- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- ആശയരൂപീകരണത്തിലെ സമാന്തര പാതകള്‍ (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 7)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
ആര്‍എസ്എസ്സും കമ്യൂണിസ്റ്റ് പ്രസ്ഥാനവും പ്രവൃത്തിപഥത്തില്‍ മാത്രമല്ല ആശയതലത്തിലും വേറിട്ട വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. തുടക്കംമുതല്‍ തന്നെ ഇങ്ങനെയാവാന്‍ നിരവധി കാരണങ്ങളുണ്ട്. ഭാരതത്തിന്റെ ദേശീയതയേയും ഭാരതമെന്ന രാഷ്ട്രത്തെയും ആര്‍എസ്എസ് പൂര്‍ണമായി അംഗീകരിക്കുകയും അതില്‍ അഭിമാനിക്കുകയും അതില്‍നിന്ന് ആവേശമുള്‍ക്കൊള്ളുകയും ചെയ്യുമ്പോള്‍ ലോക കമ്യൂണിസ്റ്റു പ്രസ്ഥാനവും ഇന്ത്യയിലെ അനുബന്ധ പാര്‍ട്ടി രൂപീകരണവും മറുചേരിയിലായിരുന്നു.
യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍ നിരീശ്വരവാദികളാണ്. അതിനാല്‍ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നവരല്ല. എന്നാല്‍ ചരിത്രപരമായി നോക്കുമ്പോള്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മൂന്ന് ജന്മങ്ങളുണ്ട്. ആദ്യം സോവിയറ്റ് യൂണിയനിലെ താഷ്‌കന്റില്‍ ജന്മം കൊണ്ടു. പിന്നീട് സത്യഭക്തയുടെ നേതൃത്വത്തില്‍ കാണ്‍പൂരില്‍ രൂപംകൊണ്ടു. ഇത് അംഗീകരിക്കാതെ അവിടെത്തന്നെ ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടു. ആദ്യത്തേതും അവസാനത്തേതും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (Communist Party of India) ആയിരുന്നെങ്കില്‍ ഇടയ്ക്കുള്ളത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (Indian Communist Party) ആയിരുന്നു. ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിച്ച് നിസ്സാരവല്‍ക്കരിക്കാവുന്നതല്ല ഈ പേരുമാറ്റങ്ങളും പെരുമാറ്റങ്ങളും.
ദേശീയത എന്ന ആശയത്തെയും ഭാരതം എന്ന രാഷ്ട്ര സങ്കല്‍പ്പത്തെയും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി തുടക്കം മുതല്‍ തന്നെ അംഗീകരിച്ചിട്ടില്ല. ദേശീയതയെ പ്രത്യക്ഷമായും പരോക്ഷമായും എക്കാലവും അവര്‍ എതിര്‍ത്തുപോന്നിട്ടുണ്ട്. ചരിത്രത്തിലെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം ഭാരതത്തെ അവര്‍ വഞ്ചിക്കുകയും ചെയ്തു. ഇത് മറച്ചുപിടിക്കാന്‍ ഇടയ്‌ക്കൊക്കെ ദേശീയവാദികള്‍ ചമഞ്ഞ് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശ്രമിച്ചിട്ടുണ്ട്. തങ്ങള്‍ ദേശാഭിമാനികളാണെന്ന അവകാശവാദം ഉന്നയിക്കുകയും, മറ്റുള്ളവരെ വര്‍ഗീയവാദികളായി മുദ്രകുത്തുകയും ചെയ്യും. ഇതിനു പുറമെ അക്കാദമിക് മേഖല കയ്യടക്കിവച്ചും, ചില ആസൂത്രിതമായ പരിപാടികള്‍ സംഘടിപ്പിച്ചും ചരിത്രത്തെ വളച്ചൊടിക്കുകയും, സ്വന്തം താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ദുര്‍വ്യാഖ്യാനിച്ച് ജനങ്ങളെ വഴിതെറ്റിക്കുകയും ചെയ്യും.
കമ്മ്യൂണിസ്റ്റുകള്‍ക്ക് ശരിയായ അര്‍ത്ഥത്തില്‍ ഭാരതീയ ചിന്ത സാധ്യമല്ല. സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും അടിച്ചമര്‍ത്തലിനുമൊക്കെ എതിരെന്ന പേരില്‍ വൈദേശികമായ ചിന്തയും സങ്കല്‍പ്പവുമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെ നയിച്ചത്. ദേശീയതയോടുള്ള ഇവരുടെ മനോഭാവവും സമീപനവും എക്കാലവും നിഷേധാത്മകവും അവസരവാദപരവും ആയിരുന്നു. ഭാരതം ഏകരാഷ്ട്രമല്ലെന്നും, ഭാഷാപരവും വംശീയവുമായ നിരവധി രാഷ്ട്രങ്ങളുടെ സംഘാതമാണെന്നുമുള്ളത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ ഉറച്ച ധാരണയാണ്. ഉടന്‍ തന്നെയോ അധികം വൈകാതെയോ ഭാരതം വിവിധ രാഷ്ട്രങ്ങളായി വിഭജിക്കപ്പെടുമെന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തുടക്കം മുതല്‍ ഉറച്ചു വിശ്വസിച്ചു. ഇതുകൊണ്ടാണ് വിഘടനവാദികളായ മാവോയിസ്റ്റുകളെയും ഇസ്ലാമിക മതമൗലികവാദികളെയും ഓരോ ഘട്ടത്തിലും ഇവര്‍ പിന്തുണച്ചത്.
ഗാന്ധി മുതല്‍ മസാനി വരെ
വൈദേശികമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകളുടെ രീതിയെ മഹാത്മാഗാന്ധി ഉള്‍പ്പെടെ നിരവധി ദേശീയ നേതാക്കള്‍ കാലാകാലങ്ങളില്‍ വിമര്‍ശിച്ചിട്ടുണ്ട്. ”അസംതൃപ്തി ഉല്‍പ്പാദിപ്പിക്കുകയും സമരങ്ങള്‍ സംഘടിപ്പിക്കുകയുമാണ് തങ്ങളുടെ പരമമായ ദൗത്യവും പരമമായ സേവനവും എന്നാണ് കമ്മ്യൂണിസ്റ്റുകള്‍ കരുതുന്നത്. ഈ അസംതൃപ്തിയും സമരങ്ങളും ആത്യന്തികമായി ഉണ്ടാക്കുന്ന നാശത്തെക്കുറിച്ച് അവര്‍ ചിന്തിക്കുന്നതേയില്ല. അല്‍പ്പജ്ഞാനം അങ്ങേയറ്റം പൈശാചികമാണ്. ഒന്നുകില്‍ ശരിയായ അറിവ് അല്ലെങ്കില്‍ അജ്ഞത, ഇതാണ് വേണ്ടത്. ഇവര്‍ അറിവിനും നിര്‍ദ്ദേശത്തിനുമായി റഷ്യയിലേക്കാണ് നോക്കുന്നത്. ഇങ്ങനെയൊരു പരിതാപകരമായ അവസ്ഥയിലാണ് നമ്മുടെ കമ്മ്യൂണിസ്റ്റുകള്‍. ലജ്ജാകരം എന്നതിനേക്കാള്‍ പരിതാപകരം എന്നാണ് ഞാന്‍ ഇതിനെ വിളിക്കുക. കാരണം കുറ്റപ്പെടുത്തുന്നതിനേക്കാള്‍ അവര്‍ സഹതാപം അര്‍ഹിക്കുന്നു. ബ്രിട്ടീഷുകാര്‍ ഒസ്യത്തായി നമുക്ക് തന്ന അനൈക്യത്തെ ആളിക്കത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. (1)
ഭാരതത്തിന്റെ കാര്യത്തില്‍ മൗലിക ചിന്തയോ സ്വതന്ത്ര ചിന്തയോ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഉണ്ടായിരുന്നില്ല. വൈവിധ്യങ്ങളെ കോര്‍ത്തിണക്കുന്ന ഐക്യത്തിന്റെ അന്തര്‍ധാര ഭാരതത്തിനില്ല എന്നാണ് ബ്രിട്ടീഷുകാര്‍ കരുതിയത്. ഇതേ സാമ്രാജ്യത്വ കാഴ്ചപ്പാടാണ് സോവിയറ്റ് യൂണിയനും സ്വീകരിച്ചത്. യജമാനന്റെ ഈ കാഴ്ചപ്പാട് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളും പിന്‍പറ്റി. ഭാരതത്തെ ഒരു രാഷ്ട്രമായി കാണുന്നത് വലിയ അപരാധമാണെന്നു തന്നെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തുടക്കം മുതല്‍ കരുതി. സോവിയറ്റ് യൂണിയന്റെ ഏകാധിപതിയായിരുന്ന ജോസഫ് സ്റ്റാലിന്‍ ആയിരുന്നു ഒരു ഘട്ടത്തില്‍ ഇക്കാര്യത്തിലും ഇവരുടെ മാര്‍ഗദര്‍ശി.
1925 ല്‍ പാര്‍ട്ടി പരിശീലനത്തിന് എത്തിയ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളോട് സ്റ്റാലിന്‍ ഇങ്ങനെയാണ് പറഞ്ഞത്: ”ഇന്ത്യക്ക് ഒരു ദേശീയ അസ്തിത്വമുണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. പക്ഷേ ഭാരതത്തില്‍ ഒരു വിപ്ലവകരമായ മുന്നേറ്റം ഉണ്ടാകുമ്പോള്‍ ഇതുവരെ അജ്ഞാതമായിരുന്ന, സ്വന്തമായ ഭാഷയും സവിശേഷമായ സംസ്‌കാരവുമുള്ള ഓരോ ദേശീയതകള്‍ ഉയര്‍ന്നുവരും എന്നതില്‍ യാതൊരു സംശയവും വേണ്ട.” (2)
വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലത്ത് കമ്മ്യൂണിസ്റ്റാ വുകയും, രണ്ടു തവണ സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിക്കുകയും, പിന്നീട് കമ്മ്യൂണിസത്തിന്റെ പാതവിട്ട് ജയപ്രകാശ് നാരായണനുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുകയും ചെയ്ത എം.ആര്‍. മസാനിയും ഇതേ കാഴ്ചപ്പാട് അവതരിപ്പിക്കുന്നുണ്ട്:
”സംസ്ഥാനങ്ങളുടെ ഭാഷാപരമായ പുനരേകീകരണത്തെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റുകളുടെ നിലപാട് മറ്റു പാര്‍ട്ടികളുടേതില്‍ നിന്ന് വ്യത്യസ്തവും, ഒരര്‍ത്ഥത്തില്‍ ദൂരവ്യാപകമായ ഫലമുളവാക്കുന്നതുമാണ്. ഓരോ ഭാഷാ ഘടകവും ഒരു പ്രത്യേക ദേശീയതയാണ്. കമ്മ്യൂണിസ്റ്റ് സിദ്ധാന്തപ്രകാരം ഇന്ത്യ യഥാര്‍ത്ഥത്തില്‍ ബഹുഭാഷാ-ബഹുദേശീയ രാഷ്ട്രമാണ്. അതിനാല്‍ തന്നെ, ഇവയുടെ അതിര്‍ത്തികള്‍ പുനഃക്രമീകരിക്കണമെന്നു മാത്രമല്ല, സോവിയറ്റ് യൂണിയനിലേതുപോലെ ഓരോ ഘടകത്തിനും സ്വയംനിര്‍ണ്ണയാവകാശവും, വേര്‍പിരിയാനുള്ള അവകാശവും നല്‍കണമെന്നും കമ്മ്യൂണിസ്റ്റുകള്‍ ആവശ്യപ്പെടുന്നു. ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ വിഭജനത്തില്‍ കലാശിച്ച പ്രത്യേക രാഷ്ട്രത്തിനായുള്ള മുസ്ലിം ലീഗിന്റെ ആവശ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ പിന്തുണച്ചിരുന്നത്.” (3)
കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഇതേ വാക്കുകള്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടും ആവര്‍ത്തിക്കുന്നുണ്ട്: ”ഇങ്ങനെ, യൂറോപ്യന്‍ രാജ്യങ്ങളില്‍ ദൃശ്യമായിരുന്ന ദേശീയ ഐക്യവല്‍ക്കരണം നേഷന്‍-സ്റ്റേറ്റ് രൂപീകരണം എന്നീ പ്രക്രിയകളിലൂടെ അതേകാലത്ത് കേരളവും കടന്നുപോകുകയായിരുന്നു. ദേശീയമായ വിപണിയുടെ അടിത്തറയില്‍ ദേശരാഷ്ട്രവും ദേശീയ സംസ്‌കാരവും ഉദിച്ചുയരുകയായിരുന്നു. ഇങ്ങനെ കേരളവും ഒരു രാജ്യത്തിന്റേതായി സാധാരണ കണക്കാക്കുന്ന പ്രധാന സവിശേഷതകളെല്ലാം സ്വന്തമാക്കിയിരിക്കുന്നു.” (4)
കമ്മ്യൂണിസ്റ്റുകളുടെ കപട ദേശീയത
ഭാരതത്തിന്റെ കാര്യമെടുക്കുമ്പോള്‍ ദേശസ്‌നേഹം എന്ന വികാരം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എന്നും അന്യമായിരുന്നു. കമ്മ്യൂണിസസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്ന് സാര്‍വദേശീയതയാണല്ലോ. സാമ്പത്തികാടിസ്ഥാനത്തിലുള്ള വര്‍ഗ്ഗ വിഭജനമല്ലാതെ മറ്റൊരു വിഭജനവും ജനതകള്‍ തമ്മില്‍ ഇല്ലെന്നാണ് കമ്മ്യൂണിസ്റ്റുകള്‍ കരുതുന്നത്. എന്നാല്‍ സോവിയറ്റ് യൂണിയന്‍, കമ്മ്യൂണിസ്റ്റ് ചൈന, കമ്മ്യൂണിസ്റ്റ് കൊറിയ, കമ്മ്യൂണിസ്റ്റ് ക്യൂബ എന്നിവിടങ്ങളിലെ ജനങ്ങളെയും രാഷ്ട്രീയ നേതാക്കളെയും നിരീക്ഷിക്കുമ്പോള്‍ ഈ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തികച്ചും ദേശീയവാദികളാണെന്ന് കാണാം!
ഇക്കാര്യത്തിലും ഒരു വൈരുദ്ധ്യമുണ്ട്. വന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ തങ്ങളുടെ കീഴില്‍ വരുന്ന രാജ്യങ്ങളിലെ ദേശീയതകളെ പലതരത്തിലും നിയന്ത്രിച്ചു. ജോര്‍ജിയ, ഉക്രൈന്‍, ലാത്വിയ എന്നിവിടങ്ങളിലെ ദേശീയതകളെ സാമ്രാജ്യത്വ ശക്തിയായിരുന്ന സോവിയറ്റ് യൂണിയന്‍ കര്‍ശനമായി നിയന്ത്രിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്തു. ഇവിടങ്ങളിലെല്ലാം റഷ്യന്‍ ദേശീയത അഥവാ സാമ്രാജ്യത്വം അടിച്ചേല്‍പ്പിച്ചു. സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ പില്‍ക്കാലത്ത് ഈ രാജ്യങ്ങളെല്ലാം സ്വതന്ത്ര റിപ്പബ്ലിക്കുകളായി മാറിയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതായിരുന്നു. ടിബറ്റ്, സിഞ്ജിയാങ്, മംഗോളിയ എന്നിവിടങ്ങളില്‍ ഇതേ തന്ത്രം ചൈനയും പ്രയോഗിച്ചു. ഈ രീതിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ അതിന്റെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും സോവിയറ്റ് യൂണിയന്‍ ഭാരതത്തില്‍ പ്രാവര്‍ത്തികമാക്കിയത്. ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏതൊക്കെ ഘട്ടത്തില്‍ ഏതെല്ലാം നയങ്ങള്‍ രൂപീകരിക്കണമെന്ന് തീരുമാനിച്ചത് സോവിയറ്റ് യൂണിയനാണ്.
ശരിയായ ദേശസ്‌നേഹികള്‍ തങ്ങളാണെന്ന് നടിക്കുകയും, സുഭാഷ് ചന്ദ്രബോസിനെയും ഭഗത്‌സിംഗിനെയും പോലുള്ളവരെ സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴും ഭാരതത്തിന്റെ ദേശീയതയ്ക്കും, ഭാരതത്തിലെ ജനങ്ങളുടെ ഉത്തമ താല്‍പ്പര്യങ്ങള്‍ക്കും കടകവിരുദ്ധമായ നിലപാടുകളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചത്. ഇത് ഏതെങ്കിലും തരത്തിലുള്ള നയവ്യതിയാനമായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തുടക്കംമുതല്‍ സ്വീകരിച്ച നയമാണ്.
ചിന്തയിലും പ്രവൃത്തിയിലും വ്യക്തിപരമായ പെരുമാറ്റത്തില്‍പ്പോലും റഷ്യ പരിശീലിപ്പിച്ച ആദ്യകാല ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ഏതാണ്ട് എല്ലാവരും എന്നുതന്നെ പറയാം, സോവിയറ്റ് മനസ്സുമായാണ് ഉറങ്ങാന്‍ കിടന്നിരുന്നത്. സ്വപ്‌നം കണ്ടത് സോവിയറ്റ് വ്യവസ്ഥിതിയായിരുന്നു. സോവിയറ്റ് യൂണിയനിലുള്ളവര്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളിലേക്ക് പരകായപ്രവേശം ചെയ്തു. പി. കേശവദേവിന്റെ ഭാഷയില്‍ ഇവര്‍ തോമാസ്‌കിയും മീനാക്ഷിനോവ്‌നയും മറ്റുമായി.
ദേശീയതയോടുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളുടെ വിരോധം പൈതൃകമായി കിട്ടിയതാണ്. സാര്‍വദേശീയതയെക്കുറിച്ചാണല്ലോ കമ്മ്യൂണിസ്റ്റുകള്‍ വാചാലരാവാറുള്ളത്. ദേശീയതയോടുള്ള അവരുടെ സമീപനം എക്കാലവും അവസരവാദപരവും, അതുകൊണ്ടുതന്നെ അവ്യക്തവുമാണ്. മാര്‍ക്‌സിന്റയും എംഗല്‍സിന്റെയും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ കാലംമുതല്‍ ഇത് കാണാം കഴിയും. വിവിധ രാഷ്ട്രങ്ങളിലെ തൊഴിലാളികള്‍ പോരാട്ടത്തിലേര്‍പ്പെടുമ്പോള്‍ ദേശീയതയ്ക്കതീതമായി ലോകതൊഴിലാളി വര്‍ഗത്തിന്റെ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്യേണ്ടതെന്ന് മാര്‍ക്‌സും എംഗല്‍സും പ്രഖ്യാപിച്ചു. ”തൊഴിലാളികള്‍ക്ക് രാജ്യമില്ല. അവര്‍ക്കില്ലാത്തത് അവരില്‍ നിന്ന് എടുത്തുമാറ്റാനാവില്ല” എന്നാണല്ലോ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രഖ്യാപിക്കുന്നത്. തൊഴിലാളി വര്‍ഗ്ഗത്തിന് ആദ്യമായി രാഷ്ട്രീയാധിപത്യം നേടേണ്ടതായിട്ടുള്ളതുകൊണ്ട്, രാജ്യത്തിന്റെ നേതൃവര്‍ഗമായി മാറേണ്ടതായിട്ടുള്ളതുകൊണ്ട്, സ്വയം രാഷ്ട്രമായി മാറേണ്ടതായിട്ടുള്ളതുകൊണ്ട്, അവര്‍ അത്രത്തോളം ദേശീയമാണ് എന്നൊക്കെ മാനിഫെസ്റ്റോ വാചാലമാവുന്നത് കമ്മ്യൂണിസ്റ്റുകള്‍ക്ക് ദേശീയത അന്യമായതുകൊണ്ടാണ്. ”കമ്മ്യൂണിസ്റ്റുകാരെക്കുറിച്ചുള്ള മറ്റൊരു ആക്ഷേപം അവര്‍ രാജ്യങ്ങളെയും ദേശീയ ജനവിഭാഗങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നതാണ്” (5) എന്നും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പറയുന്നുണ്ട്. എന്നാല്‍ ഇതൊരു ആക്ഷേപമല്ല, വസ്തുതയാണ്.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ‘ചില കാലത്തെ ചില തരം’ ദേശീയതകളെ അംഗീകരിക്കുന്നതായി തോന്നുമെങ്കിലും കമ്മ്യൂണിസ്റ്റുകള്‍ ഇത് അംഗീകരിക്കുന്നവരല്ല. ഇത്തരം ദേശീയതകള്‍ വര്‍ഗ്ഗ സമരത്തിനും തൊഴിലാളി വര്‍ഗ്ഗ സാര്‍വദേശീയതയ്ക്കും കീഴ്‌പ്പെടണം എന്നതാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ നിലപാട്.
ദേശീയതയോട് ആധുനിക കമ്മ്യൂണിസത്തിന്റെ സ്ഥാപകന്മാരായി കരുതപ്പെടുന്ന മാര്‍ക്‌സും എംഗല്‍സും രാഷ്ട്രീയ അവസരവാദവും കാപട്യവുമാണ് കാണിച്ചിട്ടുള്ളത്. പോളണ്ടിന്റെ ദേശീയതയെ, പ്രത്യേകിച്ച് ആസ്ട്രിയക്കെതിരായ 1846 ലെ കാക്കോവ് പ്രക്ഷോഭത്തിനു ശേഷം മാര്‍ക്‌സും എംഗല്‍സും പിന്തുണച്ചിരുന്നു. 1865 ലെ ഒന്നാം കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലില്‍ ഇത് സംബന്ധിച്ച ഒരു പ്രഖ്യാപനവും ഇവര്‍ തയ്യാറാക്കി. റഷ്യന്‍ ആധിപത്യത്തിനെതിരെ പോളണ്ടിന് സ്വയം നിര്‍ണയാവകാശം നല്‍കണമെന്നാണ് ഇതില്‍ വാദിച്ചത്.
പരസ്യമായി ഇങ്ങനെയൊരു നിലപാട് എടുത്തെങ്കിലും രഹസ്യമായി പോളണ്ടിന്റെ ദേശീയതയെ എംഗല്‍സ് അപലപിച്ചു. പോളണ്ട് പുരോഗമനപരമായിരുന്നു എന്നതിന് ചരിത്രത്തില്‍ ഒരുദാഹരണവും എംഗല്‍സിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ചരിത്ര പ്രാധാന്യമുള്ള യാതൊന്നും പോളണ്ട് ചെയ്തിട്ടുമില്ല. ചില കോമാളിത്തരങ്ങള്‍ മാത്രമാണ് കാണിച്ചിട്ടുള്ളതെന്നും, ശരിയായി പുരോഗമിച്ചിട്ടുള്ള റഷ്യയാണ് പോളണ്ടിന്റെ പല ഭാഗങ്ങളും ഭരിച്ചിട്ടുള്ളതെന്നുമായിരുന്നു എംഗല്‍സിന്റെ യഥാര്‍ത്ഥ നിലപാട്. ഇത് മറച്ചുപിടിച്ചു കൊണ്ടാണ് പോളണ്ടിനൊപ്പം നില്‍ക്കുന്നതായി ഭാവിച്ചത്. നാലില്‍ മൂന്നു ഭാഗം ജനതയുടെ താല്‍പ്പര്യങ്ങള്‍ അവഗണിച്ചതിനാല്‍ പോളണ്ടില്‍ നടന്നത് ദേശീയ വിപ്ലവം അല്ലെന്നും, അത് കേവലം ‘യാഥാസ്ഥിതിക വിപ്ലവം’ ആണെന്നും എംഗല്‍സ് വിലയിരുത്തുന്നു. (6) ചരിത്രപരമായി തരിശായ പോളണ്ട് ഒരു ‘അവസാനിച്ച രാഷ്ട്രം’ ആണെന്നു വിലയിരുത്തുന്ന എംഗല്‍സ്, വ്യത്യസ്തവും രഹസ്യവുമായ കമ്മ്യൂണിസ്റ്റ് അജണ്ടയെ മുന്നോട്ടു കൊണ്ടുപോകുന്നതിനാലാണ് പോളണ്ടിന്റെ ദേശീയതയെ അവസരവാദപരമായി പിന്തുണച്ചത്. പോളണ്ടിന്റെ കാര്യത്തിലാണ് ലോക സാഹിത്യത്തില്‍ ആദ്യമായി ‘രാഷ്ട്രങ്ങളുടെ ദേശീയ സ്വയംനിര്‍ണയാവകാശം’ എന്ന പരികല്‍പ്പന കാണാന്‍ കഴിയുന്നത്.
കമ്മ്യൂണിസ്റ്റ് ആചാര്യന്മാരുടെ ഈ കാപട്യത്തില്‍ അത്ഭുതപ്പെടാനില്ല. കാര്യം കാണാന്‍ ഏത് ചെകുത്താനെയും കൂട്ടുപിടിക്കാമെന്ന് മാര്‍ക്‌സ് തന്നെ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ”രാഷ്ട്രീയത്തില്‍ ഒരു വ്യക്തിക്ക് ഒരു പ്രത്യേക ആവശ്യത്തിനുവേണ്ടി ചെകുത്താനുമായിപ്പോലും കൂട്ടുപിടിക്കാം. പക്ഷേ ഒരു കാര്യം ഉറപ്പാക്കണം, അയാള്‍ ചെകുത്താനെയാണ് പറ്റിക്കേണ്ടത്. ചെകുത്താന്‍ തിരിച്ചു പറ്റിക്കരുത്.” (7) ന്യൂയോര്‍ക്ക് ട്രിബ്യൂണ്‍ എന്ന പത്രത്തിന് എഴുതിയ കത്തിലാണ് മാര്‍ക്‌സ് ഇങ്ങനെ പറഞ്ഞിട്ടുള്ളത്. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന് പില്‍ക്കാലത്ത് ഇ.എം.എസ് നമ്പൂതിരിപ്പാട് പറഞ്ഞുകൊണ്ടിരുന്നത് മാര്‍ക്‌സിന്റെ ഈ വാചകം അതേപടി പകര്‍ത്തിയാണ്.

ആദ്യപാപം ചെയ്തത് മാര്‍ക്‌സും എംഗല്‍സും
ദേശീയതയോടുള്ള മാര്‍ക്‌സിന്റെയും എംഗല്‍സിന്റെ ഇരട്ടത്താപ്പിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. പോളണ്ടിന്റെ ദേശീയതയെ പുറമേക്ക് അംഗീകരിക്കുകയും രഹസ്യമായി നിന്ദിക്കുകയും ചെയ്ത ഇവര്‍ ഐറിഷ്- ഹംഗേറിയന്‍ ദേശീയതകളോടും ഇതേ കാപട്യം കാണിച്ചു. ലജോസ് കൊസുത്ത് നയിച്ച ഹംഗേറിയന്‍ വിപ്ലവത്തില്‍ തങ്ങളുടെ ദേശീയ വികാരം അവഗണിക്കപ്പെട്ടതിനാല്‍ സ്ലാവ് ജനതയില്‍പ്പെടുന്ന തെക്ക് കിഴക്കന്‍ യൂറോപ്പിലെ വംശീയ വിഭാഗമായ ക്രോട്ടുകള്‍ ആസ്ട്രിയക്കാര്‍ക്കൊപ്പം നിന്നിരുന്നു. അപ്പോള്‍ ‘ക്രോട്ടുകള്‍ക്ക് പ്രതിവിപ്ലവ സ്വഭാവമാണുള്ളത്’ എന്നായിരുന്നു എംഗല്‍സിന്റെ വിലയിരുത്തല്‍. 16 ദശലക്ഷം വരുന്ന മതഭ്രാന്തരായ സ്ലാവുകള്‍ പ്രതിവിപ്ലവത്തിന്റെ പ്രധാന ഉപകരണമാണെന്നും അടിച്ചമര്‍ത്തലുകാരാണെന്നും എംഗല്‍സ് വിമര്‍ശിച്ചു.
നാല് ദശലക്ഷം വരുന്ന ഹംഗറിക്കാരുടെ ദേശീയതയെ പിന്തുണച്ച മാര്‍ക്‌സും എംഗല്‍സും പക്ഷേ സ്‌കോട്ട്ലന്‍ഡിലെ ഗെയിലുകളുടെയും സ്‌പെയിനിലെ ബാസ്‌ക്യൂസുകളുടെയും ഫ്രാന്‍സിലെ ബ്രിട്ടോണുകളുടെയും ദേശീയതകളെ അധിക്ഷേപിച്ചു. ഈ അവശിഷ്ട ജനവിഭാഗങ്ങള്‍ എല്ലായ്‌പ്പോഴും പ്രതിവിപ്ലവത്തിന്റെ മതഭ്രാന്തമായ സ്വഭാവം ഉള്‍ക്കൊള്ളുന്നവരാണെന്നും, ഇവരുടെ ദേശീയ സ്വഭാവം നഷ്ടപ്പെടുകയോ ഇക്കൂട്ടരെ ഉന്മൂലനാശം വരുത്തുകയോ ചെയ്യുന്നതുവരെ ഇങ്ങനെ തുടരുമെന്നും മാര്‍ക്‌സും എംഗല്‍സും പ്രഖ്യാപിച്ചു. അടിസ്ഥാനപരമായി ദേശീയതകളെ നിരാകരിക്കുമ്പോള്‍ തന്നെ ആവശ്യം വരുമ്പോള്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന കമ്മ്യൂണിസ്റ്റുകളുടെ രീതി ആചാര്യന്മാര്‍ തുടങ്ങിവച്ചതാണെന്ന് ഇതില്‍ നിന്ന് വ്യക്തമാവുന്നു.
സോവിയറ്റ് ദേശീയതകള്‍ക്ക് സ്വയം നിര്‍ണയാവകാശം നല്‍കുമെന്ന് പ്രഖ്യാപിക്കുകയും, പിന്നീട് ആ ദേശീയതകളെ അടിച്ചമര്‍ത്തുകയും ചെയ്തത് ലെനിന്‍ ആയിരുന്നു. ലെനിനോട് വ്യക്തിവിദ്വേഷം പുലര്‍ത്തിയിരുന്നെങ്കിലും സ്റ്റാലിനും ഈ പാത പിന്തുടര്‍ന്നു. പക്ഷേ ഇക്കാര്യത്തില്‍ ആദ്യപാപം ചെയ്തവര്‍ മാര്‍ക്‌സും എംഗല്‍സുമാണ്. യൂറോപ്യന്‍ ദേശീയതകളെ അവസരവാദപരമായി വ്യാഖ്യാനിക്കുകയും, ആവശ്യത്തിനനുസരിച്ച് തള്ളുകയും കൊള്ളുകയും ചെയ്തത് ഇവരാണ്.
യൂറോപ്പിന്റെ ചരിത്രാനുഭവമല്ല ഭാരതത്തിന്റെ ദേശീയതയ്ക്കുള്ളത്. ഇവ തമ്മില്‍ ഒരു താരതമ്യവും ഇല്ല. എന്നിട്ടും ഭാരത ദേശീയതയെ അടിച്ചൊതുക്കി യൂറോപ്യന്‍ ചട്ടക്കൂട്ടില്‍ കയറ്റി വിചാരണ ചെയ്യുകയായിരുന്നു ലെനിനും സ്റ്റാലിനും. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണ കാലത്ത് പാര്‍ട്ടി നേതാക്കള്‍ തന്നെയാണ് ഇത് ചെയ്തതെങ്കില്‍ സ്വതന്ത്ര ഭാരതത്തിലെ നെഹ്‌റൂവിയന്‍ ഭരണകാലഘട്ടത്തില്‍ അക്കാദമിക് മേഖല കയ്യടക്കിയ ചരിത്രകാരന്മാര്‍ വൈദേശികമായ കാഴ്ചപ്പാടുകളും രീതിശാസ്ത്രവും യാന്ത്രികമായി അവതരിപ്പിച്ച് ഭാരതത്തിന് ദേശീയത്തനിമ എന്നൊന്ന് ഇല്ലെന്നും, ഭാരതത്തിന്റെ സാംസ്‌കാരിക ഐക്യം പല കാലങ്ങളിലായി അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്നും സ്ഥാപിച്ചു. ഇക്കാര്യത്തില്‍ ഒരു തത്ത്വദീക്ഷയും ഇവര്‍ പുലര്‍ത്തിയില്ല. ‘മാര്‍ക്‌സ് ഇന്ത്യയില്‍’ എന്നൊക്കെ പുസ്തകം എഴുതുകയും, ഇവിടുത്തെ കുഗ്രാമങ്ങളിലൂടെ പോലും മാര്‍ക്‌സിനെ വഴിനടത്തുകയും ചെയ്തവര്‍ സ്വന്തം ആചാര്യന് ഇങ്ങനെയൊരു മുഖമുണ്ടെന്ന കാര്യം മറച്ചുപിടിച്ചു.
രാഷ്ട്രങ്ങള്‍ക്കും ദേശീയതകള്‍ക്കുമുള്ള സഹജമായ ഗുണം കൊണ്ടല്ല മാര്‍ക്‌സ് ചിലപ്പോഴൊക്കെ അവയ്ക്ക് വിലകല്‍പ്പിച്ചത്. ദേശീയതയ്ക്ക് കടകവിരുദ്ധമായ സ്വന്തം ആശയം പ്രചരിപ്പിക്കാന്‍ വിപ്ലവം സംഘടിപ്പിക്കാനാണ്. ഒന്നാം കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ പ്രാഥമിക ലക്ഷ്യം ”ഇംഗ്ലണ്ടില്‍ സാമൂഹ്യവിപ്ലവം പ്രോത്സാഹിപ്പിക്കലാണ്” എന്ന് മാര്‍ക്‌സ് പറയുന്നുണ്ട്. എന്നാല്‍ ഇതിന്റെ അവസാനം എഴുതുന്നത് ഇങ്ങനെയാണ്: ”അയര്‍ലന്‍ഡില്‍ അതിശക്തമായ ഒരു അടി കൊടുക്കണം… ഇംഗ്ലണ്ടിനെ അടിക്കണമെങ്കില്‍ അത് അയര്‍ലന്‍ഡില്‍ തന്നെ വേണം… അയര്‍ലന്‍ഡില്‍ ഇംഗ്ലണ്ട് വീണാല്‍ ഇംഗ്ലണ്ട് വീഴുമെന്ന് ഉറപ്പാണ്.”(8) മാര്‍ക്്‌സിനെ സംബന്ധിച്ചിടത്തോളം അയര്‍ലന്‍ഡ് ഇവിടെ ഒരു ഉപകരണം മാത്രമാണ്. ഇംഗ്ലണ്ടിലെ വിപ്ലവമാണ് യഥാര്‍ത്ഥ ലക്ഷ്യം. ദേശീയതയോടുള്ള വഞ്ചനാത്മക സമീപനമാണ് ഇവിടെ തെളിഞ്ഞുകാണുന്നത്. ഭാരതത്തിന്റെ ദേശീയതയോടുള്ള ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വഞ്ചനാത്മകമായ സമീപനവും ഇതിനനുസൃതമായി രൂപപ്പെട്ടതാണ്.
അടുത്തത്: ആര്‍എസ്എസ്സിന് അടിത്തറയിട്ടത് ദേശീയതയും രാഷ്ട്രസങ്കല്‍പ്പവും
അടിക്കുറിപ്പുകള്‍:
1. Talk with Communist, Collected Works of Mahatma Gandhi.
2. For the Final Bid to power-Freedom Program of the Indian Communists.
3. The Communist Party of India: A short History, M.R. Masani.
4. The National Question Kerala, E.M.S. Namboodiripad.
5. Communist manifesto, Marx and Engels
6. The German Ideology, Friedrich Engels.
7. Marx Angles compelete works, vol. 11.
8. Ibid





















