- വസിഷ്ഠസന്ദേശം (വിശ്വാമിത്രന്‍ 1)
- വസിഷ്ഠസല്‍ക്കാരം (വിശ്വാമിത്രന്‍ 2)
- കാമധേനു ( വിശ്വാമിത്രന്‍ 3)
- വിശ്വാമിത്ര-രാമ സംവാദം (വിശ്വാമിത്രന്‍ 21)
- ബ്രഹ്മര്‍ഷി (വിശ്വാമിത്രന്‍ 4)
- വസിഷ്ഠചിന്ത (വിശ്വാമിത്രന്‍ 5)
- കന്യാകുബ്ജം (വിശ്വാമിത്രന്‍ 6)
വിശ്വാമിത്രനുമായി ദീര്‍ഘനേരം സംസാരിച്ച്, വ്യക്തമായ ഒരു ധാരണയില്‍ എത്തിയശേഷം ആശ്രമമുറ്റത്തെ ആല്‍ച്ചുവട്ടില്‍ തന്നെകാണാന്‍ കാത്തിരിക്കുന്ന രാമന്റെ അടുത്തേയ്ക്കു വസിഷ്ഠന്‍ വന്നു. രാമന്‍ എഴുന്നേറ്റ് മുനിയെ ഉപചാരപൂര്‍വ്വം വന്ദിച്ചു.
”കുമാരനെ കാണാന്‍ മഹര്‍ഷി വിശ്വാമിത്രന്‍ ആഗ്രഹിക്കുന്നു” വസിഷ്ഠന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
രാമന്‍ ആചാര്യനെ സംശയഭാവത്തില്‍ നോക്കി. ആചാര്യന്‍ വിശ്വാമിത്രനുമായി സംസാരിച്ചത് അയോദ്ധ്യയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചാവുമെന്ന് ഊഹിച്ചു. അതിഥിഗേഹത്തില്‍ തന്നെ കാണാന്‍ കാത്തിരിക്കുന്ന വിശ്വാമിത്രന്റെ അടുത്തേയ്ക്ക് പോകുമ്പോള്‍ പലവിധ ചിന്തകളും രാമനെ അലട്ടിയിരുന്നു.
വിശ്വാമിത്രനുമായി ബന്ധപ്പെട്ട് അനവധി കഥകള്‍ കുട്ടിക്കാലംമുതല്‍ കേട്ടിട്ടുള്ളതുകൊണ്ട് ആശ്ചര്യത്തോടും കൗതുകത്തോടും രാമന്‍ വിശ്വാമിത്രനെ നോക്കി. രാമനെ ഇമവെട്ടാതെ വിശ്വാമിത്രനും നോക്കി. ആ നോട്ടത്തിലൂടെ ഇരുവരും പറയാതെ പലതും പറയുകയായിരുന്നു. കേട്ട കഥകളിലെ വീരനായകനേക്കാള്‍ കരുത്തനാണ് ആജാനുബാഹുവായ ആചാര്യശ്രേഷ്ഠന്‍, എന്ന് രാമന് ബോധ്യപ്പെട്ടു. ഇത്തരം ഒരു കൂടിക്കാഴ്ചയ്ക്കു അവസരം ലഭിച്ചതു ഭാഗ്യമെന്നുകരുതി രാമന്‍ മുനിയെ വന്ദിച്ചു. പുത്രഭാവേന വിശ്വാമിത്രന്‍ രാമനെ അനുഗ്രഹിച്ചു.
ഉപവിഷ്ടനാകാന്‍ വിശ്വാമിത്രന്‍ പറഞ്ഞിട്ടും മഹര്‍ഷി പറയുന്നതു ശ്രദ്ധയോടെ കേള്‍ക്കാനായി രാമന്‍ കാതോര്‍ത്തു നിന്നു. എവിടെ നിന്നാണ് തുടങ്ങേണ്ടത് എന്ന ഭാവത്തില്‍ മുനി ആലോചനയില്‍ മുഴുകിയപ്പോള്‍ രാമന്‍ വിശ്വാമിത്രന്റെ ദേഹകാന്തിയില്‍ മതിമയങ്ങി മുനിയെ നോക്കിനിന്നു.
മുനിയാണെങ്കിലും ദീര്‍ഘകായമായ ആ രൂപം ആദ്യ നോട്ടത്തില്‍ ആരിലും ഭയം ജനിപ്പിക്കുന്നതാണ്. അദ്ദേഹത്തിന് ഏഴടിയോളം പൊക്കം ഉണ്ടാവുമെന്ന് തോന്നി. പരന്ന നെഞ്ചും, ശക്തവുമായ പേശികളോടുകൂടിയ തോളുകളും, ദീര്‍ഘങ്ങളായ കൈകളും എല്ലാംകൂടി ഒരു യോദ്ധാവിന്റെ ഭാവമാണ് വിശ്വാമിത്രനുള്ളത്. നെഞ്ചിലേയ്ക്ക് ഒഴുകിയിറങ്ങുന്ന വെളുത്ത താടിയും പളുങ്കുപോലെ തിളങ്ങുന്ന കണ്ണുകളും അയഞ്ഞുകിടക്കുന്ന പൂണൂലും ഒരു സന്യാസി ശ്രേഷ്ഠന്റെ ലക്ഷണം സമ്മാനിച്ചെങ്കിലും മുഖത്തും ശരീരത്തിലും കാണപ്പെട്ട യുദ്ധത്തില്‍ മുറിവേറ്റ് ഉണങ്ങിയ കലകള്‍ മഹര്‍ഷിമാര്‍ക്ക് ഒട്ടും ചേരാത്തതായിരുന്നു. ഉടുത്തിട്ടുള്ള കാവിമുണ്ടും അംഗവസ്ത്രവും ശരീരം കൂടുതല്‍ ഇരുണ്ടതാക്കി.
”കുമാരാ, മഹര്‍ഷി വിശ്വാമിത്രന്‍ സിദ്ധാശ്രമത്തില്‍ നടത്തുന്ന ജ്ഞാനാന്വേഷണങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ..?” വിശ്വാമിത്രനെ ഇമവെട്ടാതെ നോക്കിനില്‍ക്കുന്ന രാമനോട് വസിഷ്ഠന്‍ ചോദിച്ചു.
”സിദ്ധാശ്രമത്തെക്കുറിച്ച് അറിയാത്തവര്‍ കോസലത്തില്‍ ആരുമുണ്ടാവില്ല ഗുരോ..” രാമന്‍ ചിന്തയില്‍നിന്നുണര്‍ന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
”ഇക്ഷ്വാകുവിന്റെ പാരമ്പര്യത്തെ ദശരഥരാജന്‍ മാറ്റി മറിയ്ക്കാന്‍ ശ്രമം നടത്തുന്നുവെന്ന് നാം അറിയുന്നുണ്ട്” രാമന്‍ പറഞ്ഞത് അംഗീകരിക്കുന്ന മട്ടില്‍ തലയിളക്കിയശേഷം വിശ്വാമിത്രന്‍ മുഖവുരയില്ലാതെ പറഞ്ഞു.
അതു കേട്ടതും രാമന്‍ വസിഷ്ഠന്റെ മുഖത്തേയ്ക്കാണ് നോക്കിയത്. അയോദ്ധ്യയിലെ കാര്യങ്ങളാണ് മുനിശ്രേഷ്ഠര്‍ ചര്‍ച്ചചെയ്തതെന്ന തന്റെ ഊഹം ശരിയായിരിക്കുന്നു. ഒരു വിചാരണയ്ക്കാണോ തന്നെ കാണാന്‍ ആഗ്രഹിച്ചതെന്ന് സംശയിച്ചു.
”പ്രജകളുടെ ക്ഷേമകാര്യങ്ങളില്‍ ദശരഥനേക്കാള്‍ രാമനാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതെന്ന് കോസലത്തിലെ എന്റെ ശിഷ്യന്മാരില്‍നിന്ന് മനസ്സിലാക്കിയിട്ടുണ്ട്” വിശ്വാമിത്രന്‍ ഗൗരവത്തോടെ പറഞ്ഞു.
അയോദ്ധ്യയിലെ ആചാര്യന്‍ വഴിയല്ല, താന്‍ അയോദ്ധ്യയിലെ ഭരണകാര്യങ്ങള്‍ അറിഞ്ഞതെന്ന് സ്ഥാപിക്കാനാണ് വിശ്വാമിത്രന്‍ അങ്ങനെ പറഞ്ഞതെന്ന് രാമന് മനസ്സിലായി.
”പ്രജകളുടെ ക്ഷേമത്തില്‍ രാജാവ് വിമുഖനാകുമ്പോള്‍ രാമന്‍ നിറവേറ്റുന്നത് പുത്രധര്‍മ്മം മാത്രമാണ്” വസിഷ്ഠന്‍ പറഞ്ഞു.
”കോസലത്തിലെ അടുത്ത രാജാവ് കൈകേയി പുത്രനായ ഭരതനാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതല്ലേ?” വിശ്വാമിത്രന്‍ രാമനെ നോക്കി പറഞ്ഞു. രാമന്റെ മനോഗതം അറിയാനാണ് വിശ്വാമിത്രന്‍ അങ്ങനെ പറഞ്ഞതെന്ന് രാമനു മനസ്സിലായി. രാജ്യകാര്യങ്ങളെക്കുറിച്ച് പലതും ആചാര്യനുമായി രാമന്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. എന്നാല്‍ മറ്റാരോടും പറയാതെ മനസ്സിന്റെ കോണില്‍ ഒതുക്കിവച്ച കാര്യങ്ങള്‍ വിശ്വാമിത്രനോട് പറയുന്നത് യുക്തമല്ലെന്ന് തോന്നിയെങ്കിലും അതിന് മറുപടി പറയാതിരിക്കുന്നത് ശരിയല്ലെന്നു രാമനുതോന്നി.
”രാജാവ് ആര് എന്നുള്ളതല്ല, പ്രജകള്‍ സന്തുഷ്ടരാണോ എന്നതാണ് പ്രധാനം” മുനിയുടെ ചോദ്യം ഇഷ്ടമാകാത്ത മട്ടില്‍ രാമന്‍ പറഞ്ഞു.
പറയാന്‍ കഴിയാത്ത പലതും മൗനത്തിലൂടെ പറയാന്‍ സാധ്യമാകുമെന്ന് വിശ്വാമിത്രനറിയാം. രാമന്റെ വാക്കുകേട്ട് വിശ്വാമിത്രന്‍ ദീര്‍ഘമായി നിശ്വസിച്ചു. അധികാരത്തോട് രാമന് ഭ്രമമില്ലെന്നാണ് ആ വാക്കുകള്‍ വെളിപ്പെടുത്തുന്നത്. അല്പനേരത്തേയ്ക്ക് വിശ്വാമിത്രന്‍ ഒന്നും പറഞ്ഞില്ല. വസിഷ്ഠനും എന്തോ ആലോചനയില്‍ മുഴുകിയത് രാമന്‍ ശ്രദ്ധിച്ചു.
രാമനെ മാറ്റിനിര്‍ത്തി, ഭരതനെ രാജാവാക്കുന്ന കാര്യം ദശരഥന് ഇപ്പോള്‍ ആലോചിക്കാന്‍ പ്രയാസമാണെന്ന് വസിഷ്ഠനറിയാം. എന്നാല്‍ കൈകേയിയെ പട്ടമഹിഷിയായിട്ടാണ് ദശരഥന്‍ സ്വീകരിച്ചത്. കൈകേയിയെ സ്വീകരിക്കുമ്പോള്‍ അവളുടെ പിതാവിനു നല്‍കിയ വാക്ക് പാലിക്കാന്‍ ദശരഥന്‍ ബാധ്യസ്ഥനാണ്.
യുദ്ധത്തില്‍ പരാജയപ്പെടുത്തിയ രാജാവിന്റെ പത്‌നിമാരെ, വിജയിയായ രാജാവ് ഭാര്യമാരായി സ്വീകരിക്കുന്നതിനെ ആചാര്യന്മാര്‍ ചോദ്യം ചെയ്യാറില്ല. പരാജയപ്പെടുത്തിയ രാജാവിന്റെ മകളെ ഭാര്യയായി സ്വീകരിക്കുന്നതും നിഷിദ്ധമല്ല. അമ്മയെയും മകളേയും ഒരേസമയം വിജയിയായ രാജാവ് ഭാര്യയായി സ്വീകരിച്ചിട്ടുള്ള സന്ദര്‍ഭത്തില്‍പ്പോലും ഒരു ആചാര്യനും അതിനെ ചോദ്യം ചെയ്തിട്ടില്ല. എന്നാല്‍ ആചാരവിധിപ്രകാരം ആദ്യം പട്ടമഹിഷിയായി സ്വീകരിച്ച സ്ത്രീയിലുണ്ടാകുന്ന പുത്രനെയാണ് കാലശേഷം രാജാവാക്കുക എന്ന നിയമമാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
ആദ്യഭാര്യയായ കൗസല്യയിലും പിന്നീട് സ്വീകരിച്ച സുമിത്രയിലും പുത്രന്‍ ഉണ്ടാകാത്ത കാരണത്താലാണ് കൈകേയിയെ സ്വീകരിക്കുമ്പോള്‍ അവളുടെ പിതാവിനും അവള്‍ക്കും പുത്രനെ രാജാവാക്കാമെന്ന് ദശരഥന്‍ വാക്കുകൊടുത്തത്. അതില്‍ ദശരഥനെ കുറ്റപ്പെടുത്താനും കഴിയില്ല. കൗസല്യയിലും സുമിത്രയിലും പുത്രനുണ്ടാകാത്ത നിരാശയിലാവാം ദശരഥന്‍ അങ്ങനെ തീരുമാനിച്ചത്. എങ്കിലും അക്കാര്യത്തില്‍ ദശരഥരാജന് പിഴവുപറ്റി എന്നുതന്നെയാണ് വസിഷ്ഠന് തോന്നിയിട്ടുള്ളത്
യുദ്ധത്തില്‍ പരാജയപ്പെടുത്തിയ കൈകേയിയുടെ പിതാവിനെയും സഹോദരനെയും ദശരഥന്‍ വധിക്കാതെ വിട്ടയച്ചതു കൈകേയിയുടെ സൗന്ദര്യത്തില്‍ മതിമയങ്ങിയിട്ടാണ്. പരാജയം സമ്മതിച്ച രാജാവിന്റെ മകളെ ഭാര്യയായി സ്വീകരിക്കുമ്പോള്‍ അവളില്‍ ഉണ്ടാകുന്ന പുത്രനെ രാജാവാക്കുമെന്ന് പിതാവിന് വാക്കുകൊടുക്കണ്ട ആവശ്യമില്ല. കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെയല്ല സംഭവിക്കുന്നത്. ഇപ്പോള്‍ ദശരഥനെ അലട്ടുന്ന പ്രശ്‌നം എങ്ങനെ രാമനെ രാജാവാക്കാം എന്നതാണ്. അതേസമയം താന്‍ കൊടുത്ത വാക്കുപാലിക്കാന്‍ കഴിയാതെ വരുന്നത് രാജവംശത്തിന് കളങ്കം വരുത്തുമെന്ന് ഭയപ്പെടുകയും ചെയ്യുന്നു.
”അങ്ങ് എന്നെ വിളിപ്പിച്ചത് എന്തിനെന്ന് പറഞ്ഞില്ല” ചിന്തയില്‍ മുഴുകിയിരിക്കുന്ന വസിഷ്ഠനെ നോക്കി രാമന്‍ പറഞ്ഞു.
പെട്ടെന്ന് ചിന്തയില്‍നിന്നുണര്‍ന്ന വസിഷ്ഠന്‍ വിശ്വാമിത്രന്റെ നേരെ നോക്കി. രാമനോട് കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് താനല്ലെന്ന് ആ നോട്ടത്തിലൂടെ വ്യക്തമാക്കി.
”രാമാ, ഞാന്‍ ഇപ്പോള്‍ വസിഷ്ഠമഹര്‍ഷിയുടെ അതിഥിയായിട്ടാണ് ആശ്രമത്തില്‍ എത്തിയിട്ടുള്ളത്. നിന്നെ ഇവിടേയ്ക്ക് ക്ഷണിച്ചത് നിന്നോടു മാത്രമായി ചില കാര്യങ്ങള്‍ സംസാരിക്കുന്നതിനാണ്.” വിശ്വാമിത്രന്‍ താന്‍ അവതരിപ്പിക്കാന്‍ വരുന്ന വിഷയത്തിന്റെ പ്രധാന്യത്തെ സൂചിപ്പിക്കാനായി ആമുഖമായി പറഞ്ഞു.
മഹര്‍ഷി പറയുന്നത് കേള്‍ക്കാനായി ആകാംക്ഷയോടെ രാമന്‍ അപ്പോള്‍ വിശ്വാമിത്രനെ നോക്കി.
”നന്മയുടെ തിരിനാളം ഏതു സമയത്തും കെട്ടുപോകാവുന്ന നിലയില്‍ ദുര്‍ബ്ബലമാവുന്നു. എന്നാല്‍ തിന്മയുടെ പക്ഷം ശക്തിപ്രാപിച്ച് തിന്മയുടെ തിരിനാളങ്ങളെ കെടുത്താന്‍ ശ്രമിക്കുകയാണ്. ആര്യാവര്‍ത്തത്തിന് നാശം ഉണ്ടാകണമെന്നാണ് രാക്ഷസീയ ശക്തികള്‍ ആഗ്രഹിക്കുന്നത്. അവരുടെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുംവിധം ആര്യാവര്‍ത്തത്തിലെ രാജാക്കന്മാര്‍ ദുര്‍ബ്ബലരായി മാറുകയാണ്. മിഥിലയില്‍ വൃദ്ധനായ ജനകനാണ് രാജ്യത്തെ നയിക്കുന്നത്. കോസലത്തിലെ കാര്യം നിന്നോടു പറയേണ്ടതില്ല.”
കോസലത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ രാമന്റെ മുഖത്തുണ്ടായ മാറ്റം വിശ്വാമിത്രന്‍ ശ്രദ്ധിച്ചു.
”രാക്ഷസീയ ശക്തികള്‍ വനവാസികളില്‍ നാള്‍ക്കുനാള്‍ ആധിപത്യം ഉറപ്പിക്കുന്നു. ആശ്രമത്തിനു പുറത്തുള്ള ഗ്രാമങ്ങളുടെ അവസ്ഥയും ദയനീയമാണ്. അവിടെയും അനീതി ശക്തമാകുന്നു. ജനങ്ങളില്‍ നീതിബോധവും സാമൂഹ്യബോധവും അസ്തമിക്കുകയാണോ എന്ന് ഞാന്‍ ഭയപ്പെടുന്നു. ആചാര്യന്മാരുടെ ആശ്രമങ്ങളുടെ നേരെ ആക്രമണം നടത്തുന്നത് പതിവായിരിക്കുന്നു. ആചാര്യന്മാര്‍ക്ക് രാക്ഷസരെ നേരിടാന്‍ കഴിയുന്നില്ല. അവര്‍ക്കെതിരെ ആശയ പ്രചരണം നടത്തുന്നവരെപോലും പരസ്യമായി ഹിംസിക്കുന്നു. ആശ്രമങ്ങള്‍ പരിപാലിക്കാന്‍ കഴിയാത്തവിധം ദുഷ്ടശക്തികള്‍ ദുരന്തം വിതയ്ക്കുകയാണ്. ഇതിന് ശാശ്വതമായ ഒരു പരിഹാരമാണ് ഉണ്ടാവേണ്ടത്” വിശ്വാമിത്രന്‍ ഉറച്ച ശബ്ദത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കി.
ആശ്രമങ്ങളിലെ മുനിമാര്‍ക്ക് സൈ്വര്യമായി കര്‍മ്മം നിര്‍വ്വഹിക്കാന്‍ കഴിയുന്നില്ല എന്നു കേട്ടപ്പോള്‍ എന്താണ് പറയേണ്ടതെന്നറിയാതെ രാമന്‍ ഒരു നിമിഷം തലകുനിച്ചിരുന്നു. ദുഷ്ടശക്തികളെ എങ്ങനെ നേരിടണമെന്ന് രാമന്‍ ആലോചിച്ചു.
”മുനിമാര്‍ ഒരു ജീവിയേയും ഒരുതരത്തിലും വേദനിപ്പിക്കാതെ മാനവകുലത്തിന്റെ നന്മയ്ക്കായി കലയും സംസ്‌കൃതിയും വിജ്ഞാനവും വികസിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ്. അനീതി ചെയ്യുന്നവരുമായി അവര്‍ക്ക് സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടേണ്ടിവരുന്നു. നീതിയുടെ പക്ഷത്ത് നിലകൊള്ളുന്ന അവര്‍ സംയമനം പാലിക്കുന്നത് ബലഹീനതയായിട്ടാണ് രാക്ഷസര്‍ കരുതുന്നത്” വിശ്വാമിത്രന്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കി.
”സത്യത്തിനും നീതിക്കുംവേണ്ടി പോരാടാത്തത്, സത്യത്തില്‍നിന്നും നീതിയില്‍നിന്നും അകലുന്നതിനു തുല്യമല്ലേ ഗുരോ?” രാമന്‍ ചോദിച്ചു.
രാമന്റെ ചോദ്യത്തിന് വിശ്വാമിത്രന്‍ മറുപടി പറഞ്ഞില്ല. ആശ്രമജീവിതത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടാണ് രാമന്‍ അങ്ങനെ പറഞ്ഞതെന്ന് സമാധാനിച്ചു.
വിശ്വാമിത്രന്‍ പറഞ്ഞത് അംഗീകരിക്കുന്ന മട്ടില്‍ താടിയില്‍ തലോടിക്കൊണ്ട് രാമനെ നോക്കി. യുവരാജാവായ രാമന്‍ ഇതിനോട് എങ്ങനെ പ്രതികരിക്കും എന്നറിയാന്‍ വസിഷ്ഠന് കൗതുകമുണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ രാമന്‍ അനീതിക്കെതിരെ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ലെന്ന് വസിഷ്ഠനറിയാം. രാമന്‍ അയോദ്ധ്യയിലെ രാജാവായാല്‍ മുന്‍ഗാമികളെപ്പോലെ പ്രജാതല്‍പരനായ ഒരു രാജാവായി മാറുമെന്ന് ഉറപ്പാണ്.
വിശ്വാമിത്രന്‍ പറയുന്ന കാര്യങ്ങള്‍ വസിഷ്ഠന്‍ തന്നോടു പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണെന്ന് രാമന് ബോധ്യപ്പെട്ടു.
”ഗുരോ, അങ്ങയുടെ ഹിതം എന്തെന്ന് എനിക്ക് മനസ്സിലായി. അതിനോട് ഞാന്‍ യോജിക്കുന്നു. തിന്മയോടു പോരാടുവാന്‍ ഞാന്‍ സദാ സന്നദ്ധനാണ്” അല്പനേരത്തെ ആലോചനയ്ക്കുശേഷം രാമന്‍ പറഞ്ഞു.
അതു കേട്ടപ്പോള്‍ വിശ്വാമിത്രനും വസിഷ്ഠനും പരസ്പരം നോക്കി പുഞ്ചിരിച്ചു.
”വനവാസികളുടെ ജീവിതം ദുരിതപൂര്‍ണ്ണമാണ്. അവരുടെ ജീവിതത്തിന് മാറ്റം ഉണ്ടാകേണ്ടതുണ്ട്. അവരെ വിദ്യാസമ്പന്നരും ബലവാന്മാരുമാക്കി മാറ്റാന്‍ പല ആചാര്യന്മാരും ശ്രമിക്കുന്നുണ്ട്. എന്നാല്‍ അവര്‍ വിദ്യ അഭ്യസിക്കാന്‍ വിമുഖത കാട്ടുകയാണ്. വിഭിന്ന ഗോത്രങ്ങള്‍ പരസ്പരം കലഹിച്ച് ദുര്‍ബ്ബലരാവുകയാണ്. യോജിക്കാവുന്ന കാര്യങ്ങള്‍ക്കും പോരടിച്ച് അകന്നു കഴിയുന്നതുവഴി ശത്രുക്കള്‍ക്ക് അവരുടെമേല്‍ ആധിപത്യം ഉറപ്പാക്കാന്‍ വേഗത്തില്‍ കഴിയുന്നു.”
”വനവാസികള്‍ക്ക് വിജ്ഞാനം മാത്രമല്ല, യുദ്ധം ചെയ്യാനുള്ള പരിശീലനവും നല്‍കണം. എങ്കില്‍ മാത്രമേ അവരെ ആത്മവിശ്വാസമുള്ള ജനസമൂഹമായി മാറ്റാന്‍ കഴിയൂ” മഹര്‍ഷി പറഞ്ഞതിനോട് യോജിച്ചുകൊണ്ട് രാമന്‍ പറഞ്ഞു.
”കുമാരന്‍ പറഞ്ഞത് ശരിയാണ്. എന്നാല്‍ അതിനുവേണ്ട ക്ഷമയും മനോവീര്യവും ശക്തിയും എല്ലാം ഒത്തിണങ്ങിയ ഒരാള്‍ അവരോടൊപ്പംനിന്ന് അവരെ കരുത്തുള്ളവരാക്കി മാറ്റണം.
അതിന് സന്നദ്ധനായി ശക്തനായ ഒരാള്‍ മുന്നോട്ടുവരാത്ത കാലത്തോളം അനീതി നിര്‍വിഘ്‌നം തുടര്‍ന്നുകൊണ്ടിരിക്കും” അത്രയും പറഞ്ഞ് വിശ്വാമിത്രന്‍ ദീര്‍ഘമായി ഒന്നു നിശ്വസിച്ചു.