വിശ്വാമിത്രന് കന്യാകുബ്ജത്തിലെ രാജാവായിരിക്കുമ്പോള്‍ ആശ്രമങ്ങളില്‍ മുനിമാരുടെ വിജ്ഞാനദാനത്തിന് യാതൊരുവിധ അസൗകര്യങ്ങളും ഉണ്ടാവരുതെന്നു നിഷ്‌കര്‍ഷിച്ചിരുന്നു. മുനിമാര്‍ സങ്കടങ്ങളുമായി രാജാവിനെ സമീപിക്കേണ്ടിവരുന്നത് രാജാവിനു അപമാനമാണെന്ന് വിശ്വാമിത്രന് അറിയാമായിരുന്നു.
സായാഹ്നത്തില്‍ ഉദ്യാനത്തില്‍ ഉലാത്തുമ്പോഴാണ് ശത്രുക്കള്‍ രാജ്യത്ത് നുഴഞ്ഞു കയറി ആശ്രമങ്ങള്‍ക്കും ആചാര്യന്മാര്‍ക്കും ഭീഷണി ഉയര്‍ത്തുന്ന കാര്യം രഹസ്യമായി ചാരന്മാര്‍ അറിയിച്ചത്. ഒളിയുദ്ധം നടത്തുന്ന ശത്രുക്കളെ നേരിടാന്‍ രാജസഭ വിളിച്ചു ചേര്‍ക്കാതെ തിടുക്കത്തില്‍ വിശ്വാമിത്രന്‍ കാട്ടിലേയ്ക്ക് പുറപ്പെട്ടു. കാനനത്തിന്റെ സ്വച്ഛന്ദമായ പ്രകൃതത്തിന് കോട്ടം തട്ടുമെന്നു കരുതി, സേനാസന്നാഹം നടത്താതെ, കാനന സംരക്ഷണത്തിന് പ്രത്യേക പരിശീലനം നല്‍കിയ ചെറുസൈന്യത്തെയും, അടിയന്തരഘട്ടം നേരിടാന്‍ സന്നദ്ധമായി നില്‍ക്കുന്ന ദ്രുതകര്‍മ്മസേനയേയും മാത്രമാണ് ഒപ്പം കൂട്ടിയത്.
ശത്രുക്കള്‍ രക്ഷപ്പെടാന്‍ കാട്ടിലേയ്ക്കുകടന്നെങ്കിലും അവരെ പിന്‍തുടര്‍ന്ന് കൊടുംകാട്ടിലെത്തി വകവരുത്താന്‍ വിശ്വാമിത്രന് കഴിഞ്ഞെങ്കിലും യുദ്ധംകഴിഞ്ഞ് മടങ്ങുമ്പോഴേയ്ക്കും സൈനികരെല്ലാം ക്ഷീണിതരായിരുന്നു. കൊട്ടാരത്തിലേയ്ക്കു മടങ്ങുമ്പോള്‍ പുഴയുടെ തീരത്ത് എത്തിയതും അല്പനേരം വിശ്രമിക്കാമെന്ന് കരുതി രാജാവ് പെട്ടെന്ന് കുതിരപ്പുറത്തുനിന്നിറങ്ങി.
”അല്പനേരം വിശ്രമിച്ചിട്ടാവാം തുടര്‍ യാത്ര.” വിശ്വാമിത്രന്‍ പറഞ്ഞു.
യുദ്ധം കഴിഞ്ഞുവരുന്നതിനാല്‍ ദേഹശുദ്ധിവരുത്താനായി വിശ്വാമിത്രന്‍ പുഴയിലേയ്ക്കു നടന്നു.
”നമ്മള്‍ വസിഷ്ഠാശ്രമത്തിന് സമീപത്താണ് എത്തിച്ചേര്‍ന്നിട്ടുള്ളത്.” വസിഷ്ഠാശ്രമം നിലകൊള്ളുന്നത് പുഴയുടെ തീരത്തായതിനാല്‍ രാജാവ് ആശ്രമത്തിലേയ്ക്കു പോകാനാണ് തയ്യാറെടുക്കുന്നത് എന്ന് കരുതി സൈന്യാധിപന്‍ ഒപ്പമുള്ളവരോട് ഉച്ചത്തില്‍ പറഞ്ഞു. രാജാവ് ആചാര്യനെ സന്ദര്‍ശിക്കുമ്പോഴേയ്ക്കും, ക്ഷീണിച്ച സൈനികര്‍ക്ക് അല്പനേരം വിശ്രമിക്കാന്‍ കഴിയുമെന്ന് ചിന്തിച്ചാണ് സൈന്യാധിപന്‍ പറഞ്ഞത്.
വസിഷ്ഠാശ്രമത്തില്‍ കയറാന്‍ പറ്റിയ സന്ദര്‍ഭം അല്ലെങ്കിലും, സൈന്യാധിപന്‍ പറഞ്ഞ സ്ഥിതിക്ക് ആശ്രമം സന്ദര്‍ശിക്കാതെ പോയാല്‍ ആചാര്യനോട് തനിക്ക് എന്തെങ്കിലും വിപ്രതിപത്തി ഉണ്ടെന്ന് സൈനികര്‍ തെറ്റിദ്ധരിക്കണ്ടെന്നു കരുതി ആശ്രമത്തില്‍ കയറാമെന്നു വിശ്വാമിത്രന്‍ തീരുമാനിച്ചു.
ആശ്രമങ്ങളിലെ ആചാര്യന്മാരുടെ ക്ഷേമവും സംരക്ഷണവും രാജാവിന്റെ കര്‍ത്തവ്യമാണെന്ന ബോധത്തോടെ അവരുടെ ക്ഷേമത്തിന് വേണ്ടതെല്ലാം ചെയ്യുന്നുണ്ടെങ്കിലും പരമ്പരാഗതമായ രാജനീതിയോട് വിശ്വാമിത്രന് പൂര്‍ണ്ണമായ യോജിപ്പ് ഉണ്ടായിരുന്നില്ല. അദ്ധ്വാനിക്കാതെ ഉപദേശം മാത്രം നല്‍കുന്നവരാണ് മുനിമാര്‍ എന്ന ധാരണ രാജാവായ വിശ്വാമിത്രന്റെ മനസ്സില്‍ കടന്നുകൂടിയിരുന്നു. ഉപദേശങ്ങളെ പ്രവൃത്തി പഥത്തിലെത്തിക്കാന്‍ എന്തുകൊണ്ട് മുനിമാര്‍ ശ്രമിക്കുന്നില്ല എന്നാണ് വിശ്വാമിത്രന്‍ ചിന്തിച്ചത്. എങ്കിലും അവരോട് അക്കാര്യം പ്രത്യക്ഷത്തില്‍ പ്രകടമാക്കാതെ ജ്ഞാനകേന്ദ്രങ്ങളുടെ സുഗമമായ നടത്തിപ്പിനുള്ള സഹായധനം യഥാസമയം വിശ്വാമിത്രന്‍ നല്‍കിയിരുന്നു.
”വസിഷ്ഠാശ്രമത്തില്‍ കയറി ആചാര്യന്റെ അനുഗ്രഹം വാങ്ങിയിട്ടാകാം കൊട്ടാരത്തിലേയ്ക്കുള്ള യാത്ര. നാം ആചാര്യനെ കണ്ട് മടങ്ങുന്നതുവരെ നിങ്ങള്‍ക്ക് ഈ പുഴയോരത്ത് വിശ്രമിക്കാം.” ദേഹശുദ്ധിവരുത്തി കരയിലേയ്ക്കു കയറുമ്പോള്‍ വിശ്വാമിത്രന്‍ പറഞ്ഞു.
മുഖ്യ അംഗരക്ഷകരോട് വേഗത്തില്‍ ദേഹശുദ്ധിവരുത്തി തന്നെ അനുഗമിക്കാനുള്ള അനുവാദവും വിശ്വാമിത്രന്‍ നല്‍കി.
വസിഷ്ഠാശ്രമത്തിന്റെ പടി കയറിയപ്പോള്‍ ജ്ഞാനദാനത്തോടൊപ്പം ഭജനവും പൂജയുമായി ശിഷ്യന്മാരോടൊപ്പം കഴിയുന്ന സാധാരണ മഹര്‍ഷിയല്ല വസിഷ്ഠനെന്നു വിശ്വാമിത്രന് ബോധ്യപ്പെട്ടു. രാജാവില്‍നിന്നും സഹായധനം സ്വീകരിക്കാതെ ശിഷ്യഗണങ്ങളുടെ സഹായത്തോടെ ആശ്രമത്തെ സ്വയം പര്യാപ്തമാക്കി, ജ്ഞാനത്തെ പ്രവൃത്തിപഥത്തില്‍ എത്തിക്കുന്ന ആചാര്യനാണ് വസിഷ്ഠനെന്ന് മനസ്സിലായപ്പോള്‍ അതുവരെ ഉണ്ടാകാത്ത ബഹുമാനം വസിഷ്ഠനോടു തോന്നി.
കാനനത്തിന് തെല്ലും കോട്ടംവരുത്താതെ വിസ്തൃതമായ കൃഷിസ്ഥലത്ത് ശിഷ്യന്മാര്‍ നടത്തുന്ന കൃഷിരീതികളും, കൃഷിയുമായി ബന്ധപ്പെട്ടു നടത്തുന്ന ഗവേഷണങ്ങളും സാധാരണ മഹര്‍ഷിമാരില്‍നിന്നും വസിഷ്ഠനെ തികച്ചും വ്യത്യസ്തനാക്കുന്നുണ്ട്. ആശ്രമത്തിന്റെ ഓരോ ഭാഗത്തും ഓരോ വിധത്തിലുള്ള പരീക്ഷണ നിരീക്ഷണങ്ങളും നടക്കുന്നുണ്ട്. വസിഷ്ഠാശ്രമം ഒരു സര്‍വ്വകലാശാലയാണെന്നു ഒറ്റനോട്ടത്തില്‍ ബോധ്യപ്പെട്ടു.
കന്യാകുബ്ജത്തിലെ രാജാവിനെ ആശ്രമത്തിലേയ്ക്ക് ആദരവോടെ സ്വാഗതം ചെയ്തുകൊണ്ട് വസിഷ്ഠശിഷ്യന്മാര്‍ അതിഥിശാലയില്‍ വിശ്വാമിത്രനെ ആനയിച്ചിരുത്തി. ആശ്രമത്തില്‍ രാജാവ് എത്തിയതറിഞ്ഞ് സന്തുഷ്ടനായ വസിഷ്ഠമഹര്‍ഷി അപ്പോള്‍ത്തന്നെ അതിഥിശാലയിലെത്തി. വിശാമിത്രനും അംഗരക്ഷകരും മുനിയെ പ്രണമിച്ചു.
”കന്യാകുബ്ജത്തില്‍ അങ്ങ് ആശ്രമം നടത്തുന്നത് എന്റെ രാജ്യത്തിന്റെയും പ്രജകളുടെയും സൗഭാഗ്യമാണ്.” വസിഷ്ഠനെ നമിച്ചുകൊണ്ട് വിശ്വാമിത്രന്‍ പറഞ്ഞു.
രാജാവിന്റെ വാക്കുകളെ പുഞ്ചിരിച്ചുകൊണ്ട് വസിഷ്ഠന്‍ സ്വീകരിച്ചു. ക്ഷീണം അകറ്റാന്‍ വസിഷ്ഠശിഷ്യന്മാര്‍ അവര്‍ക്ക് ഫലമൂലാദികള്‍ നല്‍കി. സല്‍ക്കാരം സ്വീകരിച്ചുകൊണ്ട് തപസ്സിനെക്കുറിച്ചും അഗ്നിഹോത്രം, വനസ്പതികള്‍, ശിഷ്യന്മാര്‍, ഇവരുടെയെല്ലാം ക്ഷേമകാര്യങ്ങളും വിശ്വാമിത്രന്‍ അന്വേഷിച്ചു.
”അല്ലയോ മഹാരാജന്‍, കന്യാകുബ്ജം പ്രകൃതീദേവി അനുഗ്രഹിച്ച ദേശം ആയതിനാലും അങ്ങ് പ്രജാതല്‍പരനും ജ്ഞാനാന്വേഷിയുമായ രാജാവായതിനാലുമാണ് ഇവിടെ ആശ്രമം നടത്താന്‍ ഞാന്‍ തീരുമാനിച്ചത്.” രാജാവിന്റെ വാക്കുകളില്‍ സന്തുഷ്ടി പ്രകടിപ്പിച്ചുകൊണ്ട് വസിഷ്ഠന്‍ പറഞ്ഞു.
ഒരു ഋഷിയെ സംബന്ധിച്ച് തന്റെ ജ്ഞാനത്തെ അംഗീകരിക്കുന്ന ദേശമാണ് അയാളുടെ ആശ്രമത്തിന് അനുയോജ്യമായ സ്ഥലം. തപസ്സ് എന്ന ജ്ഞാനാന്വേഷണത്തിനും, ആശ്രമം എന്നു വിളിക്കുന്ന വിദ്യാകേന്ദ്രത്തിനും ഏതു രാജ്യത്തെ ഏതു ദേശവും തിരഞ്ഞെടുക്കാനുള്ള മുനിമാരുടെ പരമ്പരാഗതമായ അവകാശത്തെ രാജാക്കന്മാരും ചക്രവര്‍ത്തിമാരും ഒരിക്കലും ചോദ്യം ചെയ്യാറില്ല. മാത്രമല്ല ഏതുരാജ്യത്താണോ അവര്‍ ആശ്രമം സ്ഥാപിച്ചിട്ടുള്ളത് ആ രാജ്യത്തെ രാജാവിനാണ് അവരുടെ സംരക്ഷണ ചുമതലയും. ആശ്രമ സംരക്ഷണം രാജാവിന്റെ കര്‍ത്തവ്യത്തില്‍ പ്രധാനപ്പെട്ടതാണ.് രാക്ഷസന്മാര്‍ കാനനത്തില്‍ കടന്നുകയറി വനവാസികളെ തങ്ങളുടെ വരിധിയിലാക്കുകയും മഹര്‍ഷിമാരുടെ വിദ്യാകേന്ദ്രങ്ങള്‍ നശിപ്പിക്കുകയും ചെയ്യുമ്പോഴൊക്കെ രാജാക്കന്മാര്‍ ശത്രുക്കളെ വകവരുത്താറുണ്ട്.
മനുഷ്യനും പ്രകൃതിയും തമ്മില്‍ സമഞ്ജസമായി പൊരുത്തപ്പെട്ടു കഴിയണമെങ്കില്‍ രാജ്യവിസ്തൃതിയുടെ പകുതിയെങ്കിലും കാനനമായിരിക്കണമെന്ന് പിതാവില്‍നിന്നും സഹോദരീ ഭര്‍ത്താവായ ‘ഋചീകനില്‍’നിന്നും വിശ്വാമിത്രന്‍ മനസ്സിലാക്കിയിരുന്നു. അതിനാല്‍ കന്യാകുബ്ജത്തിന്റെ വിസ്തൃതിയുടെ പകുതിയോളം കാനനമായി അദ്ദേഹം നിലനിര്‍ത്തിയിരുന്നു. കാനന നാശത്തിന് കാരണമാകുമെന്ന് കരുതി മൃഗയാ വിനോദംപോലും അപൂര്‍വ്വമായിട്ടേ വിശ്വാമിത്രന്‍ നടത്തിയിരുന്നുള്ളു.
കന്യാകുബ്ജം സമ്പല്‍സമൃദ്ധമായതിന് കാനനം വഹിക്കുന്ന പങ്ക് തിരിച്ചറിഞ്ഞിരുന്നതിനാല്‍ അനിയന്ത്രിതമായി മൃഗങ്ങളെ കൊന്നൊടുക്കാനും വൃക്ഷങ്ങള്‍ മുറിച്ചുമാറ്റാനും വിശ്വാമിത്രന്‍ അനുവദിച്ചിരുന്നില്ല. കാനനത്തില്‍നിന്ന് ഉദ്ഭവിക്കുന്ന നദികള്‍ ഏത് വേനലിലും നഗരത്തിലെ ആളുകള്‍ക്ക് വേണ്ട ശുദ്ധജലം സമ്മാനിച്ചിരുന്നു. വിവിധങ്ങളായ പക്ഷിമൃഗാദികളുടെ വാസസ്ഥലമായ കാനനം സമ്പത്തിന്റെ കലവറയാണെന്നും മനുഷ്യരുടെ താല്‍ക്കാലിക ആവശ്യം നിറവേറാന്‍ അതിനെ നശിപ്പിക്കുന്നത് ശരിയല്ലെന്നും വിശ്വാമിത്രന്‍ മനസ്സിലാക്കിയിരുന്നു.
പത്തു പുത്രന്മാര്‍ക്ക് സമമാണ് ഒരു വൃക്ഷം എന്ന് മനസ്സിലാക്കി, കാനന സംരക്ഷണത്തിനു പ്രത്യേക സേനയും കന്യാകുബ്ജത്തില്‍ ഉണ്ടായിരുന്നു. വളര്‍ത്തുമൃഗങ്ങളുടെ മാത്രമല്ല, കാനനത്തിലെ മൃഗങ്ങളുടെ സംരക്ഷണത്തിനുവേണ്ട നടപടികളും രാജാവ് സ്വീകരിച്ചിരുന്നു. ‘കാട്ടുമൃഗങ്ങള്‍ മനുഷ്യരുടെ വാസസ്ഥലത്തിറങ്ങി കൃഷിക്ക് നാശം വരുത്തുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നു’ എന്ന പരാതികളുമായി വരുന്ന പ്രജകളുടെ പ്രശ്‌നം രാജാവ് രമ്യമായി പരിഹരിച്ചിരുന്നു. പരാതിക്കാരുടെ താമസസ്ഥലത്തിന്റെ പ്രത്യേകത മനസ്സിലാക്കി അവരെ അവരുടെ ജീവിതരീതിക്ക് യോജിച്ച മറ്റുദേശങ്ങളിലേയ്ക്ക് മറ്റിപ്പാര്‍പ്പിച്ച് അവരുടെ ജീവിതം മെച്ചപ്പെടുത്തിക്കൊണ്ടാണ് അത്തരം പ്രശ്‌നങ്ങള്‍ക്ക് രാജാവ് പരിഹാരം കണ്ടത്.
വിശ്വാമിത്രന്‍ ആശ്രമത്തില്‍ വന്നത് കാട്ടില്‍ നായാട്ടിനു വന്ന സന്ദര്‍ഭത്തിലാവും എന്നാണ് വസിഷ്ഠന്‍ കരുതിയത്. സൈന്യ സന്നാഹത്തോടെ നായാട്ടിന് വന്നത് ഉചിതമായില്ലെന്ന് തോന്നിയെങ്കിലും അത് രാജാവിനു മുന്നില്‍ വസിഷ്ഠന്‍ പ്രകടിപ്പിച്ചില്ല. കാട്ടില്‍ കടന്നുകയറിയ ശത്രുക്കളെ തുരത്താനാണ് സൈന്യത്തോടൊപ്പം എത്തിയതെന്ന് സംഭാഷണമദ്ധ്യേ വിശ്വാമിത്രന്‍ വെളിപ്പെടുത്തി. അപ്പോള്‍ വസിഷ്ഠന് വിശ്വാമിത്രനോടു ആദരവു തോന്നി.
”അങ്ങയുടെ ആശ്രമം വേണ്ടവിധം നടക്കുന്നുണ്ടല്ലോ മഹാമുനേ..?” വിശ്വാമിത്രന്‍ ചോദിച്ചു.
”സര്‍വ്വത്ര കുശലം. അങ്ങേയ്ക്കും സുഖം തന്നെയല്ലേ രാജന്‍? ധര്‍മ്മാനുസൃതം പ്രജകളെ സന്തോഷിപ്പിച്ച് അവരെ പാലിക്കുന്നില്ലേ? ഭൃത്യന്മാര്‍ അങ്ങയുടെ ആജ്ഞ അനുസരിക്കുന്നുണ്ടല്ലോ? വൈരികളെ അമര്‍ച്ച ചെയ്യാന്‍ അങ്ങേയ്ക്കു കഴിയുന്നുണ്ടല്ലോ? മിത്രങ്ങള്‍ പുത്ര പൗത്രന്മാര്‍ എന്നിവര്‍ക്കെല്ലാം സുഖം തന്നെയല്ലേ?” വസിഷ്ഠന്‍ ഉപചാരപൂര്‍വ്വം രാജാവിന്റെ ക്ഷേമാന്വേഷണങ്ങള്‍ ആരാഞ്ഞു.
”സര്‍വ്വത്ര കുശലം.”
”അങ്ങ് എന്റെ വിശിഷ്ടാതിഥിയാണ്. അപ്രമേയനായ അങ്ങേയ്ക്കു യഥാര്‍ഹം ആതിഥ്യമരുളേണ്ടത് എന്റെ കര്‍ത്തവ്യമാണ്. അങ്ങ് എന്റെ സല്‍ക്കാരം സ്വീകരിക്കുമെന്നു ഞാന്‍ കരുതുന്നു.” രാജാവിനെ വേണ്ടവിധം സല്‍ക്കരിക്കാമെന്നു മനസ്സിലുറച്ചുകൊണ്ട് വസിഷ്ഠന്‍ പറഞ്ഞു.
”അങ്ങയുടെ ആദരപൂര്‍വ്വമായ ഈ വാക്കുകള്‍ തന്നെ, അതിഥ്യമായി തീര്‍ന്നിരിക്കുന്നു. അവിടുത്തെ ദര്‍ശനം കൊണ്ടും ആശ്രമത്തിലെ ഫലമൂലങ്ങള്‍കൊണ്ടും പാദ്യാചമനീയങ്ങള്‍കൊണ്ടും നാം സര്‍വ്വദാ പൂജിതനായി.” വിശ്വാമിത്രന്‍ പറഞ്ഞു.
”ആശ്രമം സന്ദര്‍ശിക്കാന്‍ മഹാരാജന്‍ എത്തിയതില്‍ ഞാനും അതീവ സന്തുഷ്ഠനാണ്. ശത്രുക്കളെ പരാജയപ്പെടുത്തി ക്ഷീണിതനായിട്ടാണല്ലോ എത്തിയിട്ടുള്ളത്. അങ്ങേയ്ക്കും അനുചരര്‍ക്കും വിശപ്പും ദാഹവും അകറ്റാന്‍ വേണ്ടത് നാം ഉടന്‍ ചെയ്യുന്നതാണ്. അടുത്ത് പുഴയുണ്ട്. കുളികഴിഞ്ഞു എത്തുമ്പോഴേയ്ക്കും അങ്ങേയ്ക്കു നാം യഥോചിതം ആഹാരം നല്‍കുന്നതാണ്.” വസിഷ്ഠന്‍ പറഞ്ഞു.
”മഹാമുനേ, ദേഹശുദ്ധിവരുത്തിയിട്ടാണ് നാം ആശ്രമത്തിലേയ്ക്കു കയറിയത്. അങ്ങ് എനിക്കു വേണ്ടി ഭക്ഷണം ഒരുക്കാമെന്നു പറഞ്ഞപ്പോള്‍ത്തന്നെ വിശപ്പ് പകുതി ശമിച്ചിരിക്കുന്നു. ദ്രുതകര്‍മ്മസേനയോടും കാനനസേനയോടും ഒപ്പമാണ് നാം വന്നിട്ടുള്ളത്. അവര്‍ ആശ്രമത്തിനു പുറത്തെ പുഴയോരത്ത് വിശ്രമിക്കുകയാണ്. അവര്‍ വിശന്നിരിക്കുമ്പോള്‍ ഞാന്‍ മാത്രം വിശപ്പടക്കുന്നത് ഉചിതമല്ല. അതിനാല്‍ അങ്ങയുടെ ക്ഷണം സ്വീകരിച്ചിരിക്കുന്നു എന്നു തന്നെ കരുതണം.” വിശ്വാമിത്രന്‍ പറഞ്ഞു.
”അങ്ങ് പ്രജാതല്‍പരനായ രാജാവാണെന്ന് ഈ വാക്കുകളിലൂടെ വെളിവായിരിക്കുന്നു. ഒപ്പമുള്ളവരും ക്ഷീണിതരായിട്ടുണ്ടാവുമെന്നറിയാം. മാത്രമല്ല, കൊട്ടാരത്തിലെത്താന്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. അതുകൊണ്ട് അങ്ങയോടൊപ്പമുള്ള എല്ലാവരേയും സത്ക്കരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എത്രപേര്‍ ഉണ്ടായാലും അവരുടെയെല്ലാം ഇഷ്ടത്തിനനുസരിച്ചുള്ള ആഹാരം ഞാന്‍ നല്‍കുന്നതാണ്. സന്തോഷത്തോടെ അവരെയെല്ലാം കൂട്ടി വന്നാലും. അങ്ങ് വരുമ്പോഴേയ്ക്കും എല്ലാവര്‍ക്കും വേണ്ട ഭക്ഷണം ഇവിടെ തയ്യാറായിരിക്കും.” വസിഷ്ഠന്‍ പറഞ്ഞു.
തന്നോടൊപ്പമുള്ള നൂറുകണക്കിന് സൈനികര്‍ക്ക് എന്തു ഭക്ഷണമാവും നല്‍കാന്‍ കഴിയുക? ഇത് എങ്ങനെ സാധ്യമാകും എന്നമട്ടില്‍ വിശ്വാമിത്രന്‍ മുനിയെ നോക്കി. വറുതി കാലത്തേയ്ക്ക് സംഭരിച്ചുവച്ച ഫലമൂലാദികളാവും എന്നാണ് വിശ്വാമിത്രന്‍ കരുതിയത്. വസിഷ്ഠന്‍ പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
വസിഷ്ഠമഹര്‍ഷി എല്ലാവരേയും സല്‍ക്കരിക്കാന്‍ തീരുമാനിച്ചകാര്യം നദീതീരത്ത് വിശ്രമിക്കുന്ന സൈനികരെ അറിയിക്കാനായി അനുചരന്മാരെ പറഞ്ഞുവിട്ടശേഷം ആശ്രമപരിസരം സൂക്ഷ്മമായി വീക്ഷിക്കാനായി വിശ്വാമിത്രന്‍ അതിഥിശാലയില്‍നിന്ന് പുറത്തിറങ്ങി.
വര: ഗിരീഷ് മൂഴിപ്പാടം
(തുടരും)