പ്രഭാതത്തില്‍ വിശ്വാമിത്രന്‍ മിഥിലയിലേയ്ക്ക് പുറപ്പെടും എന്ന് മനസ്സിലാക്കി അവര്‍ക്കു സഞ്ചരിക്കാനുള്ള രഥം സുമതി തയ്യാറാക്കി നിര്‍ത്തി. എന്നാല്‍ പരമ്പരാഗതമായ കാനന പാതയിലൂടെ നടന്ന് പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശ്വാമിത്രന്‍ വെളിപ്പെടുത്തിയപ്പോള്‍ സുമതി എതിര്‍ത്തൊന്നും പറഞ്ഞില്ല.
നഗരാതിര്‍ത്തി കടന്ന് കാനനദേശത്തേക്കു കടന്നപ്പോള്‍ ഭൂപ്രകൃതിയില്‍ വല്ലാത്ത മാറ്റം അനുഭവപ്പെട്ടു. കാനനപാതയിലൂടെ നടക്കുമ്പോള്‍ മിഥിലയെക്കുറിച്ചുള്ള പല പല ചിന്തകളും രാമന്റെ മനസ്സില്‍ ഉയര്‍ന്നുവന്നു.
മിഥിലയുടെ കിഴക്കുവശത്തുകൂടി ഒഴുകുന്ന നദിയുടെ പടിഞ്ഞാറെ കരയില്‍ എത്തിയപ്പോള്‍ തട്ടുതട്ടായി ഉയര്‍ന്ന്, അനേകം യോജന വിസ്തൃതിയില്‍ കിടക്കുന്ന ആ പ്രദേശത്തിന്റെ സൗന്ദര്യം രാമനെ വല്ലാതെ ആകര്‍ഷിച്ചു. ചുറ്റുപാടും വീക്ഷിച്ചുകൊണ്ട് നടന്നപ്പോള്‍ മനസ്സില്‍ രൂപപ്പെട്ട സംഘര്‍ഷത്തിന് തെല്ലൊരു അയവു വന്നു. അവിടെ മനുഷ്യവാസം തീരെ ഇല്ലെന്ന് തോന്നി.
”ഈ ഭൂപ്രകൃതി ഒരു ആശ്രമത്തിന് എന്തുകൊണ്ടും അനുയോജ്യമാണ്” രാമന്‍ ലക്ഷ്മണനോടു പതുക്കെ പറഞ്ഞു.
”ശരിയാണ്. ഒരു വിശ്വവിദ്യാലയത്തിന് എന്തുകൊണ്ടും അനുയോജ്യമായ സ്ഥലംതന്നെ. ”
”ലക്ഷ്മണാ, അകലേയ്ക്കു നോക്കൂ, അവിടെ ഒരു ആശ്രമം ഉണ്ടെന്നു തോന്നുന്നു. അശ്രമത്തിന്റെ എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്.”
”അവിടെ മനുഷ്യവാസമുള്ളതായി തോന്നുന്നില്ല. ശിഷ്യന്മാരോ, ആചാര്യന്മാരായ താപസന്മാരോ ഉള്ളതിന്റെ ഒരു ലക്ഷണവും ഞാന്‍ കാണുന്നില്ല” ലക്ഷ്മണന്‍ അകലേയ്ക്ക് പറഞ്ഞു.
വിശ്വാമിത്രന്‍ മൗനത്തിലായിരുന്നു. ഒരോ ദേശത്തുകൂടി കടന്നു പോകുമ്പോഴും അതിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ചോദിക്കാതെ പറയുന്ന മുനി എന്തുകൊണ്ടാവും മൗനമായി നടക്കുന്നതെന്ന് രാമന്‍ ആലോചിച്ചു.
കുമാരന്മാരുടെ സംസാരം കേട്ട് മുനി നടത്തം നിര്‍ത്തി രാമനെ നോക്കി. ആ പ്രദേശത്തെക്കുറിച്ച് എന്തോ പറയാനാനുള്ള ഭാവം മുനിയുടെ മുഖത്തു നിഴലിച്ചു.
”രാമാ നീ പറഞ്ഞത് ശരിയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് അവിടം അനേകം ശിഷ്യന്മാരുള്ള അതിശ്രേഷ്ഠമായ ഒരു ആശ്രമം ആയിരുന്നു. ആശ്രമം ഇപ്പോഴുമുണ്ട്. എന്നാല്‍ ശിഷ്യഗണങ്ങളോ, താപസ്സന്മാരോ ആചാര്യന്മാരോ ഇപ്പോള്‍ അവിടെ ഇല്ല” വിശ്വാമിത്രന്‍ ദീര്‍ഘമായൊന്നു നിശ്വസിച്ചുകൊണ്ട് പറഞ്ഞു.
”ആചാര്യനില്ലാതെ ആശ്രമമോ..?” രാമന്‍ സംശയഭാവത്തില്‍ ചോദിച്ചു.
”മിഥിലാരാജന്റെ നിയന്ത്രണത്തിലുള്ള അതി ശ്രേഷ്ഠമായ വിദ്യാഭ്യാസ കേന്ദ്രം അവിടെ ഉണ്ടായിരുന്നു. ദേവന്മാര്‍പോലും ബഹുമാനിച്ചിരുന്ന ഗൗതമ മഹര്‍ഷി പരിപാലിച്ചിരുന്ന ആശ്രമം.”
വിശ്വാമിത്രന്‍ അകലേയ്ക്കുനോക്കി പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞിട്ട് വീണ്ടും നടക്കാന്‍ തുടങ്ങി. മുനി ആ ആശ്രമത്തെക്കുറിച്ച് എന്തെങ്കിലും പറയും എന്നു കരുതിയെങ്കിലും അദ്ദേഹം മൗനമായിട്ടാണ് നടന്നത്.
ആശ്രമങ്ങളെല്ലാം ഗുരുകുലങ്ങളാണെന്ന് വസിഷ്ഠഗുരു പറഞ്ഞത് രാമന്‍ ഓര്‍ത്തു. മുനിമാര്‍ തപസ്സനുഷ്ഠിക്കുന്നു, എന്നു പറയുമ്പോഴും ആഹാരംപോലും കഴിക്കാന്‍ മറന്ന് ഉന്നതമൂല്യമുള്ള അറിവിന്റെ ആഴങ്ങള്‍ തേടിയുള്ള ഗവേഷണങ്ങളാണ് അഹോരാത്രം അവര്‍ നടത്തുന്നത്. ആചാര്യന്മാര്‍ അങ്ങനെ നേടിയ അറിവുകള്‍, ഗുണവാന്മാരായ ശിഷ്യരിലൂടെ വികസിപ്പിക്കാനും അത് രാജ്യത്തിന്റെയും രാജകുലത്തിന്റെയും ശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നുണ്ട്.
നടക്കുമ്പോഴും വിശ്വാമിത്രന്റെ കണ്ണുകള്‍ ഇടയ്ക്കിടെ അകലെയുള്ള ആശ്രമത്തിലേയ്ക്കു നീണ്ടുപോകുന്നത് രാമന്‍ ശ്രദ്ധിച്ചു. മുന്നില്‍ നടക്കുന്ന ശിഷ്യന്മാര്‍ ആശ്രമം നിലനില്‍ക്കുന്ന ഭാഗത്തേയ്ക്കാണ് നടന്നത്. ആശ്രമത്തെ വ്യക്തമായി കാണാന്‍ പാകത്തില്‍ ആശ്രമത്തിനടുത്ത് എത്തിയതും വിശ്വാമിത്രന്‍ തെല്ലിട നിന്നുകൊണ്ട് ആ പ്രദേശം മുഴുവന്‍ കണ്ണോടിച്ചു.
”രാമാ, നമ്മള്‍ ഗൗതമമഹര്‍ഷി സ്ഥാപിച്ച ആശ്രമപരിസരത്ത് എത്തിയിരിക്കുന്നു. ഗൗതമമഹര്‍ഷി പത്‌നിയായ അഹല്യയോടൊപ്പം ഈ ആശ്രമത്തില്‍ താമസിച്ചുകൊണ്ട് അനേകം ശിഷ്യന്മാര്‍ക്ക് വെളിച്ചം നല്‍കിയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ ഇവിടം ഗുരുവും ശിഷ്യരുമില്ലാത്ത ഒരിടമാണ്” വിശ്വാമിത്രന്‍ പറഞ്ഞു.
വിശ്വാമിത്രന്റെ മുഖത്ത് ഒരു ശോകച്ഛവി പടര്‍ന്നിരുന്നു. വസിഷ്ഠഗുരുവില്‍ നിന്ന് ഗൗതമ മഹര്‍ഷിയെക്കുറിച്ചും അഹല്യയെക്കുറിച്ചും കേട്ടിട്ടുണ്ട്. ആ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ ഗുരുവിനെ അസ്വസ്ഥനാക്കുന്നുണ്ട്. ലക്ഷ്മണന്‍ സംശയം ചോദിക്കാതെ ആ പ്രദേശത്തിന്റെ സൗന്ദര്യം നുകര്‍ന്നുകൊണ്ട് ജേഷ്ഠനോടു ചേര്‍ന്നുനിന്നു.
”കുമാരാ, മിഥിലയിലെത്തും മുമ്പ് നമുക്ക് വളരെ പ്രധാനമായ ഒരു കര്‍മ്മംകൂടി അനുഷ്ഠിക്കേണ്ടതുണ്ട്.”
അതു പറഞ്ഞപ്പോള്‍ മുനിയുടെ മുഖത്തുണ്ടായ ഭാവമാറ്റം രാമന്‍ ശ്രദ്ധിച്ചു. ഏതോ സംഭവം അദ്ദേഹത്തിന്റെ ഓര്‍മ്മകളിലൂടെ കടന്നുപോകുന്നുണ്ട്. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത എന്തോ, ഒന്ന് അദ്ദേഹത്തെ മഥിക്കുന്നുണ്ട്. മുന്നില്‍ നടന്ന ശിഷ്യന്മാരുടെ അടുത്തേയ്ക്ക് പിന്നില്‍ സഞ്ചിരിച്ചിരുന്ന ഒരു ശിഷ്യന്‍ വേഗത്തില്‍ നടന്ന് അവരോട് എന്തോ പറഞ്ഞു. അപ്പോള്‍ അവര്‍ നടത്തം മതിയാക്കി തിരികെ നടന്ന് വിശ്വാമിത്രന്റെ അടുത്തേയ്ക്കുവന്നു. വിശ്വാമിത്രന്‍ മരച്ചുവട്ടില്‍ ഇരുന്നു.
ഗൗതമ മഹര്‍ഷിയുടെ ആശ്രമ പരിസരത്താണ് തങ്ങള്‍ ഇരിക്കുന്നത് എന്നോര്‍ത്തപ്പോള്‍ രാമന്റെ മനസ്സിലും ചില ചിന്തകള്‍ ഉണര്‍ന്നു. ഗൗതമമഹര്‍ഷി പത്‌നിയായ അഹല്യയെ വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിരിക്കുന്നു. ഇതുവഴി മഹര്‍ഷി തന്നെ കൂട്ടിക്കൊണ്ടുവന്നതിന് എന്തെങ്കിലും പ്രത്യേകമായ ലക്ഷ്യം ഉണ്ടാവും.
രാമന്‍ വൃക്ഷച്ചുവട്ടില്‍ നിന്ന് കുറച്ച് അകലേയ്ക്കുമാറിനിന്നു. മിഥിലാധിപന്റെ സഹായത്തോടെ ഗൗതമമഹര്‍ഷി പണ്ട് നടത്തിയ ജ്ഞാനകേന്ദ്രത്തിന്റെ സൗന്ദര്യം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. അവിടെ നിന്നപ്പോള്‍ വസിഷ്ഠമഹര്‍ഷി പറഞ്ഞ കാര്യങ്ങളാണ് മനസ്സിലൂടെ കടന്നുപോയത്. ലക്ഷ്മണന്‍ എന്തോ സംശയം ചോദിക്കാനായി മുനിയുടെ അടുത്തേയക്കു ചെന്നു.
”ഗൗതമഹര്‍ഷി പത്‌നിയായ അഹല്യയെ ഉപേക്ഷിച്ച്…”
ലക്ഷ്മണന്‍ അത്രയും പറഞ്ഞപ്പോഴേയ്ക്കും അരുതെന്ന് കൈ കാട്ടി ലക്ഷ്മണനെ രാമന്‍ വിലക്കി. വിശ്വാമിത്രന്‍ ലക്ഷ്മണനെ തറപ്പിച്ചു നോക്കി. ജ്യേഷ്ഠന്‍ തന്നെ വിലക്കിയത് എന്തിനെന്ന് ലക്ഷ്മണന് മനസ്സിലായില്ല. അഹല്യയെക്കുറിച്ച് എന്തെങ്കിലും ചോദിക്കുന്നത് വിശ്വാമിത്രന് ഇഷ്ടമല്ലാത്തതുകൊണ്ടാവും ജ്യേഷ്ഠന്‍ പരുഷമായി നോക്കിയതെന്ന് ലക്ഷ്മണന്‍ സംശയിച്ചു.
ഗുരു വൃക്ഷച്ചുവട്ടില്‍ ഇരുന്നപ്പോള്‍ ശിഷ്യന്മാര്‍ അല്പം അകലെ മാറി മറ്റൊരു മരച്ചുവട്ടില്‍ ഇരുന്നു. അവര്‍ പരസ്പരം പതുക്കെ സംസാരിക്കുന്നതും ഒരു പക്ഷേ, അഹല്യയെക്കുറിച്ചാവുമെന്ന് രാമന്‍ ഊഹിച്ചു.
”ലക്ഷ്മണാ നീ അഹല്യയെക്കുറിച്ച് എന്താണ് അറിഞ്ഞിരിക്കുന്നത്?” വിശ്വാമിത്രന്റെ ശബ്ദം കൂടുതല്‍ ദൃഢമായിരുന്നു.
ഇക്ഷ്വാകു വംശത്തിലെ രൂപലാവണ്യമുള്ള ഒരു രാജകുമാരി ആണ് അഹല്യയെന്നും അതി തേജസ്സാര്‍ന്ന ഗൗതമ മഹര്‍ഷിയാണ് അഹല്യയെ പരിഗ്രഹിച്ചതെന്നും ലക്ഷ്മണന്‍ കേട്ടിട്ടുണ്ട്. അപ്പോള്‍ അതാണ് ലക്ഷ്മണന്‍ ഓര്‍ത്തത്.
”ഗൂരോ, അഹല്യ വിശ്വസുന്ദരിയായിരുന്നു എന്ന് കേട്ടിട്ടുണ്ട്” ലക്ഷ്മണന്‍ പറഞ്ഞു.
ലക്ഷ്മണന്റെ എടുത്തുചാട്ടം ഇഷ്ടമാകാത്ത മട്ടില്‍ രാമന്‍ അനുജനെ വീണ്ടും നോക്കി. താന്‍ പറഞ്ഞത് തെറ്റായതുകൊണ്ടാണോ ജ്യേഷ്ഠന്‍ തന്നെ നോക്കിയതെന്ന് ലക്ഷ്മണന്‍ സംശയിച്ചു.
”സ്വന്തം കഴിവുകൊണ്ട് സപ്തര്‍ഷികള്‍ക്കു തുല്യനായിത്തീര്‍ന്ന മഹാമുനിയാണ് ഗൗതമന്‍. തമസ്സിനെ ഇല്ലാതാക്കാന്‍ ശേഷിയുള്ള ജ്ഞാനാന്വേഷിയായ മഹാമുനി. ഗൗ, എന്നാല്‍ രശ്മി എന്നാണര്‍ത്ഥം. അന്ധകാരത്തില്‍നിന്ന് ജ്യോതിസ്സിലേയ്ക്ക് മാനവകുലത്തെ നയിക്കാനാണ് ജനകന്റെ സഹായത്തോടെ ഗൗതമമഹര്‍ഷി ഇവിടെ വിശ്വവിദ്യാലയം സ്ഥാപിച്ചത്. രാജകുമാരന്മാരെ മാത്രമല്ല വനവാസികളെയും ശിഷ്യന്മാരായി അദ്ദേഹം സ്വീകരിച്ചിരുന്നു” വിശ്വാമിത്രന്‍ ദീര്‍ഘമായി നിശ്വസിച്ചുകൊണ്ട് പറഞ്ഞു.
”അങ്ങയെപ്പോലെ..” ലക്ഷ്മണന്‍ ഇടയില്‍ കയറി പറഞ്ഞു. ”ആശ്രമത്തിലെ വിദ്യാകേന്ദ്രത്തില്‍നിന്ന് പഠനം പൂര്‍ത്തിയായാല്‍ അവരെ വിദ്യാലയത്തില്‍നിന്ന് അവരുടെ ദേശങ്ങളിലേയ്ക്ക് മടക്കി അയയ്ക്കുന്ന സന്ദര്‍ഭത്തില്‍ അതിശ്രേഷ്ഠരായ വ്യക്തികളെ അതിഥികളായി ക്ഷണിച്ചുവരുത്തി നടത്താറുള്ള ജ്ഞാനമേളയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ.?” രാമന്റെ മുഖത്തേയ്ക്ക് തറപ്പിച്ചുനോക്കി വിശ്വാമിത്രന്‍ ചോദിച്ചു.
അറിയാം എന്ന മട്ടില്‍ രാമന്‍ തലയിളക്കി.
”ഗൗതമമഹര്‍ഷി അതിഥിയായി ഒരിക്കല്‍ ക്ഷണിച്ചത് ഇന്ദ്രനെ ആയിരുന്നു. ഇന്ദ്രനാകട്ടെ അഹല്യയുടെ സൗന്ദര്യത്തില്‍ ഭ്രമിച്ച് എങ്ങനെയാണ് അഹല്യയെ ഒന്നു കാണാന്‍ കഴിയുക എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഗൗതമമഹര്‍ഷിയുടെ ക്ഷണം ലഭിക്കുന്നത്. സര്‍വ്വരാജാക്കന്മാരുടേയും രാജാവായി വാഴുന്ന സ്ത്രീലമ്പടനായ ഇന്ദ്രന്‍ അഹല്യയുടെ സൗന്ദര്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കാണാനുള്ള അവസരം ലഭിച്ചിരുന്നില്ല. അഹല്യയുടെ സാമീപ്യം ആഗ്രഹിച്ചിരുന്ന സന്ദര്‍ഭത്തില്‍ ലഭിച്ച ക്ഷണം, അത്യന്തം ആഹ്ലാദത്തോടാണ് ഇന്ദ്രന്‍ സ്വീകരിച്ചത്. എന്നാല്‍….”
വിശ്വാമിത്രന്‍ പെട്ടെന്ന് മൗനം പാലിച്ചു. അദ്ദേഹത്തിന്റെ മുഖത്ത് പെട്ടെന്നു വന്നുദിച്ച കോപം കണ്ട് എല്ലാവരും ഭയന്നു. ലക്ഷ്മണന്‍ സംശയഭാവത്തില്‍ ജ്യേഷ്ഠനെ നോക്കി. അന്നുണ്ടായ സംഭവം വിശ്വാമിത്രന്റെ മനസ്സില്‍ വേദനയുണ്ടാക്കിട്ടുണ്ട് എന്ന് വ്യക്തമാണ്.
‘ശിഷ്യന്മാര്‍ക്ക് ബിരുദങ്ങള്‍ നല്‍കി, അവരില്‍നിന്ന് ഉപഹാരങ്ങള്‍ സ്വീകരിച്ച് ആശ്രമം മുഴുവന്‍ സന്തോഷിച്ചു നില്‍ക്കുന്ന അവസരത്തിലാണ് അത് സംഭവിച്ചത്. അതിഥിയായി ആശ്രമത്തില്‍ എത്തിയതുമുതല്‍ ഇന്ദ്രന്റെ കണ്ണുകള്‍ അഹല്യയിലായിരുന്നു. ആശ്രമത്തില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്കിടയില്‍ ആചാര്യ പത്‌നിയെ സമീപിക്കാനുള്ള അവസരത്തിനായി തക്കംപാര്‍ത്തിരുന്ന ഇന്ദ്രന്‍ അനുവാദമില്ലാതെ ആചാര്യപത്‌നിയുടെ വാസസ്ഥലത്തെത്തി, ബലാത്ക്കാരത്താല്‍ അവരെ പ്രാപിക്കാന്‍ ശ്രമിച്ചു. ആചാര്യ പത്‌നി അതിശക്തമായി തന്റെ പ്രതിഷേധം അറിയിച്ചു.’
‘ആചാര്യപത്‌നിയോട് ഇന്ദ്രന്‍ മോശമായി പെരുമാറി എന്ന വാര്‍ത്ത എല്ലാവരും അറിഞ്ഞപ്പോള്‍ ഇന്ദ്രന്‍ തന്റെ അഭിമാനം രക്ഷിക്കാന്‍ കുറ്റം അഹല്യയുടെ മേല്‍ ആരോപിച്ചു. അഹല്യ ക്ഷണിച്ചിട്ടാണ് താന്‍ അവരുടെ വാസസ്ഥലത്ത് പോയതെന്ന കള്ളം, എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ട് മുനിപത്‌നിയെ ഇന്ദ്രന്‍ അവഹേളിച്ചു.’
”സ്ത്രീയോട് അപമര്യാദയായി പെരുമാറുന്ന പുരുഷന്‍ ശക്തനാണെങ്കില്‍ ഇരയെ കുറ്റക്കാരിയാക്കി തെറ്റുകാരനെ കുറ്റവിമുക്തനാക്കുക എന്നത് ദുര്‍ന്നീതിയല്ലേ? അധര്‍മ്മംചെയ്തിട്ടും അധികാരത്തിന്റെ തണലില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഇന്ദ്രനെതിരെ ശബ്ദമുയര്‍ത്താന്‍ അവിടെക്കൂടിയ മഹര്‍ഷിമാര്‍ക്കു കഴിഞ്ഞില്ലേ” രാമന്റെ ശബ്ദം ഉയര്‍ന്നിരുന്നു.
അതിന് ഉത്തരം പറയാതെ വിശ്വാമിത്രന്‍ എഴുന്നേറ്റ് അകലേയ്ക്കുനോക്കിയശേഷം ചിന്താകുലനായി ഇരിക്കുന്ന രാമന്റെ അടുത്തേയ്ക്കുവന്ന് തോളത്തു സ്‌നേഹപൂര്‍വ്വം സ്പര്‍ശിച്ചു. ഇന്ദ്രന്‍ കാട്ടിയ അധര്‍മ്മത്തെക്കുറിച്ചോര്‍ത്ത് ക്ഷോഭിച്ച രാമന്‍ രോഷം അടക്കാന്‍ ശ്രമിച്ചുകൊണ്ട് വിശ്വാമിത്രനെ നോക്കി.
”രാമാ, ഗൗതമമഹര്‍ഷിയുടെ പഴയ ആശ്രമത്തില്‍ സന്യാസിനിയായ അഹല്യ, ഗൗതമഹര്‍ഷിയേയും മകനായ ശതാനന്ദനേയും ഓര്‍ത്തുകൊണ്ട് ഒരു ശിലപോലെ ഇപ്പോഴും ജീവിതം തള്ളിനീക്കുന്നു” വിശ്വാമിത്രന്‍ വികാരവായ്‌പോടെ പറഞ്ഞു.
ഗൗതമമഹര്‍ഷി ദേവന്ദ്രനെ ശപിച്ചകാര്യം വസിഷ്ഠനില്‍നിന്ന് കേട്ടിട്ടുണ്ട്. ഇക്ഷ്വാകുവംശത്തില്‍ പിറന്നവളാണ് അഹല്യ എന്ന് അഭിമാനത്തോടെ വസിഷ്ഠന്‍ പറയുമ്പോള്‍ അവരുടെ സൗന്ദര്യം അവര്‍ക്ക് വിനയായ കാര്യം ഗുരു വേദനയോടാണ് പറഞ്ഞത്.
”രാമാ, നീ എന്താണ് ആലോചിക്കുന്നതെന്ന് എനിക്കറിയാം.”
”അതെ, അങ്ങ് ഊഹിക്കുന്നതുതന്നെയാണ് ഗുരോ എന്റെ മനസ്സിലൂടെ കടന്നുപോകുന്നത്. അധികാരത്തിന്റെ ശക്തി ഉപയോഗിച്ചല്ലേ ഇന്ദ്രന്‍ ഗുരുപത്‌നിയെ അപമാനിച്ചത്? ഇത്തരം ക്രൂരകൃത്യം ചെയ്തിട്ടും ദേവന്മാരുടെ അധിപനായി ഇന്ദ്രനെ സ്തുതിക്കുന്നത് എന്തുകൊണ്ടാണ്? ഇപ്പോഴും ഇന്ദ്രനെ പ്രീതിപ്പെടുത്താന്‍ രാജാക്കന്മാരും മഹര്‍ഷിമാരും ശ്രമിക്കുന്നില്ലേ? ഭരണാധിപന്റെ വീഴ്ചകള്‍ കണ്ടില്ലെന്നുനടിച്ച് ആചാര്യന്മാരായ ബുദ്ധിജീവികള്‍ അവരുടെ സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തുന്നു” വികാരാധീനനായ രാമന്‍, ഇന്ദ്രനോടുള്ള വെറുപ്പ് ഉറച്ച ശബ്ദത്തിലാണ് പ്രകടിപ്പിച്ചത്.
”നീ പറഞ്ഞത് ശരിയാണ് രാമാ…..”
”അന്ന് അവിടെകൂടിയ മുനിമാര്‍ക്ക് ഇന്ദ്രനെ ശിക്ഷിക്കാമായിരുന്നില്ലേ?”
”ശിക്ഷിച്ചാലും ശപിച്ചാലും ഭൗതിക ശക്തിയുള്ള ഭരണകൂടമല്ലേ ശിക്ഷ നടപ്പാക്കേണ്ടത്? ഭരണകൂടം സംരക്ഷണം നല്‍കാത്ത ശിക്ഷയ്ക്ക് എന്തു പ്രസക്തി? ചില രാജാക്കന്മാര്‍ മഹര്‍ഷിമാരെ ആദരിക്കുന്നത് സ്വന്തം നിലനില്‍പ്പിനുവേണ്ടിയാണ്. ജനത്തെ ചൂഷണംചെയ്യുന്നതിനും അടിച്ചമര്‍ത്തുന്നതിനും പിന്‍തുണ ലഭിക്കാന്‍. ഓരോരോ വിചിത്ര യുക്തികള്‍കൊണ്ട് ഓട്ട അടയ്ക്കലല്ലേ? ” വിശ്വാമിത്രന്‍ പറഞ്ഞു.
വിശ്വാമിത്രന് അത് പറയാനുള്ള യോഗ്യത ഉണ്ടെന്ന് രാമനറിയാം. രാജാക്കന്മാരുടെ അനീതിയെ വിശ്വാമിത്രന്‍ ചോദ്യം ചെയ്തിട്ടുണ്ട്. വിശ്വാമിത്രനെപ്പോലുള്ള അപൂര്‍വ്വം മഹര്‍ഷിമാരെ മാത്രമേ രാജാക്കന്മാര്‍ക്ക് ഭയമുള്ളുവെന്നും രാമനറിയാം. ചക്രവര്‍ത്തിയായ തന്റെ പിതാവിന്റെ മുഖത്തുനോക്കി തനിക്ക് പറയാനുള്ളത് പറഞ്ഞതിന് താന്‍ സാക്ഷ്യംവഹിച്ചതാണ്. ജനകന്‍ നീതിമാനാണ് എന്നാണ് കേട്ടിട്ടുള്ളത്. എന്നിട്ടും ജനകനും എതിര്‍ക്കാതിരുന്നത് ഇന്ദ്രന്റെ സൈന്യബലത്തെ ഭയന്നിട്ടാകും. രാമന്റെ മനസ്സിലൂടെ പല ചിന്തകളും കടന്നുപോയി.
”ഗൗതമനെങ്കിലും തന്റെ പത്‌നിയോട് നീതി പുലര്‍ത്താഞ്ഞതെന്തേ?”അല്പനേരത്തെ ആലോചനയ്ക്കുശേഷം രാമന്‍ ചോദിച്ചു.
”ഗൗതമന്‍ അഹല്യയോട് നീതി പുലര്‍ത്തിയില്ല എന്ന് പ്രചരിച്ച കഥ സത്യവിരുദ്ധമാണ്. ക്ഷണിച്ചുവരുത്തിയ അതിഥിയെ ശപിക്കാന്‍ എങ്ങനെയാണ് ഗൗതമന് കഴിയുക? എന്നിട്ടും ഇന്ദ്രനെ ശപിക്കാനായി മുനിമാരോട് അദ്ദേഹം അപേക്ഷിച്ചു.”
കോപംകൊണ്ടും സങ്കടംകൊണ്ടും വിറപൂണ്ടുനില്‍ക്കുന്ന ഗൗതമമഹര്‍ഷിയുടെ ചിത്രമാണ് വിശ്വാമിത്രന്റെ മനസ്സില്‍ തെളിഞ്ഞത്. ആ രംഗം ആരേയും ഭയപ്പെടുത്തുന്നതായിരുന്നു.