മഹാമുനിമാര്‍ നേടിയെടുത്ത സര്‍വ്വവിധ ജ്ഞാനങ്ങളും മാസങ്ങളും വര്‍ഷങ്ങളും വിശ്രമമില്ലാതെ എല്ലാവിധ പ്രതിബന്ധങ്ങളെയും തരണം ചെയ്തുകൊണ്ട് വിശ്വാമിത്രന്‍ സ്വായത്തമാക്കി. സര്‍വ്വവിധ ആയുധങ്ങളും സര്‍വ്വ ധനുസ്സുകളും നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിക്കാനുള്ള കരുത്തു നേടി. എന്നിട്ടും ജ്ഞാനാന്വേഷണം അവസാനിപ്പിക്കാതെ തുടര്‍ന്നുകൊണ്ടിരുന്നു.
എന്തെല്ലാം ജ്ഞാനങ്ങള്‍ നേടിയാലും ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരില്‍ ആരെങ്കിലും പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചെങ്കില്‍ മാത്രമേ അത് നേടിയ വ്യക്തിയെ ത്രിലോകങ്ങളും അംഗീകരിക്കുകയുള്ളു. അവര്‍ വരം നല്‍കുന്നു എന്നതിനര്‍ത്ഥം അവരുടെ അനുഗ്രഹം ലഭിച്ചിരിക്കുന്നു എന്നാണ്. അതിനാല്‍ അവര്‍ പ്രത്യക്ഷപ്പെട്ട് അനുഗ്രഹം നല്‍കുന്നതുവരെ വിശ്വാമിത്രന്‍ തപസ്സ് തുടര്‍ന്നു.
കഠിന തപസ്സിലൂടെ സര്‍വ്വ കഴിവുകളും തികഞ്ഞ മഹായോഗിയായി വിശ്വാമിത്രന്‍ മാറിയിരിക്കുന്നുവെന്ന് ശിവന് ബോധ്യപ്പെട്ടപ്പോള്‍ ശിഷ്യനെ അനുഗ്രഹിക്കാന്‍ ശിവന്‍ വിശ്വാമിത്രന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
”ഹേ രാജന്‍, അങ്ങയുടെ കഠിന പരിശ്രമങ്ങളെ ഞാന്‍ അംഗീകരിക്കുന്നു. സാംഗോപാംഗങ്ങളോടും മന്ത്രങ്ങളോടും രഹസ്യങ്ങളോടും കൂടിയ ധനുര്‍വ്വേദ സിദ്ധാന്തത്തെ അങ്ങ് ഗ്രഹിച്ചിരിക്കുന്നു. ദേവന്മാരിലും ദാനവന്മാരിലും മഹര്‍ഷിമാരിലും ഗന്ധര്‍വ്വ, യക്ഷ, രക്ഷസ്സുകളിലും ഏതെല്ലാം അസ്ത്ര, ശസ്ത്രങ്ങളുണ്ടോ അവയെല്ലാം പ്രവര്‍ത്തിപ്പിക്കാനുള്ള ശേഷി അങ്ങേയ്ക്കുണ്ടെന്നു നമുക്ക് ബോധ്യപ്പെട്ടു. എന്തു അനുഗ്രഹമാണ് ഇനിയും അങ്ങേയ്ക്ക് നല്‍കേണ്ടത്?” പരമശിവന്‍ ചോദിച്ചു.
”അവിടുന്ന് എന്നില്‍ പ്രീതനായതില്‍, അങ്ങയോടു കടപ്പെട്ടിരിക്കുന്നു. ഞാന്‍ നേടിയ ജ്ഞാനത്തെ അംഗീകരിച്ച് എന്നെ അനുഗ്രഹിച്ചാലും.” വിശ്വാമിത്രന്‍ പറഞ്ഞു.
ശിഷ്യന്റെ വാക്കുകള്‍ കേട്ട് സംപ്രീതനായ പരമശിവന്‍ വിശ്വാമിത്രനെ അനുഗ്രഹിച്ചു. താന്‍ അനുഷ്ടിച്ച കര്‍മ്മങ്ങള്‍ക്ക് ഫലം ലഭിച്ചതില്‍ വിശ്വാമിത്രന്‍ അതിയായി സന്തോഷിച്ചു. ആരേയും പരാജയപ്പെടുത്താനുള്ള ശക്തി നേടിയിരിക്കുന്നു എന്ന് ബോധ്യപ്പെട്ടപ്പോള്‍ വസിഷ്ഠനോടുള്ള പകയാണ് വിശ്വാമിത്രന്റെ മനസ്സില്‍ തെളിഞ്ഞുവന്നത്. തന്റെ ശക്തി വസിഷ്ഠനെ ബോധ്യപ്പെടുത്തണമെന്നു തീരുമാനിച്ച് വിശ്വാമിത്രന്‍ നേരെ പോയത് വസിഷ്ഠാശ്രമത്തിലേയ്ക്കാണ്.
*** ***
”വസിഷ്ഠാചാര്യാ, ഞാനിപ്പോള്‍ രാജാവായ വിശ്വാമിത്രനല്ല, രാജര്‍ഷിയായ വിശ്വാമിത്രനാണ്. ഇനിയും താങ്കള്‍ക്ക് യുദ്ധത്തില്‍ എന്നെ പരാജയപ്പെടുത്താന്‍ കഴിയില്ല. ഒരിക്കല്‍ അങ്ങ് എന്നെ പരാജയപ്പെടുത്തി. അക്കാരണത്താല്‍ യുദ്ധത്തില്‍ അങ്ങയോട് ജയിച്ചെങ്കില്‍ മാത്രമേ എന്റെ മനസ്സിന് സമാധാനം ലഭിക്കുകയുള്ളു. എന്നെ നേരിടാന്‍ തയ്യാറായിക്കോളൂ….” വിശ്വാമിത്രന്‍ വിശേഷാസ്ത്രങ്ങള്‍ വസിഷ്ഠനുനേരെ പ്രയോഗിക്കാന്‍ തയ്യാറെടുത്തുകൊണ്ട് പറഞ്ഞു.
”രാജന്‍, ഋഷിയായ എനിക്ക് താങ്കളോട് യുദ്ധംചെയ്യാന്‍ തെല്ലും താല്പര്യമില്ല. എന്റെ രക്ഷയ്ക്കുവേണ്ടി മാത്രമാണ് ഞാന്‍ ആയുധമെടുത്തത്. വിജയിയായി അഹങ്കരിക്കാന്‍വേണ്ടി ഞാന്‍ ആയുധമെടുക്കാറില്ല. അനവധി ജ്ഞാനം അങ്ങ് നേടിയെങ്കിലും അങ്ങയുടെ മനസ്സിലെ പ്രതികാരദാഹം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഒരാളുടെ മനസ്സില്‍നിന്ന് എപ്പോഴാണോ പ്രതികാരവാഞ്ഛ ഇല്ലാതാകുന്നത് അപ്പോള്‍ മാത്രമേ അയാള്‍ ഋഷിയായിത്തീരുന്നുള്ളു.” വസിഷ്ഠന്‍ അക്ഷോഭ്യനായി പറഞ്ഞു.
”എങ്കില്‍ സ്വരക്ഷയ്ക്കായി അങ്ങ് ഒരുങ്ങിക്കോളൂ. എന്നെ പരാജയപ്പെടുത്തി അപമാനിച്ചതിനുള്ള ശിക്ഷ ഏറ്റുവാങ്ങിക്കോളൂ.” പണ്ട് തന്നെ പരിഹസിച്ചതിലുള്ള കോപത്തോടെ വിശ്വാമിത്രന്‍ ഉച്ചത്തില്‍ പറഞ്ഞു.
”അനിവാര്യമല്ലാത്ത സന്ദര്‍ഭത്തില്‍ ആയുധമെടുക്കുന്നത് ഉചിതമല്ല രാജന്‍..” വസിഷ്ഠന്‍ പറഞ്ഞു.
‘രാജന്‍’ എന്ന് സംബോധന ചെയ്തതിലൂടെ ഒരു മഹര്‍ഷിയായി തന്നെ അംഗീകരിക്കാന്‍പോലും വസിഷ്ഠന്‍ തയ്യാറാകുന്നില്ലെന്ന് വിശ്വാമിത്രന് മനസ്സിലായി. തന്നെ ഇപ്പോഴും വസിഷ്ഠന്‍ പരിഹസിക്കുകയാണെന്ന് തോന്നിയപ്പോള്‍ ദിവ്യാസ്ത്രങ്ങള്‍ വസിഷ്ഠനു നേരെ വിശ്വാമിത്രന്‍ വര്‍ഷിച്ചു.
വിശ്വാമിത്രന്‍ അയച്ച അസ്ത്രങ്ങള്‍ക്ക് വസിഷ്ഠനെ സ്പര്‍ശിക്കാന്‍ പോലും കഴിഞ്ഞില്ല. എന്നാല്‍ അസ്ത്രങ്ങളില്‍നിന്നുയര്‍ന്ന അഗ്നിയില്‍ തപോവനം ആകെ കത്തിയെരിഞ്ഞു. ആശ്രമത്തിലെ മുനിമാരും ശിഷ്യന്മാരും നാലുപാടും ചിതറി ഓടി. ശിഷ്യന്മാര്‍ ഓമനിച്ചു വളര്‍ത്തിയ ആശ്രമ മൃഗങ്ങളും പക്ഷികളും പരിഭ്രാന്തരായി പലവഴികളിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചു. ആശ്രമം പെട്ടെന്ന് ആശ്രമം അല്ലാതായി മാറി.
”നിങ്ങളാരും ഭയപ്പെടേണ്ടതില്ല. ഋഷിയെന്ന് അവകാശപ്പെടുന്ന ഈ ക്ഷത്രിയാധമന്റെ അസ്ത്രങ്ങളെ ഞാന്‍ ഉടന്‍ നേരിടുന്നതാണ്. ഇത് വെറും മൂടല്‍ മഞ്ഞാണ്. മൂടല്‍മഞ്ഞിന് സൂര്യനെ ഇല്ലാതാക്കാന്‍ കഴിയില്ല.” പരിഭ്രാന്തരായി ഓടുന്ന ശിഷ്യന്മാരോട് വസിഷ്ഠന്‍ ഉറക്കെ പറഞ്ഞു.
മുനിയുടെ വാക്കുകളില്‍ വിശ്വാസമുണ്ടെങ്കിലും അവിടുത്തെ ഭീകരാവസ്ഥ കണ്ട് ജീവനുംകൊണ്ട് ഓടി രക്ഷപ്പെടാനാണ് എല്ലാവരും ശ്രമിച്ചത്.
”ഇപ്പോഴും എന്നെ പരിഹസിക്കാന്‍ അങ്ങേയ്ക്ക് ലജ്ജയില്ലേ.? അങ്ങ് പരാജയം സമ്മതിക്കാതെ ഞാന്‍ പിന്‍തിരിയില്ല.” വസിഷ്ഠന്റെ പരിഹാസവാക്കുകേട്ട് കോപത്തോടെ വിശ്വാമിത്രന്‍ പറഞ്ഞു.
”അല്ലയോ കൗശികാ, മൂടല്‍ മഞ്ഞിനെ സൂര്യന്‍ എങ്ങനെയാണോ ഇല്ലാതാക്കുന്നത് അതുപോലെ നിന്റെ അസ്ത്രത്തെ ഞാന്‍ പ്രതിരോധിക്കുന്നതാണ്.” വസിഷ്ഠന്‍, ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് വിശ്വാമിത്രനെ നേരിടാന്‍ ആയുധമെടുത്തു.
”ഞാന്‍ രാജാവായ കൗശികനല്ല. തപോബലംകൊണ്ട് കരുത്തനായ വിശ്വാമിത്രനാണ്. ഞാന്‍ നേടിയ ജ്ഞാനത്തെ പരിഹസിക്കുന്ന അങ്ങേയ്ക്ക് തക്കതായ ശിക്ഷ ഞാന്‍ നല്‍കുന്നതാണ്.” താന്‍ നേടിയ കരുത്തില്‍ വിശ്വസിച്ചുകൊണ്ട് വിശ്വാമിത്രന്‍ പറഞ്ഞു.
”കൗശികാ, ആശ്രമത്തെ ഭയപ്പെടുത്തുന്ന നീയാണോ, വിശ്വാമിത്രന്‍? എത്ര വിശേഷജ്ഞാനം നേടിയാലും അത് എവിടെ, എങ്ങനെ, ആരുടെനേര്‍ക്ക് പ്രയോഗിക്കുന്നു എന്നുള്ളത് പ്രധാനമാണ്. നീ ദുഷ്ടനാണ്. ദീര്‍ഘനാളത്തെ തപോബലത്താലും കഠിന പരിശ്രമത്താലുമാണ് ഈ ആശ്രമത്തെ ഞാന്‍ സമ്പന്നമാക്കിയത്. അതാണ് നീ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. നിന്റെ വിജയം ക്ഷണികമാണ്. നിന്റെ നാശം അടുത്തിരിക്കുന്നു.” വസിഷ്ഠന്‍ കാലാഗ്നിപോലെയും യമദണ്ഡംപോലെയുള്ള ദണ്ഡുമേന്തി അത്യധികമായ കോപത്തോടെ വിശ്വാമിത്രനുനേരെ യുദ്ധത്തിന് തയ്യാറായി നിന്നുകൊണ്ട് പറഞ്ഞു.
ബ്രഹ്മദണ്ഡുമായി തന്നെ നേരിടാന്‍ തയ്യാറായിനില്‍ക്കുന്ന വസിഷ്ഠനെ കണ്ടപ്പോള്‍ അപകടം മുന്‍കൂട്ടി മനസ്സിലാക്കിയ വിശ്വാമിത്രന്‍ വസിഷ്ഠനെ നേരിടാനായി ആഗ്നേയാസ്ത്രം കയ്യിലെടുത്തു.
ആഗ്നേയാസ്ത്രം നേടിയവരാരുംതന്നെ അത് പ്രയോഗിക്കാന്‍ ശ്രമിക്കില്ല. അത് സര്‍വ്വലോക വിനാശകാരിയാണ്. അത് പ്രയോഗിച്ചാലുണ്ടാവുന്ന ദുരന്തം അത്ര വലുതാണ്. ആ ദുരന്തം തലമുറകളോളം നീണ്ടുനില്‍ക്കുന്നതാണ്. ആശ്രമത്തിനു നേരെ അത് ആരും പ്രയോഗിക്കില്ല. എന്നാല്‍ വിവേകം നഷ്ടപ്പെട്ട് ആഗ്നേയാസ്ത്രവുമായി നില്‍ക്കുന്ന വിശ്വാമിത്രനെ കണ്ടപ്പോള്‍ വസിഷ്ഠനും ഭയന്നു. അതിനാല്‍ അതിനെ നേരിടാന്‍ ശേഷിയുള്ള വിശേഷ ആയുധം പ്രയോഗിക്കാന്‍ സന്നദ്ധനായി വസിഷ്ഠനും നിലയുറപ്പിച്ചു.
”ക്ഷത്രബന്ധോ, ഞാന്‍ ഭയപ്പെടുന്നവനല്ല. നിന്നെ നേരിടാന്‍ ഞാന്‍ ഒരുക്കമാണ്. നിന്റെ കരുത്ത് നീ കാട്ടുക. അപ്പോള്‍ നിന്റെയും, നിന്റെ ശസ്ത്രത്തിന്റെയും അഹങ്കാരത്തെ ഞാന്‍ എങ്ങനെ ശമിപ്പിക്കുന്നതാണെന്ന് നിനക്ക് ബോധ്യമാകും. നിന്റെ ക്ഷത്രിയ ബലത്തോട് എന്റെ ദിവ്യമായ ബ്രഹ്മബലം എങ്ങനെയാണ് വിജയിക്കുന്നതെന്ന് ക്ഷത്രിയാധമാ, നീ കണ്ടുകൊള്‍ക.” വസിഷ്ഠന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
വസിഷ്ഠന്റെ പരിഹാസ വാക്കുകള്‍ കേട്ട് കുപിതനായ വിശ്വാമിത്രന്‍ ആഗ്നേയാസ്ത്രം തെല്ലും മടികൂടാതെ പെട്ടെന്ന് പ്രയോഗിച്ചു. കൗശികന്റെ ആഗ്നേയാസ്ത്രത്തെ അഗ്നി ജലത്തെ എന്നപോലെ ബ്രഹ്മദണ്ഡംകൊണ്ട് വസിഷ്ഠന്‍ ഞൊടിയിടയില്‍ ശാന്തമാക്കി.
ആഗ്നേയാസ്ത്രം ഫലിക്കാതെ വന്നപ്പോള്‍ വാരുണം, രൗദ്രം, തുടങ്ങി തന്റെ കയ്യിലുള്ള എല്ലാ ദിവ്യായുധങ്ങളും വിശ്വാമിത്രന്‍ വസിഷ്ഠന്റെ നേരെ പ്രയോഗിച്ചു. വസിഷ്ഠന്‍ തന്റെ ദണ്ഡുകൊണ്ട് വിശ്വാമിത്രന്‍ അയച്ച ദിവ്യാസ്ത്രങ്ങളെ നിര്‍വ്വീര്യമാക്കി. താന്‍ പരാജയപ്പെടുമെന്നു ഉറപ്പായപ്പോള്‍ വര്‍ദ്ധിച്ച കോപത്തോടെ ഭീതിമൂലം അത്യന്തം അപകടകാരിയായ ബ്രഹ്മാസ്ത്രം വിശ്വാമിത്രന്‍ പ്രയോഗിച്ചു. അതോടെ ദേവന്മാരും ദേവര്‍ഷികളും ഗന്ധര്‍വ്വന്മാരും സംഭ്രാന്തരായി.
ആ സന്ദര്‍ഭത്തില്‍ അതുവരെ ആരും കാണാത്തമട്ടില്‍ വസിഷ്ഠന്‍ കോപംകൊണ്ട് ജ്വലിച്ചു. വസിഷ്ഠന്റെ സര്‍വ്വ രോമകൂപങ്ങളില്‍നിന്നും പുകഞ്ഞെരിയുന്ന തീയില്‍നിന്നെന്നപോലെ തീപ്പൊരികള്‍ പാറിപ്പറന്നു. കയ്യിലിരുന്ന ബ്രഹ്മദണ്ഡ് കാലാഗ്നിപോലെയും യമദണ്ഡംപോലെയും ഉജ്ജ്വല ശോഭയാര്‍ന്നു. മഹാ ഘോരമായ ബ്രഹ്മാസ്ത്രത്തെ ബ്രഹ്മദേവന്റെ അനുഗ്രഹത്താല്‍, ബ്രഹ്മദണ്ഡാല്‍ വസിഷ്ഠന്‍ നിര്‍വ്വീര്യമാക്കി.
വിശേഷങ്ങളായ ആയുധങ്ങള്‍ നേടി എന്ന അഹങ്കാരത്തോടെ അത് അനാവശ്യമായി പ്രയോഗിച്ച് സര്‍വ്വ ജീവജാലങ്ങള്‍ക്കും ആപത്തു വരുത്താന്‍ ശ്രമിക്കുന്ന വിശ്വാമിത്രനോട് ദേവന്മാര്‍ക്കും മഹര്‍ഷിമാര്‍ക്കും കടുത്ത അതൃപ്തി ഉണ്ടായി. വിശ്വാമിത്രന്റെ ആയുധങ്ങളെ പ്രതിരോധിക്കുക മാത്രമാണ് വസിഷ്ഠന്‍ ചെയ്തതെന്നു മനസ്സിലാക്കി വസിഷ്ഠനെ ദേവന്മാര്‍ അഭിനന്ദിച്ചു.
”മഹാമുനേ, അങ്ങയുടെ ശക്തി അപാരംതന്നെ. അങ്ങ് അഗ്നിയെ അഗ്നികൊണ്ട് അടക്കി. മഹാബലവാനായ വിശ്വാമിത്രനെ അങ്ങ് പരാജയപ്പെടുത്തിയിരിക്കുന്നു.” ദേവന്മാരും മാമുനിമാരും വസിഷ്ഠനു മുന്നില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞു.
ദേവകളുടെ വാക്കു കേട്ട് പരാജിതനായ വിശ്വാമിത്രന്‍ ലജ്ജിച്ച് തലകുനിച്ചു. താന്‍ നേടിയ ജ്ഞാനം അപൂര്‍ണ്ണമാണെന്നും തന്റെ ആയുധങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബ്രഹ്മജ്ഞാനം വസിഷ്ഠന്‍ നേടിയിട്ടുണ്ടെന്നും മനസ്സിലായപ്പോള്‍, വസിഷ്ഠന്‍ നേടിയ എല്ലാജ്ഞാനങ്ങളും സ്വായത്തമാക്കണമെന്ന് ഉറച്ച് കഠിനമായ തപസ്സ് ചെയ്യാന്‍ വിശ്വാമിത്രന്‍ തീരുമാനിച്ചു.
”ക്ഷത്രിയബലത്താല്‍ ഞാന്‍ നേടിയ എല്ലാ അസ്ത്രങ്ങളെയും ബ്രഹ്മബലംകൊണ്ട് വസിഷ്ഠന്‍ ഹനിച്ചിരിക്കുന്നു. അതിനാല്‍ ബ്രഹ്മത്വപ്രാപ്തി നേടാനായി ബ്രഹ്മാവിനെ തപസ്സു ചെയ്യാന്‍ ഞാനിതാ പുറപ്പെടുകയായി.” കോപം അടക്കിയ വിശ്വാമിത്രന്‍ ദേവന്മാരെ സാക്ഷിയാക്കി എല്ലാവരും കേള്‍ക്കെ ഉറക്കെ പറഞ്ഞു.
*** ***
വര്‍ഷങ്ങള്‍ നീണ്ടുനിന്ന തപസ്സിലൂടെ വിശ്വാമിത്രന്‍ ബ്രഹ്മത്വപ്രാപ്തി നേടി ബ്രഹ്മദേവനെ പ്രീതിപ്പെടുത്തി. സംപ്രീതനായ ബ്രഹ്മാവ് ദേവന്മാരൊടൊപ്പം വിശ്വാമിത്രനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ”കൗശികാ, തപസ്സുകൊണ്ട് നീ രാജര്‍ഷിലോകങ്ങള്‍ ജയിച്ചിരിക്കുന്നു. അതിനാല്‍ സപ്തര്‍ഷികള്‍ക്ക് തുല്യനായ മഹാമുനിയായി അംഗീകരിച്ച് രാജര്‍ഷിസ്ഥാനം നാം നിനക്ക് നല്‍കുന്നു.” വിശ്വാമിത്രനെ അനുഗ്രഹിച്ചുകൊണ്ട് ബ്രഹ്മാവ് പറഞ്ഞു.
ത്രിലോകങ്ങളും അംഗീകരിക്കുന്ന സപ്തര്‍ഷികള്‍ക്ക് തുല്യനായ ഒരു രാജര്‍ഷി മാത്രമായി തന്നെ അനുഗ്രഹിച്ചതില്‍ വിശ്വാമിത്രന് തെല്ലും അഭിമാനം തോന്നിയില്ല. അതിനാല്‍ ബ്രഹ്മാവിന്റെ അനുഗ്രഹത്തില്‍ തൃപ്തനാകാതെ വീണ്ടും കഠിനമായ തപസ്സ് എന്ന ജ്ഞാനാന്വേഷണം വിശ്വാമിത്രന്‍ തുടര്‍ന്നു. ഒടുവില്‍ സപ്തര്‍ഷിമാരായ മുനിമാര്‍ക്ക് ലഭിച്ച എല്ലാ ജ്ഞാനവും നേടി ത്രിമൂര്‍ത്തികളുടെ അനുഗ്രഹം വിശ്വാമിത്രന്‍ ഏറ്റുവാങ്ങി.
*** ***
വസിഷ്ഠനോടു ദയനീയമായി പരാജയപ്പെട്ടെങ്കിലും ആ പരാജയത്തെ എല്ലാ ജ്ഞാനങ്ങളും നേടാനുള്ള അവസരമാക്കി മാറ്റാന്‍ വിശ്വാമിത്രന്‍ ഉപയോഗപ്പെടുത്തി. വസിഷ്ഠന് തുല്യമായ എല്ലാവിധജ്ഞാനവും നേടിയിട്ടും വസിഷ്ഠനോടുള്ള ഈര്‍ഷ്യ വിശ്വാമിത്രന്റെ മനസ്സില്‍നിന്ന് വിട്ടുമാറിയില്ല. വസിഷ്ഠനെക്കാള്‍ ശക്തനാണ് താനെന്ന് തെളിയിക്കാനുള്ള അവസരത്തിനായി കാത്തിരുന്ന വിശ്വാമിത്രന്‍, ത്രിശങ്കുവിനെ ഉടലോടെ സ്വര്‍ഗ്ഗത്തി ലേയ്ക്കയച്ചാണ് തന്റെ കഴിവ് തെളിയിച്ചത്.
ത്രിശങ്കുവിനുവേണ്ടി വസിഷ്ഠനു ചെയ്യാന്‍ കഴിയാത്തതു തനിക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ വിശ്വാമിത്രന്‍ അഭിമാനിച്ചു. പ്രത്യേക സന്ദര്‍ഭങ്ങളില്‍ മനസ്സില്‍ രൂപപ്പെടുന്ന പ്രതിഷേധങ്ങള്‍പോലും പുതിയ ചിന്തകളെ രൂപപ്പെടുത്തി മനസ്സിനെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുമെന്ന് സ്വന്തം ജീവിതത്തിലൂടെ ലോകത്തെ ബോധ്യപ്പെടുത്താന്‍ വിശ്വാമിത്രനു കഴിഞ്ഞു.
കാലം കടന്നു പോയപ്പോള്‍ വസിഷ്ഠനോടുള്ള വെറുപ്പ് വിശ്വാമിത്രന്റെ മനസ്സില്‍നിന്ന് പതുക്കെ അപ്രത്യക്ഷമായി. ആരോടുമുള്ള വെറുപ്പു മനസ്സില്‍ സൂക്ഷിക്കുന്നതു ഉത്തമമല്ലെന്നും അത് ആത്മബലത്തെ കെടുത്തുമെന്നും മനസ്സിലാക്കിയപ്പോള്‍ വസിഷ്ഠനോടുള്ള വിദ്വേഷം മനസ്സില്‍നിന്ന് വിശ്വാമിത്രന്‍ തുടച്ചു നീക്കി.
*** ***
കോസലരാജ്യത്തിലെ ആചാര്യനായ വസിഷ്ഠനെ കാണാനായി അയോദ്ധ്യയ്ക്കു പോകാനുള്ള ഒരുക്കങ്ങള്‍ വിശ്വാമിത്രന്‍ ആരംഭിച്ചു. ആചാര്യനുമായി താന്‍ നടത്തുന്ന കൂടിക്കാഴ്ച രഹസ്യമായിരിക്കുന്ന താണ് നല്ലത്. അതിനാല്‍ രണ്ടോമൂന്നോ ശിഷ്യന്മാരെ മാത്രം ഒപ്പം കൂട്ടിയാല്‍ മതിയെന്നു തീരുമാനിച്ചു. താന്‍ നടത്താന്‍ ഉദ്ദേശിക്കുന്ന യജ്ഞവുമായി ബന്ധപ്പെട്ട ചിന്താപദ്ധതി കളെക്കുറിച്ച് വസിഷ്ഠനോട് വിശദമായി ചര്‍ച്ചചെയ്യാന്‍ കിട്ടുന്ന അവസരമായി കൂടിക്കാഴ്ചയെ മാറ്റണമെന്നും വിശ്വാമിത്രന്‍ ആഗ്രഹിച്ചു.
(തുടരും)
വര: ഗിരീഷ് മൂഴിപ്പാടം