- വസിഷ്ഠസന്ദേശം (വിശ്വാമിത്രന്‍ 1)
- വസിഷ്ഠസല്‍ക്കാരം (വിശ്വാമിത്രന്‍ 2)
- കാമധേനു ( വിശ്വാമിത്രന്‍ 3)
- പരീക്ഷണങ്ങളും പ്രലോഭനങ്ങളും ( വിശ്വാമിത്രന്‍ 20)
- ബ്രഹ്മര്‍ഷി (വിശ്വാമിത്രന്‍ 4)
- വസിഷ്ഠചിന്ത (വിശ്വാമിത്രന്‍ 5)
- കന്യാകുബ്ജം (വിശ്വാമിത്രന്‍ 6)
അതിസുന്ദരിയായ വിദ്യുല്‍പ്രഭ തപോവനത്തിലെത്തി വിശ്വാമിത്രനെ പ്രലോഭിപ്പിച്ച് തപസ്സുമുടക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ രൂപകാന്തികൊണ്ട് വിശ്വാമിത്രനെ പ്രലോഭിപ്പിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. ഭയം ജനിപ്പിക്കുന്ന രാക്ഷസരൂപം കൈക്കൊണ്ട് തപസ്സിന് ഭംഗം വരുത്താനാണ് പിന്നീട് അവള്‍ ശ്രമിച്ചത്. എന്നാല്‍ രാക്ഷസരൂപത്തില്‍ പ്രത്യക്ഷപ്പെട്ട വിദ്യുല്‍പ്രഭയുടെ കാപട്യം വിശ്വാമിത്രന്‍ തിരിച്ചറിഞ്ഞു.
”നീ നിത്യവും ഈ ആകൃതിയില്‍ത്തന്നെ ഒരു രാക്ഷസി ആയിത്തീരട്ടെ” തപസ്സുമുടക്കാന്‍ വന്ന വിദ്യുല്‍പ്രഭയെ കോപത്തോടെ വിശ്വാമിത്രന്‍ ശപിച്ചു.
”മഹര്‍ഷേ, ഞാന്‍ കുബേരന്റെ ആജ്ഞ അനുസരിക്കുക മാത്രമാണ് ചെയ്തത്. എനിക്ക് മാപ്പുതരണം” വിദ്യുല്‍പ്രഭ, കേണപേക്ഷിച്ചു.
”കാലനേമിയുടെ പുത്രനായ ശ്രീദത്തന്‍ നിന്റെ മുടിയില്‍ പിടിക്കുമ്പോള്‍ നിനക്ക് പൂര്‍വ്വരൂപം തിരികെ കിട്ടും” വിശ്വാമിത്രന്‍ അവള്‍ക്ക് ശാപമോക്ഷം നല്‍കി.
അതോടെ കുബേരപദം ലഭിക്കുന്നതിന് തപസ്സ് ചെയ്യേണ്ട എന്നു തീരുമാനിച്ച്, ഇന്ദ്രപദവി ലഭിക്കുന്നതിനായി തപസ്സു ചെയ്യാന്‍ തീരുമാനിച്ച് മാലിനീ നദിയുടെ തീരത്തേയ്ക്കു പോയി താല്ക്കാലികമായി ആശ്രമം തീര്‍ത്ത് ഉഗ്രതപസ്സ് ആരംഭിച്ചു.
വിശ്വാമിത്രന്‍ ഇന്ദ്രലോകം കീഴടക്കുമെന്ന് ഭയന്ന ഇന്ദ്രന്‍ തപസ്സു മുടക്കാന്‍ ഇന്ദ്രലോകത്തെ ഏറ്റവും വലിയ നര്‍ത്തകിയായ രംഭയെ സപീപിച്ചു. രംഭയുടെ നൃത്തത്തില്‍ ഏത് തപസ്വിയുടെ യും ഹൃദയത്തിന് ചാഞ്ചല്യമുണ്ടാകുമെന്ന് ഇന്ദ്രനറിയാം.
”അല്ലയോ രംഭേ, വിശ്വാമിത്രന്‍ കഠിനമായ തപസ്സ് ആരംഭിച്ചിരിക്കുന്നു. എത്രയും പെട്ടെന്ന് ആ തപസ്സിന് ഭംഗം സംഭവിച്ചില്ലെങ്കില്‍ വിശ്വാമിത്രന്‍ ദേവലോകം കീഴടക്കും. അതിനാല്‍ വിശ്വാമിത്രന്റെ തപസ്സു മുടക്കാന്‍ നിന്നെ ഞാന്‍ ചുമതലപ്പെടുത്തുന്നു” ഇന്ദ്രന്‍ രംഭയെ വിളിച്ചുവരുത്തി അറിയിച്ചു.
”ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അങ്ങ് ആജ്ഞാപിച്ചാലും” അവള്‍ വിനയത്തോടെ പറഞ്ഞു.
”വിശ്വാമിത്രന്‍ മാലിനി നദിയുടെ തീരത്താണ് തപസ്സുചെയ്യുന്നത്. നീ അണിഞ്ഞൊരുങ്ങി നാളെ പുലര്‍കാലത്ത് അദ്ദേഹത്തിന്റെ സമീപത്തുപോയി നൃത്തം ചെയ്യണം. ആ സമയം ഒരു കുയിലിന്റെ രൂപത്തില്‍ ഞാനും അവിടെ വന്ന് മനോഹരമായി പാടാം. നിന്റെ നൃത്തത്തില്‍ വിശ്വാമിത്രന്‍ മതിമയങ്ങും. അങ്ങനെ അയാളുടെ തപസ്സ് നമുക്കു മുടക്കാം” ഇന്ദ്രന്‍ രംഭയോടു പറഞ്ഞു.
പിറ്റേദിവസം പ്രഭാതത്തില്‍ രംഭ അണിഞ്ഞൊരുങ്ങി മാലിനീനദിയുടെ തീരത്തെത്തി. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ വിശ്വാമിത്രന്‍ പുഴയില്‍ കുളിക്കാന്‍ പോകുമ്പോള്‍ അതിമനോഹരമായ കുയിലിന്റെ പാട്ട് കേട്ട് ഒരു നിമിഷം അതില്‍ ലയിച്ചുനിന്നു. കുളിച്ച് ആശ്രമത്തിലെത്തി. ഉദിച്ചുയരുന്ന സൂര്യനെ വന്ദിച്ച് തിരിഞ്ഞതും തന്റെ മുന്നില്‍ നില്‍ക്കുന്ന ഒരു സുന്ദരിയായ സ്ത്രീയെയാണ് വിശ്വാമിത്രന്‍ കണ്ടത്.
അതിമനോഹരമായി അവള്‍ നൃത്തംചെയ്യാന്‍ തുടങ്ങിയപ്പോള്‍ വിശ്വാമിത്രന്റെ ഏകാഗ്രത നഷ്ടപ്പെട്ടു. മുനി അല്പസമയം നൃത്തം ആസ്വദിച്ചെങ്കിലും ഇതില്‍ എന്തോ ചതിയുണ്ടെന്ന് ജ്ഞാനദൃഷ്ടികൊണ്ട് പെട്ടെന്ന് തിരിച്ചറിഞ്ഞു. തന്റെ മുന്നില്‍നിന്ന് നൃത്തം ചെയ്യുന്നത് ഇന്ദ്രസദസ്സിലെ നര്‍ത്തകി രംഭയാണെന്നും തന്റെ തപസ്സുമുടക്കാന്‍ ഇന്ദ്രന്‍ ഇവളെ നിയോഗിച്ചതാണെന്നും മനസ്സിലായപ്പോള്‍ വിശ്വാമിത്രന് ഇന്ദ്രനോട് വെറുപ്പുതോന്നി.
”രംഭേ, ഇത് വിശ്വാമിത്രനാണ്. നിന്റെ നാട്യം എന്റെ മുന്നില്‍ വേണ്ട. കാമക്രോധങ്ങള്‍ ജയിക്കാന്‍ ശ്രമിക്കുന്ന എന്റെ തപസ്സിന് വിഘ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്ന നിന്നെ ഞാനിതാ ശപിക്കുന്നു…” ഇന്ദ്രനോടുള്ള കോപം രംഭയുടെ നേരെ പ്രയോഗിക്കാനായി വിശ്വാമിത്രന്‍ ശപിക്കാന്‍ കൈ ഉയര്‍ത്തി.
”അങ്ങ് എന്നോടു ക്ഷമിക്കണം. ഞാന്‍, ഇന്ദ്രന്റെ അപേക്ഷ പ്രകാരം……” അവള്‍ പേടിച്ചു വിറച്ചുകൊണ്ട് പറഞ്ഞു.
”വേണ്ട, എനിക്ക് ഒന്നും കേള്‍ക്കണ്ട. നിന്നെ ഞാനിതാ ശപിക്കുന്നു. നീ ഒരു പാറയായി തീരട്ടെ” വിശ്വാമിത്രന്‍ കോപംകൊണ്ട് ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
”എന്നെ ശപിക്കരുത് മഹര്‍ഷേ. ഞാന്‍ ചെയ്ത തെറ്റിന് മാപ്പിരക്കുന്നു. അങ്ങ് എന്നോടു ക്ഷമിക്കണം” അവള്‍ വിശ്വാമിത്രന്റെ പാദങ്ങളില്‍വീണു കരഞ്ഞു പറഞ്ഞു.
”ശാപത്തെ പിന്‍വലിക്കാന്‍ എനിക്ക് കഴിയില്ല.”
”എങ്കില്‍ അങ്ങ്, എനിക്ക് ശാപമോക്ഷം നല്‍കണം..” രംഭ കരഞ്ഞുകൊണ്ട് പറഞ്ഞു.
”ഭൂരിതേജസ്സ് എന്ന ബ്രാഹ്മണന്‍ നിന്നെ സ്പര്‍ശിക്കും. അപ്പോള്‍ നിനക്ക് പൂര്‍വ്വരൂപം തിരിച്ചുകിട്ടും” വിശ്വാമിത്രന്‍ രംഭയ്ക്ക് ശാപമോക്ഷം നല്‍കി.
തപസ്സുമുടക്കാന്‍ രംഭയെ സഹായിക്കാന്‍ വേഷപ്രച്ഛന്നനായി വന്ന ഇന്ദ്രനും കാമദേവനും വിശ്വാമിത്രന്റെ കണ്ണില്‍പെടാതെ ഓടിമറഞ്ഞു.
തപസ്സിന് ഭംഗം വന്നതിനാല്‍ അതുവരെ നേടിയ തപശ്ശക്തി വിശ്വാമിത്രനില്‍നിന്നും ചോര്‍ന്നു പോയി. തപസ്സനുഷ്ഠിക്കുന്ന തനിക്ക്, കോപം നിയന്ത്രിക്കാന്‍ കഴിയാതെ പോയതില്‍ തന്നോടുതന്നെ വെറുപ്പുതോന്നി. തപസ്സുകൊണ്ട് ലക്ഷ്യം നേടുന്നതുവരെ ആരോടും മിണ്ടുന്നതല്ലെന്നും, ഇനിമേലില്‍ താന്‍ കോപത്തിന് അധീനനാവുകയില്ലെന്നും ഉറച്ച തീരുമാനം എടുത്തു. തപശ്ശക്തി വീണ്ടെടുക്കാന്‍ ഹിമവല്‍ദ്ദേശം ഉപേക്ഷിച്ച് കിഴക്കേദിക്കിലെ പര്‍വ്വത പ്രദേശങ്ങളി ലേയ്ക്കുപോയി ശ്വാസം വിടാതെയും ആഹാരം കഴിക്കാതെയും ശരീരം ശോഷിപ്പിച്ച് ഉഗ്രതപസ്സ് ആരംഭിച്ചു.
വര്‍ഷങ്ങള്‍ കടന്നുപോയി. വിഘ്‌നങ്ങള്‍ പലതും ഇടതടവില്ലാതെ വന്നുകൊണ്ടിരുന്നു. എങ്കിലും ക്രോധത്തിന് വിധേയനാകാതെ അതെല്ലാം തരണംചെയ്ത് നിശ്ചയ ദാര്‍ഢ്യത്തോടെ തപസ്സ് തുടര്‍ന്നു. ഒടുവില്‍ പ്രതിജ്ഞ നിറവേറി തപസ്സ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം ഉണ്ടായപ്പോഴാണ് ആഹാരം കഴിക്കാന്‍ തുടങ്ങിയത്. എങ്കിലും മൗനവ്രതം തുടര്‍ന്നുകൊണ്ടിരുന്നു.
ഒരു ദിവസം ആഹാരം കഴിക്കാന്‍ ആരംഭിക്കുമ്പോള്‍ വിശ്വാമിത്രനെ പരീക്ഷിക്കാന്‍ ബ്രാഹ്മണവേഷത്തില്‍ വന്ന് ഇന്ദ്രന്‍ അന്നം യാചിച്ചു. താന്‍ ഭക്ഷണത്തിനായി തയ്യാറാക്കിയതെല്ലാം സന്തോഷത്തോടെ ഇന്ദ്രന് നല്‍കിയശേഷം വിശ്വാമിത്രന്‍ ഉപവാസം അനുഷ്ഠിച്ച് തപസ്സ് തുടര്‍ന്നു. മൗന വ്രതത്തിലായതിനാല്‍ ബ്രാഹ്മണനോട് ഒന്നും പറഞ്ഞില്ല. വിശ്വാമിത്രന്‍ ശ്വാസംപോലും നിയന്ത്രിച്ച് വീണ്ടും തപസ്സുചെയ്യാന്‍ ആരംഭിച്ചു. അതോടെ വിശ്വാമിത്രന്റെ മൂര്‍ദ്ധാവില്‍നിന്ന് പുക ഉയരാന്‍ തുടങ്ങി. ആ പുക ത്രിലോകത്തേയും സംഭ്രാന്തിയിലാഴ്ത്തി. ദേവര്‍ഷികളും ഗന്ധര്‍വ്വാദികളും ബ്രഹ്മാവിനെ സമീപിച്ചു.
”ബ്രഹ്മദേവാ, വിശ്വാമിത്രമഹര്‍ഷി പലവട്ടം ലോഭിതനും ക്രോധിതനുമായെങ്കിലും അദ്ദേഹം അതിനെയെല്ലാം അതിജീവിച്ച് തപസ്സില്‍ മുന്നേറുന്നത് അങ്ങ് അറിയുന്നില്ലേ? സൂര്യന്‍പോലും പ്രഭയില്ലാതാകുന്നത് കാണുന്നില്ലേ? കടല്‍ അലറുന്നതും കാറ്റ് ഇരമ്പുന്നതും കേള്‍ക്കുന്നില്ലേ? ജനങ്ങള്‍ നാസ്തികരായി തീരുന്നു. മാമലകള്‍ കുലുങ്ങുന്നു. അഗ്നിതുല്യനായി മാറിയ വിശ്വാമിത്രന്‍ ലോകം നശിപ്പിക്കാന്‍ തുടങ്ങുകയാണ്. ത്രിലോകങ്ങളും നശിക്കുന്നതിന് മുമ്പ് അങ്ങ് വിശ്വാമിത്രനെ പ്രസാദിപ്പിച്ച് തപസ്സില്‍നിന്ന് പിന്‍തിരിപ്പിക്കണം. ദേവരാജ്യമാണ് അദ്ദേഹം ആഗ്രഹിക്കുന്നതെങ്കില്‍ അത് നല്‍കി ആയാലും ത്രിലോകങ്ങളേയും രക്ഷിക്കണം” ദേവന്മാരും ഋഷിമാരും പറഞ്ഞു.
ബ്രഹ്മാവ് ദേവന്മാരൊടൊപ്പം അപ്പോള്‍ത്തന്നെ വിശ്വാമിത്രന്റെ സമീപത്തെത്തി.
”ബ്രഹ്മര്‍ഷേ, അങ്ങേയ്ക്ക് സ്വാഗതം. അങ്ങയുടെ തപസ്സില്‍ ഞങ്ങള്‍ സംപ്രീതരായിരിക്കുന്നു. ഉഗ്രമായ തപസ്സിനാല്‍ അങ്ങ് ബ്രാഹ്മണ്യം നേടിയിരിക്കുന്നു. ദേവന്മാരോടൊത്ത് അങ്ങേയ്ക്ക് ദീര്‍ഘായുസ്സ് നേരുന്നു. സ്വസ്തി നേടിയാലും. അങ്ങ് ആഗ്രഹിച്ചതുപോലെ യഥാസുഖം വാണാലും” ബ്രഹ്മാവ് പറഞ്ഞു.
”ബ്രാഹ്മണ്യവും ദീര്‍ഘായുസ്സും അനുഗ്രഹിച്ചു നല്‍കിയതില്‍ ഞാന്‍ അതീവ കൃതാര്‍ത്ഥനാണ്. ഓംകാരവും വഷ്ടകാരവും വേദങ്ങളും എന്നെ വരിക്കുമെന്നുതന്നെ ഞാന്‍ കരുതുന്നു” വിശ്വാമിത്രന്‍ ബ്രഹ്മാവിനെ നമസ്‌കരിച്ചുകൊണ്ട് പറഞ്ഞു.
ക്ഷത്രവേദജ്ഞരിലും ബ്രഹ്മവേദജ്ഞരിലും ശ്രേഷ്ഠനായ വസിഷ്ഠനും അപ്പോള്‍ വിശ്വാമിത്രനെ അനുഗ്രഹിക്കാന്‍ അവിടെയെത്തി. ധര്‍മ്മാത്മാവായിത്തീര്‍ന്ന വിശ്വാമിത്രന്‍, ഉത്തമ ബ്രാഹ്മണ്യം പ്രാപിച്ച ജപശ്രേഷ്ഠനായ വസിഷ്ഠനെ വണങ്ങി.
”ഭവാന്‍ ബ്രഹ്മര്‍ഷിയാകുന്നു. സംശയമില്ല. സര്‍വ്വവും അങ്ങേയ്ക്ക് സിദ്ധിക്കും” വിശ്വാമിത്രനെ അനുഗ്രഹിച്ചു കൊണ്ട് വസിഷ്ഠന്‍ പറഞ്ഞു.
ഉറങ്ങിക്കിടന്ന ശക്തിയെ ഉണര്‍ത്താന്‍ സഹായിക്കുന്നത് മിത്രത്തേക്കാള്‍ ശത്രുവാണെന്നും, ശത്രുവിനെ പരാജയപ്പെടുത്താന്‍ കരുത്താര്‍ജ്ജിക്കുന്നതുവഴി, ഉള്ളിലുള്ള ശക്തിയാണ് വികസിക്കുന്നതെന്നും അനുഭവത്തിലൂടെ വിശ്വാമിത്രന്‍ തിരിച്ചറിഞ്ഞു. രാജാവായിരുന്ന താന്‍ ബ്രഹ്മര്‍ഷിയാകാന്‍ കാരണക്കാരനായ വസിഷ്ഠനോട് അപ്പോള്‍ വിശ്വാമിത്രന് ബഹുമാനം തോന്നി. തന്റെ ജ്ഞാനപരിധി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ച് മാലിനീനദിയുടെ തീരത്തേയ്ക്കു പോയ വിശ്വാമിത്രന്‍ വീണ്ടും ജ്ഞാനാന്വേഷണം ആരംഭിച്ചു.
ബ്രഹ്മദേവന്‍ അനുഗ്രഹിച്ചിട്ടും വിശ്വാമിത്രന്‍ തപസ്സ് തുടര്‍ന്നു. ഇന്ദ്രപദവി നേടാനാണ് വീണ്ടും തപസ്സ് ചെയ്യുന്നതെന്ന് ധരിച്ച ഇന്ദ്രന്‍ തപസ്സ് മുടുക്കാനായി ഇത്തവണ മേനകയെയാണ് നിയോഗിച്ചത്.
വിശ്വസുന്ദരിയായ മേനക വിശ്വാമിത്രന്‍ തപസ്സുചെയ്യുന്ന മാലിനീനദിയുടെ തീരത്ത് വന്ന് മുനിയെ വശീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മഹര്‍ഷി കുളിക്കാനായി നദിയില്‍ ഇറങ്ങുന്ന സ്ഥലവും സമയവും കൃത്യമായി മനസ്സിലാക്കിയ മേനക, വിശ്വാമിത്രന്‍ കുളിക്കാന്‍ എത്തുന്നതിനുമുമ്പു ഒന്നുമറിയാത്ത ഭാവത്തില്‍ നദിയിലിറങ്ങി കുളിച്ചുകൊണ്ടുനിന്നു. അതിസുന്ദരിയായ ഒരു സ്ത്രീ, താന്‍ സ്ഥിരമായി കുളിക്കുന്ന സ്ഥലത്തുവന്ന് അതിരാവിലെ കുളിക്കുന്നതു കണ്ടപ്പോള്‍ വിശ്വാമിത്രന്‍ തപസ്സ് മറന്ന് അവളുടെ അംഗലാവണ്യം ആസ്വദിച്ചുകൊണ്ട് അവളെ നോക്കിനിന്നു. മുനി തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായപ്പോള്‍ അവള്‍ ആദരവോടെ വണങ്ങിയശേഷം അനുരാഗ വിവശയായി മുനിയെ നോക്കി. അവള്‍ ധരിച്ചിരുന്ന ശുഭ്രവസ്ത്രം കാറ്റില്‍ അഴിഞ്ഞ് പറന്നപ്പോള്‍ അവളുടെ ശരീരം മുനിക്ക് നന്നായി കാണാമായിരുന്നു. അവള്‍ അഴിഞ്ഞ വസ്ത്രം ഉടുക്കുമ്പോള്‍ മുനി അവളുടെ സൗന്ദര്യത്തില്‍ ലയിച്ചു നിന്നു. മേനക മുനിയെ സ്‌നേഹപൂര്‍വ്വം വീണ്ടും നോക്കി. അവളുടെ നോട്ടം മുനിയെ പെട്ടെന്ന് അവളിലേയ്ക്കടുപ്പിച്ചു. നദിയിലിറങ്ങി കുളിച്ചുവെങ്കിലും യഥാവിധിയുള്ള ചര്യകളൊക്കെ മറന്ന് കാമവിവശായി.
”അല്ലയോ സുന്ദരീ നിനക്ക് എന്റെ ആശ്രമത്തില്‍വന്ന് അല്പനേരം വിശ്രമിക്കാം” കുളി കഴിഞ്ഞ് കരയിലേയ്ക്കു കയറിയ അവളെ വിശ്വാമിത്രന്‍ ആശ്രമത്തിലേയ്ക്ക് ക്ഷണിച്ചു.
അവള്‍ സന്തോഷത്തോടെ മുനിയുടെ ക്ഷണം സ്വീകരിച്ച് ആശ്രമത്തിലെത്തി. എന്നാല്‍ അവളുടെ സാമീപ്യത്താല്‍ മുനി താന്‍ ഒരു താപസനാണെന്ന കാര്യം മറന്ന് ഒരു ഗൃഹസ്ഥനെപ്പോലെ പെരുമാറി. അവള്‍ പോകാന്‍ കൂട്ടാക്കാതെ അവിടെത്തന്നെ കഴിഞ്ഞപ്പോള്‍ അവളെ ഭാര്യയായി സ്വീകരിച്ച് അവളോട് ഓരോരോ കേളികളില്‍ മുഴുകി മുനി നാളുകള്‍ കഴിച്ചു.
മേനക ഒരു കുഞ്ഞിനെ പ്രസവിച്ചതോടെ മുനിയുടെ സ്വഭാവം മാറി. തനിക്ക് പറ്റിയ ചതി തിരിച്ചറിഞ്ഞ് പശ്ചാത്താപ വിവശനായി അദ്ദേഹം നെടുവീര്‍പ്പിട്ടു. മേനകയോടു കോപമുണ്ടായെങ്കിലും അവളെ ശപിച്ചില്ല. എന്നാല്‍ കുഞ്ഞിനെക്കുറിച്ചോ മേനകയെക്കുറിച്ചോ ചിന്തിക്കാതെ ആ ദിക്ക് ഉപേക്ഷിച്ച് കഠിനമായ തപസ്സിനായി വിശ്വാമിത്രന്‍ വീണ്ടും പുറപ്പെട്ടു. ഇന്ദ്രന്‍ തന്നെ ഏല്‍പിച്ച ദൗത്യം വിജയിച്ചതിലുള്ള സന്തോഷത്താല്‍ കുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിച്ച് മേനക ദേവലോകത്തേയ്ക്കു പോയി.
*** *** ***
അമ്മ കുട്ടിക്കാലത്തു പറഞ്ഞുതന്ന വിശ്വാമിത്രന്റെ പൂര്‍വ്വ കഥകള്‍ ആലോചിച്ചിരിക്കുമ്പോള്‍ അതിഥിഗേഹത്തില്‍നിന്ന് വസിഷ്ഠന്‍ പുറത്തേ യ്ക്കിറങ്ങുന്നതു രാമന്‍ കണ്ടു. തന്നെ വിശ്വാമിത്രന്റെ സമീപത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോകാനാണ് വരുന്നതെന്ന് രാമന് മനസ്സിലായി.
(തുടരും)