- വസിഷ്ഠസന്ദേശം (വിശ്വാമിത്രന്‍ 1)
- വസിഷ്ഠസല്‍ക്കാരം (വിശ്വാമിത്രന്‍ 2)
- കാമധേനു ( വിശ്വാമിത്രന്‍ 3)
- സന്തുഷ്ടരായ കാനനവാസികള്‍ (വിശ്വാമിത്രന്‍ 33)
- ബ്രഹ്മര്‍ഷി (വിശ്വാമിത്രന്‍ 4)
- വസിഷ്ഠചിന്ത (വിശ്വാമിത്രന്‍ 5)
- കന്യാകുബ്ജം (വിശ്വാമിത്രന്‍ 6)
തന്നോട് ഒരു അപരാധവും ചെയ്തിട്ടില്ലാത്ത ഒരു സ്ത്രീയെ വധിച്ചതിലുള്ള കുറ്റബോധത്താല്‍ രാമന്‍ ശിരസ്സ് ഭൂമിയില്‍തൊട്ട് നമസ്‌ക്കരിച്ചു. ജ്യേഷ്ഠന്റെ മനസ്സ് അസ്വസ്ഥമാണെന്ന് മനസ്സിലാക്കി ലക്ഷ്മണന്‍ രാമന്റെ അടുത്തേയ്ക്കു ചെന്നു. ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ലക്ഷ്മണന്‍ കണ്ടു. നിലത്ത് കുമ്പിട്ടുനിന്ന ജ്യേഷ്ഠന്റെ കയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചു. രാമന്‍ അനുജനെ കലങ്ങിയ കണ്ണുകളോടെ നോക്കി. ലക്ഷ്മണന്‍ ജ്യേഷ്ഠനെ കെട്ടിപ്പിടിച്ചു. രാമന്‍ ആദ്യമായി അനുജന്റെ മുന്നില്‍ ദുര്‍ബ്ബലനായിനിന്നു. അല്പം അകലെനിന്ന് ആ രംഗം വീക്ഷിച്ചുകൊണ്ടു നില്‍ക്കുന്ന വിശ്വാമിത്രനെ കണ്ടതും രണ്ടുപേരും പെട്ടെന്നുതന്നെ വികാരവിചാരങ്ങളെ നിയന്ത്രിച്ച് മുനിയുടെ അടുത്തേയ്ക്കു ചെന്നു.
”കുമാരാ, ഞാന്‍ സന്തുഷ്ടനായിരിക്കുന്നു. നിനക്ക് സര്‍വ്വവിധ മംഗളങ്ങളും ആശംസിക്കുന്നു. ഞാന്‍ നിനക്കു തന്ന വാക്ക് ഉടന്‍ പാലിക്കുന്നതാണ്. ഞാന്‍ നേടിയ എല്ലാ ശസ്ത്രാസ്ത്ര പ്രയോഗങ്ങളും നിനക്ക് ഇപ്പോള്‍ത്തന്നെ സമ്മാനിക്കാന്‍ തീരുമാനിച്ചു. അയോദ്ധ്യയുടെ എന്നല്ല ഭാരതഭൂഖണ്ഡത്തിലാകമാനം ശാന്തിയും സമാധാനവും ഐശ്വര്യവും നിലനിര്‍ത്താനായി ഞാന്‍ നേടിയ എല്ലാ വിദ്യകളും നിനക്ക് നല്‍കുന്നതാണ്. അത് ഭാവിയില്‍ ഭാരതഭൂഖണ്ഡത്തെ രക്ഷിക്കുന്നതിന് നിനക്ക് തുണയാകുന്നതുമാണ്” വിശ്വാമിത്രന്‍ രാമനെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു.
രാമന്‍ ഒന്നും പറയാതെ മുനിയെ നോക്കി. രാമന്റെ കണ്ണുകളില്‍ അനവധി ചോദ്യങ്ങള്‍ നിറഞ്ഞുനിന്നത് വിശ്വാമിത്രന്‍ കണ്ടു. അകലെ ഘോരവനത്തില്‍നിന്ന് താടകയുടെ മരണത്തില്‍ വിലപിക്കുന്ന രാക്ഷസരുടെ ബഹളം അവര്‍ കേട്ടു. മരണഭീതിമുലം അവരാരും രാമന്റെ അടുത്തേയ്ക്കു വന്നില്ല. ആ ശോകമയമായ അന്തരീക്ഷത്തില്‍നിന്ന് എത്രയുവേഗം പുറത്തു കടക്കാനാണ് രാമന്‍ ആഗ്രഹിച്ചത്.
താടകയുടെ അധീനതയിലുള്ള വനപ്രദേശവും കടന്ന് ശാന്തമായ നദീതടം തേടി നടക്കുമ്പോള്‍ രാമന്‍ ചിന്താമൂകനായിട്ടാണ് ഓരോ ചുവടും വച്ചത്. എന്നാല്‍ ഒരു മഹത്തായ കര്‍മ്മം നിര്‍വ്വഹിച്ചതിലുള്ള സംതൃപ്തി വിശ്വാമിത്രന്റെ മുഖത്ത് പ്രകടമായിരുന്നു. താന്‍ നേടിയ എല്ലാ ധനുര്‍വിദ്യകളും രാമന് നല്‍കണമെന്ന് മനസ്സിലുറച്ചാണ് വിശ്വമിത്രന്‍ നടന്നത്. കുറെ ദൂരം നടന്ന് ഏകാന്തമായ ഒരു താഴ്‌വാരത്ത് എത്തിയപ്പോള്‍ വിശ്വാമിത്രന്‍ അകലേയ്ക്കുനോക്കി പുഞ്ചിരിച്ചുകൊണ്ട് തെല്ലുനേരം നിന്നു.
”ആ കാണുന്ന മഹാവൃക്ഷത്തിന്റെ ചുവട്ടില്‍ ഇന്ന് നമുക്ക് തങ്ങാം. അതിന്റെ സമീപത്ത് ഒരു ചെറു നദി, ഗംഗയെ സമ്പന്നമാക്കാന്‍ കുതിച്ചു പായുന്നുണ്ട്.” അകലെകണ്ട വൃക്ഷത്തെ ചൂണ്ടിക്കൊണ്ട് വിശ്വാമിത്രന്‍ പറഞ്ഞു.
രാമനും ലക്ഷ്മണനും അതുകേട്ട് മുഖത്തോടു മുഖം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. അടുത്താണെന്ന് തോന്നിയെങ്കിലും ഒന്നുരണ്ടു നാഴിക നടന്ന് അവര്‍ വൃക്ഷച്ചുവട്ടിലെത്തി.
ശിഷ്യന്മാര്‍ രാത്രിയില്‍ വിശ്രമിക്കാനുള്ള താല്‍ക്കാലിക കുടീരം ഉണ്ടാക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ വിശ്വാമിത്രന്‍ സമീപത്തെ നദിക്കരയിലേയ്ക്ക് കുമാരന്മാരെ കൂട്ടിക്കൊണ്ടുപോയി.
നദിയില്‍ മുങ്ങിക്കുളിച്ചപ്പോള്‍ താന്‍ ചെയ്ത പാപം ഒഴുകിപ്പോയതുപോലെ രാമനു അനുഭവപ്പെട്ടു. തന്നില്‍ നിമജ്ജനം ചെയ്യുന്നവരിലെ സര്‍വ്വ പാപങ്ങളെയും ഏറ്റുവാങ്ങി പരിശുദ്ധമാക്കാനുള്ള ശക്തി നദികള്‍ക്കുണ്ടെന്ന് കുളി കഴിഞ്ഞ് കരയിലേയ്ക്കു കയറിയപ്പോള്‍ രാമന് തോന്നി. എങ്കിലും സന്ധ്യയുടെ സൗന്ദര്യം ആസ്വദിക്കാന്‍ രാമന് കഴിഞ്ഞില്ല.
സന്ധ്യാവന്ദനം കഴിഞ്ഞ് വിശ്വാമിത്രന്‍, മരച്ചുവട്ടില്‍ ധ്യാനനിരതനായി കുറെ നേരം ഇരുന്നു. നൂറുകണക്കിനു കാനനവാസികള്‍ സംഘങ്ങളായി അകലെനിന്നുവരുന്നത് രാമന്‍ കണ്ടു. അവര്‍ ആരാണെന്നറിയാതെ രാമനും ലക്ഷ്മണനും പെട്ടെന്നെഴുന്നേറ്റ് കൈയില്‍ വില്ലുമേന്തി നിന്നു. അസ്തമയത്തോട് അടുത്തതിനാല്‍ അവരുടെ രൂപവും ഭാവവും നന്നായി കാണാന്‍ രാമന് കഴിഞ്ഞില്ല. അപ്പോഴേയ്ക്കും വിശ്വാമിത്രന്‍ ധ്യാനത്തില്‍നിന്നുണര്‍ന്നു. അകലെനിന്നു വരുന്നവരെ ഒറ്റനോട്ടത്തില്‍ വിശ്വാമിത്രന്‍ തിരിച്ചറിഞ്ഞു.
”അവര്‍ നമ്മുടെ മിത്രങ്ങളായ കാനനവാസികളാണ്” കുമാരന്മാരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് വിശ്വാമിത്രന്‍ പറഞ്ഞു.
കാനനവാസികളാണെങ്കിലും അവരുടെ കയ്യിലെ ആയുധങ്ങളും വേഷവിധാനങ്ങളും കണ്ടപ്പോള്‍ അവര്‍ യോദ്ധാക്കളാണോ എന്ന് ലക്ഷ്മണന്‍ സംശയിച്ചു.
”താടകയെ വധിച്ചുവെന്ന വാര്‍ത്ത ചുറ്റുപാടുമുള്ള ദേശങ്ങളിലെല്ലാം വേഗത്തില്‍ പരന്നിരിക്കുന്നു. താടകയെ വധിച്ചതിലുള്ള സന്തോഷം അറിയിക്കാനാവും അവര്‍ വരുന്നത്” വിശ്വാമിത്രന്‍ പറഞ്ഞു.
മരച്ചുവട്ടില്‍നിന്ന് പത്തിരുപത് വാര അകലെ എത്തിയതും വന്നവരെല്ലാം പെട്ടെന്ന് നിലയുറപ്പിച്ചു. അവരുടെ കയ്യില്‍ ആയുധങ്ങള്‍ മാത്രമല്ല, മുനിക്ക് സമ്മാനിക്കാന്‍ എന്തൊക്കെയോ വനവിഭവങ്ങളും ഉണ്ടായിരുന്നു. താടകയുടെ വധത്തില്‍ കാനനവാസികള്‍ സന്തോഷത്തിലാണെന്ന് അറിഞ്ഞപ്പോള്‍ രാമന് ആശ്വാസമായി. താടകയെ കൊല്ലേണ്ടിവന്നതില്‍ പ്രയാസം തോന്നിയെങ്കിലും താടകയുടെ മരണത്തില്‍ സന്തോഷിക്കുന്ന വനവാസികളെ കണ്ടപ്പോള്‍ താന്‍ ചെയ്തത് തെറ്റല്ലെന്ന് ആശ്വസിക്കാന്‍ ശ്രമിച്ചു.
അവര്‍ കൈ ഉയര്‍ത്തി പ്രത്യേക തരത്തില്‍ ചില ആചാരക്രിയകള്‍ നടത്തിയശേഷം ഉച്ചത്തില്‍ മന്ത്രങ്ങള്‍ ഉരുവിട്ടു. അവര്‍ സമ്മാനമായി കൊണ്ടുവന്ന ഫലമൂലാദികള്‍ മുനിയുടെ മുന്നില്‍വച്ചു. കൂട്ടത്തില്‍ പ്രായംകൂടിയ ഒരാള്‍ ഗോത്രഭാഷയില്‍ എന്തോ വിശ്വാമിത്രനോടു പറഞ്ഞു. ഗോത്രഭാഷയിലാണ് വിശ്വാമിത്രനും അയാളോടു സംസാരിച്ചത്. പെട്ടെന്ന് അയാള്‍ രാമന്റെ അടുത്തേയ്ക്കു വന്ന് രാമനെയും ലക്ഷ്മണനേയും പ്രത്യേകം, പ്രത്യേകം വണങ്ങി. രാമനും ലക്ഷ്മണനും കൈകൂപ്പി അവരെ നമിച്ചു.
പിന്നില്‍ നിന്നവര്‍ കയ്യിലിരുന്ന ആയുധങ്ങളെല്ലാം നിലത്തുവച്ച് കൈകൂപ്പിയശേഷം നിലത്ത് മുട്ടുകുത്തിനിന്ന് പ്രാര്‍ത്ഥിച്ചു. വിശ്വാമിത്രന്‍ അവരുടെ നേരെ കൈകള്‍ ഉയര്‍ത്തി സ്വസ്തി നേര്‍ന്നു.
താടകയുടെ വധത്തില്‍ സന്തുഷ്ടരായ അവര്‍ വിശ്വാമിത്രനെ സ്തുതിക്കുന്ന പാട്ടുകള്‍ ഉച്ചത്തില്‍ പാടി. പിന്നില്‍ നിന്ന ഒരു സംഘം പെട്ടെന്ന് മുന്നിലേയ്ക്കുവന്ന് വിശ്വാമിത്രനേയും കുമാരന്മാരേയും ഉള്ളിലാക്കി ഒരു വലയം തീര്‍ത്തു. വ്യത്യസ്ത വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ട് താളത്തില്‍ ചുവടുവച്ച് മൂന്നുതവണ കറങ്ങിയശേഷം തിരിഞ്ഞ് വരിവരിയായി ഒന്നും പറയാതെ അവിടെനിന്നും മടങ്ങി.
”ഇവരുടെ സ്തുതിവചനങ്ങള്‍ കുമാരന് അവകാശപ്പെട്ടതാണ്” പുഞ്ചിരിച്ചുകൊണ്ട് വിശ്വാമിത്രന്‍ രാമനെ നോക്കി പറഞ്ഞു.
ഗോത്രവാസികള്‍ കൊണ്ടുവന്ന പൊതി ശിഷ്യന്മാര്‍ അഴിച്ച് വിശ്വാമിത്രന്റെ മുന്നില്‍വച്ചു.
”അതിഥികളായ കുമാരന്മാര്‍ക്കുള്ള സമ്മാനമാണിത്. വിശേഷമായ ഫലമൂലാദികളും അവര്‍ പ്രത്യേകം തയ്യാറാക്കിയ വിശേഷ പാനീയവുമാണ്” വിശ്വാമിത്രന്‍ പറഞ്ഞു.
വിശ്വാമിത്രന്‍ കുടുക്ക കയ്യിലെടുത്ത് അടപ്പ് തുറന്നു. അപ്പോള്‍ വിശേഷപ്പെട്ട ഒരു സുഗന്ധം അവിടെയാകെ വ്യാപിച്ചു. മുനി അത് മണത്തുനോക്കിയശേഷം അല്പം കഴിച്ചു.
”ഈ കാനനവാസികളാണ് നാളെ ആര്യാവര്‍ത്തത്തിന്റെ ശക്തി. ഇവരെ അടിമകളാക്കുന്ന രാക്ഷസരുടെ നാശത്തിലൂടെ മാത്രമേ ഇവരെ കരകയറ്റാന്‍ കഴിയൂ. അതോടൊപ്പം ആര്യാവര്‍ത്തത്തെ ശക്തമാക്കാനും കഴിയും” വിശ്വാമിത്രന്‍ പറഞ്ഞു.
ശിഷ്യന്മാര്‍ ഫലമൂലാദികള്‍ വിശ്വാമിത്രനും രാമനും ലക്ഷ്മണനും നല്‍കിയശേഷം അവരും ഭക്ഷിക്കാന്‍ തുടങ്ങി. അവര്‍ കൊണ്ടുവന്ന ഫലങ്ങളുടെ ഗുണഗണങ്ങളെക്കുറിച്ചാണ് അപ്പോള്‍ വിശ്വാമിത്രന്‍ സംസാരിച്ചത്. രാമനും ലക്ഷ്മണനും ഒന്നും പറഞ്ഞില്ല.
”കുമാരാ, താടക അസുരവൃക്ഷത്തിന്റെ ഒരു ശാഖമാത്രമാണ്. ഒരു ശാഖ മാത്രമേ നീ മുറിച്ചു മാറ്റിയിട്ടുള്ളു” ഫലങ്ങള്‍ ഭക്ഷിച്ചശേഷം മരച്ചുവട്ടില്‍ വിശ്രമിക്കുമ്പോള്‍ വിശ്വാമിത്രന്‍ പറഞ്ഞു.
രാമന്‍ അപ്പോഴും ഒന്നും പറഞ്ഞില്ല.
”ഭരണാധിപന്‍ ദുര്‍ബ്ബലനും സുഖലോലുപനും ഭീരുവും ആകുമ്പോഴാണ് രാജ്യത്ത് അന്യായം ശക്തിപ്രാപിക്കുന്നത്. രാജാക്കന്മാരുടെ അനൈക്യത്തിലൂടെ രാക്ഷസര്‍ ശക്തിപ്രാപിക്കുന്നു. രാവണന്‍ ലങ്കയിലിരുന്ന് അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ഋഷിമാര്‍ക്കുപോലും സൈ്വര്യമായി കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ കഴിയുന്നില്ല” വിശ്വാമിത്രന്‍ പറഞ്ഞു.
”രാവണന്‍ ചെയ്യുന്നതുമാത്രം എങ്ങനെ അക്രമമാകും ഗുരോ? രാജാക്കന്മാര്‍ തമ്മില്‍ നടത്തുന്ന യുദ്ധവും ഒരു തരത്തില്‍ അക്രമം തന്നെയല്ലേ? അവിടെയും കൊള്ളയടിക്കല്‍ നടക്കുന്നില്ലേ? അശ്വമേധം നടത്തുന്നതു എന്തിനുവേണ്ടിയാണ്?” രാമന്‍ വെട്ടിത്തുറന്ന് തന്റെ സംശയം പ്രകടിപ്പിച്ചു.
”കുമാരാ, നീ പറഞ്ഞതില്‍ സത്യത്തിന്റെ അംശമുണ്ട്. എന്നാല്‍ ഒരു കാര്യം നീ മനസ്സിലാക്കണം. ഏതൊരു രാജാവാണോ അശ്വമേധം നടത്തുന്നത്, അയാള്‍ അതിലൂടെ തന്റെ പ്രജകളുടെ ക്ഷേമംകൂടി ലക്ഷ്യമാക്കുന്നുണ്ട്. പ്രജകളുടെ സുഖത്തിന് തന്റെ സുഖത്തിനേക്കാള്‍ പ്രാമുഖ്യം കൊടുക്കുന്നു. രാജ്യങ്ങളെ ഏകോപിപ്പിച്ച് സ്വന്തം രാജ്യത്തെ എന്നപോലെ ആക്രമിച്ചു കീഴടക്കിയ രാജ്യത്തിലും സന്തുലിതമായ ഒരു ഭരണവ്യവസ്ഥ അവര്‍ രൂപപ്പെടുത്തുന്നുണ്ട്. എന്നാല്‍ രാവണനെപ്പോലെയുള്ള രാക്ഷസന്മാര്‍ സ്വന്തം സുഖത്തിനായ് മാത്രമാണ് കൊള്ളയടിക്കുന്നത്. പ്രജകളുടെ സുഖാന്വേഷണം അവര്‍ നടത്തുന്നില്ല. സല്‍ഭരണം അവര്‍ ആഗ്രഹിക്കുന്നില്ല” വിശ്വാമിത്രന്‍ പരുഷമായി രാമന്‍ പറഞ്ഞതിനെ ഖണ്ഡിച്ചുകൊണ്ടു പറഞ്ഞു.
വിശ്വാമിത്രന്‍ പറഞ്ഞത് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാത്ത മട്ടിലാണ് രാമന്‍ അത് കേട്ടിരുന്നത്. എങ്കിലും ഒരു തര്‍ക്കത്തിന് മുതിര്‍ന്നില്ല. തന്റെ വാക്കുകളോട് യോജിക്കാന്‍ കഴിയാത്തതുകൊണ്ടാണ് രാമന്‍ മൗനമായതെന്ന് വിശ്വാമിത്രന്‍ മനസ്സിലാക്കി.
”ആര്യാവര്‍ത്തത്തിലെ രാജാക്കന്മാരെല്ലാം തങ്ങളുടെ രാജ്യത്തെ പ്രജകളെ തുല്യരായി കാണുന്നവരല്ലേ? രാജാവെടുക്കുന്ന സുപ്രധാന തീരുമാനങ്ങള്‍ ആദ്യം രാജസദസ്സുകളിലെ പണ്ഡിതവേദിയിലും ജനപ്രതിനിധിസഭയിലും അവതരിപ്പിച്ചശേഷമല്ലേ നടപ്പാക്കുന്നത്? അതിനോട് വിയോജിപ്പുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കാനുള്ള അവസരം ജനപ്രതിനിധി സഭയ്ക്കു രാജാവ് നല്‍കുന്നുണ്ട്. അതുപോലെയാണോ സ്വാര്‍ത്ഥമതികളായ ഏകാധിപതികളുടെ ഭരണം.? കന്യകമാരുടെ മാനം അവര്‍ സംരക്ഷിക്കുന്നില്ല. എന്നുമാത്രമല്ല അവര്‍തന്നെ കന്യകമാരെ നശിപ്പിക്കാനും തയ്യാറാകുന്നു. സ്വന്തം നേട്ടത്തിനും ബന്ധുമിത്രാദികളുടെ നേട്ടത്തിനുമല്ലേ അവര്‍ പ്രധാന്യം കൊടുക്കുന്നത്? അപ്പോള്‍ എങ്ങനെ അതിനെ താരതമ്യം ചെയ്യാന്‍ കഴിയും? ”
”ആര്യഭരണക്രമത്തെക്കുറിച്ച് ആചാര്യനില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്” ഗുരു പറയുന്നതിനെക്കുറിച്ച് തനിക്കും അറിവുണ്ട് എന്ന മട്ടില്‍ രാമന്‍ പറഞ്ഞു.
”രാക്ഷസശക്തി ആര്യാവര്‍ത്തത്തെ കീഴടക്കിയാല്‍ എന്താണ് സംഭവിക്കുക എന്ന് കുമാരന്‍ മനസ്സിലാക്കണം. സര്‍വ്വരും തുല്യരാണെന്ന സിദ്ധാന്തത്തില്‍ ഊന്നിയുള്ള ആര്യാവര്‍ത്തത്തിലെ രാജാക്കന്മാരുടെ ഭരണം അതോടെ അവസാനിക്കും. മൃഗീയതയില്‍ ഊന്നിയുള്ള ഭരണവ്യവസ്ഥ നിലവില്‍വരും. അവിടെ കന്യകമാര്‍ കമ്പോളത്തിലെ വില്‍പ്പനച്ചരക്കാവും” വിശ്വാമിത്രന്‍ രാമനെ തറപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.
രാക്ഷസര്‍ ശക്തിപ്രാപിച്ചാലുള്ള ദുരവസ്ഥയെക്കുറിച്ച് പറഞ്ഞപ്പോള്‍ വിശ്വാമിത്രന്റെ വാക്കുകള്‍ ഉച്ചത്തിലായി. മുഖഭാവം പെട്ടെന്ന് മാറി. മുനി പറഞ്ഞതില്‍ ന്യായമുണ്ടെന്ന അര്‍ത്ഥത്തില്‍ ലക്ഷ്മണന്‍, ജ്യേഷ്ഠനെ നോക്കി.
കാനനവാസികളെക്കുറിച്ച് വിശ്വാമിത്രന്‍ വീണ്ടും സംസാരിക്കാന്‍ തുടങ്ങി. ലിപിയില്ലാത്ത അവരുടെ ഭാഷയെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും പറയുമ്പോള്‍ ജനപദങ്ങളിലെ മനുഷ്യരില്‍നിന്ന് തികച്ചും വിഭിന്നരാണ് അവരെന്ന് രാമന് ബോധ്യമായി. അവരുടെ ഉയര്‍ച്ചയിലൂടെ മാത്രമേ ആര്യാവര്‍ത്തം കൂടുതല്‍ ശക്തമാകൂ എന്നാണ് വിശ്വാമിത്രന്‍ വിശ്വസിക്കുന്നതും ആഗ്രഹിക്കുന്നതും.
”അക്രമം എവിടെയായാലും ഞാനതിനോടു സന്ധിചെയ്യാന്‍ തയ്യാറല്ല ഗുരോ. അശരണരുടെ കഷ്ടപ്പാടുകള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഞാന്‍ സദാ സന്നദ്ധനാണ്” രാമന്‍ പണ്ടേ തീരുമാനിച്ച് ഉറപ്പിച്ചതുപോലെ പറഞ്ഞു.
”രാമാ, നിന്നില്‍നിന്ന് ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചതാണ് നീ ഇപ്പോള്‍ പറഞ്ഞത്” വിശ്വാമിത്രന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
ആര്യന്മാര്‍ മറ്റുജനവിഭാഗങ്ങളേക്കാള്‍ ശ്രേഷ്ഠരാണെന്ന ധാരണയാണ് വസിഷ്ഠന്‍ വച്ചുപുലര്‍ത്തുന്നത്. കിരാതന്മാരും വാനരന്മാരും ശബരന്മാരും ഋക്ഷന്മാരും കൗളരും ഭീലന്മാരും അധമരാണെന്ന ചിന്താഗതി ദേവഗുരുവിനുണ്ടെന്ന് വിശ്വാമിത്രനറിയാം. അത് ശിഷ്യന്മാരായ രാജകുമാരന്മാരിലും സ്വാധീനം ചെലുത്തിയിട്ടുണ്ടാവുമെന്ന് വിശ്വാമിത്രന്‍ സംശയിച്ചു. എന്നാല്‍ ആ ചിന്ത രാമനെ സ്വാധീനിച്ചിട്ടില്ലെന്ന് വിശ്വാമിത്രന് മനസ്സിലായി. ആര്യന്മാരില്‍ ബ്രാഹ്മണര്‍ കൂടുതല്‍ ശ്രേഷ്ഠത്വം കല്പിക്കുന്നതിനോടും, സ്ത്രീകളെക്കാള്‍ പുരുഷന്മാര്‍ക്ക് പ്രത്യേക മഹത്വം കല്പിക്കുന്നതിനോടും വിശ്വാമിത്രന് യോജിക്കാന്‍ കഴിഞ്ഞില്ല. രാമന്‍ വസിഷ്ഠ പക്ഷത്തല്ല തന്റെ പക്ഷത്താണെന്നു കേട്ടപ്പോള്‍ വിശ്വാമിത്രന് ആശ്വസമായി.
അഷ്‌ടൈശ്വര്യം
പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് ആചാരപൂര്‍വ്വം ഗുരുവിനെ നമസ്‌ക്കരിച്ചശേഷം അടുത്ത ദൗത്യം എന്തെന്നറിയാന്‍ രാമനും ലക്ഷ്മണനും കാത്തുനിന്നു. ശിഷ്യന്മാര്‍ യാത്രയ്ക്ക് തയ്യാറെടുക്കാതെ നദീതീരത്ത് എന്തോ കര്‍മ്മം അനുഷ്ഠിക്കാനുള്ള തയ്യാറെടുപ്പുകളില്‍ മുഴുകിയിരിക്കുന്നത് രാമന്‍ ശ്രദ്ധിച്ചു. വിശ്വാമിത്രന്‍ ഒന്നും പറയാതെ ശിഷ്യന്മാരുടെ അടുത്തേയ്ക്ക് പോയപ്പോള്‍ പ്രഭാതത്തില്‍ അവര്‍ നദീതീരത്ത് എന്താണ് ചെയ്യുന്നത് എന്നറിയാന്‍ രാമനും ലക്ഷ്മണനും മുനിയെ അനുഗമിച്ചു.
എന്തോ മംഗളകര്‍മ്മം നടത്താനുള്ള ഒരുക്കങ്ങളാണ് ശിഷ്യന്മാര്‍ നടത്തുന്നത്. അതേക്കുറിച്ചറിയാന്‍ ലക്ഷ്മണന്‍ തിരക്കുകൂട്ടിയെങ്കിലും ലക്ഷ്മണനെ രാമന്‍ അതിന് അനുവദിച്ചില്ല.
”രാമാ, ശ്രേഷ്ഠമായതെന്തും അത് ആയുധങ്ങളായാലും വിദ്യ ആയാലും അര്‍ഹരായ ആളുകള്‍ അനുയോജ്യമായ സന്ദര്‍ഭത്തില്‍ യുക്തിപൂര്‍വ്വം പ്രയോഗിക്കുമ്പോഴാണ് പൂര്‍ണ്ണത നേടുന്നത്” വിശ്വാമിത്രന്‍ പറഞ്ഞു.
മുനി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് മനസ്സിലാകാത്ത മട്ടില്‍ രാമന്‍ മുനിയെ നോക്കി.
”മനുഷ്യശരീരം ദാസ്യത്തിനും ഭോഗത്തിനും മാത്രമായി മാറേണ്ടതല്ല. രാക്ഷസന്മാര്‍ മൃഗങ്ങള്‍ക്ക് തുല്യരാകുന്നത് അവര്‍ ശരീരത്തെ ഭോഗത്തിനുള്ള ഉപാധിയായി മാത്രം കാണുന്നതുകൊണ്ടാണ്. മനുഷ്യന്‍ മൃഗങ്ങളെ മെരുക്കിയെടുത്ത് ഉപയോഗിക്കുമ്പോള്‍ രാക്ഷസന്മാര്‍ മനുഷ്യരെത്തന്നെ ദാസ്യത്തിനും ഭോഗത്തിനും ഉപയോഗിക്കുകയാണ്” വിശ്വാമിത്രന്‍ പറഞ്ഞു.
”നീതിന്യായവ്യവസ്ഥ വേണ്ടവിധം ഉണര്‍ന്നിരിക്കാതെ വരുമ്പോഴല്ലേ, സ്വന്തം സുഖത്തിനായി കൊള്ളയും കൊലയും നടത്തുന്ന രാക്ഷസന്മാര്‍ വിഹരിക്കുന്നത്?” രാമന്‍ ചോദിച്ചു.
”കുമാരാ, കരുത്തനായ ഒരാള്‍ ദുര്‍ബ്ബലനായ ഒരാളെ പൂര്‍ണ്ണമായും കീഴടക്കുമ്പോള്‍ അപമാനിതമായ ജീവിതത്തേക്കാള്‍ ശ്രേയസ്‌കരമായി ആത്മഹത്യയാണ് ദുര്‍ബ്ബലനായ ആളെ സംബന്ധിച്ച് ബഹുമാന്യമായിത്തീരുന്നത്. അത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അതുകൊണ്ട് ഭരണകൂടം ദുര്‍ബ്ബലരെ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. എപ്പോഴും ശക്തന്‍ വിജയിക്കാന്‍ അനുവദിച്ചുകൂടാ. അങ്ങനെ വന്നാല്‍ ജനങ്ങള്‍ക്കിടയില്‍ അസന്തുഷ്ടി വളരുകയും ഭരണകൂടത്തിന്റെ നാശത്തിന് അത് വഴിയൊരുക്കുകയും ചെയ്യും” വിശ്വാമിത്രന്‍ പറഞ്ഞു.
”ശക്തന്‍ വിജയിക്കുക എന്നതല്ലേ പ്രകൃതി നിയമം. അവരെ വിജയിക്കുവാന്‍ അനുവദിക്കുന്നതുവഴി സമൂഹത്തിനും അത് ഗുണകരമല്ലേ?” വിശ്വാമിത്രന്‍ പറഞ്ഞതിനോട് യോജിക്കാത്ത മട്ടില്‍ ലക്ഷ്മണന്‍ ചോദിച്ചു.
”ദുര്‍ബ്ബലന്‍ മരിച്ചുവീഴുന്നത്, കാട്ടിലെ നീതിയാണ് കുമാരാ. കാട്ടിലെ നീതിയാണോ മനുഷ്യന്‍ പുലര്‍ത്തേണ്ടത്? അതവിടെ ശരിയാണ്. പക്ഷേ, മാനവകുലത്തിന്റെ നീതി അതാകാരുത്” വിശ്വാമിത്രന്‍ ലക്ഷ്മണനെ തറപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.