- വസിഷ്ഠസന്ദേശം (വിശ്വാമിത്രന്‍ 1)
- വസിഷ്ഠസല്‍ക്കാരം (വിശ്വാമിത്രന്‍ 2)
- കാമധേനു ( വിശ്വാമിത്രന്‍ 3)
- കുറ്റബോധത്തോടെ വിശ്വാമിത്രൻ (വിശ്വാമിത്രൻ 43)
- ബ്രഹ്മര്‍ഷി (വിശ്വാമിത്രന്‍ 4)
- വസിഷ്ഠചിന്ത (വിശ്വാമിത്രന്‍ 5)
- കന്യാകുബ്ജം (വിശ്വാമിത്രന്‍ 6)
”അല്ലയോ മഹര്‍ഷിമാരെ, ഇന്ദ്രന്‍ അഹല്യയെ അപമാനിച്ചിരിക്കുന്നു. അതുവഴി അയാള്‍ എന്നോടും അപരാധം ചെയ്തിരിക്കുന്നു. അത് ആശ്രമത്തെയും ആശ്രമവാസികളേയും അപമാനിക്കുന്നതിന് തുല്യമാണ്. ഇന്ദ്രന് ഉചിതമായ ശിക്ഷ നല്‍കിയില്ലെങ്കില്‍ ഒരു സ്ത്രീയുടെ പാതിവ്രത്യവും സുരക്ഷിതമാവില്ല. ദുര്‍ന്നടപ്പുകാരനായ ഇന്ദ്രനെ ദേവരാജ പദവിയില്‍നിന്നും ഋഷിമാരുടെ സംരക്ഷക പദവിയില്‍നിന്നും സ്ഥാനഭ്രഷ്ടനാക്കണം” ഗൗതമന്‍മഹര്‍ഷി അവിടെ ഉണ്ടായിരുന്ന എല്ലാവരും കേള്‍ക്കെ ഉറക്കെ വിളിച്ചു പറയുമ്പോള്‍ സ്വയം നിയന്ത്രിക്കാന്‍ വല്ലാതെ പാടുപെട്ടു. ആ രംഗം വിശ്വാമിത്രന്റെ മനസ്സിനെ വല്ലാതെ മഥിക്കുന്നുണ്ടായിരുന്നു.
”മഹര്‍ഷിമാര്‍ മൗനംപാലിച്ചത് എന്തുകൊണ്ടാണ് ഗുരോ?” എതോ ആലോചനയില്‍ മുഴുകിനില്‍ക്കുന്ന മുനിയോട് രാമന്‍ ചോദിച്ചു.
”ഞാന്‍ പറഞ്ഞല്ലോ രാമാ. മറ്റുള്ള മഹര്‍ഷിമാരെപ്പോലെ അന്നു മൗനം പാലിക്കേണ്ടിവന്നതില്‍ ഇപ്പോഴും എനിക്ക് കുറ്റബോധമുണ്ട്.”
കുറ്റംചെയ്ത്, പിതാവിനു മുന്നില്‍ നില്‍ക്കുന്ന കുട്ടിയെപ്പോലെ വിശ്വാമിത്രന്‍ ആദ്യമായി രാമന്റെ നോട്ടത്തെ എതിരിടാനാവാതെ അകലേയ്ക്കു നോക്കിക്കൊണ്ട് പറഞ്ഞു.
”ക്ഷത്രിയനായ അങ്ങ് കടുത്ത പോരാട്ടത്തിലൂടെ നേടിയെടുത്ത ബ്രഹ്മര്‍ഷിസ്ഥാനത്തിന് വല്ല കോട്ടവും സംഭവിക്കുമോ എന്ന്, ഭയന്നിട്ടുണ്ടാവും?” വിശ്വാമിത്രനെ കുറ്റപ്പെടുത്തിക്കൊണ്ട് ലക്ഷ്മണന്‍ പറഞ്ഞു.
”ലക്ഷ്മണാ..” രാമന്‍ ശാസനാ ശബ്ദത്തിലാണ് വിളിച്ചത്.
അനീതിയോട് ലവലേശം വിട്ടുവീഴ്ച ചെയ്യാത്ത ലക്ഷ്മണന്‍, ക്ഷുഭിതനായി മഹര്‍ഷിയോട് അങ്ങനെ ചോദിക്കുമെന്ന് രാമനും വിശ്വാമിത്രനും തീരെ പ്രതീക്ഷിച്ചില്ല. എല്ലാവരുടെ മുഖത്തും പരിഭ്രാന്തി പരന്നിരുന്നു. എന്നാല്‍ വിശ്വാമിത്രന്‍ വളരെ ശാന്തനായാണ് ലക്ഷ്ണമനോട് സംസാരിച്ചത്.
”ഇന്ദ്രനെ എതിര്‍ത്താല്‍, എന്റെ ബ്രഹ്മര്‍ഷിസ്ഥാനത്തെ ഇന്ദ്രന്‍ ചോദ്യം ചെയ്യും എന്നെനിക്കറിയാം. അതെനിക്ക് പ്രശ്‌നമായിരുന്നില്ല. എതിര്‍ക്കാഞ്ഞത് അതുകൊണ്ടല്ല. ജന്മനാ ക്ഷത്രിയനായ എന്റെ എതിര്‍പ്പുകൊണ്ട് എന്തുഫലം? ഇന്ദ്രന്‍ കുറ്റക്കാരനാണെന്ന് പറഞ്ഞാന്‍ ഞാന്‍ ഒറ്റപ്പെട്ടുപോകുമെന്ന് എനിക്ക് അറിയാം. എങ്കിലും ഞാന്‍ എതിര്‍ക്കേണ്ടതായിരുന്നു. മൗനംപാലിച്ചത് എനിക്ക് പറ്റിയ തെറ്റാണ്. എന്റെ ഹൃദയം അതില്‍ ഇപ്പോഴും തപിക്കുന്നുണ്ട്” വിശ്വാമിത്രന്‍ കുറ്റബോധത്തോടെ പറഞ്ഞു.
”ഉന്നതസ്ഥാനം അലങ്കരിക്കുന്ന ആളായതുകൊണ്ട് തെറ്റ് തെറ്റാല്ലാതാകുമോ? അവിടെക്കൂടിയ ആചാര്യന്മാര്‍ ഗൗതമനെ പിന്‍തുണയ്ക്കാതിരുന്നത് മഹാകഷ്ടം?” രാമന്‍ പറഞ്ഞു.
”ഭരണാധികാരി എത്ര ശക്തനാണെങ്കിലും അനീതി ചെയ്താല്‍, അതിനെതിരെ ശബ്ദിക്കാനുള്ള മാനസിക ധൈര്യം സമൂഹം നേടേണ്ടതുണ്ട്. കൂട്ടായ എതിര്‍പ്പിനെ അതിജീവിക്കാന്‍ ഒരു ശക്തനായ ഭരണാധികാരിക്കും കഴിയില്ല. അന്ന് ഇന്ദ്രനെ കുറ്റക്കാരനാക്കാന്‍ ഞാന്‍ ശ്രമിച്ചതുകൊണ്ട് ഫലമില്ലെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. ഞാന്‍ അഹല്യയെ രക്ഷിക്കാന്‍ പുറപ്പെട്ടാല്‍, അഹല്യയോട് സഹാനുഭൂതി കാട്ടുന്നത് അഹല്യയോടുള്ള ആസക്തികൊണ്ടാണെന്ന് പറഞ്ഞ് എന്നെ സ്ത്രീജിതനാക്കാന്‍ ആ സന്ദര്‍ഭം ഇന്ദ്രന്‍ ഉപയോഗിക്കുമെന്നു ഉറപ്പായിരുന്നു. ‘സുന്ദരിയായ ഒരു അപ്‌സരസ്സിനെ കണ്ടപ്പോള്‍ അവളുടെ സൗന്ദര്യത്തില്‍ ഭ്രമിച്ച് തപസ്സുപോലും ഉപേക്ഷിച്ച് പ്രേമാഭ്യാര്‍ത്ഥന നടത്തി, അവളുടെ പിന്നാലെ പോയി’ എന്നു പരസ്യമായി പരിഹസിക്കാന്‍ കിട്ടുന്ന സന്ദര്‍ഭം ഇന്ദ്രന്‍ എന്റെ നേരെ പ്രയോഗിക്കുമായിരുന്നു. എങ്കിലും അന്നു പ്രതികരിക്കാത്തതിലുള്ള പ്രയാസം, എന്റെ മനസ്സിനെ ഇപ്പോഴും അസ്വസ്ഥമാക്കുന്നു രാമാ..” വിശ്വാമിത്രന്റെ വാക്കുകള്‍ ഇടറിയിരുന്നു.
വിശ്വാമിത്രന്‍ ആ പരിസരമാകെ വീക്ഷിച്ചുകൊണ്ട് ചിന്താമഗ്നനായി. ഇന്ദ്രന്‍ തന്നോടു പലവട്ടം കാട്ടിയ അനീതിയെക്കുറിച്ചോര്‍ത്തപ്പോള്‍ ഇന്ദ്രനിയോഗത്താല്‍ തന്റെ തപസ്സുമുടക്കാന്‍ വന്ന മേനകയെ സ്വീകരിച്ച സന്ദര്‍ഭമാണ് വിശ്വാമിത്രന്റെ മനസ്സിലേയ്ക്കു വന്നത്.
മേനക
മേനകയെക്കുറിച്ചോര്‍ത്തപ്പോള്‍ വിശ്വാമിത്രന് ഇന്ദ്രനോടുള്ള കോപം വീണ്ടും ജ്വലിച്ചു. എന്തെല്ലാം ജ്ഞാനങ്ങള്‍നേടി മനസ്സിനെ ചിട്ടപ്പെടുത്തിയാലും ചിലപ്പോള്‍ മനസ്സ് അനുസരണയില്ലാത്ത ചെന്നായയെപ്പോലെയാണ്. മേനക തപസ്സുമുടക്കാന്‍ വന്നവളാണെന്ന് എന്തേ തിരിച്ചറിയാന്‍ കഴിയാതെ പോയി? മേനകയില്‍ മതിമയങ്ങിയ രംഗം വിശ്വാമിത്രന്റെ ഓര്‍മ്മയില്‍ തെളിഞ്ഞുവന്നു. ആ ഓര്‍മ്മ വിശ്വാമിത്രനെ വല്ലാതെ അസ്വസ്ഥനാക്കി. ശരീരം പതിവില്ലാതെ വിയര്‍ത്തു. ഹിമാലയ തടത്തിലെ മാലിനീ നദിയുടെ തീരത്തെ മനോഹരമായ കാഴ്ചകള്‍ മനസ്സിലേയ്ക്ക് അലയടിച്ചുവന്നു. ഇപ്പോഴും മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വിശ്വാമിത്രന്‍ ചിന്തിച്ചു.
മേനകയെക്കുറിച്ചും മാലിനീനദിതീരത്തെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ സമ്മാനിക്കുന്നത് സന്തോഷമാണോ, സന്താപമാണോ എന്ന് വിശ്വമിത്രന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അവളുടെ രൂപലാവണ്യത്തില്‍ എല്ലാം മറന്നുപോയത് എന്തുകൊണ്ടാണ്? അവള്‍ തന്നില്‍നിന്ന് ഗര്‍ഭം ധരിച്ചിരിക്കുന്നു എന്നറിയുന്നതുവരെ അവളുമായി സല്ലപിക്കാന്‍ തോന്നിയത് എന്തുകൊണ്ടാണ്? നൂറുനൂറു ചോദ്യങ്ങള്‍ വിശ്വാമിത്രന്റെ മനസ്സിലേയ്ക്കു കയറിവന്നു. തന്റെ മനസ്സിനെ വിശ്വാമിത്രന്‍ പെട്ടെന്ന് നിയന്ത്രിച്ചു.
ആര്യാവര്‍ത്തത്തിലെ അതിശക്തരായ രണ്ടു ചക്രവര്‍ത്തിമാരാണ് ജനകനും ദശരഥനും എന്ന് വസിഷ്ഠഗുരു പറഞ്ഞത് ശരിയല്ലെന്ന് രാമന് തോന്നി. ജനകന്റെ അധീനതയിലുള്ള ആശ്രമത്തില്‍ നടന്ന വിശിഷ്ടമായ ചടങ്ങില്‍ അതിഥിയായി എത്തിയ ഇന്ദ്രന്‍ ആചാര്യഭാര്യയെ അപമാനിക്കാന്‍ മുതിര്‍ന്നകാര്യം ആലോചിച്ചപ്പോള്‍ രാമന്റെ രക്തം ചൂടുപിടിച്ചു. ജനകന്‍ അവിടെ ഇല്ലായിരുന്നു എന്നത് ശരിതന്നെ. എന്നാല്‍ അക്കാര്യം അറിഞ്ഞിട്ടും എന്തുകൊണ്ട് ജനകന്‍ മൗനം പാലിച്ചു?
ആചാര്യന്റെ ധര്‍മ്മപത്‌നിയെ അപമാനിക്കാന്‍ ധൈര്യം കാട്ടിയ ഇന്ദ്രന് എങ്ങനെ ദേവാധിദേവനായി വാഴാന്‍ കഴിയും. അധികാരത്തിന്റെയും സമ്പത്തിന്റെയും പിന്‍ബലത്തില്‍ തന്റെ ദുരാഗ്രഹങ്ങളെന്തും നേടിയെടുക്കാന്‍ ആഗ്രഹിക്കുന്ന അധമനായി അധഃപതിക്കാന്‍ ഒരു ദേവരാജന് എങ്ങനെ കഴിയും? അഗ്നിസാക്ഷിയായി സ്വീകരിച്ച പുരുഷനെയല്ലാതെ മറ്റാരേയും മനസ്സില്‍ ചിന്തിക്കുകപോലും ചെയ്യാത്ത അഹല്യയോട് അനീതി കാട്ടിയ ഇന്ദ്രനോടുള്ള പക രാമന്റെ ഹൃദയത്തില്‍ നുരഞ്ഞുപൊന്തി.
”ചോദ്യംചെയ്യേണ്ടതിനെ ചോദ്യംചെയ്യാന്‍ മടികാണിക്കുന്നവരുടെ ശബ്ദം അടിമയുടേതല്ലേ മഹാമുനേ? സാംസ്‌കാരിക പ്രവാചകരും പ്രചാരകരും എന്നഭിമാനിക്കുന്ന മഹാപണ്ഡിതന്മാര്‍ അടിമകളെപ്പോലെ അധപ്പതിക്കുന്നത് എന്തുകൊണ്ടാണ്? അംഗീകാരങ്ങളോ സ്ഥാനമാനങ്ങളോ ലഭിക്കുന്നതിന് തന്റെ പ്രതിഷേധം തടസ്സമാകുമെന്ന് ഭയക്കുന്നവരെ സാംസ്‌കാരിക നായകന്മാരെന്നു എങ്ങനെ വിളിക്കാന്‍ കഴിയും” തെറ്റുചെയ്തവന്‍ രക്ഷപ്പെട്ടതിലുള്ള അമര്‍ഷം രാമന്റെ വാക്കുകളില്‍ ജ്വലിച്ചുനിന്നു.
”രാമാ, ഞാനും അന്നവിടെ ഉണ്ടായിരുന്നു എന്നു പറയാന്‍ ഇപ്പോള്‍ ലജ്ജ തോന്നുന്നു..” കുറ്റബോധത്തോടെ വിശ്വാമിത്രന്‍ പറഞ്ഞു. ”അങ്ങും മൗനംപാലിച്ചു. ബ്രഹ്മര്‍ഷിസ്ഥാനം അതുകൊണ്ട് അങ്ങേയ്ക്ക് നഷ്ടമായില്ല” രാമന്‍ ആദ്യമായി വിശ്വാമിത്രനെ കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞു.
”അതെ, ആ തെറ്റ് എന്റെ മനസ്സിനെ ഇപ്പോഴും അസ്വസ്ഥമാക്കുന്നുണ്ടെന്ന് പറഞ്ഞല്ലോ. ഞാന്‍ ചെയ്ത തെറ്റിന് പരിഹാരം കാണാന്‍ നീ എന്നെ സഹായിക്കണം. ഞാന്‍ ഇതുവഴി നിന്നെ കൊണ്ടുവന്നതു ആ തെറ്റുതിരുത്തുന്നതിനാണ്. അഹല്യ കുറ്റക്കാരിയല്ലെന്ന് ലോകം അറിയണം. രാമാ, നീ അയോദ്ധ്യയിലെ രാജാവിന്റെ പ്രതിപുരുഷനായ രാജകുമാരനാണ്. നാളെ അയോദ്ധ്യയുടെ എന്നല്ല ആര്യാവര്‍ത്തത്തിലെ ചക്രവര്‍ത്തിയാകേണ്ടവന്‍. നിന്റെ വാക്കുകള്‍ അഹല്യയ്ക്ക് ആശ്വാസമാകും. അഹല്യയെ നീ ആശ്വസിപ്പിക്കണം. നീ അവര്‍ക്ക് ശക്തിപകര്‍ന്ന് അവരെ വീണ്ടും ഗൗതമ മഹര്‍ഷിയോട് ചേര്‍ക്കണം. നിനക്കുമാത്രമാണ് അതിനു കഴിയുക. നീ അവരെ അംഗീകരിച്ചാല്‍ എല്ലാവരും അവരെ സ്വീകരിക്കും. നീ അതു ചെയ്യണം. നിര്‍വികാരയായി ശിലപോലെ കഴിയുന്ന അവരെ നീ കരകയറ്റണം” വിശ്വാമിത്രന്‍ ദൃഢമായ ശബ്ദത്തില്‍ പറഞ്ഞു.
അതുവരെ രാമന്റെ മുന്നില്‍ വീരനായ ഗുരുവായി നിന്ന വിശ്വാമിത്രന്‍ തന്റെ ദൗര്‍ബല്യത്തെ അംഗീകരിച്ച് ദീര്‍ഘമായി നിശ്വസിച്ചുകൊണ്ട് വിനീതനായി നിന്നു. അന്ന് ഇന്ദ്രനെതിരെ ശബ്ദിക്കാന്‍ കഴിയാതെപോയത് വലിയ അപരാധംതന്നെയാണ്. ദേവാധിദേവന് എതിരായി പറഞ്ഞാല്‍ തങ്ങളുടെ പദവി നഷ്ടപ്പെടുമെന്ന് മറ്റു മഹര്‍ഷി ശ്രേഷ്ഠന്മാര്‍ ഭയന്നതുപോലെ താനും ഭയന്നു. ബഹുമതികള്‍ക്കായി ചക്രവര്‍ത്തിയുടെ മുന്നില്‍ സ്തുതിപാഠകരായി നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ ഒരാളായി തന്നെയും ലോകം കാണുമോ എന്നാണ് വിശ്വാമിത്രന്‍ ആലോചിച്ചത്.
”തെറ്റ് ചെയ്തത് ശക്തനാണെന്നു കരുതി അയാള്‍ക്കെതിരെ മൗനം പാലിക്കുന്നത് തെറ്റുചെയ്യുന്നതിനെ അംഗീകരിക്കലാണ്. എന്നാല്‍ വൈകിയാണെങ്കിലും അതു തിരുത്തപ്പെടുന്നത് ഉചിതം തന്നെ” രാമന്റെ ശബ്ദം പതിവിലും ദൃഢമായിരുന്നു. രാമനില്‍ നിന്നും താന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചത് കേട്ടപ്പോള്‍ വിശ്വാമിത്രന് ആശ്വാസമായി.
”രാമാ, വനവാസികളെ സംരക്ഷിച്ചും അവരുടെ സംരക്ഷണം സ്വീകരിച്ചും അഹല്യ ഗൗതമ മഹര്‍ഷിയില്‍നിന്ന് അകന്ന് കഴിയാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. അവരെ തെറ്റുകാരിയായി ഗൗതമമഹര്‍ഷി കണ്ടിരുന്നില്ല. എന്നാല്‍ പത്‌നിയെക്കുറിച്ച് ആരെങ്കിലും അപവാദം പറയുന്നതു കേട്ടിരിക്കാനുള്ള കരുത്ത് അദ്ദേഹം ആര്‍ജ്ജിച്ചിരുന്നില്ല.”
”അതുകൊണ്ടാവും ധര്‍മ്മപത്‌നിയെ ഉപേക്ഷിച്ച് മകനെയും കൂട്ടി മിഥിലയിലേയ്ക്കു പോയി അവിടുത്തെ ആശ്രമത്തിലെ ആചാര്യസ്ഥാനം ഏറ്റെടുത്തത്” രാമന്‍ പരിഹാസസ്വരത്തില്‍ പറഞ്ഞു.
”കുമാരന്‍ സത്യം എന്തെന്ന് മനസ്സിലാക്കണം. അഹല്യയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങിയാണ് ഗൗതമമഹര്‍ഷി അഹല്യയെ വിട്ട് മിഥിലയിലേയ്ക്കു പോയത്. കളങ്കം സംഭവിച്ച ആശ്രമത്തില്‍ ശിഷ്യന്മാര്‍ എത്തില്ലെന്ന് അഹല്യക്കറിയാം. മാത്രമല്ല ആശ്രമ പരിചരണത്തിന് രാജാവിന്റെ സഹായധനവും ലഭിക്കില്ല. ആചാര്യസ്ഥാനമില്ലാത്ത മഹര്‍ഷി പല്ലുകൊഴിഞ്ഞ സിംഹമാണ്. ഗൗതമമഹര്‍ഷിക്കു മാത്രമല്ല മകനായ ശതാനന്ദനും ഭാവിയില്‍ ലഭിക്കാവുന്ന ആചാര്യസ്ഥാനം താന്‍ കാരണം നഷ്ടപ്പെടരുതെന്ന് കരുതി കളങ്കം സ്വയം ഏറ്റ്, അഹല്യ അവരെ ആശ്രമത്തില്‍നിന്നും പറഞ്ഞയയ്ക്കുകയായിരുന്നു” വിശ്വാമിത്രന്‍ പറഞ്ഞു.
”കളങ്കിതയായ പത്‌നിയുമായി തനിക്ക് ഇനിമേല്‍ യാതൊരു ബന്ധവുമില്ലെന്ന് സ്ഥാപിക്കാനല്ലേ മഹര്‍ഷി മകനെയുംകൂട്ടി ഒളിച്ചോടിയത്?” രാമന്‍ ചോദിച്ചു.
”അങ്ങനെ ഒളിച്ചോടുന്നവനല്ല ഗൗതമന്‍. കാര്യങ്ങള്‍ എല്ലാം അറിയുന്ന ജനകന് ആചാര്യനായി മറ്റൊരാളെയും സ്വീകരിക്കാന്‍ കഴിയില്ല. ജനകന്റെ നിര്‍ബ്ബന്ധത്തിന് വഴങ്ങിയാണ് അഹല്യയുടെ പൂര്‍ണ്ണ സമ്മതത്തോടെ ഗൗതമന്‍ ഇവിടെ നിന്നും മിഥിലയിലേക്കു പോയത്.”
വിശ്വാമിത്രന്‍ ഗൗതമമഹര്‍ഷിയെ കുറ്റവിമുക്തനാക്കാന്‍ ശ്രമിക്കുകയാണെന്ന് രാമന് തോന്നി.
”അപ്പോള്‍ ഗൗതമ മഹര്‍ഷി അഹല്യയെ ശപിച്ചു എന്ന കഥ..?” രാമന്‍ ചോദിച്ചു. ”രാജാവിനുവേണ്ടി കഥകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കാന്‍ എല്ലാ കൊട്ടാരങ്ങളിലും വൈതാളികന്മാര്‍ ഉണ്ടല്ലോ. അവരുണ്ടാക്കുന്ന കഥകളെല്ലാം സത്യമാണെന്ന് നീ വിശ്വസിക്കുന്നുണ്ടോ? നിന്റെ ചെറിയമ്മ കൈകേയി, ദശരഥരാജന്റെ സമ്മതത്തോടെ വൈതാളികരെക്കൊണ്ട് ഉണ്ടാക്കിയ വീര കഥകളെല്ലാം ശരിയാണെന്ന് നീ ആത്മാര്‍ത്ഥമായും വിശ്വസിക്കുന്നുണ്ടോ കുമാരാ?”
അയോദ്ധ്യയിലെ അന്തര്‍നാടകങ്ങള്‍ രാമന് നന്നായി അറിയാമെന്ന് മനസ്സിലാക്കി വിശ്വാമിത്രന്‍ പരുഷമായിട്ടാണ് പറഞ്ഞത്. അതുകേട്ട് രാമന്‍ മൗനം പാലിച്ചു.
”ഗൗതമന്‍ ഇന്ദ്രനെ ശപിച്ചിട്ടുണ്ട്. എന്നിട്ടും അധികാരത്തിന്റെ കേന്ദ്രരൂപമായ ഇന്ദ്രന്‍ അതിനെയെല്ലാം അതിജീവിക്കുന്നു” വിശ്വാമിത്രന്‍ പറഞ്ഞു.
”അഹല്യ ക്ഷണിച്ചിട്ടാണ് താന്‍ അവരെ സമീപിച്ചതെന്ന് എല്ലാവരുടെയും മുന്നില്‍ അഭിമാനം രക്ഷിക്കാന്‍ ഇന്ദ്രന്‍ പറഞ്ഞപ്പോള്‍ അത് കെട്ടുകഥയാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നിട്ടും ഗൗതമന്‍ അഹല്യയെവിട്ട് മിഥിലയിലേയ്ക്ക് പോയി. അതുവഴി സമൂഹത്തിന്റെ മുന്നില്‍ അവര്‍ തെറ്റുകാരി ആയില്ലേ? ആ കഥയല്ലേ പ്രചരിച്ചതും. പത്‌നിയെ കുറ്റക്കാരിയാക്കിയിട്ട് ജനകന്‍ പുതിയതായി ആരംഭിച്ച വിദ്യാകേന്ദത്തിന്റെ ആചാര്യപദവി എറ്റെടുത്തതുവഴി എന്തു സന്ദേശമാണ് മഹര്‍ഷി നല്‍കിയത്?” രാമന്‍ ക്ഷുഭിതനായി ചോദിച്ചു.
”അഹല്യ ചെയ്ത തെറ്റ് എന്താണ് ഗുരോ?”
എല്ലാം കേട്ട് കോപം ഉള്ളിലൊതുക്കി ലക്ഷ്മണന്‍ മൗനം വെടിഞ്ഞു.
”തെറ്റ് ചെയ്‌തോ എന്നത് പ്രധാനമാണ്. എന്നാല്‍ അതിനേക്കാള്‍ പ്രധാനമായ മറ്റൊരു കാര്യമുണ്ട്. രാജാവിനെക്കുറിച്ചോ രാജഗുരുക്കന്മാരെക്കുറിച്ചോ എന്തെങ്കിലും അപവാദം നാട്ടില്‍ പ്രചരിക്കുന്നുണ്ട് എന്നറിഞ്ഞാല്‍ അറിയാത്ത ഭാവത്തില്‍ ഇരിക്കുന്നത് രാജാവിനോ ആചാര്യനോ ചേര്‍ന്നതല്ല. ഇല്ലാത്ത കാര്യങ്ങളാണ് പ്രജകള്‍ മനസ്സിലാക്കുന്നതും പ്രചരിക്കുന്നതും എങ്കില്‍പോലും തങ്ങള്‍ വഹിക്കുന്ന പദവിയില്‍നിന്ന് മാറിനില്‍ക്കുകയാണ് ആദ്യം വേണ്ടത്. സംഭവത്തിന് കാരണമായ വസ്തുതയെ ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടി യഥാര്‍ത്ഥ വസ്തുത അവരെ ബോധ്യപ്പെടുത്തിശേഷം അവര്‍ക്ക് പഴയ പദവികള്‍ സ്വീകരിക്കുന്നതിന് തടസ്സമില്ല എന്ന മഹത്തായ സന്ദേശമാണ് ഗൗതമമഹര്‍ഷി തന്റെ ജീവിതത്തിലൂടെ നല്‍കിയത്. അതുവരെ ഒരു രാജാക്കന്മാരും മഹര്‍ഷിമാരും ചെയ്യാത്ത കാര്യമാണ് ഗൗതമമഹര്‍ഷി മാതൃകയായി ഭാര്യയെ താല്ക്കാലികമായി ഉപേക്ഷിച്ചതുവഴി ജീവിതത്തിലൂടെ കാട്ടിക്കൊടുത്തത്” വിശ്വാമിത്രന്‍ പറഞ്ഞു.
”എത്രയും പെട്ടെന്ന് എനിക്ക് ആ തപസ്വിനിയെ കാണണം” രാമന്‍ ഒരു വാഗ്വാദത്തിന് തയ്യാറാകാതെ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
രാമന്റെ വാക്കുകള്‍ കേട്ടപ്പോള്‍ വിശ്വാമിത്രന് സന്തോഷമായി. രാമനില്‍നിന്ന് താന്‍ കേള്‍ക്കേണ്ടത് കേട്ടതിലുള്ള സന്തോഷത്തോടെ വിശ്വാമിത്രന്‍ അല്പനേരത്തേയ്ക്ക് ഒന്നും പറയാതെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. മുനിയുടെ മനസ്സില്‍ വ്യത്യസ്തമായ സംവാദങ്ങള്‍ അപ്പോഴും നടക്കുന്നുണ്ടായിരുന്നു.
”രാമാ, ഇപ്പോള്‍ത്തന്നെ നമുക്ക് അഹല്യയുടെ ആശ്രമത്തിലേയ്ക്കു പോകാം. അതാ അവിടെയാണ് അവര്‍ വെന്തുരുകി കാലം കഴിച്ചുകൂട്ടുന്നത്” അകലെകണ്ട ആശ്രമത്തിലേയ്ക്കു വിരല്‍ചൂണ്ടി വിശ്വാമിത്രന്‍ പറഞ്ഞു.
രാമന്റെ കണ്ണുകള്‍ കൂടുതല്‍ പ്രകാശമാനമായി. ആശ്രമങ്ങളെല്ലാം അതി ബൃഹത്തായ സര്‍വ്വകലാശാലയാണെന്നറിയാം. യജ്ഞശാലകളിലും ആയോധന കളരികളിലും പരീക്ഷണശാലകളിലും അനേകം ശിഷ്യന്മാര്‍ ഉണ്ടെങ്കിലും ആശ്രമം ഏകാന്തമായിരിക്കും. പശു, പക്ഷി, മൃഗാദികളെയും വൃക്ഷലതാദികളെയും പരിപാലിച്ചുകൊണ്ടുള്ള വിശേഷപ്പെട്ട വിദ്യാഭ്യാസം. ഏകാന്തമായ ഈ വിസ്തൃത ഭൂപ്രദേശം ഒരു കാലത്ത് എങ്ങിനെ ശോഭിച്ചിട്ടുണ്ടാവും എന്നാണ് ആ പ്രദേശത്തേയ്ക്ക് കണ്ണോടിച്ചപ്പോള്‍ ആലോചിച്ചത്. രാമന്റെ കണ്ണുകള്‍ അവിടെത്തന്നെ ഉടക്കിക്കിടന്നു.
രക്തവും മാംസവുമില്ലാത്ത ശരീരം എന്നപോലെ ആശ്രമത്തിന്റെ അന്തരീക്ഷം ആകെ മാറിയിരിക്കുന്നു. എന്നാല്‍ പ്രകൃതിരമണീയമായ ഈ സ്ഥലത്ത് ദിവ്യമായ ഒരു ചൈതന്യം ഇപ്പോഴും കളിയാടുന്നുണ്ടെന്ന് രാമന് തോന്നി. ആശ്രമത്തില്‍ പക്ഷികളും മൃഗങ്ങളും സൈ്വര്യമായി സഞ്ചരിക്കുന്നത് രാമന്‍ കണ്ടു. പ്രകൃതി ഇവിടെ ഏറെ കൃപാലുവായിരിക്കുന്നു. കുറ്റിച്ചെടികള്‍പോലും പുഷ്പിച്ച് സുഗന്ധം പരത്തുന്നു. പൂക്കളില്‍നിന്ന് തേന്‍ നുകരാന്‍ പലതരം ശലഭങ്ങള്‍ പാറിപ്പറക്കുന്നു. കായ്കനികള്‍ ഭക്ഷിക്കാന്‍ വിവിധ ജീവികള്‍ സന്തോഷത്തോടെ സഞ്ചരിക്കുന്നു. മനുഷ്യന്റെ കടന്നുകയറ്റം തീരെ ഇല്ലെന്ന് വ്യക്തം.
വിശ്വാമിത്രന്‍ രാമന്റെ അടുത്തേയ്ക്കുവന്നു കുറ്റബോധത്തോടെ നോക്കി. മുനിയോട് തനിക്ക് കയര്‍ത്തു സംസാരിക്കേണ്ടിവന്നത് ഇന്ദ്രനോടുള്ള വെറുപ്പുകൊണ്ടാണെന്ന് പറയണമെന്നു തോന്നിയെങ്കിലും പറഞ്ഞില്ല. മുനിയോട് പറഞ്ഞത് കുറച്ച് അധികമായി എന്ന് മനസ്സിലിരുന്ന് ആരോ മന്ത്രിച്ചു. അതിനാല്‍ അതേക്കുറിച്ച് ഇനി കൂടുതലൊന്നും പറയണ്ടെന്ന് കരുതി.
”പരിത്യക്തയായ അഹല്യ എന്നെങ്കിലും സത്യം തിരിച്ചറിഞ്ഞ് താന്‍ അംഗീകരിക്കപ്പെടും എന്ന പ്രതീക്ഷയോടെ ജഢതുല്യമായാണ് ആശ്രമത്തില്‍ കഴിയുന്നത്. മാനവര്‍ക്കും സുരാസുരന്മാര്‍ക്കും അദൃശ്യയായി, പുകയാല്‍ മൂടപ്പെട്ട അഗ്നിശിഖപോലെയും, മഞ്ഞിനാല്‍ മൂടപ്പെട്ട പൂര്‍ണ്ണചന്ദ്രപ്രഭപോലെയും, ജലധിമധ്യേ തിളങ്ങുന്ന സൂര്യപ്രഭപോലെയും തപസ്സാല്‍ ജ്വലിക്കുന്ന ഭ്രഷ്ട് കല്പിക്കപ്പെട്ട മഹാഭാഗയായ അഹല്യയെ, രാമാ നീ എത്രയുംപെട്ടെന്ന് മോചിപ്പിക്കൂ” വിശ്വാമിത്രന്‍ പറഞ്ഞു.
”തീര്‍ച്ചയായും ഗുരോ. തെറ്റുചെയ്യാത്ത ഒരു സ്ത്രീയും അവള്‍ ദുര്‍ബ്ബലയാണ് എന്ന ഒറ്റ കാരണത്താല്‍ ശിക്ഷ അനുഭവിക്കാന്‍ പാടില്ല” രാമന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
വിശ്വാമിത്രന്റെ പിന്നാലെ രാമനും ലക്ഷ്മണനും ആശ്രമത്തിലേയ്ക്കു നടന്നു.
(തുടരും)