വടശ്ശേരി ദാമോദരമേനോന്‍ സതീശന്‍ എന്ന വി.ഡി. സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് നടന്നത് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ്. മുഖ്യമന്ത്രിയാകുന്ന ആളിന്റെയോ കക്ഷിയുടെയോ താല്പര്യമനുസരിച്ച് ലോക്ഭവന് പുറത്തേക്ക് സത്യപ്രതിജ്ഞ ചടങ്ങ് മാറ്റാറുണ്ട്. അതില്‍ അസ്വാഭാവികത ഇല്ല. പക്ഷേ ചടങ്ങ് നടക്കേണ്ടത് പൂര്‍ണ്ണമായും പ്രോട്ടോക്കോള്‍ അനുസരിച്ച് ആയിരിക്കണം. ഈ പ്രോട്ടോക്കോള്‍ സംസ്ഥാന ഗവര്‍ണറോ ലോക്ഭവനോ തീരുമാനിക്കുന്നതല്ല. ഒരു സംസ്ഥാന സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് സംബന്ധിച്ച ചടങ്ങുകള്‍ക്ക് ഭരണഘടനയിലും പ്രോട്ടോക്കോള്‍ വ്യവസ്ഥ സംബന്ധിച്ച് ബ്ലൂബുക്കിലും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ട്. അത് മറികടക്കാന്‍ ആര്‍ക്കും കഴിയില്ല. പുതിയ സംസ്ഥാന സര്‍ക്കാര്‍ അധികാരം ഏല്‍ക്കുമ്പോള്‍ ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായെന്ന് റിപ്പോര്‍ട്ട് ചെയ്തത് കേരള പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗം തന്നെയാണ്.
സാധാരണ സത്യപ്രതിജ്ഞ ചെയ്യുന്നവരെ മാത്രമേ വേദിയില്‍ ഇരുത്താറുള്ളൂ. പൊതുജനങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങ് ആയതുകൊണ്ട് ഇസഡ് പ്ലസ് സെക്യൂരിറ്റിയിലുള്ള രാഹുലും പ്രിയങ്കയും പല സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കുന്നു എന്നതുകൊണ്ട് അവരെ കൂടി വേദിയിലിരുത്തണമെന്ന നിയുക്ത മുഖ്യമന്ത്രിയുടെ ആവശ്യം ഗവര്‍ണര്‍ അംഗീകരിച്ചു. പക്ഷേ പ്രോട്ടോക്കോള്‍ ലംഘിച്ച് യുഡിഎഫ് നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും വേദിയിലേക്ക് തള്ളിക്കയറി ബന്ധപ്പെട്ടവരൊഴികെയുള്ളവര്‍ വേദിയില്‍ നിന്ന് പുറത്തേക്ക് പോകണം എന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ടായിരുന്നു. ലോക്ഭവന് പുറത്തായതുകൊണ്ട് ഇത് കൃത്യമായ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല.
ഈ ചട്ടലംഘനം ഒരുഭാഗത്ത് നടന്നപ്പോഴാണ് പ്രോട്ടോക്കോള്‍ അനുസരിച്ച് ദേശീയഗീതമായ വന്ദേമാതരം ആലപിച്ചതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ മുഹമ്മദ് റിയാസും പിന്നീട് സെക്രട്ടറിയേറ്റും രംഗത്ത് വന്നത്. മരുമകന്‍ സംവരണത്തിലൂടെ മന്ത്രിസ്ഥാനത്തും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും അനര്‍ഹമായി എത്തിയ റിയാസിന് പ്രോട്ടോക്കോള്‍ സംബന്ധിച്ച് കൃത്യമായ ബോധം ഇല്ലെന്ന് കരുതാം. വന്ദേമാതരം എന്താണെന്നും അതെങ്ങനെയാണ് ദേശീയഗീതം ആയതെന്നും അത് എങ്ങനെയാണ് ഭാരതത്തിലെ സ്വാതന്ത്ര്യസമര പോരാളികളെ പ്രചോദിപ്പിച്ചതെന്നും ബ്രിട്ടീഷ് ശക്തികളുടെ മുന്നില്‍ വിരിമാറുകാട്ടി സാമ്രാജ്യത്വ ശക്തികളെ വിറപ്പിച്ചതെന്നും മനസ്സിലാക്കാന്‍ ഭാരതത്തെയും അതിന്റെ സ്വത്വത്തെയും സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ആയിരക്കണക്കിന് ധീരോദാത്തരായ ബലിദാനികളുടെ ജീവിതത്തെയുംകുറിച്ച് അറിയണം. വന്ദേമാതരഗാനം മാര്‍ച്ചിംഗ് സോങ്ങ് ആക്കി മാറ്റിയ ഐഎന്‍എയെ കുറിച്ച് അറിയണം. വന്ദേമാതരഗാനം പോരാട്ടവീര്യം പകര്‍ന്ന സുഭാഷ് ചന്ദ്രബോസിനെ കുറിച്ച് അറിയണം. വന്ദേമാതരം ആലപിച്ച് കഴുമരമേറാന്‍ പോയ ഭഗത് സിംഗിനെ കുറിച്ചും രാജഗുരുവിനെ കുറിച്ചും സുഖദേവിനെ കുറിച്ചും അറിയണം. അത് ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അറിയാന്‍ വഴിയില്ല. അരുണ്‍ ഷൂരി എഴുതിയ ‘ദ ഗ്രേറ്റ് ബിട്രേയല്‍’ എന്ന ഗ്രന്ഥത്തില്‍ എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ക്വിറ്റിന്ത്യാ സമരത്തെയും സ്വാതന്ത്ര്യസമരത്തെയും ഒറ്റക്കൊടുത്തതെന്ന് വ്യക്തമാക്കുന്നുണ്ട്.
അടുത്തിടെ ഡി ക്ലാസിഫൈ ചെയ്ത ബ്രിട്ടീഷ് -റഷ്യ രേഖകളിലും കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പണം പറ്റിയതിന്റെയും സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തതിന്റെയും വിശദാംശങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഭാരതത്തിന്റെ ആത്മാവിനോടോ അതിന്റെ സത്തയോടോ പാരമ്പര്യത്തോടോ സംസ്‌കാരത്തോടോ യാതൊരു കൂറും ഇല്ലാത്ത കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാതൃഭൂമി എന്ന സങ്കല്പവും ഭാരതമാതാവ് എന്ന സങ്കല്പവും അലോസരമാകുന്നതില്‍ അപാകമില്ല. പക്ഷേ മുഹമ്മദ് റിയാസ് ഉന്നയിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അദ്ദേഹത്തിന് വന്ദേമാതരഗാനം പൂര്‍ണമായി ആലപിച്ചതാണ് പ്രശ്‌നം. നെഹ്‌റുവും കോണ്‍ഗ്രസ്സും ഈ ഗാനത്തിന്റെ ആദ്യത്തെ രണ്ട് ഖണ്ഡികകള്‍ മാത്രമേ പാടാന്‍ അനുവദിച്ചിരുന്നുള്ളൂ. ബാക്കി വരികള്‍ ഒരു ബഹുസ്വര സമൂഹത്തിന് യോജിച്ചതല്ല. അതുകൊണ്ട് വന്ദേമാതര ഗാനം പൂര്‍ണമായി ആലപിച്ചത് തെറ്റാണ് എന്നാണ് മുഹമ്മദ് റിയാസ് ഉന്നയിക്കുന്ന വാദം. നെഹ്‌റുവും കോണ്‍ഗ്രസ്സും ചെയ്ത തെറ്റുകള്‍ തിരുത്താനും ഭാരതത്തെ അതിന്റെ സ്വത്വത്തിലേക്കും മഹത്വത്തിലേക്കും മടക്കിക്കൊണ്ടുവരാനും ഭാരതത്തെ ജഗദ്ഗുരുവാക്കി മാറ്റാനും ആണ് അധികാരമാറ്റം എന്ന പ്രക്രിയയ്ക്ക് ജനവിധിയിലൂടെ ഭാരതത്തിലെ ജനസമൂഹം അംഗീകാരം നല്‍കിയത്. അതുകൊണ്ട് മാറാന്‍ ഉള്ളത് മാറും. മാറ്റാനുള്ളത് മാറ്റും. നെഹ്‌റുവും കോണ്‍ഗ്രസ്സും അന്നും കീഴടങ്ങിയത് മുസ്ലീം ലീഗിനു മുന്നിലാണ്. മുസ്ലീം പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ് വന്ദേമാതര ഗാനത്തിനെതിരെ നെഹ്‌റുവും കോണ്‍ഗ്രസ്സും നിലപാട് എടുത്തത്. ആ നിലപാട് തെറ്റാണെന്ന് അന്നുമുതല്‍ തന്നെ വിശ്വസിക്കുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്സും അനുബന്ധ സംഘടനകളും.
1870 കളിലാണ് സംസ്‌കൃതം ബംഗാളി മണിപ്രവാള ഭാഷയില്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി വന്ദേമാതരം എഴുതിയത്. 1882 ല്‍ സ്വാതന്ത്ര്യസമര പോരാളികളുടെ ആവേശമായി മാറിയ ‘ആനന്ദമഠം’ എന്ന നോവലില്‍ ഈ ഗാനം ഉള്‍പ്പെടുത്തി. 1896 ല്‍ കല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ആണ് വന്ദേമാതര ഗാനം ആലപിച്ചതും അതിനെ ജനപ്രിയമാക്കിയതും. അന്നുമുതല്‍ വര്‍ഷങ്ങളോളം കോണ്‍ഗ്രസ്സിന്റെ എല്ലാ സമ്മേളനങ്ങളിലും വന്ദേമാതര ഗാനം ആലപിക്കപ്പെട്ടു. ആരും അതിനെ എതിര്‍ത്തില്ല. 1908 ല്‍ അഖിലേന്ത്യാ മുസ്ലീംലീഗിന്റെ അന്നത്തെ പ്രസിഡന്റ് സൈദ് അലി ഇമാം ആണ് വന്ദേമാതര ഗാനത്തിനെതിരെ ആദ്യം നിലപാട് എടുക്കുന്നത്. വന്ദേമാതരഗാനം ഹിന്ദുവിന്റേതാണെന്നും അത് വര്‍ഗീയമാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചെങ്കിലും അന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ആരും തന്നെ അത് വകവച്ചു കൊടുത്തില്ല. മഹര്‍ഷി അരവിന്ദന്‍ വന്ദേമാതരം എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം ആരംഭിച്ചു. ബിപിന്‍ ചന്ദ്രപാലും ലാലാ ലജപത് റായിയും സ്വാതന്ത്ര്യസമരത്തിന്റെ എരിയുന്ന തീച്ചൂളയിലേക്ക് സ്വന്തം ജീവിതം ആഹൂതി ചെയ്ത നൂറുകണക്കിന് പോരാളികളും ഈ ഗാനത്തിന്റെ വീര്യം ഉള്‍ക്കൊണ്ടാണ് പ്രചോദിതരായത്.
1937ല്‍ വന്ദേമാതര ഗാനത്തിനെതിരെ വീണ്ടും മുസ്ലീം ലീഗ് രംഗത്തെത്തി. മുഹമ്മദലി ജിന്ന വന്ദേമാതര ഗാനം വര്‍ഗീയമാണെന്ന് ആരോപിച്ചു രംഗത്ത് വന്നപ്പോള്‍, അപ്പോഴേക്കും കോണ്‍ഗ്രസ്സില്‍ കരുത്ത് നേടിയ നെഹ്‌റു ആദ്യത്തെ രണ്ട് ഈരടിയിലേക്ക് ദേശീയഗീതത്തെ ഒതുക്കി. ”ത്വം ഹി ദുര്‍ഗ്ഗാ ദശപ്രഹരണധാരിണീ” എന്നുതുടങ്ങിയ വരികള്‍ ആണ് അവരെ അലോസരപ്പെടുത്തിയത്. കോണ്‍ഗ്രസ് സമ്മേളനത്തില്‍ ആലി സഹോദരന്മാരും ദുര്‍ഗയുടെ പേര് പറയുന്നത് തങ്ങളുടെ മതത്തിനെതിരാണെന്ന നിലപാട് സ്വീകരിച്ചാണ് എതിര്‍ത്തത്. പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായി നെഹ്‌റു അന്ന് കീഴടങ്ങി. അത് തെറ്റാണെന്ന് വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന് ബോധ്യം വന്നതിന്റെ ഭാഗമായി വന്ദേമാതര ഗാനം പൂര്‍ണ്ണമായി ആലപിക്കാന്‍ തീരുമാനിച്ചു. പ്രോട്ടോകോള്‍ അനുസരിച്ച് 190 സെക്കന്‍ഡ് കൊണ്ട് ആദ്യം ദേശീയഗീതവും പിന്നീട് ദേശീയഗാനവും പാടണമെന്നാണ് നിര്‍ദ്ദേശം. ഇങ്ങനെ പാടുമ്പോള്‍ മുഹമ്മദ് റിയാസിന് പ്രകോപനമുണ്ടാവാന്‍ കാരണമെന്താണ്?
ദേശീയഗീതത്തിലെ വരികള്‍ ഒരു ബഹുസ്വര സമൂഹത്തിന് ചേര്‍ന്നതല്ലെങ്കില്‍ ഒരു കാര്യം ചോദിക്കട്ടെ. എല്ലാ ദിവസവും അഞ്ചുനേരം നിസ്‌കാരത്തിനു മുമ്പ് അല്ലാഹു മാത്രമാണ് ആരാധ്യന്‍ എന്ന വാങ്ക് വിളിക്കുന്നത് ബഹുസ്വര സമൂഹത്തിന് ചേര്‍ന്നതാണോ? എന്നില്‍ വിശ്വസിക്കാത്തവന്‍ കാഫിറാണെന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ബഹുസ്വര സമൂഹത്തിന് ചേര്‍ന്നതാണോ. കാഫിറുകളെ വധിച്ചാല്‍ സ്വര്‍ഗ്ഗം കിട്ടും എന്നും പറയുന്നത് ബഹുസ്വര സമൂഹത്തിന് ചേര്‍ന്നതാണോ? ഭാരതത്തില്‍ സഹസ്രാബ്ദങ്ങളായി ജീവിക്കുന്ന തനത് സമൂഹം സനാതനധര്‍മ്മ വിശ്വാസികളായ ഹിന്ദുക്കളാണ്. കച്ചവടത്തിനും പിന്നീട് അക്രമത്തിലൂടെ ഈ രാജ്യത്തിന്റെ ഭരണാധികാരം നേടാനും വന്നവര്‍ക്ക് ഇവിടുത്തെ ബഹുസ്വര സമൂഹത്തോട് എന്തു കൂറും കടപ്പാടും ആണുള്ളത്. മുഗള്‍ ഭരണകാലത്ത് ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്ക് ജെസിയ എന്ന കരം ഏര്‍പ്പെടുത്തിയതും ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയതും ഹിന്ദു സ്ത്രീകളെ മാനഭംഗപ്പെടുത്തിയതും മറക്കാനാകുമോ. ഹിന്ദുക്കളുടെ ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്തു പള്ളികള്‍ നിര്‍മ്മിച്ചതും റിയാസ് പറയുന്ന ബഹുസ്വരതയുടെ ഭാഗമായിരുന്നോ? ഹൈദറിന്റെയും ടിപ്പുവിന്റെയും കാലത്തും പിന്നീട് 1921 ല്‍ നടന്ന മാപ്പിള കലാപത്തിലും ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയതും മതപരിവര്‍ത്തനം ചെയ്തതും മാനഭംഗപ്പെടുത്തിയതും ബഹുസ്വരതയുടെ ഭാഗമായിരുന്നോ? മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമാണെന്ന് പറഞ്ഞ് പെന്‍ഷന്‍ കൊടുത്ത കമ്മ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ ഹിന്ദു സമൂഹത്തെ ബഹുസ്വരത പഠിപ്പിക്കാന്‍ വരരുത്.
പ്രോട്ടോക്കോള്‍ അനുസരിച്ച് പാടേണ്ട ദേശീയഗീതം അതേപടി പാടുന്നത് തന്റെ മതവിശ്വാസത്തിനെതിരാണെന്ന് പറയാതെ പറഞ്ഞ മുഹമ്മദ് റിയാസ് സ്വന്തം ബാപ്പ പി.എം. അബ്ദുല്‍ ഖാദര്‍ അത് അംഗീകരിക്കുമോ എന്ന കാര്യം ആദ്യം അന്വേഷിക്കണം. കേരള പോലീസിലെ മികച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അദ്ദേഹം സൃഷ്ടിച്ച സല്‍പ്പേരിനെക്കുറിച്ച് മുന്‍പോലീസ് മേധാവിയായ ഡോ. ടി.പി. സെന്‍കുമാര്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വന്തം പിതാവിന്റെ അംഗീകാരംപോലും ലഭിക്കാനിടയില്ലാത്ത പ്രസ്താവനയുമായി റിയാസ് എത്തുമ്പോള്‍ അത് നഷ്ടമായ മുസ്ലീം വോട്ട് ബാങ്ക് തേടിയുള്ള അധികാരം നഷ്ടപ്പെട്ട ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഹൃദയവേദന മാത്രമായേ കാണാന്‍ കഴിയൂ.
റിയാസ് ബഹുസ്വരതയെ കുറിച്ച് പറയുമ്പോള്‍ ഒരു കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ മാത്രമല്ല അതിനോട് അടുത്തുള്ള ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ലാഹോര്‍ അടക്കം ചേര്‍ത്താണ് ഇസ്ലാമിക രാഷ്ട്രമായ പാകിസ്ഥാന്‍ രൂപം കൊണ്ടത്. ഭാരതത്തെ മാതൃഭൂമിയായി, അമ്മയായി കാണുന്ന ജനസഹസ്രങ്ങളുടെ സ്വപ്‌നങ്ങളില്‍ കണ്ണീരുപ്പ് ചേര്‍ത്താണ് വംഗഭൂമിയെ വെട്ടിപ്പിളര്‍ന്ന് പൂര്‍വ്വ, പശ്ചിമ പാകിസ്ഥാനുകള്‍ ഉണ്ടായത് എന്ന കാര്യം മറക്കരുത്. മതത്തിന്റെ പേരില്‍ രാജ്യം വെട്ടിമുറിച്ച് സ്വന്തം മതത്തിനു വേണ്ടി രാജ്യം ഉണ്ടാക്കിയവര്‍ക്ക് ബഹുസ്വരതയുടെ പേരില്‍ ഭാരതത്തിന്റെ പാരമ്പര്യത്തെയും സാംസ്‌കാരിക തനിമയെയും അതിന്റെ ഭാഗമായ മാതൃസങ്കല്പത്തെയും മതവിശ്വാസത്തിന്റെ പേരില്‍ ചോദ്യം ചെയ്യാന്‍ എന്ത് അധികാരമാണുള്ളത്. ഉത്തരവാദിത്തമുള്ള രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ ഭരണകൂടം എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാനുള്ള ബാധ്യത റിയാസിനും ഉണ്ട്. പിന്നെ ഇത് മാറ്റണമെങ്കില്‍ ബിജെപി സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി പുതിയ ഒരു സര്‍ക്കാരിനെ കേന്ദ്രത്തില്‍ പ്രതിഷ്ഠിച്ച് മാറ്റാവുന്നതാണ്. ഇസ്ലാമിക ഭരണത്തിലൂടെ കൊടുംക്രൂരതകള്‍ തിരിച്ചറിഞ്ഞ ഉത്തരേന്ത്യയിലെ ഹിന്ദു സമൂഹം ഇന്ന് ജിഹാദികള്‍ക്കെതിരെ നേരിട്ട് രംഗത്തിറങ്ങുന്നത് തീര്‍ച്ചയായും പഴയ ഓര്‍മ്മകളുടെ തീവ്രത കൊണ്ടാണ്. മൂവായിരത്തിലേറെ ക്ഷേത്രങ്ങള്‍ തകര്‍ത്തു പള്ളികളാക്കുകയും കൊള്ളയടിച്ച സ്വത്തുക്കള്‍ കടത്തുകയും ചെയ്തിട്ട് ആകെ മൂന്ന് ക്ഷേത്രങ്ങള്‍ മാത്രമാണ് ഹൈന്ദവ സമൂഹം തിരിച്ച് ആവശ്യപ്പെട്ടത്. അയോധ്യയും കാശിയും മഥുരയും. നിയമപോരാട്ടത്തിലൂടെ അയോധ്യ തിരിച്ചുപിടിച്ചു. മഥുരയും കാശിയും ഇപ്പോഴും നിയമത്തിന്റെ വഴിയിലാണ്. ഭോജശാലയിലെ സരസ്വതീദേവി ക്ഷേത്രവും കോടതി ഉത്തരവിലൂടെ തിരിച്ചു കിട്ടി. മുഗള്‍ ചക്രവര്‍ത്തിമാരുടെ കൊട്ടാരം സേവകര്‍ എഴുതിയിട്ടുള്ള ഗ്രന്ഥങ്ങള്‍ തന്നെ മതി റിയാസ് പറയുന്ന ബഹുസ്വരതയല്ല ഇവിടുത്തെ മുസ്ലീം രാജാക്കന്മാര്‍ നടത്തിയത് എന്ന് മനസ്സിലാക്കാന്‍. മുഹമ്മദ് റിയാസിന് ബഹുസ്വരത പൂര്‍ണ്ണമായി നടപ്പിലാക്കാനും മതേതരത്വം ശരിയായ അര്‍ത്ഥത്തില്‍ നടപ്പിലാക്കാനും ആത്മാര്‍ത്ഥമായി ആഗ്രഹമുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് മലപ്പുറം ജില്ലയിലെ മാപ്പിളലഹള കാലത്തും ഹൈദരിന്റെയും ടിപ്പുവിന്റെയും ആക്രമണകാലത്തും തകര്‍ത്തെറിഞ്ഞ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ്. ഒപ്പം അന്ന് കയ്യേറി കൈവശം വെച്ചിരിക്കുന്ന ക്ഷേത്രങ്ങള്‍ തിരിച്ചു കൊടുക്കാനുള്ള നടപടികളും സ്വീകരിക്കണം. ഇതിനുവേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കാനുള്ള ചങ്കൂറ്റം റിയാസിന് ഉണ്ടോ?
1998 ല്‍ വണ്ടൂര്‍ എംഎല്‍എയായിരുന്ന സിപിഎം നേതാവ് എന്‍. കണ്ണന്‍ കേരള നിയമസഭയില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഇപ്പോഴും അവിടെയുണ്ട്. മലപ്പുറം ജില്ലയില്‍ നോമ്പുകാലത്ത് ഇതര മതസ്ഥര്‍ക്ക് കുടിവെള്ളം കിട്ടാത്ത അവസ്ഥ. എല്ലാ കടകളും പകല്‍ അടച്ചിടണമെന്ന് നിര്‍ദ്ദേശം. സിനിമ തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം. കള്ള് ഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത്. പകല്‍ ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത്. ഇക്കാര്യത്തില്‍ പരിഹാരം വേണം എന്നാണ് സിപിഎമ്മുകാരനായ എന്‍. കണ്ണന്‍ ആവശ്യപ്പെട്ടത്. ഇപ്പോള്‍ ബഹുസ്വരതയെക്കുറിച്ച് സംസാരിക്കുന്ന മുഹമ്മദ് റിയാസ് ഇക്കാര്യത്തില്‍ എന്ത് പരിഹാരമാണ് ഡിവൈഎഫ്‌ഐക്കും സിപിഎമ്മിനും മുന്നോട്ട് വെക്കാനുള്ളതെന്ന് വ്യക്തമാക്കട്ടെ. നോമ്പുകാലത്ത് സഞ്ചരിക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും കൊടുക്കാനുള്ള സൗകര്യം ഒരുക്കാന്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ ഡിവൈഎഫ്‌ഐക്കും സിപിഎമ്മിനും കഴിയുമോ? മതേതരത്വം എന്നു പറഞ്ഞാല്‍ ഇസ്ലാമിക മതപ്രീണനമല്ല. എല്ലാവരെയും ഒരേപോലെ തുല്യരായി കാണുന്നതാണ്. എല്ലാ മതവിശ്വാസങ്ങളെയും ഒരേപോലെ ആദരിക്കുന്നതാണ്. വിനോദസഞ്ചാര വകുപ്പിന്റെ ചുമതലയുള്ളപ്പോള്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഇസ്ലാമിക തീര്‍ത്ഥാടന കേന്ദ്രങ്ങളെ കുറിച്ച് നടത്തിയ പ്രത്യേക പരാമര്‍ശങ്ങളും അതിനുവേണ്ടി ചെലവഴിച്ച ലക്ഷങ്ങളും മറന്നിട്ടില്ല. ബഹുസ്വരതയ്ക്ക് ഉചിതമായ രീതിയിലാണോ മുഹമ്മദ് റിയാസ് വിനോദസഞ്ചാര വകുപ്പ് ഭരിച്ചത് എന്ന കാര്യം പരിശോധിക്കേണ്ടതാണ്.
ദേശീയഗീതമായ വന്ദേമാതരത്തിന്റെ കാര്യത്തില്‍ പാണക്കാട് തങ്ങള്‍ക്കും മുസ്ലീം ലീഗ് നേതാക്കള്‍ക്കും ഇല്ലാത്ത അസ്വസ്ഥത മുഹമ്മദ് റിയാസിന് വരുന്നുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ രാഷ്ട്രീയമാണ്. അതിനുവേണ്ടി 150 വര്‍ഷം ഭാരതത്തിന്റെ ആത്മാവിനെ പ്രചോദിപ്പിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ ഹൃദയവികാരമായ വന്ദേമാതരത്തിന്റെ മേല്‍ കുതിര കയറാനും അപഹസിക്കാനും അവഹേളിക്കാനും ശ്രമിക്കരുത്. റിയാസും സിപിഎമ്മും അതിനു ശ്രമിച്ചാല്‍ കേരളത്തില്‍ മുഴുവന്‍ വന്ദേമാതര ഗാനം തെരുവുകള്‍ തോറും അലയടിക്കും. മാത്രമല്ല 1921 ലെ ഛിന്നഭിന്നമായ ദുരവസ്ഥയെക്കുറിച്ച് മഹാകവി വിവരിച്ച ഹിന്ദു സമൂഹമല്ല ഇന്നുള്ളത്. പരസ്പര സഹവര്‍ത്തിത്വത്തിന്റെയും സഹകരണത്തിന്റെയും ജാതി വിദ്വേഷത്തിനതീതമായ ഒരു പുതിയ ഹിന്ദു സമൂഹം കേരളത്തില്‍ രൂപംകൊണ്ടു കഴിഞ്ഞു. അത് പൂര്‍ണ്ണതോതില്‍ എത്തി എന്നല്ല. പക്ഷേ, ഇന്ന് കേരളത്തിലെ ആയിരക്കണക്കിന് ഗ്രാമങ്ങളില്‍ നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ ഇത്തരം സമൂഹം പ്രവര്‍ത്തിക്കുന്നു, ജീവിക്കുന്നു സ്വന്തം ജീവിതത്തിലൂടെ അവര്‍ മാതൃക കാട്ടുന്നു. അതുകൊണ്ട് മുഹമ്മദ് റിയാസ് അദ്ദേഹത്തിന്റെ ജിഹാദി വോട്ട് ബാങ്ക് താല്‍പര്യങ്ങള്‍ മടക്കിവെച്ച് ഒരു ബഹുസ്വര സമൂഹത്തിനുവേണ്ടി ശബ്ദമുയര്‍ത്തുക, പ്രവര്‍ത്തിക്കുക അതാണ് ചെയ്യേണ്ടത്. വന്ദേമാതരത്തെ വെറുതെ വിടുക. വന്ദേമാതരം!






















