- വസിഷ്ഠസന്ദേശം (വിശ്വാമിത്രന്‍ 1)
- വസിഷ്ഠസല്‍ക്കാരം (വിശ്വാമിത്രന്‍ 2)
- കാമധേനു ( വിശ്വാമിത്രന്‍ 3)
- വസിഷ്ഠനെ കാത്ത് രാമന്‍ (വിശ്വാമിത്രന്‍ 19)
- ബ്രഹ്മര്‍ഷി (വിശ്വാമിത്രന്‍ 4)
- വസിഷ്ഠചിന്ത (വിശ്വാമിത്രന്‍ 5)
- കന്യാകുബ്ജം (വിശ്വാമിത്രന്‍ 6)
”ദശരഥന്റെ എല്ലാ നിലപാടുകളോടും എനിക്ക് യോജിക്കാന്‍ കഴിയില്ല” വസിഷ്ഠന്‍ സമചിത്തതയോടെ പറഞ്ഞു.
”എങ്കില്‍, അയോദ്ധ്യയുടെ രാജാവാകുന്നതില്‍നിന്ന് രാമനെ പിന്‍തിരിപ്പിക്കേണ്ടതല്ലേ? കോസലത്തിന്റെ മാത്രമല്ല, ആര്യാവര്‍ത്തത്തിലെ സര്‍വ്വ രാജാക്കന്മാരുടെയും, കാനനത്തില്‍ കലഹിച്ചു കഴിയുന്ന സര്‍വ്വഗോത്രങ്ങളിലെ വനവാസികളുടെയും ചക്രവര്‍ത്തിയായി രാമനെ മാറ്റിയെടുക്കേണ്ടതുണ്ട്. അതിനുള്ള സഹായം കോസലത്തിലെ രാജഗുരുവെന്ന നിലയില്‍ അങ്ങേയ്ക്ക് ചെയ്യാന്‍ കഴിയുമോ എന്നാണ് എനിക്ക് അറിയേണ്ടത്” ദൃഷ്ടികള്‍ വസിഷ്ഠനില്‍ത്തന്നെ ഉറപ്പിച്ചുകൊണ്ട് വിശ്വാമിത്രന്‍ പറഞ്ഞു.
”അങ്ങ് പറഞ്ഞതിനോട് വിയോജിപ്പില്ല. പക്ഷേ, ദശരഥരാജന്‍ പെട്ടെന്നൊരു തീരുമാനമെടുത്താല്‍…..?” വസിഷ്ഠന്‍ ഗൗരവത്തോടെ വിശ്വാമിത്രനെ നോക്കി. ദശരഥന്‍ എടുക്കുന്ന തീരുമാനത്തോട് എങ്ങനെയാണ് വിശ്വാമിത്രന്‍ പ്രതികരിക്കുന്നത് എന്നറിയാനാണ് വസിഷ്ഠന്‍ ആഗ്രഹിച്ചത്.
”രാമന്‍ കോസലത്തിന്റെ മാത്രം രാജാവാകേണ്ടവനല്ല” വിശ്വാമിത്രന്‍ ഉറപ്പിച്ചു പറഞ്ഞു.
വസിഷ്ഠന്‍ എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും ഒന്നും പറയാതെ ഏതോ അലോചനയില്‍ മുഴുകി. വിശ്വാമിത്രനെക്കുറിച്ചാണ് അപ്പോള്‍ വസിഷ്ഠന്‍ ആലോചിച്ചത്.
പരാജയങ്ങളാണ് ഒരുവനിലെ ശക്തിയെ ഉണര്‍ത്തുന്നത്. കന്യാകുബ്ജത്തിലെ രാജാവായ വിശ്വാമിത്രന്‍ തന്നോടു പരാജയപ്പെട്ട സന്ദര്‍ഭത്തിലാണ് രാജ്യം ഉപേക്ഷിച്ച് ജ്ഞാനാന്വേഷണത്തിന് പുറപ്പെട്ടത്. സര്‍വ്വവിധ ജ്ഞാനങ്ങളുടെയും ഉറവിടമായ ബ്രഹ്മദേവനില്‍നിന്നും പരമശിവനില്‍നിന്നും വിഷ്ണുവില്‍നിന്നും നേടിയ അറിവുകള്‍ മാനവകുലത്തിന് പ്രയോജനപ്പെടുത്താനാണ് ഇപ്പോള്‍ വിശ്വാമിത്രന്‍ ശ്രമിക്കുന്നത്. വനവാസികളുടെയും, ശിക്ഷ വിധിക്കപ്പെട്ട് നീചരെന്നു മുദ്രകുത്തപ്പെട്ടവരുടെയും രക്ഷകനാണ് ഇപ്പോള്‍ വിശ്വാമിത്രന്‍. ആശ്രമങ്ങളില്‍ അറിവുമാത്രമല്ല ആയുധ നിര്‍മ്മാണവും ആയുധ പരീശീലനവും അദ്ദേഹം നല്‍കുന്നുണ്ട്. ഇപ്പോള്‍ അയോദ്ധ്യയില്‍ അരങ്ങേറാന്‍ സാധ്യതയുള്ള നാടകങ്ങളെക്കുറിച്ചും മനസ്സിലാക്കിയതുകൊണ്ടാവണം തന്നെ നേരിട്ടുകാണാന്‍ ആഗ്രഹിച്ചത്. രാജാവ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നു എന്നു ഉറപ്പുവരുത്തേണ്ട ചുമതല കുലഗുരുവിനുമുണ്ട്. വസിഷ്ഠന്റെ മനസ്സിലൂടെ പല വിധചിന്തകളും കടന്നു പോയി.
”അങ്ങ് എന്താണ് ആഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്തിയാല്‍…” ഏറെ നേരത്തെ ആലോചനയ്ക്കു ശേഷം വസിഷ്ഠന്‍ ചോദിച്ചു.
”ഉത്തരം അറിഞ്ഞുകൊണ്ട് അങ്ങ് ചോദ്യം ഉയര്‍ത്തുന്നു…..” വിശ്വാമിത്രന്‍ സൗമ്യതയോടെ പറഞ്ഞു.
കാനനവാസികളുടെ വിശ്വാസം ആര്‍ജ്ജിച്ചുകൊണ്ട് മാനവ നന്മയ്ക്കായി സിദ്ധാശ്രമത്തില്‍ നടത്തുന്ന പലവിധ പരീക്ഷണങ്ങളെക്കുറിച്ച് വസിഷ്ഠനറിയാം. അതിനോടൊന്നും ഒരു വിയോജിപ്പും വസിഷ്ഠനില്ല. എന്നിട്ടും എന്തുകൊണ്ടാണ് വസിഷ്ഠന്‍ ഒരു ഉറച്ച തീരുമാനം ഇക്കാര്യത്തില്‍ എടുക്കാത്തത് എന്നാണ് വിശ്വാമിത്രന്‍ ചിന്തിച്ചത്.
”എനിക്ക് രാമനെ വേണം” വസിഷ്ഠന്‍ മൗനം പാലിച്ചപ്പോള്‍ വിശ്വാമിത്രന്‍ തന്റെ നിലപാട് വ്യക്തമാക്കി.
വിശ്വാമിത്രനില്‍നിന്ന് നേരിട്ട് കേള്‍ക്കാന്‍ ആഗ്രഹിച്ചതു കേട്ടപ്പോള്‍ വസിഷ്ഠന്‍ പുഞ്ചിരിച്ചു.
”രാജഗുരു എന്നനിലയില്‍ അങ്ങയുടെ ആഗ്രഹത്തിന് ഞാന്‍ തടസ്സമാവില്ല. അങ്ങ് ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങള്‍ നടക്കും” വസിഷ്ഠന്‍ പറഞ്ഞു.
താന്‍ ആഗ്രഹിക്കുന്നതുതന്നെയാണ് വസിഷ്ഠനും ആഗ്രഹിക്കുന്നത് എന്നറിഞ്ഞപ്പോള്‍ വിശ്വാമിത്രന്‍ ആശ്വാസത്തോടെ ദീര്‍ഘമായി നിശ്വസിച്ചു. അതുവരെ സന്തോഷമില്ലാതിരുന്ന വിശ്വാമിത്രന്റെ മുഖം പെട്ടെന്ന് സന്തോഷത്താല്‍ വിടര്‍ന്നു.
”ഇപ്പോഴാണ് എനിക്ക് സമാധാനമായത്” പുഞ്ചിരിച്ചുകൊണ്ട് വിശ്വാമിത്രന്‍ പറഞ്ഞു.
”അങ്ങയുടെ പരിശ്രമം വനവാസികളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു” വസിഷ്ഠന്‍ പെട്ടെന്ന് വിഷയം മാറ്റാന്‍ എന്ന മട്ടില്‍ പറഞ്ഞു.
”ഉണ്ടാവാം. പക്ഷേ, അവര്‍ക്ക് നേതൃത്വം കൊടുക്കാന്‍ കരുത്തുള്ള ഒരാളില്ല. കാനനവാസികള്‍ രാക്ഷസ ശക്തിയുടെ മുന്നില്‍ പകച്ചുനില്‍ക്കുകയാണ്. അവരുടെ അധ്വാനത്തിന്റെ ഫലം രാക്ഷസന്മാര്‍ തട്ടിയെടുക്കുകയാണ്. എന്റെ ജ്ഞാനകേന്ദ്രത്തിലും അവര്‍ ശക്തി പ്രകടിപ്പിക്കാന്‍ എത്തിയിരിക്കുന്നു.”
”രാക്ഷസന്മാര്‍ക്ക് ശക്തി പകരുന്നത് രാവണനാണ്. രാവണന്റെ അനുയായികളാണ് കാനനവാസികളുടെ ജീവിതത്തിന് ദുരിതം വിതയ്ക്കുന്നത്.” വസിഷ്ഠന്‍ വിശ്വാമിത്രന്‍ പറഞ്ഞതിനെ അംഗീകരിച്ചുകൊണ്ട് പറഞ്ഞു.
”ജ്ഞാനകേന്ദ്രങ്ങളില്‍ രാക്ഷസര്‍ നടത്തുന്ന വിനാശത്തെ ആദ്യം തടയിടേണ്ടതുണ്ട്. ദുഷ്ടന്മാരെ ചിലപ്പോള്‍ വധിക്കേണ്ടതായിവരും. അതിലൂടെ രാവണന് തക്ക മറുപടി കൊടുക്കാനും കഴിയും. അവരെ നേരിടാന്‍ രാമനെ ലഭിച്ചാല്‍ എന്റെ വിശിഷ്ടമായ ആയുധങ്ങള്‍ രാമന് നല്‍കാനും ഞാന്‍ തയ്യാറാണ്.”
”കുമാരന്മാര്‍ക്ക് അനുയോജ്യരായ വധുക്കളെ കണ്ടെത്താനുള്ള ആലോചനയിലാണ് ഇപ്പോള്‍ ദശരഥന്‍. പുത്രവധുക്കളുടെ രാജ്യത്തിന്റെ സഹായംകൂടി അയോദ്ധ്യക്ക് ലഭിക്കുമെന്നു അദ്ദേഹം കണക്കുകൂട്ടുന്നു” വസിഷ്ഠന്‍ പറഞ്ഞു.
”രാമനും അനുജന്മാരും വധുക്കളെ സ്വീകരിച്ച് രാജകീയ സുഖങ്ങളോടെ ജീവിതം തുടര്‍ന്നാല്‍ അവരും സാധാരണ രാജകുമാരന്മാരെപ്പോലെ സുഖങ്ങളില്‍ അഭിരമിച്ച് ജീവിക്കും. അതിനുമുമ്പ് രാമനെ അതില്‍നിന്ന് മോചിപ്പിച്ച് കൂടുതല്‍ ശക്തനാക്കിയശേഷം വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നതല്ലേ ഉചിതം?” വിശ്വാമിത്രന്‍ പറഞ്ഞു.
”രാമനെ ശക്തനാക്കാന്‍ കൗശികനു മാത്രമേ കഴിയൂ എന്നു എനിക്കറിയാം. എന്നാല്‍ അങ്ങയുടെ നിലപാടുകളെ അംഗീകരിച്ചുകൊണ്ട് അങ്ങ് നല്‍കുന്ന സവിശേഷജ്ഞാനത്തെ സ്വീകരിക്കാന്‍ രാമന്‍ സന്നദ്ധനാകുമോ എന്ന് അറിയേണ്ടതല്ലേ?” വസിഷ്ഠന്‍ പറഞ്ഞു.
വസിഷ്ഠന്റെ വാക്കുകള്‍ വിശ്വാമിത്രന്റെ മുഖത്ത് സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. തന്റെ നിലപാടുകളോട് യോജിക്കുന്നുണ്ടെങ്കിലും ഏതോ സംശയം ആചാര്യനെ അലട്ടുന്നുണ്ട്.
”തീര്‍ച്ചയായും. ഇക്കാര്യം രാമനുമായി സംസാരിച്ച് രാമന്റെ താല്പര്യം എന്തെന്നു അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്” വിശ്വാമിത്രന്‍ തറപ്പിച്ചു പറഞ്ഞു.
”എല്ലാ കാര്യങ്ങളും രാമനോടു ഇപ്പോള്‍ത്തന്നെ പങ്കുവയ്ക്കുന്നത് ഉചിതമാവില്ല. അതെല്ലാം സമയവും സന്ദര്‍ഭവും അനുസരിച്ചു വെളിപ്പെടുത്തുന്നതാവും ഉചിതം?”ഏതോ ആലോചനയില്‍ മുഴുകിയ മട്ടിലാണ് വസിഷ്ഠന്‍ പറഞ്ഞത്.
”രാമന്‍ അസാധാരണനാണ്. ആചാര്യന്മാരുടെ മനോഗതം മനസ്സിലാക്കാനുള്ള ശക്തി അവനുണ്ട്. അതുകൊണ്ട് എല്ലാം തുറന്നു പറയുന്നതില്‍ തെറ്റില്ല” വിശ്വാമിത്രന്‍ പറഞ്ഞു.
”അങ്ങയുടെ ഇഷ്ടം അതാണെങ്കില്‍ ഇപ്പോള്‍ത്തന്നെ രാമനെ ഇവിടേയ്ക്ക് വിളിപ്പിക്കാനുള്ള ഏര്‍പ്പാടുചെയ്യാം.”
”അത് ഉത്തമമായ കാര്യംതന്നെയാണ്.”
വിശ്വാമിത്രന്റെ വാക്കുകള്‍ കേട്ടതും രാമനെ ഉടന്‍തന്നെ ആശ്രമത്തിലേയ്ക്കു വിളിപ്പിക്കാന്‍ ശിഷ്യരെ ചുമതലപ്പെടുത്താനായി വസിഷ്ഠന്‍ അപ്പോള്‍ത്തന്നെ അഗ്നിഹോത്രശാലയില്‍നിന്ന് പുറത്തേയ്ക്കിറങ്ങി.
ഒരാളില്‍ വിശ്വാസം അര്‍പ്പിച്ച് കാത്തിരിക്കുന്ന കാര്യം അയാള്‍ അറിയുന്നില്ലെങ്കില്‍ ഉദ്ദിഷ്ടകാര്യം ഫലപ്രാപ്തിയിലെത്താന്‍ കാലവിളംബം നേരിടും. വസിഷ്ഠന്‍ വരാന്‍ വൈകിയപ്പോള്‍ വിശ്വാമിത്രന്‍ അതിഥിഗേഹത്തില്‍നിന്ന് പുറത്തിറങ്ങി കൊട്ടാരക്കെട്ടിനു പുറത്ത് പട്ടണത്തിന്റെ ബഹളങ്ങളില്‍നിന്ന് അകന്ന് നിലകൊള്ളുന്ന കാനനതുല്യമായ ആശ്രമ പരിസരം വീക്ഷിച്ചു. കാനനത്തില്‍നിന്ന് വ്യത്യസ്തമായി, പലവിധ ഫലവൃക്ഷങ്ങളും ചെടികളും കൃത്യമായി അകലം പാലിച്ച് വളര്‍ത്തിയതാണെങ്കിലും കാനനത്തിന്റെ സ്വാഭാവികശോഭ അത് സമ്മാനിക്കുന്നുണ്ട്.
കാനനാശ്രമത്തിന്റെ നടത്തിപ്പിനായി രാജാവില്‍നിന്നും ധനം സ്വീകരിക്കാതെ ആശ്രമത്തെ സ്വയംപര്യാപ്തമാക്കിയാണ് വസിഷ്ഠന്‍ പരിപാലിക്കുന്നത്. എന്നാല്‍ കൊട്ടാരത്തിനോടു ചേര്‍ന്നുള്ള ആശ്രമത്തിന്റെ പരിപാലനത്തില്‍ കൊട്ടാരം പരിചാരകരുടെ സഹായം വസിഷ്ഠന്‍ സ്വീകരിക്കുന്നുണ്ട്.
അറിവുകള്‍ പ്രയോഗത്തിലൂടെയാണ് ശിഷ്യന്മാര്‍ക്ക് പകര്‍ന്നു നല്‍കുന്നതെന്ന് ആശ്രമപരിസരത്ത് വിളഞ്ഞുകിടക്കുന്ന ഫലങ്ങളും ധാന്യങ്ങളും വെളിപ്പെടുത്തി. ആശ്രമത്തിന് ആവശ്യമുള്ള ധാന്യങ്ങളും ഫലങ്ങളും ആശ്രമ പരിസത്തുതന്നെ കൃഷിചെയ്യുന്നുണ്ട്.
താന്‍ കാനനവാസികള്‍ക്കു നല്‍കുന്ന വിജ്ഞാനം തന്നെയാണ് വസിഷ്ഠന്‍ കോസലത്തിലെ ആശ്രമത്തിലെ അധ്യേതാക്കള്‍ക്കും നല്‍കുന്നത്. അയോദ്ധ്യയിലെ രാജഗുരു കൊട്ടാരത്തിലെ സുഖസൗകര്യങ്ങള്‍ അനുഭവിച്ചുകൊണ്ട് കൊട്ടാരത്തില്‍ കഴിയുന്ന ആളല്ലെന്ന് കേട്ടിട്ടുണ്ടെങ്കിലും അത് നേരിട്ടു വിശ്വാമിത്രന് ബോധ്യപ്പെട്ടു.
ശത്രുവും മിത്രവും ഒരിക്കലും ശാശ്വതമല്ലെന്ന് അനുഭവത്തിലൂടെ വിശ്വാമിത്രന്‍ അറിഞ്ഞിട്ടുള്ളതാണ്. ശത്രുവായി കണ്ട ആളിനെ, മിത്രമായി സ്വീകരിക്കുമ്പോള്‍ മാത്രമേ അയാളിലെ ഗുണങ്ങള്‍ കണ്ടെത്താന്‍ കഴിയുകയുള്ളു. തന്റെ ആശയങ്ങളോടു യോജിപ്പില്ലാത്ത കാരണത്താല്‍ ഒരാളെ ശത്രുവായി കാണുന്നത് അജ്ഞതയാണെന്ന് വിശ്വാമിത്രന്‍ തിരിച്ചറിഞ്ഞിരുന്നു.
ശിഷ്യന് സന്ദേശം എഴുതി നല്‍കിയശേഷം രാമനുമായി സംസാരിക്കേണ്ട വിഷയങ്ങളെക്കുറിച്ച് വിശ്വാമിത്രനുമായി സംസാരിക്കാനായി വസിഷ്ഠന്‍ അതിഥിഗേഹശാലയില്‍ മടങ്ങിയെത്തി. അവര്‍ ആശ്രമങ്ങളിലെ അധ്യേതാക്കളെക്കുറിച്ചും പുതിയ പരീക്ഷണ നിരീക്ഷണങ്ങളെക്കുറിച്ചും രാക്ഷസന്മാര്‍ രാവണന്റെ പിന്‍ബലത്തില്‍ ചെയ്തുകൊണ്ടിരിക്കുന്ന അക്രമങ്ങളെക്കുറിച്ചും ദീര്‍ഘനേരം സംസാരിച്ചു. മഹര്‍ഷിശ്രേഷ്ഠന്മാര്‍ ഗൗരവം വെടിഞ്ഞ് സുഹൃത്തുക്കളെപ്പോലെ പൂര്‍വ്വകാല കഥകള്‍ പറഞ്ഞു സന്തോഷത്തോടെ ഇരിക്കുന്ന കാഴ്ച വസിഷ്ഠശിഷ്യന്മാര്‍ അത്ഭുതത്തോടെയാണ് വീക്ഷിച്ചത്.
വിദ്യുല്‍പ്രഭ
വസിഷ്ഠസന്ദേശം ലഭിച്ചതും മറ്റാരോടും പറയാതെ തന്റെ പ്രിയപ്പെട്ട കുതിരയെ തെളിച്ച് ആശ്രമത്തിലേയ്ക്കു പുറപ്പെടുമ്പോള്‍ എന്തിനാണ് ആചാര്യന്‍, തിടുക്കത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നത് എന്ന ഉത്കണ്ഠ രാമന്റെ മനസ്സില്‍നിന്ന് വിട്ടുമാറിയിരുന്നില്ല. ആശ്രമത്തിലേയ്ക്കുള്ള യാത്രയിലും അതുതന്നെയാണ് രാമന്‍ ചിന്തിച്ചത്.
ചെറിയമ്മയുടെ പുത്രനാണ് കോസലത്തിലെ രാജാവാകുക എന്ന് കൊട്ടാരത്തിലെ എല്ലാവര്‍ക്കുമറിയാം. കുട്ടിക്കാലം മുതല്‍ മൂത്ത പുത്രനായ തന്നെക്കാള്‍ പരിഗണന കൊട്ടാരത്തില്‍ ലഭിച്ചത് ഭരതനാണ്. എന്നാല്‍ ഭരതന്‍, തന്നോട് എപ്പോഴും ആദരവു പുലര്‍ത്തുന്നുണ്ട്. അഹിതമായി ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ല. കൈകേയി അമ്മയുടെ തോഴി മന്ഥര, ഭരതനോട് കൂടുതല്‍ മമത കാട്ടുമ്പോള്‍ അതിനെ പലപ്പോഴും പരിഹസിക്കുന്നത് ലക്ഷ്മണനാണ്. കുട്ടിക്കാലം മുതല്‍ നിഴല്‍പോലെ തന്നോട് എപ്പോഴും ഉണ്ടാകുന്ന ലക്ഷ്മണനോട് ഒരു പ്രത്യേക വാത്സല്യം തനിക്ക് ഉണ്ടെന്നുള്ളത് സത്യമാണ്. ലക്ഷ്മണനോടുപോലും പറയാതെയാണ് താന്‍ ഗുരുവിനെ കാണാന്‍ പുറപ്പെട്ടിട്ടുള്ളത്. ലക്ഷ്മണന്‍ കൊട്ടാരക്കെട്ടു മുഴുവന്‍ തന്നെത്തേടി, ഒടുവില്‍ വസിഷ്ഠാശ്രമത്തിലേയ്ക്കു വരാനും ഇടയുണ്ട്. ലക്ഷ്മണനോട് പറയാതെ എവിടെയെങ്കിലും പോകുന്നുണ്ടെങ്കില്‍ അത് വസിഷ്ഠാശ്രമത്തില്‍ മാത്രമാണെന്ന് ലക്ഷ്മണനറിയാം.
ആശ്രമ കവാടത്തില്‍ എത്തിയപ്പോള്‍ തന്നെ സ്വീകരിക്കാന്‍ ആചാര്യശിഷ്യന്മാര്‍ കാത്ത് നില്‍ക്കുന്നത് കണ്ടു. ആചാര്യന്‍ അഗ്നിഹോത്രശാലയില്‍ ആണെന്ന് അറിഞ്ഞതും രാമന്‍ അവിടേയ്ക്ക് പോയി.
അഗ്നിഹോത്രശാലയുടെ അടുത്തെത്തിയപ്പോള്‍ ആചാര്യന്‍ ഒരു മുനിയോടൊപ്പം സംസാരിച്ചിരിക്കുന്നത് രാമന്‍ കണ്ടു. അത് ആരാണെന്ന് പെട്ടെന്ന് മനസ്സിലായില്ല. ഒരു നിമിഷത്തെ ചിന്തയില്‍നിന്നും അത് വിശ്വാമിത്രനാണെന്ന് രാമന്‍ തിരിച്ചറിഞ്ഞു. വസിഷ്ഠനും വിശ്വാമിത്രനും അടുത്തിരുന്ന് സംസാരിക്കുന്നത് കണ്ടപ്പോള്‍ അവരെക്കുറിച്ച് കേട്ടിട്ടുള്ള കഥകളാണ് മനസ്സിലേയ്ക്കു വന്നത്. പഴയതൊക്കെ മറന്ന് അവര്‍ മിത്രങ്ങളായിരിക്കുന്നതു കണ്ടപ്പോള്‍ രാമന് സന്തോഷമായി.
ഗൗരവമായ ഏതോ വിഷയമാണ് സംസാരിക്കുന്നതെന്ന് ആദ്യനോട്ടത്തില്‍ത്തന്നെ മനസ്സിലായി. താന്‍ എത്തിയകാര്യം ശിഷ്യന്മാര്‍ അറിയിച്ചിട്ടുണ്ടാവും. ആചാര്യന്റെ സന്നിധിയില്‍ അനുവാദമില്ലാതെ എപ്പോള്‍ വേണമെങ്കിലും പോകാനുള്ള സ്വാതന്ത്ര്യവും ആചാര്യന്‍ നല്‍കിയിട്ടുണ്ട്. എങ്കിലും മറ്റൊരാളോട് സംസാരിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ അനുവാദമില്ലാതെ കടക്കണ്ട എന്നു കരുതി അഗ്നിഹോത്രശാലയുടെ അടുത്തുള്ള ആല്‍ത്തറയില്‍ ആചാര്യന്‍ തന്നെ വിളിക്കുന്നതും കാത്ത് രാമന്‍ ഇരുന്നു. ആ സമയത്ത് വിശ്വാമിത്രനും വസിഷ്ഠനും തമ്മില്‍ നടന്ന പോരാട്ടത്തെക്കുറിച്ച് കുട്ടിക്കാലത്ത് അമ്മ പറഞ്ഞ കാര്യങ്ങളാണ് രാമന്‍ ഓര്‍ത്തത്.
ആചാര്യനായ വസിഷ്ഠനുമായി വിശ്വാമിത്രന്‍ നിരന്തരം നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് കുട്ടിക്കാലത്ത് അമ്മ പറയുമ്പോള്‍ രാമന്‍ എപ്പോഴും വസിഷ്ഠന്റെ പക്ഷത്തായിരുന്നു. എന്നാല്‍ വിശ്വാമിത്രന്‍ ദേവന്മാരെ വെല്ലുവിളിച്ചുകൊണ്ട് ത്രിശങ്കുവിനുവേണ്ടി സ്വര്‍ഗ്ഗം സൃഷ്ടിച്ചു എന്നു അമ്മയില്‍നിന്നും അറിഞ്ഞതുമുതലാണ് വിശ്വാമിത്രനോട് കൂടുതല്‍ ആദരവ് തോന്നിയത്. മാനവകുലത്തിന്റെ നന്മയ്ക്കായി വിശ്വാമിത്രന്‍ നടത്തുന്ന യജ്ഞങ്ങളെക്കുറിച്ച് അമ്മ പറഞ്ഞപ്പോള്‍ ആ ആദവ് കൂടിക്കൂടിവന്നു. വിശ്വാമിത്രനെ നേരിട്ട് കാണണമെന്നു അപ്പോഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട്.
ബ്രഹ്മപദവി നേടാന്‍ വിശ്വാമിത്രന്‍ അനുഷ്ഠിച്ച കഠിനമായ തപസ്സും അതു മുടക്കാനായി ഇന്ദ്രനും ദേവന്മാരും നടത്തിയ ശ്രമങ്ങളും അമ്മ കുട്ടിക്കാലത്ത് വിവരിച്ചു തന്നത് മനസ്സില്‍നിന്ന് മാഞ്ഞില്ല. കുബേരപദവി നേടിയെടുക്കാന്‍ വിശ്വാമിത്രന്‍ തപസ്സനുഷ്ഠിക്കുന്നു എന്നറിഞ്ഞ് തപസ്സുമുടക്കാനായി വിദ്യുല്‍പ്രഭ എന്ന അപ്‌സരസിനെ കുബേരന്‍ നിയോഗിച്ച കഥ ഓര്‍ത്തപ്പോള്‍ രാമന് അത് വളരെ രസകരമായി തോന്നി.