ജൂണ്‍ 5
ലോക പരിസ്ഥിതിദിനം
ഇന്ന് ലോകം മുഴുവന്‍ നേരിടുന്ന ഒരു പ്രശ്‌നമാണ് വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോവുക എന്നുള്ളത്. വികസനം എന്നത് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വര്‍ദ്ധനവായിട്ടാണ് ലോകം പൊതുവേ കണക്കാക്കുന്നത്. പരിസ്ഥിതിസംരക്ഷണം എന്നാല്‍ അതിനെതിരായ ഒരു നിലപാടും. ഇത് രണ്ടുംകൂടി എങ്ങനെ കോര്‍ത്തിണക്കി സമൂഹത്തിന്റെ ഭൗതികാവശ്യങ്ങള്‍ നിറവേറ്റും എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയണമെങ്കില്‍ നമ്മുടെ ജീവിതലക്ഷ്യവും ജീവിതശൈലിയും പുനര്‍നിര്‍വ്വചിക്കേണ്ടിവരും.
ജീവിതലക്ഷ്യം വ്യക്തിയുടെ ആയാലും സമൂഹത്തിന്റെയായാലും സുഖം അനുഭവിക്കുക എന്നതാണ്. ആ സുഖം കേവലം ശാരീരികസുഖം മാത്രമല്ല എന്ന് സാമാന്യബുദ്ധിയുള്ള ഏതൊരാള്‍ക്കും ബോധ്യമാകും. മനസ്സിന്റെ സുഖമാണ് പരമപ്രധാനമായിട്ടുള്ളത്. ഭൗതികമായ എന്തെല്ലാം സുഖസൗകര്യങ്ങളും സംവിധാനങ്ങളും ഉണ്ടെങ്കിലും മനസ്സുഖം ഇല്ലാത്ത ഒരാളിന് സ്വസ്ഥജീവിതം നയിക്കുക സാധ്യമല്ല. സുഖമെന്ന വാക്കുതന്നെ അല്പം സങ്കുചിതമാണ്. താല്‍ക്കാലികമായ ഒരു സുഖം എന്നതിലുപരി ദീര്‍ഘകാലീനമായ ആനന്ദമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ആനന്ദം മനസ്സിന്റെ സ്വാസ്ഥ്യത്തില്‍നിന്നു മാത്രമേ ലഭ്യമാവുകയുള്ളൂ. അതിനെന്തുവേണം എന്നുള്ളതാണ് ആദ്യത്തെ പ്രശ്‌നം.
മനസ്സിന്റെ സ്വാസ്ഥ്യമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുസംബന്ധിച്ച ബോധ്യം വന്നുകഴിഞ്ഞാല്‍ പിന്നെ വികസനം എത്രത്തോളമാകാം, എവിടം വരെയാകാം എന്നൊക്കെ നിശ്ചയിക്കാന്‍ എളുപ്പമായിരിക്കും. മനുഷ്യമനസ്സിന്റെ സുഖകാംക്ഷയെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്തിട്ടുള്ള ഒരു ദേശം ഭാരതമാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ മനസ്സിന്റെ സുഖം സാധ്യമാക്കാനുള്ള അന്വേഷണമാണ് അതിപ്രാചീനകാലം മുതല്‍ ഭാരതത്തില്‍ നടന്നുവരുന്നത്. ഭാരതീയ ഋഷിമാരുടെ മുഴുവന്‍ അന്വേഷണത്തിന്റെയും അടിസ്ഥാനബിന്ദു ജീവിതം എങ്ങനെ ആനന്ദപ്രദമാക്കാം എന്നതായിരുന്നു. എന്നുമാത്രമല്ല എല്ലാ ജീവികളും സുഖമാഗ്രഹിക്കുന്നു എന്നും വിലയിരുത്തപ്പെട്ടു. വാസ്തവത്തില്‍ എല്ലാ ജീവികളുടെയും സുഖത്തെക്കുറിച്ച് ചിന്തിക്കുന്ന ആളിനു മാത്രമേ തന്റെ സുഖത്തെക്കുറിച്ചും ഉറപ്പുവരുത്താന്‍ കഴിയൂ. ലോകത്തില്‍, പ്രകൃതിയില്‍ തനിക്കുമാത്രം സുഖം ഉണ്ടാവുകയും മറ്റു ജീവജാലങ്ങള്‍ക്ക് സുഖമില്ലാതെ ഇരിക്കുകയും ചെയ്താല്‍ അത് തന്റെ സ്വസ്ഥജീവിതത്തിന് വഴിതുറക്കുമോ? ഇല്ല എന്നാണ് എല്ലാ ഋഷിമാരുടെയും കണ്ടെത്തല്‍. അതുകൊണ്ട് താന്‍ സുഖമനുഭവിക്കണം എന്നുണ്ടെങ്കില്‍ തനിക്ക് ചുറ്റുമുള്ള മറ്റെല്ലാ ജീവജാലങ്ങളുടെയും സുഖത്തെക്കൂടി പരിഗണിക്കേണ്ടിവരും. അത്തരമൊരു പര്യാലോചനയിലാണ് പ്രകൃതിയുടെ നിലനില്‍പ്പിനെക്കുറിച്ചും സന്തുലനത്തെക്കുറിച്ചും ആലോചിക്കേണ്ടിവരുന്നത്. വയനാട്ടിലും മറ്റു ചില പ്രദേശങ്ങളിലും ആനയും പുലിയും പന്നിയും ഒക്കെ ഇറങ്ങുന്നതിനെക്കുറിച്ചും ആക്രമിക്കുന്നതിനെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ വിശകലനം ചെയ്യുമ്പോഴാണ് ഈ പാരസ്പര്യത്തിന്റെ ഗൗരവം നമുക്ക് മനസ്സിലാവുക.
ആധുനിക സങ്കല്പത്തില്‍, പരിസ്ഥിതിയുടെ ഭാഗമല്ല മനുഷ്യന്‍. മനുഷ്യനാല്‍ സംരക്ഷിക്കപ്പെടുന്ന ഒന്നായിട്ടാണ് അവിടെ പരിസ്ഥിതിയെ അവതരിപ്പിക്കുന്നത്, അഥവാ പറഞ്ഞുപോരുന്നത്. ഭാരതീയ ജീവിതവീക്ഷണമനുസരിച്ച് മനുഷ്യന്‍ പരിസ്ഥിതിയില്‍ നിന്ന് അന്യനല്ല. അതിന്റെതന്നെ ഒരംശമാണ്. അതിനെ പ്രകൃതി എന്നാണ് പറഞ്ഞുപോരുന്നത്. പ്രകൃതിയിലുള്ള കോടാനുകോടി ജീവജാലങ്ങളില്‍ ഒന്നുമാത്രമാണ് മനുഷ്യന്‍. ഓരോ ജീവജാലവും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭഗവദ്ഗീതയിലെ ഒരു പ്രസ്താവനപോലെ
‘മയി സര്‍വ്വമിദം പ്രോതം
സൂത്രേ മണിഗണാ ഇവ.’
പ്രപഞ്ചത്തിലെ സര്‍വ്വ ജീവജാലങ്ങളും എന്നില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു. പരസ്പരബന്ധം ഉള്ളതാണ് ജീവജാലങ്ങളെങ്കില്‍ അതിന്റെ നിലനില്‍പ്പും പരസ്പരം ബന്ധപ്പെട്ടിരിക്കുമല്ലോ. ഒന്നിന്റെ സുഖം മറ്റൊന്നിനെക്കൂടി ബാധിക്കും എന്നര്‍ത്ഥം. ഒന്നിന്റെ ദുഃഖം ബാക്കിയുള്ളതിനും ദുഃഖത്തിനിടയാക്കും. ഇതാണ് ഭാരതീയ പ്രകൃതിസങ്കല്പം! ആധുനിക ഊര്‍ജ്ജതന്ത്രജ്ഞന്മാര്‍ അവതരിപ്പിക്കുന്ന ബട്ടര്‍ഫ്‌ളൈ ഇഫക്ട് എന്ന പരികല്പന ഏതാണ്ട് ഈ ആശയവുമായി അടുത്തുനില്‍ക്കുന്നതാണ്.
ഈ അടിസ്ഥാനത്തില്‍ നാം വികസനത്തെ പുനര്‍നിര്‍വ്വചിക്കുകയും പുന:ക്രമീകരിക്കുകയും വേണം. മറ്റു ജീവജാലങ്ങള്‍കൂടി നിലനില്‍ക്കാന്‍ കഴിയുന്ന, പോഷിപ്പിക്കപ്പെടാന്‍ കഴിയുന്ന തരത്തിലുള്ള ആസൂത്രണമാണ് ഉണ്ടാകേണ്ടത്. നിയമം മനുഷ്യനു വേണ്ടിയാണ് ഉണ്ടാക്കേണ്ടത് എന്ന് അടുത്തകാലത്ത് സാക്ഷരമലയാളികളുടെ നാവില്‍നിന്നും ഉതിര്‍ന്നത്, അവര്‍ എത്രമാത്രം ഈ സത്യത്തില്‍നിന്നും അകന്നുപോയി എന്നുകാണിക്കുന്നു. അതുകൊണ്ട് ആസൂത്രണം ചെയ്യുമ്പോള്‍ പ്രകൃതിയില്‍ നാം കാണുന്ന വസ്തുക്കളുടെ സന്തുലിതാവസ്ഥകൂടി പരിഗണിക്കേണ്ടിവരും. വായുവും വെള്ളവും മണ്ണും മഴയും പുഴയും പാറയും മലയും മരവും എല്ലാം നിലനില്‍ക്കുന്നതിന് ആവശ്യമായ സന്തുലിതാവസ്ഥ സംരക്ഷിക്കപ്പെടണം.
കഴിഞ്ഞ കുറേക്കാലമായി നാം കേട്ടുകൊണ്ടിരിക്കുന്ന പശ്ചിമഘട്ട സംരക്ഷണത്തിന്റെ പ്രശ്‌നം എത്രമാത്രം ഗുരുതരമാണെന്ന് ഇത്തരുണത്തില്‍ ആലോചിക്കേണ്ടതാണ്. ഗുജറാത്തിലെ തപ്തി നദിക്കര മുതല്‍ ഇങ്ങു തെക്കേയറ്റത്ത് കന്യാകുമാരിവരെ നീണ്ടുകിടക്കുന്ന 1500ഓളം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഈ പശ്ചിമഘട്ടം. ലോകത്തിലെ അതിപ്രധാന ജൈവസമ്പന്ന മേഖലകളില്‍ ഒന്നാണ് അത്. ആഗോളതലത്തിലുള്ള ജൈവസമ്പത്തിനെ കണക്കാക്കിയാല്‍ അതിലെ ഏറ്റവും പ്രധാനപ്പെട്ട എട്ടെണ്ണത്തില്‍ ഒരു മേഖലയാണ് അത്. 4000 ഇനത്തില്‍പ്പെട്ട പൂച്ചെടികള്‍, 645 തരം നിത്യഹരിത മരങ്ങള്‍, ചെറുകിട സസ്യവിഭാഗത്തില്‍പ്പെടുന്ന 850 മുതല്‍ 1000 വരെയുള്ള അപുഷ്പികളായ ചെടികള്‍, ആഗോളതലത്തില്‍ നട്ടെല്ലില്ലാത്ത വിഭാഗത്തില്‍ പെടുന്ന 350 തരം ഉറുമ്പുകളില്‍ 269 എണ്ണവും ഈ മേഖലയിലാണ്. കൂടാതെ മത്സ്യവൈവിധ്യം, കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവികള്‍ ഒക്കെ അനേകം തരമുണ്ട്. പശ്ചിമഘട്ടത്തില്‍മാത്രം കാണപ്പെടുന്ന ജീവജാലങ്ങളും പക്ഷികളുമുണ്ട്. ഭാരതത്തിലെ പ്രമുഖമായ കൃഷ്ണ, ഗോദാവരി, കാവേരി നദികള്‍ അടക്കമുള്ള അനേകം നദികളുടെ ഉത്ഭവസ്ഥാനവും പശ്ചിമഘട്ടത്തില്‍നിന്നാണ്. അത് രാജ്യത്തെ കാര്‍ഷികമേഖലയെ എത്രമാത്രം സ്വാധീനിക്കുന്നു എന്നുള്ളത് നമ്മള്‍ ശ്രദ്ധിക്കേണ്ടതല്ലേ?
അടിസ്ഥാനസൗകര്യങ്ങള്‍ എന്നുള്ളതില്‍ ലോകത്തിന്റെ കാഴ്ചപ്പാട് എന്താണ്? മുന്‍പു പറഞ്ഞുപോന്നിരുന്നത് ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നായിരുന്നു. എന്നാല്‍ അടിസ്ഥാനസൗകര്യവികസനം എന്നപേരില്‍ ഇന്ന് നടത്തിപ്പോരുന്നത് ഈ മൂന്നു കാര്യങ്ങളെ മാത്രം കണക്കാക്കിയാണോ? അതില്‍ത്തന്നെ ആഹാരം എന്നുള്ളത് മണ്ണിന്റെ ഫലപുഷ്ടിയും കൃഷിയും വെള്ളവും എല്ലാം ചേരുന്നതാണ്. മണ്ണ് വിഷമയമാകാതിരിക്കണം. ആവശ്യത്തിന് ജലം കിട്ടണം. കൃഷി പോഷിപ്പിക്കപ്പെടണം. ആഹാരത്തിന്റെ അടിസ്ഥാനമായ കൃഷി നടത്തേണ്ട മണ്ണ് വിഷമയമാകാതിരിക്കാന്‍ നാമെന്തു ചെയ്യുന്നു? നമ്മുടെ പദ്ധതികളില്‍ എവിടെയാണ് വിഷരഹിത മണ്ണ് എന്ന സങ്കല്പം ഉള്ളത്? അമിതലാഭത്തിനും അതിവിളവിനും വേണ്ടി മണ്ണിനെ വിഷകുംഭമാക്കുന്നതാണ് പുരോഗമനത്തിന്റെ ഒരു പ്രവര്‍ത്തനപദ്ധതിതന്നെ. ഇന്ന് ആഗോളതലത്തില്‍ രാസവളകൃഷിയെക്കഴിഞ്ഞും ജൈവക്കൃഷിക്കും പ്രകൃതികൃഷിക്കും മുന്‍ഗണന നല്‍കിത്തുടങ്ങിയിട്ടുണ്ട്. ജപ്പാനിലെ പ്രകൃതികൃഷിക്കാരന്‍ ഫുക്കുവോക്കയുടെ ഗവേഷണങ്ങളും പരീക്ഷണങ്ങളും ഇന്ന് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
രാസവളക്കൃഷി അമിതവിളവ് ഉണ്ടാക്കുന്നതെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ മണ്ണിന്റെ ഉല്‍പ്പാദനക്ഷമതയെ തകര്‍ത്തുകളയുന്നു എന്ന് കണ്ടെത്തിയിട്ട് കാലമേറെയായി. എന്നുമാത്രമല്ല മണ്ണ് വിഷമയമാകുമ്പോള്‍ ആഹാരവും വിഷമയമാകുന്നു. അത് കഴിക്കുന്ന മനുഷ്യന്‍ അടക്കം ജീവജാലങ്ങളുടെ സിരകളിലും വിഷം ഒഴുകുന്നു. ആത്യന്തികമായി സര്‍വ്വ ജീവജാലങ്ങളും വിഷത്തിന്റെ ദംശനത്താല്‍ നിത്യദുരിതം അനുഭവിക്കേണ്ടിയുംവരുന്നു. ആ നിലയിലും മണ്ണ് വിഷമയമാകാതിരിക്കേണ്ടതുണ്ട്.
ഇന്ന് പണ്ടെങ്ങും ഇല്ലാതിരുന്നതരത്തില്‍ ജ്ഞാതങ്ങളും അജ്ഞാതങ്ങളുമായ അനേകം രോഗങ്ങളെക്കൊണ്ട് മനുഷ്യന്‍ വലയുന്നു. ജനിച്ചുവീഴുന്ന ഓരോ ശിശുവും പലവിധ രോഗങ്ങളോടുകൂടിത്തന്നെയാണ് ഭൂമിയിലേക്ക് വരുന്നതുതന്നെ. അതിന്റെയെല്ലാം മുഖ്യകാരണം രക്തത്തില്‍ കലര്‍ന്നുപോയ വിഷത്തിന്റെ അംശമാണല്ലോ. ആഹാരത്തിലെ ഈ പ്രകൃതിവിരുദ്ധത മനുഷ്യരെ മാത്രമല്ല സര്‍വ്വജീവജാലങ്ങളെയും ദുരിതത്തില്‍ ആക്കുന്നു. അപ്പോള്‍ അടിസ്ഥാനസൗകര്യ വികസനം എന്നതിലെ ആദ്യത്തെ ഘടകം തന്നെ അട്ടിമറിക്കപ്പെടുന്നു.
വസ്ത്രം മനുഷ്യന് ആവശ്യമാണ്. അത് പ്രകൃതിയില്‍നിന്നും സംസ്‌കൃതിയിലേക്ക് ഉയരുന്ന മനുഷ്യന്റെ ആവശ്യവും ലക്ഷണവുമാണ്. അതു പക്ഷേ ഇന്ന് ആര്‍ഭാടം കാണിക്കാനും ഉപഭോഗ ഭ്രാന്തിന്റെ പ്രകടനത്തിനുമായി മാറിയിരിക്കുന്നു. വസ്ത്രനിര്‍മ്മാണംകൊണ്ട് താരതമ്യേന മറ്റു കാര്യങ്ങള്‍ക്കുണ്ടാകുന്ന അത്ര ദുരന്തം സംഭവിക്കുന്നില്ല. എന്നാല്‍ അതിന്റെ ഉല്‍പാദനത്തോടനുബന്ധിച്ച് ഉണ്ടാകുന്ന മലിനീകരണം ഒരു പ്രധാന വിഷയം തന്നെയാണ്.
അതുപോലെ മനുഷ്യന് സുരക്ഷിതമായി താമസിക്കാന്‍ ഒരിടം, വീട്, ആവശ്യമാണ്. അത് എല്ലാവര്‍ക്കും വേണ്ടതുമാണ്. എന്നാല്‍ വിദ്യാസമ്പന്നരായ മനുഷ്യര്‍ സമ്പത്തുകൂടി കയ്യില്‍ വരുമ്പോള്‍ സ്വസ്ഥമായി കിടന്നുറങ്ങാന്‍ ഉള്ള ഒരിടം എന്നനിലയില്‍ മാത്രമാണോ വീടുകള്‍ നിര്‍മ്മിക്കുന്നത്? വിശേഷിച്ചും വീടിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ കല്ലും മണ്ണും സിമന്റുമെല്ലാം പ്രകൃതി വിഭവങ്ങളെക്കൊണ്ടുതന്നെ സൃഷ്ടിക്കുന്നതാണ്. അവയുടെ അമിതമായ ചോര്‍ച്ച പ്രകൃതിയുടെ സന്തുലനത്തെ അട്ടിമറിക്കും. ഇന്ന് പൊതുവേ അടിസ്ഥാനസൗകര്യവികസനം എന്ന പേരില്‍ വീടും മറ്റ് അത്യാവശ്യ നിര്‍മ്മിതികളും മാത്രമല്ലല്ലോ. അതിന്റെ എത്രയോ ആയിരം മടങ്ങ് കെട്ടിടങ്ങളാണ് കെട്ടി ഉയര്‍ത്തുന്നത്. പുരോഗമനം എന്നത് വലിയ കെട്ടിടങ്ങളുടെയും വഴികളുടെയും വാഹനങ്ങളുടെയും എണ്ണത്തെയും വണ്ണത്തെയും ആശ്രയിച്ചാണ് ഇരിക്കുന്നത് എന്ന സമീപനമാണ് ആഗോളതലത്തില്‍ പൊതുവേയുള്ളത്. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രകൃതിവിഭവചൂഷണം നടക്കുന്നത് ഇത്തരം നിര്‍മ്മാണമേഖലയിലാണ്. അതിനെ എങ്ങനെ കുറച്ചുകൊണ്ടുവരാം എന്നുള്ളത് ലോകരാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ഒന്നിച്ചിരുന്ന് ആലോചിക്കേണ്ടതാണ്.
എന്നാല്‍ വ്യക്തികള്‍ നിര്‍മ്മിക്കുന്ന വീടുകളെ സംബന്ധിച്ച് കുറച്ചുകൂടി പ്രായോഗികവും ദീര്‍ഘകാല ഗുണത്തോടുകൂടിയതും ആക്കാന്‍ സാധിക്കും. പക്ഷേ അതിന് സമൂഹത്തില്‍ പ്രകൃതിക്ക് അനുഗുണമായ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. അതൊരു ജീവിതവീക്ഷണത്തിന്റെ പ്രശ്‌നവും കൂടിയാണ്. പ്രകൃതിയെക്കുറിച്ചുള്ള അറിവും വീക്ഷണവും തിരുത്തപ്പെടണം. പ്രകൃതിയില്‍നിന്ന് അന്യമല്ല താനെന്ന ബോധം മനുഷ്യനില്‍ സൃഷ്ടിക്കണം. അവന്റെ വ്യക്തിജീവിതവും പ്രകൃതിക്ക് അനുഗുണമായി തീരത്തക്കവണ്ണം നയിക്കാനുള്ള കാഴ്ചപ്പാട് ലഭിക്കണം. അതിനുതകുന്നതരത്തിലുള്ള വിദ്യാഭ്യാസം നല്‍കണം. ഇവയെല്ലാം പരസ്പരബന്ധിതമാണ്. വ്യക്തിയുടെ പ്രപഞ്ചവീക്ഷണവും ഒരു മുഖ്യഘടകം തന്നെയാണ്. ആത്യന്തികമായി മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ ബോധ്യപ്പെടുത്തുന്ന പ്രപഞ്ചദര്‍ശനം ഉണ്ടാവുക എന്നതാണ് പരമപ്രധാനം. അതില്‍നിന്ന് ഉരുത്തിരിഞ്ഞുവരുന്ന സാമൂഹ്യവീക്ഷണവും ഉണ്ടാകേണ്ടതുണ്ട്.
ഭാരതത്തില്‍ ഇത്തരമൊരു ജീവിത വീക്ഷണം പ്രാചീനകാലംതൊട്ടേ ഉണ്ട്. അതിനെ അവഗണിച്ചതാണ് നാം ചെയ്ത തെറ്റ്. അതില്‍നിന്നാണ് പ്രകൃതിശക്തികളെ പവിത്രമായി കാണുന്ന ജീവിതവീക്ഷണവും ജീവിതക്രമവും ഉരുത്തിരിഞ്ഞുവന്നത്. ഈ ജീവിതക്രമത്തിനനുസരിച്ചുള്ള ജീവിതചര്യകള്‍ കുടുംബത്തില്‍നിന്ന് നിത്യേന ലഭിക്കുന്നു. ഭാരതീയകുടുംബജീവിതമനുസരിച്ച് ഓരോ വ്യക്തിയും ജനിച്ചുവീഴുന്നത് കുടുംബത്തിലാണ്. പല പ്രായത്തിലുള്ള, പല സ്വഭാവത്തില്‍പ്പെട്ട, പല നിലവാരത്തിലുള്ളവരുടെ ഇടയിലേക്കാണ് പുതിയ ഒരു മനുഷ്യശിശു പിറന്നുവീഴുന്നത്. അവിടെനിന്നും ഓരോ കാലഘട്ടത്തിലും ശീലിക്കേണ്ട ദിനചര്യകള്‍ സ്വാഭാവികമായും ആ കുഞ്ഞില്‍ ഒരു ജീവിതക്രമവും വീക്ഷണവും സൃഷ്ടിക്കുന്നു. അതില്‍നിന്നുള്ള സംസ്‌കാരവും ലഭിക്കുന്നു. വീട്ടിലുള്ള മനുഷ്യരോട് മാത്രമല്ല മറ്റു ജീവജാലങ്ങളോടുമുള്ള സമീപനവും സ്വാഭാവികമായും വികസിക്കുന്നു. വീടിനു ചുറ്റും കാണുന്ന പക്ഷി മൃഗാദികളോടും വീട്ടുമൃഗങ്ങളോടും സ്വാഭാവികമായി കുഞ്ഞിനു കണ്ണു തെളിയുമ്പോള്‍ മുതല്‍ ഇടപഴകാന്‍ അവസരം ഉണ്ടാകുന്നു. അല്പംകൂടി കഴിഞ്ഞാല്‍ ഒക്കത്തിരിക്കുന്ന കുഞ്ഞിന് ആഹാരം കൊടുക്കുമ്പോള്‍ പുറത്തെ പക്ഷികളെയും വൃക്ഷങ്ങളെയും അമ്മ കാണിച്ചുകൊടുക്കുന്നു. അവയുടെ ശബ്ദവും രൂപവും കുഞ്ഞിന് അനുഭവവേദ്യമാകുന്നു. കുട്ടിക്ക് ആഹാരം കൊടുക്കുന്ന കൂട്ടത്തില്‍ ഇടയ്ക്കിടയ്ക്ക് അവയ്ക്കും ആഹാരം എറിഞ്ഞു കൊടുക്കുന്നു. മൃഗങ്ങളാണെങ്കില്‍ പറമ്പില്‍ ഇലയിലോ പൊട്ടപ്പാത്രത്തിലോ വച്ചുകൊടുക്കുന്നു. അത് കണ്ടും ചെയ്തും വളരുന്ന കുട്ടി ഇവയൊക്കെ തന്റെ കുടുംബാംഗമാണെന്ന അനുഭൂതിയോടെയാണ് മുതിര്‍ന്നു വരുന്നത്. വീട്ടില്‍ വളര്‍ത്തുന്ന ചെടികളും ഫലവൃക്ഷങ്ങളും വളരുന്നതിനും വേണ്ട വെള്ളവും വളവും പരിചരണവും കുട്ടി സ്വന്തം വീട്ടുമുറ്റത്തു നിന്നുതന്നെ പഠിക്കുന്നു. അവയോടൊക്കെ ഇണങ്ങിയും പിണങ്ങിയും സ്വന്തമെന്ന വികാരം ഉണ്ടാകുന്നു. ഇത്തരം അനുഭവങ്ങളുടെ വികസിതരൂപമാണ് ആരാധനാലയങ്ങളില്‍ വൃക്ഷങ്ങളെ ആരാധിക്കുന്നതും മലകളെയും പുഴകളെയും ഒക്കെ പവിത്രമായി കാണുന്നതും.
ഈ നിലയില്‍ പ്രകൃതിയുമായി ഇണങ്ങിജീവിക്കുന്ന ഒരു മനുഷ്യന് ഒരിക്കലും അതിനു വിരുദ്ധമായ നിലപാട് ജീവിതത്തില്‍ എടുക്കാന്‍ കഴിയില്ല. പ്രകൃതിയുമായി ഇണങ്ങുന്ന ജീവിതക്രമം വളര്‍ത്തിയെടുക്കുക എന്നുള്ളതാണ് പരമപ്രധാനം. ഇത്തരം ജീവിതസാഹചര്യം നഗരങ്ങളില്‍ ഇല്ലെങ്കില്‍ അവിടെ ഇതിനു ബദലായ സംവിധാനങ്ങള്‍ ഉണ്ടാക്കേണ്ടത് ഭരണകര്‍ത്താക്കളുടെയും നഗരവാസികളുടെയും ഉത്തരവാദിത്തമാണ്. അതല്ലാതെ പണ്ടത്തെപ്പോലെ ഒന്നും ഇപ്പോള്‍ പ്രായോഗികമല്ല എന്ന കുറുക്കുവഴിയിലേക്ക് മനുഷ്യചിന്തയെ നയിക്കുകയല്ല വേണ്ടത്.

നഗര-ഗ്രാമ വികസനത്തെ സംബന്ധിച്ച മൂന്ന് വീക്ഷണങ്ങളും പദ്ധതികളും സ്വാതന്ത്ര്യത്തിനു തൊട്ടുമുന്‍പ് മുതല്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഭാരതം സ്വതന്ത്രമാകാന്‍ പോകുന്നു എന്ന സാഹചര്യം ഉണ്ടായപ്പോള്‍ ഭാവിഭാരതത്തിന്റെ വികസനം എങ്ങനെയായിരിക്കണം എന്ന തന്റെ സ്വപ്‌നം ഗാന്ധിജി, പ്രധാനമന്ത്രിയാകാന്‍ പോകുന്ന നെഹ്‌റുവിന് എഴുതുന്നുണ്ട്. അതില്‍, ഭാരതം ഗ്രാമങ്ങളിലാണ് ജീവിക്കുന്നത് എന്നും അവയുടെ ജീവിതസൗകര്യങ്ങള്‍ ഉയര്‍ത്തുകയാണ് രാജ്യ വികസനത്തിന് പ്രഥമമായി ചെയ്യേണ്ടതെന്നും ഗാന്ധിജി ഉറപ്പിച്ചു പറയുന്നു. ഗ്രാമങ്ങള്‍ ശക്തിപ്പെട്ടാല്‍ ഭാരതം ശക്തിപ്പെടും. അത് ദുര്‍ബ്ബലമായാലോ ദരിദ്രഭാരതമായി നാം അധ:പ്പതിക്കുകയും ചെയ്യും. ഈ വാദത്തിന് ആവശ്യമായ വിശദീകരണങ്ങളും ഗാന്ധിജി അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ നെഹ്‌റു അതിനു വിരുദ്ധമായ സമീപനമാണ് എടുത്തത്. ഗാന്ധിജിക്കുള്ള മറുപടിക്കത്തില്‍ ആധുനികകാലത്ത് രാജ്യ പുരോഗതിക്കുവേണ്ടത് നഗരവികസനങ്ങളും വന്‍കിട പദ്ധതികളുമാണെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. ഗ്രാമങ്ങളില്‍നിന്ന് ഉന്നതമായ ജീവിതവീക്ഷണമോ വികസിതമായ ചിന്തയോ ഉയര്‍ന്നുവരില്ല. ഭാവിയില്‍ ലോകരാജ്യങ്ങളോടു മത്സരിക്കാന്‍ അതുകൊണ്ടുതന്നെ വന്‍നഗരങ്ങളെയും പദ്ധതികളെയും സൃഷ്ടിക്കുകയാണ് വേണ്ടത് എന്നായിരുന്നു പണ്ഡിറ്റ്ജിയുടെ വാദം.
ഈ രണ്ടു വാദത്തിലും ചില പരിമിതികളും പോരായ്മകളുമുണ്ട്. ആധുനിക ലോകസാഹചര്യത്തില്‍ വന്‍കിട പദ്ധതികളും വ്യവസായങ്ങളും അതിലൂടെ രൂപപ്പെട്ടുവരുന്ന നഗരങ്ങളും ഉണ്ടാക്കേണ്ടിവരും. അതിനെ തള്ളിക്കളഞ്ഞുകൊണ്ട് ഇതര രാജ്യങ്ങളുടെ മേധാവിത്തത്തിന്‍ കീഴിലാവുക സാധ്യമല്ല. അങ്ങനെവന്നാല്‍ നാം വീണ്ടും അടിമപ്പെടും. അതുകൊണ്ട് ഗ്രാമവികാസത്തോടൊപ്പം ആനുപാതികമായ നഗരവികസനവുംകൂടി പരിഗണിക്കേണ്ടതാണ്. മറുവശത്ത് ഭാരതം പോലൊരു വിശാല ഭൂപ്രദേശത്ത് ജനങ്ങള്‍ ഒട്ടാകെ നഗരങ്ങളിലേക്ക് ചേക്കേറുന്നത് അഭിലഷണീയമല്ലതന്നെ. അങ്ങനെ ഉണ്ടായാല്‍ ജനജീവിതം സ്വസ്ഥമല്ലാതെ ആവുകയും സംഘര്‍ഷം ഉടലെടുക്കുകയും ചെയ്യും. അത് പൊതു സമാധാനജീവിതത്തിന് തുരങ്കം വയ്ക്കും. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ ഗ്രാമങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് ചേക്കേറാനുള്ള ത്വരയെ ശമിപ്പിക്കേണ്ടതുണ്ട്. നഗര കുടിയേറ്റത്തിനുള്ള കാരണം പ്രധാനമായും രണ്ടായിരിക്കും. ഒന്ന്, തൊഴില്‍ സാധ്യതയും സമ്പത്തും. രണ്ട്, ഭൗതിക സാഹചര്യങ്ങളുടെ ലഭ്യത. കുടിയേറ്റം സംഭവിക്കാതിരിക്കണമെങ്കില്‍ ഗ്രാമജീവിതം ചിട്ടപ്പെടുത്തുകയും തൊഴിലും വിദ്യാഭ്യാസവും ഭൗതികപുരോഗതിയും ഗ്രാമങ്ങളില്‍ക്കൂടി ലഭ്യമാക്കുകയും വേണം. ഇത് രണ്ടും പരസ്പരം നിഷേധിക്കുകയായിരുന്നു സ്വാതന്ത്ര്യാനന്തരഭാരതത്തില്‍ സംഭവിച്ചത്.
എന്നാല്‍ മഹാനായ ശാസ്ത്രജ്ഞനും ഋഷിയുമായിരുന്ന ഡോക്ടര്‍ എ.പി.ജെ. അബ്ദുല്‍ കലാം രാഷ്ട്രപതിയായിരുന്ന വേളയില്‍ അവതരിപ്പിച്ച സമവായത്തിന്റേതായ ഒരു രൂപരേഖയുണ്ട്. അതിന്റെ പേര് പുര (PURA-)- എന്നാണ്. പ്രൊവൈഡ് അര്‍ബന്‍ അമിനിറ്റീസ് ഇന്‍ റൂറല്‍ ഏരിയാസ്. അതായത് നഗരങ്ങളില്‍ ലഭ്യമാകുന്ന സവിശേഷമായ ചില ഭൗതിക സൗകര്യങ്ങള്‍ ഗ്രാമങ്ങളിലും ലഭ്യമാക്കുക എന്നതാണ്. സ്വാഭാവികമായും ഇന്നത്തെ നിലയില്‍ ഇന്റര്‍നെറ്റും തൊഴിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെ ഗ്രാമങ്ങളിലേക്കുകൂടി പടര്‍ത്തിയാല്‍ ഇത് സാധ്യമാക്കാവുന്നതാണ്. എന്നാല്‍ അങ്ങനെയൊരു ദേശീയവീക്ഷണം പലപ്പോഴും ഭരണാധികാരികള്‍ കാണിക്കാതിരുന്നതാണ് അതിന്റെ സാധ്യത നഷ്ടപ്പെടുത്തിയത്. എന്നാല്‍ ഇന്ന് ഗ്രാമവികസനം എന്നുള്ളത് ഒരു വേഗമേറിയ ആശയമായും പ്രായോഗികമായ പദ്ധതികളായും വന്നുതുടങ്ങിയിരിക്കുന്നു. ഈ സമീപനം കൂടുതല്‍ ഊര്‍ജ്ജസ്വലവും വികസിതവുമായാല്‍ നഗരവല്‍ക്കരണം കൊണ്ടുണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങള്‍ വളരെയേറെ കുറയ്ക്കാന്‍ കഴിയും. ഒപ്പംതന്നെ നഗരവികസനത്തിന്റെ ഭാഗമായി പരിസ്ഥിതി സന്തുലിത സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ഭരണകൂടങ്ങള്‍ നിര്‍ബന്ധംപിടിക്കുകയും വേണം. മാത്രമല്ല പ്രകൃതിയിലെ മറ്റു സഹജീവികളുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പുതിയ പുതിയ നിയമങ്ങള്‍ ആവിഷ്‌കരിക്കേണ്ടിയും വരും.
പ്രകൃതിയെ സംരക്ഷിക്കാന്‍ പ്രസ്ഥാനങ്ങളും സംഘടനകളും സര്‍ക്കാരും ഒന്നുപോലെ കൈകോര്‍ക്കേണ്ടതുണ്ട്. പക്ഷേ പലപ്പോഴും ഇവ പരസ്പരവിരുദ്ധമായിട്ടാണ് നിലപാട് എടുക്കാറുള്ളത്. 1980 ജൂണ്‍ മാസത്തില്‍ കേരളത്തിലെ പ്രമുഖരായ ഒരുപറ്റം കവികള്‍ ചേര്‍ന്ന്, ‘പ്രകൃതിയുടെ സംരക്ഷണത്തിനുവേണ്ടി, ജീവന്റെ നിലനില്‍പ്പിനുവേണ്ടി’ എന്ന മുദ്രാവാക്യവുമായി ഒരു പ്രസ്ഥാനം രൂപവല്‍ക്കരിച്ചിരുന്നു. ‘നമ: പൃഥിവൈ്യ’ എന്നതായിരുന്നു അവരുടെ മൂലമന്ത്രം! എന്നാല്‍ ആ കവികളുടെ ആഹ്വാനത്തെ പരിഹസിക്കുകയും അവരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുകയുമാണ് പലരും ചെയ്തത്. ‘മരക്കവികള്‍’ എന്ന് അവരെ വിളിച്ചു. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദൃശ്യവും അദൃശ്യവുമായ വിലക്കുകള്‍ ഏര്‍പ്പെടുത്തി. കോടതിവഴി എന്തെങ്കിലും സ്ഥാപിച്ചെടുത്താല്‍ അത് നിര്‍വ്വഹിക്കുന്നതിന് സര്‍ക്കാരുകള്‍ കാണിച്ച ഉദാസീനത ഒക്കെ അവരുടെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കവി വിഷ്ണുനാരായണന്‍ നമ്പൂതിരി ഉദ്ധരിച്ച ചില വാക്യങ്ങള്‍ ഇതാണ്: ‘അര്‍ത്ഥശാസ്ത്രജ്ഞനായ ഷൂമാക്കര്‍ തൊടുത്ത ചോദ്യശരം – കമ്മട്ടം അടിച്ചുകൂട്ടുന്ന നാണയമോ പ്രകൃതി സമ്പത്തോ ഏതാണ് ധനം? ഋഷികവിയായ ടാഗോര്‍ ഉന്നയിച്ച പ്രശ്‌നം, നശിപ്പിക്കുന്നതോ നിലനിര്‍ത്തുന്നതോ ഏതാണ് പുരോഗതി? ഊര്‍ജ്ജതന്ത്രജ്ഞനായ ഷൂമാക്കര്‍ ഉയര്‍ത്തിപ്പിടിച്ച സമസ്യ, സ്ഥൂലമായ ഭൂതപ്രപഞ്ചമോ സൂക്ഷ്മമായ ആന്തരപ്രപഞ്ചമോ ഏതാണ് സത്യം?’ ഇത്തരം അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ഇവര്‍ പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് പ്രകൃതിസംരക്ഷണത്തിന് ആഹ്വാനം മുഴക്കുന്ന നിരവധി കവിതകളും ഈ കവികള്‍ പ്രസിദ്ധീകരിച്ചു. അത്തരം കവിതകളില്‍ കേട്ട ചിലവരികളാണല്ലോ അയ്യപ്പപ്പണിക്കരുടെ, ‘കാടെവിടെ മക്കളെ’ എന്നു തുടങ്ങുന്ന ഹൃദയാവര്‍ജ്ജകമായ കവിത. ‘മരവും മനുഷ്യരും കിളിയും മൃഗങ്ങളും ചെടിയും ചെടിക്കാത്ത നാടെവിടെ മക്കളെ’ എന്നു വിലപിക്കുന്ന ആ കവിതയിലെ ഓരോ വരിയും നാം ആവര്‍ത്തിച്ചു ചൊല്ലി പഠിക്കേണ്ടതാണ്. അതിന്റെ അര്‍ത്ഥം ഗ്രഹിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും വേണം. കടമ്മനിട്ടയുടെ വരികള്‍ ഇങ്ങനെയാണല്ലോ. ‘കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത് ധാത്രിതന്‍ മടിയില്‍ കിടക്കരുത്
മാറില്‍ തിമര്‍ക്കരുത് കുന്നിന്‍ മുലപ്പാല്‍ കൊതിക്കരുത് പൂവിന്റെ കണ്ണില്‍ നീ നോക്കരുത്
പൂതനാതന്ത്രം പുരണ്ടതാണെങ്ങും’ എന്നു തുടങ്ങി, ‘പൈതലേ ഭൂമിയുടെ ഗര്‍ഭാശയത്തില്‍ നീ പുതിയ പുംബീജമായി വീഴൂ, അടിമണ്ണിലൂടെ നീരുറവയിലൂടെ നീ മരമായ് മനുഷ്യനായ്, പൊഴിയുന്ന മഴയായി ഒഴുകുന്ന പുഴയായി വിടരുന്ന പൂവായി അഴകായി, സൂര്യന്റെ കിരണമായ് നന്മതന്‍ സ്ഫുരണമായ് പൂര്‍ണ്ണത നേടൂ’ എന്നവസാനിപ്പിക്കുന്നു. ഒരു കുഞ്ഞിന്റെ, ഒരു മനുഷ്യന്റെ ജീവിതത്തിന്റെ പൂര്‍ണതയെ കവി എത്ര സുന്ദരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്!
മരങ്ങള്‍ വച്ചുപിടിപ്പിക്കേണ്ടതും ചെടികള്‍ വളര്‍ത്തേണ്ടതും എല്ലാം പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാണെന്ന് നമ്മള്‍ ഓര്‍ക്കാറുണ്ടോ? കവി കുഞ്ഞുണ്ണി രണ്ടു വരിയില്‍, അങ്ങനെ ചെയ്യാത്ത പാപികളെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്,
‘ചമ്പച്ചോട്ടില്‍ തൈ വെക്കാത്തോന്‍, ചത്താല്‍ പിണ്ഡം വയ്‌ക്കേണ്ട!’
മനുഷ്യനു മാത്രമായോ പരിസ്ഥിതിക്ക് മാത്രമായോ ഉള്ള നിയമങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിക്കുന്നത്. അതു സംഭവിക്കാതിരിക്കാന്‍ രണ്ടുകാര്യമാണ് ചെയ്യാനുള്ളത്. മുഖ്യമായും സര്‍ക്കാര്‍ തലത്തില്‍ തന്നെയാണ് ഇത് ആവിഷ്‌കരിക്കേണ്ടത്. ഒന്ന്, മനുഷ്യനും മറ്റു ജീവജാലങ്ങളും തമ്മില്‍ പാരസ്പര്യത്തോടെ കഴിയേണ്ടതാണെന്നുള്ള അവബോധം ഔപചാരികവിദ്യാഭ്യാസത്തിലൂടെ നല്‍കണം. ഒപ്പം കുടുംബജീവിതത്തിലെ ദിനചര്യകളിലൂടെ അത് ഓരോ കുട്ടിയുടെയും, വളര്‍ന്നുവരുന്ന ഓരോ മനുഷ്യന്റെയും സ്വഭാവമായി പരിണമിപ്പിക്കുകയും വേണം. രണ്ടാമതായി, ഈ പാരസ്പര്യത്തെ ലംഘിക്കുന്ന വ്യക്തികളും സംഘടനകളും ഒക്കെ സ്വാഭാവികമായും സമൂഹത്തില്‍ ഉണ്ടാവും. രാഷ്ട്രീയവും സ്വാര്‍ത്ഥതയും ധനമോഹവും മൃഗീയതയും മാത്രമായിരിക്കും അവരുടെ കൈമുതല്‍. അത്തരക്കാരെ നിയന്ത്രിക്കാനുള്ള നിയമസംവിധാനങ്ങളും സമാന്തരമായി ഉണ്ടാകേണ്ടതാണ്.
അതേപോലെ വീട്ടിലും വിദ്യാലയത്തിലും ശൈശവത്തിലേ ശീലിപ്പിക്കാവുന്ന ചില കാര്യങ്ങളുണ്ട്. ബാലവാടിയില്‍ പഠിക്കുന്ന കുട്ടികളില്‍ ചില ശീലങ്ങള്‍ സൃഷ്ടിച്ചാല്‍ ജീവിതകാലം മുഴുവന്‍ അവര്‍ അത് പിന്തുടരും. മാലിന്യം വലിച്ചെറിയാതിരിക്കുക എന്നത്, ആഹാരത്തിന്റെ ഒരംശംപോലും പാഴാക്കുന്നില്ല എന്നത്, അമിതമായ വസ്ത്രസമ്പാദനം അരുത് എന്നത്, ജലം അത്യാവശ്യത്തിനല്ലാതെ ഒഴുക്കരുത് എന്ന് തുടങ്ങിയ പലതും ശീലിപ്പിക്കാന്‍ കഴിയും.
നമ്മള്‍ യാത്രചെയ്യുമ്പോള്‍ കയ്യില്‍ ഉണ്ടാവുന്ന ഉപയോഗശൂന്യമായ വസ്തുക്കള്‍ വലിച്ചെറിയുന്നത് നിത്യേന കാണുന്നു. വലിയ സമ്മേളനസ്ഥലത്തും ആഘോഷ ഇടങ്ങളിലും ഒക്കെ അത് കഴിയുമ്പോള്‍ ആ പ്രദേശമാകെ കടലാസും കുപ്പികളും മറ്റു മാലിന്യങ്ങളും കൊണ്ട് നിറയുന്നത് എന്തുകൊണ്ട്? പുഴകളായ പുഴകളൊക്കെ പാഴ്‌വസ്തുക്കളെക്കൊണ്ട് നിറയുന്നത് എന്തുകൊണ്ടാണ്? അങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന് കുഞ്ഞായിരിക്കുമ്പോള്‍ പഠിപ്പിക്കാന്‍ നമുക്ക് കഴിയേണ്ടതല്ലേ?

ഭക്ഷണവും ജലവും പാഴാക്കാതിരിക്കുക എന്നത് വീട്ടില്‍ നിന്ന് ശീലിപ്പിക്കേണ്ടതാണ്. ഭക്ഷണം അല്പംപോലും വെറുതെയാകുന്നില്ല എന്ന് ഉറപ്പുവരുത്തണം. ഇന്ന് വിവാഹസ്ഥലത്തും അമ്പലങ്ങളിലും പള്ളികളിലുമൊക്കെ നടക്കുന്ന വലിയ സദ്യയില്‍ നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് കഴിക്കാന്‍ കഴിയുന്നത്ര വലിയ അളവില്‍ ഭക്ഷണം വലിച്ചെറിയുന്നത് നാം കാണുന്നു. ആവശ്യത്തിനുള്ളത് മാത്രം കൊടുക്കാനും വേണ്ടത് മാത്രം വാങ്ങാനും ഉള്ള ശീലം വളര്‍ത്തണ്ടേ? ഇതൊക്കെ നടത്തുന്നവര്‍ കൂടി ശ്രദ്ധിച്ചാല്‍ എത്ര നന്നായിരുന്നു. ഇത്തരം കാര്യങ്ങള്‍ സംഘടനകള്‍ക്കും മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കും കൃത്യമായി പഠിപ്പിക്കാന്‍ കഴിയും. വിദ്യാലയങ്ങളില്‍ കിട്ടുന്ന കുട്ടികളെ പത്തുവര്‍ഷം ഇത് ശീലിപ്പിച്ചാല്‍ എത്രയോ കോടി മനുഷ്യര്‍ക്ക് അന്നം ലഭ്യമാക്കാന്‍ നമുക്ക് കഴിയും! പക്ഷേ അത്തരം ഒരു ഗൗരവമേറിയ ബോധ്യം വിദ്യാലയങ്ങളില്‍ നല്‍കാന്‍ ശ്രദ്ധിക്കാറുണ്ടോ? ഓരോ സംഘടനയും നടത്തുന്ന പഠന ശിബിരങ്ങളിലും പരിശീലന പരിപാടികളിലുമൊക്കെ ഇത് അനുവര്‍ത്തിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. പക്ഷേ നടത്തിപ്പുകാര്‍ക്ക് അത്തരം വീക്ഷണം ഉണ്ടായിരിക്കണം എന്നു മാത്രം.
ഭാരതീയമായ ജീവിതക്രമത്തില്‍ ആചാരപരമായി പഠിപ്പിച്ചുപോന്നിരുന്ന ഒരു സങ്കല്പമുണ്ടായിരുന്നു. അത് ജന്മനക്ഷത്രവുമായി ബന്ധപ്പെട്ടതാണ്. 28 നാളുകള്‍ ആണല്ലോ ഉള്ളത്. അതില്‍ ഓരോ ജന്മനാക്ഷത്രത്തിനും ഒരു ദേവത, ഒരു പക്ഷി, ഒരു മൃഗം, ഒരു വൃക്ഷം ഒക്കെയുണ്ട്. എന്ന് വെച്ചാല്‍ പ്രകൃതിയുമായി ഒരു വ്യക്തിയെ ബന്ധപ്പെടുത്തുന്ന ആഴത്തിലുള്ള സങ്കല്‍പ്പം! ഇവയോടുള്ള സമീപനവും ആ സംസ്‌ക്കാരത്തെ അനുശീലിക്കുന്നവര്‍ക്ക് പഠിപ്പിക്കാവുന്നതാണ്.
അനൗപചാരികമായി നമുക്കു പുലര്‍ത്താവുന്ന കാര്യങ്ങളും ചെയ്യാവുന്ന പ്രവൃത്തികളും അനേകമാണ്. അത് ഏറ്റവും നന്നായി പരിശീലിപ്പിക്കാന്‍ കഴിയുന്ന ഇടം കുടുംബമാണ്. ജനിച്ചുവീഴുന്ന ഓരോ കുട്ടിയും പ്രകൃതിയുമായി ഇണങ്ങി ജീവിക്കേണ്ടതിന്റെ പരിശീലനം നേടണം. ദൈനംദിന ജീവിതത്തില്‍ അതിനാവശ്യമായ ആചരണങ്ങളും ആചാരങ്ങളും സംരക്ഷിക്കണം. ശൈശവത്തിലും ബാല്യത്തിലും അനുശീലിച്ചുകിട്ടുന്ന അത്തരം ജീവിതക്രമത്തിലൂടെ മുഴുവന്‍ സമൂഹത്തെയും പരിസ്ഥിതി സംരക്ഷണത്തിന്റെ അവബോധത്തിലേക്ക് ഉയര്‍ത്താന്‍ കഴിയും. ഒപ്പംതന്നെ ജീവിതവീക്ഷണത്തെ പരിവര്‍ത്തിപ്പിച്ച് മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണെന്ന അനുഭൂതി സൃഷ്ടിക്കാന്‍ കഴിയണം. അത്തരം ഒരു തുടര്‍പ്രക്രിയയിലൂടെ മാത്രമേ മനുഷ്യനെ പ്രകൃതിയുമായി ഇണക്കിക്കൊണ്ടുപോകാന്‍ കഴിയൂ. അതിനുള്ള ബോധവല്‍ക്കരണവും പ്രചാരണവും പ്രവര്‍ത്തനവും സര്‍വ്വോപരി ജീവിതവും ക്രമീകരിക്കുക എന്നുള്ളതാണ് പര്യാവരണ്‍ അഥവാ പരിസ്ഥിതി അനുകൂല പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം!






















