കന്യാകുബ്ജത്തിലെ രാജാവായ കുശനാഭനുമായി ഒരു ബന്ധമുണ്ടാകുന്നതില്‍ ബ്രഹ്മദത്തന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. പിതാവിന്റെ ആഗ്രഹത്തെ ബ്രഹ്മദത്തന് സന്തോഷത്തോടെ സ്വീകരിച്ചുകൊണ്ട് കന്യാകുബ്ജത്തില്‍ എത്തിച്ചേര്‍ന്നു.
കൊട്ടാരത്തില്‍ എത്തിയ ബ്രഹ്മദത്തനെ കുശനാഭന് ആചാരവിധിപ്രകാരം എതിരേറ്റു. ബ്രഹ്മദത്തന് പിതാവിനെയും രാജാവിനെയും ഒരേസമയം വന്ദിച്ചു. തന്റെ വാക്കുകള്‍ സന്തോഷത്തോടെ സ്വീകരിച്ച മകനെ ചൂളി ആലിംഗനം ചെയ്ത് അനുഗ്രഹിച്ചു.
”മംഗളകര്‍മ്മത്തില്‍ സംബന്ധിക്കാന്‍ മാതാവുകൂടി ഉണ്ടാവണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.” ബ്രഹ്മദത്തന് ഇംഗിതം പിതാവിനെ അറിയിച്ചു.
”ഉചിതമായ കാര്യംതന്നെ.” രാജാവ് പറഞ്ഞു.
മുനിക്കും സന്തോഷമായി. ബ്രഹ്മദത്തന്റെ ആഗ്രഹപ്രകാരം മാതാവായ സോമദയെ കൊട്ടാരത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവരാന്‍ ഉടന്‍തന്നെ രാജാവ് രഥം അയച്ചു. വളരെ വേഗത്തില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു.
കുശനാഭന്റെ മകളെ വിവാഹം കഴിക്കാന്‍ തന്റെ മകന് സന്നദ്ധനായിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ സോമദയ്ക്കും അത്യന്തം ആഹ്ലാദമുണ്ടായി. മകന്റെ വിവാഹത്തില്‍ സംബന്ധിക്കാന്‍ സോമദ കൊട്ടാരത്തില്‍ എത്തിച്ചേര്‍ന്നു. കൊട്ടാരത്തില്‍ വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും അപ്പോഴേയ്ക്കും പൂര്‍ത്തിയായിരുന്നു.
സോമദ, പുത്രനെ അനുഗ്രഹിച്ചതോടെ രാജകീയ ചടങ്ങുകള്‍ ആരംഭിച്ചു. ചടങ്ങുകള്‍ക്കൊടുവില്‍ കുശനാഭന്റെ പുത്രിമാരെ ബ്രഹ്മദത്തന് ഭാര്യമാരായി സ്വീകരിച്ചു. പുത്രന്റെ സത്വൃത്തിയില് സന്തുഷ്ടയായ ചൂളിമുനിയും സോമദയും പുത്രനെയും പുത്രവധുക്കളെയും അനുഗ്രഹിച്ചു.
‘ബ്രഹ്മദത്തന്റെ പാണിസ്പര്ശമേറ്റതും കുശനാഭന്റെ പുത്രിമാരെല്ലാം വായുദേവന്റെ കോപത്തില്‍നിന്ന് പെട്ടെന്ന് മുക്തിനേടി. അവര്‍ക്ക് പൂര്‍വ്വരൂപം തിരികെ ലഭിച്ചതുകണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. അതീവ സുന്ദരിമാരായിത്തീര്‍ന്ന കുമാരിമാരെ കുശനാഭനും കൊട്ടാരത്തിലെ സര്‍വ്വരും പുഷ്പവൃഷ്ടി നടത്തി അനുഗ്രഹിച്ചു.’
‘മക്കളെല്ലാം ഭര്ത്തൃരാജ്യത്തേയ്ക്ക് പോയപ്പോള്‍, തനിക്ക് ഒരു പുത്രനില്ലല്ലോ എന്ന ചിന്ത വീണ്ടും കുശനാഭനെ അലട്ടാന്‍ തുടങ്ങി. തന്റെ വ്യസനം രാജഗുരുവിനെ അറിയിച്ചപ്പോള്‍ പുത്രനുണ്ടാകുന്നതിനുവേണ്ടി ഒരു യാഗം നടത്തുന്നത് ഉചിതമായിരിക്കുമെന്നു ഗുരു ഉപദേശിച്ചു.
രാജഗുരുവിന്റെ ഉപദേശപ്രകാരം പുത്രനുണ്ടാകാനായി പുത്രകാമേഷ്ടി എന്ന യാഗം കുശനാഭന് ആരംഭിച്ചു. യാഗം നടന്നുകൊണ്ടിരിക്കുമ്പോള്‍, ബ്രഹ്മപുത്രനായ കുശന്, തന്റെ പുത്രനായ കുശനാഭനെ അനുഗ്രഹിക്കാനായി നേരിട്ടെത്തി.
”അല്ലയോ കുശനാഭാ, എന്തുകൊണ്ടും യോഗ്യനായ ഒരു പുത്രന് താമസംവിനാ നിനക്കുണ്ടാകും. ആ പുത്രന്‍വഴി നീ ലോകത്തില്‍ ശാശ്വത കീര്‍ത്തി നേടും.” മകനെ അനുഗ്രഹിച്ചശേഷം കുശന് ബ്രഹ്മലോകത്തേയ്ക്കു പോയി. ഏറെനാള്‍ കഴിയുന്നതിനുമുമ്പ് കുശനാഭന് ഒരു പുത്രനുണ്ടായി. ഗാധി എന്നു പുത്രന് രാജാവ് നാമകരണം ചെയ്തു.
കുട്ടിക്കാലം മുതല്‍, ഗാധിയില്‍ സര്‍വ്വഗുണങ്ങളും മുനിമാര്‍ക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞു. യുവാവായപ്പോള്‍ രാജകുമാരനെന്ന നിലയില്‍ പ്രജകളുടെ കാര്യങ്ങളില്‍ ഇടപെട്ടുകൊണ്ട് ഭരണകാര്യങ്ങളില്‍ ഗാധി പിതാവിനെയും മന്ത്രിയേയും സഹായിച്ചു. മകന്റെ കഴിവില്‍ പൂര്‍ണ്ണതൃപ്തനായ കുശനാഭന്, രാജ്യഭരണം ഗാധിയെ ഏല്പിച്ചശേഷം ഗാധിക്ക് അനുരൂപയായ ഒരു ക്ഷത്രിയ വധുവിനെയും കണ്ടെത്തി.
പ്രജാതല്പരനായി രാജ്യം ഭരിച്ച ഗാധിക്ക് ആദ്യം പുത്രിയാണ് ജനിച്ചത്. പുത്രിക്ക് സത്യവതി എന്നു പേരിട്ടു. തനിക്കൊരു പുത്രന് ഉണ്ടായില്ലല്ലോ എന്ന് ഗാധി അപ്പോഴും വ്യസനിച്ചു.
സത്യവതി, വിവാഹപ്രായമെത്തിയ സന്ദര്‍ഭത്തിലാണ് കൊട്ടാരത്തില്‍, പണ്ഡിതനായ ഋചീകന് എന്ന ബ്രാഹ്മണമുനി എത്തിയത്. അവിചാരിതമായി ഋചീകന് സത്യവതിയെ കാണാന്‍ ഇടയായി. ആദ്യ ദര്‍ശനത്തില്‍ തന്നെ സത്യവതിയോട് ഋചീകന് പ്രേമം ജനിച്ചു. എന്നാല്‍ അക്കാര്യം അദ്ദേഹം ആരോടും വെളിപ്പെടുത്തിയില്ല. ഋചീകനെ കണ്ടപ്പോള്‍ മുതല്‍ സത്യവതിയുടെ മനസ്സിനും ചാഞ്ചാട്ടമുണ്ടായി. മുനിയെ പരിചരിക്കാന്‍ നിയോഗിച്ച അവളുടെ മനസ്സില്‍ മുനിയോടുള്ള പ്രേമം ഓരോ ദിവസം കഴിയുമ്പോഴും വര്‍ദ്ധിച്ചുവന്നു. ഋചീകനോട് തനിക്കുണ്ടായ പ്രേമത്തെ മനസ്സില്‍ ഒതുക്കാന്‍ കഴിയാതെ അക്കാര്യം അവള് പിതാവിനോട് തുറന്നു പറഞ്ഞു.
മഹാപണ്ഡിതനായ മുനിയോട് രാജാവിന് വലിയ ആദരവ് ഉണ്ടായിരുന്നതുകൊണ്ട് മകളുടെ ഇഷ്ടത്തെ സന്തോഷത്തോടെയാണ് ഗാധി അംഗീകരിച്ചത്. മുനിക്കും അത് സന്തോഷമുള്ള കാര്യമാണെന്ന് അറിഞ്ഞതോടെ അവരുടെ വിവാഹം രാജകീയമായ പ്രൗഢികളൊന്നും ഇല്ലാതെ ഗാധി നിര്‍വ്വഹിച്ചു.
വിവാഹത്തോടെ മകള്‍ തന്നില്‍നിന്നും അകന്നു പോകുമല്ലോ എന്നോര്‍ത്തപ്പോള്‍ ഗാധിക്ക് വല്ലാത്ത ദുഃഖമുണ്ടായി. പിതാവില്‍നിന്നും മാതാവില്‍നിന്നും അകന്നു നില്‍ക്കുന്നത് മകള്‍ക്കും പ്രയാസമുണ്ടെന്ന് ഗാധി മനസ്സിലാക്കി. മകളോടൊപ്പം കൊട്ടാരത്തില്‍ത്തന്നെ താമസിക്കണമെന്ന് ഋചീകനോട് രാജാവ് അപേക്ഷിച്ചു. സത്യവതിയുടെയും രാജാവിന്റെയും ആഗ്രഹത്തെ അംഗീകരിച്ചുകൊണ്ട് ഗാധിയുടെ കൊട്ടാരത്തില്‍ത്തന്നെ താമസിക്കാന്‍ ഋചീകന് തീരുമാനിച്ചു.
കൊട്ടാരത്തില്‍ കഴിയുന്ന ഋചീകനെ ഒരു സുഹൃത്തിനെപ്പോലെയാണ് ഗാധി സ്വീകരിച്ചത്. തനിക്ക് ഒരു പുത്രനില്ലാത്ത ദുഃഖം പല സന്ദര്‍ഭത്തിലും ഗാധി ഋചീകനുമായി പങ്കുവച്ചു. അപ്പോഴെല്ലാം ഋചീകന് ഗാധിയെ ആശ്വസിപ്പിച്ചുകൊണ്ട് അങ്ങേയ്ക്ക് ഒരു മകന് ഉണ്ടാവുമെന്ന് ഉറപ്പിച്ചു പറഞ്ഞു.
ഒരു സ്ത്രീ ഗര്‍ഭാവസ്ഥയില്‍ കഴിക്കുന്ന ഭക്ഷണം അവളില്‍ ജനിക്കുന്ന കുഞ്ഞില്‍ നന്നായി പ്രതിഫലിക്കുമെന്ന് പാചകകലയില്‍ നിപുണനായ ഋചീകന് മനസ്സിലാക്കിയിരുന്നു. അതിനാല്‍ തന്റെ ഭാര്യയായ സത്യവതിക്ക് ബ്രാഹ്മണ ഗുണങ്ങളോടുകൂടിയ പുത്രന് ജനിക്കുന്നതിനു വേണ്ടുംവിധമുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ മറ്റാരുടെയും സഹായമില്ലാതെ ഋചീകന് സ്വന്തമായാണ് ഉണ്ടാക്കി നല്‍കിയത്.
ബ്രാഹ്മണ ഗുണങ്ങളോടുകൂടിയ പുത്രന് ജനിക്കാന്‍ സഹായിക്കുന്ന ഭക്ഷണമാണ് തന്റെ ഭര്‍ത്താവ് തനിക്ക് ഉണ്ടാക്കി നല്‍കുന്നതെന്ന് സത്യവതി അറിഞ്ഞിരുന്നില്ല. ഋചീകന് അക്കാര്യം ഭാര്യയോട് പറഞ്ഞതുമില്ല. അതേസമയം ഭാര്യാമാതാവിനുള്ള ഭക്ഷണവും ഋചീകന്തന്നെ ഉണ്ടാക്കി നല്കി. രാജ്യം ഭരിക്കാന്‍ ശക്തനായ ക്ഷാത്രഗുണങ്ങളോടുകൂടിയ പുത്രന് ജനിക്കുന്നതിനുവേണ്ട ഭക്ഷണമാണ് ഭാര്യാമാതാവിനായി ഋചീകന് തയ്യാറാക്കിയത്. എന്നാല്‍ അക്കാര്യവും മുനി അവരെയും അറിയിച്ചില്ല.
‘ഋചീകന് വിശേഷാല്‍ തനിക്കുവേണ്ടി തയ്യാറാക്കി നല്കിയ ഭക്ഷണം അതിന്റെ സവിശേഷത എന്തെന്നറിയാതെ എല്ലാദിവസവും, അമ്മ മകള്‍ക്കും നല്കി. ഭര്‍ത്താവ് തനിക്കായി ഉണ്ടാക്കി നല്കിയ ഭക്ഷണം, സത്യവതി സ്നേഹപൂര്‍വ്വം അമ്മയ്ക്കും നല്കി. ഭക്ഷണസാധനങ്ങള്‍ ഇങ്ങനെ നിത്യവും ഇവര്‍ മാറിയാണ് കഴിക്കുന്നതെന്ന് ഋചീകന് അറിഞ്ഞില്ല.
സത്യവതി ഗര്‍ഭം ധരിച്ച് ക്ഷാത്രവീര്യമുള്ള ജമദഗ്നിയെ പ്രസവിച്ചു. അതേസമയം സത്യവതിയുടെ മാതാവ് ബ്രാഹ്മണശീലത്തോടുകൂടിയ വിശ്വാമിത്രനും ജന്മംനല്കി. വൈകിയാണെങ്കിലും തനിക്ക് ഒരു പുത്രന് ഉണ്ടായതില്‍ ഗാധി അതിയായി സന്തോഷിച്ചു. കുശന്റെ വംശത്തില്‍ ജനിച്ചതുകൊണ്ട് ഗാധിയുടെ പുത്രനായ വിശ്വാമിത്രന് കൗശികന് എന്നും അറിയപ്പെട്ടു.’
***********
‘വിശ്വാമിത്രന്റെ ജനനകഥ കേട്ടപ്പോള്‍ ജന്മസിദ്ധമായ വാസനാബലം എത്ര ശക്തമാണെന്ന് രാമന് ചിന്തിച്ചു. ക്ഷത്രിയനായ അദ്ദേഹത്തിന് സന്ന്യാസത്തോടു താല്പര്യം ഉണ്ടായത് എന്തുകൊണ്ടാണെന്നു മനസ്സിലായി. കഴിക്കുന്ന ഭക്ഷണം സ്വഭാവത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുമെന്ന് കുട്ടിക്കാലത്തുതന്നെ അമ്മയില്‍നിന്ന് രാമന് മനസ്സിലാക്കിയിരുന്നു.
”ഗാധിക്കുശേഷം വിശ്വാമിത്രനല്ലേ കന്യാകുബ്ജത്തിലെ രാജാവായത്?” ലക്ഷ്മണന് ചോദിച്ചു.
അതെ എന്ന മട്ടില്‍ വസിഷ്ഠന് തലയിളക്കി. വിശ്വാമിത്രനെക്കുറിച്ച് ഇനിയും കൂടുതല്‍ അറിയാന്‍ കുമാരന്മാര് ആഗ്രഹിക്കുന്നുണ്ടെന്ന് വസിഷ്ഠന് മനസ്സിലായി.
”കൗശികീ നദി എങ്ങനെയുണ്ടായതാണ് ഗുരോ?”
സത്യവതിയെ ഭര്‍ത്താവായ ഋചീകന് ശപിച്ച് ഒരു നദിയാക്കി മാറ്റിയെന്നും അതാണ് കൗശികീനദിയെന്നും അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ആ സംശയമാണ് രാമന് വെളിപ്പെടുത്തിയത്.
”ഗാധിക്കുശേഷം വിശ്വാമിത്രനാണ് കന്യാകുബ്ജത്തിലെ രാജാവായത്. വിശ്വാമിത്രന്റെ സഹോദരിയായ സത്യവതിയെ ഭര്‍ത്താവായ ഋചീകന് തന്നെയാണ് ശപിച്ച് നദിയാക്കിയത്. ഗംഗയുടെ ഒന്‍പതു പോഷകനദികളില്‍ ഒന്നാണ് കൗശികി. ഗോമതി എന്നും ഈ നദിക്ക് പേരുണ്ട്. ഒരു ദേവിയായിട്ടാണ് കൗശികിയെ എല്ലാവരും ആരാധിക്കുന്നത്. കൗശികീനദിയില് സ്നാനം ചെയ്യുന്നവര്‍ പാപത്തില്‍നിന്ന് മുക്തരാവും എന്നും ചിലര്‍ വിശ്വസിക്കുന്നുണ്ട്. ഋചീകന്റെ ശാപം അനുഗ്രഹമായി സ്വീകരിച്ച് നവ നദികളില്‍ ഒന്നായ കൗശികീ മറ്റുള്ളവരുടെ പാപഭാരം സ്വയം ഏറ്റ് അവരെ പരിശുദ്ധരാക്കിക്കൊണ്ട് വിദേഹരാജ്യത്തിന്റെ കിഴക്കേ അതിര്‍ത്തിയിലൂടെ അനസ്യൂതം ഒഴുകിക്കൊണ്ടിരിക്കുന്നു.” വസിഷ്ഠന് പറഞ്ഞുനിര്‍ത്തി.
ഋചീകമുനി സത്യവതിയെ ശപിച്ചത് എന്തിനാണെന്ന് ഗുരു വ്യക്തമാക്കാത്തതിനാല്‍ അത് അറിയാനുള്ള ആഗ്രഹത്തോടെ ലക്ഷ്മണന് മുനിയെ നോക്കി.
‘ഋചീകന് ഭാര്യയെ ശപിച്ചതിന് ഒരു കാരണം ഉണ്ടായിരുന്നു. തപോബലത്താല്‍ ബ്രഹ്മപദം പ്രാപിക്കാനായി ദേവലോകത്തേയ്ക്കു സശരീരനായി പോകാന്‍ ഋചീകന് തീരുമാനിച്ചപ്പോള്‍ സത്യവതിക്ക് ഋചീകനെ പിരിഞ്ഞിരിക്കാന്‍ കഴിഞ്ഞില്ല. ബ്രഹ്മപദ പ്രാപ്തിക്കായി ദേവലോകത്തേയ്ക്കു പുറപ്പെട്ട ഭര്‍ത്താവിന്റെ പിന്നാലെ തന്റെ പാതിവ്രത്യ ശക്തികൊണ്ട്, സശരീരയായി സത്യവതിയും അനുഗമിച്ചു.
തന്നെ അനുഗമിക്കുന്ന സത്യവതിയെ കണ്ടപ്പോള്‍ എന്താണ് വേണ്ടതെന്ന് ഋചീകന് ആലോചിച്ചു. ആലോചനയ്ക്കൊടുവില് അവളെ ഒരു നദിയാക്കി ഭൂമിയിലേയ്ക്കയച്ചു. നദിയായിത്തീര്‍ന്ന സത്യവതി ഹിമാലയത്തിലെത്തി ലോകഹിതാര്‍ത്ഥം കൗശികി എന്ന പേര് സ്വീകരിച്ച് ഒഴുകാന്‍ തുടങ്ങി. എല്ലാവര്ക്കും ഇപ്പോഴും അവള് സന്തോഷത്തെ സമ്മാനിക്കുന്നു. ഹിമ പാര്‍ശ്വത്തില്‍ നിന്നൊഴുകുന്ന കൗശികീയുടെ തീരത്താണ് വിശ്വാമിത്രന്റെ ആശ്രമം സ്ഥിതിചെയ്യുന്നത്.” വസിഷ്ഠന് പറഞ്ഞു.
വിശ്വാമിത്രനോട് കൂടുതല്‍ ആദരവ് അപ്പോള്‍ രാമന്റെ മനസ്സില്‍ രൂപപ്പെട്ടു. കൗശികീയുടെ തീരത്തു താമസിക്കാന്‍ വിശ്വാമിത്രന് ഇഷ്ടപ്പെടുന്നത് സഹോദരിയോടുള്ള സ്നേഹത്താലാവാമെന്ന് ഊഹിച്ചു. നദിയെ സഹോദരിയായി സ്നേഹിക്കണം എന്ന സന്ദേശമാണ് വിശ്വാമിത്രന് അതിലൂടെ നല്‍കുന്നത്.
”വിശ്വാമിത്രന് ഇപ്പോള്‍ യജ്ഞം നടത്തുന്നത് സിദ്ധാശ്രമത്തിലാണ്. കൗശികീതീരംപോലെ അദ്ദേഹത്തിന് പ്രധാനമാണ് സിദ്ധാശ്രമവും.”വസിഷ്ഠന് പറഞ്ഞു.
”രാജാവായ വിശ്വാമിത്രന് ഏതു സാഹചര്യത്തിലാണ് മഹാമുനി ആകാന്‍ ആഗ്രഹിച്ചത് ഗുരോ..?” രാമന് ചോദിച്ചു.
വസിഷ്ഠന്, രാമന്റെ മുഖത്തേയ്ക്ക് സൂക്ഷിച്ചുനോക്കി. വിശ്വാമിത്രനെക്കുറിച്ച് അറിഞ്ഞുകൊണ്ട് അതിന് വ്യക്തത വരുത്താനാണ് ചോദിക്കുന്നത്. അതേക്കുറിച്ച് മറ്റൊരു സന്ദര്‍ഭത്തില്‍ പറയുന്നതാണ് ഉചിതം എന്നു കരുതി വസിഷ്ഠന് മൗനം പാലിച്ചു.
വിശ്വാമിത്രന് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളോട് ഗുരുവിന് യോജിപ്പാണെങ്കിലും വിശ്വാമിത്രന്റെ മുന്നില്‍ അത് അംഗീകരിക്കാനുള്ള മടി വസിഷ്ഠനുണ്ടെന്ന് ആ നോട്ടത്തില്‍നിന്നും രാമന് ഊഹിച്ചു.
”ഗുരോ, സത്യസന്ധനും നീതിമാനുമായ ഹരിശ്ചന്ദ്രന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത് വിശ്വാമിത്രനാണെന്ന് അങ്ങ് പണ്ടൊരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു. വിശ്വാമിത്രന് ഹരിശ്ചന്ദ്രനോട് വെറുപ്പുണ്ടാകാന്‍ ഇടയായത് എന്തുകൊണ്ടാണ്?” മൗനംപൂണ്ടിരിക്കുന്ന ആചാര്യനോട് ലക്ഷ്മണന് ചോദിച്ചു.
ലക്ഷ്മണന്റെ ചോദ്യംകേട്ട് വസിഷ്ഠന് ദീര്‍ഘമായി നിശ്വസിച്ചു. തന്നോടു വിശ്വാമിത്രനുണ്ടായ വിദ്വേഷമാണ് ഹരിശ്ചന്ദ്രനിലേയ്ക്ക് വളര്‍ന്നതെന്ന് വസിഷ്ഠനറിയാം. അക്കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നത് വിശ്വാമിത്രനോടു കുമാരന്മാര്‍ക്കുള്ള ആദരവിന് ഭംഗം വരുമോ എന്ന് വസിഷ്ഠന് സംശയിച്ചു. ഹരിശ്ചന്ദ്രന്റെ സത്യസന്ധതയെ പരീക്ഷിക്കാനാണെങ്കിലും വിശ്വാമിത്രന് കാട്ടിയ ക്രൂരത മുനിമാര്‍ക്ക് യോജിക്കുന്നതായിരുന്നില്ല. എന്നാല്‍ അത് ഹരിശ്ചന്ദ്രന്റെ യശസ്സ് വര്‍ദ്ധിപ്പിക്കാനാണ് സഹായിച്ചത്. ആ സംഭവങ്ങള്‍ കുമാരന്മാരോട് എങ്ങനെ പറയും എന്നാണ് വസിഷ്ഠന് ആലോചിച്ചത്. സംവാദം നടന്നുകൊണ്ടിരിക്കുന്ന ഗ്രന്ഥപ്പുരയിലേയ്ക്ക് അവിചാരിതമായി അപ്പോള്‍ അയോദ്ധ്യയിലെ സന്ദേശവാഹകന് തിടുക്കത്തില്‍ കടന്നുവന്നു.
”മഹാരാജാവ് തിരുമനസ്സിനെ അടിയന്തിരമായി മുഖം കാണിക്കണമെന്ന് അറിയിച്ചിരിക്കുന്നു.” പരിചാരകന് ഉപചാരപൂര്‍വ്വം വസിഷ്ഠനെ വന്ദിച്ചുകൊണ്ട് പറഞ്ഞു.
കുമാരന്മാരോടാണോ, ആചാര്യനോടാണോ എന്ന് വ്യക്തമാക്കാതെ ഇരുകൂട്ടരെയും നോക്കിയാണ് സന്ദേശവാഹകന് പറഞ്ഞത്. രാജാവ് രാമനെയാണ് തിടുക്കത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നത്. ഭരതന് കേകയത്തേയ്ക്കു പോയതിനാല്‍ എന്തെങ്കിലും രാമനോടു മാത്രമായി ദശരഥന് പറയാന്‍ ആഗ്രഹിക്കുന്നുണ്ടാവുമെന്ന് വസിഷ്ഠന് ഊഹിച്ചു.
തന്റെ ചോദ്യത്തിന് ആചാര്യന് മറുപടി പറയുന്നതിനുമുമ്പ് സന്ദേശവാഹകന് വന്നതിലുള്ള അതൃപ്തി ലക്ഷ്മണന്റെ മുഖത്തുണ്ടായി. വിശ്വാമിത്രന്റെ ജീവിതകഥയില്‍ ലയിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ ഇത്തരം ഒരു സന്ദേശം ലഭിച്ചതിലുള്ള അസ്വസ്ഥത രാമന്റെ മുഖത്തും പ്രതിഫലിച്ചു. പിതാവിന്റെ കല്പന ലംഘിക്കുന്നത് രാമന് ആലോചിക്കാവുന്ന കാര്യമല്ല. കുമാരന്മാര് കൊട്ടാരത്തിലേയ്ക്കു പോകാനായി എഴുന്നേറ്റു.
”ദശരഥരാജന് പലവിധ കാരണങ്ങളാല്‍ അസ്വസ്ഥനാണെന്ന് നാം മനസ്സിലാക്കുന്നു. അദ്ദേഹത്തിന്റെ മനസ്സറിഞ്ഞ് യുക്തമായത് നിങ്ങള്‍ സ്വീകരിക്കുക. കുമാരന്റെ ചോദ്യത്തിന് നിശ്ചയമായും മറുപടി നല്‍കുന്നതാണ്.” വസിഷ്ഠന് ഇരുവരേയും നോക്കി പറഞ്ഞു.
കൊട്ടാരത്തില്‍ നടക്കുന്ന സംഭവവികാസങ്ങളെല്ലാം രാജഗുരു അറിയുന്നുണ്ടെന്ന് രാമന് മനസ്സിലായി. മുനിയുടെ അനുവാദത്തോടെ അവര്‍ അപ്പോള്‍ത്തന്നെ രാജകൊട്ടാരത്തിലേയ്ക്കു പുറപ്പെട്ടു. കുമാരന്മാര് പോയപ്പോള്‍ പലവിധ ചിന്തകളാണ് വസിഷ്ഠന്റെ മനസ്സിലൂടെ കടന്നുപോയത്.
വിശ്വാമിത്രനുമായി നടത്താന്‍ ഉദ്ദേശിക്കുന്ന കൂടിക്കാഴ്ചയെക്കുറിച്ചാണ് വസിഷ്ഠന് ആദ്യം ആലോചിച്ചത്. അയോദ്ധ്യയില്‍ നടക്കുന്ന അന്തര്‍ നാടകങ്ങളെക്കുറിച്ച് അറിയുമ്പോള്‍ എന്തായിരിക്കും വിശ്വാമിത്രന്റെ പ്രതികരണം? അയോദ്ധ്യയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്തത് രാജഗുരുവിന്റെ പോരായ്മയാണെന്നേ വിശ്വാമിത്രന് ചിന്തിക്കുകയുള്ളു. അയോദ്ധ്യയില്‍ അരങ്ങേറുന്ന സംഭവവികാസങ്ങള്‍ വിശ്വാമിത്രനും അറിയുന്നുണ്ടാവും. അതിനൊരു പ്രതിവിധി കാണേണ്ടത് ആചാര്യന്റെ കര്‍ത്തവ്യമാണ്. അതുകൊണ്ടാണ് വിശ്വാമിത്രനുമായി ഒരു കൂടിക്കാഴ്ച ആഗ്രഹിച്ചത്. തന്നെ ഇങ്ങോട്ടു വന്നു കാണാമെന്നു വിശ്വാമിത്രന് അറിയിച്ചത് ഒരു ശുഭ സൂചന തന്നെയാണ്.
(തുടരും)