രാമായണത്തിലെ വിശ്വാമിത്രന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി കെ.ജി.രഘുനാഥ് എഴുതുന്ന ‘വിശ്വാമിത്രന്‍’ എന്ന നോവല്‍ ആരംഭിക്കുന്നു.
‘ഇതെന്റെ ജന്മഭൂമിയാണ്. എന്റെ രക്തം ഈ ഭൂമിയുടെ സമൃദ്ധിക്കായി നല്‍കാന്‍ ഞാന്‍ സന്നദ്ധനാണ്. രാജ്യത്ത് ധര്‍മ്മം യഥാവിധി നിറവേറ്റപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണ്? ഇതിനൊരു പരിഹാരം കണ്ടെത്തിയേ മതിയാകൂ.’ സൂര്യനമസ്‌കാരം കഴിഞ്ഞ് ശിഷ്യന്മാരുമായുള്ള സംവാദം അവസാനിച്ച് ധ്യാനത്തില്‍ ഇരുന്നപ്പോള്‍ വിശ്വാമിത്രന്‍ ആര്യാവര്‍ത്തത്തെക്കുറിച്ചാണ് ചിന്തിച്ചത്
ധര്‍മ്മരാജ്യത്തെ എങ്ങനെ ശക്തമാക്കാം എന്ന ചിന്ത വിശ്വാമിത്രനെ അലട്ടാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. അതിനുള്ള വഴികളെക്കുറിച്ച് ആലോചിക്കുന്ന സന്ദര്‍ഭത്തിലാണ് ‘അടിയന്തിരമായി വിശ്വാമിത്രനെ കാണാന്‍ ആഗ്രഹിക്കുന്നു’ എന്ന് അയോദ്ധ്യയിലെ ആചാര്യശ്രേഷ്ഠന്റെ സന്ദേശം ശിഷ്യന്മാര്‍വഴി അദ്ദേഹത്തിന് ലഭിച്ചത്.
രാജാവിന്റെയോ രാജഗുരുവിന്റെയോ സന്ദേശം രാജദൂതന്മാരാണ് എത്തിക്കുക. എന്നാല്‍ പതിവില്‍നിന്ന് വ്യത്യസ്തമായി വസിഷ്ഠ ശിഷ്യന്മാരാണ് സന്ദേശവുമായി എത്തിയത്. സ്വകാര്യ സന്ദര്‍ശനമാണ് വസിഷ്ഠന്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമായി. വസിഷ്ഠന്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തക്കതായ കാരണമുണ്ടാവണം. അശുഭകരമായ എന്തെങ്കിലും അയോദ്ധ്യയില്‍ സംഭവിക്കാന്‍ ഇടയുണ്ടെന്നു ആചാര്യന്‍ മുന്‍കൂട്ടി കണ്ടിട്ടുണ്ടാവാം. അല്ലെങ്കില്‍ ആര്യാവര്‍ത്തത്തെ ശക്തമാക്കാന്‍ താന്‍ നടത്തുന്ന പുതിയ യജ്ഞത്തെക്കുറിച്ച് വസിഷ്ഠന്‍ അറിഞ്ഞിട്ടുണ്ടാവും. എന്തായാലും വസിഷ്ഠന്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നത് ശുഭോദര്‍ക്കംതന്നെ.
സിദ്ധാശ്രമത്തിന്റെ വടക്കുകിഴക്കേമൂലയില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ബോധിവൃക്ഷച്ചുവട്ടില്‍ ധ്യാനനിരതനായി ഇരുന്നപ്പോള്‍ പലവിധ ചിന്തകളാണ് വിശ്വാമിത്രന്റെ മനസ്സിലേയ്ക്കു കടന്നു വന്നത്. മനസ്സ് അസ്വസ്ഥമാകുന്ന സന്ദര്‍ഭത്തില്‍ ധ്യാനത്തിലൂടെ ഉചിതമായ ഉത്തരം തെളിഞ്ഞു വരാറുണ്ട്. അയോദ്ധ്യയെക്കുറിച്ചാണ് അപ്പോള്‍ വിശ്വാമിത്രന്‍ ആലോചിച്ചത്.
ഒരുകാലത്ത് ശക്തനായ ദശരഥന്‍ ഇപ്പോള്‍ ദുര്‍ബ്ബലനായി മാറുന്നതിന്റെ ലക്ഷണം ആര്യാവര്‍ത്തത്തിലാകെ തെളിഞ്ഞു കാണുന്നുണ്ട്. രാജാവ് ദുര്‍ബ്ബലനാണെന്ന് പ്രജകള്‍ തിരിച്ചറിഞ്ഞിട്ടും രാജഗുരു അത് മനസ്സിലാക്കാത്തതിലുള്ള പ്രതിഷേധം നേരിട്ടു കണ്ട് അറിയിക്കണമെന്ന് വിശ്വാമിത്രന്‍ പലവട്ടം ചിന്തിച്ചിട്ടുണ്ട്. ആര്യാവര്‍ത്തത്തെ നയിക്കാന്‍ ശക്തനായ ഭരണാധികാരി ഇല്ലെങ്കില്‍ ഭാവിയില്‍ ധര്‍മ്മരാജ്യത്തിനു ഉണ്ടാകാവുന്ന ദുരന്തം വലുതായിരിക്കുമെന്ന് വസിഷ്ഠനും മനസ്സിലാക്കിയിട്ടുണ്ടാവണം.
കോസലത്തിലെ രാജാവ് ആരാണെന്നുപോലും അറിയാതെ പ്രകൃതിയോടിണങ്ങി കാനനത്തില്‍ വിഭിന്ന ഗോത്രങ്ങളിലായി കഴിയുന്നവരുടെ സംഖ്യ വളരെ കൂടുതലാണ്. പരമ്പരാഗത ആചാരങ്ങള്‍ നിലനിര്‍ത്തി ജീവിക്കുക എന്നതില്‍ക്കവിഞ്ഞ് മറ്റൊരു ചിന്തയും അവര്‍ക്കില്ല. എങ്കിലും നിസ്സാര കാര്യങ്ങള്‍ക്കു ഗോത്രങ്ങള്‍ പരസ്പരം പോരടിച്ച് കഴിയുന്നതുകൊണ്ട് രാക്ഷസര്‍ക്ക് അവരുടെമേല്‍ ആധിപത്യം പുലര്‍ത്താന്‍ എളുപ്പത്തില്‍ കഴിയുന്നുണ്ട്. രാക്ഷസരുടെ കടന്നുകയറ്റം അവരുടെ ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്നുണ്ട്. രാക്ഷസരെ ഉന്മൂലനം ചെയ്യാതെ ആര്യാവര്‍ത്തത്തിന്റെ ഉന്നതി സാധ്യമല്ലെന്നാണ് വിശ്വാമിത്രന്‍ ചിന്തിച്ചത്.
ധര്‍മ്മരാജ്യത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന ദുഷ്ടശക്തികളെ പരാജയപ്പെടുത്താന്‍ നഗരവാസികളെയും വനവാസികളെയും കൂടുതല്‍ സജ്ജരാക്കേണ്ടതുണ്ട്. ആരണ്യങ്ങളില്‍ ചിന്നിച്ചിതറി കഴിയുന്നവരെ സമന്വയിപ്പിച്ച് ശക്തിപ്പെടുത്തിയില്ലെങ്കില്‍ ഭാവിയില്‍ ആര്യാവര്‍ത്തത്തിന്റെ നിലനില്‍പ്പുതന്നെ അപകട ത്തിലാകും. എന്നാല്‍ പല രാജാക്കന്മാരും നഗരവാസികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനാണ് മുന്‍ഗണന കൊടുക്കുന്നത്.
ഭൂരിപക്ഷത്തിന്റെ താല്‍പര്യം സംരക്ഷിക്കാതെ ന്യൂനപക്ഷത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതിന് രാജ്യത്തെ സമ്പത്ത് വിനിയോഗിക്കുന്ന രീതി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അതുപോലെ ഉദ്യോഗസ്ഥ വൃന്ദത്തിനും സൈനിക വൃന്ദത്തിനുമായി രാജ്യത്തിന്റെ സമ്പത്തില്‍ മുക്കാല്‍പങ്കും വിനിയോഗിക്കുകയാണ്. ഇതിനൊരു മാറ്റം ഉണ്ടായേ മതിയാകൂ. ജീവിതം പൂര്‍ണ്ണശോഭയോടെ മെച്ചപ്പെടുത്താന്‍ ആദ്യം നല്‍കേണ്ടത് വിജ്ഞാനമാണ്.
ഏകാന്തത, വിജ്ഞാന പ്രദാനത്തിന് അനിവാര്യമായ തിനാലാണ് പണ്ടുകാലം മുതല്‍ ആചാര്യന്മാര്‍ ഗുരുകുലങ്ങള്‍ കാനനത്തില്‍ സ്ഥാപിച്ചത്. ഗുരുകുലങ്ങളില്‍ താമസിച്ച് വിജ്ഞാനം നേടാനെത്തുന്ന ശിഷ്യന്മാരുടെ ജീവിതത്തിന് വെളിച്ചമേകാന്‍ ആചാര്യന്മാര്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും വനവാസികള്‍ എന്തുകൊണ്ടാണ് ഗുരുകുലങ്ങളില്‍ എത്താന്‍ വിമുഖത കാട്ടുന്നതെന്നാണ് വിശ്വാമിത്രന്‍ ആലോചിച്ചത്.
രാജകുമാരന്മാര്‍പോലും ഗുരുകുലങ്ങളില്‍ താമസിച്ച് വിജ്ഞാനവും ആയുധാഭ്യാസ മുറകളും സ്വായത്തമാക്കാറുണ്ട്. ആചാര്യന്മാരുടെ ആശ്രമങ്ങള്‍ നശിപ്പിച്ചും അവരുടെ സൈ്വര്യജീവിതത്തെ തടസ്സപ്പെടുത്തിയും രാക്ഷസന്മാര്‍ നിരന്തരം ദ്രോഹിക്കുമ്പോഴും അവരെ ചെറുത്തു തോല്‍പിച്ചുകൊണ്ടാണ് ഗുരുക്കന്മാര്‍ വിജ്ഞാനം നല്‍കുന്നത്.
ഭരണത്തെ സഹായിക്കുന്ന രാജകീയോദ്യോഗസ്ഥരുടെ വേതനം യഥാസമയം പരിഷ്‌ക്കരിച്ച് അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ രാജാക്കന്മാര്‍ ശ്രമിക്കുമ്പോള്‍ ബഹുഭൂരിപക്ഷത്തിന്റെ ജീവിതം മെച്ചപ്പെടുത്തേണ്ട ചുമതലകൂടി രാജാവിനുണ്ട്. അത്തരം ശ്രമങ്ങള്‍ നടത്താന്‍ കരുത്തുള്ള ഒരു ഭരണാധികാരി ആര്യാവര്‍ത്തത്തില്‍ ഇപ്പോള്‍ ഇല്ല.
രാജനീതി എന്തെന്നറിയാത്ത ബഹുഭൂരിപക്ഷത്തെ തന്ത്രപൂര്‍വ്വം അടിമകളാക്കി ചൂഷണം ചെയ്ത് ശക്തിപ്രാപിക്കുന്ന രാക്ഷസന്മാരെ അടിച്ചമര്‍ത്തേണ്ടതാണെന്ന് പ്രമുഖരായ രാജാക്കന്മാരെ താന്‍ അറിയിച്ചിട്ടുണ്ട്. കാനനത്തിന്റെയും ഗേത്രവാസികളുടെയും മേല്‍ക്കോയ്മ കരുത്തുകൊണ്ട് കൈവശപ്പെടുത്തി ദുഷ്‌ക്കര്‍മ്മങ്ങള്‍ ചെയ്യുന്ന രാക്ഷസശക്തികളെ നിയന്ത്രിച്ചില്ലെങ്കില്‍ ആര്യാവര്‍ത്തത്തിലെ ശക്തരായ രാജാക്കന്മാരെപ്പോലും അവര്‍ കീഴ്‌പ്പെടുത്തുന്ന കാലം വിദൂരമല്ല.
ശത്രുവായി ഏറെക്കാലം മനസ്സില്‍ കൊണ്ടുനടന്ന വസിഷ്ഠനാണ് തന്നെ കാണാന്‍ ഇപ്പോള്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. രാജാവ് ദുര്‍ബ്ബലനാകുമ്പോള്‍ രാജ്യത്തിന്റെ രക്ഷയ്ക്കായി നിര്‍ണ്ണായകമായ തീരുമാനമെടുക്കാന്‍ ആചാര്യന് അവകാശമുണ്ട്. അയോദ്ധ്യയെ സംബന്ധിക്കുന്ന നിര്‍ണ്ണായകമായ എന്തെങ്കിലും തീരുമാനമെടുക്കാന്‍ വസിഷ്ഠന്‍ ആഗ്രഹിക്കുന്നുണ്ടാവണം. അത്തരം ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ്, തന്റെ അഭിപ്രായം ആരായാനാണോ തന്നെ കാണാന്‍ ആഗ്രിക്കുന്നത്?
അയോദ്ധ്യയിലെ ആചാര്യന് മുന്‍കൂട്ടി അറിയിക്കാതെ തന്നെ കാണുന്നതിന് തടസ്സമില്ല. എന്നിട്ടും മുന്നേകൂട്ടി എന്തിനാണ് അറിയിച്ചത്? അദ്ദേഹത്തെ കാണുന്നതില്‍ എന്തെങ്കിലും വൈമുഖ്യം തനിക്കുണ്ടോ എന്നറിയാനാണോ? അതോ, പല ദേശങ്ങളിലും താന്‍ സഞ്ചരിക്കുന്നതുകൊണ്ട് അദ്ദേഹം വരുമ്പോള്‍ താന്‍ ആശ്രമത്തില്‍ ഉണ്ടെന്ന് ഉറപ്പു വരുത്താനാണോ? ശത്രുവിനോടെന്നവിധം താന്‍ പണ്ട് പോരടിച്ചിട്ടുള്ളകാര്യം വസിഷ്ഠന്റെ മനസ്സില്‍ ഇപ്പോഴും ഉണ്ടാകുമോ? ചെയ്യാന്‍ പാടില്ലാത്ത പലതും വസിഷ്ഠനോട് താന്‍ ചെയ്തിട്ടുണ്ട്. എന്നിട്ടും ബ്രഹ്‌മദേവനില്‍നിന്നും മഹാദേവനില്‍നിന്നും തനിക്ക് സവിശേഷജ്ഞാനം ലഭിച്ച സന്ദര്‍ഭത്തില്‍ തന്നെ വന്നുകണ്ട് സന്തോഷം പ്രകടിപ്പിച്ചകാര്യം വിശ്വാമിത്രന്‍ ഓര്‍ത്തു.
”കൗശികാ, ആര്യാവര്‍ത്തത്തില്‍ ദുഷ്ടശക്തികള്‍ കൂടുതല്‍ കരുത്തരാകുന്നത് ആര്യാവര്‍ത്തം നേടിയ എല്ലാ ജ്ഞാനദീപങ്ങളെയും കെടുത്തിക്കളയും. രാക്ഷസീയ ശക്തികളെ ഉന്മൂലനം ചെയ്യാനായി മഹത്തായ മറ്റൊരു യജ്ഞംകൂടി അങ്ങേയ്ക്ക് നിര്‍വ്വഹിക്കാന്‍ കഴിയട്ടെ!”
തപസ്സിലൂടെ നേടിയ ജ്ഞാനം രാജ്യത്തിന്റെ രക്ഷയ്ക്കായി ഉപയോഗിക്കണമെന്നാണ് വസിഷ്ഠന്‍ അന്നുപറഞ്ഞതിന്റെ പൊരുളെന്ന് മനസ്സിലായി. ഇപ്പോള്‍ സിദ്ധാശ്രത്തില്‍വന്ന് തന്നെ കാണാന്‍ സന്നദ്ധത അറിയിച്ച സ്ഥിതിക്ക് പഴയകാല സംഭവങ്ങള്‍ അദ്ദേഹം മനസ്സില്‍നിന്നും തുടച്ചു മാറ്റിയിട്ടുണ്ടാവും. അങ്ങനെയെങ്കില്‍ വസിഷ്ഠനെ, കോസലത്തിലെ ആശ്രമത്തില്‍ പോയി കാണുന്നതാണ് ഉചിതം. അത് അദ്ദേഹത്തെ കൂടുതല്‍ സന്തോഷിപ്പിക്കാന്‍ ഇടയുണ്ട്.
ആലോചന അവസാനിപ്പിച്ച് സന്ദേശവാക്യം എഴുതാനായി വിശ്വാമിത്രന്‍ എഴുന്നേറ്റു.
‘അയോദ്ധ്യയിലെ ആചാര്യശ്രേഷ്ഠന്‍ എന്നെ കാണാന്‍ സിദ്ധാശ്രമത്തിലേയ്ക്ക് വരേണ്ടതില്ല. അങ്ങയെ കോസലാശ്രമത്തില്‍വന്ന് താമസംവിനാ കാണുന്നതാണ്.’
സന്ദേശവാക്യം രേഖപ്പെടുത്തി, ദൂതുമായി വന്ന ശിഷ്യനെ വിശ്വാമിത്രന്‍ അത് ഏല്‍പിച്ചു.
”വസിഷ്ഠശിഷ്യന്മാരെ ആചാരപരമായി സല്‍ക്കരിച്ച് യാത്രയാക്കുക. യാത്രാവേളയില്‍ വിശപ്പടക്കാനുള്ള ഉണങ്ങിയ ഫലങ്ങളും കുടിക്കാന്‍ വിശേഷ പാനീയവും അവര്‍ക്കു നല്‍കണം.”
ശിഷ്യന്മാക്ക് നിര്‍ദ്ദേശം നല്‍കി വിശ്വാമിത്രന്‍ ചിന്താമൂകനായി വീണ്ടും ആല്‍ച്ചുവട്ടിലേയ്ക്ക് പോയപ്പോള്‍, വസിഷ്ഠ സന്ദേശം ലഭിച്ചതുമുതല്‍ ആചാര്യന്റെ മനസ്സ് പലവിധ ചിന്തകളാല്‍ അസ്വസ്ഥമാണെന്ന് ശിഷ്യന്മാര്‍ക്ക് മനസ്സിലായി. എങ്കിലും അതേക്കുറിച്ച് അവര്‍ ഒന്നും ചോദിച്ചില്ല.
ആല്‍ച്ചുവട്ടില്‍ ഇരുന്നപ്പോള്‍ പണ്ട് വസിഷ്ഠനോടു ചെയ്ത ഓരോ കാര്യങ്ങളും വിശ്വാമിത്രന്റെ മനസ്സില്‍ തെളിഞ്ഞുവന്നു. രാജാവായ താന്‍ ഋഷിയായി മാറിയത് വസിഷ്ഠനോടുള്ള വെറുപ്പില്‍നിന്നാണ്. രാജാവിനെക്കാള്‍ ശ്രേഷ്ഠനാണ് ആചാര്യന്‍ എന്ന് തന്നെ ബോധ്യപ്പെടുത്തിയത് വസിഷ്ഠനാണ്. ദിവ്യമായ അറിവുനേടി ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് താന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. അല്ലെങ്കില്‍ ഒരു രാജാവായി കന്യാകുബ്ജത്തില്‍ ജീവിച്ച് എന്നേ മണ്ണോടു ചേരുമായിരുന്നു.
എതൊരാളുടെയും ശക്തി വര്‍ദ്ധിക്കുന്നതില്‍ ശത്രുവിനുള്ള പങ്ക് വലുതാണ്. വ്യക്തിക്ക് മാത്രമല്ല രാജ്യത്തിനും അങ്ങനെതന്നെ. ത്രിലോകങ്ങളും അംഗീകരിക്കുന്ന ഋഷിയായി താന്‍ മാറിയത് കഠിനമായ യജ്ഞങ്ങളിലൂടെയാണ്. അതിന് പ്രേരണയായത് വസിഷ്ഠനാണ്. വസിഷ്ഠാശ്രമത്തില്‍ അന്നുണ്ടായ സംഭവങ്ങള്‍ ഓര്‍ത്തപ്പോള്‍ വിശ്വാമിത്രന് തന്നോടുതന്നെ ലജ്ജ തോന്നി. സംഭവിക്കാന്‍ പാടില്ലാത്തതാണ് അന്നു സംഭവിച്ചത്. അതു തന്റെ കണ്ണുതുറപ്പിക്കാന്‍ സഹായിച്ചു.
ദുരന്തങ്ങളില്‍നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പിന് കൂടുതല്‍ കരുത്തുണ്ടാകുമെന്ന് ചിന്തിച്ചപ്പോള്‍ വിശ്വാമിത്രന് കുറ്റബോധം തോന്നിയില്ല. ആചാര്യന്മാരെ സംരക്ഷിക്കേണ്ട രാജാവായിരുന്ന താന്‍ ആചാര്യനായ വസിഷ്ഠനോടു യുദ്ധംചെയ്തപ്പോള്‍ തന്റെ പരാജയം ദേവന്മാരും ആഗ്രഹിച്ചത് തെറ്റല്ല. ആ പരായജത്തില്‍നിന്ന് പല പാഠങ്ങളും പഠിച്ചു. വസിഷ്ഠനോട് അന്നു നടത്തിയ വീരപരാക്രമങ്ങള്‍ ഒരു രാജാവിന് ചേര്‍ന്നതായിരുന്നില്ല. വസിഷ്ഠാശ്രമത്തില്‍ ആദ്യമായി പോയ സന്ദര്‍ഭം വിശ്വാമിത്രന്റെ മനസ്സില്‍ തെളിഞ്ഞു വന്നു.
(തുടരും)