വിശ്വസംസ്‌കൃതിയുടെ വിപുല ഭണ്ഡാഗാരത്തിലേക്ക് കേരളം നല്‍കിയിട്ടുള്ള ബഹുതര സംഭാവനകളില്‍ പരമോന്നതമെന്നു അഭിമാനോപബൃംഹിത ചേതസ്സുകളായി അറിവുള്ളവര്‍ പുകഴ്ത്തുന്ന മഹദ് വ്യക്തിത്വമാണ് ശ്രീശങ്കര ഭഗവത്പാദര്‍. പര്‍വതാകാരകമായ പ്രതിവാദ പ്രതിബന്ധങ്ങളെ അനായാസം തകര്‍ത്തെറിയുന്ന അത്ഭുതകരമായ ആ ധിഷണാവൈഭവത്തിനു സമശീര്‍ഷമായി മറ്റൊന്ന് അഞ്ചു സഹസ്രവും ഏറെയും ചെന്നിട്ടും ഒരുനാട്ടിലും പിറന്നിട്ടില്ലെന്നതാണ് അഭിമാനോദ്രേകത്തിനു പ്രഥമ ഹേതു. ലോകമൊമ്പാടുമുള്ള വൈവിദ്ധ്യങ്ങളെയും വൈചിത്ര്യങ്ങളെയും ആദരിച്ചും അനുഗ്രഹിച്ചു നിലനിര്‍ത്തിയും കോര്‍ത്തിണക്കി പോഷിപ്പിച്ചും ആന്തരമായ ഏകത്വബുദ്ധിയാല്‍ സംഘര്‍ഷങ്ങളെയും മാത്സര്യങ്ങളെയും തുടച്ചുനീക്കിയും വര്‍ത്തമാനകാലത്തിനും വരാനിരിക്കുന്ന യുഗങ്ങള്‍ക്കും ആനന്ദപൂര്‍ണ്ണമായ ശാന്തിസൗഖ്യങ്ങള്‍ പകരാന്‍ കരുത്തുറ്റ വൈദികമായ അദ്വൈതസിദ്ധാന്തത്തിന്റെ പുനഃസ്ഥാപകന്‍, ശാശ്വതനവോത്ഥാനത്തിന്റെ മഹാമന്ത്രാചാര്യന്‍, ആ മഹാനുഭാവനാണെന്ന സത്യം അഭിമാന വിജൃംഭണത്തിനു മുഖ്യകാരണമായി വര്‍ത്തിക്കുന്നു. മാനവരാശി ഇന്നും എന്നും അഭിമുഖീകരിക്കുന്ന സമസ്ത പ്രതിസന്ധികള്‍ക്കും ഏക പരിഹാരമാണ് അദ്വൈതം. അതു ഭാവനാപ്രസൂതമായ വെറുമൊരു മോഹനസിദ്ധാന്തമല്ല. പ്രപഞ്ചത്തിന്റെ വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യമാണത്. സൂക്ഷ്മമായി ചിന്തിക്കുന്ന ആര്‍ക്കും അതിനെ നിഷേധിക്കുക വയ്യാ എന്നു ശാങ്കരഭാഷ്യങ്ങള്‍ പഠിച്ചാല്‍ മനസ്സിലാകും. ഇക്കാണായതെല്ലാം പലതല്ല ഒന്നുതെന്നയാണെന്ന പ്രത്യക്ഷാനുഭൂതിയാണ് അതിന്റെ സിംഹധ്വാനം. സംഘര്‍ഷമല്ല സമന്വയമാണു ജീവിതത്ത്വശാസ്ത്രമെന്നു അതു ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുന്നു. അതിനു വിപരീതമായി അവസരം കിട്ടുമ്പോഴെല്ലാം അന്യരാഷ്ട്രങ്ങളെയും ജനതതികളെയും സംസ്‌കൃതികളെയും ഉന്മൂലനം ചെയ്തും അത്രത്തോളം സാധിക്കാതെ വരുമ്പോള്‍ അടിച്ചമര്‍ത്തി കോളനികള്‍ സൃഷ്ടിച്ചു ചൂഷണം ചെയ്തും കീഴടക്കപ്പെട്ട ജനങ്ങളുടെ സംസ്‌കാരഹത്യചെയ്തു അടിമത്ത ചിഹ്നങ്ങളൊട്ടിച്ച് അണിനിരത്തിയും ഭൗതികമായ ഐകരൂപ്യം – സ്വന്തം മേല്‍ക്കോയ്മ സാധിച്ചെടുക്കാന്‍ പാകത്തിലുള്ള ഐകരൂപ്യം – സൃഷ്ടിച്ചെടുക്കാനുള്ള വെമ്പലാണ് പാശ്ചാത്യ അധിനിവേശ പദ്ധതികളുടെ മുഖമുദ്ര. നാനാത്വത്തിലെ ഏകത്വബുദ്ധിയായ ശാങ്കരാദ്വൈതം ഇതിനു മറുപുറമാണെന്നു സ്പഷ്ടം. സംഘര്‍ഷമുണ്ടാകുന്നത് എങ്ങനെയാണെന്നും സംഘര്‍ഷങ്ങളസ്തമിക്കുന്നത് എപ്രകാരമാണെന്നും വിശ്വചരിത്രദൃഷ്ടാന്തങ്ങള്‍ നന്നായി പരിചയിച്ച വിവേകശാലികള്‍ക്കു വിശദീകരിച്ചുകൊടുക്കേണ്ട കാര്യമില്ല. മറ്റുള്ളവരെ നശിപ്പിക്കുന്നിടത്തോ കീഴ്‌പ്പെടുത്തുന്നിടത്തോ കൃത്രിമമായി ‘യൂണിഫോം’ ധരിപ്പിക്കുന്നിടത്തോ അല്ല മനുഷ്യത്വം വിജയിക്കുന്നതും ശാന്തിപുലരുന്നതും. മറിച്ച് എല്ലാവരെയും എല്ലാറ്റിനെയും സമഭാവനയോടെ സംരക്ഷിച്ചു വളര്‍ത്തുന്നിടത്തു മാത്രമേ ശാന്തിയ്ക്കു വകയുണ്ടാകുന്നുള്ളൂ. നവോത്ഥാനപരമഗുരുവായ ശങ്കരാചാര്യ സ്വാമികളുടെ പ്രസക്തി കാലം ചെല്ലുന്തോറും വര്‍ദ്ധിച്ചു വരുന്നത് വെറുതേയല്ല.
അദ്വൈത ദര്‍ശനം ഭാരതീയനു പുതിയതല്ല. ഋഗ്വേദമന്ത്രങ്ങളോടൊപ്പമാണ് അദ്വൈതബുദ്ധി ഇന്നാട്ടില്‍ അവതരിച്ചത്. വൈദികമന്ത്രങ്ങളധികവും അദ്വൈതസാരത്തെ മുക്തകണ്ഠം പാടിപ്പുകഴ്ത്തുന്നവയാണ്. ഇന്ന് സമൂഹമദ്ധ്യത്തില്‍ ആഘോഷപൂര്‍വ്വം അവതരിപ്പിക്കപ്പെടുന്ന ആശയാദര്‍ശങ്ങള്‍ പോലെ അല്പകാലത്തേക്കു മാത്രമുള്ളവയല്ല അദ്വൈതാദി വൈദികദര്‍ശനങ്ങള്‍. അനാദ്യനന്തമായ കാലപ്രവാഹത്തില്‍ ഏതൊരു ബിന്ദുവിലും സൂര്യതുല്യം നിലനില്‍ക്കേണ്ട ശാശ്വത ദര്‍ശനങ്ങളാണവ. അതതുയുഗങ്ങളിലെ ജനങ്ങള്‍ക്കു മനസ്സിലാകുംവിധമുള്ള വിശദീകരണങ്ങള്‍ മാത്രമാണ് അവയ്ക്കു വേണ്ടിവരുന്നത്. കാലത്തിന്റെ കുത്തൊഴുക്കിനാല്‍ വിസ്തൃതകോടിയിലുള്‍പ്പെട്ടും സങ്കുചിതബുദ്ധികളുടെ ദുര്‍വ്യാഖ്യാനങ്ങളാല്‍ അപഹരിക്കപ്പെട്ടും സര്‍വ്വജ്ഞ നാട്യക്കാരായ ഉദരംഭരികളാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടും ഒളിമങ്ങിത്തുടങ്ങിയ പ്രസ്തുതദര്‍ശനത്തിന്റെ പുനഃപ്രതിഷ്ഠ ശങ്കരാചാര്യസ്വാമികള്‍ നിര്‍വ്വഹിച്ചു. അദ്ദേഹത്തിന്റെ അതിനിശിതമായ ബുദ്ധിശക്തിക്കു മുന്നില്‍ കീഴടങ്ങാത്ത എതിര്‍വാദികളില്ല. വിവിധ ദര്‍ശനപദ്ധതികളുടെ പരമാചാര്യന്മാരായി സമൂഹമദ്ധ്യത്തില്‍ വിരാജിച്ചിരുന്നവരെ അങ്ങോട്ടു ചെന്നു വാദത്തില്‍ തോല്പിച്ചു ശിഷ്യനാക്കി മാറ്റുവാന്‍ തക്കവണ്ണം കരുത്തുറ്റതായിരുന്നു പ്രസ്തുത മേധാശക്തി. ആ വാദകോലാഹലങ്ങളെല്ലാം പ്രതിദ്ധ്വനിക്കുന്ന ഖണ്ഡനങ്ങളും ഖണ്ഡനഖണ്ഡനങ്ങളുമടങ്ങിയ വലിയ ഗ്രന്ഥസമുച്ചയം തന്നെ ശങ്കരന്റെ കാലത്തും പില്‍ക്കാലങ്ങളിലുമായി ധാരാളമുണ്ടായി. വിശ്വചരിത്രം മുഴുവന്‍ പരതിയാലും ലഭിക്കാത്ത അനുപമമായൊരു ബൗദ്ധിക രാജസൂയമായിരുന്നു അത്. ശ്രീശങ്കരന്റെ തര്‍ക്കബുദ്ധിയുടെ രുചി അറിയണമെങ്കില്‍ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ നേരിട്ടു വായിക്കണം. സംസ്‌കൃതഭാഷ വഴങ്ങാത്തവര്‍ ആ മഹാഗ്രന്ഥങ്ങള്‍ക്കുണ്ടായ വിവര്‍ത്തനങ്ങളെങ്കിലും സനിഷ്‌കര്‍ഷം പഠിക്കണം. അദ്ദേഹം അണിനിരത്തുന്ന തര്‍ക്കയുക്തികളില്‍ ഒന്നുപോലും ഖണ്ഡിക്കാന്‍ കഴിയുകയില്ലെന്ന് അപ്പോള്‍ ബോദ്ധ്യമാകും. കഴിഞ്ഞ ആയിരത്തി ഇരുന്നൂറു വര്‍ഷങ്ങളില്‍ ലോകമെമ്പാടും പിറന്ന ആര്‍ക്കും അതു സാധിക്കാത്തതിനു കാരണവും അപ്പോള്‍ പിടികിട്ടും. ആധുനികശാസ്ത്രത്തിന്റെ നൂതനതത്ത്വങ്ങള്‍ ശ്രീശങ്കരാചാര്യരുടെ സിദ്ധാന്തങ്ങളെ ശക്തിയുക്തം പിന്താങ്ങുന്നതു കണ്ട് അമ്പരന്നു പോവുകയും ചെയ്യും. അതെ, അദ്ദേഹം ദര്‍ശനപരമായ ഒരു യുഗത്തിന്റെ സ്രഷ്ടാവാണ്.
അദ്വൈത ദര്‍ശനത്തിന്റെ വിശിഷ്ടതകള്‍ അസംഖ്യമുണ്ട്. പടിഞ്ഞാറുനിന്നു നാള്‍തോറും ഇറക്കുമതി ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സിദ്ധാന്തങ്ങളെപ്പോലെ ഏതെങ്കിലും നാടിന്റെയോ ജനസമൂഹത്തിന്റെയോ മതത്തിന്റെയോ ഇതരാനുപേക്ഷമായ മഹത്വപ്രഖ്യാപനത്തിനു വേണ്ടി നിര്‍മ്മിതമായ ഒന്നല്ല അദ്വൈത ദര്‍ശനം. ഏതെങ്കിലും ഒരു വിഭാഗം ജനങ്ങള്‍ക്കുമാത്രം നന്മയുണ്ടാക്കാനുള്ളതോ അദ്വൈതത്തില്‍ വിശ്വസിക്കുന്നവര്‍ക്കുമാത്രം സ്വര്‍ഗ്ഗസുഖങ്ങള്‍ വാഗ്ദാനം ചെയ്യുന്നതോ ആയ ദര്‍ശനവുമല്ലത്. മനുഷ്യനെ പലതട്ടുകളാക്കി കലഹിപ്പിക്കുന്ന അത്തരം സങ്കുചിത സങ്കല്പങ്ങള്‍ക്ക് അദ്വൈതത്തെ തീണ്ടുകപ്പോലും സാദ്ധ്യമല്ല. അദ്വൈതത്തിന്റെ വ്യാപ്തിക്കു പരിധികളില്ല. ദേശ-കാല-ഭാഷ-രാജ്യ-ഗോത്ര-ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ ഭേദമില്ലാതെ എല്ലാ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പക്ഷിവൃക്ഷലതാദികള്‍ക്കും എന്തിനേറെ സമസ്ത ജീവരാശിയ്ക്കും ജീവനില്ലാത്ത വസ്തുക്കള്‍ക്കും അനന്തകോടി നക്ഷത്രങ്ങളുള്‍പ്പെടുന്ന ലോകത്തിനു മുഴുവനും ഒരുപോലെ സൗഖ്യം നേരുന്ന ദര്‍ശനമാണത്. അദ്വൈതത്തിന് മുന്നില്‍ ജഡചേതനമയമായ ലോകങ്ങളെല്ലാം ഒന്നായിത്തീരുന്നു. നാനാത്വരചിതമായ പ്രപഞ്ചത്തിന്റെ ആനന്ദപൂര്‍ണ്ണമായ നിലനില്പാണ് അദ്വൈതത്തിന്റെ താരസ്വരം. മറ്റു പലതിന്റെയും വിനാശത്തില്‍ സ്വന്തം നിലനില്‍പുകണ്ടെത്തുന്ന ഭൗതിക ദര്‍ശനങ്ങള്‍ക്കു വിരുദ്ധമായി എല്ലാറ്റിന്റെയും സൗഖ്യത്തി ല്‍ സ്വന്തം നിലനില്‍പ്പും വിജയവും അനുഭവിച്ചറിയുന്ന ദര്‍ശനമാണ് അദ്വൈതം. താന്‍ തന്നെയാണ് എല്ലാമെന്ന അനുഭവമാണ് അതിനു മൂലം. അതു വെറുമൊരു വിശ്വാസം മാത്രമായി ഒതുങ്ങാതെ പ്രപഞ്ചത്തിന്റെ ശാസ്ത്രീയ സത്തകൂടിയായിരിക്കുകയാല്‍ കരുത്ത് അനന്തമായി വര്‍ദ്ധിക്കുന്നു. കേരള സംസ്‌കൃതിയുടെ – ഭാരതസംസ്‌കൃതിയുടേയും – ഊടും പാവും കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നത് അതിലാണ്. അത്തരമൊരു ദര്‍ശനത്തില്‍ മാത്രമേ സംഘര്‍ഷങ്ങള്‍ അസ്തമിക്കുകയുള്ളൂ.
പ്രപഞ്ചത്തെ മുഴുവന്‍ തന്നിലുള്‍ക്കൊള്ളുന്ന ധൈഷണിക ദിഗ്വിജയത്തിനു മുളയിട്ട മണ്ണാണു കേരളം. ഹിമാലയപര്യന്തമുള്ള ഭാരതഖണ്ഡം മുഴുവന്‍ അദ്വൈത വിദ്യയുടെ പ്രയോഗമണ്ഡപമാക്കി പരിണമിപ്പിക്കാന്‍ ഹ്രസ്വകാലം കൊണ്ടുതന്നെ ശങ്കരാചാര്യര്‍ക്കു സാധിച്ചതാണ് തുടര്‍ന്നു നാം കാണുന്നത്. മനുഷ്യസ്‌നേഹം ഉടല്‍കൊണ്ട ആ മനീഷിയുടെ മഹാസമാധിക്കു ശേഷവും കേരളക്കരയിലും ഭാരതമെമ്പാടും കാലാകാലങ്ങളില്‍ അദ്വൈതദര്‍ശനം മഹാപുരുഷന്മാരാല്‍ പല രീതിയില്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ പ്രായോഗികത വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ലോകത്തെ മുഴുവന്‍ സാക്ഷിയാക്കി മഹാത്മജിയുടെ നേതൃത്വത്തില്‍ നടന്ന പരീക്ഷണം ആര്‍ക്കും മറക്കുക പാടില്ല. ആയുധ സന്നാഹങ്ങളുടെയും യോദ്ധൃ വൃന്ദങ്ങളുടെയും പ്രചണ്ഡമായ മുഷ്‌ക്കില്‍ എക്കാലവും സുരക്ഷിതമെന്നു കരുതിവച്ചിരുന്ന സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അടിവേരുപോലും പിഴുതെറിയാന്‍ അദ്വൈതത്തിനുള്ള ശേഷി അന്ന് ഏവരും പ്രത്യക്ഷമായറിഞ്ഞു ബോദ്ധ്യപ്പെട്ടതാണ്. നിരന്തരം നടന്നുപോന്ന ഈദൃശ പരീക്ഷണങ്ങളുടെ ഫലമായി ഭാരത സംസ്‌കൃതിയിലും ഭാരതചരിത്രത്തിലും ശ്രീശങ്കരന്റെ ചിന്താമുദ്രകള്‍ പതിഞ്ഞു കിടപ്പുണ്ട്. കേരളസംസ്‌കൃതിയിലും കേരളചരിത്രത്തിലും മായാതെ കിടക്കുന്ന ശാങ്കരമുദ്രകളുടെ കാര്യം പ്രത്യേകിച്ചു പറയേണ്ടതുമില്ല. അദ്വൈത ദര്‍ശനതരംഗങ്ങളാല്‍ പ്രഭാവിതമാകാത്ത ഒരു ജീവിതമണ്ഡലവും കേരളത്തിലില്ല. ചഞ്ചലമായ സ്വാര്‍ത്ഥ താത്പര്യങ്ങളാലോ അജ്ഞതമൂലമോ കേരളത്തേയും കേരളഭാഷയേയും കേരളസംസ്‌കൃതിയേയും വേദാന്തവിദ്യയേയും അറിഞ്ഞോ അറിയാതെയോ തമസ്‌കരിപ്പാനോ തിരസ്‌കരിപ്പാനോ അപമതിപ്പാനോ വെമ്പല്‍കൊള്ളുന്ന ലഘുബുദ്ധികള്‍ക്ക് ഈ വസ്തുത ഒരുപക്ഷേ രുചികരമായിരിക്കുക ഇല്ല. ശ്രീശങ്കരന്റെ കാലാതിവര്‍ത്തിയായ സംഭാവനകള്‍ക്കു നേരേ കണ്ണും കാതും മനസ്സും കൊട്ടിയടച്ച് ആക്ഷേപശരങ്ങള്‍ പല പ്രകാരത്തില്‍ ചൊരിയുന്നവര്‍ അന്നും ഇന്നും കേരളക്കരയില്‍ ധാരാളമുണ്ടായിട്ടുണ്ട്. കാലത്തിനുമുമ്പേ നടന്നവരെല്ലം നേരിടേണ്ടിവരുന്ന പ്രശ്‌നമാണിത്. ശ്രീശങ്കരനാകട്ടെ എക്കാലവും കാലത്തിനു വളരെ മുമ്പില്‍ നിലക്കൊണ്ടിരിക്കുന്നതിനാല്‍ എതിര്‍പ്പുകള്‍ക്കു നാളിതുവരെ അയവുണ്ടായിട്ടുമില്ല. പക്ഷേ ആ മഹാനുഭാവനുണ്ടോ ആക്ഷേപങ്ങള്‍ക്കു മുന്നില്‍ എപ്പോഴെങ്കിലും തലകുനിയ്ക്കുന്നു? പ്രച്ഛന്നബുദ്ധനെന്നു ബ്രാഹ്മണപുരോഹിതര്‍ ചൊരിഞ്ഞ ആക്ഷേപവും ബ്രാഹ്മണ പക്ഷപാതിയെന്നു അബ്രാഹ്മണര്‍ ചൊരിഞ്ഞ ആരോപണവും അദ്ദേഹത്തെ സ്പര്‍ശിച്ചില്ല. പറയാനുള്ളതു നിര്‍ദീകനായി പറയുകയും എഴുതാനുള്ളതു നിസ്സങ്കോചം എഴുതുകയും പ്രവര്‍ത്തിക്കാനുള്ളതു സോത്സാഹം നിര്‍വ്വഹിക്കുകയും ചെയ്തു. അതു ചെലുത്തിയ സ്വാധീനത്തോളം കേരളക്കരയെ വേറൊന്നും സ്വാധീനിച്ചിട്ടില്ലെന്നതു സ്പഷ്ടമാണ്. ഇവിടെ ഒരു ചോദ്യത്തിനുവകയുണ്ട്. അദ്വൈതം ഇത്രയേറെ സ്വാധീനിച്ചെങ്കില്‍ എന്തുകൊണ്ടാണ് മാത്സര്യങ്ങളും കലാപകാലുഷ്യങ്ങളും ഇപ്പോഴും കേരളാന്തരീക്ഷത്തെയും ഭാരതാന്തരീക്ഷത്തെയും മലീമസമാക്കുന്നത്? ഉത്തരം ലളിതവും സ്പഷ്ടവുമാണ്. വൈദേശികചിന്താഗതികളുമായി ഔന്നത്യങ്ങളിലിരിക്കുന്നവര്‍ സ്വന്തം സ്വാര്‍ത്ഥതയെ സന്തര്‍പ്പണം ചെയ്യാന്‍ വേണ്ടി അദ്വൈതത്തെ വെടിഞ്ഞു പുറന്തളളുന്നതുതന്നെ. ഇന്നാട്ടില്‍ നടക്കുന്ന കലഹങ്ങളും ദോഷദൗര്‍ഭിക്ഷ്യാദികളും ഭാരത സംസ്‌കൃതിയെ വെടിഞ്ഞ ഉന്നതന്മാരാല്‍ സംഘടിപ്പിക്കപ്പെടുന്നവ മാത്രമാണ്. അത്തരം പ്രബലരുടെ മത്സരകോലാഹലങ്ങള്‍ക്കു നടുവില്‍ സമാധാനത്തിന്റെ രജതരേഖകള്‍ ഇടയ്ക്കിടയ്‌ക്കെങ്കിലും തെളിഞ്ഞു സമൂഹത്തെ നിലനിര്‍ത്തുന്നത് അടിസ്ഥാന ജനജീവിതം ഉള്‍ക്കൊണ്ടിരിക്കുന്ന അദ്വൈതദര്‍ശനത്തിന്റെ ഫലമായാകുന്നു.
(തുടരും)





















