”ധര്‍മ്മജ്ഞനായ ഗാധി എന്ന രാജാവിന്റെ പുത്രനാണ് കൗശികന്‍. രാജാവില്‍നിന്ന് രാജര്‍ഷിയായിത്തീര്‍ന്ന മഹാമുനി.” വിശ്വാമിത്രനെക്കുറിച്ച് ആദരവോടെ വസിഷ്ഠന്‍ പറഞ്ഞു.
”അങ്ങ് വിശ്വാമിത്രനെ കൗശികനെന്നു വിശേഷിപ്പിച്ചത് എന്തുകൊണ്ടാണ് ഗുരോ?” താന്‍ ചോദിച്ചത് വിഡ്ഢിത്തമായോ എന്ന് ഭയന്ന് ലക്ഷ്മണന്‍ പെട്ടെന്ന് ജ്യേഷ്ഠനെ നോക്കി.
വിശ്വാമിത്രനുമായി നടത്തിയിട്ടുള്ള മത്സരങ്ങളാണ് അപ്പോള്‍ വസിഷ്ഠന്റെ മനസ്സിലേയ്ക്കു വന്നത്. എങ്കിലും ആ ഓര്‍മ്മകളെ പിന്നിലേയ്ക്കു തട്ടിമാറ്റി വിശ്വാമിത്രന്റെ ജനനം മുതലുള്ള കാര്യങ്ങള്‍ അദ്ദേഹം സമചിത്തതയോടെ പറയാന്‍ തുടങ്ങി.
****** ******
”ബ്രഹ്മദേവന്റെ പുത്രനായ കുശന്‍ ധര്‍മ്മജ്ഞനായ രാജാവായിരുന്നു. കുശന് വൈദര്‍ഭി എന്ന ഭാര്യയില്‍ കുശാംബന്‍, കുശനാഭന്‍, അസൂര്‍ത്തരജസന്‍, വസു എന്നിങ്ങനെ നാലുപുത്രന്മാരാണ് ഉണ്ടായിരുന്നത്. എല്ലാവരും മഹാതേജസ്വികളും അത്യധികം ഉത്സാഹശാലികളുമായിരുന്നു. മൂത്തപുത്രന് രാജ്യം നല്‍കുക എന്ന പരമ്പരാഗതമായ രീതിയല്ല കുശന്‍ സ്വീകരിച്ചത്. രാജ്യത്തിന്റെ അതിര്‍ത്തി വ്യാപിപ്പിച്ചശേഷം ക്ഷാത്രധര്‍മ്മവും രാജധര്‍മ്മവും അണുകിട വ്യതിചലിക്കാതെ രാജ്യപാലനം നടത്തണം എന്ന കര്‍ക്കശമായ നിര്‍ദ്ദേശം മക്കള്‍ക്കു നല്‍കിയശേഷം രാജ്യത്തെ നാലായി വിഭജിച്ചു. അങ്ങനെ നാലു മക്കള്‍ക്കും രാജാവാകാനുള്ള അവസരം ഒരുക്കിയ രാജാവായിരുന്നു കുശന്‍. പിതാവിന്റെ ഇച്ഛയെ ശിരസ്സാവഹിച്ച് നാലുപേരും രാജ്യത്തെ നന്നായി പരിപാലിച്ചുകൊണ്ട് തങ്ങളുടെ രാജ്യങ്ങളില്‍ നാലു മഹാനഗരങ്ങള്‍ പണിതുയര്‍ത്തി പ്രജാതല്‍പ്പരരായിട്ടാണ് രാജ്യം ഭരിച്ചത്.
കുശാംബന്‍, കൗശാംബി എന്നുപേരുള്ള നഗരം പണിതുയര്‍ത്തിയപ്പോള്‍, അസൂര്‍ത്തരജസ്, ധര്‍മ്മാരണ്യമെന്ന നഗരവും, വസു ഗിരിവ്രജമെന്ന നഗരവും പണികഴിപ്പിച്ചു. ഗിരിവ്രജം അതിമനോഹരമായ ദേശമായിരുന്നു. അഞ്ച് മാമലകളും ആ മലകള്‍ക്കിടയിലൂടെ ഒരു മാലപോലെ ഒഴുകിയ മാഗധി എന്ന മഹാനദിയും രാജ്യത്തെ സമ്പല്‍സമൃദ്ധമാക്കി.
കുശനാഭന്‍, മഹോദയപുരം എന്ന നഗരമാണ് സ്ഥാപിച്ചത്. ഗംഗാതടത്തില്‍ സ്ഥിതിചെയ്യുന്ന, സമ്പന്നവും അതിമനോഹരവുമായ മഹോദയപുരം, കന്യാകുബ്ജം എന്ന പേരില്‍ അക്കാലത്ത് പ്രസിദ്ധമായിരുന്നു. കന്യാകുബ്ജത്തിലെ രാജാവായ കുശനാഭന് ആറ് പെണ്‍മക്കള്‍ക്കുശേഷം ഉണ്ടായ പുത്രനാണ് ഗാധി. ഗാധിയും അച്ഛനെപ്പോലെയും മുത്തശ്ശനെപ്പോലെയും ധര്‍മ്മജ്ഞനും ശക്തനുമായ രാജാവായിരുന്നു. ഗാധിയുടെ പുത്രനാണ് വിശ്വാമിത്രന്‍. കുശന്റെ വംശത്തില്‍ ജനിച്ചതിനാല്‍ വിശ്വാമിത്രന് കൗശികന്‍ എന്ന പേരുകൂടി ലഭിച്ചു.” വസിഷ്ഠന്‍ പറഞ്ഞു നിര്‍ത്തി.
”മഹോദയപുരത്തിന് കന്യാകുബ്ജം എന്ന പേരു ലഭിക്കുന്നത് എങ്ങനെയാണ് ഗുരോ?” ലക്ഷ്മണന് തന്റെ മനസ്സില്‍ രൂപപ്പെട്ട സംശയത്തെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ല.
”കുമാരാ, കന്യാകുബ്ജം എന്ന് പേരുണ്ടാകാന്‍, കാരണമായ ഒരു സംഭവം കുശനാഭന്‍ രാജാവായിരിക്കുമ്പോള്‍ മഹോദയപുരത്ത് ഉണ്ടായി. കുശനാഭന് അപ്‌സരസ്സായ ഘൃതാചിയില്‍ നാലു പെണ്‍മക്കളാണ് ആദ്യം ജനിച്ചത്. നൂറു ആണ്‍മക്കള്‍ക്ക് തുല്യമാണ് നാലു പെണ്‍മക്കള്‍ എന്ന് ദേവകള്‍ രാജാവിനെ അനുഗ്രഹിച്ചു. അതുകൊണ്ട് അദ്ദേഹത്തിന് നൂറ് പുത്രിമാര്‍ ഉണ്ടെന്നാണ് ജനങ്ങള്‍ വിശ്വസിച്ചത്. യവ്വനയുക്തകളായപ്പോഴേയ്ക്കും മക്കളെല്ലാം അതീവ സുന്ദരിമാരായിത്തീര്‍ന്നു. ഒരു ദിവസം അവര്‍ അണിഞ്ഞൊരുങ്ങി ഉദ്യാനത്തില്‍ ഉല്ലാസവതികളായി കളിച്ചു രസിച്ചിരിക്കുമ്പോള്‍ അതുവഴിവന്ന വായുദേവന്‍ അവരെ കാണാന്‍ ഇടയായി. ആദ്യദര്‍ശനത്തില്‍ത്തന്നെ സുന്ദരിമാരായ ആ കന്യകമാരില്‍ വായുദേവന് അനുരാഗം ജനിച്ചു. അത് ഒളിച്ചുവയ്ക്കാന്‍ വായുദേവന് കഴിഞ്ഞില്ല. കന്യകമാരോട് അപ്പോള്‍ത്തന്നെ തനിക്കുണ്ടായ പ്രേമത്തെ അദ്ദേഹം വെളിപ്പെടുത്തി.”
”അല്ലയോ സുന്ദരിമാരേ, ആദ്യ ദര്‍ശനത്തില്‍ത്തന്നെ ഞാന്‍ നിങ്ങളില്‍ അനുരക്തനായിരിക്കുന്നു. അതിനാല്‍ എന്റെ ഭാര്യമാരായി മനസ്സാ നിങ്ങളെ ഞാന്‍ വരിച്ചിരിക്കുന്നു. എന്റെ അപേക്ഷ നിങ്ങള്‍ സ്വീകരിക്കണം. അതുവഴി നിങ്ങള്‍ക്ക് ദീര്‍ഘായുസ്സും നിത്യ യൗവനവും ലഭിക്കുന്നതാണ്. യൗവനം മനുഷ്യരില്‍ സ്ഥിരമല്ല. എന്നാല്‍ എന്നെ സ്വീകരിച്ചാല്‍ അനശ്വരമായ യൗവനം നേടി നിങ്ങള്‍ അമര്‍ത്ത്യകളായിത്തീരും.” വായുദേവന്‍ പ്രണയാര്‍ദ്രമായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
അപ്രതീക്ഷിതമായി വായുദേവന്‍ നടത്തിയ പ്രണയാഭ്യാര്‍ത്ഥനകേട്ട് അവര്‍ പരസ്പരം അത്ഭുതത്തോടെ നോക്കി. വായുദേവന്‍ തങ്ങളെ പരിഹസിക്കുകയാണോ എന്ന് അവര്‍ സംശയിച്ചു. ”സര്‍വ്വ ഭൂതങ്ങളുടെയും അന്തരചാരിയായ അല്ലയോ വായുദേവാ, ഭവാന്റെ പ്രഭാവം ഞങ്ങള്‍ക്കറിയാം. അങ്ങയുടെ വാക്കുകള്‍ ഞങ്ങളില്‍ ആനന്ദം ഉളവാക്കുന്നു. എങ്കിലും അങ്ങ് ഞങ്ങളെ പരിഹസിക്കുകയാണോ എന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്. ദേവനായ അങ്ങ് ഞങ്ങളെ എന്തിനാണ് അപമാനിക്കുന്നത്? ഞങ്ങള്‍ കുശനാഭന്റെ പുത്രിമാരാണ്. സ്ത്രീകളാണെങ്കിലും ഞങ്ങള്‍ തപസ്സനുഷ്ഠിക്കുന്നവരാണ്. ഞങ്ങളോടു നടത്തിയ ഈ അഭ്യര്‍ത്ഥനയിലൂടെ ഞങ്ങളുടെ പിതാവിനെ അങ്ങ് അപമാനിക്കുകയാണോ എന്ന സന്ദേഹവും ഞങ്ങള്‍ക്കുണ്ട്. അങ്ങനെയെങ്കില്‍ പിതാവിനെ അപമാനിക്കുന്നത്, മക്കളായ ഞങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ല. പിതാവാണ് ഞങ്ങള്‍ക്ക് ദൈവം. പിതാവ് ഞങ്ങളെ ആര്‍ക്കാണോ നല്‍കുന്നത് അവരെയാണ് ഞങ്ങള്‍ ഭര്‍ത്താവായി സ്വീകരിക്കുക. പറഞ്ഞത് തെറ്റാണെങ്കില്‍ ക്ഷമിക്കണം.” കന്യകമാരില്‍ മൂത്തവള്‍ വായുദേവനോട് ആദരവോടെ എതിര്‍പ്പൊന്നും പ്രകടിപ്പിക്കാതെ സൗമ്യമായി പറഞ്ഞു.
ദേവനാണെന്ന് അറിഞ്ഞിട്ടും തന്നെ അപമാനിക്കുന്നതിന് തുല്യമായിട്ടാണ് കന്യകയുടെ വാക്കുകളെ വായുദേവന്‍ സ്വീകരിച്ചത്. സുന്ദരിമാരാണ് എന്ന അഹങ്കാരത്താലാണ് ഇപ്രകാരം പറയുന്നതെന്നു വായുദേവന്‍ സംശയിച്ചു. കുപിതനായ വായുദേവന്‍ അവരുടെ സൗന്ദര്യത്തെ ഇല്ലാതാക്കാന്‍ തീരുമാനിച്ച് പെട്ടെന്ന് തന്റെ ദിവ്യമായ ശക്തിയാല്‍ അവരുടെയെല്ലാം ശരീരത്തിനുള്ളില്‍ കടന്ന് നട്ടെല്ല് വളച്ച് അവരെയെല്ലാം ഒരു മുഴം മാത്രം ഉയരമുള്ളവരാക്കി മാറ്റി. വായുദേവന്റെ കോപത്താല്‍ എല്ലാവരും കുബ്ജകളായി(കൂനി)ത്തീര്‍ന്നു. കുബ്ജകളായിത്തീര്‍ന്ന കന്യകമാരുടെ രാജ്യത്തിന് അങ്ങനെ കന്യാകുബ്ജം എന്ന പേരും ലഭിച്ചു.”
”ആ കന്യകമാര്‍ക്ക് പിന്നീട് എന്താണ് സംഭവിച്ചത് മഹാമുനേ?” രാമന്‍ ആകാംക്ഷയോടെ ചോദിച്ചു.
വായുഭഗവാന്‍ കാട്ടിയ അനീതിയോട് രാമന്റെ ഉള്ളില്‍ ക്ഷോഭം ജനിച്ചുവെന്ന് വസിഷ്ഠന് മനസ്സിലായി. അനീതി എവിടെ കണ്ടാലും, കേട്ടാലും രാമന്‍ അപ്പോള്‍ അതിനോട് പ്രതികരിക്കുമെന്ന് വസിഷ്ഠനറിയാം. രാമനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ആ പഴയ സംഭവം പറയാനായി വസിഷ്ഠന്‍ നിവര്‍ന്നിരുന്നു.
”വിരൂപകളായിത്തീര്‍ന്ന കുമാരിമാര്‍ തങ്ങളുടെ രൂപം പരസ്പരം കണ്ട് പേടിച്ചുവിറച്ച് നിലവിളിച്ചുകൊണ്ട് കൂനിക്കൂനി കൊട്ടാരത്തിലേയ്ക്കുപോയി. തന്റെ മക്കളുടെ രൂപമാറ്റം കണ്ട് സംഭ്രാന്തനായ രാജാവ് എന്താണ് സംഭവിച്ചത് എന്നറിയാതെ പകച്ചു നിന്നു.
”ആരാണ് നിങ്ങളെ അപമാനിച്ച് ധര്‍മ്മത്തെ ഹിംസിച്ചത്? ആരാണ് നിങ്ങളെ കൂനികളാക്കി മാറ്റിയത്?” രാജാവ് സങ്കടം നിയന്ത്രിച്ച്, കോപത്താല്‍ വിറച്ചുകൊണ്ട് ചോദിച്ചു.
അവര്‍ ഒന്നും പറയാതെ പരസ്പരം നോക്കി. അതിശക്തനായ വായുദേവനാണ് ഇതിന് കാരണക്കാരന്‍ എന്നു പറയാന്‍ അവര്‍ക്ക് ധൈര്യം ഉണ്ടായില്ല. അങ്ങനെ പറഞ്ഞാല്‍ പിതാവ് വായുദേവനോട് ഏറ്റുമുട്ടി, എന്തെങ്കിലും അപകടം ഉണ്ടാക്കുമോ എന്നവര്‍ ഭയന്നു.
”എന്താണ് നിങ്ങള്‍ ഒന്നും പറയാതെ നില്‍ക്കുന്നത്. ”കുശനാഭന്‍ ക്ഷോഭിച്ചുകൊണ്ട് ചോദിച്ചു.
”സര്‍വ്വവ്യാപിയായ വായുദേവന്‍ ഞങ്ങളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നു ഞങ്ങളോടു പറഞ്ഞു.”ഭയത്തോടെ ഇളയവള്‍ പറഞ്ഞു.
”എന്നിട്ട് എന്തുണ്ടായി?”
”ഞങ്ങള്‍ അദ്ദേഹത്തിന്റെ പ്രണയാഭ്യാര്‍ത്ഥന തള്ളിക്കളയാതെ, ‘പിതാശ്രീ ആരെയാണോ സ്വീകരിക്കാന്‍ ഞങ്ങളോടു പറയുന്നത്, അവരെ മാത്രമേ സ്വീകരിക്കുകയുള്ളു’ എന്നു വിനയത്തോടെ പറഞ്ഞു. എന്നിട്ടും വായുദേവന്‍ കോപിച്ചുകൊണ്ട് ഞങ്ങളെ…” ബാക്കി പറയാന്‍ ശക്തിയില്ലാതെ പിതാവിന്റെ പാദങ്ങളില്‍വീണു മൂത്തവള്‍ കരയാന്‍തുടങ്ങി.
”ഞങ്ങളെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ പിതാശ്രീയെ സമീപിക്കാനും ഞങ്ങള്‍ പറഞ്ഞു.” ഇളയവള്‍ പറഞ്ഞു.
”ഒരു സ്ത്രീയെ കണ്ടമാത്രയില്‍ അവളില്‍ ഒരാള്‍ക്ക് അനുരാഗം ജനിക്കുക സ്വാഭാവികമാണ്. എന്നാല്‍ നിങ്ങളോടെല്ലാം ഒരേസമയത്ത് പ്രണയാഭ്യാര്‍ത്ഥന നടത്തിയതു ശരിയല്ല. ധര്‍മ്മം അവഗണിച്ചുകൊണ്ട് തെറ്റായ കാര്യമാണ് വായുദേവന്‍ നിങ്ങളോട് പറഞ്ഞത്. എന്നിട്ട് എന്തുണ്ടായി?”
”ഞങ്ങളുടെ വാക്കുകള്‍ കേള്‍ക്കാന്‍പോലും കൂട്ടാക്കാതെ, അദ്ദേഹത്തിന്റെ വാക്കുകളെ ധിക്കരിച്ചു എന്നുപറഞ്ഞുകൊണ്ട് ഞങ്ങളെ ഈ രൂപത്തിലാക്കി” കരഞ്ഞുകൊണ്ട് കന്യകമാര്‍ പറഞ്ഞു.
”മക്കളേ, നിങ്ങള്‍ വായുദേവനോടു പറഞ്ഞത് യുക്തമായ കാര്യമാണ്. നിങ്ങള്‍ ധര്‍മ്മപാതയിലൂടെ സഞ്ചരിക്കുന്നവരാണെന്ന് അറിയുന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. ക്ഷമയുള്ളവര്‍ ചെയ്യേണ്ടത് മാത്രമാണ് നിങ്ങള്‍ ചെയ്തത്. ദുഷ്‌ക്കരമായ ക്ഷമയെ പാലിച്ചുകൊണ്ട് കുലത്തിന്റെ യശസ്സ് ഉയര്‍ത്തുന്ന കര്‍മ്മം മാത്രമേ നിങ്ങള്‍ ചെയ്തിട്ടുള്ളു. ദേവന്മാരോട് ക്ഷമ കാട്ടേണ്ടതാണ്. നിങ്ങള്‍ക്ക് ക്ഷമാശീലം ഉണ്ടെന്ന് അറിയുന്നതുപോലും പിതാവെന്ന നിലയില്‍ എനിക്ക് ആനന്ദമാണ് നല്‍കുന്നത്. ക്ഷമ, സത്യവും ധര്‍മ്മവും യശസ്സും യജ്ഞവുമാണ്. ക്ഷമയിലാണ് ലോകം നിലനില്‍ക്കുന്നത്. ക്ഷമ, നാരികള്‍ക്ക് അലങ്കാരമാണ്.” മക്കളുടെ വാക്കുകള്‍ കേട്ട് സന്തുഷ്ടനായ രാജാവ് പറഞ്ഞു.
പുത്രിമാര്‍ക്കു ഇത്തരം ഒരു ദുര്യോഗം വരുത്തിവച്ച വായുദേവനോട് അത്യധികം കോപം ഉണ്ടായെങ്കിലും ശക്തനായ വായുദേവനോട് എതിരിടുന്നത് കൂടുതല്‍ അപകടമാണെന്ന് മനസ്സിലാക്കി രാജാവ് അതിന് മുതിര്‍ന്നില്ല.
ധര്‍മ്മജ്ഞനായ കുശനാഭന്‍ മക്കള്‍ക്കുണ്ടായ ദുരന്തത്തില്‍ അതീവ ദുഃഖിതനായി. രാജ്യകാര്യങ്ങളില്‍പ്പോലും താല്പര്യമില്ലാത്തവനായി മാറി. മക്കളുടെ വിവാഹത്തെക്കുറിച്ച് ആലോചിച്ചപ്പോഴൊക്കെ വിരൂപകളായിത്തീര്‍ന്ന അവര്‍ക്ക് ഭര്‍ത്തൃപദം പ്രാപിക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത് അദ്ദേഹം സങ്കടപ്പെട്ടു. സുന്ദരിമാരായിരുന്ന മക്കളുടെ ഇപ്പോഴത്തെ രൂപം കണ്ട് അവരെ ആരും സ്വീകരിക്കാന്‍ തയ്യാറാകില്ലല്ലോ എന്നോര്‍ത്ത് നിരാശനായി കഴിയുമ്പോഴും പ്രതീക്ഷ കൈവെടിഞ്ഞില്ല.
രാജകുലത്തിന് യോജിച്ച ആരെങ്കിലും മക്കളെ സ്വീകരിക്കാന്‍ ഉണ്ടാകുമോ എന്ന് മന്ത്രിയുമായും ആചാര്യന്മാരുമായും രാജാവ് ആലോചിച്ചുകൊണ്ടിരുന്നു. പല നിര്‍ദ്ദേശങ്ങളും അവര്‍ മുന്നോട്ടുവച്ചു. എങ്കിലും അതിലൊന്നും രാജാവ് തൃപ്തനായില്ല. തനിക്ക് ഒരു പുത്രന്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തരം പ്രതിസന്ധികളില്‍ ഒരു തുണ ആകുമായിരുന്നു എന്നു അപ്പോള്‍ രാജാവ് ചിന്തിച്ചു.
കുശനാഭന്‍ പലവിധ ചിന്തകളാല്‍ ദുഃഖിതനായി ഉദ്യാനത്തില്‍ ഇരിക്കുന്ന സന്ദര്‍ഭത്തിലാണ് ചൂളി എന്ന മുനി അദ്ദേഹത്തെ കാണാന്‍ കൊട്ടാരത്തില്‍ എത്തിയത്. മുനിയെ കുശനാഭന്‍ വേണ്ടവിധത്തില്‍ സല്‍ക്കരിച്ച ശേഷം പാരമ്പര്യ രീതി അനുസരിച്ച് മുനിയെ പരിചരിക്കാനായി തന്റെ പുത്രിമാരെ നിയോഗിക്കുകയും ചെയ്തു.
പുത്രിമാര്‍ മുനിയെ വേണ്ടുംവിധം പരിചരിച്ച് പ്രീതിപ്പെടുത്തി. സല്‍സ്വഭാവികളായ അവരുടെ പരിചരണത്തില്‍ മുനി അതീവ സന്തുഷ്ടനായി. തന്നെ പരിചരിക്കുന്ന കുമാരിമാര്‍ക്കുണ്ടായ ദുരന്തവൃത്താന്തം അറിഞ്ഞപ്പോള്‍ ചൂളിക്ക് അവരോട് ദയ തോന്നി. ഏതു പ്രതിസന്ധിയിലും പ്രതീക്ഷ കൈവെടിയരുതെന്നും ഏത് പ്രശ്‌നത്തിനും പരിഹാരം ഉണ്ടെന്നും മുനി അവരെ ആശ്വസിപ്പിച്ചു.
തന്റെ പുത്രനെക്കൊണ്ട് ഇവരെ വിവാഹം കഴിപ്പിച്ചാലോ എന്ന് മുനി ചിന്തിച്ചു. ബ്രഹ്മതേജസ്സാര്‍ന്ന തന്റെ പുത്രന്‍ ഇവരെ സ്വീകരിച്ചാല്‍ ഇവര്‍ക്ക് പൂര്‍വ്വരൂപം തിരികെ കിട്ടുമെന്നു മുനി ജ്ഞാനദൃഷ്ടികൊണ്ട് മനസ്സിലാക്കി. എങ്കിലും അക്കാര്യം പെട്ടെന്ന് വെളിപ്പെടുത്തിയില്ല.
മുനിക്ക് ബ്രഹ്മതേജസ്സാര്‍ന്ന ഒരു പുത്രനുണ്ടെന്നറിഞ്ഞപ്പോള്‍ തന്റെ മനോഗതം മുനിയെ അറിയിച്ചാലോ എന്ന് കുശനാഭന്‍ രാജഗുരുവുമായി ആലോചിച്ചു.
മുനി അത് അംഗീകരിച്ചാല്‍, ഉത്തമമായ കാര്യമായിരിക്കുമെന്ന് രാജഗുരു പറഞ്ഞപ്പോള്‍ കുശനാഭന് സന്തോഷമായി. മുനിക്ക് പുത്രനുണ്ടാകാന്‍ ഇടയായ സാഹചര്യംകൂടി രാജഗുരു രാജാവിനോടു വിശദീകരിച്ചു.
****** ******
ചൂളിമഹര്‍ഷി തീവ്രതപസ്സില്‍ ഏര്‍പ്പെട്ടുകൊണ്ട് കാനനത്തില്‍ കഴിയുന്ന സന്ദര്‍ഭത്തില്‍ സോമദ എന്നു പേരായ ഒരു ഗന്ധര്‍വ്വസ്ത്രീ മുനിയെ പരിചരിക്കാനെത്തി. അവള്‍ അതീവ വിനയമുള്ളവളും സദ്ഗുണ സമ്പന്നയുമായിരുന്നു. മുനിയുടെ തപസ്സിന് യാതൊരുവിധ ഭംഗവും ഉണ്ടാവാതെ ശ്രദ്ധാപൂര്‍വ്വം മുനിയെ അവള്‍ പരിചരിച്ചു. അവളുടെ പരിചരണത്തില്‍ മുനി അതീവ സന്തുഷ്ടനായി. തപസ്സ് പൂര്‍ത്തിയാക്കി മടങ്ങുന്ന സന്ദര്‍ഭത്തില്‍ സോമദയ്ക്ക് എന്തെങ്കിലും വരം നല്‍കി അനുഗ്രഹിക്കണമെന്ന് മുനി ആഗ്രഹിച്ചു. അവള്‍ ചോദിക്കുന്ന എന്തുവരവും നല്‍കാന്‍ മുനി ഒരുക്കമായിരുന്നു.
”സോമദേ, എന്താണ് നിനക്കുവേണ്ടി ഞാന്‍ ചെയ്യേണ്ടത്? എന്തുവേണമെങ്കിലും ചോദിച്ചുകൊള്‍ക. എന്നാല്‍ സാധ്യമാകുന്നതെന്തും ഞാന്‍ നിനക്ക് നല്‍കുന്നതാണ്.” മുനി സന്തോഷത്തോടെ അവളുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു.
തന്നോട് മുനിക്ക് പ്രീതി ഉണ്ടെന്നു മനസ്സിലാക്കിയ സോമദ, തന്റെ ആഗ്രഹം എങ്ങനെയാണ് മുനിയോടു പറയുക എന്ന് ശങ്കിച്ച് ചോദിക്കാന്‍ മടിച്ചു. ഒടുവില്‍ മുനിയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി അവള്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തി.
”ബ്രഹ്മതപസ്സാര്‍ന്ന ധാര്‍മ്മികനായ ഒരു പുത്രനെ ലഭിക്കാന്‍ അങ്ങ് എന്നെ അനുഗ്രഹിക്കണം” അവള്‍ വിനയപൂര്‍വ്വം മുനിയെ വണങ്ങിയശേഷം പറഞ്ഞു.
സോമദ, ഭര്‍ത്തൃമതി ആയിരുന്നില്ല എന്നറിയാവുന്നതിനാല്‍ മുനി അവളെ സൂക്ഷിച്ചു നോക്കി. ആരേയും ഭര്‍ത്താവായി സ്വീകരിക്കാത്ത അവള്‍ക്ക് താന്‍ പുത്രനെ നല്‍കണമെന്ന് അപേക്ഷിക്കുന്നതിലൂടെ അവളെ ഭാര്യയായി സ്വീകരിക്കണം എന്നാണ് അവള്‍ പറഞ്ഞതെന്ന് മുനിക്ക് മനസ്സിലായി. സന്തുഷ്ടനായ മുനി അവളെ സന്തോഷത്തോടെ ഭാര്യയായി സ്വീകരിച്ചു. അങ്ങനെ അവള്‍ക്ക് മഹര്‍ഷിയില്‍ ബ്രഹ്മതേജസ്സാര്‍ന്ന ഒരു പുത്രന്‍ ജനിച്ചു. ആ പുത്രനാണ് കാമ്പിലി രാജ്യത്തെ ഇപ്പോഴത്തെ രാജാവായ ബ്രഹ്മദത്തന്‍.
കാമ്പിലി രാജ്യത്തെ രാജാവായ ബ്രഹ്മദത്തനെക്കുറിച്ചും കാമ്പിലി എന്ന പ്രശസ്തമായ പട്ടണത്തെക്കുറിച്ചും കുശനാഭന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ചൂളി മുനിക്ക് സോമദയില്‍ ജനിച്ച പുത്രനാണ് ബ്രഹ്മദത്തന്‍ എന്നറിയുന്നത് മന്ത്രി പറഞ്ഞപ്പോഴാണ്. സല്‍ഗുണസമ്പന്നനായ മുനിയുടെ പുത്രന്‍ തന്റെ പുത്രിമാരെ സ്വീകരിക്കുമോ എന്നു കുശനാഭന്‍ ശങ്കിച്ചു. കൂനികളായ തന്റെ മക്കളെ എല്ലാം തികഞ്ഞ പുത്രനെക്കൊണ്ട് വിവാഹം കഴിപ്പക്കണമെന്നു മുനിയോടു പറയാന്‍ കുശനാഭന് ധൈര്യമുണ്ടായില്ല.’
കുശനാഭന്റെ മാനസികാവസ്ഥ മുനി മനസ്സിലാക്കി. തന്റെ പുത്രനായ ബ്രഹ്മദത്തന്‍ കുമാരിമാരെ സ്വീകരിക്കുന്നതുവഴി അവര്‍ക്ക് പൂര്‍വ്വസ്ഥിതി പ്രാപിക്കാന്‍ കഴിയുമെന്നു മുനിക്കറിയാം. മാത്രമല്ല, കുശനാഭന്റെ മക്കള്‍ സത്ഗുണ സമ്പന്നകളാണെന്ന് അവരുടെ പരിചരണത്തിലൂടെ മനസ്സിലാക്കിയതാണ്.
കൊട്ടാരത്തില്‍നിന്നും യാത്രപറഞ്ഞ് പോകാന്‍ തുടങ്ങുന്ന സമയത്ത് കുശനാഭന്റെ മനോഗതം അറിഞ്ഞ മുനി, രാജകുമാരിമാരുടെ വിവാഹത്തെക്കുറിച്ച് രാജാവിനോടു ചോദിച്ചു. വിരൂപകളായ തന്റെ മക്കളെ വിവാഹം കഴിക്കാന്‍, രാജകുലത്തിനു യോജിച്ച ആരേയും ലഭിക്കാത്ത ദുഃഖം അപ്പോഴും രാജാവ് മുനിയുമായി പങ്കുവച്ചു.
”അല്ലയോ രാജന്‍, ഞാന്‍ പറഞ്ഞാല്‍ എന്റെ മകന്‍ അങ്ങയുടെ പുത്രിമാരെ വിവാഹം കഴിക്കുമെന്ന വിശ്വാസമുണ്ട്. സര്‍വ്വഗുണ സമ്പന്നകളായ അങ്ങയുടെ പുത്രിമാരെ പുത്രവധുക്കളായി ലഭിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളു.” മഹര്‍ഷി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
അതു കേട്ടപ്പോള്‍ സന്തോഷംകൊണ്ട് രാജാവിന്റെ കണ്ണുകള്‍ വിടര്‍ന്നു. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും ഒന്നുതന്നെ. പുത്രിമാരെ എത്രയും വേഗം ബ്രഹ്മദത്തന് വിവാഹം കഴിച്ചു കൊടുക്കാന്‍ തീരുമാനിച്ച രാജാവ് അപ്പോള്‍ത്തന്നെ മുനിയുടെ അനുവാദത്തോടെ ബ്രഹ്മദത്തനെ ക്ഷണിച്ചു വരുത്താന്‍ ദൂതന്മാരെ നിയോഗിച്ചു.
(തുടരും)