‘ശുക്രാചാര്യര്‍ ധാന്യങ്ങളില്‍നിന്നും ഉണ്ടാക്കുന്ന മദ്യം ഉപയോഗിച്ചിരുന്നു. അത് കഴിക്കുന്നത് നിഷിദ്ധമായി അസുരന്മാര്‍ കരുതിയില്ല. അസുരന്മാരോട് വിദ്വേഷം തോന്നിയ ദേവന്മാര്‍ അവരെ മോശക്കാരായി ചിത്രീകരിക്കാനാണ് എപ്പോഴും ശ്രമിച്ചത്. അവരുടെ വിജയത്തിനു കാരണം മദ്യമാണെന്നും അവര്‍ അപരിഷ്‌കൃതരായ യോദ്ധാക്കളാണെന്നും നീതിപൂര്‍വ്വമായ യുദ്ധത്തിലൂടെയല്ല അവര്‍ ദേവന്മാരെ പരാജയപ്പെടുത്തുന്നതെന്നും ദേവന്മാര്‍ പ്രചരിപ്പിച്ചു. ദേവന്മാര്‍ അല്ലാത്തവരെ ‘അസുരന്മാര്‍’ എന്ന ഒരു പൊതു സംജ്ഞയിലൂടെയാണ് ദേവന്മാര്‍ സംബോധന ചെയ്തത്” വിശ്വാമിത്രന്‍ പറഞ്ഞു.
”അസുര ശബ്ദത്തിന് ദേവന്‍ എന്ന അര്‍ത്ഥം പൂര്‍വ്വകാലത്ത് ഉണ്ടായിരുന്നില്ലേ?” രാമന്‍ ചോദിച്ചു.
”ശരിയാണ്. ഇന്ദ്രനെയും അഗ്നിയേയും അസുര സംജ്ഞയിലൂടെ ഒരുകാലത്ത് സംബോധന ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് ‘ദേവന്മാരെ ഉപദ്രവിക്കുന്നവരെയെല്ലാം അസുരന്മാരായിട്ടാണ് ദേവന്മാര്‍ വിശേഷിപ്പിച്ചത്.”
”അന്യായമായ കര്‍മ്മങ്ങള്‍ ചെയ്യുന്നതുകൊണ്ടാണ് അവരെ ഭ്രഷ്ടു കല്പിച്ച് അകറ്റിനിര്‍ത്തിയത് എന്ന് കേട്ടിട്ടുണ്ട്” ലക്ഷ്മണന്‍ പറഞ്ഞു.
”അത് ദേവന്മാര്‍ പ്രചരിപ്പിച്ചതല്ലേ?” വിശ്വാമിത്രന്‍ ശബ്ദം ഉയര്‍ത്തിയാണ് പറഞ്ഞത്.
അന്യായങ്ങള്‍ ദേവന്മാരും ചെയ്തിട്ടുണ്ട്. സഹോദരന്മാരായ അസുരന്മാരെ അകറ്റിനിര്‍ത്താന്‍ ദേവന്മാര്‍ ബോധപൂര്‍വ്വം കഥകള്‍ പ്രചരിപ്പിച്ചു. യാഗത്തിന്റെ നടത്തിപ്പുകാരനായ രാജാവിനേയും യാഗക്രിയകള്‍ ചെയ്യുന്ന മഹര്‍ഷിയേയും യജമാനന്‍ എന്ന് സംബോധന ചെയ്തിരുന്ന കാര്യവും അപ്പോള്‍ രാമന്‍ ഓര്‍ത്തു. എങ്കിലും മുനി പറയുന്നതില്‍ ഇടപെടാതെ എല്ലാം കേട്ടിരുന്നു.
”മരണമില്ലാത്തവരും ജരാനരകള്‍ ബാധിക്കാത്തവരും രോഗമുക്തരും ആകാന്‍ എങ്ങനെ സാധ്യമാകും എന്ന ചിന്ത ദേവന്മാരെ അലട്ടിക്കൊണ്ടിരുന്നു. പാല്‍ക്കടല്‍ കടഞ്ഞ് അമൃതു നേടാനായാല്‍ ഇതിനൊരു പരിഹാരമാകുമെന്ന് അവര്‍ മനസ്സിലാക്കി. വളരെ പ്രയാസമുള്ള ആ കര്‍മ്മം ദേവന്മാര്‍ക്ക് തനിച്ചു ചെയ്യാന്‍ കഴിയില്ല. പാല്‍ക്കടല്‍ കടയുന്നതിന് ഭ്രഷ്ടു കല്പിച്ച് അകറ്റിനിര്‍ത്തിയ സഹോദരന്മാരുടെ സഹായം ദേവന്മാര്‍ തേടി. അമൃത് ലഭിച്ചാല്‍ ജരാനരകള്‍ ബാധിക്കാത്തവരും രോഗമുക്തരും ആകുമെന്ന് ചിന്തിച്ചപ്പോള്‍ ആ സംരംഭത്തില്‍ പങ്കാളികളാകാന്‍ അവരും സമ്മതിച്ചു. അങ്ങനെ വാസുകിയെ കയറും മന്ദര പര്‍വ്വതത്തെ കടകോലുമാക്കി അവര്‍ പാല്‍ക്കടല്‍ കടയല്‍ ആരംഭിച്ചു.’
‘പാല്‍ക്കടല്‍ കടയുന്ന സന്ദര്‍ഭത്തില്‍ വാസുകിയുടെ തലകളില്‍ വിഷംനിറഞ്ഞ് വായില്‍നിന്ന് അവ വമിച്ചു തുടങ്ങി. അഗ്നിക്കു സമാനമായ ഹാലാഹലമെന്ന മഹാവിഷമേറ്റ് ജഗത്തെല്ലാം ദഹിക്കുമെന്നു മനസ്സിലാക്കി അതിനൊരു വഴി കണ്ടെത്താന്‍ ദേവന്മാര്‍ പെട്ടെന്ന് പരമശിവനെ പ്രാര്‍ത്ഥനാപൂര്‍വ്വം അഭയം പ്രാപിച്ചു. ആ സമയം ശിവന്റെ മുന്നില്‍ ശംഖചക്രഗദാധാരിയായി മഹാവിഷ്ണുവും എത്തിച്ചേര്‍ന്നു.’
”സുരോത്തമാ, ദേവന്മാര്‍ കടഞ്ഞപ്പോള്‍ ആദ്യം കിട്ടിയത് അങ്ങേയ്ക്കുള്ളതാണ്. സുരന്മാരില്‍ അങ്ങാണല്ലോ ശ്രേഷ്ഠന്‍. അതിനാല്‍ അങ്ങ് ഈ വിഷം സ്വീകരിച്ചാലും” ശിവനോടു മഹാവിഷ്ണു പറഞ്ഞു. പരമശിവന്‍ ഏതോ ആലോചനയില്‍ മുഴുകിയ സന്ദര്‍ഭത്തില്‍ മറുപടി പറയുന്നത് എന്താണെന്ന് കേള്‍ക്കാന്‍പോലും നില്‍ക്കാതെ മഹാവിഷ്ണു അപ്രത്യക്ഷനായി.’
‘ദേവന്മാരുടെ വേവലാതികണ്ടപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ മഹാവിഷ്ണുവിന്റെ വാക്കുകളെ സ്വീകരിക്കാന്‍ ശിവന്‍ തീരുമാനിച്ചു. ഘോരമായ ഹാലാഹല വിഷം അമൃതിനു സമമായി ശിവന്‍ കുടിച്ചു.
ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും സമാധാനമായി. അവര്‍ വീണ്ടും പാലാഴി കടയല്‍ ആരംഭിച്ചു. അപ്പോള്‍ മന്ദരപര്‍വ്വതം പാതാളത്തിലേയ്ക്കു താഴാന്‍ തുടങ്ങി. ആവുംവിധം ശ്രമിച്ചിട്ടും ഉയര്‍ത്താന്‍ കഴിഞ്ഞില്ല. അവര്‍ മഹാവിഷ്ണുവിനെ വീണ്ടും ശരണം പ്രാപിച്ചു.
‘മഹാവിഷ്ണു കൂര്‍മ്മരൂപം ധരിച്ച് പര്‍വ്വതത്തെ സ്വന്തം പുറത്തേറ്റി ഉയര്‍ത്തി. കടലില്‍ കിടന്നുകൊണ്ട് പര്‍വ്വതത്തിന്റെ മുകളില്‍ കൈ ഉറപ്പിച്ച്, കടയുന്നതിനും സഹായിച്ചു.’
‘പാലാഴി കടഞ്ഞപ്പോള്‍ ആയുര്‍വേദമയനും ധര്‍മ്മാത്മാവുമായ ധന്വന്തരി ദണ്ഡും കമണ്ഡലവും ധരിച്ചുകൊണ്ട് ഉയര്‍ന്നുവന്നു. അദ്ദേഹത്തിനു പിന്നാലെ അതിസുന്ദരികളായ അപ്‌സരസ്സുകളും ഉദയംചെയ്തു. അപ് കടയുന്ന രസത്താല്‍ പിറന്നവരായതിനാല്‍ അപ്‌സരസ്സുകള്‍ എന്ന് അവരെല്ലാം അറിയപ്പെട്ടു. എന്നാല്‍ ദേവന്മാരിലും അസുരന്മാരിലും പ്രധാനികളായവര്‍ ആരും അവരെ സ്വീകരിച്ചില്ല. അതിനാല്‍ അവര്‍ എല്ലാവര്‍ക്കും തുല്യ അവകാശമുള്ളവരായിത്തീര്‍ന്നു.’
‘പാലാഴി കടയുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. അപ്പോഴാണ് വരുണപുത്രിയായ വാരുണി ഉയര്‍ന്നുവന്നത്. അവള്‍ തനിക്ക് അനുരൂപനായ വരനെത്തേടി ദേവന്മാരെയും അസുരന്മാരെയും നോക്കി. അതിസുന്ദരിയായ അവളെ സ്വീകരിക്കാന്‍ ദേവന്മാര്‍ തയ്യാറാകാതെ നിന്നപ്പോള്‍ അവള്‍ നിരാശയായി. അസുരന്മാരില്‍ ആരെങ്കിലും തന്നെ സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ദിതി പുത്രന്മാരും അവളെ സ്വീകരിച്ചില്ല. നിരാശയായി നില്‍ക്കുന്ന വാരുണിയെ ദേവന്മാര്‍തന്നെ സ്വീകരിച്ചു. വാരുണിയെ സ്വീകരിച്ചതോടെ സുരന്മാര്‍ കൂടുതല്‍ സന്തുഷ്ടരായി.’
‘ഉച്ചൈഃശ്രൈവസ്സ് എന്ന ഉത്തമ ഗുണങ്ങളോടുകൂടിയ കുതിരയും, കൗസ്തുഭം എന്ന രത്‌നവും ഉയര്‍ന്നുവന്നപ്പോള്‍ അത് സ്വന്തമാക്കാന്‍ ദിതി പുത്രന്മാരും അദിതി പുത്രന്മാരും തമ്മില്‍ മത്സരം ആരംഭിച്ചു.’
‘അമൃതവുംകൂടി ഉയര്‍ന്നുവന്നതോടെ അത് സ്വന്തമാക്കാന്‍ ദിതിയുടെ പുത്രന്മാര്‍ രാക്ഷസന്മാരെയും കൂടെകൂട്ടി. അതോടെ മത്സരം യുദ്ധമായി മാറി. യുദ്ധത്തില്‍ അദിതിയുടെ പുത്രന്മാര്‍ പരാജയപ്പെട്ടു. അങ്ങനെ പാലാഴിയില്‍നിന്ന് ലഭിച്ച അമൃതം ദിതിയുടെ പുത്രന്മാര്‍ കരസ്ഥമാക്കി.’
പരാജിതരായ അദിതിപുത്രന്മാരെ സഹായിക്കാന്‍ മഹാവിഷ്ണു എത്തി. മായകൊണ്ട് വിഷ്ണു അമൃത് കൈക്കലാക്കി ദേവന്മാര്‍ക്ക് നല്‍കി. എതിര്‍ക്കാനെത്തിയ ദിതിയുടെ പുത്രന്മാരെ വിഷ്ണുവും ദേവന്മാരും ചേര്‍ന്ന് കൊന്നൊടുക്കി.’
”ശുക്രാചാര്യരുടെ ശക്തി ക്ഷയിക്കുകയും അദ്ദേഹത്തിന്റെ വാക്കുകളെ അസുരന്മാര്‍ അവഗണിക്കുകയും ചെയ്തതോടെ അസുരന്മാര്‍ പരാജയപ്പെടാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ നീണ്ടുനിന്ന യുദ്ധങ്ങളിലൂടെ ദേവന്മാര്‍ അസുരന്മാരെ കീഴടക്കി. അസുരന്മാര്‍ പടുത്തുയര്‍ത്തിയ സാമ്രാജ്യങ്ങളെല്ലാം ഒന്നൊന്നായി നശിച്ചു. യുദ്ധങ്ങള്‍ ഭാരതത്തിലാകമാനം കനത്തനാശം വിതച്ചു. പതിനായിരക്കണക്കിനു ആളുകള്‍ കൊല്ലപ്പെട്ടു.പടുത്തുയര്‍ത്തിയ പല പട്ടണങ്ങളും നശിപ്പിക്കപ്പെട്ടു. ഇന്നത്തെ ആര്യാവര്‍ത്തത്തിലെ പുരികള്‍ ഏറെക്കാലത്തെ ശ്രമഫലമായി പുനര്‍നിര്‍മ്മിക്കപ്പെട്ടവയാണ്.’
‘അസുരന്മാരെ ആര്യാവര്‍ത്തത്തില്‍ നിന്നല്ല ഭാരതത്തില്‍ നിന്നുവരെ പുറത്താക്കാന്‍ മുന്നില്‍ നിന്നത് ദേവന്മാരുടെ നേതാവായ ഇന്ദ്രനാണ്. ലങ്കയില്‍ കഴിയുന്ന രാവണന് ഇപ്പോഴും ആ പക ദേവന്മാരോടുണ്ട്. പക്ഷേ, അയാള്‍ നീതിമാനായ രാജാവല്ല. രാക്ഷസശക്തികളെ കൂട്ടുപിടിച്ചാണ് അയാള്‍ എല്ലാ അനീതികളും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നത്’ വിശ്വാമിത്രന്‍ പറഞ്ഞു നിര്‍ത്തി. അപ്പോള്‍ മറ്റൊരു ചിന്തയാണ് രാമന്റെ മനസ്സിലേയ്ക്കു കടന്നുവന്നത്.
”അസുരന്മാരുടെ പരാജയത്തിന് കാരണം അവര്‍ ആചാര്യന്റെ വാക്കുകളെ അവഗണിച്ചതുകൊണ്ടാണെന്ന് അങ്ങ് പറഞ്ഞു. അതുമാത്രമാണോ അവരുടെ നാശത്തിന് വഴിവെച്ചത്? അസുരരെ ദേവന്മാര്‍ക്ക് എങ്ങനെയാണ് തോല്‍പ്പിക്കുവാന്‍ സാധിച്ചത്……..?” രാമന്‍ വിശ്വാമിത്രനെ നോക്കിക്കൊണ്ട് അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
‘രാമാ, ശുക്രാചാര്യരുടെ ജീവിത ചിന്താഗതികളെക്കുറിച്ച് നീ കൂടുതല്‍ മനസ്സിലാക്കേണ്ടതുണ്ട്. അസുരന്മാര്‍ക്ക് വിശാലമായ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്താന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ ഉപദേശങ്ങളെ അംഗീകരിച്ചതു കൊണ്ടാണ്. ഒരു മഹാസാമ്രാജ്യം പടുത്തുയര്‍ത്താന്‍ ആഗ്രഹിക്കുന്ന ഏതൊരു രാജാവും ശുക്രാചാര്യനില്‍നിന്ന് കൂടുതല്‍ പഠിക്കേണ്ടതുണ്ട്. മറ്റൊരു കാര്യം, മഹാന്മാരുടെ വിജയത്തില്‍ നിന്നും പഠിക്കുന്നതുപോലെ, അവരുടെ പരാജയങ്ങളേയും തെറ്റുകളേയും വിശകലനംചെയ്ത് അതില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണം.’
”ഗുരോ ഒരാളുടെ വിജയത്തിനു കാരണമായതെന്തോ അതുതന്നെ കാലംകുറെ കഴിയുമ്പോള്‍ അവരുടെതന്നെ നാശത്തിന് കാരണമാകില്ലേ” രാമന്‍ ചോദിച്ചു.
”ശരിയാണ്. ശുക്രാചാര്യര്‍ അസുരന്മാരെ ഒരുമിച്ച് നിര്‍ത്തിയത് ഏകദൈവം എന്ന ആശയത്തിലാണ്. ഏകദൈവത്തില്‍ വിശ്വസിക്കുന്നവര്‍ ആരായാലും ശുക്രാചാര്യരുടെ ദൃഷ്ടിയില്‍ അവര്‍ തനിക്ക് പ്രിയമുള്ളവരായിരുന്നു. പക്ഷേ, അതത്ര പുതിയ ആശയമല്ല. ഏകം എന്നു പറയുന്നത് പരമമായ ഒന്ന് അതായത് പരമാത്മാവ് തന്നെയാണ്”.
അത്രയും പറഞ്ഞു കഴിഞ്ഞതും വിശ്വാമിത്രന്‍ അല്പനേരം കണ്ണടച്ച് ധ്യാനനിരതനായി. വിശ്വാമിത്രന്‍ പറഞ്ഞത് പൂര്‍ണ്ണമായും ലക്ഷ്മണന് മനസ്സിലായില്ല. എന്നാല്‍ രാമന്‍ വളരെ ഗൗരവത്തോടാണ് വിശ്വാമിത്രന്‍ പറയുന്നത് കേട്ടിരുന്നത്. രാമന്റെ മനസ്സില്‍ പല സംശയങ്ങളും ഉദിച്ചെങ്കിലും വിശ്വാമിത്രന്‍ മൗനത്തിലായതിനാല്‍ ഒന്നും ചോദിക്കാന്‍ കഴിഞ്ഞില്ല. ലക്ഷ്മണന്‍ എന്തോ ചോദിക്കാന്‍ തുനിഞ്ഞപ്പോള്‍ അരുതെന്ന് കൈ ഉയര്‍ത്തി ലക്ഷ്മണനെ രാമന്‍ വിലക്കി.
രാമന്‍ ഏകത്തെക്കുറിച്ചാണ് ചിന്തിച്ചത്. ഏകം എന്നു പറയുന്നത് ഏക ദൈവമാണെന്ന് സങ്കല്‍പ്പിച്ചാലും മനുഷ്യന്‍ എപ്പോഴും പ്രകൃതിയുമായിട്ടാണ് ബന്ധപ്പെടുന്നത്. പ്രകൃതി വിഭിന്ന ഭാവങ്ങളിലാണ് എപ്പോഴും നിലകൊള്ളുന്നത്. ദൈവം പ്രകൃതിയുമായി ചേര്‍ന്ന് പല രൂപത്തിലും പല ഭാവത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. സൂര്യവംശ രാജാക്കന്മാരും ചന്ദ്രവംശ രാജാക്കന്മാരും ദേവന്മാരുടെ പിന്‍തുടര്‍ച്ചക്കാരാണെന്ന് വസിഷ്ഠഗുരുവില്‍നിന്ന് കേട്ടിട്ടുണ്ട്. മനസ്സില്‍ പല സംശയങ്ങളും രൂപപ്പെട്ടപ്പോള്‍, സംശയങ്ങള്‍ സൃഷ്ടിക്കാനാണ് ഗുരു ശ്രമിക്കേണ്ടതെന്നും ശിഷ്യന്‍ സ്വയം സംശയനിവാരണം നടത്തി ശക്തിനേടുന്നതാണ് ഉത്തമമെന്നും വസിഷ്ഠന്‍ പറഞ്ഞ കാര്യം രാമന്‍ ഓര്‍ത്തു.
മഹാവിഷ്ണു ചെയ്യുന്നതെല്ലാം ലോക ഹിതാര്‍ത്ഥമാണെന്ന് വിശ്വാമിത്രന്‍ വിശ്വസിക്കുന്നെങ്കിലും, ഇന്ദ്രന്റെ പക്ഷത്തോട് ചേര്‍ന്നുനിന്നുള്ള പല പ്രവൃത്തികളോടും നീരസമുണ്ടെന്ന് രാമനറിയാം. ചില സന്ദര്‍ഭങ്ങളില്‍ അത് വിശ്വാമിത്രന്‍ തുറന്ന് പ്രകടമാക്കാനും മടിച്ചില്ല.
****
കഥ കേട്ടിരുന്നതുകൊണ്ട് നദിയുടെ അക്കരെ വളരെ വേഗത്തില്‍ എത്തിയതുപോലെ രാമനു തോന്നി. തോണിയില്‍നിന്നിറങ്ങുമ്പോള്‍ കടത്തുകാരായ മുനിശിഷ്യന്മാരെ നന്ദിസൂചകമായി വണങ്ങി.
”ഗംഗാതടത്തിലൂടെ ബഹുദൂരം നടന്നുവേണം അടുത്ത നഗരത്തില്‍ എത്താന്‍” വിശ്വാമിത്രന്‍ പറഞ്ഞു.
കുളിരേകുന്ന തെന്നലിന്റെ തലോടലേറ്റ് അവര്‍ ഗംഗാതടത്തിലൂടെ ബഹുദൂരം നടന്നു. എത്രദൂരം നടന്നിട്ടും ആര്‍ക്കും ക്ഷീണം അനുഭവപ്പെട്ടില്ല. ഉച്ചയായപ്പോഴേയ്ക്കും മനോഹരമായ ഒരു നഗരത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു.
”രാമാ, നമ്മള്‍ ഇപ്പോള്‍ എത്തിച്ചേര്‍ന്നിട്ടുള്ളത് വിശാലനഗരി എന്ന രാജ്യത്താണ്. ഇന്ദ്രനെ പരാജയപ്പെടുത്താന്‍ യോഗ്യനായ പുത്രന്‍ ജനിക്കുന്നതിനുവേണ്ടി ദിതി തപസ്സനുഷ്ഠിച്ച ദേശമാണിത്” വിശ്വാമിത്രന്‍ ചുറ്റുപാടും നോക്കിക്കൊണ്ട് പറഞ്ഞു.
വിശ്വാമിത്രന്‍ പറഞ്ഞ് അവസാനിപ്പിച്ച കഥയുമായി ആ ദേശത്തിന് ബന്ധമുണ്ട്. അല്പ ദൂരം നടന്ന് ചെറിയ അരുവിയുടെ തീരത്തെത്തിയപ്പോള്‍ ശിഷ്യന്മാര്‍ അവിടെ വിശ്രമിക്കാനുള്ള തയ്യാറെടുപ്പ് ആരംഭിച്ചു. ആരോഗ്യം നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ് ഭക്ഷണം കഴിക്കേണ്ടതെന്ന് യാത്രയിലൂടെ രാമന് ബോധ്യപ്പെട്ടിരുന്നു.
ഭക്ഷണം കഴിച്ചതിനുശേഷം എല്ലാവരും മരച്ചുവട്ടില്‍ വിശ്രമിക്കാനായി ഇരുന്നു. വിശ്വാമിത്രന്‍ നിലത്ത് ശവാസനത്തില്‍ എന്നപോലെ ഏറെനേരം നിവര്‍ന്നു കിടന്നു. ശരീരത്തെ കൂടുതല്‍ ശക്തമാക്കാന്‍ ശവാസനം സഹായിക്കും.
അലപ്‌സമയം കഴിഞ്ഞപ്പോള്‍ മുനി എഴുന്നേറ്റ് ചുറ്റുപാടും വീക്ഷിച്ചു.
”രാമാ, ഈ സ്ഥലത്തിനും ചില സവിശേഷതകളുമുണ്ട്.”
നോക്കുന്ന ആളിന്റെ മനോഭാവമനുസരിച്ച് ഓരോ സ്ഥലത്തിനും അതിന്റേതായ പ്രത്യേകത എന്തെങ്കിലും കണ്ടെത്താനുണ്ടാവും. രാമനും ചുറ്റുപാടും വെറുതെ കണ്ണോടിച്ചു.
”ഈ സ്ഥലത്തു വന്നാണ് വീരനായ പുത്രനെ ലഭിക്കുന്നതിനു ദിതി തപോനിഷ്ഠയോടെ താമസിച്ചതും ദിതിയെ പരിചരിക്കാന്‍ ഇന്ദ്രന്‍ എത്തിയതും. നിങ്ങളുടെ പൂര്‍വ്വപിതാമഹനുമായും ഈ സ്ഥലത്തിന് ബന്ധമുണ്ട്” വിശ്വാമിത്രന്‍ പറഞ്ഞു.
”പൂര്‍വ്വ പിതാമഹനോ..?” ലക്ഷ്മണന്‍ സംശയഭാവത്തിലാണ് ചോദിച്ചത്.
” ഇക്ഷ്വാകുവിന് അലംബുഷ എന്ന അപ്‌സരസ്സില്‍ ജനിച്ച വിശാലന്‍ എന്ന പേരായ കീര്‍ത്തിമാനായ രാജാവിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?”
”ഇക്ഷ്വാകുവിന്റെ അനുഗ്രഹത്താല്‍ വിശാലാധിപന്മാരെല്ലാം ധാര്‍മ്മികരും വീര്യശാലികളും ദീര്‍ഘായുസ്സുക്കളുമായ മഹാത്മാക്കളായിരുന്നു എന്ന് കേട്ടിട്ടുണ്ട്” രാമന്‍ പറഞ്ഞു.
”ഈ സ്ഥലത്തിന്റെ പ്രത്യേകത മനസ്സിലാക്കി, വിശാല എന്ന പേരില്‍ ഒരു പുരി സ്ഥാപിച്ചത് വിശാലനാണ്. വിശാലനുശേഷം പുത്രപൗത്രന്മാരായി അനേകം രാജാക്കന്മാര്‍ ഈ പ്രദേശം പരിപാലിച്ചു. ഇപ്പോള്‍ ഇവിടം ഭരിക്കുന്നത് സുമതി എന്ന രാജാവാണ്. സന്ധ്യയ്ക്കുമുമ്പ് സുമതിയുടെ കൊട്ടാരത്തില്‍ നമുക്ക് എത്തണം. ഇന്നു രാത്രി നമുക്ക് അദ്ദേഹത്തിന്റെ അതിഥികളായി കഴിയാം. നാളെ ജനകന്റെ കൊട്ടാരത്തിലുമെത്താം. നമുക്ക് ഇപ്പോള്‍ത്തന്നെ പുറപ്പെടാം” വിശ്വാമിത്രന്‍ പോകാനുള്ള നിര്‍ദ്ദേശം ശിഷ്യന്മാര്‍ക്ക് നല്‍കി.
***
സന്ധ്യയ്ക്കുമുമ്പുതന്നെ അവര്‍ വിശാലപുരിയില്‍ എത്തി. വിശ്വാമിത്രന്‍ എത്തിയതറിഞ്ഞ് രാജാവായ സുമതി അനുചരന്മാരുമായി മുനിയെ സ്വീകരിക്കാന്‍ കൊട്ടാര കവാടത്തില്‍ എത്തിച്ചേര്‍ന്നു. മുനിയെയും ശിഷ്യന്മാരെയും ആദരവോടെ രാജാവ് സ്വീകരിച്ചു.
വിശ്വാമിത്രന്‍ രാജാവിനെ സ്വസ്തി നേര്‍ന്നു. സുമതി രാമനെയും ലക്ഷ്മണനേയും ഇമവെട്ടാതെ നോക്കി.
”അല്ലയോ മഹാമുനേ, ആകാരംകൊണ്ടും വ്യാപാരംകൊണ്ടും പരസ്പര സാദൃശ്യമുള്ള അങ്ങയോടൊപ്പമുള്ള ഈ കുമാരന്മാര്‍ ആരാണ്? ഇവര്‍ വിശിഷ്ടമായ ആയുധങ്ങളുമായി എന്തിനാണ് അങ്ങയെ അനുഗമിക്കുന്നത്?”
”രാജന്‍, ഇവര്‍ കോസലരാജാവായ ദശരഥന്റെ പുത്രന്മാരാണ്” രാമനേയും ലക്ഷ്മണനേയും മുന്നിലേയ്ക്ക് നിര്‍ത്തി വിശ്വാമിത്രന്‍ പറഞ്ഞു.
രാമന്റെ വീരപരാക്രമങ്ങളെക്കുറിച്ചാണ് വിശ്വാമിത്രന്‍ പിന്നീട് സംസാരിച്ചത്. തങ്ങളെ പ്രശംസിക്കുന്നതില്‍ അതൃപ്തി തോന്നിയമട്ടില്‍ രാമന്‍ മുനിയെ നോക്കി. താടകയെയും സുബാഹുവിനെയും വധിച്ച കാര്യങ്ങള്‍ സുമതിയോടു പറഞ്ഞപ്പോള്‍ സന്തോഷത്തോടെയും ആശ്ചര്യത്തോടെയും കുമാരന്മാരെ നോക്കി.
രാജാവ്, വിശ്വാമിത്രനെയും കുമാരന്മാരേയും കൂട്ടി അതിഥിശാലയിലേയ്ക്കു നടന്നു. അവര്‍ക്കു കഴിക്കാനുള്ള വിശേഷപ്പെട്ട ഭക്ഷണവും അപ്പോഴേയ്ക്കും അവിടെ എത്തിയിരുന്നു.
അതിഥിശാലയിലിരുന്ന് വിശ്വാമിത്രന്‍ രാജാവിനോട് രാജ്യകാര്യങ്ങളാണ് സംസാരിച്ചത്. രാമനും ലക്ഷ്മണനും അതു കേട്ടുകൊണ്ട് അടുത്തുതന്നെ നിന്നു.