Sunday, July 13, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home നോവൽ

വിശേഷവിദ്യകള്‍ സ്വീകരിച്ച് രാമന്‍ (വിശ്വാമിത്രന്‍ 34)

കെ.ജി.രഘുനാഥ്

Print Edition: 7 March 2025
വര: ഗിരീഷ്‌ മൂഴിപ്പാടം

വര: ഗിരീഷ്‌ മൂഴിപ്പാടം

വിശ്വാമിത്രന്‍ പരമ്പരയിലെ 48 ഭാഗങ്ങളില്‍ ഭാഗം 34
wp-content/uploads/2024/07/viswa-jpg.webp
വിശ്വാമിത്രന്‍
  • വസിഷ്ഠസന്ദേശം (വിശ്വാമിത്രന്‍ 1)
  • വസിഷ്ഠസല്‍ക്കാരം (വിശ്വാമിത്രന്‍ 2)
  • കാമധേനു ( വിശ്വാമിത്രന്‍ 3)
  • വിശേഷവിദ്യകള്‍ സ്വീകരിച്ച് രാമന്‍ (വിശ്വാമിത്രന്‍ 34)
  • ബ്രഹ്മര്‍ഷി (വിശ്വാമിത്രന്‍ 4)
  • വസിഷ്ഠചിന്ത (വിശ്വാമിത്രന്‍ 5)
  • കന്യാകുബ്ജം (വിശ്വാമിത്രന്‍ 6)

എന്തോ മഹത്തായ കാര്യമാണ് മുനി ചെയ്യാന്‍ പോകുന്നതെന്ന് മനസ്സിലാക്കി രാമന്‍ ഒന്നും പറഞ്ഞില്ല.  വിശ്വാമിത്രന്‍, രാമനെ അരികിലേയ്ക്കു വിളിച്ച് കോപത്തെ വെടിഞ്ഞു പുഞ്ചിരിച്ചുകൊണ്ട് തന്റെ ദേഹത്തോട് ചേര്‍ത്തുനിര്‍ത്തി. രാമന്‍ ഒന്നും പറയാതെ തല കുമ്പിട്ട് കൈകൂപ്പി മുനിയുടെ അടുത്തു നിന്നു. താടകയെ വധിക്കേണ്ടിവന്നതിലുള്ള ദു.ഖം രാമനില്‍നിന്നും പൂര്‍ണ്ണമായും ഒഴിഞ്ഞുമാറിയിട്ടില്ലെന്ന് മുനിക്ക് മനസ്സിലായി.

”രാമാ, ഞാന്‍ നേടിയ ശസ്ത്രാസ്ത്രാദി വിദ്യകളെല്ലാം നിനക്കു നല്‍കുമെന്ന്  ഞാന്‍ വാക്കു നല്‍കിയത് ഉടന്‍ പാലിക്കുന്നതാണ്.  ഏതൊരാളാണോ സത്യവും ന്യായവും സംരക്ഷിക്കാനായി ആയുധം എടുക്കാന്‍ തയ്യാറാകുന്നത് അവന്റെ കയ്യിലാണ് ശക്തമായ ആയുധം ഉണ്ടാവേണ്ടത്. അധര്‍മ്മത്തിനും അന്യായത്തിനുമെതിരെ സ്വന്തം ജീവന്‍പോലും ഉപേക്ഷിക്കാന്‍ തയ്യാറാകുന്നവന്റെ കയ്യിലാണ് ശക്തമായ ആയുധങ്ങള്‍ ഉണ്ടാവേണ്ടത്” വിശ്വാമിത്രന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
രാമന്‍ സന്തോഷത്തോടെ മുനിയെ നോക്കി. വിശ്വാമിത്രന്‍ ആര്‍ജ്ജിച്ച വിജ്ഞാനം മുഴുവന്‍ തനിക്ക് നല്‍കാന്‍ തയ്യാറാകുന്നു എന്നത് നിസ്സാരകാര്യമല്ല. വര്‍ഷങ്ങളുടെ കഠിനമായ സിദ്ധികൊണ്ട് നേടിയത് തനിക്കു നല്‍കാന്‍ തയ്യാറാകുന്നതുവഴി വലിയൊരു ചുമതലയാണ് തന്നെ മുനി ഏല്‍പ്പിക്കുന്നതെന്ന് രാമനറിയാം.

”ഞാന്‍ നല്‍കുന്ന വിദ്യകള്‍  നീ സന്തോഷത്തോടെ സ്വീകരിക്കുക” വിശ്വാമിത്രന്‍ പറഞ്ഞു.

”ക്ഷത്രിയന്മാര്‍ ന്യായത്തിനുവേണ്ടി മാത്രം ആയുധമെടുക്കേണ്ടവരാണ് എന്നാണോ അങ്ങ് വിശ്വസിക്കുന്നത്?” രാമന്‍ സംശയഭാവത്തില്‍ ചോദിച്ചു.
തനിക്ക് വിശേഷ ജ്ഞാനം ലഭിക്കുമ്പോള്‍ അത് എങ്ങനെയൊക്കെ വിനിയോഗിക്കണം എന്നറിയാനാണ് രാമന്‍ ശ്രമിച്ചത്. വിശ്വാമിത്രന്‍ രാമനെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.

”അവര്‍ അധികാരം നിലനിര്‍ത്താനായി ആയുധം കയ്യിലെടുക്കാറില്ലേ?” രാമന്‍ വീണ്ടും ചോദിച്ചു. ”നീ പറഞ്ഞത് ശരിയാണ്. എന്നാല്‍ അധികാരം ആര്‍ക്കുവേണ്ടിയാണ് നിലനിര്‍ത്തുന്നത്? സ്വന്തം കാര്യത്തിനോ, അതോ പ്രജകളുടെ താല്പര്യത്തിനോ?”
ആ ചോദ്യത്തില്‍ എല്ലാം അടങ്ങിയിരുന്നു. അതുകൊണ്ട് ഒരു വാദപ്രതിവാദത്തിന് രാമന്‍ തയ്യാറായില്ല. ശിഷ്യന്മാര്‍ ഒരുക്കിയ പ്രത്യേക സ്ഥലത്ത് വിശ്വമിത്രന്‍ ഉപവിഷ്ടനായി. ഒരു മഹാമുനിയില്‍നിന്നും തനിക്ക്  ലഭിക്കാന്‍ പോകുന്ന അമൂല്യമായ ജ്ഞാനത്തില്‍ സംതൃപ്തനായി സവിശേഷജ്ഞാനം  സ്വീകരിക്കാന്‍ സന്നദ്ധനായി രാമന്‍ ധ്യാനനിരതനായി മുനിയുടെ അടുത്തിരുന്നു.

അഭിമാനത്തോടെ പുഞ്ചിരിച്ച മുഖവുമായി ലക്ഷ്മണനും ജ്യേഷ്ഠന്റെ സമീപത്തിരുന്നു. ജ്യേഷ്ഠനു ലഭിക്കുന്ന വിശേഷവിദ്യകളില്‍ സന്തുഷ്ടനായിരിക്കുന്ന അനുജനെ രാമന്റെ കണ്ണുകള്‍  ഇടയ്ക്കിടെ തഴുകി കടന്നുപോയി.
”രാമാ, ധര്‍മ്മത്തെ നിലനിര്‍ത്താനും അധര്‍മ്മത്തെ നിഗ്രഹിക്കാനുമാണ് ഞാന്‍ ആര്‍ജ്ജിച്ച എല്ലാജ്ഞാനവും നിനക്കു നല്‍കുന്നത്. ഞാന്‍ തരുന്നതെല്ലാം സന്തോഷത്തോടെ നീ സ്വീകരിക്കുക.  ദണ്ഡചക്രം, ധര്‍മ്മചക്രം, വിഷ്ണുചക്രം, ഐന്ദ്രചക്രം,  വജ്രം, ശൈവശൂലം, ബ്രഹ്മശിരസ്സ്, ഐഷീകം, ബ്രഹ്മാസ്ത്രം എന്നീ വിശിഷ്ടാസ്ത്രങ്ങള്‍ ഞാനിതാ നിനക്ക് സമ്മാനിക്കുന്നു. മോദകി, ശിഖരീ എന്ന രണ്ടു ഗദകളും രണ്ടുവേലും നിനക്കു നല്‍കുന്നു. ശുഷ്‌കം, ആര്‍ദ്രം എന്നീ വിശിഷ്ട അശനികള്‍ വഹിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ നീയാണ്. ത്രൈലോക്യത്തെ ദഹിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഇത്. ഇന്ദ്രന്റെ കൈവശമുള്ള വജ്രായുധത്തിന് തുല്യമാണിത്. ഇതില്‍നിന്ന് വമിക്കുന്നത് മിന്നല്‍പ്പിണരുകളാണ്. ധര്‍മ്മപാശം, കാലപാശം, വരുണപാശം, വരുണാസ്ത്രം എന്നിവയും നീ സ്വീകരിക്കുക.  പൈനാകാസ്ത്രം, നാരായണാസ്ത്രം, ആഗ്നേയാസ്ത്രം, വായവ്യാസ്ത്രം, ക്രൗഞ്ചാസ്ത്രവും, കങ്കാളം, ഘോരമുസലം, കാപാലം, കിങ്കിണീ തുടങ്ങിയ അസ്ത്രങ്ങളും  മായാവികളായ രാക്ഷസരെ നിഗ്രഹിക്കുന്നതിന് ഉത്തമമയായിട്ടുള്ള അസ്ത്രവും നിനക്ക് ഞാനിതാ നല്‍കുന്നു. ഇതെല്ലാം നീ സന്തോഷത്തോടെ സ്വീകരിച്ചാലും.”
രാമന്‍ മുനിയെ നമിച്ചതിനുശേഷം, നല്‍കിയ എല്ലാ ആയുധങ്ങളും സ്വീകരിച്ച് ധ്യാനനിരതനായി നിന്നു.

”വൈദ്യാധരം, നന്ദനം എന്നീ അസ്ത്രങ്ങളും പ്രസ്വാപനം, പ്രശമനം, സൗമ്യം, വര്‍ഷണം, ശോഷണം, സന്താപനം, വിലാപനം, മാദനം, ഗന്ധര്‍വ്വാസ്ത്രം, മാനവാസ്ത്രം, പൈശാചാസ്ത്രം എന്നീ അസ്ത്രങ്ങളും ഞാന്‍ ഇപ്പോള്‍ത്തന്നെ നല്‍കുന്നതാണ്. താമസം, സൗമനം, സംവര്‍ത്തം, മൗസലം, സത്യാസ്ത്രം, മായാമയം, സൗരാസ്ത്രം, സോമാസ്ത്രം, ത്വാഷ്ട്രാസ്ത്രം, ഭഗാസ്ത്രം, മാനവാസ്ത്രം എന്നീ വിശേഷപ്പെട്ട അസ്ത്രങ്ങളും അല്ലോയോ രാമാ നീ സ്വീകരിച്ചാലും.”

വിശ്വാമിത്രന്‍ താന്‍ നേടിയ ദിവ്യാസ്ത്രങ്ങളും ജ്ഞാനവും എല്ലാ ആയുധങ്ങളും വേണ്ടവിധം പ്രയോഗിക്കാനുള്ള മന്ത്രവിദ്യയും രാമന് പകര്‍ന്നു നല്‍കിയപ്പോള്‍, സര്‍വ്വ ദേവകളെയും മാതാവിനേയും പിതാവിനെയും ഗുരുക്കന്മാരെയും മനസ്സില്‍ പ്രാര്‍ത്ഥിച്ച്   കൈകൂപ്പി കിഴക്കെദിക്കിനെ നോക്കി സര്‍വ്വ വിദ്യയും സര്‍വ്വ ആയുധങ്ങളും രാമന്‍ സ്വീകരിച്ചു. വിശ്വാമിത്രന്‍ മന്ത്രങ്ങള്‍ ഓരോന്നായി ജപിച്ചപ്പോള്‍ അസ്ത്രങ്ങള്‍ ഓരോന്നായി രാമന്റെ സമീപമെത്തി രാമനെ വണങ്ങി.
”നിങ്ങളെല്ലാം ഇപ്പോള്‍ എന്റെ മനസ്സില്‍ വാണാലും.” പ്രാര്‍ത്ഥനാപൂര്‍വ്വം വിശ്വാമിത്രന്‍ നല്‍കിയ ആയുധവും ആയുധവിദ്യകളും വിനയത്തോടെ സ്വീകരിച്ചുകൊണ്ട് രാമന്‍ പറഞ്ഞു.
ശിഷ്യന്‍ ഗുരുവിനെ എന്നപോലെ രാമനെ വിശ്വാമിത്രന്‍ വന്ദിച്ചതുകണ്ടപ്പോള്‍ ലക്ഷ്മണന്‍ ആശ്ചര്യത്തോടെ ആ രംഗത്തിന് സാക്ഷിയായി.

”വിശേഷപ്പെട്ട ശത്രാസ്ത്രങ്ങള്‍ നല്‍കിയതുവഴി  അങ്ങ് എന്നെ ദേവന്മാര്‍ക്കു തുല്യനാക്കി. എന്നാല്‍ ഈ അസ്ത്രങ്ങളെ സംഹരിക്കാനുള്ള വിദ്യകൂടി എനിക്ക് നല്‍കണം” രാമന്‍ വിനീതഭാവത്തില്‍ തൊഴുതുകൊണ്ട് പറഞ്ഞു.
”ഉത്തമമായ കാര്യം തന്നെയാണ് നീ എന്നില്‍നിന്ന് അറിയാന്‍ ആഗ്രഹിക്കുന്നത്. പ്രയോഗിക്കുന്നവന് അതിനെ അടക്കാനും ഒതുക്കാനും കഴിയണം. അതിനാല്‍ ഞാന്‍ അതും നിനക്ക് ഇപ്പോള്‍ത്തന്നെ നല്‍കുന്നതാണ്.”
വിശ്വാമിത്രന്‍ ധ്യാനനിരതനായി ഇരുന്നശേഷം താന്‍ നല്‍കിയ അസ്ത്രങ്ങളെയും ശസ്ത്രങ്ങളെയും നിഗ്രഹിക്കാനുള്ള വിദ്യകൂടി രാമനു ഒന്നൊന്നായി പകര്‍ന്നു.

”രാമാ, സത്യവത്, സത്യകീര്‍ത്തി, ധൃഷ്ടം, രസഭം, പ്രതിഹാരതരം, പരാങ്മുഖം, അവാങ്മുഖം, ലക്ഷ്യം, അലക്ഷ്യം, ദോഢനാഭം, സുനാഭകം, ദശാക്ഷം, ശതവക്ത്രം, ദശശീര്‍ഷം, ശതോദരം, പത്മനാഭം, ദുന്ദനാഭം, സ്വനാഭകം, ജ്യോതിഷം, ശകുനം, നൈരാശ്യം, വിമലം, യൗഗന്ധരം, വിനിദ്രം, ദൈത്യം, പ്രമഥനം,ശുചിബാഹു, നിഷ്‌കലി, വിരുചം, സാര്‍ചിമാലി, ധോതിമാലി, വൃത്തിമാന്‍, രുചിരം, പിത്ര്യം സൗമനസ്യം, വിധൂതം, മകരം, പരവീരം, രിത, ധനം, ധാന്യം, കാമരൂപം, കാമരൂപി, മോഹം, ആവരണം, ജൃംഭകം, സര്‍പനാദം, പന്ഥാനം, വരുണം എന്നീ കാമരൂപികളും ഭാസ്വരങ്ങളും കൃശാശ്വ തനയരുമായ ഇവയെല്ലാം നീ  സ്വീകരിച്ചാലും” വിശ്വാമിത്രന്‍ പറഞ്ഞു.

”എനിക്കും എന്റെ കുലത്തിനും മാനവകുലത്തിനും ത്രിലോക നന്മയ്ക്കുമായി ഈ വിശിഷ്ടങ്ങളായ എല്ലാ ജ്ഞാനവും ഞാന്‍ അങ്ങയില്‍നിന്ന് ആദരവോടെ സ്വീകരിക്കുന്നു” രാമന്‍ കൈകൂപ്പി വണങ്ങിക്കൊണ്ട് പറഞ്ഞു.
അഗ്നിയെപ്പോലെ ജ്വലിക്കുന്നവരും ദിവ്യരൂപമുള്ളവരുമായ എല്ലാ വിദ്യകളും തന്റെ മുന്നില്‍വന്ന് എന്താണ് വേണ്ടത് എന്ന ഭാവത്തില്‍ കൈകൂപ്പിനില്‍ക്കുന്നതുപോലെ രാമനു തോന്നി. ‘നിങ്ങള്‍ എന്റെ മനസ്സില്‍ വസിച്ച് വേണ്ടസമയത്ത് എന്നെ തുണയ്ക്കുക’ തന്റെ ശക്തി വര്‍ദ്ധിപ്പിക്കാനായി വിനീതഭാവത്തില്‍ നില്‍ക്കുന്ന എല്ലാ വിദ്യകളോടും  വിനയത്തോടെ രാമന്‍ മനസ്സാ അപേക്ഷിച്ചു.

”രാമാ, ഞാന്‍ ആര്‍ജ്ജിച്ച ഈ വിദ്യകളൊക്കെ ഗ്രഹിക്കാന്‍ കരുത്തും ഉത്തമ ഗുണങ്ങളുമുള്ള ഒരു ശിഷ്യനേയും എനിക്ക് ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതെല്ലാം സ്വീകരിക്കാന്‍ നീ പ്രാപ്തനാണെന്ന് ആദ്യ കൂടിക്കാഴ്ചയില്‍ത്തന്നെ ഞാന്‍ മനസ്സിലാക്കിയിരുന്നു. താടകയെ വധിച്ചതിലൂടെ എനിക്കത് നേരിട്ട് ബോധ്യമായി. അതിനാല്‍ നീ ഇപ്പോള്‍ മുതല്‍ എന്റെ ഉത്തമനായ ശിഷ്യനായിത്തീര്‍ന്നിരിക്കുന്നു” വിശ്വാമിത്രന്‍ രാമന്റെ ശിരസ്സില്‍ കൈവച്ച് അനുഗ്രഹിച്ചു.
വിശ്വാമിത്രന്റെ പാദങ്ങളില്‍ നമസ്‌ക്കരിച്ചുകൊണ്ട് പ്രാര്‍ത്ഥനാനിരതനായ രാമന്‍   സര്‍വ്വഗുരുക്കന്മാര്‍ക്കും മനസ്സാ നന്ദിപറഞ്ഞു. ഈ വിദ്യകളൊക്കെ നല്‍കാനാണ് മുനി തന്നെ കൂട്ടിക്കൊണ്ടുവന്നതെന്നു അപ്പോള്‍ രാമന് ബോധ്യപ്പെട്ടു.
***
വിദ്യാദാന ചടങ്ങും ആയുധസ്വീകരണവും കഴിഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ജ്യേഷ്ഠനെ നോക്കിയപ്പോള്‍ ജ്യേഷ്ഠനോടുള്ള സ്‌നേഹം, ഭക്തിയായി പരിണമിക്കുന്നതുപോലെ ലക്ഷ്മണനു തോന്നി. തനിക്കു ലഭിച്ച ദിവ്യ ജ്ഞാനത്തില്‍ സന്തുഷ്ടനായ രാമന്‍  ലക്ഷ്മണനെ  ആലിംഗനംചെയ്തു.  ജ്യേഷ്ഠനു ലഭിച്ച ആയുധങ്ങളും വിദ്യകളും  തനിക്കുകൂടി പ്രാപ്യമായതുപോലെ ലക്ഷ്മണന് അനുഭവപ്പെട്ടു. ദീര്‍ഘകാലംകൊണ്ടു ആര്‍ജ്ജിക്കാന്‍ കഴിയുന്ന വിദ്യകള്‍  ഒരു ദിവസംകൊണ്ട് ജ്യേഷ്ഠന് ലഭിച്ചതിലുള്ള സന്തോഷത്താല്‍ പരിസരബോധം മറന്ന് ലക്ഷ്മണന്‍ ജേ്യഷ്ഠനെ ഗാഢഗാഢം പുണര്‍ന്നു.
”രാമാ, ഇനിയും നമ്മള്‍ ഇവിടെ അധികസമയം നില്‍ക്കാന്‍ പാടില്ല.  ഇപ്പോള്‍ത്തന്നെ യാത്ര തുടരുകയാണ്” വിശ്വാമിത്രന്‍ പറഞ്ഞു.

ഒരു മഹത്തായ ചടങ്ങാണ് നടന്നത് എന്ന ഭാവമില്ലാതെ  വനവാസികളായ ശിഷ്യരെ മുന്നെ നടത്തി വിശ്വാമിത്രന്‍ അവരുടെ പിന്നാലെ നടന്നു.  കാട്ടിലൂടെ വിശ്വാമിത്രനു പിന്നാലെ  നടക്കുമ്പോള്‍ രാമന്റെ മനസ്സ് പലവിധ ചിന്തകള്‍കൊണ്ട് നിറഞ്ഞിരുന്നു. അവര്‍ സഞ്ചരിക്കുന്ന ഒറ്റയടിപ്പാതയില്‍ സ്ഥിരമായി ആളുകള്‍ സഞ്ചരിക്കുന്നതിന്റെ ലക്ഷണം രാമന്‍ കണ്ടു. മരങ്ങളില്‍നിന്നു വീണ കരിയിലകള്‍ പാതയില്‍ പൊടിഞ്ഞമര്‍ന്നിരുന്നു.

മുന്നില്‍ നടക്കുന്ന ശിഷ്യന്മാര്‍ വേഗത്തില്‍ നടന്നു. സന്ധ്യക്കുമുമ്പ് ഏതോ ലക്ഷ്യത്തില്‍ എത്തിച്ചേരേണ്ടതുണ്ടെന്ന് വ്യക്തമായി.  എവിടേയ്ക്കാണ് പോകുന്നത് എന്ന ചിന്ത രാമനെ അലട്ടിയില്ല.  കാട്ടിലൂടെയുള്ള യാത്രയ്ക്ക് കൃത്യമായ രൂപരേഖ മുന്‍കൂട്ടി തയ്യാറാക്കിയിട്ടുണ്ടാവണം.
ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന വന്‍മരങ്ങളുടെ മുകളില്‍ സൈ്വരവിഹാരം നടത്തുന്ന വാനരസംഘങ്ങള്‍ സവിശേഷമായ ശബ്ദം പുറപ്പെടുവിച്ച് അവരെ സ്വാഗതം ചെയ്തു. അവരുടെ യാത്രയ്ക്ക് തടസ്സമുണ്ടാക്കാതെ വന്യമൃഗങ്ങള്‍പോലും വഴിമാറി സഞ്ചരിച്ചു.  അതുവരെ കേട്ടിട്ടില്ലാത്ത പക്ഷികളുടെ പാട്ടു കേട്ടപ്പോള്‍ രാമന്‍ ചുറ്റുപാടും നോക്കി.  മരങ്ങളുടെ ഇടയിലൂടെ കടന്നുവരുന്ന സൂര്യപ്രകാശത്തിന് ശക്തി കുറഞ്ഞു കുറഞ്ഞുവന്നു.

”ഗുരോ, ഈ ഭൂപ്രകൃതി അത്യന്തം ആഹ്ലാദമുണ്ടാക്കുന്നു. ഇത് ഏത് വനഭൂവാണെന്ന് പറഞ്ഞാലും.” നാനാവിധത്തിലുള്ള പക്ഷികളുടെ കൂജനത്താലും വിവിധ തരത്തിലുള്ള മൃഗങ്ങളുടെ വിഹാരരംഗത്താലും മനോഹരമായ വനഭൂമി കണ്ടപ്പോള്‍ ആ വനപ്രദേശം ഏതാണെന്നറിയാനുള്ള കൗതുകത്താല്‍ ലക്ഷ്മണന്‍ ചോദിച്ചു.

”മഹാവിഷ്ണു വാമനമൂര്‍ത്തിയായി വന്ന് അഷ്‌ടൈശ്വര്യം നേടിയത് എവിടെ വച്ചാണെന്ന് കുമാരന് കേട്ടിട്ടില്ലേ?” വിശ്വാമിത്രന്‍ ചോദിച്ചു.
”അവിെടത്തന്നെയല്ലേ അങ്ങയുടെ പ്രശസ്തമായ സിദ്ധാശ്രമം നിലകൊള്ളുന്നത്..?” രാമന്‍ സംശയഭാവത്തില്‍ ചോദിച്ചു. മഹാബലിയെ പാതാള ചക്രവര്‍ത്തിയായി വാഴിച്ചശേഷം വാമനമൂര്‍ത്തി തപസ്സുചെയ്ത് പവിത്രമാക്കിയ പുണ്യഭൂമിയിലാണ് വിശ്വാമിത്രന്റെ ആശ്രമം നിലകൊള്ളുന്നതെന്ന് രാമനറിയാം.
”അതെ, സന്ധ്യയ്ക്കുമുമ്പ് നമ്മള്‍ സിദ്ധാശ്രമത്തില്‍ എത്തുന്നതാണ്.  ആ കാണുന്ന വന്‍ മരത്തിന്റെ ചുവട്ടില്‍ അല്പനേരം വിശ്രമിക്കാം” വിശ്വാമിത്രന്‍ അകലെകണ്ട വലിയ വൃക്ഷത്തെ ചൂണ്ടി പറഞ്ഞു.
വിശപ്പും ക്ഷീണവും അവര്‍ക്ക് തെല്ലും അനുഭവപ്പെട്ടില്ല.  മുനിയോട് വിശ്രമിക്കാനിരിക്കുമ്പോള്‍ സംശയങ്ങള്‍ ചോദിക്കുന്നതാണ് ഉചിതമെന്ന് കരുതി രാമന്‍ മൗനമായാണ് നടന്നത്. എന്നാല്‍ ആ മൗനം ലക്ഷ്മണന്‍ ഭേദിച്ചു.
”വാമനമൂര്‍ത്തി നേടിയ അഷ്‌ടൈശ്വര്യങ്ങളുടെ പ്രത്യേകത എന്താണ് ഗുരോ?”

വസിഷ്ഠഗുരുവില്‍നിന്ന് അതൊക്കെ മനസ്സിലാക്കിയിട്ടും  വീണ്ടും ചോദിച്ചത് എന്തിനെന്ന ഭാവത്തില്‍ രാമന്‍ അനുജനെ നോക്കി. വിശ്വാമിത്രന്‍ അതിന് മറുപടി പറയാതെ മറ്റേതോ ആലോചനയില്‍ മുഴുകിയാണ് നടന്നത്.
ശിഷ്യന്മാരുടെ വിശ്രമത്തിന് മുനി പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. യാത്രയില്‍ ഇടയ്ക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കിയ മട്ടില്‍ പല വൃക്ഷച്ചുവടുകളും മുന്‍കൂട്ടി ക്രമീകരിച്ചതാണ്. ചില വൃക്ഷച്ചുവട്ടില്‍ കല്ലുകള്‍ അടുക്കിവച്ച താല്ക്കാലിക ഇരിപ്പിടവും ഉണ്ട്.
വൃക്ഷച്ചുവട്ടില്‍ എത്തിയതും ശിഷ്യന്മാര്‍ ചുറ്റുപാടം നന്നായി വീക്ഷിച്ചശേഷം നിലത്തിരുന്നു.  വലിയ വലിയ കല്ലുകള്‍ അവിടവിടെ ചിതറികിടക്കുന്നുണ്ട്. ആ കല്ലില്‍ ഒന്നില്‍ വിശ്വാമിത്രന്‍ ഇരുന്നു. തൊട്ടടുത്തു  രാമനും ലക്ഷ്മണനും ഇരുന്നു. മുനിയുടെ ഇരിപ്പു കണ്ടപ്പോള്‍ നേരത്തെ ലക്ഷ്ണന്‍ ചോദിച്ച ചോദ്യത്തിന് മറുപടി ഉടന്‍ ഉണ്ടാകുമെന്ന് ഉറപ്പായി.

”കുമാരാ, യോഗസിദ്ധികൊണ്ട് ലഭിക്കുന്ന അമാനുഷിക പ്രഭാവങ്ങളാണ് അഷ്‌ടൈശ്വര്യം. അണിമാവ്, മഹിമാവ്, ലഘിമാവ്, ഗരിമാവ്, പിന്നെ ഈശത്വം, വശിത്വം, പ്രാപ്തി, പ്രാകാശ്യം എന്നിവയാണ് ആ എട്ട് ഐശ്വര്യങ്ങള്‍” വിശ്വാമിത്രന്‍ ലക്ഷ്മണനെ നോക്കി പറഞ്ഞു.
ഗുരു പറഞ്ഞത് മനസ്സിലാകാത്ത മട്ടില്‍ ലക്ഷ്മണന്‍ മുനിയെ നോക്കി.

”വിശദീകരിച്ചു പറയാം. അണിമാവ് എന്നു പറഞ്ഞാല്‍ അണുത്വം. അതിസൂക്ഷ്മഭാവം. ചെറുതാകണമെന്നു തോന്നിയാല്‍ ചെറുതാകാനുള്ള സിദ്ധി. മഹിമാവ് എന്നു പറഞ്ഞാല്‍ ഇഷ്ടാനുസരണം രൂപം വലുതാക്കാനുള്ള സിദ്ധിയാണ്. ലഘിമാവ്, എന്നത് ശരീരം തുലോം ചെറുതാക്കാനോ, ഭാരമില്ലാതാക്കാനോ, സൗന്ദര്യമുള്ളതാക്കാനോ, കഴിയുന്ന സിദ്ധിയാണ്. ഗരിമാവ് എന്ന സിദ്ധിയിലൂടെ ഭാരം എത്രവേണമെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും.  ഈശത്വം ഈശ്വരന്റെ ഭാവം തന്നെ. വശിത്വം ആരേയും തന്നിഷ്ടപ്രകാരം സ്വാധീനിക്കാനുള്ള ശേഷിയാണ്. പ്രാപ്തി എന്ന ഏഴാമത്തെ സിദ്ധി, എന്തിനെയും പ്രാപിക്കാനോ സ്വീകരിക്കാനോ ഉള്ള ശക്തിയാണ്. തികച്ചും  ദുര്‍ഗ്രഹമായതിനെയും സ്വീകരിക്കാന്‍ കഴിയും. ചന്ദ്രനെപ്പോലും കൈകള്‍കൊണ്ട് പിടിക്കാന്‍ പ്രാപ്തി എന്ന സിദ്ധികൊണ്ട് കഴിയുന്നതാണ്. എട്ടാമത്തെ സിദ്ധി പ്രാകാശ്യമാണ്. എപ്പോള്‍ എവിടെ പ്രത്യക്ഷപ്പെടണമെന്ന് തോന്നുന്നുവോ അവിടെ പ്രത്യക്ഷമായി പ്രകാശിക്കുക എന്ന ഈ സിദ്ധി വളരെ വിശേഷപ്പെട്ടതാണ് ” വിശ്വാമിത്രന്‍ പറഞ്ഞു.

”അഷ്‌ടൈശ്വര്യസിദ്ധി നേടുന്നത് അപ്പോള്‍ സര്‍വ്വതും നേടുന്നതിന് തുല്യമല്ലേ ഗുരോ..?” ലക്ഷ്മണന്‍ ആശ്ചര്യത്തോടെ ചോദിച്ചു.
”അതെ. വാമനമൂര്‍ത്തി എന്തിനാണ് ഭൂമിയില്‍ വന്നുപിറന്നത് എന്നറിയുമ്പോഴേ അഷ്‌ടൈശ്വര്യങ്ങളുടെ മഹത്വം മനസ്സിലാകൂ” വിശ്വാമിത്രന്‍ പറഞ്ഞു. മഹാവിഷ്ണു വാമനരൂപത്തില്‍ അദിതിയുടെ പുത്രനായി ഭൂമിയില്‍ വന്നു പിറക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വസിഷ്ഠനില്‍നിന്നും അറിഞ്ഞിട്ടുണ്ട്.  മുനി ആ കഥയാണ് പറയാന്‍ തുടങ്ങിയത്.

Series Navigation<< സന്തുഷ്ടരായ കാനനവാസികള്‍ (വിശ്വാമിത്രന്‍ 33)വാമനന്‍ (വിശ്വാമിത്രന്‍ 35) >>
Tags: വിശ്വാമിത്രന്‍
ShareTweetSendShare

Related Posts

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

രാമനെ വരണമാല്യം ചാര്‍ത്തി സീത

വര: ഗിരീഷ്‌ മൂഴിപ്പാടം

മഹാദേവന്റെ ദിവ്യധനുസ്സ് (വിശ്വാമിത്രന്‍ 48)

മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 45)

വര: ഗിരീഷ്‌ മൂഴിപ്പാടം

അഹല്യ (വിശ്വാമിത്രൻ 44)

വര: ഗിരീഷ്‌ മൂഴിപ്പാടം

കുറ്റബോധത്തോടെ വിശ്വാമിത്രൻ (വിശ്വാമിത്രൻ 43)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies