്രധാനമന്ത്രി വരികയുണ്ടായി.
ഈ ചരിത്രമെല്ലാം മറച്ചുപിടിച്ചുകൊണ്ടാണ് ലോകത്ത് ആദ്യമായി കേരളത്തില്‍ തെരഞ്ഞെടുപ്പിലൂടെ ഒരു കമ്മ്യൂണിസ്റ്റു പാര്‍ട്ടി അധികാരത്തില്‍ എത്തിയിരിക്കുന്നു എന്ന തെറ്റായ പ്രചാരണം നടന്നത്. ചില നേതാക്കള്‍ ഇങ്ങനെയല്ല കാര്യങ്ങളെന്ന് പറയാന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടി തെറ്റായ പ്രചാരണം പിന്നെയും തുടര്‍ന്നുകൊണ്ടിരുന്നു.
അക്കാലത്തും ഭാരതത്തില്‍ വിദ്യാഭ്യാസപരമായി മുന്നില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനമായിരുന്നു കേരളം. ഇവിടെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് അധികാരത്തില്‍ വരാന്‍ കഴിഞ്ഞത് കമ്മ്യൂണിസത്തിന്റെ മഹത്വത്തിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുരോഗമന സ്വഭാവത്തിനും തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടു. ജനങ്ങളുടെ രാഷ്ട്രീയ അവബോധത്തിന്റെ, അവര്‍ എടുത്ത സുചിന്തിതമായ തീരുമാനത്തിന്റെ ഫലമാണിതെന്നും പൊതുവെ കരുതപ്പെട്ടു.
കോണ്‍ഗ്രസ്സിന്റെ അപചയം
ഭാരതം സ്വാതന്ത്ര്യം നേടിയതുമുതല്‍ അധികാരത്തിലുണ്ടായിരുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സായിരുന്നു. ഈ പാര്‍ട്ടിക്ക് ലഭിച്ച പിന്തുണ വളരെ വലുതായിരുന്നു. രാജ്യം നീണ്ടകാലം കോണ്‍ഗ്രസ്സിന്റെ ഏകകക്ഷി ഭരണത്തിലൂടെയാണ് കടന്നുപോയത്. പ്രത്യേകിച്ച് സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിപക്ഷം ഇല്ലായിരുന്നു എന്നുതന്നെ പറയാം. രാഷ്ട്രീയരംഗത്ത് കോണ്‍ഗ്രസ് ഒരു ഏകശിലാ സംവിധാനം പോലെ നിലകൊണ്ടിരുന്നു.
ഈ അധികാരം രാഷ്ട്രീയഭരണ രംഗത്തെ അഴിമതിയിലേക്ക് നയിച്ചു. പ്രത്യേകിച്ച് പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസ് ഭരണം അഴിമതിയും വിഭാഗീയതയും നിറഞ്ഞതായിരുന്നു. കോണ്‍ഗ്രസ്സിനു ഒരു പ്രതിപക്ഷത്തിന്റെ ആവശ്യമുണ്ടായിരുന്നു. പല സ്ഥലങ്ങളിലും കോണ്‍ഗ്രസ്സിന് വെല്ലുവിളി ഉയര്‍ത്തിയത് കമ്മ്യൂണിസ്റ്റുകളായിരുന്നു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരാന്‍ ഈ ഘടകങ്ങളും കാരണമായി.
കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയം കമ്മ്യൂണിസ്റ്റ് ചരിത്രത്തില്‍ പുതിയൊരു അധ്യായമാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. സ്വന്തം സൈനിക ശക്തിയുടെ പിന്തുണയില്ലാതെ ഒരു സംസ്ഥാനം കമ്മ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന ആദ്യ സംഭവമാണിതെന്ന അവകാശവാദം തെറ്റായിരുന്നു. ഈ അവകാശ വാദമുന്നയിച്ചവര്‍തന്നെ മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ മറന്നില്ല.
”ഞങ്ങള്‍ അത്ഭുതകരമായ ഒന്നും ചെയ്യാന്‍ പോകുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ ഏറ്റവും പുരോഗമനപരമായ ആശയങ്ങളെയും നിര്‍ദേശങ്ങളെയും ഏറ്റെടുക്കുക എന്നതായിരിക്കും കമ്മ്യൂണിസ്റ്റുകളുടെ തന്ത്രം. കേന്ദ്ര സര്‍ക്കാര്‍ ചില പദ്ധതികളെ എതിര്‍ത്താല്‍, കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയും: ”നിങ്ങള്‍ ഒരിക്കല്‍ ചെയ്യാമെന്ന് പറഞ്ഞതുതന്നെയാണ് ഞങ്ങള്‍ ചെയ്യുന്നത്. പക്ഷേ ഞങ്ങള്‍ അത് ഇപ്പോള്‍ തന്നെ ചെയ്യുന്നു.”
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരമേറ്റ സംഭവം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ അടിത്തറ ലഭിക്കുന്നതിന്റെ തുടക്കമാണെന്ന് നിരവധി സൈദ്ധാന്തികര്‍ വിശ്വസിച്ചു. ഈ പ്രവചനം തെറ്റാണെന്ന് അധികം വൈകാതെ തെളിഞ്ഞു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. പാര്‍ലമെന്ററി ജനാധിപത്യ സ്ഥാപനങ്ങളെ പിടിച്ചടക്കിയും മാറ്റംവരുത്തിയും അവയെ തൊഴിലാളിവര്‍ഗത്തിന്റെ ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ”കമ്മ്യൂണിസത്തിലേക്കുള്ള സമാധാനപരമായ കേരള മാതൃക” നടപ്പാക്കുന്നതിനായി പ്രവര്‍ത്തനം ആരംഭിച്ചു. ഈ മാതൃകയില്‍ പോലീസിനെയും കോടതികളെയും നിര്‍വീര്യമാക്കാനുള്ള നീക്കങ്ങളുണ്ടായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ബഹുജന സംഘടനകളുടെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് പരിവര്‍ത്തന പ്രക്രിയ നടപ്പാക്കേണ്ടതെന്ന് ഊന്നിപ്പറഞ്ഞു. സ്വകാര്യ സ്വത്തവകാശങ്ങളെയും പൗരാവകാശങ്ങളെയും നിയന്ത്രിക്കുന്നതിലെ പരിമിതികള്‍ മറികടക്കുന്നതിനായി ഭരണഘടനയുടെ ആമുഖത്തിലും മാര്‍ഗനിര്‍ദ്ദേശക തത്ത്വങ്ങളിലും ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ നേരിട്ട് നടപ്പാക്കാനെന്ന വ്യാജേനയായിരുന്നു ആസൂത്രിതമായ ഈ നടപടികള്‍. ഇതിന്റെ ഭാഗമായി കാര്‍ഷികം, വ്യവസായം, വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങിയ മേഖലകളിലെ കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള സംഘടനകളിലേക്ക് വന്‍തോതില്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ തിരിച്ചു വിട്ടിരുന്നതായി വെളിപ്പെട്ടു. ഭരണഘടനയെയും ഭരണസംവിധാനത്തെയും അധികാരത്തിലുള്ള പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങളും ആഗ്രഹങ്ങളും സംരക്ഷിക്കുന്നതിനുള്ള ഉപാധിയാക്കാന്‍ തുടങ്ങി.
പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ കൈമാറുകയും നടപ്പാക്കുകയും ചെയ്യുന്നതിന് ഭരണസംവിധാനത്തെയും മുനിസിപ്പല്‍ സ്ഥാപനങ്ങളെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധിപ്പിച്ചു. മന്ത്രിമാരുമായും പോലീസുമായും കോടതികളുമായും പഞ്ചായത്തുകളുമായും ബന്ധിപ്പിക്കുന്നതിനായി ഏകോപന സമിതികള്‍ രൂപീകരിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. ഈ ഏകോപന ഗ്രൂപ്പുകളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥരെ തരംതാഴ്ത്തുകയും സ്ഥലംമാറ്റുകയും ചെയ്തു.
ഭരണത്തിന്റെ ഏറ്റവും താഴ്ന്ന തലങ്ങളില്‍- ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും- കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ‘സെല്‍ കോടതികള്‍’ സ്ഥാപിച്ചു. പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെട്ടിരുന്ന ഈ കോടതികള്‍ ഗ്രാമപ്രദേശങ്ങളില്‍ വര്‍ഗാധിപത്യത്തിന്റെ ഏജന്‍സികളായി പ്രവര്‍ത്തിച്ചു. പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെട്ട കേസുകളില്‍ ഈ സെല്‍ കോടതികളാണ് വിധിപറഞ്ഞത്. ഇതിന്റെയൊക്കെ ഫലമായി കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരായ ജനകീയ പ്രക്ഷോഭം അടിക്കടി ശക്തിപ്പെട്ടു. 28 മാസത്തെ ഭരണത്തിനുശേഷം രാഷ്ട്രപതി കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടു.
ഗുരുജി ഗോള്‍വല്‍ക്കറുടെ വിലയിരുത്തല്‍
1957 ല്‍ ആര്‍എസ്എസ് രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ് അധികാരത്തിലുണ്ടായിരുന്നത്. എറണാകുളത്തെ പരിപാടികള്‍ക്കുശേഷം കോട്ടയത്ത് എത്തിയ ഗുരുജിയുമായി മലയാള മനോരമയുടെ പ്രതിനിധി നടത്തിയ അഭിമുഖം പത്രം പ്രസിദ്ധീകരിക്കുകയുണ്ടായി. കമ്മ്യൂണിസം മോസ്‌കോയോട് കൂറുപുലര്‍ത്തുന്ന പ്രസ്ഥാനമാണെന്നും, അത് മനുഷ്യരാശിയുടെ അഭിവൃദ്ധിക്കുള്ള അവസാന വിധിയല്ലെന്നും, ആര്‍ഷ സംസ്‌കാരം ഇതിനെയെല്ലാം വെല്ലുന്നതാണെന്നും ഈ അഭിമുഖത്തില്‍ ഗുരുജി പറയുകയുണ്ടായി. ഭൂപരിഷ്‌കരണ ബില്‍ കൊണ്ടുവന്നതാണല്ലോ ഈ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നേട്ടമായി അന്നും ഇന്നും പറയാറുള്ളത്. ഇതിനെക്കുറിച്ചും മനോരമ പ്രതിനിധിയോട് ഗുരുജി പ്രതികരിച്ചു. കേരളത്തില്‍ മാത്രമല്ല, ഭാരതത്തില്‍ മറ്റിടങ്ങളിലും ഭൂനയപരിഷ്‌കരണം ആവശ്യമാണെന്നും, എന്നാലത് ധൃതി പിടിച്ച് ചെയ്യേണ്ടുന്ന ഒന്നല്ല. ബന്ധപ്പെട്ടവരെയെല്ലാം ഒന്നിച്ചിരുത്തി ചര്‍ച്ച ചെയ്ത് ദൂരവ്യാപകമായ പ്രത്യാഘാതമുളവാക്കാത്ത വിധം, അപാകതകളില്ലാതെ നടപ്പിലാക്കേണ്ടതാണെന്നുമായിരുന്നു ഗുരുജി അഭിപ്രായപ്പെട്ടത്.(2)
അടുത്തത്: അന്‍പതുകളില്‍ ആര്‍എസ്എസും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും
അടിക്കുറിപ്പുകള്‍:-
1.Kerala-Yenan of India, Victor M.Fic
2.രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തില്‍, ഭാഗം 1.





















