വിശ്വാമിത്രനെയും അനുചരന്മാരേയും സല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നകാര്യം അറിയിക്കാന്‍ വസിഷ്ഠന്‍ കാമധേനുവിന്റെ അടുത്തേയ്ക്കാണ് പോയത്. കാമധേനുവിനെ യഥാവിധി വന്ദിച്ചശേഷം തന്റെ ഇംഗിതം മുനി അവളെ അറിയിച്ചു.
”ശബളേ, ഞാന്‍ പറയുന്നത് നീ കേള്‍ക്കുക. സേനയോടൊപ്പം വന്ന വിശ്വാമിത്രനെ സത്കരിക്കാന്‍ നീ തയ്യാറാവുക. ആര്‍ക്ക് എന്തൊക്കെ ഇഷ്ടമാണെന്ന് മനസ്സിലാക്കി അവര്‍ക്ക് വേണ്ടതെല്ലാം നീ നല്‍കിയാലും. രസങ്ങള്‍, അന്നങ്ങള്‍, പാനങ്ങള്‍, ലേഹ്യങ്ങള്‍, ചോഷ്യങ്ങള്‍ എന്നിവ ചേര്‍ന്ന വിശിഷ്ടമായ ഭക്ഷണം അവര്‍ക്കുവേണ്ടി നീ ഒരുക്കിയാലും.” വസിഷ്ഠന്‍ പറഞ്ഞു.
വസിഷ്ഠന്റെ നിര്‍ദ്ദേശമനുസരിച്ച് കാമധേനു ആര്‍ക്ക് എന്ത് ഇഷ്ടമാണോ അതിന്‍ പ്രകാരം കരിമ്പ്, തേന്‍, മലര്‍, പലതരം കല്ക്കണ്ടം, ശര്‍ക്കര, മൈരേയ മദ്യങ്ങള്‍, വിശിഷ്ട പാനീയങ്ങള്‍, ചൂടുചോറ്, പരിപ്പ്, തൈര് അങ്ങനെ നാനാതരം ഭക്ഷണസാധനങ്ങള്‍ ഞൊടിയിടയില്‍ ഒരുക്കിവച്ചു.
അനുചരന്മാരുമായി ഭക്ഷണത്തിനായി എത്തിയപ്പോള്‍ എല്ലാവര്‍ക്കും വിഭവസമൃദ്ധമായ ഭക്ഷണം തയ്യാറായിരിക്കുന്നത് കണ്ട് വിശ്വാമിത്രന്‍ അത്ഭുതപ്പെട്ടു. ഇത്രവേഗത്തില്‍ ഇത് എങ്ങനെ സാധ്യമായി എന്ന ഭാവത്തില്‍ ആശ്ചര്യത്തോടെ രാജാവ് വസിഷ്ഠനെ നോക്കിയെങ്കിലും ആ ചോദ്യത്തിനും ഒരു പുഞ്ചിരിയിലൂടെയാണ് വസിഷ്ഠന്‍ മറുപടി നല്‍കിയത്.
ഭക്ഷണം കഴിഞ്ഞശേഷം വസിഷ്ഠനോട് കുശലപ്രശ്‌നങ്ങള്‍ നടത്തുന്നതിനിടയില്‍ വിശ്വാമിത്രന്‍ തന്റെ മനസ്സില്‍ കിടന്ന സംശയം ചോദിക്കാന്‍തന്നെ തീരുമാനിച്ചു.
”ഇത്ര വേഗത്തില്‍ വിഭവസമൃദ്ധമായ ഭക്ഷണം നല്‍കാന്‍ അങ്ങേയ്ക്ക് എങ്ങനെയാണ് കഴിഞ്ഞത്.?”
”രാജന്‍, ഞാനല്ല നിങ്ങളെ സല്‍ക്കരിച്ചത്, ആശ്രമത്തില്‍ ഞാന്‍ വളര്‍ത്തുന്ന കാമധേനുവാണ്. കല്പവൃക്ഷംപോലെ ചോദിക്കുന്നതെന്തും നല്‍കാനുള്ള ശേഷി എന്റെ കാമധേനുവിനുണ്ട്.” വസിഷ്ഠന്‍ പറഞ്ഞു.
അതു കേട്ടപ്പോള്‍ കാമധേനുവിനെ തനിക്ക് കിട്ടിയാല്‍ നന്നായിരുന്നു എന്ന ആഗ്രഹം വിശ്വാമിത്രന്റെ മനസ്സിലുദിച്ചു. ഏതെങ്കിലും ഒന്നിനോടുള്ള മോഹം മനസ്സില്‍ ഉണ്ടായാല്‍ അത് ലഭിക്കുന്നതുവരെ വിശ്വാമിത്രന്റെ മനസ്സ് ശാന്തമാകില്ല.
”മഹര്‍ഷേ, അങ്ങ് കാമധേനുവിനെ എനിക്ക് നല്‍കണം. പതിനായിരക്കണക്കിന് പശുക്കളെ ഞാന്‍ അങ്ങേയ്ക്ക് പകരം നല്‍കാം.”
”ക്ഷമിക്കണം മഹാരാജന്‍. പതിനായിരമല്ല ഒരുകോടി പശുക്കളെയോ, വെള്ളിക്കുന്നോ നല്‍കിയാലും കാമധേനുവിനെ ഞാന്‍ ആര്‍ക്കും നല്‍കില്ല. എന്റെ അടുത്തുനിന്ന് ഇവളെ ആര്‍ക്കും കൊണ്ടുപോകാനും കഴിയില്ല. ധീരന് കീര്‍ത്തി എന്നതുപോലെ ശബള എന്നോടൊപ്പം നിത്യയാണ്. ആശ്രമ ജീവിതത്തിന് ആവശ്യമായ ഹവ്യം, പ്രാണയാത്ര, അഗ്നിഹോത്രം, ബലി, ഹോമം, കവ്യം, ക്വാഹാകാരം, വഷ്ടകരം, വിവിധ വിദ്യകള്‍ ഇവയെല്ലാം ഇവളെ ആശ്രയിച്ചാണിരിക്കുന്നത്. ഇവള്‍ എന്റെ സര്‍വ്വസ്വമാണ്. അതിനാല്‍ ഇവളെ അങ്ങ് ആവശ്യപ്പെടരുത്.” വസിഷ്ഠന്‍ വിനയപൂര്‍വ്വം പറഞ്ഞു.
വസിഷ്ഠന്റെ വാക്കുകള്‍ കേട്ടപ്പോള്‍ കോപം ഉണ്ടായെങ്കിലും വിശ്വാമിത്രന്‍ സ്വയം നിയന്ത്രിച്ചു.
”മഹര്‍ഷെ, പൊന്നിന്‍ ചങ്ങലയും പൊന്നിന്‍തോട്ടിയും ചേര്‍ന്ന ആനകളെ അങ്ങേയ്ക്കു നല്‍കാന്‍ എനിക്കു കഴിയും. കിങ്ങിണികള്‍ അണിഞ്ഞ നാലു വെള്ളക്കുതിരകളെ പൂട്ടിയ തേരുകളും ആയിരക്കണക്കിന് കുതിരകളെയും ഞാന്‍ നല്‍കാം. നാനാ വര്‍ണ്ണങ്ങളുള്ളവയും നല്ല പ്രായത്തിലുള്ളവയുമായ പതിനായിരക്കണക്കിനു പശുക്കളെ നല്‍കാം. ശബളയെ എനിക്കു തരിക. രത്‌നമോ സ്വര്‍ണ്ണമോ അങ്ങേയ്ക്ക് എത്രവേണമെങ്കിലും നല്‍കാം. എനിക്ക് കാമധേനുവിനെ വേണം.” വിശ്വാമിത്രന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
”രാജന്‍, അങ്ങ് നല്‍കാമെന്നു പറഞ്ഞതൊന്നും എനിക്ക് ആവശ്യമില്ലാത്തതാണ്. സന്തോഷത്തോടെ ജീവിക്കാന്‍ എന്തിനാണ് അധിക ധനം. ധനം ലഭിച്ചതുകൊണ്ടു സന്തോഷം ലഭിക്കുമെന്ന് അങ്ങ് കരുതുന്നുവോ.? സന്തോഷം മനസ്സിന്റെ ഒരു അവസ്ഥ മാത്രമല്ലേ? ഇവള്‍ എന്റെ ജീവന്റെ ഭാഗമാണ്. ഞാന്‍ ശബളയെ തരില്ല. എന്റെ രത്‌നവും ധനവും എല്ലാം ഇവളാണ്. എന്റെ സര്‍വ്വസ്വവും, ജീവിതവും, ഇവള്‍തന്നെ. ദര്‍ശനങ്ങള്‍, പൂര്‍ണമാസങ്ങള്‍, യജ്ഞങ്ങള്‍, ദക്ഷിണകള്‍, വിവിധ ക്രിയകള്‍ എല്ലാം ഇവളാണ്. ഇവള്‍ കാരണമാണ് എന്റെ സര്‍വ്വ ക്രിയകളും നടന്നുപോകുന്നത്. അതിനാല്‍ കാമധേനുവിനെ അങ്ങേയ്ക്ക് തരാന്‍ എനിക്ക് കഴിയില്ല.”
”മഹര്‍ഷേ, ഞാന്‍ രാജാവാണെന്ന് അങ്ങ് മറക്കുന്നു. രാജ്യത്തുള്ളതെല്ലാം രാജാവിന് അവകാശപ്പെട്ടതാണെന്ന് അങ്ങേയ്ക്ക് അറിയില്ലേ? കാമധേനുവിനെ എനിക്ക് തരില്ലെന്നു പറയാന്‍ അങ്ങേയ്ക്കു അവകാശമില്ല.” വിശ്വാമിത്രന്‍ അധികാര ശബ്ദത്തില്‍ കോപത്തോടെ പറഞ്ഞു.
”ക്ഷമിക്കണം മഹാരാജന്‍. അങ്ങയുടെ ഈ ആഗ്രഹത്തെ തൃപ്തിപ്പെടുത്താന്‍ കഴിയാത്തതില്‍ എനിക്ക് ദുഃഖമുണ്ട്.”
”എങ്കില്‍ അങ്ങയുടെ അനുവാദമില്ലാതെ ഞാന്‍ കാമധേനുവിനെ കൊണ്ടുപോകും” വിശ്വാമിത്രന്‍ കോപത്താല്‍ ജ്വലിച്ചുകൊണ്ട് പറഞ്ഞു.
”അവിവേകം കാട്ടരുത് മഹാരാജന്‍, അവളെ കൊണ്ടുപോകാന്‍ അങ്ങേയ്ക്ക് കഴിയില്ല.” വസിഷ്ഠന്‍ സമചിത്തതയോടെ പറഞ്ഞു.
രാജാവായിട്ടും തന്റെ വാക്കുകളെ അവഗണിക്കുന്ന മഹര്‍ഷിയെ രൂക്ഷമായി നോക്കിയശേഷം വിശ്വാമിത്രന്‍ സൈനികരുടെ അടുത്തേയ്ക്കു പോയി.
”അല്ലയോ ധീരന്മാരായ യോദ്ധാക്കളെ വസിഷ്ഠാശ്രമത്തിലെ കാമധേനുവിനെ എത്രയും പെട്ടെന്ന് നിങ്ങള്‍ എന്റെ മുന്നിലെത്തിക്കുക. അവളെ കൊട്ടാരത്തിലേയ്ക്കു കൊണ്ടുപോകാന്‍ നാം ആഗ്രഹിക്കുന്നു.” വിശ്വാമിത്രന്‍ ആജ്ഞാപിച്ചു.
രാജകല്പന അനുസരിച്ച് കാമധേനുവിനെ ബലാല്‍ക്കാരമായി കൊണ്ടുപോകാനുള്ള തയ്യാറെടുപ്പോടെ ഭടന്മാര്‍ ആശ്രമത്തിലേയ്ക്കു കടന്നു. ആശ്രമത്തിന്റെ പവിത്രതയെ നശിപ്പിക്കാനുള്ള രാജാവിന്റെ ശ്രമത്തില്‍ അതീവ ദുഃഖിതനായ വസിഷ്ഠന്‍ അവിടെ ഉണ്ടാകാന്‍ പോകുന്ന ദുരന്തത്തെ മുന്നില്‍കണ്ട് പ്രതിവിധി ആലോചിച്ച് ധ്യാനനിരതനായി.
രാജഭടന്മാര്‍ ബലംപ്രയോഗിച്ച് കാമധേനുവിനെ കൊണ്ടുപോകാന്‍ തയ്യാറെടുക്കുന്നതു കണ്ടപ്പോള്‍ വസിഷ്ഠന്‍ തന്നെ കൈവെടിയുകയാണോ എന്ന് കാമധേനു സംശയിച്ചു. എന്തുകൊണ്ടാണ് മുനി തന്റെ രക്ഷയ്‌ക്കെത്താത്തത്? താന്‍ എന്തെങ്കിലും തെറ്റ് മഹര്‍ഷിയോട് ചെയ്തിട്ടുണ്ടോ? ഇത്തരത്തില്‍ ചിന്തിച്ചുകൊണ്ട് കാമധേനു നെടുവീര്‍പ്പിട്ടു. വസിഷ്ഠന്‍ തന്നോട് ഒന്നും പറയാത്ത സാഹചര്യത്തില്‍ പ്രതിരോധിക്കാന്‍ തന്നെ അവള്‍ തീരുമാനിച്ചു.
തന്നെ ബന്ധിക്കാന്‍വന്ന ഭടന്മാരുടെ അധീനത്തില്‍നിന്ന് പെട്ടെന്ന് കുതറിമാറി, വായുവേഗത്തില്‍ കാമധേനു വസിഷ്ഠന്റെ അടുത്തെത്തി നമസ്‌കരിച്ചു.
”ഭഗവന്‍, അങ്ങ് എന്നെ, വെടിയുകയാണോ? രാജഭടന്മാര്‍ ബലാല്‍ക്കാരേണ എന്നെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് അങ്ങ് കാണുന്നില്ലേ.?” സങ്കടത്തോടെ കാമധേനു പറഞ്ഞു.
”നിന്നെ ഞാന്‍ വെടിയുകയോ.? ഒരിക്കലുമില്ല. നീ എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ? രാജാവ് സ്വന്തം ശക്തിയില്‍ വിശ്വസിച്ച് എന്നില്‍ നിന്ന് നിന്നെ തട്ടിക്കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്. കരുത്തനായ രാജാവിനുള്ള സൈനികബലം മഹര്‍ഷിയായ എനിക്ക് ഇല്ലെന്ന് നിനക്ക് അറിയില്ലേ? ബലവാന്മാരായ സൈനികരുടെ മുന്നില്‍ എനിക്ക് എന്തു ചെയ്യാന്‍ കഴിയും. എന്നാല്‍ നിന്റെ ശക്തിയെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. രാജഭടന്മാരെ നേരിടാനുള്ള കരുത്ത് നിനക്കുണ്ടെന്ന് എനിക്കറിയാം.” വസിഷ്ഠന്‍ വ്യസനത്തോടെ പറഞ്ഞു.
”മഹര്‍ഷേ, ബാഹുബലത്തില്‍ കരുത്തുള്ള ക്ഷത്രിയനേക്കാള്‍ ബലം, മനോബലത്തില്‍ കരുത്തരായ മഹര്‍ഷിമാര്‍ക്കുണ്ടെന്ന് അങ്ങേയ്ക്കറിയില്ലേ? ബ്രഹ്മജ്ഞാനമുള്ള ഋഷിയാണ് അങ്ങ്. ബ്രഹ്മബലം ദിവ്യമാണ്. അതിനുമുന്നില്‍ ഒരു ക്ഷത്രിയമായ കരുത്തിനും സ്ഥാനമില്ല. വിശ്വാമിത്രന്‍ ബലവാനായിരിക്കാം. എന്നാല്‍ അങ്ങ് അജയ്യനാണ്. അതിനാല്‍ അങ്ങയോളം ബലം അദ്ദേഹത്തിനില്ല. അങ്ങ്, എനിക്ക് അനുവാദം തന്നാല്‍, ദുരാത്മാവായ രാജാവിന്റെ ബലവും ദര്‍പ്പവും ഞാന്‍ ഇപ്പോള്‍ത്തന്നെ ശമിപ്പിക്കുന്നതാണ്.” വിശ്വാമിത്രന്റെ ദുഷിച്ച പ്രവൃത്തിയില്‍ അതൃപ്തയായി കാമധേനു പറഞ്ഞു.
”ശബളേ, നിന്റെ വാക്കുകള്‍ എനിക്ക് അത്യധികമായ സന്തോഷമാണ് നല്‍കുന്നത്. ശത്രുസംഹാരത്തിന് സമര്‍ത്ഥമായ സേനയെ സൃഷ്ടിച്ച് നീ സ്വയം രക്ഷനേടുക. അതിനുള്ള അനുവാദം നിനക്ക് ഞാന്‍ നല്‍കുന്നു.”
വസിഷ്ഠന്റെ വാക്കുകള്‍ കേട്ട കാമധേനു, ശത്രുസംഹാരത്തിനായി തന്റെ സവിശേഷ പ്രഭാവത്താല്‍ ശക്തരായ നൂറുകണക്കിന് പോരാളികളെ അപ്പോള്‍ത്തന്നെ സൃഷ്ടിച്ചു. കരുത്തരായ അവര്‍ വിശ്വാമിത്രന്‍ നോക്കിനില്‍ക്കെ അദ്ദേഹത്തിന്റെ സൈന്യത്തെയെല്ലാം നിലംപരിശാക്കി. പ്രതീക്ഷിക്കാത്തത് സംഭവിച്ചതിലുള്ള അമ്പരപ്പോടെ കോപം പൂണ്ട വിശ്വാമിത്രന്‍ തന്റെ കൈവശമുള്ള വിശേഷാസ്ത്രങ്ങള്‍ കാമധേനുവിന്റെ നേരെ പ്രയോഗിക്കാന്‍ തുടങ്ങി. താന്‍ സൃഷ്ടിച്ച പോരാളികളെ വിശ്വാമിത്രന്‍ കൊന്നൊടുക്കുന്നതു കണ്ട് അതിലും ശക്തരായവരെ കാമധേനു വീണ്ടും സൃഷ്ടിച്ചു. തേജസ്സാര്‍ന്ന അവര്‍ വിശ്വാമിത്രന്റെ സേനയെ പരാജയപ്പെടുത്തി. എന്നാല്‍ വിശ്വാമിത്രന്‍ അപ്പോള്‍ തന്റെ വിശേഷാസ്ത്രങ്ങളാല്‍ കാമധേനു സൃഷ്ടിച്ച വീരന്മാരെയെല്ലാം ചെറുത്തു നിന്നു.
”അങ്ങേയ്ക്ക് എന്റെ കാമധേനുവിനെ കൊണ്ടുപോകാന്‍ കഴിയില്ല മഹാരാജന്‍. അവളുടെ ഇഷ്ടമില്ലാതെ അങ്ങേയ്‌ക്കെന്നല്ല ആര്‍ക്കും എന്റെ ആശ്രമത്തില്‍നിന്ന് അവളെ കൊണ്ടുപോകാന്‍ കഴിയില്ല.” അതുവരെ സൗമ്യനായി നിന്ന വസിഷ്ഠന്‍ കര്‍ക്കശഭാവത്തില്‍ പറഞ്ഞു.
”ഞാന്‍ ഇവളെ കൊണ്ടുപോകും. കാമധേനുവിനോ അങ്ങേയ്‌ക്കോ അതു തടയാന്‍ കഴിയില്ല.”
വസിഷ്ഠന്റെ വാക്കുകള്‍ തിരസ്‌കരിച്ചുകൊണ്ട് ബലാല്‍ക്കാരമായി കാമധേനുവിനെ കൊണ്ടുപോകാനായി വിശ്വാമിത്രന്‍ അഹങ്കാരത്തോടെ കാമധേനുവിന്റെ അടുത്തേയ്ക്കു നടന്നു.
”അല്ലയോ കാമധേനൂ, രാജശക്തിയെ വെല്ലാന്‍ വേണ്ടത് എന്താണോ അതെല്ലാം യോഗശക്തിയാല്‍ സൃഷ്ടിച്ച് രാജാവിന്റെ അഹങ്കാരത്തെ ശമിപ്പിക്കുക.” വസിഷ്ഠന്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
വസിഷ്ഠന്റെ ഇംഗിതം മനസ്സിലാക്കി തന്റെ ശക്തി മുഴുവന്‍ രാജാവിന് നേരെ പ്രയോഗിക്കാന്‍ കാമധേനു തീരുമാനിച്ചു. തന്റെ അടുത്തേയ്ക്കു വരാന്‍പോലും രാജാവിനെ അവള്‍ അനുവദിച്ചില്ല. വാലും കൊമ്പും ഉയര്‍ത്തി സംഹാര രൂപിണിയായി അവള്‍ മാറി. വിശ്വാമിത്രന്‍ അപ്പോഴും തന്റെ കരുത്തിലും സൈന്യത്തിന്റെ ബലത്തിലും അഹങ്കരിച്ച് അവളെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തില്‍നിന്ന് പിന്‍തിരിഞ്ഞില്ല.
കാമധേനുവിന്റെ ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍നിന്ന് വിവിധ തരത്തിലുള്ള യോദ്ധാക്കള്‍ ആയുധങ്ങളുമായി ഉടലെടുത്തു. ഹുംകാരത്തില്‍നിന്ന് രവിസന്നിഭരായ കാംബോജരും, അകിടില്‍നിന്ന് ശസ്ത്രപാണികളായ ബര്‍ബരന്മാരും, യോനിയില്‍നിന്ന് യവനരും, മലദ്വാരത്തില്‍നിന്ന് ശകന്മാരും, രോമകൂപങ്ങളില്‍നിന്ന് മ്ലേച്ഛന്മാരും ഹാരീതരും കിരാതന്മാരും ഉണ്ടായി. അവരെല്ലാവരുംകൂടി ഞൊടിയിടയില്‍ വിശ്വാമിത്രന്റെ സൈന്യത്തെ പരാജയപ്പെടുത്തി.
ഒരു ഋഷിയുടെ നേരെ ആയുധങ്ങള്‍ പ്രയോഗിക്കുന്നത് അധര്‍മ്മമാണെന്ന് അറിയാമായിരുന്നിട്ടും തന്റെ പരാജയത്തിന് കാരണക്കാരന്‍ വസിഷ്ഠനാണെന്നു കണ്ട് വിശ്വാമിത്രന്‍ എല്ലാ മര്യാദകളും മറന്ന് കോപത്തോടെ ആയുധങ്ങളുമായി വസിഷ്ഠന്റെ നേരെ അടുത്തു.
മറ്റുള്ളവരുടെ രക്ഷയ്ക്കായി മാത്രമേ തപശ്ശക്തി ഉപയോഗിക്കാന്‍ പാടുള്ളു എന്ന് പഠിപ്പിക്കുന്ന വസിഷ്ഠന് സ്വന്തം രക്ഷയ്ക്കായി തന്റെ തപശ്ശക്തി ഉപയോഗിക്കേണ്ടി വരുന്നല്ലോ എന്നോര്‍ത്ത് പ്രയാസം തോന്നി. ഗത്യന്തരമില്ലാതെ ആയുധവുമായി വിശ്വാമിത്രനെ നേരിട്ടു. രാജാവിനെ നിഷ്പ്രയാസം വസിഷ്ഠന്‍ പരാജയപ്പെടുത്തി.
വിശ്വാമിത്രന്‍ വര്‍ഷിച്ച കൂരമ്പുകള്‍ വസിഷ്ഠന്റെ ദേഹത്ത് പൂക്കളായി പതിക്കുന്നത് വിശ്വാമിത്രന്‍ കണ്ടു. അല അടങ്ങിയ കടല്‍ പോലെയും, വിഷപ്പല്ലുപോയ പാമ്പുപോലെയും രാഹു വിഴുങ്ങിയ സൂര്യനെപ്പോലെയും ചിറകറ്റ പക്ഷിയെപ്പോലെയും ബലമെല്ലാം ഒടുങ്ങി, ഉത്സാഹം നശിച്ച് ലജ്ജയോടെ വസിഷ്ഠനുമുന്നില്‍ നിന്നപ്പോള്‍ വസിഷ്ഠനോടുള്ള കോപം വിശ്വാമിത്രന്റെ ഉള്ളില്‍ അഗ്നിയായ് ജ്വലിച്ചു.
ക്ഷാത്രവീര്യത്തേക്കാള്‍ ശക്തി ബ്രഹ്മതേജോബലത്തിനാണെന്നും, അതിനാല്‍ രാജാവിനേക്കാള്‍ ശ്രേഷ്ഠന്‍ തപശ്ശക്തിയുള്ള മുനിയാണെന്നും വിശ്വാമിത്രന് ആദ്യമായി ബോധ്യപ്പെട്ടു. ആരുടെ മുന്നിലും പരാജയപ്പെട്ടിട്ടില്ലാത്ത വിശ്വാമിത്രന്‍, ദുര്‍ബ്ബലനെന്നു താന്‍ കരുതിയ ഒരു മുനിയുടെ മുന്നില്‍ പരാജിതനായി നിന്നു.
അധികാരം കയ്യിലുണ്ടെന്ന ധിക്കാരത്തോടെ കാമധേനുവിനെ ബലാത്ക്കാരമായി കൊണ്ടുപോകാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ അധികാരത്തിനേക്കാള്‍ അറിവാണ് വലുതെന്ന് ആദ്യമായി തിരിച്ചറിഞ്ഞു. കാമധേനുവിനോട് പരാജയപ്പെട്ടതു വസിഷ്ഠന്റെ ബ്രഹ്മതേജോ ബലംകൊണ്ടാണെന്നു വിശ്വാമിത്രന് മനസ്സിലായി.
** **
പരാജിതനായി കൊട്ടാരത്തില്‍ തിരിച്ചെത്തിയ വിശ്വാമിത്രന് രാജകിരീടം ഭാരമായി അനുഭവപ്പെട്ടു. ഉറക്കമില്ലാതെ ദിനരാത്രങ്ങള്‍ കടന്നുപോയി. ഏറെ നാളത്തെ ആലോചനയ്ക്കുശേഷം മന്ത്രിയോടും പുരോഹിത
ന്മാരോടുപോലും ആലോചിക്കാതെ രാജ്യം ഉപേക്ഷിച്ച് ബ്രഹ്മതേ ജോബലം നേടണം എന്ന ലക്ഷ്യത്തോടെ വിദേഹരാജ്യത്തിന്റെ കിഴക്കേ അതിര്‍ത്തിയിലൂടെ ഒഴുകുന്ന കൗശികി നദിയുടെ തീരത്തേക്കാണ് വിശ്വാമിത്രന്‍ പോയത്. സര്‍വ്വ ശക്തിയുടെയും സര്‍വ്വ വിദ്യയുടെയും പിതാവായ പരമശിവനെ ഗുരുവായി സ്വീകരിച്ചുകൊണ്ട് കഠിനമായ തപസ്സ് ആരംഭിച്ചു.
(തുടരും)