സി.പി.എം.ഏറെ കൊട്ടിഘോഷിക്കുന്ന ഭൂപരിഷ്‌ക്കരണബില്‍ ആദ്യമായി കൊണ്ടുവന്നത് തിരുവിതാംകൂര്‍ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയുടെ കാലത്തായിരുന്നു. ആ ബില്ലിനെതിരെ വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പട്ടം താണുപിള്ളയ്ക്ക് രാജി വെയ്‌ക്കേണ്ടിവന്നു. ആദ്യത്തെ ഇ.എം.എസ്.മന്ത്രിസഭയിലെ റവന്യൂ വകുപ്പ്മന്ത്രി കെ.ആര്‍.ഗൗരിയമ്മ ‘കാര്‍ഷികബന്ധ ബില്‍’ നിയമസഭയില്‍ അവതരിപ്പിച്ചു പാസ്സാക്കി. ഈ ബില്ലിലെ പല വകുപ്പുകളും ഭരണഘടനാ വിരുദ്ധമായിരുന്നു. അതുകൊണ്ട്; ഇന്ത്യന്‍ പ്രസിഡന്റ് പലതിലും ഭേദഗതി നിര്‍ദ്ദേശിച്ച് ബില്‍ തിരിച്ചയച്ചു. 1959 ല്‍ കേരള നിയമസഭ പാസ്സാക്കിയ ‘കാര്‍ഷികബന്ധ ബില്ലിനെ’ നഖശിഖാന്തം വിമര്‍ശിച്ചുകൊണ്ട് സുപ്രീംകോടതി അത് പൂര്‍ണ്ണമായും റദ്ദാക്കി.
1963 ല്‍ ലാന്‍ഡ് റീ-ഫാംബില്‍ ആര്‍.ശങ്കറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിയമസഭയില്‍ പാസ്സാക്കി. ഈ നിയമവും സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാതിരിക്കാനായി, ആര്‍. ശങ്കര്‍ കേന്ദ്രസര്‍ക്കാരില്‍ സമര്‍ദ്ദം ചെലുത്തി ഈ ഭൂപരിഷ്‌ക്കരണ നിയമത്തെ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി. ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞാല്‍ കോടതിയില്‍ ഈ നിയമത്തെ ചോദ്യം ചെയ്യാന്‍ പാടുള്ളതല്ല. അങ്ങനെ ആദ്യം ഭൂപരിഷ്‌ക്കരണബില്‍ പാസ്സാക്കി, നിയമമാക്കിയത് ആര്‍.ശങ്കറാണെന്നതാണ് ചരിത്രസത്യം. ഈ സത്യത്തെ തമസ്‌ക്കരിച്ചുകൊണ്ടാണ് സി.പി.എം അവകാശം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.
1967 ല്‍ ഭൂപരിഷ്‌ക്കരണ നിയമഭേദഗതി ബില്‍ രണ്ടാം ഇ.എം.എസ് സര്‍ക്കാര്‍ പാസ്സാക്കി. നിയമം മാത്രം പാസ്സാക്കിയാല്‍ അത് നടപ്പിലാക്കാനാകില്ലല്ലോ? നിയമം നടപ്പിലാക്കാനുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും ഉണ്ടാക്കുന്നതിനിടയില്‍ മന്ത്രിസഭ നിലംപൊത്തി. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഭൂപരിഷ്‌ക്കരണം ഒരു ഘട്ടത്തിലും നടപ്പിലാക്കിയിട്ടില്ലായെന്നതാണ് ചരിത്ര വസ്തുത. 1970 മുതല്‍ 77 വരെ അച്യുതമേനോന്‍ മുഖ്യമന്ത്രിയും ബേബിജോണ്‍ റവന്യൂ വകുപ്പ്മന്ത്രിയുമായിരുന്ന കാലഘട്ടത്തിലാണ് നാം ഇന്നറിയുന്ന ഭൂപരിഷ്‌ക്കരണ നിയമം പൂര്‍ണ്ണമായും നടപ്പിലാക്കിയത്. ഭൂപരിഷ്‌ക്കരണം നടപ്പിലാക്കിയതിനെക്കുറിച്ച് ഊറ്റംകൊള്ളാന്‍ സി.പി.ഐക്കും ആര്‍.എസ്.പിക്കുമാണ് അവകാശമുള്ളത്. അന്ന് കോണ്‍ഗ്രസും മുസ്ലീംലീഗും ഭരണത്തില്‍ പങ്കാളികളായിരുന്നു. അവുക്കാര്‍കുട്ടി നഹയെപ്പോലുള്ള ലീഗിലെ ചില നേതാക്കള്‍ക്ക് ഭൂപരിഷ്‌ക്കരണത്തിലൂടെ നഷ്ടമുണ്ടാകുമെന്ന് ഉറപ്പായിട്ടും അവര്‍ ഈ നിയമം നടപ്പിലാക്കാന്‍ സമ്മതിച്ചു. ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരനും ഭൂപരിഷ്‌ക്കരണത്തോടൊപ്പം നിന്നു. കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള അച്യുതമേനോന്‍ സര്‍ക്കാരാണ് ഭൂപരിഷ്‌ക്കരണം നടപ്പിലാക്കിയത്.
അച്യുതമേനോന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂപരിഷ്‌ക്കരണ നിയമത്തിലേക്ക് വരാം. തോട്ടം മേഖലയെ ഭൂപരിഷ്‌ക്കരണനിയമത്തില്‍ നിന്ന് ഒഴിവാക്കി. അങ്ങനെ ഹാരിസണ്‍ പോലുള്ള കമ്പനികളുടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി, ഭൂപരിഷ്‌ക്കരണ നിയമത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടു. ജന്മിമാര്‍ അവരുടെ ഭൂമിയില്‍ കൃഷി ചെയ്തിരുന്നില്ല. ഇവര്‍ ഭൂമി പാട്ടത്തിനു നല്‍കുകയായിരുന്നു പതിവ്. പാട്ടത്തിനു ഭൂമി ഏറ്റെടുത്തിരുന്നത് ഇടത്തട്ടുകാരായിരുന്നു. എന്നാല്‍, അവര്‍ ഈ ഭൂമിയില്‍ പണിയെടുത്തിരുന്നില്ല. ഇതില്‍ പണിയെടുത്തിരുന്നത് ദളിത് സമൂഹമാണ്. ഭൂപരിഷ്‌ക്കരണ നിയമപ്രകാരം കൃഷിഭൂമിയുടെ അവകാശം നല്‍കിയത് അവിടെ അധ്വാനിച്ചിരുന്ന ദളിതര്‍ക്കായിരുന്നില്ല, പാട്ടത്തിന് ഭൂമി എടുത്തവര്‍ക്കായിരുന്നു. അങ്ങനെ ആ ഭൂമിയില്‍ അധ്വാനിച്ചിരുന്ന പട്ടികജാതി, പട്ടിക വര്‍ഗ്ഗം ഭൂമിയുടെ അവകാശത്തില്‍ നിന്നും വെളിയിലായി. ”നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും” എന്ന പാട്ടിന്റെ വരികള്‍ നിരര്‍ത്ഥകങ്ങളായി.
പിന്നീട്, പൊതുവില്‍ അനുവദിച്ചത് കുടികിടപ്പ് അവകാശം മാത്രമായി. പഞ്ചായത്തുകളില്‍ 10 സെന്റും മുന്‍സിപ്പാലിറ്റികളില്‍ 5 സെന്റും കോര്‍പ്പറേഷനുകളില്‍ 3 സെന്റും പരമാവധി അനുവദിക്കാനാണ് നിഷ്‌കര്‍ഷിച്ചിരുന്നത്. എന്നാല്‍, കുടികിടപ്പുകാര്‍ക്ക് പരമാവധി കിട്ടിയത് 2 സെന്റ് മുതല്‍ 5 സെന്റ് വരെയാണ്. ഇതില്‍ ദളിതര്‍ക്ക് കിട്ടിയ ഭൂമികളൊന്നും ഇന്ന് ഈ വിഭാഗക്കാരുടെ കൈകളില്‍ ഇല്ല. ഇവരെ ഈ ഭൂമിയില്‍ തന്നെ സംരക്ഷിച്ചു നിര്‍ത്താനുള്ളൊരു പദ്ധതിയും ആവിഷ്‌ക്കരിച്ചിരുന്നില്ല. അടകുടിയായി കിട്ടിയ ഭൂമിയുടെ ഇന്നത്തെ സ്ഥിതിയെക്കുറിച്ച് ഒരു പഠനം ആവശ്യമുണ്ട്. പ്രത്യേകിച്ചും ദളിതര്‍ക്ക് കിട്ടിയ കുടികിടപ്പ് ഭൂമിയെക്കുറിച്ച്.
ദളിതര്‍ക്ക് കിട്ടിയ ഭൂമി, വസ്തു ഉടമയ്ക്കു തന്നെ തുച്ഛമായ വിലയ്ക്ക് കൈമാറിക്കൊണ്ട് സര്‍ക്കാര്‍ ഒരുക്കിയ കോളനികളിലേക്കും, കായല്‍ പുറമ്പോക്കുകളിലേക്കും, മൊട്ടക്കുന്നുകളായി കിടന്ന പുറമ്പോക്കുകളിലേക്കും ചേക്കേറി. അടിയാളരായിട്ടെങ്കിലും പൊതുസമൂഹവുമായി ഇഴുകിച്ചേര്‍ന്ന് ജീവിച്ചിരുന്നവരെ കോളനികള്‍ സൃഷ്ടിച്ച് ഒതുക്കി. ഇവരെ ആദ്യ കാലഘട്ടങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കുവേണ്ടി അടിക്കാനും വെട്ടാനും ഇവരെ ഉപയോഗിച്ചുകൊണ്ടിരുന്നു. ഇവരില്‍ ചിലര്‍ ഗുണ്ടാസംഘങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കാലാന്തരത്തില്‍, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവിടേയ്ക്ക് കടന്നുചെന്നു. ഇന്ന് കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ നിലനിന്നിരുന്ന ദളിത് വോട്ട് ബാങ്ക് അവിടങ്ങളില്‍ തകര്‍ന്നിരിക്കുന്നു.
സമൂഹത്തിനുണ്ടായ മാറ്റങ്ങള്‍ക്കൊപ്പം മുന്നേറാന്‍ ഈ വിഭാഗത്തിനു കഴിഞ്ഞില്ല. ഗള്‍ഫു നാടുകളിലേക്കും, മറ്റ് വിദേശങ്ങളിലേക്കും ജോലിക്കായി പോയവര്‍ തുലോം വിരളമാണ്. ഇതിന് പ്രധാന കാരണം ഇവരെ പൊതുസമൂഹത്തില്‍ നിന്നും കോളനികളിലേക്ക്, സര്‍ക്കാര്‍ ഒതുക്കിയതുകൊണ്ടാണെന്നു കരുതാം. ചുരുക്കത്തില്‍ സമൂഹത്തെ കബളിപ്പിക്കാന്‍ സി.പി.എമ്മിന്റെ ഒരു വലിയ തള്ളല്‍ മാത്രമാണ് ഭൂപരിഷ്‌ക്കരണം. ഭൂപരിഷ്‌ക്കരണത്തില്‍ കാര്യമായൊരു പങ്കും സി.പി.എമ്മിന് ഇല്ലെന്ന് മുകളിലേ നാള്‍വഴികളില്‍ നിന്നും വ്യക്തമാണല്ലോ? കേരളത്തിലെ പാര്‍ട്ടിയുടെ സംഘടനാശക്തി നിലനില്‍ക്കുന്നത് ഇത്തരം നുണ പ്രചരണങ്ങളില്‍ ഊന്നിയാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലുമാണ് നവോത്ഥാന നായകന്മാരായ ചട്ടമ്പിസ്വാമി, ശ്രീനാരായണ ഗുരു, ബ്രഹ്മാനന്ദയോഗി, വാഗ്ഭടാനന്ദര്‍ തുടങ്ങിയ ആത്മീയ ആചാര്യന്മാര്‍ ജാതിമത വേര്‍തിരിവുകള്‍ക്കെതിരെ നവോത്ഥാന പ്രക്രിയ തുടങ്ങുന്നത്. കേരളത്തില്‍ പാര്‍ട്ടി രൂപീകരിക്കുന്നതു തന്നെ 1939 ലാണ്. അങ്ങനെയൊരു പാര്‍ട്ടിയാണ് നവോത്ഥാനത്തിന്റെ പ്രയോക്താക്കള്‍ തങ്ങളാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നവോത്ഥാന കാലഘട്ടത്തില്‍ പാര്‍ട്ടിപോലും രൂപീകരിക്കപ്പെട്ടിരുന്നില്ല. ഞാന്‍ പാര്‍ട്ടി അംഗമായിരുന്ന കാലഘട്ടത്തില്‍ കോവളം നിയോജക മണ്ഡലത്തിലെ പാര്‍ട്ടി അംഗങ്ങളുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഒരു സംസ്ഥാന കമ്മറ്റി അംഗം പറഞ്ഞു. ”നമ്മുടെ വൈക്കം സത്യഗ്രഹത്തിന്റെ ഫലമായാണ് ക്ഷേത്രപ്രവേശനം കിട്ടിയ”തെന്നാണ്. യോഗം കഴിഞ്ഞപ്പോള്‍ കോവളം ഏരിയ സെക്രട്ടറിക്ക് ഞാനൊരു കുറിപ്പ് എഴുതിക്കൊടുത്തു. അതു ഇങ്ങനെയായിരുന്നു. ‘വൈക്കം സത്യഗ്രഹ കാലഘട്ടത്തില്‍ പാര്‍ട്ടി രൂപീകരിക്കപ്പെട്ടിരുന്നില്ല. വൈക്കം സത്യഗ്രഹം ക്ഷേത്രപ്രവേശനത്തിനു വേണ്ടിയായിരുന്നില്ല. വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു. ഇതെങ്കിലും അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.’
ഇത്തരം മൂഢചരിത്രം സമൂഹത്തില്‍ പ്രസംഗിച്ചു നടക്കുന്നത് ഇവരുടെ പതിവാണ്. സമൂഹം മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നമ്മുടെ നവോത്ഥാന കാലഘട്ടത്തില്‍ ലോകത്തില്‍ എല്ലായിടത്തും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അസമത്വങ്ങള്‍ നിലനിന്നിരുന്നു. അവയെല്ലാം പില്‍ക്കാലത്ത് നവോത്ഥാനങ്ങളിലൂടെ തിരുത്തപ്പെടുകയാണ് ഉണ്ടായത്. ഈ കാലഘട്ടത്തില്‍ ലോകത്ത് പലയിടത്തും അടിമത്ത സമ്പ്രദായം നിലനിന്നിരുന്നു. ആ ഘട്ടത്തില്‍ അത് ഇവിടെ അവസാനിച്ചു കഴിഞ്ഞിരുന്നു. കേരളത്തിലെ നവോത്ഥാന നായകന്മാരുടെ ശ്രമഫലമായി ഇവിടെ നിലനിന്നിരുന്ന പല അസമത്വങ്ങളും തിരുത്തപ്പെടുകയുണ്ടായി. അതിന്റെയെല്ലാം പിതൃത്വം തങ്ങളാണെന്നാണ് സി.പി.എം തങ്ങളുടെ അണികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. അണികളാകട്ടെ യഥാര്‍ത്ഥ ചരിത്രം പഠിക്കുന്നവരോ, വായിക്കുന്നവരോ സ്വതന്ത്രമായി ചിന്തിക്കുന്നവരോ അല്ല. നേതൃത്വം പറയുന്നത് അപ്പാടെ വിഴുങ്ങുന്നവരാണ്. അതുകൊണ്ടുതന്നെ പാര്‍ട്ടി നേതൃത്വം പ്രതീകങ്ങള്‍ സൃഷ്ടിച്ച് അത് അണികള്‍ക്ക് ഇടയില്‍ നിരന്തരം ഉരുവിട്ട്, അണികളിലൂടെ സമൂഹത്തില്‍ ഇത്തരം തെറ്റായ ചരിത്രങ്ങള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്നു.